2014-09-01

'ലവ് ജിഹാദി'ന്റെ വടക്കന്‍ പതിപ്പ്


വസ്തുതകളുടെ പിന്‍ബലമുണ്ടെങ്കിലും ഇല്ലെങ്കിലും ബലാത്സംഗങ്ങളുടെ തലസ്ഥാനമെന്നാണ്, കുറച്ചുകാലമായി ഡല്‍ഹി അറിയപ്പെടുന്നത്. 2013ല്‍ മാത്രം 583 കേസുകള്‍ കോടതിക്ക് മുമ്പാകെ എത്തിയിരുന്നു. ഈ കേസുകളെക്കുറിച്ച് പഠിച്ച് തയ്യാറാക്കിയ റിപോര്‍ട്ട് 2014 ജൂലൈ അവസാനം ദി ഹിന്ദു ദിനപ്പത്രം പ്രസിദ്ധീകരിച്ചു. അതിലെ വിവരങ്ങള്‍ ഒരേ സമയം കൗതുകം ജനിപ്പിക്കുന്നതും ഗൗരവമേറിയ സാമൂഹികശാസ്ത്ര പഠനം ആവശ്യപ്പെടുന്നതുമാണ്. പരാതിക്കാര്‍ കോടതിയില്‍ ഹാജരാകുന്നത് നിര്‍ത്തുകയോ പരാതിക്കാരെ കണ്ടെത്താന്‍ കഴിയാതിരിക്കുകയോ പരാതി വ്യാജമായിരുന്നുവെന്ന് പരാതിക്കാര്‍ തന്നെ കോടതിയില്‍ തുറന്നു പറയുകയോ ചെയ്ത കേസുകളുടെ എണ്ണം 123 ആണ്. കമിതാക്കള്‍ ഒളിച്ചോടിയതിനെത്തുടര്‍ന്ന് രൂപം കൊണ്ടതാണ് 174 കേസുകള്‍. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രൂപം കൊണ്ടത്. ഇവയില്‍ 107 എണ്ണത്തിലും തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ബലാത്സംഗം ചെയ്തിട്ടില്ലെന്നും പെണ്‍കുട്ടികള്‍ മൊഴി നല്‍കി. വൈദ്യ പരിശോധന നടത്തിയ ഡോക്ടര്‍മാര്‍, ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍, മൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റ് എന്നിവരുടെ മുമ്പിലെല്ലാം ഒരേ കാര്യമാണ് ഈ 107 കേസുകളില്‍ പെണ്‍കുട്ടികള്‍ പറഞ്ഞത്.


ശേഷിക്കുന്ന കേസുകളില്‍ ഭൂരിഭാഗത്തിലും പ്രണയത്തെത്തുടര്‍ന്ന് ഒളിച്ചോടിയതാണെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രണയ, ഒളിച്ചോട്ട സംഭവങ്ങളിലെ പങ്കാളിക്കെതിരായ പരാതിയില്‍ ഉറച്ചുനിന്നത് രക്ഷിതാക്കളുടെ സമ്മര്‍ദം മൂലമാണെന്ന് മൊഴി നല്‍കിയവരുമുണ്ട്.
പോലീസ് രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപോര്‍ട്ട്, അവര്‍ സമര്‍പ്പിച്ച കുറ്റപത്രം, കോടതി രേഖകള്‍, മൊഴിപ്പകര്‍പ്പുകള്‍ തുടങ്ങിയ രേഖകളുടെ വിശദമായ പരിശോധനക്ക് ശേഷമാണ് ഹിന്ദു ഈ റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. യഥാര്‍ഥ സംഭവവും രേഖകളിലാക്കപ്പെട്ടതും തമ്മില്‍ വ്യത്യാസങ്ങളുണ്ടായേക്കാം. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി എന്ന ആരോപണമാണ് ഈ കേസുകളില്‍ ഭൂരിഭാഗത്തിലുമുണ്ടായിരുന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക ചൂഷണത്തിനോ അതിക്രമത്തിനോ വിധേയയാക്കിയ ശേഷം മതംമാറ്റിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഈ


കേസുകളിലൊന്നില്‍പ്പോലുമുണ്ടായിട്ടില്ല. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടുവെന്ന ആരോപണം കഴിഞ്ഞ യു പി എ സര്‍ക്കാര്‍ നേരിട്ടിരുന്നു. വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ കാലാകാലങ്ങളില്‍ ഈ ആരോപണം നേരിടാറുണ്ട്. സമീപകാലത്ത് ഈ ആരോപണം ഏറ്റവുമധികം അഭിമുഖീകരിച്ചത് ഉത്തര്‍ പ്രദേശ് സര്‍ക്കാറായിരുന്നു. ബദൗനില്‍ രണ്ട് പെണ്‍കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ ശേഷം മരക്കൊമ്പില്‍ കെട്ടിത്തൂക്കിയെന്ന കേസ് വലിയ ജനരോഷമാണ് ഉണര്‍ത്തിയത്. കീഴ്ജാതിക്കാരോട് ഉയര്‍ന്ന ജാതിക്കാര്‍ നടത്തുന്ന ക്രൂരമായ അതിക്രമങ്ങളുടെ ഉദാഹരണങ്ങളിലൊന്നായി ഇത് ചിത്രീകരിക്കപ്പെടുകയും ചെയ്തു. വസ്തുത അവ്യക്തമായി തുടരുകയാണ്.
ഇന്ത്യന്‍ യൂനിയന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരന്തരം റിപോര്‍ട്ട് ചെയ്യപ്പെട്ട/ചെയ്യപ്പെടുന്ന കേസുകളിലൊന്നില്‍പ്പോലും പ്രണയം നടിച്ച് വലയില്‍ വീഴ്ത്തി വിവാഹം കഴിക്കുകയോ ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയോ ചെയ്ത ശേഷം മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്ന ആക്ഷേപം ഉയര്‍ന്നിട്ടേ ഇല്ല. 'ലവ് ജിഹാദ്' എന്ന് സംഘ് പരിവാര്‍ വിളക്കിയെടുത്ത പ്രയോഗത്തില്‍ ഉള്‍പ്പെടുത്താവുന്ന വിധത്തിലൊന്ന് പോലും കേട്ടിട്ടില്ലെന്ന് ചുരുക്കം.


ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ ബി ജെ പി അപ്രതീക്ഷിത മുന്നേറ്റം ഉണ്ടാക്കുകയും കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്ത ശേഷം 'ലവ് ജിഹാദ്' എന്ന ഗണത്തിലുള്‍പ്പെടുത്താവുന്ന ചില കേസുകള്‍ ഉണ്ടായിട്ടുണ്ട്. മധ്യപ്രദേശില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇസ്‌ലാം സ്വീകരിച്ചുവെന്ന വിവരം മറച്ചുവെച്ച് തന്നെ വിവാഹം ചെയ്തുവെന്നും അതിനു ശേഷം മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്നും ആരോപിച്ച് പ്രശസ്ത കായിക താരം നല്‍കിയ പരാതി സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കയുമാണ്.


കേരളത്തിലും കര്‍ണാടകത്തിലുമാണ് 'ലവ് ജിഹാദ്' എന്ന പ്രയോഗത്തിന്റെ പരീക്ഷണം സംഘ് പരിവാര്‍ ആദ്യം നടത്തിയത്. വെള്ളാപ്പള്ളി നടേശന്‍ മുതല്‍ കത്തോലിക്കാ സഭയുടെ വരെ പിന്തുണ ഈ പരീക്ഷണത്തിന് ഉണ്ടാകുകയും ചെയ്തു. പക്ഷേ, അത്തരത്തിലുള്ള ഒരു സംഭവമെങ്കിലും നടന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയില്ല. പോലീസ് അന്വേഷണം നടക്കുന്നതിന് മുമ്പ്, ഇതേക്കുറിച്ചുള്ള ഹരജി പരിഗണിച്ച കേരള ഹൈക്കോടതിയിലെ ബഹുമാന്യനായ ന്യായാധിപന്‍ നടത്തിയ പരാമര്‍ശങ്ങള്‍, സമൂഹത്തെയാകെ അപകടത്തിലാക്കും വിധത്തില്‍ 'ലവ് ജിഹാദ്' അരങ്ങേറുന്ന പ്രതീതി ജനിപ്പിച്ചുവെന്ന് മാത്രം. അതിനു ശേഷമാണ് കേരളത്തിലെ എല്ലാ ജില്ലാ പോലീസ് സുപ്രണ്ടുമാരുടെയും റിപോര്‍ട്ടുകള്‍ കോടതിക്ക് മുന്നിലെത്തിയതും അനാവശ്യ ഭീതി ജനിപ്പിക്കാനുള്ള ശ്രമം മാത്രമാണ് ഈ പ്രചാരണമെന്ന് കോടതി തന്നെ നിരീക്ഷിച്ചതും.


കേരളത്തില്‍ നിന്ന് 4,000 പെണ്‍കുട്ടികളെ  കാണാതായെന്നും ഇവരൊക്കെ 'ലവ് ജിഹാദി' ന്റെ ഇരകളാണെന്നുമായിരുന്നു പ്രചാരണം. കര്‍ണാടകത്തില്‍ നിന്ന് കാണാതായ 5,000 പെണ്‍കുട്ടികള്‍ ഇതേ ജിഹാദിന്റെ ഇരകളാണെന്നും പ്രചരിപ്പിക്കപ്പെട്ടു. രാജ്യത്താകെ 30,000 പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ ഇരകളാക്കപ്പെട്ടുവെന്നാണ് ഡല്‍ഹിയിലെ സര്‍വകലാശാലാ ക്യാമ്പസുകളിലടക്കം വടക്കേ ഇന്ത്യയില്‍ ഇപ്പോള്‍ നടത്തുന്ന പ്രചാരണം. ഈ കമ്മതിക്കണക്കുകള്‍ മാത്രം മതി പ്രചാരണങ്ങളുടെ പൊള്ളത്തരം മനസ്സിലാക്കാന്‍. പക്ഷേ, വര്‍ഗീയവിഭജനം സൃഷ്ടിക്കാനും അത് സംഘര്‍ഷമായി വളര്‍ത്തിക്കൊണ്ടുവരുന്നതിനും ഈ പ്രചാരണങ്ങള്‍ ധാരാളം മതി. ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കിയെടുത്തത് ഇത്തരമൊരു തീപ്പൊരിയില്‍ നിന്നാണ്. സംഘ് പരിവാര്‍ അനുകൂല സംഘടനകളുടെ ഉത്തര്‍ പ്രദേശിലെ ഘടകങ്ങള്‍ യോഗം ചേര്‍ന്നാണ് 'ലവ് ജിഹാദ്' വ്യാപകമായി നടക്കുന്നുവെന്ന ആക്ഷേപം ഉന്നയിച്ചത്. ഈ പദപ്രയോഗമുണ്ടായില്ലെങ്കിലും ബി ജെ പിയുടെ ഉത്തര്‍ പ്രദേശ് ഘടകം ആക്ഷേപത്തോട് യോജിക്കുന്നു. യോഗി ആദിത്യനാഥിനെപ്പോലുള്ള നേതാക്കള്‍, വരുന്ന തിരഞ്ഞെടുപ്പുകളില്‍ മുഖ്യ പ്രചാരണ വിഷയങ്ങളിലൊന്ന് 'ലവ് ജിഹാദ്' ആയിരിക്കുമെന്ന് പ്രഖ്യാപിക്കുന്നു. ഇതിന് പിറകെ മധ്യപ്രദേശിലും ഝാര്‍ഖണ്ഡിലുമൊക്കെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുമ്പോള്‍ ചുവരെഴുത്ത് വ്യക്തമാണ്.


''നമ്മുടെ ഒരു പെണ്‍കുട്ടിയെ അവര്‍ വലയില്‍ കുടുക്കിയാല്‍ അവരുടെ 100 പെണ്‍കുട്ടികളെ നമ്മള്‍ വലയിലാക്കണ''മെന്ന് യോഗി ആദിത്യനാഥിനെപ്പോലുള്ളവര്‍ വര്‍ഷങ്ങളായി പ്രസംഗിച്ച് നടക്കുന്നുണ്ട്. 2009ലെ തിരഞ്ഞെടുപ്പുകാലത്ത് ആദിത്യനാഥ് നടത്തിയ പ്രസംഗം അടുത്തിടെയാണ് പുറത്തുവന്നത്. 'ലവ് ജിഹാദ്' നടക്കുന്നുവെന്ന് സ്ഥാപിക്കാനും ജനങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന്റെ വിത്ത് പാകാനും വര്‍ഷങ്ങള്‍ക്ക് മുമ്പേ ആരംഭിച്ച ശ്രമം, വിലപ്പോകാന്‍ പാകത്തിലുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന തിരിച്ചറിവിലാണ് ഇപ്പോഴത്തെ സംഘടിതമായ പ്രചാരണം. ഈ പ്രചാരണത്തിനിടെയുണ്ടാകുന്ന ഏത് ചെറിയ സംഭവവും ഗുജറാത്തിലെ പരീക്ഷണം പോലെ വളര്‍ത്തിയെടുക്കാനാകുമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ടാകണം.


നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന ആരോപണം പല കാലത്തും ഹിന്ദുത്വ വാദികള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ആര്യ സമാജത്തെപ്പോലുള്ള സംഘടനകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന ആരോപണമുന്നയിച്ച് പ്രക്ഷോഭത്തിനിറങ്ങി. വഴി നടക്കാന്‍ പോലും അവകാശമില്ലാതിരുന്ന, ഹീനരെന്ന് സവര്‍ണര്‍ ആക്ഷേപിച്ചിരുന്ന ജനത, മനുഷ്യനെന്ന പരിഗണന ലഭിക്കാന്‍ വേണ്ടി മതം മാറിയിരുന്ന കാലം ഇവിടെയുണ്ടായിരുന്നു. ഭരണ വിഭാഗത്തിന്റെ പരിഗണന ലഭിക്കാതിരിക്കുകയും പട്ടിണിയിലും രോഗത്തിലും തുടരാന്‍ വിധിക്കപ്പെടുകയും ചെയ്ത ജനത, വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനും സഹായം നല്‍കിയ മിഷണറിമാരില്‍ ആകൃഷ്ടരായി മതം മാറിയ ചരിത്രം സ്വാതന്ത്ര്യത്തിനു ശേഷമുണ്ട്. അത് ഇപ്പോഴും തുടരുന്നുമുണ്ട്. ഇതൊക്കെ കാലാകാലങ്ങളില്‍ തങ്ങളുടെ വര്‍ഗീയ അജന്‍ഡയുടെ നടപ്പാക്കലിന് ഉപയോഗപ്പെടുത്തുകയാണ് ഹിന്ദുത്വ വാദികള്‍ ചെയ്യുന്നത്. ജാതി വ്യവസ്ഥ ഇല്ലാതാക്കി സ്വ സമുദായത്തിലെ അംഗങ്ങളെന്ന് അവര്‍ തന്നെ വിശേഷിപ്പിക്കുന്നവര്‍ക്കെല്ലാം തുല്യ അന്തസ്സാണെന്ന് അംഗീകരിച്ച് കൊടുക്കാന്‍ മടിച്ച സവര്‍ണ മാടമ്പിത്തം, അധികാരത്തിന്റെ വഴികളില്‍ ഈ ഹീനരുടെ പിന്തുണകൂടി അനിവാര്യമെന്ന് തിരിച്ചറിഞ്ഞ ഘട്ടത്തിലൊക്കെ വര്‍ഗീയത എന്ന അടവ് ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. 1920ല്‍ ഇന്നത്തെ ഉത്തര്‍ പ്രദേശുള്‍ക്കൊള്ളുന്ന മേഖലയില്‍ പ്രയോഗിച്ച തന്ത്രത്തിന്റെ മറ്റൊരു രൂപമാണ് ഏതാനും വര്‍ഷം മുമ്പ് ഒഡിഷയിലെ കണ്ഡമാലില്‍ പ്രയോഗിച്ചത്. അതിനെ മറ്റൊരു വിധത്തില്‍ പ്രയോഗിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴേറ്റെടുത്തിട്ടുള്ള പ്രചാരണം.


ജാതി വ്യവസ്ഥ അതിന്റെ എല്ലാ പ്രാകൃതാംശങ്ങളോടെയും നിലനില്‍ക്കുന്നുണ്ട് ഉത്തരേന്ത്യയില്‍. ജാതി മാറി വിവാഹം കഴിച്ചാല്‍ ദമ്പതികളെ കൊന്നാണെങ്കില്‍പ്പോലും അന്തസ്സ് നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന വിഭാഗങ്ങള്‍. അവരുടെ മനസ്സിലേക്ക് നിങ്ങളുടെ മക്കളെ വലയില്‍ കുടുക്കി, മതം മാറ്റിക്കാന്‍ സംഘടിതമായ ശ്രമം നടക്കുന്നുവെന്ന പ്രചാരണം അടിച്ചേല്‍പ്പിക്കാന്‍ സാധിച്ചാല്‍ വിളവെടുക്കാനുള്ള അവസരം കാത്തിരുന്നാല്‍ മതിയെന്ന് സംഘ് പരിവാരം ശരിയായി തന്നെ മനസ്സിലാക്കിയിരിക്കുന്നു. നായര്‍, ഈഴവ സമുദായാംഗങ്ങളെയും ക്രൈസ്തവരെയും മുസ്‌ലിംകള്‍ക്കെതിരെ നിര്‍ത്തുക എന്നതായിരുന്നു കേരളത്തില്‍ 'ലവ് ജിഹാദി' ന് കാറ്റുപിടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ലക്ഷ്യമിട്ടത്. അതിന് സമാനമായാണ് ഉത്തരേന്ത്യയിലെ ജാതി വിഭാഗങ്ങളെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിര്‍ത്താന്‍ ശ്രമിക്കുന്നത്.
ആ നിലക്ക് ഈ പ്രചാരണം ന്യൂനപക്ഷങ്ങളുടെ നേര്‍ക്കുള്ള നീക്കം മാത്രമല്ല, ഉത്തരേന്ത്യയിലെ പിന്നാക്ക - ദളിത് വിഭാഗങ്ങള്‍ക്ക് നേര്‍ക്കുള്ള നീക്കം കൂടിയാണ്. സവര്‍ണ മേല്‍ക്കോയ്മ ഉറപ്പാക്കുന്ന ജാതി വ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ട് തന്നെ, സംഘ് പരിവാരം വിവക്ഷിക്കുന്ന 'ഹിന്ദു' എന്ന നാമത്തിന് കീഴിലേക്ക് ഉത്തരേന്ത്യയിലെ ജാതി വിഭാഗങ്ങളെ കൊണ്ടുവരാന്‍  ഉപയോഗിക്കാവുന്ന ആയുധങ്ങളിലൊന്നാണ് 'ലവ് ജിഹാദ്' എന്ന് മനസ്സിലാക്കിക്കൊണ്ടുള്ള നീക്കം. മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ നടപ്പാക്കലോടെ ഉണ്ടായ രാഷ്ട്രീയ ചേരിതിരിവിനെ മറികടക്കാതെ, സ്ഥായിയായ വേരോട്ടമുണ്ടാകില്ലെന്ന തിരിച്ചറിവില്‍ നിന്ന് കൂടിയാണ് ഇത്തരം ആയുധങ്ങളുടെ പ്രയോഗം.


ഗുജറാത്ത് വംശഹത്യയില്‍ ദളിതുകളായിരുന്നു സംഘ് പരിവാറിന്റെയും നരേന്ദ്ര മോദി സംഘത്തിന്റെയും കോടാലി എന്നത് കൂടി ഓര്‍ക്കുമ്പോള്‍ ചുവരെഴുത്തിന് ചോരയുടെ നിറവും മണവുമുണ്ടാകും. അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഹിന്ദുക്കളുടെ ഏകീകരണം സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത് പ്രഖ്യാപിച്ചത്, അവസരം ഒരുങ്ങുകയാണെന്ന തിരിച്ചറിവോടെ തന്നെയാകണം.  അവിടെ ഡല്‍ഹി കോടതിക്ക് മുമ്പാകെ വന്ന കേസുകളിലെ വിവരങ്ങളൊന്നും പ്രസക്തമല്ല.

No comments:

Post a Comment