2012-12-25

ബലാത്സംഗാര്‍ത്ഥമിദം രാഷ്ട്രം



അപ്രതീക്ഷിതമായുയരുന്ന പ്രതിഷേധത്തിന് മുന്നില്‍ ഭരണകൂടം, അതെത്ര സുശക്തവും സഭദ്രവുമാണെങ്കിലും, അമ്പരന്ന് നിന്ന് പോകുന്നതിന്റെ പ്രകടോദാഹരണമാണ് ശനിയാഴ്ച (2012 ഡിസംബര്‍ 22) ഡല്‍ഹിയില്‍ കണ്ടത്. ഏതെങ്കിലുമൊരു രാഷ്ട്രീയ സംവിധാനത്തിന്റെ ആഹ്വാനമില്ലാതെ, ഡല്‍ഹിയില്‍ തമ്പടിച്ച യുവജനക്കൂട്ടം, അതില്‍ തന്നെ ഭൂരിഭാഗവും പെണ്‍കുട്ടികള്‍. അവര്‍ സമരങ്ങളുടെ പതിവ് രീതികള്‍ തെറ്റിച്ച് മുന്നോട്ടുപോയി. രാഷ്ട്രപതി ഭവനോ, ആഭ്യന്തര മന്ത്രിയുടെ ഓഫീസോ അത്തരം മേഖലകളില്‍ നിലനില്‍ക്കുന്ന സവിശേഷമായ സുരക്ഷാ സംവിധാനങ്ങളോ ഒന്നും തടസ്സമായില്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ അപൂര്‍വമായ ഒരു സംഗതി, പ്രത്യേകിച്ചൊരു നേതൃത്വത്തിന്റെ കീഴിലല്ലാതെ നടന്നു. ഇന്റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ പങ്കുവെക്കപ്പെട്ട ആഹ്വാനത്തോട് പ്രതികരിച്ചെത്തിയവരായിരുന്നു മിക്കവാറുമെല്ലാവരും. ടുണീഷ്യയില്‍ ആരംഭിച്ച് ഈജിപ്തിലൂടെ പടര്‍ന്ന്, പറന്ന കാറ്റിന്റെ ഗന്ധം ചെറിയ സമയത്തേക്കെങ്കിലും ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ടാകണം. ഭരണാധികാരികള്‍ മാത്രമല്ല, രാജ്യത്തെ ഇതര രാഷ്ട്രീയ സംവിധാനത്തിന്റെ നേതാക്കളും ആ ഗന്ധം അനുഭവിച്ചിട്ടുണ്ടാകണം.


മുമ്പ് വിളിച്ച ഒരു മുദ്രാവാക്യം കടമെടുത്താല്‍, 'സൂചനയാണിത് സൂചന'മാത്രമെന്ന് വേണമെങ്കില്‍ പറയാം. രാജ്യത്തെ വലിയൊരു ജനവിഭാഗം, പ്രത്യേകിച്ച് യുവാക്കള്‍, നിലവിലുള്ള വ്യവസ്ഥാപിത രാഷ്ട്രീയ സംവിധാനങ്ങളുടെ പിന്‍ബലമില്ലാതെ സംഘടിക്കാന്‍ തയ്യാറാണെന്ന സൂചനയാണ് ഒന്ന്. സമരം പോലും വ്യവസ്ഥാപിതമാക്കിയിട്ടുണ്ട് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍. ഡല്‍ഹിയിലാണെങ്കില്‍ സ്ഥിരം സമര വേദി ജന്തര്‍ മന്തറാണ്. അവിടെ നിന്ന് തുടങ്ങുന്ന പ്രകടനം അധികം വൈകാതെ പോലീസ് തടയുകയും പ്രതിഷേധക്കാര്‍ സമാധാനപരമായി പിരിഞ്ഞുപോകുകയും ചെയ്യുന്ന രീതി. ഇത് യാതൊരു മുടക്കവും മടുപ്പും കൂടാതെ നടത്തിവരികയായിരുന്നു എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും. നേതാവില്ലാത്ത പ്രതിഷേധക്കൂട്ടം ഈ രീതിയെ എളുപ്പത്തില്‍ അതിലംഘിക്കുമ്പോള്‍ ഭരണകൂടം പകയ്ക്കുന്നത് സ്വാഭാവികം. അതിലേറെ പകപ്പ് പ്രതിപക്ഷത്തുള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടാകണം.


സൗമ്യ എന്ന പെണ്‍കുട്ടി വധിക്കപ്പെട്ട സംഭവം കേരളത്തില്‍ കോളിളക്കമുണ്ടാക്കിയതാണ്. ഏതാണ്ട് സമാനമായ സംഭവം  രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ അരങ്ങേറിയതാണ് ഇപ്പോഴുയര്‍ന്ന പ്രതിഷേധത്തിന് കാരണം. ബസ്സില്‍ വെച്ച് പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ച നരാധമന്‍മാര്‍, ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് പുറത്തേക്ക് എറിയുകയായിരുന്നു. മാരകമായ പരുക്കുകളെ മറികടന്ന് ജീവിതത്തിലേക്ക് മടങ്ങാനാകുമോ എന്ന സംശയം ശേഷിപ്പിച്ച് ആശുപത്രിയില്‍ കഴിയുകയാണ് അവള്‍. സൗമ്യ വധിക്കപ്പെട്ടപ്പോള്‍ കേരളത്തിലുണ്ടായ തീഷ്ണമായ വികാര പ്രകടനത്തിന്റെ മറ്റൊരു പതിപ്പാണ് ഇപ്പോള്‍ ഡല്‍ഹിയിലേത്. കേരളത്തിലെ വികാര പ്രകടനം വൈകാതെ കെട്ടടങ്ങുകയും ലൈംഗിക കൈയേറ്റങ്ങള്‍ (പീഡനം എന്ന പൊതുപേരിലേക്ക് എല്ലാറ്റിനെയും ചുരുക്കുക കൊണ്ട്, പലതിന്റെയും ഗൗരവം മനസ്സിലാക്കാതെ പോയിട്ടുണ്ട്)  നിര്‍ബാധം തുടരുകയും ചെയ്യുന്നു. ഡല്‍ഹിയിലെ വികാര പ്രകടനത്തിനും സമാനമായ അന്ത്യമുണ്ടാകാനാണ് സാധ്യത. പക്ഷേ, സൂചനകളെ തിരിച്ചറിയാതിരുന്നുകൂട.


രാജ്യത്ത്, തലസ്ഥാനമായ ഡല്‍ഹിയില്‍ തന്നെയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പുത്തരിയല്ല. കൈയേറ്റം കൊലയില്‍ കലാശിക്കുന്നതും പുതുമയല്ല. അപ്പോഴൊന്നുമുണ്ടാകാതിരുന്ന പ്രതിഷേധം ഉയരുമ്പോള്‍, പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുന്നതിന് നിയമം ഭേദഗതി ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് തലയൂരുകയാണ് ഭരണകൂടം. ആക്രമണത്തിന് ഭരണകൂടത്തിന്റെ വീഴ്ചകളും കാരണമായിട്ടുണ്ടെന്ന പതിവ് പല്ലവി പാടി, സര്‍ക്കാറിനെതിരായ വികാരം ഉണര്‍ത്താനാകുമോ എന്ന ലാക്ക് നോക്കുകയാണ് പ്രതിപക്ഷം. അതിനപ്പുറത്ത് യാതൊന്നും സാധ്യമാകുന്നില്ല. 'എന്തുകൊണ്ടിങ്ങനെ' എന്ന ചോദ്യത്തെ അഭിമുഖീകരിക്കാന്‍ ആരും തയ്യാറാകുന്നുണ്ടെന്ന് തോന്നുന്നില്ല. ആ ചോദ്യത്തെ അത്രയെളുപ്പത്തില്‍ അഭിമുഖീകരിക്കാന്‍  ഭരണ, രാഷ്ട്രീയ സംവിധാനങ്ങള്‍ക്കും ഇപ്പോഴൊരു ഉണര്‍വ്വ് കാട്ടിയ ജനതക്കും സാധ്യമാകില്ല എന്നതാണ് വസ്തുത.


ഭരണകൂടം ഏതളവിലാണ് ഇത്തരം അതിക്രമങ്ങള്‍ക്ക് അരു നിന്നിരിക്കുന്നത് എന്നത് ആദ്യം ആലോചിക്കണം. സി പി ഐ (മാവോയിസ്റ്റ്) എന്ന, സായുധ വിപ്ലവത്തിലൂടെ മാത്രമേ മാറ്റത്തിന് കളമൊരുങ്ങൂ എന്ന് വിശ്വസിക്കുന്ന സംഘടന സ്വാധീനമുറപ്പിച്ചുവെന്ന കാരണത്താല്‍ ഝാര്‍ഖണ്ഡിലെയും ഛത്തീസ്ഗഢിലെയും ഒഡീഷയിലെയുമൊക്കെ എത്ര ഗ്രാമങ്ങളിലെ പെണ്‍കുട്ടികള്‍/സ്ത്രീകള്‍ ഭരണകൂടത്തിന്റെ പ്രതിപുരുഷന്‍മാരുടെ ആക്രമണത്തിന് വിധേയരായിട്ടുണ്ട്. ഇപ്പോഴും വിധേയരായിക്കൊണ്ടിരിക്കുന്നു. അതില്‍ പുറംലോകമറിഞ്ഞ സംഭവങ്ങള്‍ എത്രയുണ്ടാകും. അങ്ങനെ പുറംലോകമറിഞ്ഞപ്പൊഴെപ്പോഴെങ്കിലും ജനരോഷമുയരുകയുണ്ടായോ?


സൈന്യത്തിന്  പ്രത്യേക അധികാരം നല്‍കുന്ന നിയമം പ്രാബല്യത്തിലിരിക്കുന്ന സ്ഥലങ്ങളില്‍ എത്ര പെണ്‍കുട്ടികള്‍/സ്ത്രീകള്‍ ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്? അതിലേതെങ്കിലുമൊരു കേസില്‍ നിയമപരമായ പരിഹാരമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടോ? പശ്ചിമ ബംഗാളിലെ ലാല്‍ഗഢില്‍ ആദിവാസി സ്ത്രീകളെ പോലീസുകാര്‍ ഉപദ്രവിക്കുമ്പോള്‍ പേരിലെങ്കിലും കമ്മ്യൂണിസം നിലനിര്‍ത്തുന്നവരായിരുന്നു അവിടെ ഭരണത്തില്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമമുള്‍പ്പെടെ പ്രചാരണ വിഷയമാക്കി ഇടതുപക്ഷത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കി, മമതാ ബാനര്‍ജിയെന്ന സ്ത്രീ അധികാരത്തിലേറിയിട്ട് ലാല്‍ഗഢിലെ ആദിവാസികള്‍ക്ക് നീതി ലഭ്യമായോ?


രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ കാര്യമെടുക്കാം. 1984 ഒക്‌ടോബര്‍ 31ന് വൈകിട്ട് മുതലുള്ള മൂന്ന് ദിവസങ്ങള്‍ സിഖുകാര്‍ തിങ്ങിപ്പാര്‍ത്തിരുന്ന ഇടങ്ങളില്‍ അരങ്ങേറിയത് കൂട്ടക്കുരുതിയാണ്. ഭരണകൂടത്തിന്റെ എല്ലാ കൈവഴികളും നിസ്സഹായരായി നിന്ന് അക്രമികള്‍ക്ക് സഹായം ചെയ്തപ്പോള്‍ നിരവധി പേര്‍ മരിച്ചു വീണു. അന്ന് കൊടിയ ലൈംഗിക അതിക്രമത്തിന് ഇരയാക്കപ്പെട്ട സ്ത്രീകളെയും പെണ്‍കുട്ടികളെയും കുറിച്ച് എപ്പോഴെങ്കിലുമോര്‍ത്തിട്ടുണ്ടോ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമെന്ന് ഊറ്റം കൊള്ളുന്ന ഈ രാജ്യം. അവരില്‍ ചിലരെങ്കിലും   നൃശംസതയുടെ പൊള്ളിക്കുന്ന ഓര്‍മകളുമായി ഇപ്പോഴും ജീവിക്കുന്നുണ്ടാകണം. അതിലേതെങ്കിലുമൊരാള്‍ക്ക് നീതി ഉറപ്പാക്കാന്‍ നമുക്ക് സാധിച്ചോ? അത്തരമൊരു ഭരണ സംവിധാനത്തിന് കീഴില്‍, അത്രത്തോളം തന്നെ ജാഗ്രതയില്ലാത്ത ജനതതിയുടെ സാന്നിധ്യത്തില്‍ അക്രമങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ അത്ഭുതമുണ്ടോ?


1980കളുടെ അവസാനത്തില്‍ രാമക്ഷേത്ര നിര്‍മാണമെന്ന മുദ്രാവാക്യമുയര്‍ത്തി എല്‍ കെ അഡ്വാനി നടത്തിയ രഥയാത്രയുടെ പാര്‍ശ്വങ്ങളില്‍ ഉപദ്രവമേറ്റുവാങ്ങേണ്ടിവന്നവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമായിരുന്നു. 1992ന്റെ അവസാനത്തിലും 1993ന്റെ ആദ്യത്തിലും മുംബൈയില്‍ അക്രമികള്‍ തേര്‍വാഴ്ച നടത്തിയപ്പോഴും സ്ത്രീകളും കുട്ടികളും ഇരകളായിട്ടുണ്ടാകുമെന്നുറപ്പ്. അതിന്റെ ആസൂത്രകരിലൊരാളായ ബാല്‍ താക്കറെയെ മരണശേഷം ദിവ്യനായി ഉയര്‍ത്തുന്ന ഒരു ജനസമൂഹം നീതിക്ക് സമാന്തരമായി സഞ്ചരിക്കുന്നവരല്ല. അത്തരം സമൂഹത്തില്‍ ഡല്‍ഹികള്‍ ആവര്‍ത്തിക്കപ്പെടുകയല്ലാതെ മറ്റൊന്നും സംഭവിക്കില്ല.


2002ല്‍ ഗുജറാത്തിലെ തെരുവിലേക്ക് പാഞ്ഞിറങ്ങിയ ഹിന്ദുത്വ വര്‍ഗീയ വാദികളുടെ ഇരകളിലും സ്ത്രീകളും പെണ്‍കുട്ടികളും കുറവായിരുന്നില്ല. കൂട്ട ബലാത്സംഗങ്ങള്‍ക്ക് പുറമെ ഗര്‍ഭിണിയെ വയറു പിളര്‍ന്ന് കൊല്ലുക വരെയുള്ള കേട്ടുകേള്‍വിയില്ലാത്ത ക്രൂരതകള്‍ക്ക് ഗുജറാത്ത് സാക്ഷിയായി. അതിന്റെ ഉത്തരവാദികളില്‍ എത്രപേര്‍ ശിക്ഷിക്കപ്പെട്ടു? അക്രമം ആസൂത്രണം ചെയ്തവര്‍, അതിന് അരു നിന്നവര്‍ ഒക്കെ സ്വതന്ത്രരും സുരക്ഷിതരുമായി തുടരുമ്പോള്‍ നിയമ ഭേദഗതികള്‍ രോഷം തണുപ്പിക്കാനുള്ള കേവലോപാധികള്‍ മാത്രമാണ്. വംശഹത്യക്ക്, (1984ലും 2002ലും നടന്നത് വംശഹത്യയാണ്. സ്ത്രീകളെയും കുട്ടികളെയും പ്രത്യേകം ലക്ഷ്യമിടുക എന്നത് വംശഹത്യാ ശ്രമങ്ങളുടെ പ്രത്യേകതയാണ്) നേതൃത്വം നല്‍കിയവര്‍ അധികാരത്തില്‍ തുടരുകയോ അവിടെ സ്വാധീനം ചെലുത്തി നിയമത്തിന്റെ  മാര്‍ഗത്തെ തടയുകയോ ചെയ്തതാണ് ചരിത്രം. നിയമ നിര്‍മാണ സഭകളിലേക്കും അധികാര സ്ഥാനങ്ങളിലേക്കും നിരന്തരം തിരഞ്ഞെടുക്കപ്പെടുന്നത്, തങ്ങളുടെ നിരപരാധിത്വത്തിന് തെളിവായി അവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.


ഇത്തരം നീതികേടുകളുടെ മുകളില്‍ കയറിയിരുന്നാണ് നാം പുരോഗതിയെക്കുറിച്ചും ഉയര്‍ന്ന് വരുന്ന സാമ്പത്തിക ശക്തിയെക്കുറിച്ചും സംസാരിക്കുന്നത്. യഥാര്‍ഥ പുരോഗതി എന്താണെന്നതിനെക്കുറിച്ചുള്ള വിചിന്തനത്തെക്കുറിച്ച് കൂടി ഇത്തരം സംഭവങ്ങളും പ്രതിഷേധങ്ങളും വഴി തെളിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഡല്‍ഹിയിലെ യുവജനക്കൂട്ടം സൂചനകള്‍ നല്‍കുന്നുവെന്ന് പറഞ്ഞത്. സാമ്പത്തിക പുരോഗതിക്കൊപ്പം സാമൂഹിക പുരോഗതി കൂടി കൈവരിക്കേണ്ടതുണ്ട്. സാമൂഹിക പുരോഗതി വേണമെങ്കില്‍ ജനങ്ങളെ വിദ്യാസമ്പന്നരും സഹജീവികളെ സ്‌നേഹിക്കുന്നവരുമാക്കി വളര്‍ത്തിക്കൊണ്ടുവരണം. അതിന് നേതൃത്വം നല്‍കുക എന്നത് കൂടി രാഷ്ട്രീയ സംവിധാനങ്ങളുടെ ചുമതലയാണ്. അതില്‍ നിന്ന് മാറി, അധികാരം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയും ലക്ഷ്യം നേടുന്നതിന് ഏതി ഹീനമാര്‍ഗം അവലംബിക്കുകയും ചെയ്യുമ്പോള്‍ ഏത് ക്രൂരതക്കും മടിയില്ലാത്ത ഒരു ജനതയാണ് ബാക്കിയാകുക.


ജാതി ചിന്തക്കും അയിത്തത്തിനുമെതിരെ സമരം ചെയ്തിട്ടുണ്ട് പണ്ട്, നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍. എല്ലാവര്‍ക്കും വിദ്യാഭ്യാസമുറപ്പാക്കാനും ശ്രമിച്ചിരുന്നു പുതിയ കാലത്തിന്റെ സാമൂഹിക വെല്ലുവിളികള്‍ ഏറ്റെടുത്ത് എന്തെങ്കിലും ചെയ്യുന്നുണ്ടോ നമ്മുടെ പാര്‍ട്ടികള്‍ എന്നത് ആലോചിക്കണം. ജനങ്ങളുടെ മനസ്സില്‍ പുതിയ വെളിച്ചമെത്തിക്കാന്‍ അവര്‍ക്കാകുന്നുണ്ടോ എന്നതും ആലോചിക്കണം. ഇല്ലെന്നതിന്റെ പ്രത്യക്ഷമായ തെളിവുകളാണ് ഇത്തരം അക്രമങ്ങള്‍. അതിന്റെ തുടര്‍ച്ചയായുണ്ടായ നേതൃത്വത്തമില്ലാത്ത പ്രതിഷേധങ്ങളും. വധശിക്ഷ വിധിക്കാന്‍ വ്യവസ്ഥ ചെയ്തത് കൊണ്ട് മാത്രം ഈ സ്ഥിതിയില്‍ മാറ്റമുണ്ടാകില്ല. അതുകൊണ്ട് യുവാക്കളുടെ പ്രതിഷേധങ്ങളെ തുടക്കത്തില്‍ സ്വാഗതം ചെയ്യേണ്ടിവരും. നീതികേടുകളെ സംരക്ഷിച്ച് നിര്‍ത്തിയ (ഭരണ, പ്രതിപക്ഷ) രാഷ്ട്രീയ സംവിധാനങ്ങള്‍ സൂചനകള്‍ കണ്ട് പഠിക്കുമെന്ന് പ്രതീക്ഷിക്കാം.