2012-01-09

എന്തരോ മഹാഭീകരലു!



അയാള്‍ എവിടെയും പോകേണ്ടതില്ല. ഒരിടത്തിരുന്ന്‌ അത്ഭുതങ്ങള്‍ കാണിക്കാന്‍ അയാള്‍ക്ക്‌ സാധിക്കും'' - ജസ്റ്റിസുമാരായ പി സദാശിവം, ജെ ചെലമേശ്വര്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച്‌ ഈ നിരീക്ഷണം നടത്തിയത്‌ അബ്‌ദുന്നാസര്‍ മഅ്‌ദനിയെക്കുറിച്ചാണ്‌. ഇത്തരമൊരു നിരീക്ഷണത്തോടെ ജാമ്യാപേക്ഷ പരമോന്നത കോടതി തള്ളിക്കളയുമ്പോള്‍ ഒന്നുറപ്പാകുന്നു; മഅ്‌ദനിയുടെ വിചാരണത്തടവ്‌ നീളും. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ അനുഭവിച്ച ഒമ്പതര വര്‍ഷത്തെ വിചാരണത്തടവിനോളം നീളരുതേ എന്ന്‌ പി ഡി പി ചെയര്‍മാന്‌ ആഗ്രഹിക്കാമെന്ന്‌ മാത്രം. ബംഗളൂരു സ്‌ഫോടനപരമ്പരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടാലും മഅ്‌ദനിയെന്ന ഈ `ഭീകരന്‍' സ്വതന്ത്രനാകാന്‍ സാധ്യതയുമില്ല.


വിചാരണക്കോടതിയും കര്‍ണാടക ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ്‌ മഅ്‌ദനി സുപ്രീം കോടതിയെ സമീപിച്ചത്‌. ഒരു കാല്‍ നഷ്‌ടപ്പെട്ട, നട്ടെല്ലിന്‌ സാരമായ തകരാറുള്ള ഈ മനുഷ്യന്‍ നിയമ സംവിധാനത്തിന്‌ വെല്ലുവിളിയേ ആകില്ലെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചപ്പോഴാണ്‌ മുന്‍ചൊന്ന നിരീക്ഷണം കോടതി നടത്തിയത്‌. ഒമ്പതര വര്‍ഷത്തെ വിചാരണത്തടവിന്‌ ശേഷം 2007~ഒക്‌ടോബറില്‍ കുറ്റവിമുക്തനായി പുറത്തിറങ്ങിയ മഅ്‌ദനി 2008 ജൂലൈയില്‍ നടന്ന സ്‌ഫോടന പരമ്പരയുടെ ഗൂഢാലോചനയില്‍ പങ്കാളിയായെന്നാണ്‌ കേസ്‌. ആ നിലക്ക്‌ സുപ്രീം കോടതിയുടെ നിരീക്ഷണത്തില്‍ തെറ്റ്‌ പറയാന്‍ സാധിക്കില്ല. ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയാല്‍ സമാന പ്രവൃത്തി ആവര്‍ത്തിച്ചേക്കാമെന്ന സംശയം അസ്ഥാനത്തുമല്ല.


പക്ഷേ, ഇത്തരത്തിലൊരു നിരീക്ഷണം നടത്തുമ്പോള്‍ രാജ്യത്തെ ഭരണസംവിധാനമൊന്നാകെ ആക്ഷേപിക്കപ്പെടുകയാണ്‌. ആഭ്യന്തര സുരക്ഷ പരമപ്രധാനമായി കാണുന്നുവെന്ന്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും ആഭ്യന്തര മന്ത്രി പി ചിദംബരവും ആവര്‍ത്തിക്കാറുണ്ട്‌. അതിന്‌ വേണ്ട സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന്‌ അവര്‍ വ്യക്തമാക്കുകയും ചെയ്യുന്നു. രഹസ്യാന്വേഷണങ്ങള്‍ പല തട്ടില്‍ നടക്കുന്നു. ശേഖരിക്കുന്ന വിവരങ്ങള്‍ പരിശോധിച്ച്‌ കൃത്യത ഉറപ്പാക്കി പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രീകൃത സംവിധാനമുണ്ട്‌. വേണ്ടിവന്നാല്‍ അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിക്ക്‌ വിവരങ്ങള്‍ കൈമാറി ആധികാരികത ഉറപ്പാക്കാനും അവസരം നിലനില്‍ക്കുന്നു. ആഭ്യന്തര വകുപ്പിന്റെ 2011ലെ അവലോകന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ച്‌ സംസാരിക്കവെ രാജ്യത്ത്‌ ഭീകരാക്രമണം നടത്താനുള്ള 16 പദ്ധതികളെങ്കിലും പോയവര്‍ഷം തകര്‍ക്കാന്‍ സാധിച്ചുവെന്നാണ്‌ പി ചിദംബരം കഴിഞ്ഞ ദിവസം പറഞ്ഞത്‌. അത്രത്തോളം ഭദ്രമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു ഭരണകൂടം നിലവിലുള്ളപ്പോഴാണ്‌ പരസഹായം കൂടാതെ സഞ്ചാരം അസാധ്യമായ അബ്‌ദുന്നാസര്‍ മഅ്‌ദനി ഒരിടത്തിരുന്ന്‌ അത്ഭുതങ്ങള്‍ സൃഷ്‌ടിക്കുമെന്ന്‌ പരമോന്നത കോടതി നിരീക്ഷണം നടത്തുന്നത്‌.


ജാമ്യം ലഭിച്ചാല്‍ മഅ്‌ദനി കേരളത്തിലേക്കാണ്‌ മടങ്ങുക. ഇവിടെയും പോലീസും സ്‌പെഷ്യല്‍ ബ്രാഞ്ചും ഷാഡോ പോലീസുമൊക്കെയുണ്ട്‌. എന്നിട്ടും അത്ഭുത സാധ്യത നിലനില്‍ക്കുന്നുവെന്നാണെങ്കില്‍ ചോദ്യംചെയ്യപ്പെടുക ഭരണകൂടത്തിന്റെ ആയുധങ്ങളുടെ പ്രസക്തിയും അവയുടെ അന്തസ്സുമാണ്‌.
ഇടലമയാര്‍ അഴിമതിക്കേസില്‍ ആര്‍ ബാലകൃഷ്‌ണ പിള്ളക്ക്‌ സുപ്രീം കോടതി വിധിച്ച ശിക്ഷ ഭരണത്തിലെ സ്വാധീനം ഉപയോഗിച്ച്‌ അട്ടിമറിച്ചുവെന്നതില്‍ തര്‍ക്കമുള്ളവര്‍ കുറവായിരിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹരജി സമര്‍പ്പിച്ചപ്പോള്‍ ശിക്ഷ വിധിക്കാനേ തങ്ങള്‍ക്ക്‌ കഴിയൂ അത്‌ നടപ്പാക്കേണ്ടത്‌ ഭരണകൂടമാണെന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്‌. ഇതേ ന്യായം വിചാരണത്തടവുകാരന്റെ ജാമ്യാപേക്ഷക്കും ബാധകമാകേണ്ടതല്ലേ? ജാമ്യത്തിലിറങ്ങുന്ന വ്യക്തി നിയമ സംവിധാനത്തെ അട്ടിമറിക്കും വിധത്തില്‍ പെരുമാറുന്നില്ല എന്ന്‌ ഉറപ്പാക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്‌. ഈ ജോലി എളുപ്പമാക്കുന്നതിനാണ്‌ ജാമ്യത്തിന്‌ ഉപാധികള്‍ കോടതി മുന്നോട്ടുവെക്കുന്നത്‌.


മഅ്‌ദനിയുടെ കാര്യത്തില്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ടെന്നായിരുന്നു ബഹുമാനപ്പെട്ട ന്യായാധിപന്‍മാരുടെ തീരുമാനം. അതുകൊണ്ട്‌ തന്നെ ഹരജിയില്‍ ഉന്നയിച്ച കാര്യങ്ങളെ പിന്തുണക്കും വിധത്തിലുള്ള കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ അഭിഭാഷകന്‌ സാധിച്ചില്ല. ഹരജിയുടെ മെറിറ്റിലേക്ക്‌ കോടതി കടന്നതുമില്ല. സാഹചര്യങ്ങളില്‍ മാറ്റമുണ്ടായാല്‍ ഇടക്കാല ജാമ്യത്തിന്‌ വേണ്ടി സുപ്രീം കോടതിയെ സമീപിക്കാന്‍ മഅ്‌ദനിക്ക്‌ അര്‍ഹതയുണ്ടെന്ന ഇളവ്‌ അനുവദിച്ചിട്ടുണ്ട്‌.


ബംഗളൂരു സ്‌ഫോടനക്കേസിന്റെ സാഹചര്യത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന്‌, കര്‍ണാടക പോലീസ്‌ ഇതിനകം നടത്തിയ അന്വേഷണങ്ങളെക്കുറിച്ച്‌ (അന്വേഷണം നടത്തി വാര്‍ത്ത തയ്യാറാക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകക്കെതിരെ രാജ്യദ്രോഹത്തിന്‌ കേസെടുത്തത്‌ അടക്കം) ഏകദേശം അറിവുള്ള ആരും പ്രതീക്ഷിക്കില്ല. മാറ്റമുണ്ടാകാന്‍ സാധ്യതയുള്ളത്‌ മഅ്‌ദനിയുടെ കാര്യത്തിലാണ്‌. അതിന്റെ സൂചനകള്‍ ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്‌ദനിയെ അറസ്റ്റ്‌ ചെയ്‌ത സമയത്ത്‌ തന്നെ ഉണ്ടായിരുന്നു. 2008ല്‍ തന്നെ നടന്ന അഹമ്മദാബാദ്‌ സ്‌ഫോടന പരമ്പരയില്‍ മഅ്‌ദനിക്ക്‌ പങ്കുണ്ടെന്ന പ്രചാരണമാണ്‌ അന്ന്‌ നടന്നത്‌. സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ ദി ഹിന്ദുവിന്റെ ഇന്റര്‍നെറ്റ്‌ എഡിഷന്‍ (ജനുവരി മൂന്ന്‌) പ്രസദ്ധീകരിച്ചതില്‍ അഹമ്മദാബാദിന്‌ പുറമെ ജയ്‌പൂര്‍ സ്‌ഫോടന പരമ്പരയില്‍ കൂടി ആരോപണ വിധേയനാണ്‌ മഅ്‌ദനിയെന്ന്‌ പറഞ്ഞിരുന്നു.  ജനുവരി നാല്‌ ഇറങ്ങിയ ഹിന്ദു പത്രത്തില്‍ പക്ഷേ ഈ രണ്ട്‌ സ്‌ഫോടന പരമ്പരകളിലെ ആരോപണ വിധേയനായി മഅ്‌ദനിയെ ചിത്രീകരിച്ചിട്ടില്ല. ഇന്റര്‍നെറ്റ്‌ എഡിഷനില്‍ തിടുക്കത്തിലാണ്‌ വാര്‍ത്തകള്‍ ചേര്‍ക്കുന്നത്‌. അതുകൊണ്ട്‌ തന്നെ തെറ്റ്‌ വരാന്‍ സാധ്യത ഏറെയാണ്‌. എങ്കിലും 2008ല്‍ നടന്ന അഹമ്മദാബാദ്‌, ജയ്‌പൂര്‍ സ്‌ഫോടന പരമ്പരകളില്‍ ആരോപണ വിധേയനെന്ന വിവരം കൃത്യമായി ചേര്‍ക്കുക എന്ന തെറ്റ്‌ അബദ്ധത്തില്‍ സംഭവിച്ചതാണെന്ന്‌ വിശ്വസിക്കുക പ്രയാസം.


ബംഗളുരൂ സ്‌ഫോടന പരമ്പരയുടെ ഗൂഢാലോചനയില്‍ മഅ്‌ദനിക്ക്‌ പങ്കുണ്ടെന്ന ആരോപണത്തിന്റെയും തുടര്‍ന്നുള്ള കേസിന്റെയും ആരംഭം മാധ്യമ വാര്‍ത്തകളില്‍ നിന്നായിരുന്നുവെന്നത്‌ കൂടി ഓര്‍ക്കണം. അതുകൊണ്ട്‌ തന്നെ ബംഗളൂരു കേസില്‍ ഒരു തീരുമാനമുണ്ടാകുന്ന മുറക്ക്‌ ഈ കേസുകള്‍ സജീവമാകാന്‍ സാധ്യതയുണ്ട്‌.


അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരുടെ കാര്യത്തിലെല്ലാം രാജ്യത്തെ നീതിന്യായ സംവിധാനം ഇതേ നിലപാടാണോ സ്വീകരിക്കുക എന്ന ചോദ്യവും പ്രസക്തമാണ്‌. ഹൈദരാബാദിലെ മക്കാ മസ്‌ജിദിലുണ്ടായ സ്‌ഫോടനക്കേസില്‍ ആരോപണ വിധേയരാക്കപ്പെട്ട നിരവധി ചെറുപ്പക്കാരെ വിചാരണക്കോടതി കുറ്റവിമുക്തരാക്കി. ഇവര്‍ക്കും കേസുമായി ബന്ധപ്പെട്ട്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ ഉപദ്രവിച്ച മറ്റുള്ളവര്‍ക്കും നഷ്‌ടപരിഹാരം നല്‍കാന്‍ ആന്ധ്രാ പ്രദേശ്‌ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ഇവരെ കള്ളക്കേസില്‍ കുടുക്കുക എന്ന അത്ഭുത പ്രവൃത്തി കാട്ടിയ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ യാതൊരു നടപടിയുമുണ്ടായില്ല. അതിന്‌ അവരെ പ്രേരിപ്പിച്ച വികാരമെന്തെന്ന ചോദ്യത്തെയും ആരും അഭിമുഖീകരിച്ചില്ല. കോയമ്പത്തൂര്‍ കേസില്‍ മഅ്‌ദനി ഒമ്പതര വര്‍ഷം വിചാരണത്തടവ്‌ അനുഭവിക്കേണ്ടിവന്നതിന്റെ കാരണമെന്തെന്ന്‌ ഒരു നീതിന്യായ സംവിധാനവും അന്വേഷിച്ചതുമില്ല.


അത്ഭുതങ്ങളുടെ പരമ്പര അരങ്ങേറിയ നാടുണ്ട്‌ ഇന്ത്യാ മഹാരാജ്യത്ത്‌. ഏത്‌ ഭീകരാക്രമണത്തോടും കിടപിടിക്കും വിധത്തില്‍ ഒരു വിഭാഗത്തില്‍പ്പെട്ട മനുഷ്യരെ വെട്ടിയും ചുട്ടും കൊന്ന നാട്‌. സ്‌ത്രീകളെ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കി ആഘോഷിച്ച നാട്‌. ആ കിരാതത്തിന്റെ പത്താം വാര്‍ഷികമെത്തുമ്പോഴും അവിടെ അത്ഭുതങ്ങള്‍ അവസാനിച്ചിട്ടില്ല. ഗുജറാത്ത്‌ വംശഹത്യയുടെ സമയത്ത്‌ രാഷ്‌ട്രീയ നേതാക്കളും ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരും ആക്രമണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയവരും ടെലിഫോണില്‍ സംസാരിച്ച വിവരങ്ങള്‍ അന്വേഷണത്തിനിറങ്ങിയ ഉദ്യോഗസ്ഥന്‍ ശേഖരിച്ച്‌ സി ഡിയില്‍ സൂക്ഷിച്ചു. ആ സി ഡി കാണാതായതാണ്‌ അത്ഭുതങ്ങളിലൊന്ന്‌. വംശഹത്യാ സമയത്ത്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ ഏതൊക്കെ മേഖലകളില്‍ സഞ്ചരിച്ചുവെന്ന്‌ വിവരിക്കുന്ന രേഖകള്‍ അടങ്ങുന്ന രജിസ്റ്റര്‍ കത്തിച്ചുകളഞ്ഞതാണ്‌ രണ്ടാമത്തേത്‌. പോലീസ്‌ കണ്‍ട്രോള്‍ റൂമിലേക്ക്‌ വന്ന സന്ദേശങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്ററും കത്തിച്ചുകളഞ്ഞു. ഇത്‌ സംബന്ധിച്ച വിവരങ്ങള്‍ അറിയാവുന്ന ഉദ്യോഗസ്ഥര്‍ മുഴുവന്‍ കേസുകളില്‍ കുടുങ്ങുന്ന അത്ഭുതവും അവിടെ സംഭവിക്കുന്നു.


വംശഹത്യ സംബന്ധിച്ച കേസുകളില്‍ ഇരകളുടെ ഭാഗത്തു നില്‍ക്കേണ്ട സര്‍ക്കാറും അതിനെ പ്രതിനിധാനം ചെയ്യുന്ന അഭിഭാഷകനും ആരോപണവിധേയരുടെയും അവരുടെ പിന്നണിയില്‍ നില്‍ക്കുന്ന ആര്‍ എസ്‌ എസ്‌ സൈദ്ധാന്തികന്റെയും പക്കല്‍ വിവരങ്ങളെത്തിച്ചു കൊടുക്കുന്നുവെന്നതാണ്‌ ഏറ്റവും അവസാനം പുറത്തറിഞ്ഞ അത്ഭുതം. ഈ അത്ഭുതത്തിന്‌ തെളിവായി ഇ മെയില്‍ സന്ദേശങ്ങള്‍ ഐ പി എസ്‌ ഉദ്യോഗസ്ഥനായ സഞ്‌ജീവ്‌ ഭട്ട്‌ സുപ്രീം കോടതിക്ക്‌ മുന്നില്‍ ഹാജരാക്കിയിരുന്നു. സന്ദേശങ്ങള്‍ ഹാക്ക്‌ ചെയ്‌തതിന്‌ ഭട്ടിനെതിരെ കേസുണ്ടായേക്കാം. എന്നാല്‍ കേസ്‌ അട്ടിമറിക്കാന്‍ പാകത്തില്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആക്ഷേപത്തില്‍ (അത്ഭുതത്തില്‍) അന്വേഷണം നടത്തേണ്ടതുണ്ടോ എന്ന സംശയം പോലും ആരും പ്രകടിപ്പിച്ചില്ല.


ഗുജറാത്ത്‌ വംശഹത്യയില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കുള്ള പങ്ക്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ സാമൂഹിക പ്രവര്‍ത്തകയായ മല്ലിക സാരാഭായ്‌ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി അട്ടിമറിച്ചത്‌ എങ്ങനെ എന്നത്‌ സംബന്ധിച്ച്‌ വിവരങ്ങള്‍ പുറത്തുപറഞ്ഞത്‌ ഗുജറാത്തില്‍ ഡി ജി പിയായിരുന്ന ആര്‍ ബി ശ്രീകുമാറും സസ്‌പെന്‍ഷനിലാണെങ്കിലും സര്‍വീസിലുള്ള സഞ്‌ജീവ്‌ ഭട്ടുമാണ്‌. സംസ്ഥാന പോലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിന്‌ കൈമാറുന്ന രഹസ്യ ഫണ്ടില്‍ നിന്ന്‌ പത്ത്‌ ലക്ഷം രൂപ ഇതിനായി വിനിയോഗിച്ചുവെന്നാണ്‌ ഉത്തരവാദിത്വപ്പെട്ട ഈ ഉദ്യോഗസ്ഥര്‍ ആരോപണമുന്നയിച്ചത്‌. ഇതേക്കുറിച്ച്‌ അന്വേഷിക്കണമെന്നും ആര്‍ക്കും തോന്നിയില്ല. ഇതെല്ലാം ഒരിടത്തിരുന്ന്‌ ഒരാള്‍ ചെയ്യുന്ന അത്ഭുതങ്ങളാണ്‌. അത്തരം അത്ഭുതങ്ങള്‍ക്കെല്ലാം നിയമത്തിന്റെ പരിരക്ഷ ലഭിക്കുമ്പോള്‍ ഒരു കാല്‌ നഷ്‌ടപ്പെട്ട, മറ്റൊരു കേസിലാണെങ്കില്‍ക്കൂടി ഒമ്പത്‌ വര്‍ഷം വിചാരണത്തടവ്‌ അനുഭവിക്കേണ്ടിവന്ന മഅ്‌ദനിയുടെ കാര്യത്തില്‍ ജാമ്യം നിഷേധിക്കപ്പെടുമ്പോള്‍ (അതും അപേക്ഷ കേള്‍ക്കാന്‍ പോലും തയ്യാറാകാതെ) നീതിക്ക്‌ കണ്ണില്ലെന്ന ആപ്‌തവാക്യം കൂടുതല്‍ അര്‍ഥവത്താകുന്നുണ്ട്‌.


ഉന്നതര്‍ ഉള്‍പ്പെട്ട കേസുകളില്‍ വിചാരണക്കോടതികള്‍ ജാമ്യം അനുവദിക്കാന്‍ വിമുഖത കാട്ടുന്നുവെന്ന ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്‌. ഈ ഹരജി സമര്‍പ്പിക്കപ്പെട്ടതിന്‌ തൊട്ടുപിറകെ ടെലികോം അഴിമതിക്കേസില്‍ അറസ്റ്റിലായിരുന്ന ഏതാണ്ടെല്ലാവര്‍ക്കും ജാമ്യം അനുവദിക്കപ്പെട്ടു. പണവും സ്വാധീനവും ഉപയോഗിച്ച്‌ തെളിവ്‌ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യത കൂടുതലുള്ള കമ്പനി മുതലാളിമാരാണ്‌ ജാമ്യം ലഭിച്ചവരില്‍ അധികവും. നീതിയുടെ വിശാല താത്‌പര്യം പരിഗണിച്ചും `ജാമ്യമാണ്‌ ചട്ടം, ജയില്‍ അപവാദ'മാണെന്ന സിദ്ധാന്തം കണക്കിലെടുത്തുമൊക്കെയാണ്‌ ഇവര്‍ക്കെല്ലാം ജാമ്യം അനുവദിക്കപ്പെട്ടത്‌. അത്തരം വിശാലതകളുടെയും സിദ്ധാന്തങ്ങളുടെയും ഗുണഭോക്താവാകാന്‍ ഒരു `ഭീകര'നെ അനുവദിച്ച്‌ കൂടല്ലോ! 

2 comments:

  1. എന്‍.ഡി.എ സര്‍ക്കാറില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്ന ചിന്മയാനന്ദയെ ലൈംഗിക പീഡന കേസില്‍ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് അലഹബാദ് ഹൈകോടതി സ്റ്റേ ചെയ്തത് കഴിഞ്ഞ വാരത്തിലായിരുന്നു. 2005ല്‍ സ്വാമിയുടെ തന്നെ ആശ്രമത്തിലെ അന്തേവാസിയായ ശിഷ്യയെ നിരവധി തവണ ബലാല്‍സംഗം ചെയ്യുകയും ഒന്നിലേറെ തവണ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കുകയും ചെയ്തുവെന്നാണ് ചിന്മയാനന്ദക്കെതിരായ എഫ്.ഐ.ആര്‍. സന്തോഷ്‌ മാധവന് ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധിയും ശ്രദ്ധിക്കുക. ഇവരൊക്കെ പുറത്തു വന്നാലും അബ്ദുല്‍ നാസര്‍ മഅദനി അകത്തു കിടക്കണമെന്നും അതുവഴി മുസ്ലിംകള്‍ നീതി നിഷേധതിരായി കഴിഞ്ഞാല്‍ അവരില്‍ നിന്ന് ഭീകര പ്രവര്‍ത്തകരെ ഉണ്ടാക്കാമെന്നും കണക്കു കൂട്ടുന്ന ഒരു വൃന്ദം നമ്മുടെ സുരക്ഷ സംവിധാനത്തിന്റെ ഭാഗമാണ്. മഅദനി പുറത്തു വന്നാലും അയാള്കൊന്നും ചെയ്യാന്‍ ആവില്ല എന്ന് അവര്‍ക്ക് നന്നായി അറിയാം.

    ReplyDelete
  2. നീതിക്ക്‌ കണ്ണില്ലെന്ന ആപ്‌തവാക്യം കൂടുതല്‍ അര്‍ഥവത്താകുന്നുണ്ട്‌.

    നീതിക്കല്ല അനീതിക്ക് കണ്ണില്ല എന്നതാണു ശരി.
    ഹൈകോടതിയും സുപ്രിംകോടതിയുമെല്ലാമിന്നു നിയമമാലിന്യങ്ങളുടെ ഇടങ്ങളാണ്.. അവിടെത്തെ വിധികൾ സുതാര്യമല്ലാതായിട്ട് കാലമെത്രയായി...

    ReplyDelete