2013-05-03

എന്തിന്റെ രക്തസാക്ഷി?



അഴിമതി ആരോപണങ്ങള്‍, ആ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തെ അട്ടിറിക്കാന്‍ ശ്രമിച്ചെന്ന ആക്ഷേപങ്ങള്‍, അത്തരം ശ്രമങ്ങളില്‍ പ്രധാനമന്ത്രിക്ക് വരെ പങ്കുണ്ടെന്ന കുറ്റപ്പെടുത്തല്‍ - വലിയ പ്രതിസന്ധി തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. തൃണമൂലും ഡി എം കെയും മുന്നണി വിട്ടതോടെ ന്യൂനപക്ഷമായ മന്ത്രിസഭക്ക് നിലനില്‍ക്കണമെങ്കില്‍ സമാജ്‌വാദി പാര്‍ട്ടിയുടെയും ബി എസ് പിയുടെയും പുറത്തു നിന്നുള്ള പിന്തുണ വേണം. ധനകാര്യബില്‍ പാസ്സാക്കുന്നത് പോലെ ദൈനംദിന ഭരണ നടപടിക്രമങ്ങള്‍ക്കാവശ്യമായ നിയമ നിര്‍മാണത്തിന് ഈ പാര്‍ട്ടികളുടെ മാത്രമല്ല, പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടി പിന്തുണ വേണം. ഇത്തരമൊരു സാഹചര്യത്തിലേക്കാണ് സരബ്ജിത് സിംഗിന്റെ മരണ വാര്‍ത്തയെത്തുന്നത്. ശത്രു രാജ്യത്ത് ജയിലില്‍ കഴിഞ്ഞിരുന്ന ഹിന്ദുസ്ഥാനിയുടെ ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം ഒന്നും ചെയ്തില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണമെത്തുന്നത്. സരബ്ജിത് രാജ്യത്തിന്റെ ധീരപുത്രനെന്ന് പ്രഖ്യാപിക്കുകയല്ലാതെ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ മറ്റു മാര്‍ഗമില്ല തന്നെ. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുമെന്ന് പഞ്ചാബിലെ അകാലി - ബി ജെ പി സഖ്യ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതും ഉയര്‍ന്നു വരാനിടയുള്ള പൊതുജന വികാരം കണക്കിലെടുത്ത് തന്നെയാണ്.

പാക്കിസ്ഥാനില്‍ ലാഹോറിലെ ജയിലില്‍ കഴിഞ്ഞിരുന്ന സരബ്ജിത് സിംഗ് സഹതടവുകാരുടെ മര്‍ദനമേറ്റാണ് മരിച്ചത്. ജയിലില്‍ തടവുകാരന്‍ മര്‍ദനമേറ്റ് മരിക്കുന്നത് അപൂര്‍വ സംഭവമല്ല. അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍, കൂട്ട ബലാത്സംഗക്കേസിലെ ആരോപണവിധേയനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് അടുത്തിടെയാണ്. കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന ആരോപണം നിലനില്‍ക്കുന്നു. ഇതേ കേസില്‍ ആരോപണവിധേയനായ മറ്റൊരാളിന് സഹതടവുകാരുടെ മര്‍ദനമേറ്റതും വാര്‍ത്തയായിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളിലും ഇത്തരം സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. സരബ്ജിത് ആക്രമിക്കപ്പെട്ടത് പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുമ്പോഴാണ് എന്ന വ്യത്യാസമേയുള്ളൂ. ആ വ്യത്യാസമാണ് സംഭവത്തിന്റെ മാനം വലിയ തോതില്‍ വര്‍ധിപ്പിക്കുന്നത്.

സരബ്ജിതിനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്നും സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തണമെന്നും പാക്കിസ്ഥാനെതിരെ രാജ്യത്തെ രാഷ്ട്രീയ സംവിധാനങ്ങളെല്ലാം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും സഹോദരി ദല്‍ബീര്‍ കൗര്‍ ആവശ്യപ്പെടുന്നതും അതുകൊണ്ടാണ്.
ഇരുപത് വര്‍ഷത്തിലേറെയായി പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്ന സരബ്ജിതിനെ മോചിപ്പിക്കാനായി നിരന്തരം യത്‌നിക്കുകയായിരുന്നു കുടുംബാംഗങ്ങള്‍. പാക്കിസ്ഥാനിലെ കോടതി വിധിച്ച വധശിക്ഷ ഏത് നിമിഷവും നടപ്പാക്കപ്പെട്ടേക്കാമെന്ന ഭീതിയില്‍ കഴിയുകയായിരുന്നു അവര്‍. അതൊഴിവായിക്കിട്ടുന്നതിന് പാക്കിസ്ഥാനു മേല്‍ സമ്മര്‍ദം ചെലുത്താന്‍ ഇന്ത്യയിലെ ഭരണ സംവിധാനത്തോട് നിരന്തരം അപേക്ഷിക്കുകയുമായിരുന്നു. ഇതിനിടെ സഹതടവുകാരുടെ മര്‍ദനത്താല്‍ സരബ്ജിതിന് ജീവന്‍ നഷ്ടപ്പെടുമ്പോള്‍ ബന്ധുക്കള്‍ക്ക് അളവില്‍ കവിഞ്ഞ രോഷവും പ്രതിഷേധവുമൊക്കെയുണ്ടാകുക സ്വാഭാവികം. അതവര്‍ പങ്ക്‌വെക്കുകയും ചെയ്യും. രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്നും ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കണമെന്നും ആവശ്യപ്പെടുന്നത് അതിന്റെ ഭാഗമാണ്. പാക്കിസ്ഥാനെതിരെ രാജ്യം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതും അതുകൊണ്ടാണ്.

പക്ഷേ, ഉത്തരവാദിത്വമുള്ള രാഷ്ട്രീയ സംവിധാനങ്ങളും ഭരണ നേതൃത്വവും ഇതേ രീതി പിന്തുടരുന്നത് ആരോഗ്യകരമല്ല. സരബ്ജിതിനെ രാജ്യത്തിന്റെ ധീരപുത്രനെന്ന് പ്രധാനമന്ത്രി വിശേഷിപ്പിക്കുമ്പോഴും ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്താന്‍ പഞ്ചാബിലെ സര്‍ക്കാര്‍ തീരുമാനിക്കുമ്പോഴും ഹിന്ദുസ്ഥാന്‍കാരനെ പാക്കിസ്ഥാന്‍ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ദേശീയവികാരമുണര്‍ത്താനും ഭരണനേതൃത്വം ദയനീയമായി പരാജയപ്പെട്ടെന്ന് സ്ഥാപിച്ചെടുക്കാനും പ്രതിപക്ഷം ശ്രമിക്കുമ്പോഴും ചില അപാകങ്ങളുണ്ട്.


രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യമുന്നയിക്കുന്ന കുടുംബം സരബ്ജിത്, പാക്കിസ്ഥാനില്‍ എത്തിയത് എങ്ങനെ എന്നതില്‍ മുന്‍കാലത്ത് നല്‍കിയ വിശദീകരണം ഇതാണ്. ഇന്ത്യാ - പാക് അതിര്‍ത്തി മേഖലയില്‍ കന്നുകാലി മേയ്ക്കുന്നതിനിടെ അബദ്ധത്തില്‍ അതിര്‍ത്തി കടന്നു പോയി. പിന്നീട് ഇയാളെക്കുറിച്ച് അറിയുന്നത് ലാഹോറിലെ ജയിലില്‍ നിന്ന് കത്ത് ലഭിക്കുമ്പോഴാണ്. ലാഹോറിലും ഫൈസലാബാദിലുമുണ്ടായ സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് പാക്കിസ്ഥാനിലെ കോടതി വധശിക്ഷക്ക് വിധിച്ചുവെന്ന് ആ കത്തിലൂടെ അറിവായി. സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ പ്രവര്‍ത്തിച്ച മന്‍ജിത് സിംഗിനെയാണ് പാക്കിസ്ഥാന്‍ കോടതി വധശിക്ഷക്ക് വിധിച്ചത്. സരബ്ജിതിനെ മന്‍ജിത് സിംഗായി തെറ്റിദ്ധരിക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. രണ്ട് പതിറ്റാണ്ട് നീണ്ട ജയില്‍വാസത്തിനും ഇപ്പോഴുണ്ടായ ദുരന്തത്തിനും കാരണങ്ങളിലൊന്ന് 'അബദ്ധത്തില്‍ സംഭവിച്ച അതിര്‍ത്തി ലംഘന'മാണെന്ന് ബന്ധുക്കളുടെ വിശദീകരണത്തില്‍ നിന്ന് മനസ്സിലാക്കാം.

'അബദ്ധത്തില്‍ സംഭവിക്കുന്ന അതിര്‍ത്തി ലംഘന'ങ്ങള്‍ ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ പുതുതല്ല. സരബ്ജിതിന് മുമ്പും പിമ്പും നിരവധി പേര്‍ ഇത്തരം ലംഘനങ്ങള്‍ നടത്തിയിട്ടുണ്ട്. അവ പരസ്പരം ബോധ്യപ്പെടുത്തി, താന്താങ്ങളുടെ പൗരന്‍മാരെ ഇരു രാജ്യങ്ങളും മോചിപ്പിച്ചിട്ടുമുണ്ട്. സരബ്ജിതിന്റെ കാര്യത്തില്‍ ഇതൊന്നും എന്തുകൊണ്ട് സാധിച്ചില്ല എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് ഭരണകൂടമാണ്. ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനയായ റോ, ആവിഷ്‌കരിച്ച പദ്ധതിയനുസരിച്ച് പാക്കിസ്ഥാനില്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച ഏജന്റാണ് സരബ്ജിതെന്നാണ് പാക് അന്വേഷണ ഏജന്‍സി പറയുന്നത്. അതിന് അവര്‍ നിരത്തിയ തെളിവുകള്‍ അംഗീകരിച്ചാണ് അവിടുത്തെ കോടതി സരബ്ജിതിന് വധശിക്ഷ വിധിച്ചത്.

രഹസ്യാന്വേഷണ സംഘടനയുടെ ഏജന്റായിരുന്നില്ല സരബ്ജിതെന്ന് പാക്കിസ്ഥാനെ ബോധ്യപ്പെടുത്താന്‍  22 വര്‍ഷത്തിനിടെ ഇന്ത്യയിലെ സര്‍ക്കാറുകള്‍ക്ക്, അതില്‍ 1999 മുതല്‍ 2004വരെ അധികാരത്തിലിരുന്ന വാജ്പയ് സര്‍ക്കാറും ഉള്‍പ്പെടും, സാധിച്ചില്ല. ഇപ്പോള്‍, രാജ്യത്തിന്റെ ധീരപുത്രനെന്ന് പ്രധാനമന്ത്രി വിശേഷിപ്പിക്കുകയും പാര്‍ലിമെന്റ് പ്രമേയം പാസ്സാക്കുകയും ചെയ്യുമ്പോള്‍ സരബ്ജിത് ചാരനായിരുന്നുവെന്ന പാക്കിസ്ഥാന്റെ ആരോപണത്തിന് കൂടുതല്‍ ബലം കിട്ടുകയാണ് ചെയ്യുന്നത്.
സരബ്ജിതിന് വേണ്ടി കണ്ണീരൊഴുക്കുകയും പാക് ഭരണകൂടത്തിന്റെ അറിവില്ലാതെ കൊലപാതകം നടക്കില്ലെന്ന് ആവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍, 'ഹിന്ദുസ്ഥാനി'യായ ഒരാള്‍ പാക്കിസ്ഥാനിലെ ജയിലില്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ ഉടലെടുത്തേക്കാവുന്ന വര്‍ഗീയ വികാരത്തെ മുന്നില്‍ കാണുകയാണ് ബി ജെ പി. ഈ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ 1999 മുതല്‍ 2004 വരെ ഭരണം നടന്നപ്പോഴും സരബ്ജിത് ലാഹോര്‍ ജയിലിലായിരുന്നു. നിരപരാധിത്വം പാക് ഭരണകൂടത്തെ ബോധ്യപ്പെടുത്താന്‍ അക്കാലത്ത് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചോ എന്നും എന്തുകൊണ്ടാണ് ആ ശ്രമങ്ങള്‍ ഫലം കാണാതിരുന്നത് എന്നും തുറന്നു പറഞ്ഞതിനു ശേഷം വികാരപ്രകടനം നടത്തുന്നതാകും ഉചിതം.

മുംബൈ ആക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിന്റെയും പാര്‍ലിമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെയും വധശിക്ഷ നടപ്പാക്കിയത് സരബ്ജിതിന്റെ ജീവന് ഭീഷണിയായെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ചില റിപോര്‍ട്ടുകളില്‍ കാണുന്നു. ശിക്ഷ നടപ്പാക്കലില്‍ പ്രകോപിതരായ പാക് ഭരണകൂടമോ ഏതെങ്കിലും ഏജന്‍സികളോ സംഘടനകളോ പക തീര്‍ക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കില്‍ അവിടുത്തെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ വംശജരുടെ മുഴുവന്‍ ജീവന്‍ ഭീഷണിയിലാകേണ്ടതല്ലേ? പക തീര്‍ക്കാന്‍ പാക് ഭരണകൂടമാണ് തീരുമാനിച്ചിരുന്നതെങ്കില്‍, ഇന്ത്യ കാട്ടിക്കൊടുത്ത 'നല്ല മാതൃക' അവരുടെ മുന്നിലുണ്ട് താനും.  സരബ്ജിതിനെ ആരുമറിയാതെ തൂക്കിലേറ്റിയിരുന്നുവെങ്കില്‍, കസബിന്റെയും അഫ്‌സല്‍ ഗുരുവിന്റെയും ശിക്ഷ നടപ്പാക്കിയപ്പോള്‍ ഇന്ത്യയിലുയര്‍ന്ന പ്രതിഷേധമൊന്നും ആ രാജ്യത്ത് ഉയരുമായിരുന്നില്ലല്ലോ?

ഇന്ത്യന്‍ ഭരണകൂടം കാട്ടിക്കൊടുത്ത എളുപ്പ വഴി മുന്നില്‍ നില്‍ക്കെ, സഹതടവുകാരെക്കൊണ്ട് മര്‍ദിച്ച് കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തേണ്ട കാര്യമൊന്നും പാക്കിസ്ഥാന്‍ ഭരണകൂടത്തിനില്ല. അവിടുത്തെ കോടതി ശിക്ഷ വിധിച്ചു, പ്രസിഡന്റ് ദയാഹരജി തള്ളിക്കളഞ്ഞു, പിന്നെക്കൊടുത്ത ഹരജി തള്ളാനുള്ള തീരുമാനമെടുക്കാന്‍ ഇപ്പോഴത്തെ പ്രസിഡന്റിന് അധികം സമയവും വേണ്ട. ഇവിടെ നടത്തിയത് പോലെ, ദയാഹരജി തള്ളലും ശിക്ഷ നടപ്പാക്കാന്‍ വാറണ്ട് പുറപ്പെടുവിക്കലും കഴുമരമൊരുക്കലുമൊക്കെ മണിക്കൂറുകള്‍കൊണ്ട് പൂര്‍ത്തിയാക്കാം അവര്‍ക്കും. അതു ചെയ്തില്ല എന്നത് കൊണ്ടു തന്നെ പാക്കിസ്ഥാന്‍ കുറേക്കൂടി മര്യാദ കാട്ടിയെന്ന് കരുതേണ്ടിവരും.

ജയിലില്‍ വെച്ച് സഹതടവുകാര്‍ സരബ്ജിതിനെ മര്‍ദിച്ചു കൊലപ്പെടുത്തിയത് ദൗര്‍ഭാഗ്യകരം തന്നെയാണ്. ഉത്തരവാദികളായവര്‍ക്കെതിരെ ആ രാജ്യത്തെ ഭരണകൂടം നടപടി സ്വീകരിക്കണം. അതിനു വേണ്ട സമ്മര്‍ദം ചെലുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുകയും വേണം. സരബ്ജിതിന്റെ നിരപരാധിത്വം (അത് ശരിയാണെങ്കില്‍) തെളിയിക്കുന്ന കാര്യത്തില്‍ കാട്ടിയ അലംഭാവം ഇക്കാര്യത്തില്‍ കാട്ടുകയും അരുത്. അതിനുള്ള വിവേകമാണ് കാട്ടേണ്ടത്.

മുംബൈയില്‍ ഭീകരാക്രമണം നടത്തിയവര്‍ പാക് വംശജരാണെന്ന് തെളിയിക്കപ്പെട്ടപ്പോഴും ആ ആക്രമണത്തിന് പിന്നില്‍ പാക് സൈന്യത്തിലെ ഉദ്യോഗസ്ഥര്‍ കൂടി പങ്കെടുത്ത ഗൂഢാലോചന നടന്നുവെന്ന് ആരോപിക്കപ്പെട്ടപ്പോഴും അനന്യസാധാരണമായ വിവേകം കാട്ടിയിരുന്നു ഇന്ത്യയിലെ രാഷ്ട്രീയ സംവിധാനം. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന നിലപാട് സ്വീകരിച്ചു. ഗൂഢാലോചന നടത്തിയവരില്‍ സി ഐ എയുടെ ഇരട്ട ഏജന്റാണെന്ന് സംശയിക്കപ്പെടുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ഉള്‍പ്പെട്ടതാണോ ഇത്തരത്തില്‍ വിവേകപൂര്‍ണമായ നിലപാട് സ്വീകരിക്കാന്‍ പ്രേരകമായത് എന്ന് അറിയില്ല. എന്തായാലും വികാരത്തെ നിയന്ത്രിച്ച് പെരുമാറാന്‍ രാഷ്ട്രീയ നേതൃത്വം സന്നദ്ധത കാട്ടിയിരുന്നു.
ഇവിടെ പക്ഷേ, വികാരം, വിവേകത്തെ മറികടക്കുകയാണ്. 'അബദ്ധത്തില്‍ അതിര്‍ത്തി കടന്നു' പോയ ഒരു വ്യക്തിയാണ് സരബ്ജിത്. പാക്കിസ്ഥാനില്‍ നിന്ന് മോചിപ്പിക്കപ്പെട്ട് തിരിച്ചു വന്നിരുന്നുവെങ്കില്‍ താന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനയുടെ ഏജന്റായിരുന്നുവെന്നും ജയിലില്‍ കിടന്നതിന് നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെടുമായിരുന്നുവെന്ന് ഉറപ്പ്. അതിനെ പിന്തുണച്ച്, ഇപ്പോള്‍ രക്തസാക്ഷിത്വം അവകാശപ്പെടുന്ന ബന്ധുക്കളും എത്തുമായിരുന്നു.

സരബ്ജിതിന്റെ കാര്യത്തില്‍ ഉയരുന്ന ആരോപണങ്ങളും ധീരപുത്ര പ്രഖ്യാപനങ്ങളുമൊക്കെ രാഷ്ട്രീയ നേട്ടങ്ങള്‍ മുന്നില്‍ക്കണ്ട് മാത്രമാണ്. ഏതാനും മാസങ്ങള്‍ക്കപ്പുറത്ത് തിരഞ്ഞെടുപ്പ് നടക്കുകയാണ്. നിലവിലുള്ള തുറുപ്പ് ചീട്ടുകള്‍ക്കൊപ്പം പുതിയൊന്ന് കിട്ടിയതിന്റെ ആവേശമുണ്ട്, ബി ജെ പിക്ക്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാനുമേല്‍ ചുമത്തി, നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിക്കാനാവശ്യപ്പെട്ട് രംഗത്തുവരുമ്പോള്‍, അഴിമതി ആരോപണങ്ങളുടെ കുത്തൊഴുക്കില്‍ നിന്ന് രാജ്യ സ്‌നേഹത്തിന്റെ വികാര തീരത്തേക്ക് ജനങ്ങളെ അടുപ്പിക്കാനാകുമെന്ന് കോണ്‍ഗ്രസും വിചാരിക്കുന്നുണ്ടാകണം.

2 comments:

  1. പാകിസ്ഥാൻ ജയിലിൽ കഴിയുന്ന തടവുകാർ മാത്രമല്ല ഇന്ത്യൻ ജയിലുകളിൽകഴിയുന്ന തടവുകാരും സുരക്ഷിതരല്ല. കാശ്മീർ ജെയിലിൽ കഴിഞ്ഞ ആഴ്ചസംഭവിച്ചത് അതാണ് ചൂണ്ടികാണിക്കുന്നത്.ദേശവികാരം ആവേശിക്കപ്പെടുന്ന സഹതടവുകാർ ഇരുരാജ്യത്തിന്റ് ജയിലുകളിലുമുണ്ട്.സമാധാനവും നീധിനിർവഹണവും ആഗ്രഹിക്കുന്ന ഭരണകൂടങ്ങൾ അതു തിരിച്ചറിയുവാൻ ശ്രമിക്കണം.

    ഇതൊന്നു തിരുത്തണം
    പ്രതിപക്ഷം ശ്രമിക്കുമ്പോഴും ചില “അപാകങ്ങളുണ്ട്“ .

    ReplyDelete
  2. ബ്ലോഗിലേയ്ക്കുള്ള തിരിച്ചുവരവ് ഗംഭീരമായി. നന്ദി.

    ReplyDelete