2014-08-07

വ്രതം മുടക്കലിന്റെ സനാതന പാത

വിശ്വാമിത്രന്റെ തപസ്സിളക്കാന്‍ അപ്‌സരസുന്ദരി മേനകയെ ഭൂമിയിലേക്ക് നിയോഗിക്കുന്ന ദേവരാജനുണ്ട് ഹിന്ദു പുരാണത്തില്‍. കൊടും തപസ്സനുഷ്ഠിക്കുന്ന വിശ്വാമിത്രന്‍, തന്നേക്കാള്‍ ശക്തനാകുമെന്ന ഭീതിയാണ് മേനകയെ നിയോഗിച്ച് പ്രലോഭിപ്പിച്ച് തപം മുടക്കാന്‍ ദേവരാജനായ ഇന്ദ്രനെ പ്രേരിപ്പിക്കുന്നത്. ദേവഹിതം നടക്കുമെന്നതില്‍ തര്‍ക്കമില്ലാത്തതിനാല്‍, വിശ്വാമിത്രന്റെ തപസ്സ് മുടങ്ങുകയും ചെയ്തു. കാമമോഹിതനായ ദേവരാജന്‍, പതിവ്രതയായ അഹല്യയെ പ്രാപിക്കാന്‍ മെനഞ്ഞത് ഹീനതന്ത്രമായിരുന്നു. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ തപോചര്യകളില്‍ മുഴുകുന്നതിന്, ദേഹശുദ്ധി വരുത്താന്‍ ഗൗതമ മുനി പുറപ്പെട്ടപ്പോള്‍, ഗൗതമന്റെ രൂപം ധരിച്ച് അഹല്യയുടെ സമീപമെത്തുകയായിരുന്നു ഇന്ദ്രന്‍. തിരിച്ചെത്തിയ ഗൗതമ മുനി, ഇന്ദ്രനെയും അഹല്യയെയും ശപിച്ചു. ശിലയായി മാറിയ അഹല്യക്ക് ശ്രീരാമന്‍ മോക്ഷം നല്‍കുന്ന അഹല്യാമോക്ഷം രാമായണത്തിലെ മഹദ് കാണ്ഡങ്ങളിലൊന്നായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

ഇത്തരം തപച്ഛേദങ്ങളുടെ കഥകള്‍ വേറെയുമുണ്ട് ഹിന്ദു പുരാണങ്ങളില്‍. പൂര്‍വജന്മ പ്രവൃത്തികളുമായി ബന്ധിപ്പിച്ച് ഇവക്കൊക്കെ ന്യായീകരണങ്ങളുമുണ്ടാകും, ആധ്യാത്മിക തലത്തില്‍. നേര്‍ക്കുനേര്‍ നോക്കുമ്പോള്‍ അധികാരം നിലനിര്‍ത്തുന്നതിനും സ്വന്തം ഇംഗിതം സാധിച്ചെടുക്കുന്നതിനും വേണ്ടിയുള്ളതാണിതെല്ലാം. അധികാരം പിടിക്കാനുള്ള യുദ്ധത്തില്‍, ശിഖണ്ഡിയെ മുന്‍നിര്‍ത്തി പിതാമഹനെ എയ്തിടുന്നതില്‍ തെറ്റില്ലെന്ന് സ്ഥാപിച്ചുറപ്പിക്കുന്ന ദേവാംശത്തെയും കാണാനാകും. മഹാഭാരതവും രാമായണവും സമാഹൃത സാഹിത്യരൂപമല്ല, സംഭവങ്ങളാണെന്ന് വാദിക്കുന്നവരെ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ തലപ്പത്തേക്ക് നിയോഗിക്കുന്ന സംഘ് പരിവാര്‍ ഭരണകൂടം, അധികാര ലബ്ധിക്കോ അതിന്റെ സുസ്ഥാപനത്തിനോ പിന്തുടരാവുന്ന ആര്‍ഷഭാരത സംസ്‌കാര രീതികളായി ഇവയെയൊക്കെ കാണുന്നുവെന്ന് വേണം കരുതാന്‍.


ഡല്‍ഹിയിലെ മഹാരാഷ്ട്ര സദന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ശിവസേനയുടെ എം പിമാര്‍ക്ക് പല പരാതികളുമുണ്ടായിരുന്നു. അവര്‍ക്ക് വേണ്ടത്ര സൗകര്യങ്ങള്‍ നല്‍കിയില്ലെന്നത്, സദനില്‍ വിതരണം ചെയ്യുന്ന ഭക്ഷണം നിലവാരമില്ലാത്തതാണെന്നത് അങ്ങനെ പലതും. ഇതില്‍ പ്രകോപിതരായവരാണ് കഴിഞ്ഞ ദിവസത്തെ അതിക്രമങ്ങള്‍ക്ക് പിന്നില്‍. മഹാരാഷ്ട്ര സദന്റെ അടുക്കളയിലെത്തിയ എം പിമാര്‍ ഭക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ച് കലഹിച്ചു. 150 രൂപക്ക് വില്‍ക്കുന്ന ഉച്ച ഭക്ഷണത്തിന്റെ ഭാഗമായ റൊട്ടി കഴിച്ചുകാണിക്കാന്‍ കാന്റീനിലെ ജീവനക്കാരോട് ആവശ്യപ്പെട്ടു. ഇതിനിടയിലാണ് കാന്റീന്‍ സുപ്പര്‍വൈസറായ അര്‍ഷാദ് സുബൈറിന്റെ വായിലേക്ക് ശിവസേനാ എം പി രാജന്‍ വിചാരെ, റൊട്ടി തള്ളിക്കയറ്റിയത്. അന്നവിചാരം മുന്നവിചാരമായതിനാല്‍ വികാരാവേശിതരായ എം പിമാര്‍, വിചാരം കൂടാതെ കാട്ടിയ അതിക്രമമെന്ന് വേണമെങ്കില്‍ ഈ സംഭവത്തെ കാണാം.പക്ഷേ, നോമ്പനുഷ്ഠിക്കുന്നയാളാണ് താനെന്ന് മൂന്ന് വട്ടം അര്‍ഷാദ് പറഞ്ഞിട്ടും, വായിലേക്ക് റൊട്ടി തള്ളിക്കയറ്റാന്‍ രാജന്‍ വിചാരെ തയ്യാറായെങ്കില്‍, കൂടെയുണ്ടായിരുന്ന മറ്റ് എം പിമാര്‍ അത് തടയാന്‍ ശ്രമിച്ചില്ലെങ്കില്‍ ലഭിച്ച അവസരം മറ്റ് ചിലതിന് വേണ്ടിക്കൂടി ഇവര്‍ ഉപയോഗപ്പെടുത്തിയെന്ന് വേണം മനസ്സിലാക്കാന്‍. ഇക്കാര്യം പാര്‍ലിമെന്റില്‍ ഉന്നയിക്കപ്പെട്ടപ്പോള്‍, ബി ജെ പിയുടെ എം പിയായ രമേഷ് ബിധുരി, മുസ്‌ലിംകളൊക്കെ പാക്കിസ്ഥാനിലേക്ക് പോകട്ടെ എന്ന് ആക്രോശിച്ച് നടുത്തളത്തിലിറങ്ങിയത് കൂടി ചേര്‍ക്കുമ്പോള്‍, നിലവാരമില്ലാത്ത ഭക്ഷണത്തിന്റെ പ്രശ്‌നത്തിനൊപ്പം മറ്റ് ചിലത് കൂടി സൂചിപ്പിക്കാനുള്ള അവസരമായി മഹാരാഷ്ട്രാ സദനെ ശിവസേനക്കാര്‍ ഉപയോഗിച്ചുവെന്ന് കരുതണം.


ബാല്‍ താക്കറെയുെടയും ഛത്രപതി ശിവജിയുടെയുമൊക്കെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് അക്രമത്തിനിറങ്ങിയ ഹിന്ദുത്വ തീവ്രവാദികള്‍ മുഹ്‌സിന്‍ സാദിഖ് ശൈഖ് എന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയത് അടുത്തിടെയാണ്. ദളിത് ക്ഷേത്രത്തില്‍ ഉച്ചഭാഷിണി സ്ഥാപിക്കുന്നതിന് മുന്‍കൈ എടുത്ത ബി ജെ പി നേതാക്കള്‍, ഉത്തര്‍ പ്രദേശിലെ മൊറാദാബാദില്‍  സൃഷ്ടിച്ചെടുത്ത വര്‍ഗീയ സംഘര്‍ഷം കെട്ടടങ്ങിയിട്ടില്ല. ദളിതുകളും മുസ്‌ലിംകളും തിങ്ങിപ്പാര്‍ക്കുന്ന മൊറാദാബാദില്‍ ഇതിന് മുമ്പും ക്ഷേത്രത്തില്‍ ഉച്ചഭാഷിണി വെക്കാറുണ്ട്. ആഘോഷാവസരങ്ങളില്‍ ക്ഷേത്ര നടത്തിപ്പുകാര്‍, അധികൃതരുടെ അനുമതി വാങ്ങി ഉച്ചഭാഷിണി വെക്കുകയാണ് പതിവ്. ക്ഷേത്രത്തില്‍ ഉച്ചഭാഷിണി വെക്കാനുള്ള അവകാശത്തെക്കുറിച്ച് ദളിതുകളെ തെറ്റിദ്ധരിപ്പിച്ച്, അതിന് മുന്‍കൈ എടുക്കാന്‍ മുന്നിട്ടിറങ്ങിയ ബി ജെ പി - വി എച്ച് പി നേതാക്കള്‍ അവരുടെ ലക്ഷ്യം നേടിയെന്നാണ് മൊറാദാബാദിലെ സാമൂഹിക ബന്ധങ്ങളില്‍ പൊടുന്നനെയുണ്ടായ മാറ്റം പറഞ്ഞുതരുന്നത്.


ക്ഷേത്രത്തിലേക്ക് പ്രകടനവും മറ്റും പ്രഖ്യാപിച്ച്, വിഷവിത്തിന് വളമിടാന്‍ ശ്രമിക്കുന്നതിനിടെയാണ് സഹറാന്‍പൂരില്‍ പുതിയ സംഭവമുണ്ടാകുന്നത്. ഗുരുദ്വാരയോട് ചേര്‍ന്നുള്ള സ്ഥലത്ത് കെട്ടിടം പണിയാന്‍ ഒരു വിഭാഗം നടത്തിയ ശ്രമവും അതിനോട് മറ്റൊരു വിഭാഗം വിയോജിച്ചതും ഉയര്‍ത്തിവിട്ട സംഘര്‍ഷത്തെ ഇനിയും വളര്‍ത്താനാകുമോ എന്നാണ് സംഘ് പരിവാറിന്റെ കൈകകള്‍ നോക്കുന്നത്. മൊറാദാബാദില്‍ നിന്ന് തത്കാലം ശ്രദ്ധ, സഹറാന്‍പൂരിലേക്ക് മാറ്റുകയാണെന്ന്, നിലവില്‍ മൊറാദാബാദില്‍ 'ഉത്സാഹിക്കുന്ന' ബി ജെ പി നേതാക്കള്‍ തന്നെ പറയുന്നുണ്ട്. ഏറെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില പ്രസ്താവനകള്‍ കൂടി ഇതിനോട് ചേര്‍ത്തുവെക്കേണ്ടതുണ്ട്. ഭൂരിപക്ഷത്തിന്റെ ഇംഗിതങ്ങളെ മാനിച്ച് ജീവിക്കാന്‍ ന്യൂനപക്ഷങ്ങള്‍ തയ്യാറാകണമെന്ന വി എച്ച് പി നേതാവ് അശോക് സിംഘാളിന്റെ പ്രസ്താവനയാണ് ഒന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി 'വികസിപ്പിക്കു'മെന്ന് ബി ജെ പി നേതാവും മന്ത്രിയുമായ ദീപക് ധാവ്‌ലികര്‍ ഗോവ നിയമസഭയില്‍ പറഞ്ഞതാണ് മറ്റൊന്ന്.


അശോക് സിംഘാളിന്റെ പ്രസ്താവനയിലൊരു ഭാഗത്ത് പറയുന്നത്, ന്യൂനപക്ഷങ്ങളുടെ (മുസ്‌ലിംകളുടെ എന്ന് പ്രത്യേകമായി തന്നെ വായിക്കാം) ശക്തിയില്ലാതെ തന്നെ രാജ്യത്ത് സര്‍ക്കാറുണ്ടാക്കാനാകുമെന്ന് തെളിഞ്ഞിരിക്കുന്നു എന്നാണ്. ന്യൂനപക്ഷങ്ങളെ അവഗണിച്ച് മുന്നോട്ടുപോകുന്നതിന്, ഇനി മടിക്കേണ്ടതില്ലെന്ന് പറയാതെ പറയുകയാണ് സിംഘാള്‍. അല്ലെങ്കില്‍ ഈ സന്ദേശമുള്‍ക്കൊണ്ട് സ്വയം മാറാന്‍ ന്യൂനപക്ഷങ്ങള്‍ തയ്യാറായിക്കൊള്ളൂ എന്ന മുന്നറിയിപ്പ്. ഈ വികാരം സംഘ് പരിവാരത്തിനുള്ളിലും അവരുടെ സ്ഥിരം സഖ്യകക്ഷിയായ വംശീയ - വര്‍ഗീയ പാര്‍ട്ടിയിലുമുണ്ടായിട്ടുണ്ട്. അതിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയും വ്യാപിപ്പിക്കുകയും ചെയ്യുന്നതിന് സവിശേഷമായ രൂപകല്‍പ്പന തയ്യാറാക്കപ്പെടന്നുണ്ടോ എന്ന് സംശയിക്കണം. വര്‍ഗീയ വിഭജനം കുറേക്കൂടി വിപുലപ്പെടുത്തുന്നതിനൊപ്പം ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഭീതി വളര്‍ത്തുകയും ചെയ്യുക എന്നത് ഈ രൂപകല്‍പ്പനയുടെ ഭാഗമാണ്. ഗുജറാത്തില്‍ പരീക്ഷിച്ച് വിജയിച്ചത് പോലൊരു രുധിരയജ്ഞം ഇന്ത്യന്‍ യൂനിയനില്‍ എളുപ്പമല്ലെന്ന കണക്കുകൂട്ടലിലാകണം സംഘ് പരിവാറും നരേന്ദ്ര മോദി സംഘവും. അതുകൊണ്ടാണ് വിവിധ മേഖലകളില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമം നടക്കുന്നത്. ഉത്തര്‍ പ്രദേശിന് പിറകെ, മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളിലും, മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വര്‍ഗീയ സംഘര്‍ഷമുണ്ടായി. സംഘര്‍ഷങ്ങള്‍ക്ക് പ്രാദേശിക പ്രശ്‌നങ്ങള്‍ കാരണമായിട്ടുണ്ടാകാം. പക്ഷേ, മൊറാദാബാദിലെയും സഹറാന്‍പൂരിലെയും പോലെ മുതലെടുക്കാന്‍ ശ്രമങ്ങളുണ്ടാകുന്നുണ്ടോ എന്നതാണ് പ്രധാനം.


മഹാരാഷ്ട്ര സദനിലുണ്ടായ കൈയേറ്റത്തെ ഈ സാഹചര്യത്തിലാണ് കാണേണ്ടത്. നോമ്പനുഷ്ഠിക്കുന്ന മുസ്‌ലിം ചെറുപ്പക്കാരന്റെ വായിലേക്ക് റൊട്ടി തള്ളിവെക്കുന്നതുകൊണ്ട്, നോമ്പ് നഷ്ടമാകുന്നില്ല. ബലപ്രയോഗത്തിലൂടെ ആഹാരം നല്‍കിയാല്‍ ഇല്ലാതാകുന്നതല്ല, വ്രതമെടുക്കല്‍. മനുഷ്യത്വരഹിതമായ അതിക്രമമായി അതിനെ കാണാം. പക്ഷേ, നോമ്പനുഷ്ഠിക്കുന്നയാളാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞതിന് ശേഷവും  ബലം പ്രയോഗിച്ച് ആഹാരം കഴിപ്പിക്കുമ്പോള്‍ അതില്‍ വര്‍ഗീയമായ അധിക്ഷേപത്തിന്റെ കൂടി വശമുണ്ട്. ആ അധിക്ഷേപം, 'നിങ്ങള്‍ക്കുമേല്‍ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കുണ്ട്' എന്ന പ്രഖ്യാപനം കൂടിയാണ്. വര്‍ഗീയ ധ്രുവീകരണം വളര്‍ത്തി, നിലനിര്‍ത്തുന്നതിനൊപ്പം, ന്യൂനപക്ഷത്തെ ഭീതിയുടെ തടവറയിലേക്ക് തള്ളിയിടുക കൂടി ചെയ്യുന്നതിന്റെ ഫലം ഗുജറാത്തില്‍ അനുഭവിച്ചത് ഓര്‍മയിലുണ്ടാകും 'സംഘാ'ടകര്‍ക്ക്.


തപം മുടക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊക്കെ വ്യക്തമായ ഉദ്ദേശ്യങ്ങളുണ്ടായിരുന്നുവെന്നതിന് പുരാണങ്ങള്‍ സാക്ഷി. പൂര്‍വ ജന്മത്തിലെ പ്രവൃത്തിയുടെ ഫലമെന്ന ആത്മീയ വിശദീകരണമുണ്ടെങ്കിലും അതിലെ അധികാര നിലനിര്‍ത്തലും ഇംഗിതസാധ്യവും മറക്കുക വയ്യല്ലോ. അതുപോലൊന്നിന്റെ പുനരാവിഷ്‌കരണമാണ് ഇതിലെല്ലാമായി നടക്കുന്നത്. മതനിരപേക്ഷനിലപാടില്‍ രാജ്യത്തെ ഉറപ്പിച്ച് നിര്‍ത്തുകയും എല്ലാ സമുദായങ്ങള്‍ക്കും സ്വതന്ത്രവും ഭീതിയില്ലാത്തതുമായ ജീവിതം ഉറപ്പാക്കുകയും ചെയ്യുക എന്നത് ഭരണഘടനാദത്തമാണ്. ആ നിഷ്ഠ മുടക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക്, അധികാരം നിലനിര്‍ത്തലിന്റെയും പിടിച്ചെടുക്കലിന്റെയും ഇംഗിതസാധ്യത്തിന്റെയും ഒക്കെ ലക്ഷ്യങ്ങളുണ്ട്.


സവിശേഷമായി രൂപകല്‍പ്പന ചെയ്ത് നടപ്പാക്കപ്പെടുന്ന പദ്ധതിയുടെ ഭാഗമാണോ ഭിന്ന ദേശങ്ങളില്‍ ഭിന്ന കാരണങ്ങളാലുണ്ടാകുന്ന സംഘര്‍ഷങ്ങളൊക്കെ എന്ന് സംശയിക്കുന്നവരുണ്ടാകാം. മഹാരാഷ്ട്ര സദനിലെ ഒറ്റപ്പെട്ട സംഭവത്തെ, ഭീതി വളര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമെന്ന് പറയുന്നത് എങ്ങനെ എന്നും സംശയം തോന്നാം. ബൊഫോഴ്‌സ് കോഴയുടെ മറപിടിച്ച് രണ്ടില്‍ നിന്ന് 84ലേക്ക് ലോക്‌സഭാംഗത്വത്തെ വളര്‍ത്തിയെടുത്ത ബി ജെ പി, സഖ്യകക്ഷികളെ കൂടെക്കൂട്ടിയാണെങ്കിലും രാജ്യം ഭരിക്കാനാകുന്ന സ്ഥിതിയിലേക്ക് വളര്‍ന്നതെങ്ങനെ എന്ന ഓര്‍മ സംശയങ്ങള്‍ നീക്കും. മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കിയതിനെത്തുടര്‍ന്ന്, ഉണര്‍ന്നെഴുന്നേറ്റ പിന്നാക്ക ജനവിഭാഗങ്ങള്‍, ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ വരുത്തിയ മാറ്റങ്ങളെ അതിജയിക്കലായിരുന്നു പ്രധാനമന്ത്രി സ്ഥാനം ലാക്കാക്കി മേധം തുടങ്ങിയപ്പോള്‍ മോദിക്കു മുന്നിലുണ്ടായിരുന്ന വെല്ലുവിളി. അതിലൊരു ചുവട് വെക്കാന്‍ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലായി. ഈ കടന്നുകയറ്റം തിരിച്ചറിഞ്ഞ് പെരുമാറാന്‍ ബീഹാറിലെങ്കിലും ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ശ്രമിക്കുന്നു. ഈ കൂട്ടായ്മ ശക്തിപ്പെടുന്നത് തടയണമെങ്കില്‍ വര്‍ഗീയ വിഭജനം ആഴത്തിലാക്കുക എന്നതല്ലാതെ മറ്റെന്ത് പോംവഴി?  

(ജൂലൈ 28ന് എഴുതിയത്)