2014-08-27

ലളിതഗണിതത്തിനപ്പുറം


ബീഹാറിലെ പത്ത് സീറ്റിലടക്കം രാജ്യത്തെ 18 നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം സാധാരണ നിലക്ക് വലിയ ചര്‍ച്ചകള്‍ക്ക് പാത്രമാകേണ്ട ഒന്നല്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബീഹാറിലെ 40ല്‍ 31 സീറ്റ് നേടി വലിയ മുന്നേറ്റം, ബി ജെ പിയും ലോക് ജനശക്തി പാര്‍ട്ടിയും (രാം വിലാസ് പാസ്വാന്റെ പാര്‍ട്ടി) ചേര്‍ന്ന സഖ്യം നടത്തിയിരുന്നു. ഭിന്നിച്ചു നിന്നാല്‍ നേട്ടമുണ്ടാക്കാന്‍ പോകുന്നത് വര്‍ഗീയശക്തികളാണെന്ന തിരിച്ചറിവില്‍ (സ്വന്തം നിലനില്‍പ്പ് അപകടത്തിലാണെന്ന തിരിച്ചറിയല്‍ കൂടിയാണത്) ലാലു പ്രസാദ് യാദവും നിതീഷ് കുമാറും സഖ്യത്തിലാകുകയും കോണ്‍ഗ്രസ് അതിനൊപ്പം നില്‍ക്കുകയും ചെയ്തു ബീഹാറില്‍ ഇക്കുറി. ആ പരീക്ഷണം വിജയിച്ചോ ഇല്ലയോ എന്നതാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലത്തെ ശ്രദ്ധേയമാക്കുന്നത്. ഇരുമ്പയിര് ഖനനത്തില്‍ തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്ന റെഡ്ഢി സഹോദരന്‍മാരുടെ (ജനാര്‍ദന, കരുണാകര, സോമശേഖര) പണത്തിന്റെ പ്രഭാവത്തില്‍ ജയം നിശ്ചയിക്കപ്പെടുന്ന ബെല്ലാരിയില്‍ കോണ്‍ഗ്രസ് ഇക്കുറി നേടിയ വിജയം രാഷ്ട്രീയത്തിന് പുറത്താണ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ ജയിക്കാനായി എന്നതില്‍ കൗതുകമുണ്ട്. അതുകൊണ്ട് ബീഹാര്‍ മാത്രമേ പ്രസക്തമാകുന്നുള്ളൂ.


'എന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ദ്രപ്രസ്ഥം വാഴാന്‍ തുടങ്ങിയാല്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്' എന്ന പ്രതീതി സൃഷ്ടിക്കാന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദിക്ക് സാധിച്ചിരുന്നു. വന്‍കിട കമ്പനികള്‍ക്ക് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നല്‍കിയ ആനുകൂല്യങ്ങള്‍ രാജ്യത്താകമാനം ലഭിക്കാനിടയുണ്ട് എന്ന പ്രതീക്ഷയില്‍ ആഭ്യന്തര കുത്തകകള്‍ മോദിക്ക് വേണ്ട പിന്തുണ, പണമായും അല്ലാതെയും, നല്‍കുകയും ചെയ്തു. അതിന്റെ ഫലമായാണ് കോണ്‍ഗ്രസേതരകക്ഷി, ആദ്യമായി കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തുന്ന സ്ഥിതി രാജ്യത്തുണ്ടായത്. മോദി പ്രധാനമന്ത്രിയായി പ്രതിജ്ഞ ചെയ്ത ശേഷം 100 ദിനം പിന്നിടുമ്പോള്‍, വലിയ മാറ്റങ്ങളെന്ന വാഗ്ദാനത്തില്‍ വലിയ പ്രതീക്ഷയൊന്നും വേണ്ടെന്ന് ജനങ്ങള്‍ക്ക് ബോധ്യം വന്നുകൊണ്ടിരിക്കുന്നു. സാധാരണക്കാരന് ജീവിതം കുറേക്കൂടി സുഗമമാക്കും വിധത്തിലുള്ള നടപടികളൊന്നും മോദി സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഇക്കാലം വരെ ഉണ്ടായിട്ടില്ല. ജീവിതഭാരം വര്‍ധിക്കാനാണ് പോകുന്നത് എന്ന തോന്നല്‍ പൊതുവെ നിലനില്‍ക്കുകയും ചെയ്യുന്നു. പക്ഷേ, തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാന്‍ പാകത്തിലൊരു വികാരമായി അത് രൂപപ്പെട്ടുവെന്ന് കരുതാനാകില്ല.


 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ച നിതീഷിന്റെ ജനതാദള്‍ യുനൈറ്റഡ് 20 ശതമാനം വോട്ട് നേടിയിരുന്നു. ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ 15 ശതമാനവും കോണ്‍ഗ്രസ് എട്ട് ശതമാനവും വോട്ട് നേടി. ഇത് മൂന്നും ചേര്‍ത്താല്‍ മറികടക്കാവുന്നത്ര വോട്ട് മാത്രമേ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി - എല്‍ ജെ പി സഖ്യത്തിന് ഉണ്ടായിരുന്നുള്ളൂ. ആ ലളിത ഗണിതം പ്രയോഗത്തിലായപ്പോള്‍ പത്തില്‍ ആറ് സീറ്റ് ജെ ഡി (യു) - ആര്‍ ജെ ഡി - കോണ്‍ഗ്രസ് സഖ്യത്തിന്; നാല് സീറ്റില്‍ ബി ജെ പിയും. മതേതര പാര്‍ട്ടികളുടെ വിശാലസഖ്യമുണ്ടായാല്‍ വര്‍ഗീയകക്ഷികള്‍ അധികാരത്തിലെത്തുന്നത് തടയാനാകുമെന്ന ഗുണപാഠം ബീഹാര്‍ നല്‍കുന്നുണ്ടെന്നും അതുകൊണ്ട് ഇത്തരം സഖ്യങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലുമുണ്ടാകണമെന്നുമുള്ള വാദം ശക്തമാണ്. ഇത് മനസ്സിലാക്കാന്‍ ബീഹാര്‍ പരീക്ഷണത്തിന്റെയൊന്നും ആവശ്യമില്ല.


ഉത്തര്‍ പ്രദേശില്‍ മുലായം സിംഗ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയും മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയും ചേര്‍ന്നു നിന്നിരുന്നുവെങ്കില്‍ നരേന്ദ്ര മോദി ഇന്ന് ഇന്ത്യന്‍ യൂനിയന്‍ ഭരിക്കില്ലായിരുന്നു. അത്തരം സഖ്യങ്ങള്‍ സാധ്യമാക്കാന്‍ ബീഹാര്‍ പരീക്ഷണം ഏതെങ്കിലും വിധത്തില്‍ പ്രചോദനമാകുമോ എന്നതാണ് ഭാവി രാഷ്ട്രീയത്തെ രൂപപ്പെടുത്തുക.
പ്രാദേശിക താത്പര്യങ്ങള്‍, പിന്തുണക്കുന്ന ജാതി വിഭാഗങ്ങളുടെ ഇംഗിതങ്ങളോട് ചേര്‍ന്ന് നില്‍ക്കേണ്ട ബാധ്യത എന്നിവയും അതിനേക്കാള്‍ ഉപരിയായി നേതൃനിരയിലുള്ളവരുടെ അഹംബോധവും കണക്കിലെടുക്കുമ്പോള്‍ ഇത്തരം സഖ്യങ്ങള്‍ പ്രാവര്‍ത്തികമാകുക എന്നത് പ്രയാസമുള്ള കാര്യമാണ്. ലാലു യാദവ് മുന്‍കൈ എടുത്താല്‍ ഉത്തര്‍ പ്രദേശില്‍ ബി എസ് പിയുമായി സഖ്യമാകാമെന്ന മുലായം സിംഗ് യാദവിന്റെ വാഗ്ദാനം മായാവതി തള്ളിക്കളഞ്ഞത്, ഈ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണകാലത്താണ്. ആ നിലപാടിലൊരു മാറ്റം മായാവതിക്കുണ്ടാകുമോ?  വര്‍ഗീയതക്കും കോണ്‍ഗ്രസ് പാര്‍ട്ടി പിന്തുടരുന്ന കമ്പോളാധിഷ്ഠിത നയങ്ങള്‍ക്കും എതിരെ പാര്‍ട്ടികളുടെ ഐക്യനിര രൂപപ്പെടുത്താന്‍ ശ്രമമുണ്ടായ കാലത്തൊക്കെ ഇത്തരം സംഗതികള്‍ തടയായിരുന്നിട്ടുമുണ്ട്. പുതിയ സാഹചര്യങ്ങള്‍ ഇതിലൊരു മാറ്റമുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല തന്നെ.
ലോക്‌സഭയില്‍ മലപ്പുറവും പൊന്നാനിയും മാത്രം സ്വന്തമായുള്ള, മുസ്‌ലിം ലീഗ് പോലും പ്രാദേശിക രാഷ്ട്രീയത്തിലെ ഏറ്റവും വലിയ എതിരാളിയായ സി പി എമ്മുമായി ദേശീയതലത്തില്‍ സഖ്യമുണ്ടാകണമെന്ന് പ്രമേയത്തിലൂടെ ആഗ്രഹിക്കുമ്പോള്‍ പ്രത്യേകിച്ചും.


പക്ഷേ, ലളിതഗണിതത്തിന്റെ മറുപുറത്ത് നാല് സീറ്റ് ബീഹാറില്‍ നേടാന്‍ ബി ജെ പിക്ക് സാധിച്ചുവെന്ന വസ്തുതയുണ്ട്. നിതീഷ് - ലാലു സഖ്യത്തിനൊപ്പം കോണ്‍ഗ്രസ് കൂടിയിട്ടും നാലിടത്ത് ജയിക്കാന്‍ അവര്‍ക്കായെങ്കില്‍, ജനസ്വാധീനം വര്‍ധിപ്പിക്കാന്‍ അവര്‍ക്കായെന്നാണ് അര്‍ഥം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ  പത്ത് നിയമസഭാ മണ്ഡലത്തില്‍ ലഭിച്ച വോട്ട് ഇക്കുറി അവര്‍ക്ക് ലഭിച്ചിട്ടില്ല എങ്കില്‍പ്പോലും. അതിനേക്കാള്‍ പ്രധാനം മതനിരപേക്ഷ നിലപാടുകളുള്ള പാര്‍ട്ടികള്‍ യോജിച്ച് തങ്ങളെ എതിര്‍ക്കാനുള്ള സാധ്യത സംഘ് പരിവാര്‍ മുന്‍കൂട്ടിക്കാണുന്നുവെന്നതാണ്. അതുകൊണ്ടാണ് ജാതിഭേദമില്ലാതെ ഹിന്ദു സമുദായത്തിന്റെ ഐക്യം അഞ്ച് വര്‍ഷത്തിനുള്ളില്‍ സാധ്യമാക്കണമെന്ന് രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ സര്‍ സംഘ് ചാലക് മോഹന്‍ ഭാഗവത് ആഹ്വാനം ചെയ്തത്. അത്തരമൊരു ഐക്യമുണ്ടാക്കാന്‍ പാകത്തില്‍ അവര്‍ തന്ത്രങ്ങള്‍ ഒരുക്കുന്നതും.


കേരളത്തിലും കര്‍ണാടകത്തിലും കാറ്റുപിടിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട 'ലവ് ജിഹാദാ'ണ് ഉത്തര്‍ പ്രദേശില്‍ സംഘ് പരിവാരത്തിന്റെ പുതിയ ആയുധം. ഹിന്ദു സമുദായാംഗങ്ങളായ പെണ്‍കുട്ടികളെ പ്രണയം നടിച്ച് വഞ്ചിക്കാനും മതം മാറ്റിക്കാനും സംഘടിത ശ്രമം നടക്കുന്നുവെന്നാണ് പ്രചാരണം. ജാതിക്ക് പുറത്തുള്ള വിവാഹം, കുടുംബത്തിനും ഗോത്രത്തിനുമുണ്ടാക്കിയ 'മാനക്കേട്' ദമ്പതികളെ കൊന്ന് പരിഹരിക്കുന്നത് അപൂര്‍വ കാഴ്ചയല്ല ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍. ഇത്തരത്തില്‍ വിവാഹിതരാകുന്നവരെ കൊന്നു കളയണമെന്ന് പ്രമേയം പാസ്സാക്കുന്ന ജാതി പഞ്ചായത്തുകളും കുറവല്ല. അവിടെയാണ് 'ലവ് ജിഹാദ്' അരങ്ങേറുന്നുവെന്ന പ്രചാരണം സംഘ് പരിവാര്‍ ഊര്‍ജിതമാക്കുന്നത്. കഴിഞ്ഞ വര്‍ഷം മുസഫര്‍ നഗറില്‍ രൂപപ്പെടുത്തിയെടുത്ത വര്‍ഗീയ സംഘര്‍ഷത്തിന് അടിസ്ഥാനമായതും ഇത്തരം പ്രചാരണമായിരുന്നു. രാജ്യത്തെയും സ്ത്രീകളെയും പശുക്കളെയും രക്ഷിക്കാന്‍ നരേന്ദ്ര ഭായിയെ അധികാരത്തിലെത്തിക്കൂ എന്ന് സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയിരുന്നു അന്ന്. അതേ നിലവാരത്തിലുള്ള പ്രചാരണഘോഷങ്ങള്‍, വിവിധ ജാതി വിഭാഗങ്ങളിലുണ്ടാക്കാന്‍ ഇടയുള്ള ചേരിതിരിവ് ഹിന്ദു ഐക്യമെന്ന ലക്ഷ്യത്തിലേക്കുള്ള പാത സുഗമമാക്കുമെന്ന് സംഘ് പരിവാര്‍ പ്രതീക്ഷിക്കുന്നുണ്ട്. ആസൂത്രിതമായി സൃഷ്ടിക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങളും അതില്‍ ഉതിരുന്ന ചോരയും ഈ 'ഐക്യ'ത്തിന് പശയാകുമെന്നും അവര്‍ കണക്ക് കൂട്ടുന്നു.


ബി ജെ പിയുടെ പ്രത്യയശാസ്ത്രം രാജ്യത്തിന് സ്വീകാര്യമാക്കുകയാണ് ലക്ഷ്യമെന്ന് ബി ജെ പിയുടെ പുതിയ പ്രസിഡന്റ് അമിത് ഷാ പ്രഖ്യാപിക്കുകയും പാക്കിസ്ഥാനുമായൊരു സംഘര്‍ഷം വളര്‍ത്തിയെടുത്ത് രാജ്യസ്‌നേഹത്തിന്റെ മഹത്വം ഉദ്‌ഘോഷിക്കാന്‍ അവസരമൊരുക്കക്കുകയും ചെയ്യുമ്പോള്‍ ബീഹാറിലെ പരീക്ഷണമോ ഇതരയിടങ്ങളില്‍ അതിന്റെ ആവര്‍ത്തനമോ കൊണ്ട് ഫലമുണ്ടാകുമോ എന്നതില്‍ സംശയമുണ്ട്. തിരഞ്ഞെടുപ്പ് ജയങ്ങള്‍ക്കും അധികാരലബ്ധിക്കുമപ്പുറത്ത്, സംഘ് പരിവാര്‍ അജന്‍ഡയുടെ സ്ഥാപനത്തിനുള്ള ശ്രമങ്ങളെ ഗൗരവത്തോടെ കാണാന്‍ ഈ നേതാക്കളും അവരുണ്ടാക്കുന്ന സഖ്യങ്ങളും തയ്യാറുണ്ടോ എന്നതാണ് പ്രധാനം. നരേന്ദ്ര മോദി നേതൃത്വത്തിലേക്ക് വന്നപ്പോഴാണ്  ബി ജെ പിയുമായുള്ള സഖ്യമവസാനിപ്പിക്കാന്‍ നിതീഷ് കുമാര്‍ തയ്യാറായത്. അതിനു മുമ്പ് സംഘ് പരിവാരത്തിന്റെ അജന്‍ഡകള്‍ ഒട്ടും അലട്ടിയിരുന്നില്ല നിതീഷിനെയോ ജനതാദളി (യു) നെയോ. പാടലീപുത്രത്തില്‍ വേരുറപ്പിക്കാന്‍ ആ കൂട്ടുകെട്ട് എത്രത്തോളം സംഘ് പരിവാരം മുതലാക്കി എന്നതിന്റെ തെളിവാണ് ലോക്‌സഭയിലേക്ക് എത്തിയ 31ഉം ഇപ്പോള്‍ നിയമസഭയിലേക്ക് എത്തിയ നാലും. ജനതാദളുമായുള്ള സഖ്യത്തിലൂടെ അധികാരം പിടിച്ചതിന് പിറകെയാണ് കര്‍ണാടകത്തില്‍ താമര പൂര്‍ണമായി വിരിഞ്ഞതും അത്രയും കാലം കോണ്‍ഗ്രസിനും ജനതക്കുമിടയില്‍ പങ്കിട്ടു നിന്നിരുന്ന സമുദായങ്ങളിലേക്ക് ബി ജെ പി കടന്നു കയറിയതും. ആന്ധ്രാ പ്രദേശിന്റെ മണ്ണില്‍ തെലുഗുദേശം പാര്‍ട്ടിക്ക് അധികാരം നല്‍കി, പിന്നണിയില്‍ ഇപ്പോള്‍ നില്‍ക്കുന്ന ബി ജെ പി അഞ്ച് വര്‍ഷത്തിനപ്പുറമൊരു ബിഹാര്‍ ഇവിടെ പ്രതീക്ഷിക്കുന്നുണ്ട്.


ഒന്നിച്ചുനിന്നില്ലെങ്കില്‍ ഇനി വിലാസമുണ്ടാകില്ലെന്ന പ്രായോഗികബുദ്ധി മാത്രമേ ബീഹാറില്‍ പ്രതിഫലിക്കുന്നുള്ളൂ. അതിനൊരു അടിത്തറയൊരുക്കാനും ജനവിശ്വാസമാര്‍ജിക്കാനുമുള്ള ശ്രമം മാത്രമാണ് മതനിരപേക്ഷ പാര്‍ട്ടികളുടെ സഖ്യമെന്ന വിലാസം. അതിനെ നിതീഷിന്റെയും ലാലുവിന്റെയും പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ പോലും പൂര്‍ണമായി ഉള്‍ക്കൊണ്ടുവെന്ന് പറഞ്ഞുകൂടാ. ഇത്തരമൊരു സഖ്യം അടിത്തട്ടിലുണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ ഭാവിയില്‍ മുതലെടുക്കാന്‍ സംഘ് പരിവാരത്തിന് സാധിക്കുകയും ചെയ്യും. ഇതൊക്കെ മനസ്സിലാക്കിയുള്ള വിശാല രാഷ്ട്രീയ അജന്‍ഡയും അത് താഴേത്തലങ്ങളിലെത്തിക്കാനുള്ള പ്രവര്‍ത്തനപരിപാടിയുമൊക്കെയാണ് അനിവാര്യം. ഇത്തരം സഖ്യങ്ങളുടെ നിലനില്‍പ്പ് കേവലം അധികാരം ലക്ഷ്യമിട്ട് മാത്രമുള്ളതല്ലെന്ന ബോധ്യം ജനങ്ങളില്‍ ഉണ്ടാക്കിയെടുക്കുകയും.


അതിന് സാധിക്കുന്നില്ലെങ്കില്‍ ഹിന്ദുക്കളുടെ ഐക്യത്തിനും രാജ്യസുരക്ഷക്കും വേണ്ടി തങ്ങള്‍ ശ്രമിക്കുമ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്താനും അധികാരമുറപ്പാക്കാനും വേണ്ടി സഖ്യങ്ങളുണ്ടാക്കുന്നുവെന്ന പ്രചാരണം ഫലപ്രദമായി നടത്താന്‍ സംഘ് പരിവാരത്തിന് സാധിക്കും.

No comments:

Post a Comment