2012-12-11

വാള്‍മാര്‍ട്ടിന്റെ മിര്‍ ജാഫര്‍മാര്‍!!!ചലച്ചിത്ര രീതിയില്‍ തുടങ്ങിയാല്‍, 2012 നവംബര്‍ 01 (രീതി ചലച്ചിത്രത്തിന്റെതാകയാല്‍ തീയതി യഥാര്‍ഥമായിക്കൊള്ളണമെന്ന് നിര്‍ബന്ധമില്ല) - കോഴിക്കോട് ബസ് സ്റ്റാന്‍ഡിന്റെ പ്രവേശന കവാടത്തിന് എതിര്‍വശത്തുള്ള സ്റ്റോപ്പ് പോലീസ് എടുത്തുകളഞ്ഞു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണ് നടപടിയെന്ന് വിശദീകരണം. ബസ് സ്റ്റോപ്പിന് തൊട്ട് പിറകില്‍, മാസങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച, വന്‍കിട കച്ചവട സമുച്ചയത്തിന്റെ (ഷോപ്പിംഗ് മാള്‍) സൗകര്യാര്‍ഥമാണ് പോലീസിന്റെ നടപടിയെന്ന് ആരോപണമുണ്ട്.


ബസ്സുകള്‍ നിര്‍ത്തിക്കൊണ്ടിരുന്ന സമയത്ത് ഷോപ്പിംഗ് മാളിന്റെ കവാടം പെട്ടെന്ന് കാണാന്‍ സാധിക്കുമായിരുന്നില്ല. സ്റ്റോപ്പില്ലാതായതോടെ കവാടം എല്ലായ്‌പ്പോഴും ദൃശ്യമാണ്. ബസ്സ് കാത്ത് ആളുകള്‍ നിന്നിരുന്നപ്പോള്‍ സമുച്ചയത്തിലേക്കുള്ള കാറുകള്‍ക്ക് പ്രവേശം പ്രയാസമായിരുന്നു. ആളൊഴിഞ്ഞതോടെ ഈ പ്രയാസം നീങ്ങി. ഉപഭോക്താക്കളുടെ ശ്രദ്ധ എളുപ്പത്തില്‍ ലഭിക്കും വിധത്തില്‍ സമുച്ചയം നിവര്‍ന്നു നില്‍ക്കുന്നു. ഈ സുന്ദര വ്യാപാര ദൃശ്യത്തിന് പുറത്ത് കുറച്ചാളുകള്‍ അലഞ്ഞ് നടക്കുന്നത് കാണാം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തുന്ന രോഗികളും വൃദ്ധരും അവരുടെ ബന്ധുക്കളുമാണ് ഇവരില്‍ കൂടുതല്‍. ബസ്സുകള്‍ നിര്‍ത്താത്തതിന്റെ കാരണം അന്വേഷിക്കും. സ്റ്റോപ്പ് ഇല്ലാതാക്കിയെന്ന് മനസ്സിലാകുമ്പോള്‍ ഒരു കിലോമീറ്റര്‍ അകലെയുള്ള അടുത്ത സ്റ്റോപ്പിലേക്ക്, തിളച്ച വെയിലില്‍ നടക്കും. ഈ ദൃശ്യങ്ങളിലെ വൈരുധ്യം കണക്കിലെടുക്കുമ്പോള്‍ സ്റ്റോപ്പ് നിര്‍ത്തലാക്കിയത്, ഗതാഗതക്കുരുക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് വിശ്വസിക്കുക പ്രയാസം. കുരച്ചു തുപ്പുന്ന ജനക്കൂട്ടത്തെ ഒഴിവാക്കി, ഗതാഗതം സുഗമമാക്കി കച്ചവടത്തിന് കൊഴുപ്പ് കൂട്ടാന്‍ തന്നെയാകണം.


സ്വദേശിയായ വ്യാപാര സമുച്ചയത്തിന്റെ കഥയാണ് ഇപ്പറഞ്ഞത്. പരിസര പ്രദേശത്തെ ചെറുകിട കടകളുടെ ആയുസ്സറ്റുപോകുക മാത്രമല്ല ചെയ്യുന്നത്, ഒരു വലിയ സമൂഹത്തിന്റെ സൗകര്യങ്ങളെയാകെ നിഹനിക്കുക കൂടിയാണ്. കച്ചവടം അഭിവൃദ്ധിപ്പെടുത്താന്‍ സഹോദരങ്ങളോട് യുദ്ധം പ്രഖ്യാപിക്കാന്‍ പോലും മടിയില്ല. അതിന് വേണ്ടി ഏത് അധികാര കേന്ദ്രത്തെയും സ്വാധീനിക്കാന്‍ കഴിയുകയും ചെയ്യും. അപ്പോള്‍ പിന്നെ വലിയ മൂലധന പിന്തുണയോടെ വിദേശ കമ്പനികള്‍ ചില്ലറ വില്‍പ്പന പോലെ സാധാരണക്കാരെ ഏറെ നേരിട്ട് ബാധിക്കുന്ന മേഖലയിലേക്ക് എത്തുമ്പോഴോ?


ഇനിയൊരു ഫഌഷ് ബാക്കാകാം - ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് പുറമെ പറങ്കികളും ലന്തക്കാരും ഫ്രഞ്ചുകാരുമൊക്കെ അധിനിവേശ ത്വരയുമായി നടന്ന കാലം. വ്യാപാരം തന്നെയായിരുന്നു എല്ലാവരുടെയും മാര്‍ഗം. ചിലയിടങ്ങളില്‍ നയതന്ത്ര മാര്‍ഗത്തിലൂടെ വ്യാപാരത്തിന് അനുവാദം നേടിയെടുത്തു. വൈകാതെ സമസ്താധികാരവും. ചിലയിടങ്ങള്‍ യുദ്ധത്തിലൂടെ പിടിച്ചെടുത്തു. ആക്രമിച്ച് കീഴടക്കാന്‍ കഴിയാത്തവരുമായി സന്ധിയൊപ്പിട്ടു. സന്ധിക്കുള്ള ഉപാധികളിലൊന്ന് വ്യാപാരത്തിന് അവസരം വേണമെന്നതായിരുന്നു. അത് അംഗീകരിച്ചവരൊക്കെ വൈകാതെ അധിനിവേശത്തിന്റെ ഇരകളായി. ഇങ്ങനെ ഭൂരിഭാഗം പ്രദേശവും കാല്‍ക്കീഴിലായതോടെ, വ്യാപാരത്തിന് അവസരം നല്‍കാതെ സ്വയംഭരണാധികാരം കാത്ത ഒന്നോ രണ്ടോ രാജ്യങ്ങളെ വീഴിക്കാന്‍ പ്രയാസമില്ലാതെയുമായി. സായുധ നീക്കങ്ങളിലെല്ലാം പോരടിച്ചത് ഇന്ത്യക്കാര്‍ തമ്മില്‍ തന്നെയായിരുന്നു. വട്ടിയിലെ പണം നല്‍കി, ഈസ്റ്റ് ഇന്ത്യാ കമ്പനിയും പറങ്കികളും ലന്തക്കാരും ഫ്രഞ്ചുകാരുമൊക്കെ പട്ടാളത്തെ നിയമിച്ചു. പണം നല്‍കിയവര്‍ക്ക് വേണ്ടി യുദ്ധം ചെയ്യാന്‍ ഇന്ത്യക്കാര്‍ തയ്യാറായിരുന്നു. പരസ്പരം പടവെട്ടിയത് വിദേശിയുടെ അധികാര സ്ഥാപനത്തിന് വേണ്ടിയാണെന്ന് മനസ്സിലാക്കാതെ. ഇനിയൊരുപക്ഷേ, അത് മനസ്സിലാക്കിയ ഭരണാധികാരികള്‍ പോലും പോരുകള്‍ക്ക് വഴിയൊരുക്കുന്നതില്‍ വിമുഖത കാട്ടിയില്ല.

1756 മുതല്‍ 1763 വരെ നീണ്ട പ്ലാസി യുദ്ധം, ഇന്ത്യന്‍ ഉപഭുഖണ്ഡത്തില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആധിപത്യമുറപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഒന്നാണ്. ബംഗാള്‍ നവാബായിരുന്ന സിറാജുദ്ദൗലയുടെ സുശക്തമായ സൈന്യത്തെ തോല്‍പ്പിക്കുന്നതിന്, മിര്‍ ജഅ്ഫറെന്ന നവാബിന്റെ സേനാ നായകനെത്തന്നെ ഉപയോഗിച്ചു റോബര്‍ട്ട് ക്ലൈവ് എന്ന ബ്രീട്ടീഷ് സേനാധിപതി. മിര്‍ ജഅ്ഫറിനോട് കൂറ് പുലര്‍ത്തിയിരുന്ന ഇന്ത്യന്‍ സൈനികര്‍ യുദ്ധത്തിനിടെ പിന്‍തിരിഞ്ഞു നിന്നപ്പോള്‍ ദൗല വീണു. സമാനതകളില്ലാത്ത ചതി പ്രയോഗം.


ദക്ഷിണ ഭാഗത്ത്, ടിപ്പു സുല്‍ത്താന്റെ സുശക്തമായ മൈസൂര്‍പ്പടയെ വീഴ്ത്തുന്നതിലും ചതിക്ക് ലോപമുണ്ടായിരുന്നില്ല. മഹാരാഷ്ട്ര ഭരിച്ചിരുന്നവരും ഹൈദരാബാദ് നൈസാമുമൊക്കെ വേണ്ട സഹായം ചെയ്തു കൊടുത്തു. അധിനിവേശത്തിന്റെ സമ്പൂര്‍ണത സാധ്യമാക്കുന്നതില്‍ ഇന്ത്യക്കാരും അവരുടെ ഭരണകര്‍ത്താക്കളായി സ്വയം ചമഞ്ഞവരും അവരുടെ ശേവുകക്കാരുമൊക്കെ വഹിച്ച പങ്ക് ഇപ്രകാരമാണ്. ചേരി മാറ്റുന്നതിലും കൂടുതല്‍ പട്ടാളക്കാരെ കമ്പനി സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും പണം വലിയൊരു പങ്ക് വഹിച്ചിരുന്നു.
ഫഌഷ് ബാക്ക് അവസാനിക്കുന്നു.


2012 ഡിസംബര്‍ ആദ്യ വാരം - പലചരക്കിന്റെ ചില്ലറ വ്യാപാരത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നത് ചോദ്യം ചെയ്തുള്ള പ്രമേയത്തില്‍ പാര്‍ലിമെന്റില്‍ ചര്‍ച്ച നടക്കുന്നു. പ്രമേയം തള്ളണമോ കൊള്ളണമോ എന്നത് വോട്ടിനിട്ട് തീരുമാനിക്കും. ലോക്,  രാജ്യ സഭകളില്‍ ന്യൂനപക്ഷമായ സര്‍ക്കാറിനെ രക്ഷിക്കാന്‍ സമാജ്‌വാദി പാര്‍ട്ടിയും (എസ് പി) ബഹുജന്‍ സമാജ് പാര്‍ട്ടിയും (ബി എസ് പി) രംഗത്തുവന്നു. രാജ്യസഭയില്‍ നിന്ന് എസ് പി അംഗങ്ങള്‍ ഇറങ്ങിപ്പോയപ്പോള്‍ ബി എസ് പി അംഗങ്ങള്‍ പ്രമേയത്തിനെതിരെ വോട്ട് ചെയ്തു. രാജ്യത്ത് സമസ്ഥിതി പുലരണമെന്ന് ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുകയും  ചെയ്യുന്ന പാര്‍ട്ടിയാണ് എസ് പി. വാള്‍മാര്‍ട്ടിനെയും കാരെഫോറിനെയും പോലുള്ള ഭീമന്‍മാര്‍ ചില്ലറ വ്യാപാര മേഖലയില്‍ പ്രവേശിക്കുമ്പോള്‍ എന്ത് സമസ്ഥിതിയാണ് കൈവരിക എന്നത് വിശദീകരിക്കേണ്ട ബാധ്യത എസ് പിക്കില്ല. ഇതിനകമെത്തിയ വിദേശ മൂലധനം ഏത് വിധത്തിലാണ് കൂടുതല്‍ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടത് എന്ന് ഓര്‍ക്കേണ്ട ആവശ്യവും അവര്‍ക്കില്ല.


ദളിതുകളാണ് തങ്ങളുടെ മുഖ്യ പിന്‍ബലമെന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയാണ് ബി എസ് പി. സ്വദേശിയും വിദേശിയുമായ മൂലധനത്തിന്റെ ശക്തിയില്‍ പിഴുതെറിയപ്പെട്ട പതിനായിരങ്ങളില്‍ മുഖ്യ പങ്കും ദളിതുകളും ആദിവാസികളുമാണ്. പുതിയ മൂലധനത്തിന്റെ കടന്നു വരവോടെ, ദളിതുകളും ആദിവാസികളും സാമൂഹികമായി കൂടുതല്‍ അകറ്റിനിര്‍ത്തപ്പെടുമോ എന്ന ആശങ്ക ബി എസ് പിക്ക് ഉണ്ടാകേണ്ടതില്ല. ചില്ലറ വ്യാപാരത്തിലെ സ്വദേശ/വിദേശ മൂലധനത്തിന് കൂടുതല്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ സബ്‌സിഡികള്‍ വ്യക്തികളുടെ ബേങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുമ്പോള്‍ വിവേചനത്തിന്റെ പുതിയ മാനദണ്ഡം കൂടിയാണ് നിശ്ചയിക്കപ്പെടുന്നത് എന്നത് അവരെ അലട്ടുന്ന പ്രശ്‌നമല്ല. അത്തരം വിവേചനത്തിന്റെ പ്രധാന ഇരകള്‍ ദരിദ്രരും സാമൂഹികമായി പിന്നാക്കാവസ്ഥയില്‍ തുടരുന്ന ദളിത്/ആദിവാസി വിഭാഗങ്ങളുമായിരിക്കുമെന്ന് ഓര്‍ക്കുകയും വേണ്ടതില്ല.


എസ് പിയും ബി എസ് പിയും സ്വീകരിച്ച ഈ നിലപാടുകള്‍ക്ക് ഒറ്റ വാക്യത്തില്‍ വിശദീകരണമുണ്ട് - വര്‍ഗീയ ശക്തികളെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിന് വേണ്ടി കോണ്‍ഗ്രസിനെ തുണക്കുന്നുവെന്ന്. മത നിരപേക്ഷമായി ചിന്തിക്കുന്നവര്‍ക്കൊന്നും തള്ളിക്കളയാന്‍ പറ്റാത്ത ഉശിരന്‍ സംഭാഷണ ശകലം. വര്‍ഗീയശക്തികളെ അകറ്റി നിര്‍ത്തുന്നതിന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ട്‌നില്‍ക്കേണ്ടതുണ്ടോ? വര്‍ഗീയ ശക്തികളെ അകറ്റി നിര്‍ത്താന്‍ ഇതല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലേ?


എസ് പിയും ബി എസ് പിയും യോജിച്ച് നിന്നാല്‍ ഉത്തര്‍ പ്രദേശിലെ 84 ലോക് സഭാ സീറ്റുകളില്‍, ഭൂരിഭാഗവും സ്വന്തമാക്കാം. ജനതാദള്‍ (യുനൈറ്റഡ്), ബിജു ജനതാ ദള്‍ തുടങ്ങിയവയെ കൂടെക്കൂട്ടിയാല്‍ ശക്തമായ ബദലിന് മറ്റെവിടെയും പോകേണ്ടതില്ല. അത്തരമൊരു സഖ്യം സാധ്യമാകണമെങ്കില്‍ സങ്കുചിത അധികാര ലക്ഷ്യങ്ങള്‍ നേതാക്കള്‍ ബലികഴിക്കേണ്ടിവരും. അത്തരം ത്യാഗങ്ങള്‍ക്കുള്ള വിമുഖതയാണ് വര്‍ഗീയ ശക്തികളെ അകറ്റി നിര്‍ത്താന്‍ മറ്റ് മാര്‍ഗമില്ലെന്ന കേവല വാദത്തിന്റെ കാതല്‍. എതിരാളികളെ ഭിന്നിപ്പിച്ച് നിര്‍ത്തിയും ആവശ്യം വരുമ്പോള്‍ മുഖ്യ എതിരാളിക്കെതിരെ അണിചേര്‍ത്തുമാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി അധിനിവേശം വിജയകരമാക്കിയത്. അന്ന് പണത്തിനൊപ്പം ആയുധം വേണ്ടിയിരുന്നു അധിനിവേശത്തിന്. ഇന്ന് പണം മാത്രം മതി എന്ന വ്യത്യാസം മാത്രം.
രാജ്യ ഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍, അനുകൂലമായി നില്‍ക്കുമ്പോള്‍ ആയുധപ്രയോഗം വേണ്ടതില്ലല്ലോ!


ചില്ലറ വ്യാപാരത്തിലേതുള്‍പ്പെടെ ഇന്ന് യു പി എ അനുവദിക്കുന്ന വിദേശ നിക്ഷേപത്തെ മുഴുവന്‍ എതിര്‍ക്കുന്ന ബി ജെ പി, നാളെ അധികാരത്തിലേറുകയാണെങ്കില്‍  വിദേശ നിക്ഷേപത്തിന് അനുകൂല നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പ്. ഭരണത്തിന് നേതൃത്വം നല്‍കാന്‍ അവസരം ലഭിച്ച ഘട്ടത്തില്‍ സ്വീകരിച്ച നയങ്ങള്‍ മാത്രം മതി അത് തെളിയിക്കാന്‍. ഓഹരി വിറ്റഴിക്കാന്‍ മാത്രം വകുപ്പുണ്ടാക്കിയാണ് സനാതനധര്‍മികള്‍ വിദേശ കമ്പനികള്‍ക്ക് അവസരങ്ങളൊരുക്കിയത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആക്രമണ കാലത്തും സനാതനധര്‍മികള്‍, പാരതന്ത്ര്യത്തെക്കുറിച്ചോ അതിന്റെ മാനക്കേടിനെക്കുറിച്ചോ ചിന്തിച്ചിരുന്നില്ല. അതുകൊണ്ടാണല്ലോ ഈ ധര്‍മത്തെ അടിസ്ഥാനമാക്കിയ ശിവജിയുടെ പിന്മുറക്കാര്‍, മൈസൂറിനെ കീഴ്‌പ്പെടുത്താനുള്ള കമ്പനിപ്പട്ടാളത്തിന്റെ ശ്രമങ്ങള്‍ക്ക് അരു നിന്നത്.


ആധുനിക ആയുധങ്ങളുടെ (അന്നത്തെ കണക്കില്‍) സമൃദ്ധി, വേണ്ടുവോളം ഇന്ത്യക്കാരെ പട്ടാളത്തില്‍ ചേര്‍ക്കാന്‍ വേണ്ട സമ്പത്ത് ഇവയൊക്കെയുണ്ടായിട്ടും ദശകങ്ങള്‍ വേണ്ടിവന്നു ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് അധിനിവേശം പൂര്‍ത്തിയാക്കാന്‍. ഇപ്പോള്‍ പണവും സാമ്പത്തികത്തില്‍ അധിഷ്ഠിതമായ വിദേശനയവുമാണ് ആയുധങ്ങള്‍. തോക്കും പീരങ്കിയുമുപയോഗിച്ച് പൂര്‍ത്തിയാക്കിയ അധിനിവേശത്തേക്കാള്‍, ഒരുപക്ഷേ എളുപ്പത്തില്‍ കാര്യം നേടാന്‍ പുതിയ ആയുധങ്ങള്‍ സഹായിച്ചേക്കും. അത്തരമൊന്ന് പൂര്‍ത്തിയാകുമ്പോള്‍ കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കുമൊക്കെ ഗുണമുണ്ടാകുമെന്നാണ് പുതിയ മിര്‍ ജഅ്ഫര്‍മാര്‍ പറയുന്നത്. ആ അവകാശവാദം ശരിയെന്ന് വിശ്വസിക്കുക മാത്രമേ ശതകോടിയിലേറെ വരുന്നവര്‍ക്ക് മാര്‍ഗമുള്ളൂ. പക്ഷേ, പുതിയ കാലത്ത് നഷ്ടമാകുന്നത് ബസ് സ്റ്റോപ്പ് മാത്രമായിരിക്കില്ലെന്ന് ഉറപ്പ്. കൃഷി ഭൂമിയുടെ ഉടമസ്ഥാവകാശമാകാം. ആവശ്യത്തിന് അനുസരിച്ച് വാങ്ങുന്നതിനുള്ള സ്വാതന്ത്ര്യമാകാം. അവര്‍ മാറ്റി നിശ്ചയിക്കാന്‍ പോകുന്ന സ്റ്റോപ്പുകള്‍ ബസ്സുകളുടെതാകില്ല. കുരച്ചും തുപ്പിയും തുടരുന്ന ജീവിതങ്ങളുടെ സ്റ്റോപ്പുകളായിരിക്കാം.