2012-01-10

`ലൗ ജിഹാദി'ന്റെ രണ്ടാം വരവ്‌കര്‍ണാടകത്തിലെ ദക്ഷിണ കന്നഡ ജില്ലയില്‍ നിന്ന്‌ 2011 ജൂണ്‍ മുതല്‍ നവംബര്‍ വരെ കാണാതായത്‌ 84 പെണ്‍കുട്ടികളെ. ഇവരില്‍ 69 പേരെ കണ്ടെത്തി. ബാക്കിയുള്ള 15 പേര്‍ക്ക്‌ എന്ത്‌ സംഭവിച്ചു? പ്രണയമാണെന്നും വിവാഹം കഴിക്കാമെന്നും പറഞ്ഞ്‌ പ്രലോഭിപ്പിച്ച്‌ പെണ്‍കുട്ടികളെ വില്‍ക്കുകയാണ്‌ - ബി ജെ പിയുടെ പ്രതിനിധിയായി നിയമസഭയിലെത്തിയ മല്ലിക പ്രസാദ്‌ ഇക്കഴിഞ്ഞ മാസം കര്‍ണാടക നിയമസഭയില്‍ പറഞ്ഞതാണിത്‌. ഉഡുപ്പിയില്‍ നിന്ന്‌ ഈ വര്‍ഷം 64 പെണ്‍കുട്ടികളെ കാണാതായി. ഇവരില്‍ 42 പേരെയാണ്‌ കണ്ടെത്താനായത്‌. പെണ്‍കുട്ടികള്‍ കാണാതാകുന്നതില്‍ മയക്കുമരുന്ന്‌ മാഫിയക്ക്‌ പങ്കുണ്ട്‌. പല കുട്ടികളും ആത്മഹത്യ ചെയ്‌തു. മതപരിവര്‍ത്തനം നടക്കുന്നതിനെക്കുറിച്ച്‌ പരാതിപ്പെടുന്നവരെ പോലീസ്‌ ഭീഷണിപ്പെടുത്തുന്നു - തീര ജില്ലയായ ദക്ഷിണ കന്നഡയില്‍ നിന്ന്‌ തന്നെയുള്ള ബി ജെ പിയുടെ പ്രതിനിധിയും ഡെപ്യൂട്ടി സ്‌പീക്കറുമായ എന്‍ യോഗിഷ്‌ ഭട്ടിന്റെ വിവരണമാണിത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക നിയമസഭയുടെ ശൂന്യവേളയില്‍ നടന്നത്‌ `ലൗ ജിഹാദി'നെക്കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ചയായിരുന്നുവെന്ന്‌ പിറ്റേന്ന്‌ പുറത്തിറങ്ങിയ പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. `ലൗ ജിഹാദി'നെക്കുറിച്ച്‌ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.

എം എല്‍ എമാരുടെ വിവരണത്തില്‍ നിന്ന്‌ `ലൗ ജിഹാദ്‌' എന്ന നിഗമനത്തിലേക്ക്‌ എങ്ങനെ എത്താന്‍ സാധിക്കുമെന്നതാണ്‌ പ്രധാനം. അത്തരമൊരു സാമൂഹിക വിപത്ത്‌ അരങ്ങേറുന്നുവെന്ന കൊടിയ പ്രചാരണം നേരത്തെ തന്നെ നടന്നതുകൊണ്ടാകണം ഈ വിവരണങ്ങളെത്തുടര്‍ന്നുണ്ടായ ചര്‍ച്ച ഉടന്‍ തന്നെ `ലൗ ജിഹാദി' ലെത്തിയത്‌. എം എല്‍ എമാര്‍ അവതരിപ്പിച്ച കണക്കുകളും അതിനെ സാധൂകരിക്കാന്‍ അവര്‍ പറഞ്ഞ കാര്യങ്ങളും തന്നെ ഈ ആരോപണത്തെ ഖണ്ഡിക്കുന്നുണ്ടെന്നത്‌ മുന്നിലേക്ക്‌ വെക്കാന്‍ ആരും തയ്യാറാകുന്നില്ല. കാരണം കാണികളെ/വായനക്കാരനെ സംഭ്രമിപ്പിക്കാന്‍ പാകത്തിലുള്ള ഒന്ന്‌ മുന്നിലുള്ളപ്പോള്‍ അതിനപ്പുറത്തുള്ള ആലോചനയുണ്ടാകില്ല. വര്‍ഗീയ വിഭജനം സാധ്യമാക്കി അധികാരമുറപ്പിക്കുക എന്ന തന്ത്രം കാലങ്ങളായി പയറ്റിക്കൊണ്ടിരിക്കുന്ന ബി ജെ പിയുടെ പ്രതിനിധികള്‍ ഈ ആയുധത്തെ അവഗണിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നത്‌ തന്നെ അബദ്ധമാകും.

ദക്ഷിണ കന്നഡയുടെ കണക്കെടുക്കുക. കണ്ടെത്താന്‍ ബാക്കിയുള്ളത്‌ 15 പേരെ. പ്രണയ, വിവാഹ വാഗ്‌ദാനം നല്‍കി തങ്ങളെ മതം മാറ്റാന്‍ ശ്രമം നടന്നുവെന്ന്‌ തിരിച്ചെത്തിയ പെണ്‍കുട്ടികളാരും പറഞ്ഞതായി റിപ്പോര്‍ട്ടില്ല. അത്തരത്തിലൊരു റിപ്പോര്‍ട്ടുണ്ടായിരുന്നുവെങ്കില്‍ അതിന്‌ ആവോളം പ്രചാരണം നല്‍കാന്‍ ബി ജെ പിയും ഇതര സംഘ്‌ പരിവാര്‍ സംഘടനകളും ശ്രമിക്കുമായിരുന്നു. അതിന്റെ കോളാമ്പികളാകാന്‍ മാധ്യമങ്ങള്‍ ആവോളം ശ്രമിക്കുകയും ചെയ്‌തേനെ. കാണാതാകലിന്‌ പിന്നില്‍ പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച്‌ പറ്റിച്ച്‌ വില്‍ക്കാന്‍ ശ്രമിക്കുന്ന സംഘമാണെന്ന്‌ എം എല്‍ എ തന്നെ ആരോപിക്കുന്നുണ്ട്‌. ഇത്തരം സംഘങ്ങള്‍ ക്രിമിനലുകളാണ്‌. അവര്‍ക്ക്‌ ജാതി മത ഭേദമുണ്ടാകില്ല. പ്രലോഭനത്തിലൂടെ ഇരകളാക്കാന്‍ സാധിക്കുന്നവരെ മുഴുവന്‍ അവര്‍ വില്‍ക്കും. അത്തരം മനുഷ്യക്കടത്ത്‌ സംഘങ്ങള്‍ കര്‍ണാടകത്തില്‍ മാത്രമല്ല, രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുണ്ട്‌. 


മുംബൈയിലെയോ കൊല്‍ക്കത്തയിലെയോ ഡല്‍ഹിയിലെയോ ചുവന്ന തെരുവുകളില്‍ ചെന്നാല്‍ ഇതിന്റെ ഇരകളെ കാണാം. ഇരകളെ വില്‍ക്കുന്നവരെയും അതിന്‌ ഇടനിലക്കാരാകുന്നവരെയും കാണാം. അവിടെ ജാതിയോ മതമോ പ്രസക്തമല്ല. ഇക്കാര്യം ഏറെ കൂടുതല്‍ മനസ്സിലാകുക മലയാളികള്‍ക്കായിരിക്കും. വിവിധ സ്ഥലനാമങ്ങളാല്‍ പ്രശസ്‌തമായ ലൈംഗിക അതിക്രമ/കൂട്ട ബലാത്സംഗ കേസുകളില്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്നവരുടെ പട്ടിക ഓര്‍ത്ത്‌ നോക്കുക. ജാതി മത ഭേദം കൂടാതെ വ്യക്തികള്‍ ഈ ചൂഷണത്തിലും ക്രൂരതയിലും ഭാഗഭാക്കായിട്ടുണ്ട്‌. 


രണ്ടാമത്തെ എം എല്‍ എയുടെ വിശദീകരണത്തില്‍ മയക്കുമരുന്ന്‌ മാഫിയയുടെ പങ്കാളിത്തത്തെക്കുറിച്ച്‌ പറയുന്നു. മയക്കുമരുന്ന്‌ വില്‍ക്കുന്ന അധോലോക ശൃംഖലകള്‍ക്ക്‌ തങ്ങളുടെ ഉത്‌പന്നത്തിന്‌ കൂടുതല്‍ ഉപോഭോക്താക്കളെ സൃഷ്‌ടിക്കണമെന്ന ഉദ്ദേശ്യമോ ഉണ്ടാകൂ. ജാതിയോ മതമോ നോക്കി മയക്കുമരുന്ന്‌ വിറ്റ്‌ കച്ചവടം മോശമാക്കാന്‍ അവര്‍ തയ്യാറാകുമെന്ന്‌ അബദ്ധത്തില്‍ പോലും വിചാരിക്കാനാകില്ല. ഈ അധോലോക ശൃംഖലയില്‍ വെറും മരുന്ന്‌ കച്ചവടം മാത്രമല്ല നടക്കുക. ലൈംഗിക ചൂഷണം മുതല്‍ കൊലപാതകം വരെ ഏത്‌ തരത്തിലുള്ള ക്രൂരതകളും നടക്കും. ഇതിലൊന്നിലും സ്‌ത്രീ പുരുഷ ഭേദം പോലും പലപ്പോഴും ഉണ്ടാകില്ല. ഈ സാമുഹിക യാഥാര്‍ഥ്യം അറിഞ്ഞുകൊണ്ട്‌ തന്നെ എല്ലാറ്റിനും പിറകില്‍ `ലൗ ജിഹാദാ'ണെന്ന്‌ കണ്ണുമടച്ച്‌ വാദിക്കുമ്പോള്‍ ഉദ്ദേശ്യശുദ്ധിയില്‍ ആര്‍ക്കും സംശയമുണ്ടാകാന്‍ ഇടയില്ല.

ഭിന്ന മതങ്ങളിലോ ജാതികളിലോ പെടുന്നവര്‍ പരസ്‌പരം സ്‌നേഹിക്കുകയും വിവാഹം കഴിക്കുന്നതിന്‌ വേണ്ടി മതമോ ജാതിയോ മാറുന്നതും കേരളത്തിലോ രാജ്യത്തോ പുതുമയുള്ളതല്ല. അത്തരം ചില സംഭവങ്ങളില്‍ ഹിന്ദു, ക്രിസ്‌ത്യന്‍ വിഭാഗക്കാര്‍ ഇസ്‌ലാം സ്വീകരിച്ചിരിക്കാം. അതിനര്‍ഥം ഹിന്ദു, ക്രിസ്‌ത്യന്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ മതം മാറ്റിക്കുന്നുവെന്നാണോ? മതം മാറാന്‍ തയ്യാറാകുന്ന പെണ്‍കുട്ടിക്ക്‌ പരാതിയില്ലെങ്കില്‍ പിന്നെയെന്തിന്‌ സംഘ്‌ പരിവാര്‍ സംഘടനകള്‍ വക്കാലത്തുമായി രംഗത്ത്‌ വരണം? അത്തരം വക്കാലത്തുകളുടെ പിന്നണി പാടാന്‍ ക്രിസ്‌തീയ പാതിരിമാരുടെ മേല്‍നോട്ടത്തിലിറങ്ങുന്ന അവരുടെ മുഖമാസിക എന്തിന്‌ തയ്യാറാകണം? എസ്‌ എന്‍ ഡി പിയുടെയും എന്‍ എസ്‌ എസ്സിന്റെയും നേതാക്കള്‍ ആഢ്യ കുടുംബത്തിലെ കുട്ടികളെ മതംമാറ്റിക്കാന്‍ സംഘിടത ശ്രമം നടക്കുന്നുവെന്ന്‌ എന്തിന്‌ മുറവിളി കൂട്ടണം? ഈ മുറവിളികളുടെ സ്വാധീനത്തിലെന്ന പോലെ പരിഭ്രാന്തി പരത്തുന്ന നിരീക്ഷണങ്ങള്‍ നടത്താന്‍ ന്യായാസനങ്ങള്‍ എന്തിന്‌ തിടുക്കം കാട്ടണം? 


എല്ലാ വിഭാഗക്കാരും മതപരിവര്‍ത്തനത്തിന്‌ സംവിധാനമൊരുക്കിയിട്ടുണ്ട്‌. അവിടെയൊക്കെ ഏറിയും കുറഞ്ഞും പരിവര്‍ത്തനം നടക്കുന്നുമുണ്ട്‌. എന്നിട്ടും സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള നുണ പ്രചരിപ്പിക്കുന്ന കൊതുകുകളാകാന്‍ എല്ലാവരും തിടുക്കം കൂട്ടി. മറവിയിലേക്ക്‌ മായാന്‍ പ്രായമാകാത്ത കേരളത്തിലെ സാഹചര്യമാണിത്‌. അത്തരം നുണകളെ ആധികാരികമെന്നോണം അവതരിപ്പിക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ ശക്തമായി രംഗത്തുവന്നു. സംഘ്‌ പരിവാറുകാരുടെ കഥകള്‍ക്ക്‌ പിറകില്‍ വസ്‌തുതയുണ്ടോ എന്ന അന്വേഷണത്തിന്‌ ഒരു ഫോണ്‍ കോള്‍ പോലും ചെലവാക്കാതെ പകര്‍ത്തിയെഴുതി മിടുക്കന്‍മാരായി ചമഞ്ഞു. സ്വന്തം ചുറ്റുവട്ടത്ത്‌ ഇത്തരം സംഗതികള്‍ കണ്ടിട്ടുണ്ടോ എന്ന ആലോചനപോലും ഇവര്‍ക്കുണ്ടായില്ല.

ഇന്ത്യയില്‍ നടക്കുന്ന മതപരിവര്‍ത്തനങ്ങളില്‍ ഏറെയും ക്രിസ്‌തീയ സുവിശേഷ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണെന്നത്‌ വസ്‌തുതയാണ്‌. പിന്നാക്കം നില്‍ക്കുന്ന മേഖലകളിലേക്ക്‌ പ്രേഷിത പ്രവര്‍ത്തകരെ അയച്ച്‌ വിദ്യാഭ്യാസ, സാമ്പത്തിക പിന്തുണ അവിടുത്തെ ജനവിഭാഗങ്ങള്‍ക്ക്‌ ലഭ്യമാക്കി തങ്ങളുടെ മതത്തിലേക്ക്‌ ആകര്‍ഷിക്കുകയാണ്‌ ഇവര്‍ ചെയ്യുന്നത്‌. സംഘ്‌ പരിവാറുകാരൊഴികെ മറ്റാരും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ തെറ്റ്‌ കണ്ടിട്ടില്ല. മതം പ്രചരിപ്പിക്കുന്നതിന്‌ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം നിഷേധിക്കാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ സാധിക്കുകയുമില്ല. ക്രിസ്‌തീയ മിഷനറിമാരുടെ പ്രവര്‍ത്തനം ഹിന്ദുമതത്തിന്‌ ഭീഷണിയാകുമെന്ന വിഡ്‌ഢിത്തം വിശ്വസിച്ച സംഘ്‌ പരിവാറുകാര്‍ പലേടത്തും ആക്രമണം അഴിച്ചുവിട്ടു. മധ്യപ്രദേശിലെ ജാബൂവയില്‍ കന്യാസ്‌ത്രീ ആക്രമിക്കപ്പെട്ടത്‌ മുതല്‍ ഒഡീഷയിലെ കന്ദമാലിലുണ്ടായ ആസൂത്രിതമായ വംശഹത്യാ ശ്രമം വരെ നീളുന്നു ആക്രമണങ്ങളുടെ പട്ടിക. ഈ അനുഭവം മുന്നില്‍ നില്‍ക്കുമ്പോഴാണ്‌ കേരളത്തിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സംഘടനയുടെ മുഖ മാസിക സംഘ്‌പരിവാറുകാരുടെ `ലൗ ജിഹാദി'ന്‌ ഓശാന പാടിയത്‌. 


ആരോപണം തെറ്റായിരുന്നുവെന്ന്‌ അന്വേഷണത്തില്‍ ബോധ്യപ്പെട്ടുവെന്ന്‌ പറയുന്ന കേരള പോലീസ്‌ പ്രചാരണം നടത്തിയ `ഹിന്ദു ജനജാഗ്രുതി' എന്ന വെബ്‌സൈറ്റിനെതിരെ നടപടി സ്വീകരിക്കാന്‍ മുതിരുമ്പോള്‍, നടന്നത്‌ മതവിദ്വേഷം വളര്‍ത്താനുള്ള ശ്രമമായിരുന്നുവെന്ന്‌ മനസ്സിലാകുന്നുവെന്നാണ്‌ സീറോ മലബാര്‍ സഭയുടെ വക്താവ്‌ ഫാദര്‍ പോള്‍ തേലക്കാട്ട്‌ കുമ്പസാരിക്കുന്നത്‌. ഈ കുമ്പസാരം മാത്രം മതിയോ സഭക്ക്‌.
സംഘ്‌പരിവാറിന്റെ പ്രചാരണത്തില്‍ അകപ്പെട്ടുപോകുന്ന കുഞ്ഞാടുകള്‍ സുപ്രധാന സ്ഥാനങ്ങളിലുണ്ടെങ്കില്‍ അവരെ തിരുത്തേണ്ട ബാധ്യതയില്ലേ? വെറും ഓശാന പാടലല്ല കെ സി ബി സിയുടെ മുഖമാസിക നടത്തിയത്‌. കര്‍ണാടക നിയമസഭയിലെ ബി ജെ പിയുടെ പ്രതിനിധികള്‍ ചെയ്‌തതു പോലെ കേരളത്തിലെ ഓരോ ജില്ലയിലെയും കാണാതായ പെണ്‍കുട്ടികളുടെ പട്ടിക പ്രസിദ്ധീകരിച്ച്‌ എല്ലാം `ലൗ ജിഹാദി'ന്റെ ഇരകളാണെന്ന്‌ ആരോപിക്കുകയാണ്‌ ചെയ്‌തത്‌. ഇത്‌ എത്ര രക്ഷകര്‍ത്താക്കളുടെ ഹൃദയത്തില്‍ തീ കോരിയിട്ടിട്ടുണ്ടാകും? അവരുടെയൊക്കെ മനസ്സില്‍ സഹോദര സമുദായത്തെക്കുറിച്ച്‌ വളര്‍ത്തിയ സംശയത്തിന്റെയും വെറുപ്പിന്റെയും അളവെത്രയായിരിക്കും? അതിനൊക്കെ പരിഹാരം കാണാനുള്ള ബാധ്യത കൂടി ഇപ്പോള്‍ കുമ്പസാരക്കൂട്ടില്‍ നില്‍ക്കുന്നവര്‍ക്കുണ്ട്‌. ഏറ്റുപറച്ചിലിന്റെ സ്വരം എസ്‌ എന്‍ ഡി പിയുടെയോ എന്‍ എസ്‌ എസ്സിന്റെയോ ഭാഗത്തു നിന്നുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നില്ല. കാരണം സാമൂഹിക ബോധത്തോടെയുള്ള യാതൊരു ശബ്‌ദവും ഈ സംഘടനകളില്‍ നിന്ന്‌ അടുത്ത കാലത്തൊന്നും ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

ബാബരി മസ്‌ജിദ്‌ നില നിന്ന ഭൂമി മൂന്നായി പകുക്കാനുള്ള വിധി അലഹബാദ്‌ ഹൈക്കോടതിയിലെ ബഹുമാനപ്പെട്ട ന്യായാധിപര്‍ പുറപ്പെടുവിച്ചത്‌ അടുത്ത കാലത്താണ്‌. മസ്‌ജിദിനുള്ളില്‍ ഒരു രാത്രിയില്‍ രഹസ്യമായി വിഗ്രഹങ്ങള്‍ സ്ഥാപിച്ചതാണെന്ന വസ്‌തുത നമ്മുടെ മുന്നിലുണ്ട്‌. ഇവ ഉടന്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്‌ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ ലാല്‍ നെഹ്‌റു അന്നത്തെ ഉത്തര്‍ പ്രദേശ്‌ (യുനൈറ്റഡ്‌ പ്രൊവിന്‍സസ്‌) മുഖ്യമന്ത്രി ഗോവിന്ദ്‌ ബല്ലഭ്‌ പന്തിന്‌ അയച്ച കത്തുകളെക്കുറിച്ച്‌ അറിവുണ്ട്‌. പ്രധാനമന്ത്രിയുടെ നിര്‍ദേശം അവഗണിക്കപ്പെട്ടതിനെക്കുറിച്ച്‌ അറിയാം. മസ്‌ജിദിന്‌ താഴെ മന്ദിരമുണ്ടായിരുന്നുവെന്ന അവകാശവാദത്തിന്റെ ആധികാരികത തെളിയിക്കാന്‍ ഖനനം നടത്തി പഠിച്ചിരുന്നു. അതിന്റെ റിപ്പോര്‍ട്ടുകളും മന്ദിരം നിലനിന്നിരുന്നുവെന്ന്‌ തെളിയിക്കാന്‍ പര്യാപ്‌തമായില്ല. 


ഭൂമിയെച്ചൊല്ലിയുള്ള കേസിനെക്കുറിച്ചുള്ള തര്‍ക്കം കോടതിയില്‍ നില്‍ക്കെ, ശിലാന്യാസം നടത്താന്‍ മസ്‌ജിദ്‌ തുറന്നുകൊടുക്കുന്നത്‌ പിന്നീട്‌ കണ്ടു. കര്‍സേവയുടെ പേരില്‍ മസ്‌ജിദ്‌ ഇടിച്ചുനിരത്താന്‍ അനുവാദം കൊടുക്കുന്നത്‌ രാജ്യവും ഭരണ, നീതിന്യായ സംവിധാനങ്ങളും ദര്‍ശിച്ചു. വസ്‌തുതകളെല്ലാം മുന്നില്‍ നില്‍ക്കെയാണ്‌ രാമക്ഷേത്രം തകര്‍ത്താണ്‌ ബാബരി മസ്‌ജിദ്‌ നിര്‍മിച്ചതെന്ന വാദം ഭൂരിപക്ഷ വര്‍ഗീയതയെ ആളിക്കത്തിക്കാന്‍ പാകത്തില്‍ സംഘ്‌ പരിവാര്‍ പ്രചരിപ്പിച്ചത്‌. ആ പ്രചാരണത്തിന്റെ ഊര്‍ജത്തിലാണ്‌ രാജ്യത്ത്‌ ബി ജെ പിയുടെ നേതൃത്വത്തിലുള്ള ആദ്യത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്‌. തെളിവുകളുടെയും സാക്ഷിമൊഴികളുടെയും കൃത്യത അളന്ന്‌ തൂക്കി നീതി നടപ്പാക്കേണ്ട ന്യായാസനം, ന്യായാന്യായങ്ങള്‍ തീരുമാനിക്കുമ്പോള്‍ വിശ്വാസത്തിന്‌ പ്രസക്തിയുണ്ടെന്ന്‌ വിധിക്കുന്നതും കണ്ടു. അതാണ്‌ സംഘടിതവും ആസൂത്രിതവുമായ പ്രചാരണത്തിന്റെ ശക്തി.

ഇവിടെ `ലൗ ജിഹാദി'ന്റെ കാര്യത്തിലും നടന്നത്‌/നടക്കുന്നത്‌ അത്‌ തന്നെയാണ്‌. അതുകൊണ്ടാണ്‌ കേരളത്തില്‍ ഇങ്ങനെയൊന്ന്‌ നടക്കുന്നുണ്ടോ എന്ന പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്‌ പോലും മുന്നിലില്ലാതിരിക്കെ സംഭവത്തിന്‌ പിറകിലെ അന്താരാഷ്‌ട്ര ഗൂഢാലോചനയെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ കേരള ഹൈക്കോടതി ഒരു ഘട്ടത്തില്‍ പറഞ്ഞത്‌. ശിലാന്യാസത്തിനും കര്‍സേവക്കും സൗകര്യമൊരുക്കിക്കൊടുത്ത രാജ്യത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ പ്രസ്ഥാനം ഈ നികൃഷ്‌ട പ്രചാരണം കൊടുമ്പിരിക്കൊണ്ട കാലത്ത്‌ കുറ്റകരമായ മൗനം പാലിച്ചിരുന്നുവെന്നത്‌ പ്രത്യേകം ഓര്‍ക്കണം. അതും സംഘടിതമായ പ്രചാരണത്തിന്റെ ശക്തിയാണ്‌. അത്‌ തിരിച്ചറിയുന്നതു കൊണ്ടാണ്‌ കുമ്പസാരം മാത്രം മതിയാകില്ലെന്ന്‌ ഓര്‍മിപ്പിക്കേണ്ടിവരുന്നത്‌. ആ പ്രചാരണത്തിന്‌ കൈയാളായി നിന്നവരില്‍ നിന്ന്‌ തിരുത്തിയെഴുത്ത്‌ ആവശ്യപ്പെടുന്നത്‌.