2014-07-14

കൊ.. രാജാവ് തി.. മന്ത്രി


ഐ പി എസ് ഉദ്യോഗസ്ഥനും ഗുജറാത്ത് ക്രൈം ബ്രാഞ്ചിലെ ഡെപ്യൂട്ടി കമ്മീഷനറുമായിരുന്ന അഭയ് ചുദസാമ, വ്യവസായികളെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന സംഘത്തിന്റെ നേതാവായിരുന്നുവെന്നാണ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സി ബി ഐ) കണ്ടെത്തല്‍. ഈ സംഘത്തില്‍ അംഗമായിരുന്ന സുഹ്‌റാബുദ്ദീന്‍ ശൈഖ്, കളം മാറിച്ചവിട്ടുമെന്ന തോന്നലുണ്ടായപ്പോള്‍ അഭയ് ചുദസാമയും ഗുജറാത്ത് പോലീസിലെ മറ്റ് ഏതാനും ഉദ്യോഗസ്ഥരും ചേര്‍ന്നു വെടി വെച്ചുകൊന്നുവെന്ന കേസ് വിചാരണാഘട്ടത്തിലാണ്. ഒരു വ്യവസായ ഗ്രൂപ്പിന്റെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുവന്ന്, ഏറ്റുമുട്ടലെന്ന് തോന്നിപ്പിക്കാവുന്ന സാഹചര്യമൊരുക്കിയാണ് സുഹ്‌റാബുദ്ദീനെ വെടിവെച്ചു കൊന്നത്.


ആന്ധ്രാ പോലീസിന്റെ സഹായത്തോടെ ഹൈദരാബാദില്‍ നിന്ന് ഗുജറാത്ത് പോലീസ് സുഹ്‌റാബുദ്ദീനെ കൂട്ടിക്കൊണ്ടുവരുമ്പോള്‍ സാക്ഷിയായിരുന്നു ഭാര്യ കൗസര്‍ബിയും സുഹൃത്ത് തുള്‍സി റാം പ്രജാപതിയും. കൗസര്‍ബിയെ ചുട്ടെരിച്ച് ചാരം പുഴയിലൊഴുക്കി, വലിയ തെളിവ് ഇല്ലാതാക്കിയ ഗുജറാത്ത് പോലീസ്, തുള്‍സി റാം പ്രജാപതിക്ക് കുറച്ച് സമയം കൂടി നല്‍കി. ചുദസാമയുടെ സംഘത്തില്‍ അംഗമായിരുന്ന തുള്‍സി റാം പ്രജാപതി, രഹസ്യം സൂക്ഷിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു ഗുജറാത്ത് പോലീസിന്. ആ പ്രതീക്ഷ നഷ്ടപ്പെട്ടപ്പോഴാണ് രാജസ്ഥാനിലെ ജയിലില്‍ കഴിഞ്ഞിരുന്ന തുള്‍സി റാമിനെ അഹമ്മദാബാദ് കോടതിയില്‍ ഹാജരാക്കാനായി കൂട്ടിക്കൊണ്ടുവരുമ്പോള്‍ ട്രെയിനില്‍ വെച്ച് വെടിവെച്ചു കൊന്ന്, ഏറ്റുമുട്ടലായി ചിത്രീകരിച്ചത്. ഇതിന്റെയൊക്കെ ആസൂത്രകരുടെ പട്ടികയില്‍, ബി ജെ പിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് അമിത് ഷായുടെ പേരുണ്ട്.


പറഞ്ഞു പഴകിയ ഈ കഥ പ്രസക്തമാകുന്നത്, വ്യക്തികളെയും സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തി സ്വന്തം ഇംഗിതം നടപ്പാക്കുന്ന രീതി പുതിയ രൂപത്തില്‍ ആവര്‍ത്തിക്കുന്നതുകൊണ്ടാണ്. രാജ്യത്തിന്റെ പരമാധികാര സ്ഥാനവും ആ സ്ഥാനത്തെ നിയന്ത്രിക്കുമെന്ന് കരുതപ്പെടുന്ന പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനവും കൈക്കലാക്കിയ ശേഷവും ഭയപ്പെടുത്തി വരുതിയിലാക്കല്‍ തുടരുന്നതുകൊണ്ടാണ്. പ്രധാനമന്ത്രി പദത്തിലേക്കുള്ള നരേന്ദ്ര  മോദിയുടെ യാത്ര, സുഗമമാക്കാന്‍ പാകത്തില്‍ ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ വര്‍ഗീയമായും അല്ലാതെയും ഇടപെട്ട് വിജയം കണ്ട അമിത് ഷാ, ബി ജെ പിയുടെ അമരത്തേക്കെത്തുമെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ തന്നെ ഉറപ്പായിരുന്നു. പ്രധാനമന്ത്രിയും പാര്‍ട്ടി പ്രസിഡന്റും ഒരേ സംസ്ഥാനക്കാരാകുന്നത്, പാര്‍ട്ടിക്കുള്ളിലെ അധികാര സമവാക്യങ്ങളെ ബാധിക്കുമെന്ന രാഷ്ട്രീയ സ്വയം സേവക് സംഘിന്റെയും ബി ജെ പിയിലെ തന്നെ ഒരു വിഭാഗത്തിന്റെയും അഭിപ്രായത്തെ മറികടക്കാന്‍, നരേന്ദ്ര  മോദിക്ക് ഏതാനും ദിവസങ്ങള്‍ വേണ്ടിവന്നുവെന്നതേയുള്ളൂ.


രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് പുതിയ പ്രസിഡന്റുണ്ടാകുമ്പോള്‍, ആ നിയമനം മാധ്യമങ്ങളില്‍ വിശകലനം ചെയ്യപ്പെടുക സ്വാഭാവികം. നിയമിക്കപ്പെട്ട വ്യക്തിയുടെ 'യോഗ്യത'കള്‍ വിശകലനത്തില്‍ ഉള്‍പ്പെടുകയും ചെയ്യും. അത്തരമൊരു ലേഖനമാണ് റാണ അയ്യൂബ്, ഡി എന്‍ എയില്‍ എഴുതിയത്. പ്രസിദ്ധം ചെയ്ത് മണിക്കൂറുകള്‍ക്കകം ഈ ലേഖനം പിന്‍വലിക്കാന്‍ പത്രത്തിന്റെ മാനേജ്‌മെന്റ് തീരുമാനിച്ചു.


ഡോ. സുഭാഷ് ചന്ദ്ര ചെയര്‍മാനായ എസ്സല്‍ ഗ്രൂപ്പിന്റെ കീഴില്‍ വരുന്നതാണ് ഡി എന്‍ എ. രാജ്യത്തെ വലിയ മാധ്യമ നെറ്റ്‌വര്‍ക്കായ സീ ന്യൂസും എസ്സല്‍ ഗ്രൂപ്പിന്റെത്. അടിസ്ഥാന സൗകര്യ വികസനം, സിനിമാ നിര്‍മാണം എന്നു തുടങ്ങി മറ്റ് നിരവധി മേഖലകളിലും എസ്സല്‍ ഗ്രൂപ്പ് നിക്ഷേപം നടത്തിയിട്ടുണ്ട്. പ്രതികൂല വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാതിരിക്കണമെങ്കില്‍ 100 കോടി രൂപയുടെ പരസ്യങ്ങള്‍ സീ ഗ്രൂപ്പിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് ജിന്‍ഡാല്‍ ഗ്രൂപ്പിനെ ഭീഷണിപ്പെടുത്തിയെന്ന കേസ് നേരിടുന്നുണ്ട് സുഭാഷ് ചന്ദ്രയും സീ വാര്‍ത്തയുടെ പത്രാധിപന്‍മാരും. സാമ്പത്തിക നേട്ടങ്ങള്‍ക്കായി വാര്‍ത്തയെ ദുരുപയോഗം ചെയ്യുക എന്നതും അതിന്റെ അനുകൂലമോ പ്രതികൂലമോ ആയ ഫലങ്ങള്‍ അനുഭവിക്കുക എന്നതും എസ്സല്‍, സീ ഗ്രൂപ്പുകളെ സംബന്ധിച്ച് പുത്തരിയല്ലെന്ന് ചുരുക്കം. അതുകൊണ്ടു തന്നെ വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലെ അമിത് ഷായുടെ പങ്കാളിത്തം പരാമര്‍ശിക്കുന്ന ലേഖനം ഡി എന്‍ എയില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ദേശിക്കുക എന്നത് സുഭാഷ് ചന്ദ്രക്കോ, അദ്ദേഹത്തിനൊപ്പം അടിയുറച്ചു നില്‍ക്കുന്ന പത്ര അധിപന്‍മാര്‍ക്കോ വലിയ കാര്യമല്ല. ഇങ്ങനെ പിന്‍വലിച്ചതിന് എന്ത് പ്രതിഫലം കിട്ടി/കിട്ടുന്നുവെന്നത് പുറത്തുവരാനിരിക്കുന്നതേയുള്ളൂ. സുഹ്‌റാബുദ്ദീനെപ്പോലെ ഗുജറാത്തിലെ തെരുവുകളില്‍ പൊലിഞ്ഞ ജീവനുകളുടെ കഥ ഓര്‍മിപ്പിച്ചുള്ള ഭീഷണിപ്പെടുത്തലായിരുന്നോ എന്നത് പുറത്തുവരാന്‍ ഇടയില്ല.


മോദി അധികാരത്തിലെത്തിയതിനു ശേഷം, ആദ്യത്തെ ഇടപെടല്‍ നടന്നത് ടി വി 18 എന്ന മാധ്യമ ശൃംഖലയിലാണ്. രാജ്ദീപ് സര്‍ദേശായിയും ഭാര്യ സാഗരിക ഘോഷും നേതൃത്വത്തിലുണ്ടായിരുന്ന വാര്‍ത്താ ചാനല്‍ ഐ ബി എന്‍ അടക്കം ടി വി 18 ശൃംഖലയെയാകെ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഏറ്റെടുത്തു. മുകേഷിന്റെ വ്യവസായ ശൃംഖലക്കെതിരെ വാര്‍ത്തകള്‍ നല്‍കിയതുകൊണ്ടു മാത്രമായിരുന്നില്ല ഈ ഏറ്റെടുക്കലെന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാകും. മുകേഷിനെയും അദാനിയെയും പോലുള്ളവര്‍ രക്ഷാധികാരിയുടെ സ്ഥാനത്തുകണ്ട നരേന്ദ്ര മോദിക്കെതിരെ വാര്‍ത്തകള്‍ നല്‍കിയതു കൊണ്ടുകൂടിയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്ര മോദിയുമായി രാജ്ദീപ് സര്‍ദേശായി നടത്തിയ സംഭാഷണങ്ങള്‍ ഇന്റര്‍നെറ്റില്‍ പരതി പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. '24 മണിക്കൂറും സംപ്രേഷണം നടത്തുന്ന വാര്‍ത്താ ചാനലുണ്ടല്ലോ നിങ്ങളുടെ കൈയില്‍, നിങ്ങളെന്തൊക്കെയാണ് പറയുന്നത്, നിങ്ങള്‍ എന്ത് വേണമെങ്കിലും പറഞ്ഞുകൊള്ളൂ' എന്നൊക്കെ ഭീഷണിയുടെ സ്വരത്തില്‍ പറയുന്നുണ്ട് നരേന്ദ്ര മോദി. ഇപ്പോള്‍ നിങ്ങളെന്ത് വേണമെങ്കിലും പറഞ്ഞുകൊള്ളൂ, അധികാരത്തിലെത്തുകയാണെങ്കില്‍ കാണിച്ചുതരാമെന്ന സൂചന മോദിയുടെ വാക്കുകളിലുണ്ട്. അതിനെ അര്‍ഥവത്താക്കി നല്‍കുകയാണ് ടി വി 18 ശൃംഖല ഏറ്റെടുക്കുന്നതിലൂടെ മുകേഷ് അംബാനി ചെയ്തത്. കൂട്ടത്തില്‍ തനിക്കെതിരെ തുറക്കുന്ന ഒരു വായ അടക്കാനും സാധിച്ചു.


ഈ ഏറ്റെടുക്കലിന്റെ യഥാര്‍ഥ രാഷ്ട്രീയത്തെക്കുറിച്ച് വലിയ ചര്‍ച്ചയൊന്നും രാജ്യത്തുണ്ടായില്ല. ഏത് വിധത്തിലാണ് ഏറ്റെടുക്കല്‍ സാധ്യമായത്, അതിലെ നാടകീയത എത്രത്തോളമായിരുന്നു, തീരുമാനം പുറത്തറിഞ്ഞപ്പോഴുണ്ടായ വൈകാരിക പ്രതികരണങ്ങള്‍ എന്തൊക്കെയായിരുന്നു എന്നു തുടങ്ങി, മുന്‍കാലത്ത് അംബാനിക്കെതിരെ എഴുതിയ മാധ്യമത്തോട് റിലയന്‍സിന്റെ മാനേജര്‍മാര്‍ എങ്ങനെ പ്രതികരിച്ചുവെന്നൊക്കെ ചിലര്‍ രേഖപ്പെടുത്തി. അംബാനിക്ക് പിറകിലെ മോദിയുടെ സാന്നിധ്യത്തെക്കുറിച്ച് പറഞ്ഞവര്‍ അപൂര്‍വം. 2002ലെ ഗുജറാത്ത് വംശഹത്യയെ, നരേന്ദ്ര മോദിയെ ആക്രമിക്കാനുള്ള ഉപാധിയാക്കി അന്നു മുതല്‍ ഇന്നോളം സര്‍ദേശായിയുള്‍പ്പെടെയുള്ളവര്‍ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് സമര്‍ഥിക്കുന്ന സംഘ് പരിവാര്‍ ബുദ്ധിജീവികളുടെ ലേഖനങ്ങള്‍ സുലഭമാണ്. വ്യാഴവട്ടത്തിലധികം കാലം നീണ്ട പകവീട്ടലാണോ ടി വി 18 ശൃംഖല ഏറ്റെടുക്കാന്‍ റിലയന്‍സിനെ ഉപയോഗപ്പെടുത്തിയതിലൂടെ മോദി നടപ്പാക്കിയത് എന്ന് സംശയിക്കണം. അങ്ങനെയെങ്കില്‍ പുതിയ ഏറ്റെടുക്കലുകള്‍ക്കുള്ള (ഷണ്ഡീകരണത്തിനുള്ള) കരുനീക്കങ്ങള്‍ ആരംഭിച്ചുകാണണം. ഇക്കാലമത്രയും മോദിയെ പ്രത്യക്ഷത്തില്‍ എതിര്‍ത്തവരെ തന്നെ 'വിഷ'മിറക്കാന്‍ ഉപയോഗപ്പെടുത്താനും ശ്രമിച്ചേക്കാം. (ഗുജറാത്ത് വംശഹത്യയെച്ചൊല്ലി സര്‍ദേശായിക്കൊപ്പം വിമര്‍ശിക്കപ്പെട്ട ബര്‍ഖ ദത്ത്, ഐ ബി എന്നിന്റെ അമരക്കാരിയായി വരുന്നുവെന്ന റിപോര്‍ട്ട് ഓര്‍ക്കുക) അത്തരം ശ്രമങ്ങളുടെയൊക്കെ ഭാഗമായി വേണം, മോദിയുടെ വലംകൈയായ, വ്യാജ ഏറ്റുമുട്ടല്‍ പരമ്പരകളിലൂടെ മോദിയുടെ പ്രതിച്ഛായാ നിര്‍മിതിക്ക് വിജയകരമായി കരുനീക്കിയ അമിത് ഷായെക്കുറിച്ചുള്ള ലേഖനം പിന്‍വലിപ്പിച്ചതിനെ കാണാന്‍.


അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്, ഏകാധിപതിയായ ഇന്ദിരാ ഗാന്ധിയാണ് ഇതിന് മുമ്പ് മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടത്. മാധ്യമങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നേരിട്ട് നിയോഗിക്കുകയായിരുന്നു അന്നത്തെ ഭരണകൂടം. സെന്‍സര്‍ ചെയ്യാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ ശേഷമേ അന്ന് പത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സാധിച്ചിരുന്നുള്ളൂ. 24 മണിക്കൂര്‍ വാര്‍ത്താ സംപ്രേഷണം നടക്കുന്ന ഇക്കാലത്ത്, അത്തരം സെന്‍സറിംഗിന് പ്രായോഗികമായി പരിമിതികളുണ്ട്. അതുകൊണ്ട് തന്നെ എതിര്‍ക്കുമെന്ന് ഉറപ്പുള്ളതോ വഴങ്ങാന്‍ പ്രയാസമുള്ളതോ ആയ മാധ്യമങ്ങളെ സ്വന്തം പക്ഷത്തേക്ക് വാങ്ങിയടുപ്പിക്കുകയാണ് എളുപ്പം. ഭീഷണിക്ക് മുന്നില്‍ വഴങ്ങുന്നവയെ ആ നിലക്ക് നിലനിര്‍ത്തുകയുമാകാം. അടിയന്തരാവസ്ഥയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച്, നടപ്പാക്കിയതാണ് സെന്‍സര്‍ഷിപ്പെങ്കില്‍, നരേന്ദ്ര മോദിയുടെ കാലത്ത് അത് അപ്രഖ്യാപിതമായി നടപ്പാക്കപ്പെടുന്നു. കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴയുകയായിരുന്നു, അടിയന്തരാവസ്ഥക്കാലത്ത് മാധ്യമങ്ങളെന്ന്, തീവ്ര ഹിന്ദുത്വത്തില്‍ മോദിയുടെ ഗുരുവായ അഡ്വാനി വിലയിരുത്തിയിട്ടുണ്ട്. മുട്ടിലിഴയാന്‍ പറഞ്ഞാല്‍ സാഷ്ടാംഗം പ്രണമിച്ച് നില്‍ക്കും ഇന്ത്യന്‍ മാധ്യമങ്ങളെന്ന് പുതിയ കാലത്ത് തെളിയിക്കാന്‍ ഒരുങ്ങുകയാണ് നരേന്ദ്ര മോദി. അമിത് ഷായെ വിമര്‍ശിക്കുന്ന ലേഖനം പിന്‍വലിക്കപ്പെടുമ്പോള്‍, മോദി ലക്ഷ്യമിടുന്ന കാലത്തേക്ക് വലിയ ദൂരമില്ലെന്ന് കരുതേണ്ടിവരും.


അടിയന്തരാവസ്ഥയല്‍ ഇന്ദിരാഗാന്ധിയെയും ഭരണത്തെയും വിമര്‍ശിക്കുന്ന വാര്‍ത്തകളോ ലേഖനങ്ങളോ മാത്രമായിരുന്നില്ല മാധ്യമങ്ങളില്‍ നിന്ന് മുറിച്ചുമാറ്റപ്പെട്ടിരുന്നത്. ഭരണത്തിന്റെ ഓരോ തലത്തിലുമുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം വിമര്‍ശങ്ങളെ അതിജീവിക്കാന്‍ സെന്‍സര്‍ഷിപ്പിനെ ഉപയോഗിച്ചു. ആക്ഷേപഹാസ്യ സിനിമകള്‍ പോലും പെട്ടിയിലായി. ഇന്ദിരക്ക് ചുറ്റും രൂപപ്പെട്ട, സകല അതിക്രമങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച, സഞ്ജയ് ഗാന്ധി സംഘത്തിലെ അംഗങ്ങളിലാരെയെങ്കിലും പരോക്ഷമായി കുറ്റപ്പെടുത്തുന്നത് പോലും സെന്‍സര്‍ ചെയ്യപ്പെട്ടു. ആശയവിനിമയ സൗകര്യങ്ങള്‍ വര്‍ധിക്കുകയും സ്വതന്ത്ര ഇടങ്ങള്‍ സ്വയം സൃഷ്ടിക്കാന്‍ അവസരമുണ്ടാകുകയും ചെയ്ത ഇക്കാലത്ത് ഇതുപോലൊരു സെന്‍സര്‍ഷിപ്പ് അസാധ്യമാണ്. അപ്പോള്‍ പിന്നെ വരുതിയിലാക്കല്‍ തന്നെയാണ് പോംവഴി. അത് ക്രിമിനല്‍ കേസില്‍ ആരോപണവിധേയനായ അമിത് ഷായുടെ കാര്യത്തില്‍പ്പോലും സംഭവിക്കുന്നുവെങ്കില്‍, മോദി അധികാരത്തിലേറി രണ്ട് മാസം പിന്നിടും മുമ്പേ നടക്കുന്നുവെങ്കില്‍, അതിനോടൊക്കെ സ്വയം സ്വീകരിക്കുന്ന മൗനം പ്രതികരണമാകുന്നുവെങ്കില്‍, കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെ  അംഗീകരിക്കാന്‍ പാകത്തിലേക്ക് മനസ്സ് വളര്‍ന്നുകൊണ്ടിരിക്കുന്നുവെന്നാണ് അര്‍ഥം. മംഗളം, ശുഭം.

No comments:

Post a Comment