2013-09-15

ഈ ബലൂണിന്റെ ആഘാതമെന്ത്?


പാര്‍ട്ടിയുടെ ആഭ്യന്തര സമവാക്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ സട കൊഴിഞ്ഞുകഴിഞ്ഞ എല്‍ കെ അഡ്വാനിയെ തള്ളിക്കളഞ്ഞ്, തൃശൂലത്തിന്റെ മൂര്‍ച്ചയുള്ള സടയുമായി നില്‍ക്കുന്ന നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ ബി ജെ പി തീരുമാനിച്ചു. ബി ജെ പിയുടെ സ്ഥാനാര്‍ഥിയെന്നതിനേക്കാള്‍, രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ സ്ഥാനാര്‍ഥിയെന്ന് പറയുന്നതാകും കൂടുതല്‍ ശരി. ആര്‍ എസ് എസ് നേതൃത്വം മാസങ്ങളായി നടത്തിവന്ന ആശയവിനിമയ പ്രക്രിയയുടെ ഫലമായാണ് മോഡിയെ ബി ജെ പിയുടെ കുന്തമുനയായി നിര്‍ത്താന്‍ സാധിച്ചത്. അപ്പോള്‍ പോലും അഡ്വാനിയുടെ എതിര്‍പ്പ്, അഡ്വാനിയോട് വിശ്വസ്തത പുലര്‍ത്തുന്ന നേതാക്കളുടെ അതൃപ്തി എന്നിവയൊക്കെ നിലനില്‍ക്കുകയും ചെയ്യുന്നു.
മോഡി പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാകുന്നതോടെ ദേശീയ രാഷ്ട്രീയത്തില്‍ തത്കാലം ഒന്നും സംഭവിക്കാനില്ല. കാരണം അതൊരു പ്രതീക്ഷിച്ച വാര്‍ത്ത മാത്രമായിരുന്നു. ആരാണ് നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന ബി ജെ പിയുടെ ചോദ്യത്തോട് കോണ്‍ഗ്രസിന് പ്രതികരിക്കേണ്ടിവരുമെന്നത് മാത്രമാണ് പുതുമയായുണ്ടാകുക. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെയെങ്കിലും ഉയര്‍ത്തിക്കാട്ടിയല്ല, യു പി എ സര്‍ക്കാറിന്റെ 'ജനപ്രിയ' പരിപാടികളുടെ പേരിലാകും തങ്ങള്‍ ജനങ്ങളെ അഭിമുഖീകരിക്കുക എന്ന് കോണ്‍ഗ്രസ് മറുപടി പറഞ്ഞുകൊള്ളും. നരേന്ദ്ര മോഡിയെന്ന, ഏകാധിപത്യസ്വഭാവം നിലനിര്‍ത്തുന്ന വര്‍ഗീയവാദിയെ കുറച്ച് കൂടി തുറന്നു കാട്ടാന്‍ വൈകിയ വേളയില്‍ കോണ്‍ഗ്രസ് തയ്യാറാകുകയും ചെയ്‌തേക്കാം.


മോഡി മൂലം ബി ജെ പിക്കുള്ള നഷ്ടം നേരത്തെ സംഭവിച്ചു കഴിഞ്ഞു. ഗോവയിലെ സമ്മേളന വേദിയില്‍ മോഡിയെ മുഖ്യ പ്രചാരകനാക്കാന്‍ തീരുമാനെടുത്തപ്പോള്‍, എന്‍ ഡി എയില്‍ നിന്ന് പുറത്തുകടക്കാന്‍ ജനതാദള്‍ (യുനൈറ്റഡ്) തീരുമാനിച്ചതാണ് ആ നഷ്ടം. ശിവസേനയോ ശിരോമണി അകാലിദളോ ഹരിയാന വികാസ് പാര്‍ട്ടിയോ ബി ജെ പി മുന്നില്‍ നിര്‍ത്തുന്നയാളെ അംഗീകരിച്ചു മുന്നോട്ടുപോകുമെന്നത് നേരത്തെ തന്നെ വ്യക്തമായിരുന്നു. പുതിയ ഘടകകക്ഷികളെ ലഭിക്കുക എന്ന സാധ്യത ബി ജെ പിക്ക് മുന്നില്‍ മോഡി വന്നതിന് ശേഷവും അതിന് മുമ്പും ഒന്ന് തന്നെയാണ്. നരേന്ദ്ര മോഡിയുമായി സുഹൃദ് ബന്ധം നിലനിര്‍ത്തുന്ന എ ഐ എ ഡി എം കെയാണ് അന്നും ഇന്നും പ്രതീക്ഷിക്കാവുന്ന ഘടക കക്ഷി. മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ്, ബി ജെ പിയുമായി സഖ്യത്തിന് തയ്യാറാകില്ല. സഖ്യം പുനഃസ്ഥാപിക്കാന്‍ ഒഡിഷയില്‍ നവീന്‍ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളും തയ്യാറാകില്ല. തെലങ്കാന സംസ്ഥാന രൂപവത്കരണവുമായി മുന്നോട്ടുപോകുന്നതോടെ തെലുങ്കാന രാഷ്ട്ര സമിതി, കോണ്‍ഗ്രസില്‍ ലയിക്കുകയോ അതിന്റെ സഖ്യകക്ഷിയാകുകയോ ചെയ്യും.  മോഡിയുമായുള്ളത് സുഹൃദ് ബന്ധമാണ്, അത് ബി ജെ പിയുമായുള്ള സഖ്യത്തിലേക്ക് വളരില്ല എന്ന ഇപ്പോഴത്തെ അഭിപ്രായം ജയലളിത തുടര്‍ന്നാല്‍ തമിഴ്‌നാട്ടിലും ഗുണകോഷ്ഠം പൂജ്യമായി തുടരും. ദക്ഷിണേന്ത്യയില്‍ കര്‍ണാടകമൊഴിച്ചാല്‍ മറ്റൊരുരിടത്തും ബി ജെ പി പച്ചതൊടില്ല എന്നര്‍ഥം.


വടക്കോട്ട് നീങ്ങിയാല്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തിസ്ഗഢ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് അവര്‍ക്ക് സാധ്യതയുള്ള സ്ഥലങ്ങള്‍. ഗുജറാത്തില്‍ തുലോം പരുങ്ങലിലായ കോണ്‍ഗ്രസിനെ നാമാവശേഷമാക്കാന്‍ നരേന്ദ്ര   മോഡിയുടെ സാന്നിധ്യം സഹായിച്ചേക്കും. മധ്യപ്രദേശിലും ഛത്തിസ്ഗഢിലും രാജസ്ഥാനിലും മോഡി എത്തുന്നതിന് മുമ്പും പിമ്പും സ്ഥിതി ഒന്നുതന്നെയാണ്. ഉത്തര്‍ പ്രദേശ് മാത്രമാണ് പരീക്ഷണഭൂമിയായി നിലകൊള്ളുന്നത്. ആ ഭൂമിയില്‍ രണ്ടാം വിളക്ക് വിത്തിറക്കിക്കൊണ്ടിരിക്കുകയാണ് മോഡിയുടെ ഉറ്റ അനുയായി അമിത് ഷാ. അയോധ്യയിലേക്കുള്ള പരിക്രമ യാത്രകളില്‍ (അമിത് ഷാ ഒറ്റക്ക് നടത്തിയതും വി എച്ച് പി കൂട്ടായി നടത്താന്‍ ശ്രമിച്ചതും) തുടങ്ങി മുസഫര്‍ നഗറിലെ ചോരക്കളിയില്‍ എത്തി നില്‍ക്കുന്നു വിത്തിറക്കല്‍.
മുസഫര്‍ നഗറില്‍ സംഘര്‍ഷമുടലെടുത്തതിന് കാരണമുണ്ട്. ഒരു സമുദായത്തിലെ പെണ്‍കുട്ടിയെ മറ്റൊരു സമുദായത്തിലെ യുവാക്കള്‍ കളിയാക്കിയത്, അത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലും കൊലപാതകവും ഒക്കെ. സാധാരണ നിലക്ക് ഒരു ഭരണകൂടം ചെയ്യേണ്ടതൊക്കെയാണ് ഉത്തര്‍ പ്രദേശിലെ അഖിലേഷ് യാദവ് സര്‍ക്കാര്‍ ചെയ്യുന്നത് എങ്കിലും സ്വന്തം വോട്ട് ബേങ്കിനെ തൃപ്തിപ്പെടുത്താന്‍ നടത്തിയ അതിരുവിട്ട പ്രചാരണം ഭൂരിപക്ഷ സമുദായത്തിലുണ്ടാക്കിയ അതൃപ്തിയും സംഘര്‍ഷത്തിന് കാരണമായിട്ടുണ്ടാകാം.


പക്ഷേ, അമ്പതിലധികം പേരുടെ ജീവനെടുത്ത, കലാപമായി അത് വളര്‍ത്തിയതിന് പിന്നില്‍ സംഘ്പരിവാര്‍ നേതാക്കളുടെ പങ്ക് കാണാതിരുന്നുകൂടാ. രാജ്യത്താകെ അടുത്തിടെയുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ഭൂരിഭാഗത്തിനും തുടക്കമിട്ടത് പെണ്‍കുട്ടികളെ ശല്യം ചെയ്തതോ പെണ്‍കുട്ടികളെ ശല്യം ചെയ്തുവെന്ന പരാതിയോ ആണ്. ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കി മതം മാറ്റിക്കുന്ന 'ലൗ ജിഹാദ്' വ്യാപകമായി നടക്കുന്നുവെന്ന സംഘ് പരിവാര്‍ പ്രചാരണത്തെ ഇതുമായി ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. കര്‍ണാടകത്തില്‍ തുടങ്ങുകയും കേരളത്തില്‍ കാറ്റ് പിടിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുകയും ചെയ്ത ഈ പ്രചാരണം മുസഫര്‍ നഗര്‍ സംഭവത്തിനു ശേഷം ഉത്തര്‍ പ്രദേശിലെ വി എച്ച്  പി നേതാക്കള്‍ ഉന്നയിക്കുന്നുമുണ്ട്. നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍, ലോക്‌സഭയിലേക്ക് എണ്‍പത് പ്രതിനിധികളെ സംഭാവന ചെയ്യുന്ന ഉത്തര്‍ പ്രദേശില്‍ വര്‍ഗീയ സംഘര്‍ഷം വളര്‍ത്താനുള്ള കൂടുതല്‍ ശ്രമങ്ങള്‍ സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയേക്കാം. അതാണ് ഇപ്പോള്‍ ബി ജെ പി നടത്തിയ പ്രഖ്യാപനത്തിന്റെ പ്രാധാന്യവും ആഘാതവും. മുസഫര്‍ നഗര്‍ സംഭവത്തോടെ ന്യൂനപക്ഷങ്ങള്‍, സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് അകലുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ധ്രുവീകരണത്തിനുള്ള നീക്കങ്ങള്‍  ശക്തമാക്കാന്‍ പ്രേരകമാകുകയും ചെയ്യും.


ഗുജറാത്ത് വംശഹത്യ, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അവിടെ അരങ്ങേറിയ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ - രണ്ടിലും നിയമത്തിന്റെ മുന്നിലല്ലെങ്കില്‍പ്പോലും നരേന്ദ്ര മോഡി ആരോപണവിധേയനാണ്. മോഡിയും അമിത് ഷായും അടങ്ങുന്ന സര്‍ക്കാറിന്റെ നയങ്ങള്‍ പിന്തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടത്തിയതെന്ന്, ഭൂരിഭാഗം വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലും ആരോപണ വിധേയനായി ജയിലില്‍ കഴിയുന്ന ഡി ജി വന്‍സാര (നിയമവിരുദ്ധമായ നയങ്ങളും നിര്‍ദേശങ്ങളും നടപ്പാക്കേണ്ട ബാധ്യത ഉദ്യോഗസ്ഥര്‍ക്കില്ല) തുറന്നെഴുതുമ്പോള്‍ അത്രയെളുപ്പം കൈകഴുകാന്‍ മോഡിക്ക് സാധിക്കില്ല. വംശഹത്യക്ക് അരു നിന്നുവെന്ന് ആരോപിച്ച് സാകിയ ജഫ്‌രി നല്‍കിയ പരാതിയില്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നു. മോഡിയുടെ പങ്കിന് തെളിവില്ലെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ സമര്‍പ്പിച്ച, അന്വേഷണ റിപ്പോര്‍ട്ടിനെ നിശിതമായി പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന റിപ്പോര്‍ട്ടും മജിസ്‌ട്രേറ്റ് മുമ്പാകെയുണ്ട്. ഇത് പരിഗണിച്ച് മജിസ്‌ട്രേറ്റ് പ്രകടിപ്പിക്കുന്ന ഏത് എതിരഭിപ്രായവും മോഡിയുടെ ഊതിപ്പെരുപ്പിച്ച പ്രതിച്ഛായയെ നശിപ്പിക്കും. അതുകൊണ്ട് കൂടിയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മോഡിയെ നേരത്തെ പ്രഖ്യാപിക്കാന്‍ ആര്‍ എസ് എസ് തിടുക്കം കാട്ടിയത്.


മറ്റൊരു സന്ദേശം കൂടി ഈ പ്രഖ്യാപനം നല്‍കുന്നുണ്ട്. അത് വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ അന്വേഷിക്കുന്ന സി ബി ഐക്കും ഇന്റലിജന്‍സ് ബ്യൂറോക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കുമൊക്കെയാണ്. അഴിമതി ആരോപണങ്ങള്‍, വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി എന്നിവ മൂലം ജനങ്ങളുടെ അതൃപ്തിക്ക് പാത്രമായ യു പി എ സര്‍ക്കാര്‍, ഭക്ഷ്യസുരക്ഷാ നിയമത്തിന്റെയും വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉചിതമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്ന നിയമത്തിന്റെയും ബലത്തില്‍ അധികാരത്തിലേക്ക് തിരിച്ചെത്തില്ലെന്ന് ബി ജെ പിയും സംഘ് പരിവാറും കരുതുന്നു.


ഈ സാഹചര്യത്തില്‍ പരമാധികാരക്കേസരയിലേക്ക് എത്താനിടയുള്ള ഏകാധിപതിയെ വലയ്ക്കും വിധത്തിലുള്ള നീക്കങ്ങള്‍ സി ബി ഐയുടെയോ ഇന്റലിജന്‍സ് ബ്യൂറോയുടെയോ ആഭ്യന്തര വകുപ്പിന്റെയോ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകരുത് എന്ന സന്ദേശം. വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ മോഡിയിലേക്ക് നീളും വിധത്തില്‍ അന്വേഷണം തുടരരുത് എന്ന സന്ദേശം. ഏറ്റുമുട്ടല്‍ കൊലകളില്‍ മുഖ്യ പങ്ക് വഹിച്ചുവെന്ന് കരുതുന്ന ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ രജീന്ദര്‍ കുമാറിനെ സംരക്ഷിച്ച് നിര്‍ത്തണമെന്ന സന്ദേശം. അതിന് തയ്യാറായില്ലെങ്കില്‍ മോഡിയെ എതിര്‍ക്കാന്‍ തയ്യാറായ ഗുജറാത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായ അനുഭവം ആവര്‍ത്തിക്കുമെന്ന സന്ദേശം. രാജ്യത്തെ ഉദ്യോഗസ്ഥ സംവിധാനത്തിലുള്ള വലിയൊരു വിഭാഗം ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കുന്നവരാണ് എന്നത്, തര്‍ക്കമറ്റ സംഗതിയാണ്. അവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകും ഈ സന്ദേശം. ഒരുപക്ഷേ, ഇതാകും ഇപ്പോഴത്തെ പ്രഖ്യാപനത്തിന്റെ ഏറ്റവും വിപല്‍ക്കരമായ ആഘാതം. ഈ സന്ദേശങ്ങളെ മറികടന്ന് എന്തെങ്കിലും നടപടികളുണ്ടായാല്‍ യു പി എ സര്‍ക്കാര്‍ രാഷ്ട്രീയ വൈരം തീര്‍ക്കുകയാണെന്ന പ്രചാരണം നടത്താനുള്ള സൗകര്യവും മുന്‍കൂര്‍ പ്രഖ്യാപനം ബി ജെ പിക്ക് നല്‍കുന്നുണ്ട്.


ഗുജറാത്തില്‍ നിന്നുള്ള ഊതിപ്പെരുപ്പിച്ച വികസന കഥകളോ മാധ്യമങ്ങളെ സമര്‍ഥമായി ഉപയോഗിച്ച് നടത്തുന്ന പ്രചാരണമോ ജനസംഖ്യയില്‍ പകുതിയിലധികം ദാരിദ്ര്യത്തില്‍ തുടരുന്ന ഇന്ത്യന്‍ യൂനിയനില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധ്യതയില്ല. ഇന്ത്യ തിളങ്ങുന്നുവെന്ന് പ്രചരിപ്പിച്ചപ്പോള്‍ അതിനെ ജനം തള്ളിക്കളഞ്ഞതാണ് പതിറ്റാണ്ട് മാത്രം പഴകിയ ചരിത്രം. അദാനി, അംബാനി, ടാറ്റമാരെ ലോഭമില്ലാതെ പിന്തുണക്കുന്ന, അവര്‍ക്കു വേണ്ടി ഏത് ജനതതിയെയും പറിച്ചെറിയാന്‍ മടിയില്ലാത്ത നേതാവാണ് നരേന്ദ്ര മോഡി. അതിന് ഗുജറാത്ത് തന്നെ സാക്ഷ്യം പറയും.


സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ പൊതു സ്വത്ത് മടികൂടാതെ വിറ്റഴിച്ചും (പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുന്നതിന് മാത്രമൊരു മന്ത്രാലയം തുടങ്ങിയത് ദേശീയ വികാരം ത്രസിച്ച് നില്‍ക്കുന്ന വാജ്പയിയും അദ്വാനിയും ഭരിച്ച കാലത്താണ്) വിപണികള്‍ തുറന്നിട്ടും കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നവരാണ് ബി ജെ പി. അതുകൊണ്ടു തന്നെ വര്‍ണക്കടലാസില്‍ പൊതിഞ്ഞുള്ള, പ്രഖ്യാപനങ്ങള്‍ക്ക് കുറുപ്പിന്റെ ഉറപ്പിന്റെ വിലയേയുള്ളൂ. എല്ലാറ്റിനുപരി പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ആദ്യം തീര്‍ക്കേണ്ടതുണ്ട്, മോഡിക്ക്. പ്രധാനമന്ത്രിയാകാനുള്ള അവസാന അവസരം നഷ്ടമാകുന്നതിന്റെ വേദന ഉള്ളിലൊതുക്കുന്ന, മോഡിയുടെ വഴികാട്ടിയും ഹിന്ദുത്വ തീവ്രതയില്‍ കുറവില്ലാത്തയാളുമായ അഡ്വാനിയെ അനുനയിപ്പിക്കുക അത്ര എളുപ്പമാകില്ല തന്നെ. കൂടുതല്‍ തീവ്രത, ആഴത്തിലുള്ള സാമുദായിക ധ്രുവീകരണം എന്നത് തന്നെയാണ് അവിടെയും മോഡിക്കുള്ള മാര്‍ഗം. ആ വലിയ ആശങ്കക്കപ്പുറത്ത് ഇപ്പോഴത്തെ പ്രഖ്യാപനം മാധ്യമങ്ങളില്‍ വലിയ തലക്കെട്ടുകളാകുന്നുവെന്നതല്ലാതെ യാതൊന്നും പ്രദാനം ചെയ്യുന്നില്ല.
ചുരുക്കെഴുത്ത്


ദേശീയ മാധ്യമങ്ങള്‍ക്ക് നരേന്ദ്ര മോഡി ഇപ്പോള്‍ 'നമോ' ആണ്. നമോ എന്ന പ്രയോഗത്തിന് ഹിന്ദു വിശ്വാസങ്ങളുമായി വലിയ ബന്ധമുണ്ട്. അത് മലയാളത്തിലായാലും ഹിന്ദിയിലായാലും. ഓം നമോ എന്ന് തുടങ്ങുന്ന പ്രാര്‍ഥനകള്‍. നമോ എന്ന് നരേന്ദ്ര മോഡിയെ ചുരുക്കിയെഴുതുക എന്നത് സംഘ് പരിവാര്‍ തീരുമാനമാകണം. അതിന് ഹൈന്ദവവിശ്വാസവുമായുള്ള ബന്ധം ഉപയോഗിക്കാനുള്ള തന്ത്രം. അറിഞ്ഞോ അറിയാതെയോ മാധ്യമങ്ങള്‍ അതിന് അരുനില്‍ക്കുകയും ചെയ്യുന്നുവെന്ന് തോന്നുന്നു.

1 comment:

  1. ബി ജെ പിയുടെ സ്ഥാനാര്‍ഥിയെന്നതിനേക്കാള്‍, രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ സ്ഥാനാര്‍ഥിയെന്ന് പറയുന്നതാകും കൂടുതല്‍ ശരി. മരമാർത്ഥം

    ReplyDelete