2014-08-10

മോദിക്ക് അമേരിക്ക ഇലയിടുമ്പോള്‍


അധികാരവും കച്ചവട സാധ്യതയും വലിയ കറകള്‍ മറയ്ക്കാനോ മറക്കാനോ വഴിയാകാറുണ്ട്. ഗുജറാത്തിലെ നൃശംസമായ വംശഹത്യ തടയാന്‍ സാധിക്കാതിരുന്ന ഭരണാധികാരിക്ക് വിസ നല്‍കേണ്ടെന്നായിരുന്നു ഇത്ര കാലം അമേരിക്കയുടെ തീരുമാനം. ഇന്ത്യന്‍ യൂനിയന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഈ വിലക്ക് ആ രാജ്യം പിന്‍വലിച്ചു. മറ്റൊരു രാജ്യത്തിന്റെ, പ്രത്യേകിച്ച് സകല മേഖലകളിലും സഹകരണത്തിന്റെയോ വിധേയത്വത്തിന്റെയോ മുഖം നിലനിര്‍ത്തുന്ന ഇന്ത്യയുടെ, ഭരണാധികാരിക്ക് വിസ നിഷേധിക്കാന്‍ അമേരിക്കക്ക് കഴിയില്ല. നയതന്ത്ര മര്യാദ അതിന് അനുവദിക്കുകയുമില്ല. പക്ഷേ, വിസാ വിലക്ക് നീക്കിയതിന് പിന്നാലെ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളില്‍ നിന്നും മന്ത്രിമാരില്‍ നിന്നും (അവിടുത്തെ ഭാഷയില്‍ സെക്രട്ടറിമാര്‍) ഉണ്ടായ പ്രതികരണങ്ങള്‍ കൗതുകകരമായിരുന്നു. ജോര്‍ജ് ബുഷ് പ്രസിഡന്റായിരിക്കുമ്പോഴോ മറ്റോ ഏര്‍പ്പെടുത്തിയ വിലക്ക്, അങ്ങനെ തുടര്‍ന്നിരുന്നുവെന്നേയുള്ളൂവെന്നും ബരാക് ഒബാമയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് അതിലൊരു പങ്കുമില്ലെന്നുമാണ് സര്‍ക്കാര്‍ വക്താവ് പറഞ്ഞത്. അടുത്ത മാസം അമേരിക്ക സന്ദര്‍ശിക്കുന്ന നരേന്ദ്ര  മോദിയെ, യു എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാന്‍ ക്ഷണിക്കണമെന്ന് സെനറ്റിലെയും ജനപ്രതിനിധി സഭയിലെയും ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇന്ത്യയെന്ന വലിയ കമ്പോളത്തിന്റെ അധികാരം ലഭിച്ചതോടെ ഗുജറാത്തിലെ വംശഹത്യയോ അതിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ നടന്ന ശ്രമങ്ങളോ അതില്‍  മോദിക്കുള്ള പങ്കിനെക്കുറിച്ചുള്ള ആരോപണങ്ങളോ, മനുഷ്യാവകാശ സംരക്ഷണത്തിന്റെ കാര്യത്തില്‍ വലിയ നിഷ്ഠയുണ്ടെന്ന് അവകാശപ്പെടുന്ന അമേരിക്കന്‍ ഭരണനേതൃത്വത്തിന് മുന്നില്‍ ഇല്ലാതായെന്ന് ചുരുക്കം. ഇത്തരം ആരോപണങ്ങളെ ഗൗരവത്തോടെ തുടര്‍ന്നും കാണുമെന്നും 'സാമന്ത'രാജ്യത്തിന്റെ തലവനെന്ന നിലയില്‍ വിസ അനുവദിച്ച് ഔദ്യോഗികമായി സ്വീകരിച്ച് ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കാളിയാക്കുകയാണെന്നും പറയാന്‍ അമേരിക്ക തയ്യാറല്ല. ഏതോ കാലത്ത് ആരോ ഏര്‍പ്പെടുത്തിയ വിസാ വിലക്കെന്ന് ലഘൂകരിക്കുകയും ചെയ്യുന്നു. സന്ദര്‍ശനം പൂര്‍ത്തിയാകുന്നതോടെ, 'ഈ പുമാനെക്കുറിച്ചാണോ നിങ്ങളീ ആരോപണങ്ങളൊക്കെ ഉന്നയിക്കുന്നത്' എന്ന് അമേരിക്കയുടെ നേതാക്കള്‍ ചോദിക്കുന്നത് കേള്‍ക്കാനാകും.


നരേന്ദ്ര മോദിയും ബരാക് ഒബാമയും തമ്മില്‍ സെപ്തംബറില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയുടെ അജന്‍ഡ നിശ്ചയിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും പ്രതിരോധ സെക്രട്ടറി ചഗ് ഹാഗെലും ജോണ്‍ മക്കയിനെപ്പോലുള്ള അമേരിക്കന്‍ കോണ്‍ഗ്രസിലെ പ്രമുഖ അംഗങ്ങളുമൊക്കെ സമീപ ദിവസങ്ങളില്‍ ഇന്ത്യയിലെത്തിയത് അതിനു വേണ്ടിയാണ്.


കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഒന്നും രണ്ടും യു പി എ സര്‍ക്കാറുകള്‍ അമേരിക്കയുമായി അടുത്ത ബന്ധമുണ്ടാക്കുന്നതില്‍ തത്പരരായിരുന്നു. പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗ്, ജോര്‍ജ് ബുഷുമായും ബരാക് ഒബാമയുമായും ദൃഢ സൗഹൃദം നിലനിര്‍ത്തിയയാളുമായിരുന്നു. എന്നാല്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് വേണ്ടത്ര സ്വാതന്ത്ര്യം കമ്പോളത്തില്‍ ലഭിക്കും വിധത്തില്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ മന്‍മോഹന്‍ സിംഗിനും കോണ്‍ഗ്രസിനും സാധിച്ചില്ല. ബി ജെ പിക്ക് ഒറ്റക്ക് ഭൂരിപക്ഷമുണ്ടാകുകയും പാര്‍ട്ടിയിലും ഭരണത്തിലും തീരുമാനങ്ങളെടുക്കുന്ന അധികാരി മോദിയാകുകയും ചെയ്തത് തങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനാകുമെന്ന തിരിച്ചറിവ് അമേരിക്കക്കുണ്ട്.


സിവിലിയന്‍ ആണവ സഹകരണ കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പിട്ടിട്ട് വര്‍ഷം ആറ് തികയുന്നു. ഇത് നടപ്പാക്കാനുള്ള ശ്രമങ്ങള്‍ പല കാരണങ്ങളാല്‍ പരാജയപ്പെട്ടു. അപകടങ്ങളുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതിന്റെ ബാധ്യത, വിദേശ കമ്പനികള്‍ക്ക് കൂടിയുണ്ടെന്ന് സൂചിപ്പിക്കുന്ന നിയമ വ്യവസ്ഥയാണ് അതിലൊന്ന്. അത്തരമൊരു വ്യവസ്ഥ വേണമെന്ന് ഇന്ത്യന്‍ പാര്‍ലിമെന്റില്‍ നിരന്തരം വാദിച്ച പാര്‍ട്ടിയാണ് ബി ജെ പി. ഈ നിയമ വ്യവസ്ഥയടക്കം കരാര്‍ നടപ്പാക്കുന്നതിലുള്ള തടകളൊക്കെ നീക്കേണ്ട ആവശ്യം അമേരിക്കക്കുണ്ട്. അത്   സാധിച്ചാല്‍, വെസ്റ്റിംഗ് ഹൗസിന്റെയും ജനറല്‍ ഇലക്ട്രിക്കല്‍സിന്റെയും റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള ഭൂമി, നരേന്ദ്ര മോദി കണ്ടെത്തിക്കൊള്ളുമെന്ന വിശ്വാസം അമേരിക്കക്കുണ്ട്. അമേരിക്കയില്‍ നിന്ന് വാങ്ങുന്ന ആയുധങ്ങളോ ആയുധ നിര്‍മാണ സാമഗ്രികളോ ഏത് വിധത്തില്‍ ഉപയോഗിക്കുന്നുവെന്ന് പരിശോധിക്കാന്‍ അനുമതി നല്‍കുന്ന കരാറും ഇന്റര്‍ ഓപറബിലിറ്റി (ഇരു രാജ്യങ്ങളുടെയും പടയാളികള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തിലുള്ള ആയുധ സമാനത കൈവരിക്കല്‍) കരാറുമൊക്കെ ചര്‍ച്ചകളുടെ പലതലങ്ങളില്‍ നില്‍ക്കുകയാണ്. ആയുധങ്ങളോ ആയുധ നിര്‍മാണ സാമഗ്രികളോ അമേരിക്കയില്‍ നിന്നോ ഇസ്‌റാഈലില്‍ നിന്നോ മാത്രം വാങ്ങാന്‍ ഇന്ത്യയെ നിര്‍ബന്ധിതമാക്കുക എന്നതാണ് ഇന്റര്‍ ഓപറബിലിറ്റി കരാറിന്റെ യഥാര്‍ഥ ഉദ്ദേശ്യം. ഇതടക്കം 2005 മുതല്‍ ആലോചിച്ചു വരുന്ന സമഗ്ര പ്രതിരോധ സഹകരണ പദ്ധതി നടപ്പാക്കുക എന്ന ലക്ഷ്യത്തിലേക്ക് വലിയൊരു ചുവടുവെപ്പ് മോദിയുടെ സന്ദര്‍ശനത്തിലുണ്ടാക്കാനാകുമെന്ന പ്രതീക്ഷ അമേരിക്കക്കുണ്ട്. പ്രതിരോധ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 49 ശതമാനമാക്കി ഉയര്‍ത്തിയ മോദി സര്‍ക്കാറിന്റെ നടപടി അവരുടെ പ്രതീക്ഷകള്‍ക്ക് വളമേകുകയും ചെയ്യുന്നു. പ്രതിരോധ മേഖലയിലെ വ്യാപാരം, സാങ്കേതിക വിദ്യ എന്നിവയില്‍ ഇന്ത്യയുടെ പൂര്‍ണ സഹകരണമാണ് ലക്ഷ്യമിടുന്നത് എന്ന് പ്രതിരോധ സെക്രട്ടറി ചഗ് ഹാഗെല്‍ പറഞ്ഞത് അതുകൊണ്ടാണ്.


മോദിയുടെ സന്ദര്‍ശനത്തിനിടെ പ്രധാന ചര്‍ച്ചയാകുന്ന മറ്റൊരു വിഷയം 'ഭീകരവാദ'ത്തെ നേരിടുന്നതിനുള്ള നടപടികളാണ്. ഭീകരാക്രമണങ്ങള്‍ പ്രവചിക്കാന്‍ പാകത്തിലുള്ള വിവരശേഖരണം അമേരിക്ക ഏത് വിധത്തില്‍ നടപ്പാക്കുന്നുവെന്നത് വിശദീകരിക്കുകയും അത് സ്വീകരിക്കാന്‍ ഇന്ത്യയെ സഹായിക്കുകയും ചെയ്യുക എന്നതാണ് ഉദ്ദേശ്യം. ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈനിന്റെ ഒളിത്താവളം കണ്ടെത്താന്‍ അമേരിക്കന്‍ സൈന്യവും സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയും (സി ഐ എ) നടപ്പാക്കിയ തന്ത്രമാണ് ഉദാഹരണമായി അവര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്.  സദ്ദാമിന്റെ ബന്ധുക്കള്‍, സുരക്ഷാഭടന്‍മാരുള്‍പ്പെടെ ഇറാഖ് പ്രസിഡന്റുമായി നിരന്തര സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ എന്നിവരെ നിരീക്ഷിക്കുകയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്താണ് വിവരങ്ങള്‍ ശേഖരിച്ചത് എന്ന് അമേരിക്ക തന്നെ പറഞ്ഞിട്ടുണ്ട്. ഈ രീതിയിലുള്ള നിരീക്ഷണവും പരിശോധനയും നടത്തിയാല്‍ ഭീകരാക്രമണ സാധ്യത മുന്‍കൂട്ടി അറിയാനും തടയാനും സാധിക്കുമെന്നാണ് സങ്കല്‍പ്പം.


ഇത്തരം മുന്‍കൂട്ടി അറിയലും തടയലും പല കുറി ആവര്‍ത്തിക്കപ്പെട്ടിരുന്നു മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍. അതാണ് സുഹ്‌റാബുദ്ദീന്‍ ശൈഖ്, ഇശ്‌റത്ത് ജഹാന്‍, സാദിഖ് ജമാല്‍ തുടങ്ങിയ പേരുകളില്‍ വ്യാജ ഏറ്റുമുട്ടലായി ഇപ്പോള്‍ അറിയപ്പെടുന്നത്. ഇത്തരം ഏറ്റുമുട്ടലുകള്‍ സംഘടിപ്പിക്കുന്നതിന് ഇന്റലിജന്‍സ് റിപോര്‍ട്ടുകള്‍ വ്യാജമായി ചമച്ചിരുന്നുവെന്ന് ഇതിനകം അന്വേഷണ ഏജന്‍സിക്ക് ബോധ്യപ്പെട്ടിട്ടുമുണ്ട്. 2002 മുതല്‍ 2007 വരെയുള്ള കാലത്ത് ഗുജറാത്തില്‍ അരങ്ങേറിയ മുപ്പതോളം ഏറ്റുമുട്ടലുകള്‍ വ്യാജ സൃഷ്ടികളായിരുന്നുവെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. ഇതിന് കാര്‍മികത്വം വഹിച്ച 'വെളുത്ത താടി' ഭരണത്തിനും 'കറുത്ത താടി' പാര്‍ട്ടിക്കും നേതൃത്വം നല്‍കുമ്പോള്‍, അമേരിക്കയുടെ നിരീക്ഷണ രീതി രാജ്യത്ത് നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ എന്ത് സംഭവിക്കുമെന്നത് കാത്തിരുന്നുതന്നെ കാണണം. വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് കൈയാളുകളാകുകയും ഇപ്പോള്‍ ആരോപണവിധേയരാകുകയും ചെയ്ത പല ഉദ്യോഗസ്ഥരെയും സര്‍വീസില്‍ തിരിച്ചെടുക്കുകയും സ്ഥാനക്കയറ്റം നല്‍കുകയുമാണ് ഗുജറാത്ത്, രാജസ്ഥാന്‍ സര്‍ക്കാറുകള്‍. കേന്ദ്ര ഭരണം മോദിയുടെ കൈകളിലെത്തിയതിനു  ശേഷമാണ് ഗുജറാത്ത്, രാജസ്ഥാന്‍ സര്‍ക്കാറുകള്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ തുടങ്ങിയത്. നിരപരാധികളെ ഭീകരാക്രമണക്കേസുകളില്‍ ആരോപണവിധേയരാക്കി അറസ്റ്റ് ചെയ്ത് വര്‍ഷങ്ങള്‍ വിചാരണത്തടവുകാരാക്കിയ കഥ മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലുമുണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ്, കോണ്‍ഗ്രസ് സഖ്യ സര്‍ക്കാറുകള്‍ അധികാരത്തിലിരിക്കെയാണ് ഇത്തരം സംഭവങ്ങളുണ്ടായത്. ഇവയിലൊന്നും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായതുമില്ല. പോലീസ് ഉദ്യോഗസ്ഥര്‍ ഇവ്വിധം പ്രവര്‍ത്തിക്കുന്നത്, പോലീസ് സേനയില്‍ നിലനില്‍ക്കുന്ന വര്‍ഗീയതയുടെ ഫലമാണെന്ന വിലയിരുത്തലുണ്ട്. അതിക്രമങ്ങളില്‍ ആരോപണവിധേയരാകുന്ന ഉദ്യോഗസ്ഥര്‍ സംരക്ഷിക്കപ്പെടുമെന്ന സന്ദേശം ഭരണകൂടം നല്‍കുക കൂടി ചെയ്യുന്ന രാജ്യത്ത്, അമേരിക്കന്‍ മാതൃക സ്വീകരിക്കപ്പെടുക കൂടി ചെയ്താല്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകാനാണ് സാധ്യത.


കൃഷിക്കും ഭക്ഷ്യവസ്തുക്കള്‍ക്കുമുള്ള സബ്‌സിഡി പരിമിതപ്പെടുത്താനുള്ള നിര്‍ദേശത്തെ ഇന്ത്യ എതിര്‍ത്തത്, ലോക വ്യാപാര സംഘടനയുടെ പുതിയ കരാര്‍ പ്രാബല്യത്തിലാക്കുന്നതിന് തടസ്സമായിരുന്നു. തന്റെ സര്‍ക്കാര്‍ പാവങ്ങള്‍ക്കൊപ്പമാണെന്നും അതുകൊണ്ടാണ് ഈ നിലപാട് സ്വീകരിച്ചത് എന്നുമാണ് നരേന്ദ്ര മോദി പിന്നീട് പറഞ്ഞത്. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ നടത്താന്‍ ഇടയുള്ള വ്യാപാര - വാണിജ്യ ചര്‍ച്ചകളില്‍ ഇതേ നിലപാട് നരേന്ദ്ര മോദി സ്വീകരിക്കുമോ എന്നതും കൗതുകമുണര്‍ത്തുന്നുണ്ട്. ഇന്‍ഷ്വറന്‍സ്, ബേങ്കിംഗ് മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പരിധി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണ്. റെയില്‍വേയില്‍ സ്വകാര്യ, വിദേശ നിക്ഷേപം കൊണ്ടുവരാന്‍ ശ്രമിക്കുന്നുമുണ്ട്. ഇതടക്കമുള്ള പരിഷ്‌കരണ നടപടികള്‍ മാത്രം മതിയാകില്ല, അമേരിക്കന്‍ ഭരണകൂടത്തിന്. ഇന്ത്യയിലെ ഏറ്റവും  വലിയ ഉത്പാദന മേഖല കൃഷിയും കമ്പോളം കാര്‍ഷികോത്പന്നങ്ങളുമാണ്. ഇവിടേക്ക് പ്രവേശിക്കാന്‍ തങ്ങളുടെ കമ്പനികള്‍ക്ക് അനുവാദം ലഭിക്കുക എന്നത് അമേരിക്കയെ സംബന്ധിച്ച് പ്രധാനമാണ്. നിലവില്‍ സബ്‌സിഡി സമ്പ്രദായമുള്ളതിനാല്‍ കമ്പനികള്‍ക്ക് കമ്പോളത്തില്‍ മത്സരിക്കുക പ്രയാസമാകും. അതുകൊണ്ട് തന്നെ ലോക വ്യാപാര സംഘടനയുടെ പുതിയ കരാറിനെ അംഗീകരിക്കാന്‍ ഇന്ത്യക്കുമേല്‍ അവര്‍ സമ്മര്‍ദം ചെലുത്തുമെന്ന് ഉറപ്പ്. ഒബാമയുമായുള്ള ചര്‍ച്ചക്കു ശേഷം ഈ വിഷയത്തിലെ നിലപാട് മോദി സര്‍ക്കാര്‍ മാറ്റാനുള്ള സാധ്യത ഏറെയാണ്. ഇന്ത്യാ സന്ദര്‍ശനത്തിനിടെ മോദിയെ കണ്ട, യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ലോക വ്യാപാര സംഘടനയുടെ കരാറിനെ  പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിയുന്നത്ര വേഗം ഇന്ത്യ നിലപാട് മാറ്റുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.
ഏതോ കാലത്ത് ആരോ ഏര്‍പ്പെടുത്തിയ വിസാ വിലക്കിനെ അത്ര പ്രധാനമായി കാണേണ്ടതില്ലെന്ന അഭിപ്രായം അമേരിക്കയുടെ ഭരണ നേതൃത്വം പ്രകടിപ്പിക്കുകയും കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാന്‍ മോദിയെ ക്ഷണിക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് വെറുെതയല്ല. പ്രധാനമന്ത്രിയായതോടെ, ഗുജറാത്ത് വംശഹത്യയിലെ മോദിയുടെ ഉത്തരവാദിത്വം മറക്കാന്‍ ശീലിച്ചിരിക്കുന്നു പൊതു സമൂഹം. അതോര്‍മിപ്പിക്കുന്നത് കുറ്റകരമാണെന്ന തോന്നല്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ പരാമര്‍ശങ്ങളുടെ പേരില്‍ നടത്തിയ അറസ്റ്റുകളിലൂടെ, ജനിപ്പിക്കാന്‍ മോദി സര്‍ക്കാറിന് സാധിച്ചിട്ടുമുണ്ട്. ഇത് അന്താരാഷ്ട്ര രംഗത്തേക്ക് വ്യാപിപ്പിക്കാന്‍ അമേരിക്കയുമായുണ്ടാക്കുന്ന വ്യാപാര, പ്രതിരോധ സഹകരണ (വിധേയ) കരാറുകളിലൂടെ സാധിക്കുമെന്ന് പ്രതിച്ഛായാ നിര്‍മിതിക്കുള്ള അവസരം പാഴാക്കാത്ത നേതാവ്  വിചാരിക്കുന്നുണ്ടാകണം.

No comments:

Post a Comment