2013-05-10

വെള്ളത്തിലെഴുതിയ ചാരചിത്രംനദീജല തര്‍ക്കത്തില്‍ തമിഴ്‌നാടിന് അനുകൂലമായി (കേരളത്തിന് എതിരായി എന്ന് വേണം 'ദേശസ്‌നേഹി'കള്‍ വായിക്കാന്‍) വാര്‍ത്തകള്‍ ചമച്ചു, മലയാളത്തിലെ പ്രമുഖ മൂന്ന് പത്രങ്ങളിലെ പത്രപ്രവര്‍ത്തകരെന്ന് സംസ്ഥാന പോലീസിലെ ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തതില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഖേദപ്രകടനം നടത്തി. ഖിന്ന മുഖനായിരുന്നു മുഖ്യമന്ത്രി. വാക്കുകളുടെ ഒഴുക്കിന് സ്വതേയുള്ള കുറവ്, കുറേക്കൂടി കൂടുതലായിരുന്നു. ഖേദപ്രകടനമെന്ന വാക്ക് ഉച്ചരിക്കുന്നതിന് മുമ്പുള്ള ഏ...കാരത്തിന് സാധാരണയുണ്ടാകാറുള്ളതിലുമധികം നീളമുണ്ടായിരുന്നു, ദുഃഖച്ഛവി നിറഞ്ഞതുമായിരുന്നു. മുഖ്യമന്ത്രിക്ക് ഏറെ വേണ്ടപ്പെട്ട (അവര്‍ക്കിങ്ങോട്ടും അങ്ങനെ തന്നെ) ഏറ്റവും വലിയ പത്രത്തിന്റെതുള്‍പ്പെടെ മൂന്ന് പ്രമുഖരായ പത്രപ്രവര്‍ത്തകര്‍ക്കെതിരെ, താന്‍ മുഖ്യമന്ത്രിയായിരിക്കെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായതിലുള്ള അസഹ്യമായ വേദന പ്രകടമായിരുന്നു. തീര്‍ത്തും ആത്മാര്‍ഥമായിരുന്നു ഖേദപ്രകടനമെന്നത് വ്യക്തമാകാന്‍ ഇതിലപ്പുറമൊന്നും വേണ്ടതില്ല.


മുല്ലപ്പെരിയാര്‍, പറമ്പിക്കുളം - ആളിയാര്‍, ശിരുവാണി, കാവേരി എന്ന് തുടങ്ങി തമിഴ്‌നാടും കേരളവും ഉള്‍ക്കൊള്ളുന്ന അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങളെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറെടുക്കുന്ന തീരുമാനങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ മലയാളിയായ ഒരു ഉദ്യോഗസ്ഥനെ തമിഴ്‌നാട് തിരുവനന്തപുരത്ത് നിയോഗിച്ചുവെന്നും ഇദ്ദേഹം സെക്രട്ടേറിയറ്റില്‍ കയറിയിറങ്ങി വിവരങ്ങള്‍ ശേഖരിച്ചുവെന്നുമായിരുന്നു ആദ്യം വന്ന വാര്‍ത്ത. തമിഴ്‌നാടെന്ന 'ശത്രു രാജ്യം' നടത്തുന്ന ഗുരുതരമായ 'ചാര വൃത്തി' എന്ന തോതില്‍ ഇത് വ്യവഹരിക്കപ്പെട്ടു. മലയാളിയായ ഉദ്യോഗസ്ഥന്റെ ചിത്രവും അദ്ദേഹം തിരുവനന്തപുരത്ത് താമസിക്കുന്ന വലിയ വീടിന്റെ ദൃശ്യങ്ങളുമായി ചാനലുകള്‍ രംഗത്തുവന്നു. നദീജല തര്‍ക്കങ്ങളില്‍ കേരള സര്‍ക്കാറെടുക്കുന്ന 'രഹസ്യ' തീരുമാനങ്ങള്‍ അപ്പപ്പോള്‍ ചോര്‍ത്തിയെടുക്കാന്‍ ദീര്‍ഘകാലമായി ഈ ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് നിയോഗിച്ചിരിക്കയാണ് തമിഴ്‌നാട്. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുമായി ഏറെ അടുപ്പം സ്ഥാപിച്ചിരിക്കുന്നു ഇദ്ദേഹം.


കേരളത്തിന്റെ തീരുമാനങ്ങള്‍ അപ്പപ്പോള്‍ മനസ്സിലാക്കി, തമിഴ്‌നാടിനെ അറിയിക്കുകയും അവര്‍ അതിനനുസരിച്ച് തര്‍ക്കം സംബന്ധിച്ച കോടതി വ്യവഹാരങ്ങളില്‍ നിലപാടെടുക്കുകയും ചെയ്യുന്നു. അങ്ങനെയാണ് കേസുകളില്‍ അനുകൂല വിധി സമ്പാദിക്കാന്‍ തമിഴ്‌നാടിന് സാധിക്കുന്നത്. അങ്ങനെ നിരവധി വ്യാഖ്യാനങ്ങളുമുണ്ടായി. വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്ക് തമിഴ്‌നാട്ടില്‍ നിന്ന് ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കുന്നുമുണ്ട് ഈ ഉദ്യോഗസ്ഥനെന്ന് ആക്ഷേപവുമുണ്ടായി. എന്തിന് ചില മന്ത്രിമാര്‍ക്ക് വരെ ഇദ്ദേഹവുമായി ബന്ധമുണ്ടെന്ന് അഭ്യൂഹമുയര്‍ന്നു. തനിക്കങ്ങനെ ബന്ധമില്ലെന്ന വിശദീകരണവുമായി ഒരു മന്ത്രി സ്വമേധയാ രംഗത്തുവരികയും ചെയ്തു.


കാര്യങ്ങള്‍ ഇത്രയുമായതിന് ശേഷമാണ് തമിഴ്‌നാടിന് അനുകൂലമായി വാര്‍ത്തകള്‍ ചമക്കുന്ന പത്രപ്രവര്‍ത്തകര്‍ മൂന്ന് പ്രമുഖ പത്രങ്ങളിലുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ പരാമര്‍ശം പുറത്തുവരുന്നത്. 'ചാരനാ'യ മലയാളി ഉദ്യോഗസ്ഥന്റെ കറുപ്പിലും വെളുപ്പിലുമുള്ള ചിത്രത്തില്‍ അല്‍പ്പം നിറം ചേര്‍ത്ത്, ദേശദ്രോഹിയെ പരിചയപ്പെടുത്തുകയും അയാള്‍ താമസിക്കുന്ന വലിയ വീടിന്റെ ദൃശ്യങ്ങള്‍ തങ്ങള്‍ക്ക് മാത്രം കിട്ടിയതെന്ന് അവകാശപ്പെട്ട് അവതരിപ്പിക്കുകയും ചെയ്ത ചാനലിന്റെ മുതലാളി സ്ഥാനത്തുള്ള പത്രത്തിന്റെ പ്രവര്‍ത്തകന്‍ കൂടി ആരോപണവിധേയനായി. അതോടെ കൊട്ടിഘോഷിക്കപ്പെട്ട ചാരക്കഥ സ്‌ക്രീനില്‍ നിന്നും പത്രത്താളുകളില്‍ നിന്നും അപ്രത്യക്ഷമായി. ചാരപ്പണിക്കാരനുമായി പത്രപ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ പരാമര്‍ശത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി എന്നീ പത്രങ്ങള്‍ രംഗത്തുവന്നു. ഏതെങ്കിലുമൊരു പത്രപ്രവര്‍ത്തകന്‍ തിരുവനന്തപുരത്തു നിന്ന് എഴുതി വിടുന്ന വാര്‍ത്ത അതേപടി പ്രസിദ്ധീകരിക്കുന്ന പത്രങ്ങളല്ല ഇവയൊന്നും. അത് പരിശോധിച്ച്, വസ്തുനിഷ്ഠമെന്ന് ഉറപ്പാക്കി പ്രസിദ്ധീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ സുസജ്ജമായ സംവിധാനങ്ങളുള്ളവയാണ്. എന്നിട്ടും ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് എന്ന് വന്നാല്‍, അത് കേവലം റിപ്പോര്‍ട്ട് ചെയ്തയാളുടെ മാത്രം ഉത്തരവാദിത്വമാകില്ല, മറിച്ച് പത്രത്തിന്റെ തന്നെ ഉത്തരവാദിത്വമാകുമെന്ന് ബോധ്യമുള്ളതിനാലും അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തങ്ങള്‍ അവകാശപ്പെടുന്ന വിശ്വാസ്യതക്ക് കളങ്കമാകുമെന്നും തിരിച്ചറിഞ്ഞാണ് പത്രം നടത്തിപ്പുകാര്‍ അന്വേഷണം ആവശ്യപ്പെട്ട് ഉടന്‍ രംഗത്തുവന്നത്.


രഹസ്യങ്ങള്‍ ചോര്‍ത്താന്‍ സെക്രട്ടേറിയറ്റില്‍ ചാരനുണ്ടെന്ന് ആരോപിക്കുന്ന വാര്‍ത്ത പുറത്തുവന്നയുടന്‍ അതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിന് നിര്‍ദേശം നല്‍കിയോ, അന്വേഷണം തുടങ്ങിയോ എന്നൊന്നും വ്യക്തമാക്കിയിരുന്നില്ല. ആരും അത് അന്വേഷിച്ചുമില്ല. ചാരനെക്കുറിച്ചുള്ള വാര്‍ത്ത ആഘോഷിച്ചവര്‍, മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ പരാമര്‍ശം പുറത്തുവന്നതോടെ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം എന്തായി എന്ന് അന്വേഷിക്കാന്‍ മെനക്കെട്ടതുമില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ പരാമര്‍ശം അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ദിവസങ്ങള്‍ക്കകം തന്നെ അന്വേഷണം പൂര്‍ത്തിയാക്കി അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. അനിതരസാധാരണമായ കാര്യക്ഷമത.


ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ മാധ്യമ പ്രവര്‍ത്തകരാരും പ്രവര്‍ത്തിച്ചിട്ടില്ലെന്ന, സാമാന്യ ബുദ്ധിയുള്ളവരൊക്കെ പ്രതീക്ഷിച്ച, നിഗമനത്തില്‍ തന്നെ എത്തി ചീഫ് സെക്രട്ടറി. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ മന്ത്രിസഭക്ക് മുമ്പാകെ വന്നു. മന്ത്രിസഭ ഏകകണ്ഠമായി (അങ്ങനെയല്ലാതെ വരില്ല) റിപ്പോര്‍ട്ട് അംഗീകരിച്ചു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെങ്കിലും സംഭവിച്ചു പോയ തെറ്റിന്റെ ഗൗരവം മനസ്സിലാക്കി മുഖ്യമന്ത്രി തന്നെ ഖേദപ്രകടനം നടത്തണമെന്ന് നിശ്ചയിച്ചു. അതനുസരിച്ചാണ് ഖേദത്തിന്റെ ആഴം പരമാവധി വ്യക്തമാക്കിക്കൊണ്ട് ഉമ്മന്‍ ചാണ്ടി സംസാരിച്ചത്.


ചീഫ് സെക്രട്ടറി മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ പരാമര്‍ശം മാത്രമല്ല അന്വേഷിച്ചത്. ആകെയന്വേഷിച്ചു. സെക്രട്ടേറിയറ്റില്‍ നിന്ന് രേഖകളൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് കണ്ടെത്തി. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരാരും തെറ്റ് ചെയ്തിട്ടില്ല എന്നും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന ചീഫ് സെക്രട്ടറിയുടെ കണ്ടെത്തല്‍ അംഗീകരിക്കുകയാണെങ്കില്‍ രേഖകളൊന്നും ചോര്‍ന്നിട്ടില്ലെന്നും ഉദ്യോഗസ്ഥരാരും തെറ്റ്  ചെയ്തിട്ടില്ല എന്നുമുള്ള കണ്ടെത്തല്‍ കൂടി അംഗീകരിക്കേണ്ടിവരും. അങ്ങനെയാണെങ്കില്‍ തമിഴ്‌നാട് സര്‍ക്കാര്‍ തിരുവനന്തപുരത്തേക്ക് നിയോഗിച്ച മലയാളി ഉദ്യോഗസ്ഥനെ രേഖകള്‍ ചോര്‍ത്തുന്നയാളായി ചിത്രീകരിച്ചത് തെറ്റായിപ്പോയെന്ന് സമ്മതിക്കേണ്ടിവരും. കേരളത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തി, മലയാളികളില്‍ വലിയൊരു വിഭാഗത്തെ ബുദ്ധിമുട്ടിലാക്കാന്‍ പാകത്തില്‍ തമിഴ്‌നാട് സര്‍ക്കാറിനെ സഹായിക്കുന്നയാളെന്ന അപകീര്‍ത്തി ആ ഉദ്യോഗസ്ഥന് സമ്മാനിച്ചതില്‍ ഖേദം പ്രകടിപ്പിക്കണം. അതുണ്ടാകുമോ?


പരസ്യ, രഹസ്യ അന്വേഷണങ്ങളില്‍ ശാസ്ത്രീയ പരിശീലനം നേടിയ പോലീസൂകാരടങ്ങുന്ന (അങ്ങനെയാണ് ഭരണകൂടം അവകാശപ്പെടുന്നത്) ഇന്റലിജന്‍സ് വിഭാഗം, കൂലംകഷമായി അന്വേഷിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് ഏതാനും ദിവസങ്ങള്‍ കൊണ്ട് ചീഫ് സെക്രട്ടറിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. ഇങ്ങനെയാണോ സംസ്ഥാന പോലീസിലെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ കാര്യക്ഷമത എന്ന് വ്യക്തമാക്കേണ്ട ബാധ്യതയുണ്ട്, ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. മന്ത്രിസഭയുടെ തലവനെന്ന നിലക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും. ഇന്റലിജന്‍സിന്റെ വിവിധ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ദിനേനയെന്നോണം വാര്‍ത്തകള്‍ വരുന്നുണ്ട്. അതൊക്കെ വസ്തുതകളുടെ പിന്‍ബലമില്ലാതെ പാകം ചെയ്‌തെടുക്കുന്നതാണോ എന്ന് കൂടി പറഞ്ഞുതരേണ്ടതുമുണ്ട്. പാകം ചെയ്‌തെടുക്കുന്നവ സുലഭമാണെന്നതിന് മുന്‍ കാലങ്ങളില്‍ തെളിവുകള്‍ ധാരാളമുണ്ടായിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഇത്ര പരസ്യമായി സമ്മതിക്കുന്നത്, കോടതി ഭാഷയില്‍ പറഞ്ഞാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. മുന്‍കാല സംഭവങ്ങളില്‍ റിപ്പോര്‍ട്ടുകളുടെ ഇരകളായവര്‍ ഒരു ചീഫ് സെക്രട്ടറി തല അന്വേഷണത്തിന് പ്രേരിപ്പിക്കാന്‍ ത്രാണിയില്ലാത്തവരായതുകൊണ്ട് ഇരകളായി തുടര്‍ന്നുവെന്ന് മാത്രം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റസമ്മതത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു ഇന്റലിജന്‍സ് സംവിധാനം നിലനിര്‍ത്തേണ്ടതുണ്ടോ എന്നത് കൂടി സര്‍ക്കാര്‍ ആലോചിക്കണം. പൂര്‍ണമായും തെറ്റായ വിവരങ്ങളാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടെന്ന പേരില്‍ സമര്‍പ്പിച്ചതെങ്കില്‍ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണം.


ഇനി അന്തര്‍സംസ്ഥാന നദീജല കരാറുകളുടെ കാര്യത്തില്‍ എന്ത് രഹസ്യമാണ് ചോര്‍ത്താനുള്ളത് എന്ന് ആലോചിക്കുന്നത് കൂടി നന്നാകും. മുല്ലപ്പെരിയാര്‍, പറമ്പിക്കുളം - ആളിയാര്‍, ശിരുവാണി എന്ന് തുടങ്ങി വിവിധ നദീജല കരാറുകളെക്കുറിച്ചുള്ള ഏതാണ്ടെല്ലാ രേഖകളും പരസ്യമാണ്. ഇത് സംബന്ധിച്ച കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാനിടയുള്ള നിലപാടുകളെ സംബന്ധിച്ച വിവരങ്ങള്‍ മനസ്സിലാക്കാന്‍ പ്രത്യേകിച്ച് രേഖ ചോര്‍ത്തലൊന്നും ആവശ്യമില്ല. അത്ര ലാഘവബുദ്ധിയോടെയാണ് നമ്മുടെ സര്‍ക്കാറുകള്‍ ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നതിന്, കാലാവധി കഴിഞ്ഞ കരാറുകളും അത് പുതുക്കുന്നതില്‍ കാട്ടിയ അലംഭാവവും മാത്രം മതി തെളിവായി. അതേസമയം, ഇത്തരം കരാറുകളുടെ അടിസ്ഥാനത്തില്‍ തങ്ങള്‍ക്ക് അര്‍ഹമായതും അതിലധികവും നേടിയെടുക്കാന്‍ എക്കാലവും തമിഴ്‌നാട് ശ്രദ്ധിച്ചിട്ടുണ്ട്.  തമിഴ് ജനതക്ക് വെള്ളത്തിന്റെ ആവശ്യമുണ്ടെന്നും ലഭിക്കുന്ന വെള്ളം ഉദ്ദിഷ്ട ഫലം ഉളവാക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ സര്‍ക്കാറും അവിടുത്തെ ജനങ്ങളും ജാഗ്രത കാട്ടും. കോടതി മുമ്പാകെയുള്ള കേസുകളില്‍ സ്വന്തം ഭാഗം സമര്‍ഥമായി അവതരിപ്പിക്കാന്‍ ഗൃഹപാഠം ചെയ്യും, വിദഗ്ധരുടെ അഭിപ്രായം സ്വീകരിച്ച് അതിനനുസരിച്ച് കരുനീക്കം നടത്തുകയും ചെയ്യും.


ഇവിടെ നടക്കുന്നതോ? അതറിയണമെങ്കില്‍ പറമ്പിക്കുളം - ആളിയാര്‍ കരാറനുസരിച്ച് കേരളത്തിന് വെള്ളം ലഭ്യമാക്കുന്നതിന് തമിഴ്‌നാട് മന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം ജല വിഭവ മന്ത്രിയും ആ വകുപ്പിന്റെ സെക്രട്ടറിയും വാര്‍ത്താ സമ്മേളനത്തിന് മുമ്പ് നടത്തിയ രഹസ്യ ഭാഷണം ഓര്‍ത്താല്‍ മതി. പറമ്പിക്കുളം - ആളിയാര്‍ കരാറനുസരിച്ച് കേരളത്തിന് ലഭിക്കേണ്ടത് എത്രയാണെന്ന് മന്ത്രി ചോദിക്കുന്നു. കണക്ക് പറയാന്‍ തുടങ്ങിയ സെക്രട്ടറി, പൊടുന്നനെ നിര്‍ത്തിയ ശേഷം അതിവിടെ പറയേണ്ട, കോയമ്പത്തൂരിലെ വെള്ളക്ഷാമവും കേരളം നേരിടുന്ന വരള്‍ച്ചയും കണക്കിലെടുത്ത് ഈ അളവില്‍ വെള്ളം പരസ്പരം വിട്ടുനല്‍കാന്‍ തീരുമാനിച്ചുവെന്ന് പറഞ്ഞാല്‍ മതിയെന്ന് ഉപദേശിക്കുന്നു. സുപ്രധാനമായ ചര്‍ച്ചയില്‍ പങ്കെടുത്ത് ഇറങ്ങിയിട്ടും കരാറനുസരിച്ച് കേരളത്തിന് കിട്ടേണ്ടത് എത്ര വെള്ളമാണെന്ന് അറിയില്ല! എത്ര വെള്ളം കിട്ടണമെന്നത് ജനങ്ങള്‍ അറിയാതിരിക്കുന്നതാണ് നല്ലതെന്ന് സെക്രട്ടറി ഉപദേശിക്കുന്നു. കാലവധി കഴിഞ്ഞ കരാറനുസരിച്ച് എത്ര വെള്ളമാണ് കിട്ടേണ്ടത് എന്ന് മാലോകര്‍ക്കാര്‍ക്കും അറിയില്ലെന്നാണ് ഭരണ യന്ത്രം തിരിക്കുന്നവര്‍ കരുതുന്നത്. അത്തരം 'രഹസ്യ'ങ്ങള്‍, തമിഴ്‌നാട് ചാര പ്രവര്‍ത്തനത്തിനായി നിയോഗിച്ച ഉദ്യോഗസ്ഥന്‍ ചോര്‍ത്തിയിട്ടുണ്ടാകുമെന്ന് ഉറപ്പ്. ആ ചാരനെ തുറന്ന് കാട്ടുക തന്നെ വേണം.