2013-01-07

ശശി പറയുന്നതിലും കാര്യമുണ്ട്


കൂട്ട 'മാനഭംഗ'ക്കാരുടെ ശ്രദ്ധക്ക്
ദിനേന 20 രൂപ വരുമാനമില്ലാത്തവര്‍ രാജ്യ ജനസംഖ്യയുടെ അമ്പത് ശതമാനമാണോ എണ്‍പത് ശതമാനമാണോ എന്ന തര്‍ക്കം നടക്കുന്നതിനിടെ 50,000 രൂപ ദിവസ വാടകയുള്ള ഹോട്ടല്‍ മുറിയില്‍ അമ്പത് ദിവസം തുടര്‍ച്ചയായി താമസിക്കാന്‍ മടി കാട്ടാത്തവനാണ് ശശി. ചെലവ് ചുരുക്കണമെന്ന് കേന്ദ്ര ഭരണകൂടം നിര്‍ദേശിച്ചപ്പോള്‍ കന്നുകാലികള്‍ക്കൊപ്പം സഞ്ചരിക്കാന്‍ നിര്‍ബന്ധിക്കുന്ന വിശുദ്ധ പശുക്കളെക്കുറിച്ച് പറഞ്ഞ് ജനങ്ങളെയും സ്വന്തം പാര്‍ട്ടിയുടെ നേതൃത്വത്തെയും ഒരേ സമയം പുച്ഛിക്കാന്‍ മാത്രം അഹന്തയുള്ളവനാണ് ശശി. കേന്ദ്ര മന്ത്രിസഭയിലെ സാന്നിധ്യത്തിന്റെ ബലത്തില്‍, ശരത് പവാര്‍ മുതല്‍ നരേന്ദ്ര മോഡി വരെയുള്ളവരുടെ പാത പിന്തുടര്‍ന്ന്, ക്രിക്കറ്റെന്ന വ്യവസായത്തിലിറങ്ങി നിക്ഷേപം നടത്താതെ ലാഭമെടുക്കാന്‍ തുനിഞ്ഞവനുമാണ് ശശി. അമേരിക്കയോട് വിധേയത്വം പുലര്‍ത്തുന്നവനും ഇസ്‌റാഈല്‍ പക്ഷപാതിയുമാണെന്ന ആരോപണം വേറെ. പഴയ മാടമ്പിക്കുടുംബത്തിലെ (അടുത്തകാലത്ത് സാമൂതിരി കുടുംബത്തിലെ ഇപ്പോഴത്തെ കാരണവരെ കാണാനെത്തിയപ്പോള്‍ അദ്ദേഹം തന്നെ ഓര്‍ത്തെടുത്ത പാരമ്പര്യം) ഇളംതലമുറക്കാരനായ കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ശശി തരൂരിനെക്കുറിച്ചു തന്നെയാണ് പറയുന്നത്.


ഏറ്റവുമൊടുവില്‍ നിയമത്തിന് വ്യക്തിയുടെ പേര് നല്‍കണമെന്ന് നിര്‍ദേശിച്ചപ്പോള്‍ അമേരിക്കയിലെ രീതികളോടുള്ള തന്റെ ആഭിമുഖ്യം ഒരിക്കല്‍ കൂടി അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു. അമേരിക്കയിലങ്ങനെയാണ്, നിയമം, അത് നിര്‍ദേശിക്കുകയോ രൂപകല്‍പ്പന നിര്‍വഹിക്കുകയോ ചെയ്യുന്ന നിയമ നിര്‍മാണ സഭാംഗത്തിന്റെ പേരില്‍ അറിയപ്പെടും. പുതിയൊരു നിയമ നിര്‍മാണത്തിന് പ്രേരക ശക്തിയായ വ്യക്തിയുടെ പേരും നിയമത്തിന് നല്‍കുന്നുണ്ട്. ഇന്ത്യയുമായി സിവിലിയന്‍ ആണവ സഹകരണ കരാറുണ്ടാക്കുന്നതിന് അമേരിക്കന്‍ കോണ്‍ഗ്രസ് പാസ്സാക്കിയ നിയമത്തിന്റെ പേര് ഹൈഡ് ആക്ട് എന്നാണ്. ഹെന്റി ജെ ഹൈഡ് എന്ന അമേരിക്കന്‍ ജനപ്രതിനിധിസഭാംഗത്തിന്റെ നാമത്തില്‍ അനശ്വരമായ നിയമം.


ഡല്‍ഹിയില്‍ വൈദ്യശാസ്ത്ര വിദ്യാര്‍ഥിനിയുടെ നേര്‍ക്കുണ്ടായ ക്രൂരമായ ആക്രമണമുയര്‍ത്തിവിട്ട രോഷം തണുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ സ്ത്രീകളുടെ നേര്‍ക്കുള്ള അതിക്രമം തടയുന്നതിന് നിയമ ഭേദഗതി കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചത്. ഭേദഗതി ചെയ്യപ്പെടുന്ന നിയമത്തിന്, ആക്രമണത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ പേര് നല്‍കണമെന്നാണ് ശശി തരൂരിന്റെ ആവശ്യം. നിയമം പരിഷ്‌കരിച്ചതു കൊണ്ടോ ശിക്ഷ കടുപ്പമാക്കിയതു കൊണ്ടോ ഇത്തരം ആക്രമണങ്ങള്‍ നിയന്ത്രിക്കാനാകുമോ എന്നത് തര്‍ക്കമുള്ള സംഗതിയാണ്. നടപ്പാക്കുന്നതിനല്ല, പഴുതുകള്‍ ഫലപ്രദമായി ചൂഷണം ചെയ്തും സമ്പത്തും സ്വാധീനവും ഉപയോഗിച്ചും ലംഘിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ യൂനിയനില്‍ നിയമനിര്‍മാണം നടക്കുന്നത് എന്നത് പരിഗണിക്കുമ്പോള്‍ പുതിയ ഭേദഗതി ഏട്ടിലെ പശുവാകുമെന്ന് ഉറപ്പ്. രാഷ്ട്ര നിര്‍മാണത്തിലും സമൂഹത്തിന്റെ പുരോഗമനോന്മുഖമായ മാറ്റത്തിലും നിര്‍ണായക പങ്ക് വഹിച്ച നേതാക്കളുടെ പേര് റോഡുകള്‍ക്കും വിവിധ പദ്ധതികള്‍ക്കുമൊക്കെ നല്‍കുന്ന പതിവ് ഇവിടെയുണ്ട്. മഹാത്മാക്കളുടെ സംഭാവനകള്‍ നിരന്തരം ഓര്‍മപ്പെടുത്തി, ആ പാതയിലൂടെ ചരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. എന്താണ് സംഭവിക്കുന്നത് എന്നതിന് ഡല്‍ഹിയിലെ തെരുവില്‍ പൊലിഞ്ഞ പെണ്‍കുട്ടിയുടെ ജീവന്‍ തന്നെ തെളിവ്.


നിയമത്തിന്റെ പേരിടല്‍ കര്‍മത്തിന് സ്വീകരിക്കാവുന്ന രീതി നിര്‍ദേശിച്ചപ്പോള്‍, മറ്റൊന്നു കൂടി ശശി തരൂര്‍ ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹിയിലെ പെണ്‍കുട്ടിയുടെ പേര് പരസ്യപ്പെടുത്തണമെന്ന്. ആറ് 'പുരുഷന്‍'മാര്‍ ലൈംഗികമായി കൈയേറ്റം ചെയ്തിരുന്നു ആ പെണ്‍കുട്ടിയെ. അതി ക്രൂരമായ ഭേദ്യത്തിന് ഇരയാക്കുകയും ചെയ്തു. എന്നിട്ടാണ് ബസ്സില്‍ നിന്ന് പുറത്തേക്ക് എറിഞ്ഞത്. ആ കുട്ടിയുടെ പേര് പുറത്ത് പറയണമെന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്. പേര് വെളിപ്പെടുത്തി, തിരിച്ചറിയാവുന്ന വിവരങ്ങള്‍ നല്‍കി മരിച്ചുപോയ കുട്ടിയെയും അവരുടെ കുടുംബാംഗങ്ങളെയും വീണ്ടും അപമാനിക്കണമെന്നോ മന്ത്രിയുടെ ഹിതമെന്ന് ചോദ്യങ്ങള്‍. നമ്മുടെ പൊതുബോധവും അതിനൊപ്പിച്ചു തുള്ളുന്ന രാഷ്ട്രീയ സംവിധാനങ്ങളും ഈ ചോദ്യങ്ങള്‍ ആവര്‍ത്തിക്കും. ശശി തരൂരിലെ മനുഷ്യത്വരാഹിത്യത്തെക്കുറിച്ച് ചര്‍ച്ചയും ചെയ്‌തേക്കും. കാരണം ഡല്‍ഹിയിലെ പെണ്‍കുട്ടി നമ്മളെ സംബന്ധിച്ച് മാനം ഭഞ്ജിക്കപ്പെട്ട പെണ്‍കുട്ടിയാണ് - മാധ്യമങ്ങളെ കടമെടുത്താല്‍ കൂട്ട മാനഭംഗത്തിന് ഇരയായ പെണ്‍കുട്ടി.


ലൈംഗികമായ അതിക്രമങ്ങള്‍ക്കും കൈയേറ്റങ്ങള്‍ക്കും ഇരയാകുന്ന സ്ത്രീകളും പെണ്‍കുട്ടികളുമൊക്കെ ഇത്തരക്കാരാണ് - മാനം നഷ്ടപ്പെട്ടവര്‍. അഭിമാനം നഷ്ടപ്പെട്ട ഇത്തരക്കാര്‍ക്ക് സമൂഹ മധ്യത്തില്‍ തലയുയര്‍ത്തി നടക്കാനാകില്ല. അതുകൊണ്ടു തന്നെ അവരെ തിരിച്ചറിയുന്ന വിവരങ്ങളൊന്നും പുറത്തു പറയുന്നത് അഭികാമ്യമല്ല. ഇത് നിയമപ്രകാരം നിശ്ചയിച്ചിട്ടുണ്ട് ഇന്ത്യന്‍ യൂനിയനില്‍..


ഡല്‍ഹിയിലെ അതിക്രമത്തില്‍ ആരുടെ മാനമാണ് യഥാര്‍ഥത്തില്‍ നഷ്ടമായത്. സര്‍വാധികാരങ്ങളുടെയും കേന്ദ്രമായ തലസ്ഥാന നഗരിയില്‍ വ്യക്തികള്‍ക്ക് ഭയം കൂടാതെ സഞ്ചരിക്കാന്‍ കഴിയുന്ന സാഹചര്യമില്ലെങ്കില്‍ മാനമില്ലാതാകുന്നത് ഭരണകൂടത്തിനാണ്. അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിക്കും നേതാക്കള്‍ക്കുമാണ്. പെണ്‍കുട്ടിയെ ആക്രമിച്ച് കീഴ്‌പ്പെടുത്തി, ലൈംഗികാവശ്യം നിറവേറ്റണമെന്ന മാനസികാവസ്ഥയിലേക്ക്, അത്തരമൊരു ആക്രമണത്തിലൂടെ തന്റെ ലൈംഗികാവശ്യം നിറവേറ്റപ്പെടുമെന്ന തെറ്റിദ്ധാരണയിലേക്ക് ജനതയിലൊരു വിഭാഗത്തെ വളര്‍ത്തിക്കൊണ്ടുവന്ന സംവിധാനങ്ങളുടെ മാനമാണ് നഷ്ടപ്പെടുന്നത്. അക്രമികളായ 'പുരുഷന്‍'മാരുടെ മാനം കൂടിയാണ് ഭഞ്ജിക്കപ്പെടുന്നത്. എന്നിട്ടും നമ്മളെ സംബന്ധിച്ച് 'കൂട്ട മാനഭംഗം' സംഭവിക്കുന്നത് ആ പെണ്‍കുട്ടിക്കാണ്.


അജ്ഞാതയാക്കി നിര്‍ത്തി അവളെയും കുടുംബത്തെയും കൂടുതല്‍ മാനഹാനിയില്‍ നിന്ന് സംരക്ഷിക്കാനുള്ള ബാധ്യത നാം ഏറ്റെടുക്കുകയും ചെയ്യുന്നു. ജീവന്‍ സംരക്ഷിക്കാന്‍ കഴിയാത്ത സമൂഹവും ഭരണ സംവിധാനവും മാനത്തിന് കൂടുതല്‍ ഹാനി സംഭവിക്കാതിരിക്കാന്‍ വ്യഗ്രത കാട്ടുന്നു!! ഇവിടെയാണ് ആ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തണമെന്നു ശശി തരൂരിന്റെ ആവശ്യം പ്രസക്തമാകുന്നത്.


'എന്റെ മകനെ നിങ്ങളെന്തിന് മഴയത്ത് നിര്‍ത്തിയിരിക്കുന്നു' എന്ന് ഹൃദയദ്രവീകരണ ശക്തിയോടെ ചോദിച്ച ഒരു പിതാവിനെ നമുക്കറിയാം. മകന്‍ മരിച്ചോ ജീവിച്ചോ എന്ന് പറഞ്ഞുതരണമെന്ന് അപേക്ഷിച്ച് അധികാര സ്ഥാനങ്ങളുടെയും ന്യായാസനങ്ങളുടെയും മുന്നില്‍ കയറിയിറങ്ങിയ ഈച്ചര വാര്യരെ. അടിയന്തരാവസ്ഥക്കാലത്ത് പോലീസിന്റെ കൊടിയ പീഡനത്തിന് ഇരയായ രാജന്റെ മൃതദേഹം എന്ത് ചെയ്തുവെന്ന  ആ പിതാവിന്റെ ചോദ്യത്തിന് ഉത്തരമുണ്ടായില്ല. അങ്ങനെ പല മുദ്രകള്‍ കുത്തിയ ശേഷം മഴയത്ത് നിര്‍ത്തിയിരിക്കുന്ന നിരവധി പേരെക്കുറിച്ചുള്ള ചോദ്യങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇപ്പോഴുമുയരുന്നുണ്ട്. പഞ്ചാബ്, കാശ്മീര്‍, മണിപ്പൂര്‍, ഗുജറാത്ത് എന്നിങ്ങനെ പല ദേശങ്ങളില്‍ നിന്ന്. ഇത്ര വര്‍ഷങ്ങള്‍ക്ക് ശേഷവും മുദ്രകള്‍ മായാത്തതിനാല്‍ അകറ്റി നിര്‍ത്തപ്പെട്ടിരിക്കുകയാണ് അവരില്‍ പലരും. എന്തിന് മഴയത്ത് നിര്‍ത്തിയിരിക്കുന്നുവെന്ന ചോദ്യമുന്നയിക്കുന്ന ബന്ധുമിത്രാദികളും അകറ്റി നിര്‍ത്തപ്പെടുന്നു.


ഇവിടെ ആ പെണ്‍കുട്ടിയെ അജ്ഞാതയാക്കി നിര്‍ത്തുമ്പോള്‍ മാനാഭിമാനങ്ങളെ സംബന്ധിച്ച പരമ്പരാഗത ശീലങ്ങളെ അരക്കിട്ടുറപ്പിച്ച് അവളെയും അവളുടെ കുടുംബാംഗങ്ങളെയും അകറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത്. ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച എല്ലാ കേസുകളിലും ഇത് തന്നെ സംഭവിക്കുന്നു. അതുകൊണ്ടു കൂടിയാണ് ഇരകളെ നിരന്തരം ഭീഷണിപ്പെടുത്താന്‍ കുറ്റാരോപിതര്‍ക്കും പ്രതികള്‍ക്കുമൊക്കെ സാധിക്കുന്നത്. രാജ്യം രോഷാകുലമായിരുന്ന ദിവസങ്ങളിലൊന്നില്‍ (2012 ഡിസംബര്‍ 31) ഹരിയാനയിലെ ജിന്ദില്‍ നിന്നുള്ള വാര്‍ത്ത (ഹിന്ദു ദിനപ്പത്രത്തില്‍) ഉദാഹരണമാണ്. മൂന്ന് ഗുണ്ടകളുടെ ലൈംഗിക അതിക്രമത്തിന് ഇരയായതിനെത്തുടര്‍ന്ന് തീക്കൊളുത്തി മരിച്ച 16 വയസ്സുള്ള ദളിത് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ആരോപണ വിധേയരുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്നതാണ് വാര്‍ത്ത. 16 വയസ്സുള്ള ഈ ദളിത് പെണ്‍കുട്ടി, നമ്മുടെ പൊതു വ്യവഹാരത്തില്‍ കൂട്ട മാനഭംഗത്തിന് ഇരയായവളാണ്. മാനം നഷ്ടപ്പെട്ട പെണ്‍കുട്ടിയും അവളുടെ കുടുംബവും എന്ന ചിത്രീകരണം സൃഷ്ടിക്കുന്ന അകറ്റിനിര്‍ത്തല്‍ തന്നെയാണ് ഈ ഭീഷണിപ്പെടുത്തലിന്റെ കാരണങ്ങളിലൊന്ന്.


ഈ മനോഭാവത്തില്‍ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് കൂടിയാണ് പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തണമെന്ന് ശശി തരൂര്‍ ആവശ്യപ്പെടുമ്പോള്‍ മനസ്സിലാക്കേണ്ടത്. മനോരമാ ദേവിയെ പിടിച്ചു കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കി കൊന്ന പട്ടാളക്കാര്‍ക്ക് മുന്നില്‍ 'ഞങ്ങളെ ബലാത്സംഗം ചെയ്യൂ' എന്ന ബാനറുമായി നഗ്നരായി പ്രകടനം നടത്തിയ സ്ത്രീകള്‍ പറഞ്ഞതും ഇത് തന്നെയാണ് - മാനം നഷ്ടപ്പെടുന്നത് പട്ടാളക്കാരുടെയും പട്ടാളത്തിന്റെയും രാജ്യത്തിന്റെയുമാണെന്ന ലളിതമായ വസ്തുത. നമുക്ക് പക്ഷേ, അത് മനസ്സിലായില്ല, മനസ്സിലായെങ്കില്‍ തന്നെ ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. അതുകൊണ്ടാണ് പെണ്‍കുട്ടികളും സ്ത്രീകളും മാനഭംഗത്തിന്റെയും കൂട്ടമാനഭംഗത്തിന്റെയും ഇരകളാകുന്നത്. അവര്‍ സമൂഹത്തിന്റെയും ജീവിതത്തിന്റെയും പുറമ്പോക്കിലേക്ക് നീക്കി നിര്‍ത്തപ്പെടുന്നത്. ഇരയായ പെണ്‍കുട്ടിയുടെ പേര് നിയമത്തിന് നല്‍കിയത് കൊണ്ട് പ്രത്യേകിച്ച് മാറ്റമൊന്നും സംഭവിക്കാനില്ല. പക്ഷേ, ആ പെണ്‍കുട്ടിയുടെ പേര് സധൈര്യം പുറത്തു പറയാന്‍ രാജ്യം തയ്യാറാകേണ്ടതുണ്ട്. അവളെ ആക്രമിച്ച് ജീവനെടുത്തവരാണ് സമൂഹത്തിന് മുന്നില്‍ മാനമില്ലാതായവരെന്ന് തുറന്നു സമ്മതിക്കേണ്ടതുമുണ്ട്. അത്തരമൊരു അവസ്ഥയുണ്ടെങ്കില്‍ മാത്രമേ നീതിക്ക് വേണ്ടി പരസ്യമായി രംഗത്തുവരാനുള്ള കരുത്ത് എല്ലാവര്‍ക്കുമുണ്ടാകൂ. പറഞ്ഞത് ശശി തരൂരാണെങ്കില്‍ക്കൂടി, ആ വാക്കുകളുടെ യഥാര്‍ഥ സത്ത മനസ്സിലാക്കേണ്ടതുണ്ട്. അത് മനസ്സിലാക്കാന്‍ തയ്യാറാകാത്തതുകൊണ്ടാണ് തരൂരിന്റെത് വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് പാര്‍ട്ടി കൈയൊഴിയുന്നത്.


മുദ്രകുത്തി മഴയത്ത് നിര്‍ത്തപ്പെട്ടവര്‍, മാനം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് അജ്ഞാതരാക്കി നിര്‍ത്തപ്പെട്ടവര്‍ അങ്ങനെ പട്ടികകളുടെ എണ്ണം വര്‍ധിക്കുന്തോറും നീതി നിഷേധത്തിന്റെ വലിയ ചരിത്രത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ ശക്തമാകും. ശേഷിക്കുന്ന വിശ്വാസ്യത കൂടി ഇല്ലാതാകുകയും ചെയ്യും. കൂട്ട മാനഭംഗമെന്ന പ്രചാരണം അവസാനിപ്പിക്കാന്‍ മാധ്യമങ്ങളെങ്കിലും തയ്യാറാകണം. സ്വന്തം ശരീരത്തിലും ജീവിതത്തിലുമുള്ള വിശ്വാസം അല്‍പ്പമെങ്കിലും നിലനിര്‍ത്താന്‍ ഒരുപക്ഷേ, അത് സഹായിച്ചേക്കും.