2013-09-08

ലോഹ്യ കണ്ട പാമ്പുകള്‍ക്ക് വിഷമേറുമ്പോള്‍


'ദിശാബോധമില്ലാത്ത വിദഗ്ധന്‍മാരുടെതാണ് ഇപ്പോഴത്തെ സര്‍ക്കാര്‍.  ഈ വിദഗ്ധന്‍മാര്‍ എന്ത് ശിപാര്‍ശ ചെയ്താലും അത് അന്ധമായി അനുകരിക്കുന്നതാണ് നമ്മുടെ സര്‍ക്കാര്‍.  കൃഷി, വ്യവസായം, ദേശീയ വരുമാനം എന്നീ വിഷയങ്ങളില്‍ നമ്മുടെ മന്ത്രിമാര്‍ക്ക് വേണ്ടത്ര ജ്ഞാനമില്ല.  ബഹുമാനപ്പെട്ട മന്ത്രിമാരോട് ഒരഭ്യര്‍ഥനയുണ്ട്. വിദഗ്ധന്‍മാരുടെ ശിപാര്‍ശകള്‍ അന്ധമായി നടപ്പാക്കരുത്.  മന്ത്രിമാര്‍ ഓരോരുത്തരും തീരുമാനമെടുക്കും മുമ്പ് സ്വന്തം ബുദ്ധിയാണ് ഉപയോഗപ്പെടുത്തേണ്ടത്. ശിപാര്‍ശകള്‍ അവര്‍ പഠിച്ചിരിക്കണം.  എന്നിട്ട് സ്വന്തം തീരുമാനങ്ങള്‍ നടപ്പാക്കുക.  കാരണം, ഈ സ്ഥിതിവിവരക്കണക്കുകാരും സാമ്പത്തിക വിദഗ്ധന്‍മാരും വിഷപ്പാമ്പുകളെപ്പോലെയാണ്.  അവര്‍ പാമ്പാട്ടിയുടെ താളത്തിന് തുള്ളുന്നു.  എന്നാല്‍, നിങ്ങള്‍ക്ക് പാമ്പാട്ടിയുടെ ആ കുഴല്‍ വിളിക്കാന്‍ കഴിയില്ലെങ്കില്‍ അതിന്റെ ഫലം ഭീകരമായിരിക്കും' - ഡോ. രാം മനോഹര്‍ ലോഹ്യ, പാര്‍ലിമെന്റില്‍ നടത്തിയ പ്രസംഗം.


1960കളുടെ തുടക്കത്തിലാണ് ഡോ. രാം മനോഹര്‍ ലോഹ്യ ഈ പരാമര്‍ശങ്ങളടങ്ങിയ പ്രസംഗം പാര്‍ലിമെന്റില്‍ നടത്തുന്നത്. ക്രാന്തദര്‍ശികളായ രാഷ്ട്രീയ നേതാക്കളുടെ നിരീക്ഷണങ്ങളുടെ മൂല്യം എത്രത്തോളമെന്ന് ഇപ്പോഴത്തെ സാമ്പത്തിക, രാഷ്ട്രീയ സാഹചര്യത്തോട് ഈ പരാമര്‍ശത്തെ ചേര്‍ത്തുവെച്ചാല്‍ മനസ്സിലാകും. വിലക്കയറ്റമെന്നത് ആഗോള പ്രതിഭാസമാണെന്നും ഭരണത്തെ നിയന്ത്രിക്കുന്നുവെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് യാതൊന്നും ചെയ്യാനില്ലെന്നും വയലാര്‍ രവിയെപ്പോലൊരു മുതിര്‍ന്ന നേതാവ് പറയുന്നതിന്റെ പൊരുള്‍ ഇതില്‍ നിന്ന് വ്യക്തമാകുകയും ചെയ്യും. വിഷപ്പാമ്പുകളെപ്പോലുള്ള സാമ്പത്തിക വിദഗ്ധര്‍, നേരിട്ടുള്ള കാഴ്ചയില്‍ അരൂപികളായ പാമ്പാട്ടികളുടെ താളത്തിന് തുള്ളുന്നതാണ് ഇന്നത്തെ സ്ഥിതി.  ആ കുഴല്‍ വിളിക്കാന്‍ കഴിവുള്ളവര്‍ പാമ്പാട്ടിമാര്‍ക്കൊപ്പം നിന്ന് കുഴല്‍ വിളിക്കുകയും ചെയ്യുന്നു.  അത്തരമൊരു ഘട്ടത്തില്‍, ജനബന്ധത്താല്‍ ഉയര്‍ന്ന് വരികയും പുതിയ സാഹചര്യത്തില്‍ അതൊരു ബാധ്യതയാണെന്ന് തിരിച്ചറിയുകയും ചെയ്യുന്ന വയലാര്‍ രവിയെപ്പോലുള്ള നേതാക്കള്‍ ഇവ്വിധം മാത്രമേ പ്രതികരിക്കൂ.


പി വി നരസിംഹറാവു പ്രധാനമന്ത്രിയും ഡോ. മന്‍മോഹന്‍ സിംഗ് ധനമന്ത്രിയുമായിരിക്കെ ബംഗളൂരുവില്‍ ചേര്‍ന്ന എ ഐ സി സി സമ്മേളനത്തില്‍ ജനത്തെ മറന്നുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ശരിയല്ലെന്ന് തുറന്നു പറയാന്‍ കാട്ടിയ ധൈര്യം, അധികാരഘടനയുടെ ഭാഗമായി നില്‍ക്കാന്‍ മാത്രം ആഗ്രഹിക്കുന്ന ഇക്കാലത്ത് വയലാര്‍ രവിക്ക് ഉണ്ടാകുക അസാധ്യമാണ്.  അപ്പോള്‍ പിന്നെ വിഷപ്പാമ്പുകളെ, പാമ്പാട്ടികളുടെ താളത്തിന് അനുസരിച്ച് തുള്ളാന്‍ വിടുക തന്നെയാണ് യുക്തമെന്ന് അവര്‍ കരുതും.


റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവര്‍ണറായി രഘുറാം രാജന്‍ ചുമതലയേറ്റതിന് ശേഷമുണ്ടായ സംഭവവികാസങ്ങള്‍, ഡോ. രാം മനോഹര്‍ ലോഹ്യയുടെ പരാമര്‍ശങ്ങളുമായി പൂര്‍ണമായി ചേര്‍ന്നു നില്‍ക്കുന്നതാണ്.  ഇന്ത്യന്‍ രൂപയുടെ മൂല്യം, എല്ലാ തടസ്സങ്ങളെയും മറികടന്ന് താഴേക്ക് പതിക്കുകയും നാണ്യ നയത്തിന് രൂപം നല്‍കുന്ന റിസര്‍വ് ബേങ്കിന്റെ മേധാവിയായിരുന്ന ഡി സുബ്ബ റാവുവിന്റെ തീരുമാനങ്ങള്‍ അതിന് കാരണമായെന്ന് ധനമന്ത്രി പി ചിദംബരം കുറ്റപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് രഘുറാം രാജന്‍ ചുമതലയേറ്റെടുക്കുന്നത്.  അതിന് തൊട്ടുപിറകെ,  പുരപ്പുറം തൂക്കുന്ന പുത്തനച്ചിയായി രഘുറാം രാജന്‍ രൂപാന്തരം പ്രാപിക്കുകയും രൂപയുടെ മൂല്യച്യുതിക്ക് തത്കാലത്തേക്കെങ്കിലും വിരാമമാകുകയും ചെയ്തു.


പരിഷ്‌കാരങ്ങളുടെ വേഗം കൂടും, നിക്ഷേപങ്ങള്‍ക്ക് നിലവിലുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യപ്പെടും, ഊഹ വിപണിയിലെ നിക്ഷേപങ്ങള്‍ക്ക് സ്വതന്ത്ര വിഹാരം സാധ്യമാകും വിധത്തിലുള്ള തീരുമാനങ്ങളുണ്ടാകും തുടങ്ങിയ പ്രഖ്യാപനങ്ങളാണ് രഘുറാം രാജന്‍ നടത്തിയത്. ഇത്തരം പ്രഖ്യാപനങ്ങള്‍ അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ക്കപ്പുറത്ത്, സൂചനകളുടെയും പ്രതീക്ഷകളുടെയും മാത്രം  ചുമലേറി മുന്നേറുന്ന ധനവിപണിയെ ഉണര്‍ത്തുക സ്വാഭാവികം. അതുകൊണ്ടാണ് രൂപയുടെ മൂല്യച്യുതി തത്കാലത്തേക്ക് നിലച്ചത് എന്ന വിലയിരുത്തലുണ്ടായി. ഈ വര്‍ഷാരംഭത്തില്‍ ഡോളറൊന്നിന് 53 രൂപയായിരുന്നത്, 68ലേക്ക് പതിച്ചതിന് ശേഷം 65ലേക്ക് തിരികെ കയറി എന്ന് പറയുന്നത്, എത്രത്തോളമാണ് രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യത്തെ പോഷിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് ആലോചിക്കാതെയാണ് രഘുറാം രാജനെന്ന ധനകാര്യ മാന്ത്രികനെ വാഴ്ത്താന്‍ നിക്ഷേപ സമൂഹം തയ്യാറായത് എന്നതാണ് വസ്തുത.


ഇതിനൊപ്പം, ഗുരുതരമായിത്തുടരുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ചിത്രം മുന്നില്‍വെച്ച് മറ്റ് ചില കാര്യങ്ങള്‍ സര്‍ക്കാറും ചെയ്തു. പതിറ്റാണ്ടോളമായി പരിഗണനയിലിരുന്ന പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ പാസ്സാക്കിയെടുത്തു. നേരത്തെ പ്രഖ്യാപിച്ചതും പലവിധ തടസ്സങ്ങളാല്‍ മുന്നോട്ടുപോകാതിരുന്നതുമായ 1,83,000 കോടി രൂപയുടെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ നടപടികള്‍ സ്വീകരിച്ചു. വ്യവസായ പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിനും അതിന് നഷ്ടപരിഹാരം നല്‍കുന്നതിനും വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബില്‍ പാസ്സാക്കി. പെന്‍ഷന്‍ ബില്‍ പാസ്സാക്കിയതോടെ, രാജ്യത്തെ ലക്ഷക്കണക്കിനാളുകള്‍ പെന്‍ഷന്‍ ലക്ഷ്യമിട്ട് നല്‍കുന്ന വിഹിതം ചേര്‍ന്നുണ്ടാകുന്ന ഫണ്ട്, ഓഹരിയുള്‍പ്പെടെ കമ്പോളങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവാദം ലഭിക്കുകയാണ്.  ഇതിലേക്ക് 26 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം നടത്താനും അനുമതിയുണ്ടാകും. പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപം നടത്തുന്ന വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ അവരുടെ ലാഭമാകും പ്രധാനമായും നോട്ടമിടുക എന്നത് വ്യക്തം. അവയുടെ ലാഭമെടുക്കല്‍ ഫണ്ടിനാകെയുണ്ടാക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് വിധേയമായിരിക്കും ഭാവിയില്‍ പെന്‍ഷന്‍ തുക എന്ന് ചുരുക്കം.


ഭൂമി ഏറ്റെടുക്കലിനും നഷ്ടപരിഹാരത്തിനും പുതിയ വ്യവസ്ഥകളായതോടെ ഒഡിഷയിലെ ജഗത്‌സിംഗ്പൂരിലും നിയാംഗിരിയിലുമൊക്കെ വന്‍കിട കമ്പനികള്‍ നേരിട്ടതു പോലുള്ള പ്രതിസന്ധികള്‍ ഇനിയുണ്ടാകില്ലെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഗ്രാമങ്ങളില്‍ വിപണിവിലയുടെ നാലിരട്ടിയും നഗരങ്ങളില്‍ രണ്ടിരട്ടിയുമെന്ന വാഗ്ദാനം സൃഷ്ടിക്കുന്ന പ്രലോഭനത്തെ അതിജീവിക്കാന്‍, 27 രൂപ കൊണ്ടും 35 രൂപ കൊണ്ടും ഒരു ദിനം കഴിച്ച് കൂട്ടുന്ന ഇന്ത്യന്‍ ദരിദ്രര്‍ക്ക് സാധിക്കില്ലെന്ന കോര്‍പ്പറേറ്റ് മേധാവികളുടെയും വിദഗ്ധരുടെയും പ്രതീക്ഷ അസ്ഥാനത്തല്ല. അതായത് കാര്യങ്ങള്‍ നിക്ഷേപങ്ങള്‍ക്ക് അനുകൂലമായിരിക്കുന്നുവെന്ന തോന്നല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇതൊക്കെ ചേര്‍ന്നാണ് രൂപയെ കൂടുതല്‍ ഇടിവില്‍ നിന്ന് സംരക്ഷിച്ച് നിര്‍ത്തുന്നത് എന്നര്‍ഥം.


ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെ തീര്‍ത്തും ഉള്‍ക്കൊള്ളാതെ, നടപ്പാക്കാന്‍ ആരംഭിക്കുകയും എല്ലാ പരിധികളും ലംഘിച്ച് തുടരുകയും ചെയ്യുന്ന സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ മൂലമുണ്ടായ പരാശ്രിതത്വം തന്നെയാണ് രൂപയുടെ മൂല്യശോഷണമെന്ന ലക്ഷണത്തോടെ പുറത്തുവന്ന  ഗുരുതരമായ സാമ്പത്തിക അനാരോഗ്യത്തിന്റെ സൃഷ്ടിക്ക് പിറകില്‍. ആ ലക്ഷണത്തെ ചികിത്സിച്ച് ഭേദമാക്കാന്‍ നേരത്തെ നിര്‍ദേശിക്കപ്പെട്ടതും പുതിയതുമായ പരിഷ്‌കരണ നടപടികള്‍ കൊണ്ടുവരുമ്പോള്‍ ഒരു സംശയം കൂടി ഉയരുന്നുണ്ട്. ഇവ നടപ്പാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ ദിശാബോധമില്ലാത്ത സാമ്പത്തിക വിദഗ്ധര്‍ ഉണ്ടാക്കിയെടുത്തതാണോ രൂപയുടെ മൂല്യച്യുതി എന്ന സംശയം. നേരത്തെ ഇന്ത്യക്ക് കടമെടുക്കല്‍ ശേഷി കുറഞ്ഞെന്ന് പറഞ്ഞുകൊണ്ട് അന്താരാഷ്ട്ര ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്‌സ് ക്രഡിറ്റ് റേറ്റിംഗ് താഴ്ത്തിയപ്പോള്‍, സാമ്പത്തിക പരിഷ്‌കരണങ്ങളുടെ വേഗം കൂട്ടുക എന്നതാണ് രക്ഷപ്പെടാനുള്ള മാര്‍ഗമെന്ന് അവര്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.


അഴിമതി ആരോപണങ്ങളാല്‍ ചൂഴ്ന്ന് നിന്നിരുന്ന സര്‍ക്കാറിന് അന്ന് യാതൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. അത്തരം ആരോപണങ്ങളുടെ നിഴലില്‍ തന്നെയാണ് സര്‍ക്കാര്‍ ഇപ്പോഴും. അഴിമതിയെക്കുറിച്ചുള്ള അന്വേഷണങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം കൂടി നേരിടുന്ന സ്ഥിതിയുമാണ്. എന്നിട്ടും ലോക്‌സഭയും രാജ്യസഭയും അര്‍ധരാത്രിയോളം സമ്മേളിച്ച് ബില്ലുകള്‍ പാസ്സാക്കിയെടുക്കുന്നു. യു പി എ സര്‍ക്കാറിനെ പുറത്താക്കി അധികാരത്തിലേറാന്‍ വെമ്പുന്ന മുഖ്യ പ്രതിപക്ഷമായ ബി ജെ പി, ഇതിനായി സഹകരിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് കളത്തിലേക്ക് ഇറങ്ങും മുമ്പ് സംഗതികളിലൊക്കെ തീരുമാനമാക്കേണ്ടിയിരിക്കുന്നു രണ്ട് കൂട്ടര്‍ക്കുമെന്ന് ചുരുക്കം.
വിദഗ്ധര്‍ മുന്നോട്ടുവെക്കുന്ന കണക്കുകള്‍, അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ തന്നെ നല്‍കുന്ന ശിപാര്‍ശകള്‍, അത് തൊണ്ട തൊടാതെ വിഴുങ്ങുന്ന മന്തിമാര്‍ - ഈ സാഹചര്യത്തെയാണ് രാം മനോഹര്‍ ലോഹ്യ, 1960കളുടെ തുടക്കത്തില്‍ അഭിസംബോധന ചെയ്തത്.


ഇപ്പോഴത്തെ സാഹചര്യത്തില്‍ വിദഗ്ധര്‍ തന്നെയാണ് മന്ത്രിമാര്‍. അവര്‍ തന്നെയാണ് കണക്കുകള്‍ അവതരിപ്പിച്ച് അതിന്റെ അടിസ്ഥാനത്തില്‍ ശിപാര്‍ശകള്‍ മുന്നോട്ടുവെക്കുന്നതും തീരുമാനങ്ങളെടുത്ത് നടപ്പാക്കുന്നതും. സ്ഥിതിവിവരക്കണക്കുകാരും വിദഗ്ധരും വിഷപ്പാമ്പുകളാണെങ്കില്‍, മന്ത്രിസ്ഥാനം കൈയാളുന്ന സ്ഥിതിവിവരക്കണക്കുകാരും വിദഗ്ധരും വമിപ്പിക്കുന്ന വിഷത്തിന്റെ കാഠിന്യം കൂടുമെന്ന് ഉറപ്പ്. ലോഹ്യ കണ്ട പാമ്പാട്ടികള്‍, ആഭ്യന്തര കുത്തകകളായിരുന്നുവെങ്കില്‍, ഇപ്പോഴത്തെ വിദഗ്ധര്‍ക്ക് (മന്ത്രിമാര്‍ക്ക്) താളമൊരുക്കുന്നത് വിദേശ കുത്തകകളോ അവരുടെ മുതലാളിമാരായ, ആഗോള നിയന്ത്രണം ഏറ്റെടുക്കാന്‍ വെമ്പുന്ന ഭരണകൂടങ്ങളോ ആണ്. ആ താളത്തിനനുസരിച്ച് ആടിക്കൊണ്ടിരിക്കെ തന്നെ, അമേരിക്കയില്‍ നിന്നുള്ള വിവരങ്ങള്‍ക്കനുസരിച്ച് നമ്മുടെ കമ്പോളം ഏന്തുകൊണ്ട് പെരുമാറുന്നുവെന്ന ചോദ്യമുന്നയിച്ച് ജനത്തെ കബളിപ്പിക്കാന്‍ വിഷപ്പാമ്പുകള്‍ക്ക് സാധിക്കുന്നുവെന്ന് മാത്രം.


ഈ വിദഗ്ധരെ കളത്തിനനുസരിച്ച് ആടിക്കാന്‍ പാകത്തില്‍ മകുടിയൂതാന്‍ കഴിയുന്നവര്‍ ഇല്ല എന്നത് കൂടിയാണ് ആഗോള പ്രതിഭാസത്തിന്റെ കണക്കില്‍ എല്ലാം എഴുതിത്തള്ളാന്‍ തയ്യാറാകുന്ന വയലാര്‍ രവിയില്‍ നിന്ന് മനസ്സിലാകുന്നത്.  കൃഷി, വ്യവസായം, ദേശീയ വരുമാനം എന്നിവയെയൊക്കെ പുതിയ സാഹചര്യത്തില്‍ പഠിച്ച് നിഗമനങ്ങളിലെത്താനുള്ള ത്രാണി, അന്നത്തെപ്പോലെ ഇന്നും ഈ നേതാക്കള്‍ക്കില്ല. അതുകൊണ്ട് വിഷപ്പാമ്പുകള്‍ നല്‍കുന്ന സ്ഥിതിവിവരക്കണക്കുകളെയും ശിപാര്‍ശകളെയും വിശ്വസിക്കുകയേ മാര്‍ഗമുള്ളൂ. തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കാതിരിക്കും വിധത്തില്‍ അവയെ വ്യാഖ്യാനിക്കുകയും. അടിസ്ഥാന പ്രശ്‌നങ്ങളെ അവലംബിച്ച് വിധിയെഴുതാന്‍ സാധിക്കാത്ത നിസ്സഹായരായ സമ്മതിദായകക്കൂട്ടമുള്ളപ്പോള്‍, വിഷപ്പാമ്പുകളുടെയും അവരുടെ ആട്ടത്തെ നോക്കിനില്‍ക്കുന്ന നേതൃസമുച്ചയത്തിന്റെയും കബളിപ്പിക്കല്‍ പ്രക്രിയ സുഖകരമായി മുന്നോട്ടുപോകുകയും ചെയ്യും. അവിടെ രഘുറാം രാജനെപ്പോലുള്ള, പാമ്പാട്ടിമാരുടെ പ്രതിനിധികള്‍ വിജയസ്മിതവുമായി നില്‍ക്കുകയും ചെയ്യും.

1 comment:

  1. വയലാർ രവിയെ പോലുള്ള വെറും പൊട്ടൻമാർ ഒരു കാര്യങ്ങളെയും കാര്യമായി പഠിക്കുമെന്നു തോന്നുന്നില്ല സൌദിയിലെയും കുവൈറ്റിലെയും പ്രവാസികളുടെ ദയനിയപ്രശ്നങ്ങൾ പരിഹസിച്ച് തെള്ളികളയാൻ കഴിയുന്ന ശുംഭത്തരം മാറ്റാരും കാണിക്കില്ല

    ReplyDelete