2014-09-30

'ആള്‍ദൈവം' അഴിയെണ്ണുമ്പോള്‍


രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സും സ്‌പെക്ട്രവും വിതരണം ചെയ്തതിലെ അഴിമതി ആരോപണങ്ങളില്‍ ഉള്‍പ്പെട്ടു നില്‍ക്കുന്നു എസ്സാര്‍ എന്ന കമ്പനി. എസ്സാര്‍ ഗ്രൂപ്പിന്റെ പ്രൊമോട്ടര്‍മാരായ രവി റൂയിയയും അംശുമാന്‍ റൂയിയയും കേസില്‍ വിചാരണ നേരിടുന്നുമുണ്ട്. ഈ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഷാഹി റൂയിയയുടെ സാന്നിധ്യമുണ്ടായിരുന്നു അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈ എടുത്ത് സംഘടിപ്പിച്ച 'മേക് ഇന്‍ ഇന്ത്യ' സമ്മേളനത്തില്‍.  കൃഷ്ണ - ഗോദാവരി ബേസിനില്‍ നിന്ന് പ്രകൃതി വാതകം ഖനനം ചെയ്യാനുണ്ടാക്കിയ കരാറിലൂടെയും അതിന് ശേഷം പ്രകൃതി വാതകത്തിന്റെ വില വര്‍ധിപ്പിച്ചതിലൂടെയും അനര്‍ഹമായ ലാഭം കൈക്കലാക്കിയ കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രകൃതി വാതക വില വര്‍ധിപ്പിച്ചതിനെച്ചൊല്ലി അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കെ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ പേരുമുണ്ടായിരുന്നു.  ഈ അംബാനിയുമുണ്ടായിരുന്നു 'മേക് ഇന്‍ ഇന്ത്യ' സമ്മേളനത്തില്‍. വരും കാലത്ത് സൃഷ്ടിക്കാന്‍ പോകുന്ന ലക്ഷത്തിലധികം തൊഴിലവസരങ്ങളെക്കുറിച്ച് അദ്ദേഹം പ്രഖ്യാപനം നടത്തുകയും ചെയ്തു.


അധികാരത്തിലെ പങ്കാളിത്തമുപയോഗിച്ചല്ല ഇവരാരും അഴിമതി നടത്തിയതും അനര്‍ഹമായ ലാഭമുണ്ടാക്കിയതും. അധികാരത്തിലുള്ള വലിയ സ്വാധീനം ഉപയോഗപ്പെടുത്തിയും അധികാരികളെത്തന്നെ നിശ്ചയിക്കാന്‍ പാകത്തില്‍ വളര്‍ന്ന സാമ്പത്തിക ശേഷി ഉപയോഗപ്പെടുത്തിയുമാണ്. ഈ കേസുകളൊക്കെ നിലനില്‍ക്കുന്നുവെന്ന് അറിഞ്ഞുകൊണ്ട് തന്നെ സര്‍ക്കാര്‍ മേളകളിലേക്ക് ഇവര്‍ക്കായി ചുവപ്പ് പരവതാനി വിരിക്കുന്ന അധികാരി വര്‍ഗം, സാമ്പത്തിക ശേഷിക്ക് കീഴ്‌പ്പെട്ട് നില്‍ക്കുന്നവരാണ് തങ്ങളെന്ന് ജനങ്ങളെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. 2007 മുതല്‍ 2009 വരെയുള്ള കാലത്ത് മാതാ അമൃതാനന്ദമയി മഠത്തിന് ക്രമവിരുദ്ധമായി നികുതി ഇളവ് നല്‍കിയിട്ടുണ്ടെന്ന് പാര്‍ലിമെന്റില്‍ സമര്‍പ്പിക്കപ്പെട്ട കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിദേശത്തു നിന്ന് ലഭിച്ച സംഭാവനകളുടെ കണക്ക് മഠം സമര്‍പ്പിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ സൈറ്റില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. കണക്ക് സമര്‍പ്പിച്ചുവെന്നും അത് ആഭ്യന്തര മന്ത്രാലയം സൈറ്റില്‍ ഉള്‍പ്പെടുത്താത്തതാണെന്നുമാണ് മഠത്തിന്റെ വിശദീകരണം. ഈ വിശദീകരണം സ്വീകാര്യമാണോ അല്ലയോ എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടില്ല. ഈ മഠാധിപതിയുടെ കാല്‍തൊട്ട് വണങ്ങുന്നതിന് ഇത്തരം റിപ്പോര്‍ട്ടുകളൊന്നും രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് തടസ്സമായുണ്ടായില്ല.


1991 മുതല്‍ 1996 വരെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി സ്ഥാനം കൈകാര്യം ചെയ്തപ്പോള്‍ വരുമാനത്തില്‍ കവിഞ്ഞ് 53 കോടി രൂപ സമ്പാദിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കുമാരി ജെ ജയലളിതയെ പ്രത്യേക കോടതി നാല് വര്‍ഷത്തെ തടവിനും 100 കോടി രൂപ പിഴക്കും ശിക്ഷിച്ചതിനെ നിയമവ്യവസ്ഥയുടെ വിജയമായി വ്യാഖ്യാനിക്കുമ്പോള്‍ അതേ സംവിധാനങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് നിലനില്‍ക്കുന്ന ഒരുപാട് സംഗതികളുണ്ടെന്ന് ഓര്‍ക്കേണ്ടതുണ്ട്. വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ച കേസില്‍ വിചാരണ പൂര്‍ത്തിയായാല്‍ ശിക്ഷ ഉറപ്പെന്ന തിരിച്ചറിവ് ജയലളിതക്കുണ്ടായിരുന്നുവെന്ന് തന്നെ വിചാരിക്കണം. അതുകൊണ്ടാണ് വിചാരണ പരമാവധി നീട്ടിക്കൊണ്ടുപോകുക എന്ന ഉദ്ദേശ്യത്തോടെ പല വിധ അപേക്ഷകളുമായി മദ്രാസ് ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും പലകുറി സമീപിച്ചത്. 1991 - 96 കാലത്തെ ശേഷിപ്പുകളായുള്ള പലവിധ കേസുകള്‍ വരും കാലത്തും ജയലളിതക്ക് തിരിച്ചടിയേകാനുണ്ടാകും, ഭരണനേതൃത്വത്തിലേക്കുള്ള തിരിച്ചുവരവ് ഒരുപക്ഷേ, അസാധ്യമാക്കിക്കൊണ്ട്.


വിദേശത്തുനിന്ന് സംഭാവനയായി ലഭിച്ച പണത്തെക്കുറിച്ചുള്ളതാണ് ഈ കേസുകളിലൊന്ന്. ഇത് വരുമാനമായി ജയലളിത കാണിച്ചുവെങ്കിലും സമ്മാനമായതിനാല്‍ അതിനുള്ള നികുതി നല്‍കിയില്ലെന്നാണ് കേസ്. സമ്മാനം എവിടെ നിന്ന് വന്നുവെന്നത് പിന്നീട് അന്വേഷിക്കപ്പെട്ടു. യുനൈറ്റഡ് കിംഗ്ഡത്തിന്റെ ഭാഗമായ കാമല്‍ ദ്വീപുകളില്‍ നിന്നാണ് സമ്മാനമായി പണമെത്തിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണം സൂക്ഷിക്കാന്‍ സൗകര്യമൊരുക്കുന്ന ദേശമാണ് കാമല്‍ ദ്വീപ്. സമ്മാനത്തിന്റെ നികുതി നല്‍കിയില്ല എന്നത് മാത്രമല്ല, കള്ളപ്പണം സ്വീകരിച്ചുവെന്നത് കൂടി ഒരുപക്ഷേ, ജയലളിതക്ക് മേല്‍ കുറ്റമായി പതിക്കുമെന്ന് ചുരുക്കം. ഇങ്ങനെ കള്ളപ്പണം സൂക്ഷിക്കാന്‍ സൗകര്യം ചെയ്ത് കൊടുക്കുന്ന രാജ്യങ്ങളില്‍ നിന്നാണ് രാജ്യത്തെ ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ക്ക് പങ്കാളിത്തമുള്ള ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റുത്സവത്തിലെ ടീമുകളിലേക്ക് പണമൊഴുകിയത്. അതേക്കുറിച്ചുള്ള അന്വേഷണം എവിടെയെങ്കിലുമെത്തിയോ എന്ന് ചിന്തിക്കേണ്ട ബാധ്യതയില്ലാത്തതിനാല്‍ ജയലളിതയുടെ കേസ് ആഘോഷമാകും.


എം ജി രാമചന്ദ്രന്റെ കൈ പിടിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോള്‍ ജയലളിത താരമായിരുന്നു. എം ജി ആറിന്റെ ശവമഞ്ചത്തില്‍ നിന്ന് പുറത്തേക്ക് എറിയപ്പെടുമ്പോള്‍, തിരസ്‌കാരത്തിന്റെ നാളുകള്‍ ജയയെ കാത്തിരിക്കുന്നുവെന്ന തോന്നലുണ്ടായി. ജനം താരത്തിനൊപ്പമെന്ന് മനസ്സിലായപ്പോള്‍ ജാനകി രാമചന്ദ്രന്‍, എ ഐ എ ഡി എം കെയുടെ ചുക്കാന്‍ ജയക്ക് തിരികെ നല്‍കി. കോണ്‍ഗ്രസിന്റെ പിന്തുണയോടെ 1991ല്‍ അധികാരം പിടിച്ച അവര്‍, 2001ല്‍ രണ്ടാം വരവിലേക്ക് എത്തുമ്പോഴേക്കാണ് രാഷ്ട്രീയവും ഭരണവും ഏറെക്കുറെ പഠിച്ചത്.  ഇതൊക്കെയാണെങ്കിലും ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ നേതാക്കള്‍ക്കും അണികള്‍ക്കുമിടയില്‍ അവര്‍ക്കുണ്ടായിരുന്ന സ്ഥാനം ഏറെക്കുറെ ഒരു 'ആള്‍ദൈവ'ത്തിന്റെതായിരുന്നു.


'പുരട്ചി തലൈവി' എന്ന ആദ്യകാലത്തെ വിശേഷണം അവസാനിപ്പിച്ച് അമ്മ എന്ന വിശേഷണം നേതാക്കളും അണികളും നല്‍കി, അവരത് പൂര്‍ണമനസ്സോടെ സ്വീകരിച്ചു. 'ആള്‍ദൈവ'മെന്ന നിലയിലേക്ക് താനെത്തുന്നുവെന്ന തോന്നല്‍ അവര്‍ക്കുമുണ്ടായെന്ന് ചുരുക്കം. 'അമ്മ' എന്ന വാക്ക് പിന്‍ചേര്‍ത്ത് ഈ ഭരണ കാലത്ത് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതിന് പിന്നിലെ മനസ്സ് മറ്റൊന്നല്ല. ജയിലിലേക്ക് പോകുന്നതിന് തൊട്ടുമുമ്പാണ് കുറഞ്ഞ വിലക്ക് സിമന്റ് വിതരണം ചെയ്യുന്ന പദ്ധതിക്ക് 'അമ്മ' വിശേഷണം ചേര്‍ത്ത് അവതരിപ്പിച്ചത്.


പുറത്തു നിന്ന് അധികാരത്തെ സ്വാധീനിക്കുന്ന 'ആള്‍ദൈവ'വും അധികാരം കൈയടക്കുന്ന 'ആള്‍ദൈവ'വും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. പുറത്തു നിന്ന് അധികാരത്തെ സ്വാധീനിക്കുന്ന 'ആള്‍ദൈവ'ത്തിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലേക്കും ബന്ധം നീളും. 'ആള്‍ദൈവ'ത്തിന്റെ അണികളുടെ വോട്ട് നഷ്ടപ്പെടാന്‍ ഇടയാകരുത് എന്ന് നിര്‍ബന്ധമുള്ളതിനാല്‍ ഒരു പാര്‍ട്ടിയും അവരെ അലോസരപ്പെടുത്തും വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ മിനക്കെടില്ല. അധികാരം കൈയാളുന്ന 'ആള്‍ദൈവ'ത്തെ വൈരനിര്യാതന ബുദ്ധിയോടെ പിന്തുടരാന്‍ അധികാരം പിടിക്കുക എന്ന ലക്ഷ്യമുള്ള രാഷ്ട്രീയ സംവിധാനങ്ങളുണ്ടാകും. ജയിലിലേക്ക് പോകേണ്ടിവന്ന സാഹചര്യം സൃഷ്ടിക്കുന്നതില്‍ ജയയുടെയും കൂട്ടാളികളുടെയും ചെയ്തികളോളം പ്രാധാന്യം ഈ പിന്തുടരലിനുണ്ട്. അങ്ങനെ പിന്തുടര്‍ന്നവര്‍ ഇതിലും വലിയ കോഴ ആരോപണങ്ങള്‍ നേരിടുന്നവരോ കോഴക്ക് കളമൊരുക്കിയവരോ ആണ് എന്നതാണ് കൗതുകകരം.


അതുകൊണ്ട് തന്നെ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട നേതാവിനെ തിരസ്‌കരിക്കണമെന്ന ആഹ്വാനം എ ഐ എ ഡി എം കെക്കൊപ്പം നില്‍ക്കുന്ന തമിഴ് ജനതയെ ഏതെങ്കിലും വിധത്തില്‍ സ്വാധീനിക്കുമെന്ന് കരുതുക വയ്യ. മുഖ്യമന്ത്രി പദത്തിലെ മൂന്നാമൂഴത്തില്‍ മികച്ച പ്രതിച്ഛായയുണ്ടായിരുന്നു ജയലളിതക്ക് എന്ന് എതിരാളികള്‍ പോലും സമ്മതിക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 39ല്‍ 37 സീറ്റ് എ ഐ എ ഡി എം കെ നേടിയത് അതിന് തെളിവുമാണ്. അത്തരത്തിലൊരാളെ അധികാര രാഷ്ട്രീയത്തിന്റെ പടിയിറക്കിവിടാന്‍ നടന്ന വലിയ ഗൂഢാലോചന എന്ന ആക്ഷേപം തമിഴ് ജനതയിലേക്ക് എത്തിക്കാന്‍ ജയക്കും പാര്‍ട്ടിക്കും നിഷ്പ്രയാസം സാധിക്കും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയം ആവര്‍ത്തിക്കാന്‍ എ ഐ എ ഡി എം കെയെ അത് സഹായിക്കുകയും ചെയ്യും. വരാനിരിക്കുന്ന കേസുകളില്‍ എതിര്‍ വിധികളുണ്ടാകുകയും എ ഐ എ ഡി എം കെയില്‍ മറ്റൊരു അധികാരകേന്ദ്രമുണ്ടാകുകയും ചെയ്താല്‍ മാത്രമേ ഇതിലൊരു മാറ്റമുണ്ടാകാന്‍ സാധ്യതയുള്ളൂ.


ഇതിനൊപ്പം പ്രധാനമാണ് എതിര്‍ ചേരിയുടെ ദൗര്‍ബല്യങ്ങള്‍. മക്കളായ സ്റ്റാലിനും അഴഗിരിക്കുമിടയില്‍ പാര്‍ട്ടി ക്ഷയിക്കുന്നത് കണ്ടിരിക്കുകയാണ് ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് എം കരുണാനിധി. എടുത്തുകാണിക്കാനൊരു നേതാവില്ലാതെ, സംഘടനാ സംവിധാനങ്ങള്‍ ക്ഷയിച്ച് മണ്‍മറയാന്‍ കാത്തിരിക്കുന്നു കോണ്‍ഗ്രസ്. വൈ കോവാലസ്വാമിയുടെ മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകത്തിന് പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. ഇതിനേക്കാളൊക്കെ പ്രധാനമാണ് കഴിഞ്ഞ ഒരു ദശകത്തിനിടെ ദ്രാവിഡ രാഷ്ട്രീയത്തിനുണ്ടായ പിന്നാക്കം പോക്ക്. എല്‍ ടി ടി ഇക്കെതിരെ ശ്രീലങ്കന്‍ സൈന്യം അവസാനത്തെ ആക്രമണം നടത്തുമ്പോള്‍ ഇന്ത്യ കാഴ്ചക്കാരായി നോക്കിനില്‍ക്കുന്നുവെന്ന് ആരോപിച്ച് എം കരുണാനിധി തന്നെ നിരാഹാര സമരം നടത്തിയിട്ടും ജനപിന്തുണ നേടാന്‍ ഡി എം കെക്ക് സാധിച്ചില്ല.


ബ്രാഹ്മണാധിപത്യത്തിനെതിരെ തമിഴന്റെ സ്വത്വം ഒന്നിപ്പിച്ചെടുത്ത ദ്രാവിഡ പ്രസ്ഥാനം, പില്‍ക്കാലത്ത് വ്യക്തി/കുടുംബ കേന്ദ്രീകൃത അധികാര രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു. കരുണാനിധിയും എം ജി ആറും ജയലളിതയുമൊക്കെ അതിലെ ബിംബങ്ങളാണ്. അതില്‍ മനം മടുത്ത ഇതര സ്വത്വങ്ങള്‍ രാഷ്ട്രീയമായി സംഘടിക്കുന്നത് പിന്നീട് കണ്ടു. പട്ടാളി മക്കള്‍ കക്ഷി, വിടുതലൈ ചിരുത്തൈകള്‍ കക്ഷി തുടങ്ങിയവയൊക്കെ അതിന്റെ പ്രതിഫലനങ്ങളായിരുന്നു. ജയയുടെ പ്രതിച്ഛായ കൂടി മങ്ങുന്നതോടെ ഈ വിഘടനം കൂടുതല്‍ വ്യാപകമാകാനുള്ള സാധ്യത ഏറെയാണ്. ഭിന്നിച്ച് ക്ഷീണിക്കുന്ന ഡി എം കെ, ഇല്ലാതാകുന്ന കോണ്‍ഗ്രസ്, നേതാവ് ജയിലിലാകുന്നതോടെ ഇടറാന്‍ ഇടയുള്ള എ ഐ എ ഡി എം കെ - ഇവയൊക്കെ സൃഷ്ടിക്കുന്ന വിള്ളലുകളിലേക്ക് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വേരിറക്കാനുള്ള ശ്രമങ്ങളുണ്ടാകുമെന്ന് ഉറപ്പ്.  പാകത്തിലൊരു താര ബിംബത്തെ മുന്നില്‍ നിര്‍ത്താന്‍ സാധിച്ചാല്‍ അവര്‍ക്കതിന് വലിയ പ്രയാസമുണ്ടാകില്ല. വംശഹത്യക്ക് അധ്യക്ഷത വഹിച്ചയാള്‍, തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് രജനീകാന്തിനെ കാണാനെത്തിയത് മറക്കാതിരിക്കുക. ഇതൊക്കെ സംഭവിച്ചാലും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പാകില്ല, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പാകും തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുക.


53 കോടിയുടെ അനധികൃത സമ്പാദ്യത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട ജയലളിതയെ ലക്ഷം കോടി ഉള്‍ക്കൊള്ളുന്ന അഴിമതികളുടെ ഭാഗഭാഗാക്കായവരും അതിന്റെ പ്രയോജനം കിട്ടിയ വ്യവസായികളുടെ തോളില്‍ കൈയിട്ട് നില്‍ക്കുന്നവരുമൊക്കെ ചേര്‍ന്ന് എതിര്‍ക്കുകയും നിയമവ്യവസ്ഥയുടെ വിജയം ഉദ്‌ഘോഷിക്കുകയും ചെയ്യുന്ന വൈരുധ്യമാകും ഇനിയത്തെ തമിഴ് രാഷ്ട്രീയം. സ്വാധീനങ്ങള്‍ക്കൊപ്പിച്ച് ഇഴയുകയോ അട്ടിമറിക്കപ്പെടുകയോ ചെയ്യുന്ന അന്വേഷണങ്ങള്‍ക്കും നീളുന്ന കോടതി നടപടികള്‍ക്കുമൊക്കെ ഇതില്‍ വലിയ പങ്ക് വഹിക്കാനുമുണ്ടാകും. സംഘടിതമായ അഴിമതി വികസനത്തിന്റെ ഉപോത്പന്നമാകുകയും അതിന്റെ നേതാക്കള്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുകയും ചെയ്യുന്ന, പുറത്തുനിന്ന് അധികാരത്തെ സ്വാധീനിക്കുന്ന ആള്‍ദൈവങ്ങള്‍ക്ക് മുന്നില്‍ മന്ത്രിമാര്‍ പഞ്ചപുച്ഛമടക്കുകയും ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തിന്റെ 'ശക്തി' കൂടിയാണിത്.

No comments:

Post a Comment