2014-05-25

മോദി ഉടമയാകുമ്പോള്‍


''സ്വാതന്ത്ര്യവും തിരഞ്ഞെടുക്കാനുള്ള അവകാശവുമുണ്ടെന്ന തോന്നല്‍ ജനിപ്പിക്കാന്‍ മാത്രമാണ് രാഷ്ട്രീയക്കാര്‍. യഥാര്‍ഥത്തില്‍ അതൊന്നും നിങ്ങള്‍ക്കില്ല. നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവകാശമില്ല. നിങ്ങള്‍ക്ക് ഉടമസ്ഥരാണുള്ളത്. രാഷ്ട്രീയക്കാര്‍ നിങ്ങളുടെ ഉടമകളാണ്, എല്ലാറ്റിന്റെയും ഉടമകളാണ്. കണ്ണായ ഭൂമിയുടെ, കോര്‍പറേഷനുകളുടെ എല്ലാം... ജഡ്ജിമാരെ പിറകിലെ പോക്കറ്റിലാക്കാന്‍ അവര്‍ക്കായിരിക്കുന്നു. വലിയ മാധ്യമ കമ്പനികളുടെയെല്ലാം ഉടമകള്‍ അവരാണ്. അതുകൊണ്ടു തന്നെ നിങ്ങള്‍ക്ക് മുന്നിലെത്തുന്ന വാര്‍ത്തകളെയും വിവരങ്ങളെയും അവര്‍ നിയന്ത്രിക്കുന്നു'' - നടനും എഴുത്തുകാരനും ചിന്തകനുമായ ജോര്‍ജ് ഡെനിസ് പാട്രിക് കാര്‍ലിന്‍  പറയുന്നത് അമേരിക്കയിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ്. എങ്കിലും ഈ നിരീക്ഷണത്തിലെ ഭൂരിഭാഗവും സാര്‍വലൗകികമായി ശരിയാണ്. അമേരിക്കയുടെതിന് സമാനമായ സാമ്പത്തിക നയ പരിപാടികള്‍ പിന്തുടരുന്ന, വരും ദിവസങ്ങളില്‍ കൂടുതല്‍ ഊര്‍ജിതമായി പിന്തുടരാനിരിക്കുന്ന ഇന്ത്യന്‍ യൂനിയനെ സംബന്ധിച്ച് വലിയ ശരിയുമാണ്. പ്രകൃതി വിഭവങ്ങളുടെ ഉടമസ്ഥാവകാശം സര്‍ക്കാറിനാണെന്ന് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരിക്കെ വിധി പുറപ്പെടുവിച്ച ശേഷം ഉടമ രാഷ്ട്രീയ നേതാക്കളാണെങ്കിലും (സര്‍ക്കാര്‍) ലാഭമെടുക്കേണ്ടത് കോര്‍പറേറ്റുകളാണെന്ന തത്വം രാജ്യത്ത് നടപ്പായെന്ന വ്യത്യാസം മാത്രം.


നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടെ, ഇത്രയും കാലം അമൂര്‍ത്തമായിരുന്ന ഉടമക്ക് മൂര്‍ത്ത രൂപം ലഭിക്കുമെന്ന് തന്നെ കരുതണം. ഉടമാവകാശം സ്ഥാപിച്ചെടുക്കുന്നത് എങ്ങനെ എന്ന് ഇതിനകം മോദി, കാട്ടിത്തന്നിട്ടുണ്ട്. ജനാധിപത്യ രീതിയില്‍ ഭരണം നടക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുകയും അധികാരം ഒരൊറ്റ വ്യക്തിയില്‍ കേന്ദ്രീകരിക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഒരു വ്യാഴവട്ടത്തിലേറെയായി ഗുജറാത്തില്‍ കണ്ടത്. ബി ജെ പി എന്ന പാര്‍ട്ടി അവിടെ അപ്രസക്തമായി. പാര്‍ട്ടിയുടെ നയങ്ങള്‍ മോദി സര്‍ക്കാര്‍ നടപ്പാക്കുകയല്ല, മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത് പാര്‍ട്ടിയുടെ നയമാകുന്ന രീതിയാണ് ഗുജറാത്തില്‍ കണ്ടത്. വിവിധ വകുപ്പുകളില്‍ പേരിന് മന്ത്രിമാരുണ്ടായിരുന്നുവെങ്കിലും തീരുമാനങ്ങളെല്ലാം മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ എടുത്തു. തന്റെ വകുപ്പിലെ കാര്യങ്ങള്‍ താനറിയാതെ തീരുമാനിച്ചതിലെ അതൃപ്തി മന്ത്രിസഭാ യോഗത്തില്‍ പ്രകടിപ്പിക്കാന്‍ ഒരു മന്ത്രി തയ്യാറായി. അതിന് ശേഷവും ഭരണ രീതിയില്‍ മാറ്റമുണ്ടായില്ല, പിന്നീട് മന്ത്രിമാര്‍ക്കാര്‍ക്കും അതൃപ്തിയുണ്ടായില്ലെന്ന് മാത്രം. മുഖ്യമന്ത്രിക്കസേരയിലെ പിന്‍ഗാമിയെ തീരുമാനിച്ചപ്പോഴും ഉടമയുടെ വേഷത്തില്‍ മോദിയുണ്ടായിരുന്നു.


2012ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം ബി ജെ പിയുടെ ആകെ ഉടമാവകാശം നേടിയെടുക്കാനായിരുന്നു നരേന്ദ്ര മോദിയുടെ ശ്രമം. അത് വിജയിക്കുന്ന കാഴ്ചയാണ് ഒന്നര  വര്‍ഷത്തിനിടെ രാജ്യം കണ്ടത്. ബി ജെ പിയുടെ സ്ഥാപക നേതാക്കളിലൊരാളും തീവ്ര ഹിന്ദുത്വ അജന്‍ഡയുടെ കാര്യത്തില്‍ മോദിയുടെ ഗുരുവര്യനുമായ എല്‍ കെ അഡ്വാനിക്ക്, ലോക്‌സഭാ സീറ്റിന്റെ കാര്യത്തില്‍ മോദിയുടെ കൃപാകടാക്ഷം വേണ്ടിവന്നു. മുഹമ്മദലി ജിന്ന മതനിരപേക്ഷ നിലപാടുള്ള നേതാവായിരുന്നുവെന്ന പ്രസ്താവനയുടെ പേരില്‍ അഡ്വാനിയെ ബി ജെ പിയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കിയ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ  നേതൃത്വം പോലും മോദിയെ ഉടമസ്ഥനായി അംഗീകരിച്ചിരിക്കുന്നു. ജനസംഘിന്റെ സ്വപ്‌നം സഫലമാകുന്ന മുഹൂര്‍ത്തം കാണാനുള്ള ഭാഗ്യം നരേന്ദ്ര 'ഭായ്' മോദിയുടെ 'കൃപ' കൊണ്ടുണ്ടായിരിക്കുന്നുവെന്ന് ഇടറിയ തൊണ്ടയോടെ അഡ്വാനിക്ക് പറയേണ്ടിവന്നത്, അധീശത്വം പൂര്‍ണമായെന്ന്  തിരിച്ചറിഞ്ഞതുകൊണ്ടാണ്. 'കൃപ' എന്ന വാക്കുപയോഗിക്കരുതെന്ന് കണ്ണീരണിഞ്ഞ നാടകം, വിനയത്തിന്റെ പ്രകടനമായല്ല മറിച്ച് ഉടമസ്ഥത അംഗീകരിക്കപ്പെട്ടതിന്റെ നന്ദിപ്രകടനമായി വേണം കണക്കാക്കാന്‍.


സത്യപ്രതിജ്ഞയുടെ തലേന്ന് വരെ, തന്റെ മന്ത്രിസഭയുടെ അംഗബലമോ പ്രാതിനിധ്യമോ സംബന്ധിച്ച് യാതൊരു സൂചനയും നല്‍കാതിരിക്കാന്‍ മോദി ശ്രദ്ധിച്ചിരുന്നു. ഉടമയുടെ ഇംഗിതമറിയാതെ ഉഴറുന്ന കൂട്ടമായി ബി ജെ പി പ്രസിഡന്റ് രാജ്‌നാഥ് സിംഗ് അടക്കമുള്ള നേതാക്കള്‍. ഇന്ത്യന്‍ യൂനിയനിലെ ജനങ്ങള്‍ക്ക് സത്യപ്രതിജ്ഞക്ക് മുമ്പ് തന്നെ മോദി നല്‍കുന്ന സൂചനയാണിത്. പ്രചാരണ പ്രസംഗങ്ങളിലൊക്കെ പറഞ്ഞിരുന്നത് പോലെ 'ഞാന്‍ തീരുമാനിക്കും, ഞാന്‍ നടപ്പാക്കും' എന്ന വാഗ്ദാനം പാലിക്കാന്‍ പോകുകയാണെന്ന സൂചന. അത്തരമൊരു ഫാസിസ്റ്റ് ശൈലി തന്നെയാണ് തങ്ങളുടെ യഥാര്‍ഥ അജന്‍ഡ നടപ്പാക്കുന്നതിനുള്ള മാര്‍ഗമെന്ന് ആര്‍ എസ് എസ് നേതൃത്വവും കരുതുന്നുണ്ട്. അതുകൊണ്ടാണ് മോദിയുടെ ഉടമസ്ഥാവകാശം അംഗീകരിച്ചുകൊടുക്കാന്‍ അവര്‍ തീരുമാനിച്ചതും.


സത്യപ്രതിജ്ഞയിലേക്ക് സാര്‍ക്കിലെ അംഗരാജ്യങ്ങളുടെ മുഴുവന്‍ തലവന്‍മാരെയും ക്ഷണിച്ച്, അധികാരമേറും മുമ്പ് തന്നെ പ്രതിച്ഛായ സൃഷ്ടിക്ക് മോദി ശ്രമം തുടങ്ങി. 2002ലെ ഗുജറാത്ത് വംശഹത്യക്ക് ശേഷം, അന്താരാഷ്ട്ര തലത്തില്‍ അപ്രഖ്യാപിത വിലക്ക് നേരിടുന്നുണ്ട് ഇന്ത്യയുടെ നിയുക്ത പ്രധാനമന്ത്രി. ഇന്ത്യന്‍ യൂനിയന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ മോദിക്ക് വിസ നല്‍കാന്‍ അമേരിക്കയും ഇംഗ്ലണ്ടുമൊക്കെ ഇനി നിര്‍ബന്ധിതമാകും. അപ്പോഴും വംശഹത്യക്ക് അധ്യക്ഷത വഹിച്ച ഭരണാധികാരിയെന്ന പേരുദോഷം നിലനില്‍ക്കും. അതിലൊരു മാറ്റമുണ്ടാകണമെങ്കില്‍ അയല്‍ രാജ്യങ്ങളുമായി പ്രത്യേകിച്ച് പാക്കിസ്ഥാനുമായി നല്ല ബന്ധമുണ്ടാക്കേണ്ടത് അനിവാര്യമെന്ന് അദ്ദേഹം കരുതുന്നുണ്ടാകണം. അതുകൊണ്ടാണ് അധികാരമേല്‍ക്കും മുമ്പ് നയതന്ത്ര നീക്കം തുടങ്ങിവെച്ചത്. മോദി സര്‍ക്കാര്‍ ഏത് വിധത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് നോക്കിയാകും അതിനോടുള്ള നിലപാട് തീരുമാനിക്കുക, അധികാരത്തിന്റെ ആദ്യ നാളുകളില്‍ തീവ്രഹിന്ദുത്വ - വിഭാഗീയ അജന്‍ഡകളില്‍ മോദി കൈവെക്കാനിടയില്ല എന്നൊക്കെ പൊതു നിലപാട് സ്വീകരിക്കുന്നവര്‍ക്കും ഉത്തേജനം നല്‍കുന്നതാണ് ഈ നയതന്ത്ര നീക്കം.


ഇത്തരം നിലപാടുകളിലേക്ക് വേഗത്തില്‍ എത്തുന്നതില്‍, തിരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്നതുപോലുള്ള രാഷ്ട്രീയ ജാഗ്രതയില്ലായ്മയുണ്ട്. ഉടമസ്ഥത സ്ഥാപിച്ചെടുക്കാന്‍ മോദി നടത്തിയ നീക്കങ്ങളും അതില്‍ കൈവരിച്ച വിജയവും വേണ്ടത്ര സൂക്ഷ്മതയോടെ വിശകലനം ചെയ്യാത്തത് മൂലമുള്ള ജാഗ്രതയില്ലായ്മ. വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ച് പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ക്ക്, ഇന്ത്യന്‍ യൂനിയനിലെ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരിക്കെപ്പോലും ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥരുടെ സഹായം ഉറപ്പാക്കാന്‍ മോദിക്ക് സാധിച്ചിരുന്നു. ആന്ധ്രാ പ്രദേശിനെയും മഹാരാഷ്ട്രയെയും രാജസ്ഥാനെയും പോലുള്ള സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയും ഉറപ്പാക്കിയിരുന്നു. അത്തരമൊരാളുടെ കൈകളിലേക്ക് ഇന്റലിജന്‍സ് ബ്യൂറോയുടെ നിയന്ത്രണമെത്തുമ്പോള്‍, നല്ല ഉടമസ്ഥനായി അഭിനയിക്കാന്‍ ആദ്യ നാളുകളിലെങ്കിലും മോദി ശ്രമിക്കുമെന്ന് പ്രതീക്ഷിക്കാന്‍ അനുവദിക്കുന്നില്ല. വര്‍ഗീയവിഷം മനസ്സില്‍ നിറഞ്ഞ ഇത്തരം ഉദ്യോഗസ്ഥര്‍, പ്രത്യേക നിര്‍ദേശമൊന്നുമില്ലാതെ തന്നെ ഉടമക്ക് പാദസേവ ചെയ്യുമെന്നതില്‍ തര്‍ക്കം വേണ്ട.


നീതിന്യായ സംവിധാനത്തെ സംഘ കേന്ദ്രവുമായി ബന്ധിപ്പിക്കുന്ന കാഴ്ചയും ഗുജറാത്തില്‍ കണ്ടു. വംശഹത്യയുള്‍പ്പെടെ മോദി ഭരണകൂടത്തിനെതിരായ കേസുകളിലൊക്കെ, പ്രോസിക്യൂഷന്റെ ചുമതലയുണ്ടായിരുന്ന അഭിഭാഷകന്‍ എല്ലാ രേഖകളും സംഘ് ബുദ്ധിജീവിക്ക് കൈമാറി വേണ്ട ഉപദേശങ്ങള്‍ സ്വീകരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ച് യാതൊരു അന്വേഷണവും രാജ്യത്തെ നീതിന്യായ സംവിധാനമോ കേന്ദ്ര ഭരണകൂടമോ നടത്തിയതുമില്ല. തെളിവ് നശിപ്പിച്ചും പരാതിക്കാരെയും സാക്ഷികളെയും ഭീഷണിപ്പെടുത്തിയും കേസുകള്‍ അട്ടിമറിച്ചതിന് പുറമെയാണ് പുതിയ പാത, ഗുജറാത്ത് ഭരിക്കുമ്പോള്‍ മോദി തുറന്നുവെച്ചത്. ഈ മാതൃക നടപ്പാക്കാന്‍ പാകത്തില്‍ 'സത്യസന്ധ'രായ അഭിഭാഷകരെ ഡല്‍ഹിയിലും മോദിക്ക് ലഭിക്കുമെന്ന് ഉറപ്പ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ, മോദിയെ പ്രധാനമന്ത്രിയായി കരുതിയിരുന്ന മാധ്യമങ്ങളാണ് രാജ്യത്ത് ഭൂരിഭാഗവുമെന്നതിനാല്‍ അവയുടെ ഉടമസ്ഥത ഏറ്റെടുക്കേണ്ട ആവശ്യമേ വരുന്നില്ല. മോദി പ്രധാനമന്ത്രിയാകാന്‍ യത്‌നിച്ച, മുമ്പ് മന്‍മോഹന്‍ സിംഗിന്റെ ബംഗ്ലാവിലേക്ക് മുന്‍കൂര്‍ അനുമതി വാങ്ങാതെ പ്രവേശിക്കാന്‍ അവകാശമുണ്ടായിരുന്ന, കോര്‍പറേറ്റുകള്‍ മാധ്യമങ്ങളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടുമ്പോള്‍ പ്രത്യേകിച്ചും.


അദാനി ഗ്രൂപ്പിന് ഗുജറാത്തില്‍ നല്‍കിയ ആനുകൂല്യങ്ങള്‍ ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കാനും അംബാനി, ടാറ്റ, എസ്സാര്‍ തുടങ്ങിയ വന്‍കിടക്കാര്‍ക്ക് വേണ്ട സഹായങ്ങള്‍ ഉറപ്പാക്കാനും മോദി ശ്രമിക്കുമെന്നത് ഉറപ്പ്. സാമ്പത്തിക പരിഷ്‌കരണം തുടരുന്നതിന്റെ ഭാഗമായി വിദേശ മൂലധനത്തിന്റെ ഒഴുക്കിന് നിലവിലുള്ള ചെറിയ നിയന്ത്രണങ്ങള്‍ കൂടി നീക്കി നല്‍കുമെന്നും കരുതണം. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ മേഖലക്ക് കൈമാറുന്നതിന്റെ വേഗവും കൂട്ടും. ഇടത് തീവ്രവാദികളെ ഉന്‍മൂലനം ചെയ്ത്, വ്യവസായികളെ ധാതുസമ്പത്തുള്ള ഭൂമിയുടെ അവകാശികളാക്കി മാറ്റാനും ശ്രമിക്കും. വര്‍ഗീയ ധ്രുവീകരണ നീക്കങ്ങള്‍, സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്ക് സമാന്തരമാകുമ്പോള്‍, രാജ്യത്തിനകത്തും പുറത്തും വലിയ ശ്രദ്ധാ കേന്ദ്രമാകില്ല. ഉയരുന്ന ജി ഡി പിയെയും വലിയ കമ്പോളം കൂടുതലായി തുറന്നു കിട്ടുന്നതിനെയും  പ്രധാനമായി കാണുന്നവര്‍ക്ക് അതൊന്നും പ്രശ്‌നവുമാകില്ല. അതൊരു ന്യൂനപക്ഷത്തിന്റെ (ന്യൂനപക്ഷമെന്നത് സമുദായ അടിസ്ഥാനത്തിലല്ല) പ്രശ്‌നം മാത്രമായി ചുരുങ്ങും. അവര്‍ക്ക് ആശയപ്രകാശനം വലിയ വെല്ലുവിളിയാകുകയും ചെയ്യും. വിമര്‍ശങ്ങളെ ഡോ. മന്‍മോഹന്‍ സിംഗ് സ്വീകരിച്ചത് പോലെയാകില്ല, പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന നരേന്ദ്ര മോദി സ്വീകരിക്കുക. ആ വിമര്‍ശങ്ങള്‍, ദേശീയതക്കെതിരായ നീക്കങ്ങളായോ രാജ്യസ്‌നേഹത്തിനുള്ള ലിറ്റ്മസ് ടെസ്റ്റായോ പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്. അപ്രഖ്യാപിതമായി അത്തരമൊരു അവസ്ഥ നിലവില്‍ വന്നോ എന്നത് പോലും സംശയിക്കണം.


ലോക്‌സഭയില്‍ 414 സീറ്റ് നേടിയാണ് 1984ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായത്. വന്‍ മരങ്ങള്‍ വീഴുമ്പോള്‍ പുല്‍ക്കൊടികള്‍ നശിക്കുക സ്വാഭാവികമെന്ന്, സിഖ് വംശഹത്യയെക്കുറിച്ച് പറഞ്ഞതിന്റെ പേരില്‍ പ്രധാനമന്ത്രിയായിരിക്കെയും തുടര്‍ന്നും എന്തിന് മരണശേഷവും രാജീവ് വിമര്‍ശിക്കപ്പെട്ടു. നീതിയുടെ പക്ഷത്തു നില്‍ക്കുന്നവര്‍ക്ക് ആ വിമര്‍ശം ഒഴിവാക്കാന്‍ സാധിക്കില്ല. ഘടകകക്ഷികളുടെത് ഒഴിവാക്കിയാല്‍ 282 സീറ്റിന്റെ ബലത്തില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍, 2002ലെ ഗുജറാത്ത് വംശഹത്യയുടെ നടത്തിപ്പില്‍ പങ്കുണ്ടെന്ന ആരോപണം (നിയമപരമായി തന്നെ) നേരിടുന്ന വ്യക്തിയാണിദ്ദേഹമെന്ന് ഉറക്കെ ഓര്‍മിക്കാന്‍ ആരെങ്കിലും തയ്യാറാകുന്നുണ്ടോ? ഭീതിയുടെ ലക്ഷണം അതുതന്നെയാണ്. വംശഹത്യാനന്തരം സൃഷ്ടിക്കപ്പെട്ട ഭീതിയുടെ അന്തരീക്ഷമാണ് ഗുജറാത്തില്‍ തുടര്‍ച്ചയായി അധികാരത്തിലെത്താന്‍ മോദിയെ സഹായിച്ചത്. പാര്‍ട്ടിയെയും ഭരണസംവിധാനത്തെയുമാകെ കൈപ്പിടിയിലൊതുക്കാന്‍ ഉപയോഗിച്ചതും അതുതന്നെയാണ്. രാജ്യത്ത് ഭീതിയുടെ തടവറയൊരുക്കാന്‍ പല വഴികള്‍ മുന്നിലുണ്ട് പുതിയ ഉടമസ്ഥന്.
''ഫാസിസത്തെ കുറേക്കൂടി കൃത്യമായി കോര്‍പറേറ്റിസമെന്ന് വിളിക്കാം, കാരണം അത് ഭരണകൂടത്തിന്റെയും കോര്‍പറേറ്റ് അധികാരത്തിന്റെയും ലയനമാണ്'' എന്ന ബെനിറ്റോ മുസോളിനിയുടെ വാക്കുകളാകും ഇനിയങ്ങോട്ട് കൂടുതല്‍ ഓര്‍ക്കേണ്ടിവരിക.

2014-05-22

ഇടതിലെ ഓട്ടക്ക് ഇരുട്ടിന്റെ അടപ്പ്


കാക്ക കാഷ്ഠിക്കുന്നതില്‍പ്പോലും രാഷ്ട്രീയമുണ്ടെന്ന് കരുതുകയും അതിനെ വര്‍ഗവിശകലനം ചെയ്ത്, അണികളെയും അനുഭാവികളെയും  സായുധരാക്കുകയും ചെയ്യുന്നതാണ് ഇടത് പാര്‍ട്ടികളുടെ, പ്രത്യേകിച്ച് സി പി എമ്മിന്റെ രീതി. രാജ്യത്ത് വര്‍ഗീയ - ഫാസിസ്റ്റ് രാഷ്ട്രീയം വളരുന്നതിലും സമാന്തരമായി അരാഷ്ട്രീയത ഉണരുന്നതിലുമുള്ള ആകുലത നിരന്തരം പങ്ക്‌വെക്കുകയും ചെയ്തിരുന്നു ഇടത് പാര്‍ട്ടികള്‍. ഇതിനപ്പുറത്ത് രാഷ്ട്രീയമായ മുന്നേറ്റത്തിനോ, അവരെ തന്നെ ആകുലരാക്കിയ രാഷ്ട്രീയ സിദ്ധാന്തങ്ങളുടെ മുന്നോട്ടുവരവിനെ തടയുന്നതിനോ എന്തെങ്കിലും പ്രായോഗിക പദ്ധതി ഇടതുപക്ഷത്തിനുണ്ടായിരുന്നോ എന്ന സംശയം പ്രബലമാകുകയാണ്. ബി ജെ പിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ച തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷവും നേരം പുലരാത്ത ഏതെങ്കിലും രാഷ്ട്രീയ സംവിധാനമുണ്ടെങ്കില്‍ അത് ഇടതുപക്ഷമാണ്, പ്രത്യേകിച്ച് സി പി എമ്മാണ് എന്ന് പറയേണ്ടിവരും. അതുകൊണ്ട് തന്നെ രാജ്യത്തെ മുഖ്യധാരാ ഇടതുപക്ഷത്തിന്റെ ഭാവി വലിയ ചോദ്യചിഹ്നത്തിന് മുന്നിലാണ്.


ഇടതുപക്ഷത്തിന് സ്വാധീനമുള്ള മണ്ണില്‍ ബി ജെ പിയുടെ വര്‍ഗീയ രാഷ്ട്രീയം വളരില്ല എന്നതായിരുന്നു ഇത്ര കാലവും സി പി എമ്മിന്റെ സിദ്ധാന്തം. കേരളം, ബംഗാള്‍, ത്രിപുര എന്നിവിടങ്ങളില്‍ ബി ജെ പിക്ക് വേരോട്ടമുണ്ടായിട്ടില്ലെന്നത് ഉദാഹരണമായി ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ആ അവസ്ഥക്ക് വിരാമമായെന്നോ അത്തരമൊരു അവസ്ഥ, വര്‍ഗീയ രാഷ്ട്രീയത്തെ പിന്തുണക്കാന്‍ ഇടതു മണ്ണിലെ വോട്ടര്‍മാര്‍ യഥാര്‍ഥ അവസരം കാത്തിരുന്നത് കൊണ്ട് മാത്രമായിരുന്നുവെന്നോ ഉള്ള വിലയിരുത്തലില്‍ എത്തേണ്ട തിരഞ്ഞെടുപ്പ് ഫലമാണ് ഇക്കുറിയുണ്ടായത്. ആ ഗൗരവത്തോടെ, കാര്യങ്ങളെ സമീപിക്കാനുള്ള ശ്രമം സി പി എം നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല എന്നതുകൊണ്ടാണ്  രാജ്യത്ത് ഇനിയും നേരം പുലരാത്തത് ഇടത് പാര്‍ട്ടികള്‍ക്ക് മാത്രമാണെന്ന് പറയേണ്ടിവരുന്നത്. പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി വരെയുള്ള വിവിധ ഘടകങ്ങള്‍, ഫലം അവലോകനം ചെയ്ത്, ഔദ്യോഗികമായൊരു വിശദീകരണത്തിലേക്ക് എത്തിയിട്ടില്ല എന്നതുകൊണ്ട് തന്നെ ഇങ്ങനെ പറയുന്നത് 'അകാല'ത്തിലാണോ (എം എ ബേബിയോട് കടപ്പാട്) എന്ന സംശയം ന്യായമാണ്. പക്ഷേ, നേതാക്കളുടെ പ്രാഥമിക പ്രതികരണങ്ങളെ കണക്കിലെടുക്കുമ്പോള്‍ പറയാതിരിക്കാന്‍ നിവൃത്തിയില്ല. വര്‍ഗീയമായ ചേരിതിരിവിനെ, തങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍പ്പോലും തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലേക്ക് സി പി എമ്മും അതിന്റെ നേതാക്കളും മാറിയിരിക്കുന്നുവെന്ന് ചുരുക്കം. വോട്ടെണ്ണലിന്റെ കണക്കുകള്‍ വന്നതിന് ശേഷവും അവര്‍ക്ക് അതിന് സാധിക്കാതെ വരുമ്പോള്‍ നേരം പുലര്‍ന്നിട്ടില്ലെന്ന് തന്നെ പറയേണ്ടിവരും.


34 വര്‍ഷത്തിന് ശേഷം പശ്ചിമ ബംഗാളില്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍, മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് രണ്ട് ടേം പിന്നിടുമ്പോഴെങ്കിലും നിവര്‍ന്ന് നില്‍ക്കാനാകുമെന്ന പ്രതീക്ഷ, ഇടതു മുന്നണിക്കും സി പി എമ്മിനുമുണ്ടായിരുന്നു. ഇടതു രാഷ്ട്രീയത്തെ ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്നവരും ഈ പ്രതീക്ഷ പങ്ക് വെച്ചു. പക്ഷേ, ഈ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ അവിടെ ചിത്രം മാറിയിരിക്കുന്നു. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച സീറ്റുകളിലൊന്ന് പോലും നിലനിര്‍ത്താന്‍ സി പി എമ്മിനോ ഇടതു മുന്നണിക്കോ സാധിച്ചില്ല. ആകെ ജയിച്ചത് രണ്ട് പേര്‍. കൈയിലുണ്ടായിരുന്നത് പോയെങ്കിലെന്ത്, കോണ്‍ഗ്രസില്‍ നിന്ന് രണ്ട് സീറ്റ് പിടിച്ചെടുക്കാനായില്ലേ എന്ന് നാല് സീറ്റ് പിടിച്ചെടുത്തില്ലേ എന്ന കേരളത്തിലെ ന്യായം മുന്‍നിര്‍ത്തി വേണമെങ്കില്‍ ചോദിക്കാം. ബംഗാളില്‍ തൃണമൂല്‍ ആധിപത്യം നിലനിര്‍ത്തിയപ്പോള്‍ സി പി എമ്മിനൊപ്പം രണ്ട് സീറ്റില്‍ വിജയിച്ച ബി ജെ പി അവരുടെ വോട്ട് ശതമാനം ആറില്‍ നിന്ന് 19ലേക്ക് വര്‍ധിപ്പിച്ചു. ബി ജെ പി വിജയിച്ച സീറ്റുകളിലൊന്ന്, 2009ലുള്‍പ്പെടെ 25 കൊല്ലമായി ഇടത് പ്രതിനിധികള്‍ മാത്രം ജയിച്ചുപോന്ന അസന്‍സോളാണ്. തൃണമൂല്‍ കോണ്‍ഗ്രസിന് ബദലായി ബി ജെ പി വേരുറപ്പിക്കുകയാണോ എന്ന സംശയം ഇവിടെ ബലപ്പെടുകയാണ്. അങ്ങനെയെങ്കില്‍, ഇത്രനാളും സി പി എമ്മിനും ഇടതുപക്ഷത്തിനുമൊപ്പം നിന്ന വോട്ടര്‍മാരില്‍ വലിയൊരു വിഭാഗം ബി ജെ പിയിലേക്ക് ചേരി മാറുകയാണെന്ന് കരുതണം.


കേരളത്തിലേക്ക് വന്നാല്‍, യു ഡി എഫ് സര്‍ക്കാറിന്റെ ഭരണത്തിനെതിരായ വികാരം പോലും മുതലെടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് ഇടതു പക്ഷം താഴ്ന്നുവെന്നാണ് ഫലം സൂചിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാറിനെതിരായ വികാരം വോട്ടായപ്പോള്‍ അത് ബി ജെ പിയുടെ പെട്ടിയിലാണ് പ്രധാനമായും വീണത്. എല്ലാ മണ്ഡലങ്ങളിലും ബി ജെ പിക്ക് വോട്ട് കൂടി. തിരുവനന്തപുരത്ത് വിജയത്തോടടുത്ത പരാജയം ഒ രാജഗോപാലിനുണ്ടായപ്പോള്‍ ഇടതു സ്ഥാനാര്‍ഥി മൂന്നാമതായി. ബംഗാളിലേതു പോലെ വിജയം കൊണ്ട് സാധൂകരിക്കത്തക്ക ധ്രുവീകരണം കേരളത്തിലുണ്ടാക്കാനായില്ലെങ്കിലും അടുത്തൊരു തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയിലേക്ക് ബി ജെ പി എത്തിയിരിക്കുന്നു. അവിടെയും നഷ്ടപ്പെടുക ഇടതുപക്ഷത്തിന്റെ വോട്ടുകളാണെന്നതിന് തിരുവനന്തപുരം സാക്ഷ്യം നില്‍ക്കും. ഇടതുപക്ഷത്തിനൊപ്പം നിന്ന, ഇടത്തരക്കാരായ ഹിന്ദുക്കള്‍, പ്രത്യേകിച്ച് സവര്‍ണര്‍ ബി ജെ പിയിലേക്ക് ചായാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മാത്രം ബലം ബി ജെ പിക്കില്ലെന്ന കാരണത്താല്‍ മാത്രമാണ് അത് വോട്ടായി മാറാതിരുന്നത്. ആ പ്രവണത ഇനി തുടരുമെന്ന് കരുതേണ്ടതില്ല.


അപ്പോഴാണ് ന്യൂനപക്ഷങ്ങളുടെ പിന്തുണ വേണ്ട വിധത്തില്‍ കിട്ടാതിരുന്നതാണ് തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയമുണ്ടാകാതിരിക്കാന്‍ കാരണമെന്ന് സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറി റിപ്പോര്‍ട്ട് തയ്യാറാക്കി അവതരിപ്പിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിന്/യു ഡി എഫിന് അനുകൂല നിലപാടെടുത്തു. സി പി എമ്മിന്/എല്‍ ഡി എഫിന് ജയിക്കാന്‍ മാത്രം വോട്ട് ലഭിച്ചില്ല. ബി ജെ പിയുടെ വോട്ട് ഉയരുകയും ചെയ്തു. വസ്തുത ഇതാണെങ്കില്‍ ബി ജെ പിയിലേക്ക് കൂടുതലായി എത്തിയ വോട്ടുകള്‍ ഇടതിന്റെ പാളയത്തില്‍ നിന്നുള്ളതാണെന്ന് പറയേണ്ടിവരും. പുതിയ വോട്ടര്‍മാരുടെ എണ്ണം കണക്കാക്കാതെയല്ല ഇത് പറയുന്നത്. പുതുതായി വോട്ടര്‍ പട്ടികയിലെത്തിയവരൊക്കെ ബി ജെ പിക്ക് വോട്ട് ചെയ്തുവെന്ന് വിലയിരുത്തി, തങ്ങളുടെ വോട്ട് ചോര്‍ന്നിട്ടില്ലെന്ന് വേണമെങ്കില്‍ ഇടത് പക്ഷത്തിന് വാദിക്കാവുന്നതാണ്. അപ്പോഴും തിരുവനന്തപുരത്ത് ബെന്നറ്റ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് എന്തുകൊണ്ടെന്ന ചോദ്യം ഉത്തരമില്ലാതെ ഇടതിന് മുന്നില്‍ നില്‍ക്കും.


കാര്യങ്ങള്‍ ഈ അവസ്ഥയില്‍ നില്‍ക്കെയാണ് വോട്ടെണ്ണലിന് ശേഷമുള്ള ആദ്യത്തെ പോളിറ്റ് ബ്യൂറോ യോഗത്തിനെത്തിയ പിണറായി വിജയന്‍, പ്രചാരണത്തിനിടെ കൊല്ലത്ത് നടത്തിയ പ്രയോഗത്തോട് പ്രതികരിച്ചത്. രാഷ്ട്രീയമായി ചെറ്റത്തരം കാട്ടുന്നവരെ ചെറ്റയെന്നല്ലാതെ എന്ത് വിശേഷിപ്പിക്കുമെന്നായിരുന്നു പിണറായിയുടെ ചോദ്യം. ഇടതുപക്ഷം, അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങിയിരിക്കുമ്പോഴും തന്റെ പ്രയോഗങ്ങളുടെ സാധുത സ്ഥാപിച്ചെടുക്കാന്‍ യത്‌നിക്കുന്ന പോളിറ്റ് ബ്യൂറോ അംഗത്തിന്റെ രാഷ്ട്രീയ ഔചിത്യത്തെക്കുറിച്ച് ചിന്തിക്കേണ്ട ബാധ്യത ആ പാര്‍ട്ടിക്കുണ്ട്. പ്രതീക്ഷിക്കാത്തൊരു തിരഞ്ഞെടുപ്പ് ഫലം വരികയും വര്‍ഗീയ ഫാസിസം മുഖമുദ്രയാക്കിയ നേതാവിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരാനിരിക്കുകയും ചെയ്യുമ്പോള്‍ ഇത്തരം ചെറിയ സംഗതികളല്ല പ്രധാനമാകേണ്ടത് എന്ന്, പരനാറി പ്രയോഗത്തെക്കുറിച്ച് ചോദിച്ചവരോട് തിരിച്ച് പറയാനുള്ള ഔചിത്യമാണ് പി ബി അംഗത്തിന് ഇല്ലാതെ പോയത്. കേരളത്തിന്റെ സംസ്ഥാന സെക്രട്ടറി മാത്രമല്ല, സി പി എമ്മിന്റെ നയനിലപാടുകള്‍ തീരുമാനിക്കുന്ന സമിതികളിലെല്ലാം അംഗം കൂടിയാണ് താനെന്ന ഓര്‍മ പോലും ഇല്ലാതായിപ്പോകുകയാണ്, ഞാനെന്ന ഭാവത്തിന് മുന്നില്‍.


തിരഞ്ഞെടുപ്പ് പ്രചാരണം ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പ് ശിവഗിരിയിലും പിന്നീട് അയ്യങ്കാളി ജന്മ ശതാബ്ദി സമ്മേളനത്തിലും പങ്കെടുത്ത നരേന്ദ്ര മോദി, കേരളത്തിലെ ലക്ഷ്യത്തിലേക്കുള്ള യാത്ര ആരംഭിച്ച് കഴിഞ്ഞിരുന്നു. ബി ജെ പിയുടെ സംസ്ഥാന നേതൃത്വത്തിലെ തമ്മില്‍തല്ല് മൂലം ആ യാത്ര തത്കാലം ലക്ഷ്യം കണ്ടില്ലെന്ന് വേണം കരുതാന്‍. അതല്ലെങ്കില്‍ ഇക്കുറി തന്നെ ബി ജെ പി അക്കൗണ്ട് തുറക്കുമായിരുന്നു. അത് മനസ്സിലാക്കി, പ്രവര്‍ത്തിക്കാന്‍ ഇടതു പക്ഷത്തിന് സാധിച്ചില്ലെന്നതിന് നാടാര്‍ വോട്ടുകളുടെ ഏകീകരണം ഉദ്ദേശിച്ചുള്ള തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി നിര്‍ണയം മാത്രം മതി തെളിവായി. മത, ജാതി സമവാക്യങ്ങള്‍ മാറിയും തിരിഞ്ഞും പരീക്ഷിച്ച് തിരഞ്ഞെടുപ്പില്‍ ജയം കാണുക എന്നതിലേക്ക് ഇടതു രാഷ്ട്രീയ പ്രവര്‍ത്തനം ചുരുങ്ങിയപ്പോള്‍, ഹിന്ദു വിഭാഗക്കാരുടെ ഏകീകരണവും ആ മതത്തിലധിഷ്ഠിതമായ ഭരണവും വാഗ്ദാനം നല്‍കുന്ന ബി ജെ പിക്ക് എന്തിന് അയിത്തം കല്‍പ്പിക്കണമെന്ന ചിന്ത വളര്‍ന്നുവന്നാല്‍ കുറ്റം പറയാന്‍ സാധിക്കില്ല.  കൂട്ടിയും കിഴിച്ചും പുതിയ സമവാക്യങ്ങളുടെ പരീക്ഷണമാണ് ഭാവിയിലും അജന്‍ഡയെന്ന് തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുമുണ്ട്. അല്ലായിരുന്നുവെങ്കില്‍ ന്യൂനപക്ഷങ്ങളുടെ വോട്ട് യു ഡി എഫില്‍ കേന്ദ്രീകരിച്ചതാണ് പ്രതീക്ഷിച്ച ജയം ഉണ്ടാകാതിരുന്നതിന് കാരണമെന്ന് സംസ്ഥാന സെക്രട്ടറി വിലയിരുത്തുമായിരുന്നില്ല. നേരം പുലര്‍ന്നിട്ടില്ലാത്തവര്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കുകയാണ്.


ജാതി സമവാക്യങ്ങളെ തകര്‍ത്ത് യു പിയിലും ബീഹാറിലുമൊക്കെ മുന്നേറ്റമുണ്ടാക്കാന്‍ ബി ജെ പിക്ക് ഇക്കുറി സാധിച്ചിട്ടുണ്ട്. പക്ഷേ, അവിടങ്ങളിലൊക്കെ, തിരിച്ചുപോക്കിനുള്ള സാധ്യത നിലനില്‍ക്കുന്നു. നിതീഷും ലാലുവും മായാവതിയും മുലായം സിംഗ് യാദവുമൊക്കെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നതിനെക്കുറിച്ച് ബോധവാന്‍മാരായിരിക്കുന്നു. കേരളത്തിലെ സ്ഥിതി അതല്ല. നരേന്ദ്ര മോദിയുടെ ഭരണം, പ്രതീക്ഷിക്കുന്ന ആകുലതകള്‍ സമ്മാനിച്ച് മുന്നേറിയാല്‍, ധ്രുവീകരണം ശക്തമാകാന്‍ സാധ്യത ഏറെയാണ്. അങ്ങനെ സംഭവിച്ചാല്‍, ഒലിക്കുന്ന മണ്ണ് പിടിച്ചുനിര്‍ത്താന്‍ മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെയുള്ള ബ്രാഞ്ച് കമ്മിറ്റികളോ, തെറ്റായ കണക്കുകള്‍ പതിവായി സമര്‍പ്പിക്കുന്ന ജില്ലാ കമ്മിറ്റികളോ മതിയാകില്ലെന്ന തിരിച്ചറിവ് ഉണ്ടാകേണ്ട അവസരമാണിത്. ചെറ്റത്തരത്തെക്കുറിച്ച് പ്രബന്ധം രചിക്കാനും ന്യൂനപക്ഷ വോട്ടുകള്‍, വേണ്ടത്ര കിട്ടാതിരുന്നതിനെക്കുറിച്ച് കുണ്ഠിതപ്പെടാനുമാണ് മിനക്കെടുന്നതെങ്കില്‍, കേരളം ബംഗാളാക്കണമെന്ന പഴയ ആഗ്രഹം പുതിയ ഭാവത്തില്‍ നടപ്പാക്കപ്പെടുന്ന കാഴ്ച കണ്ട് സംതൃപ്തി അടയാനാകും. അതിന് അധികകാലം കാത്തിരിക്കേണ്ടിവരില്ല. വര്‍ഗവിശകലനം തുടരാന്‍ പാര്‍ട്ടി ഓഫീസുകളുണ്ടാകുമെന്ന ആശ്വാസം ബംഗാളിനെ അപേക്ഷിച്ച് കേരളത്തിലുണ്ടാകും.

2014-05-19

താമരത്തണ്ടിന് ബലമേകിയവരോട്


രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പ്രചാരകനായിരുന്നു സഞ്ജയ് ജോഷി. ബി ജെ പിയുടെ അടിത്തറ ശക്തമാക്കാനായി 1988ല്‍ സംഘ് നേതൃത്വം ഗുജറാത്തിലേക്ക് നിയോഗിച്ച മഹാരാഷ്ട്രക്കാരന്‍. 1995ല്‍ കേശുഭായ് പട്ടേലിന്റെ നേതൃത്വത്തില്‍ ഗുജറാത്തിലെ ആദ്യ ബി ജെ പി സര്‍ക്കാര്‍ അധികാരമേറ്റു. 2002ല്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രി സ്ഥാനമേറ്റെടുക്കാന്‍ നരേന്ദ്ര മോദി എത്തുന്നത്, സഞ്ജയ് ജോഷിയുടെ കൂടി വിയര്‍പ്പിന്റെ ബലത്തില്‍ ബി ജെ പി നേടിയ ഭൂരിപക്ഷം നിലനില്‍ക്കെയാണ്. നരേന്ദ്ര മോദിയുടെ സമ്മര്‍ദം മൂലം ബി ജെ പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗത്വം രാജിവെച്ചയാളെന്നതാണ് സഞ്ജയ് ജോഷിയുടെ ഇപ്പോഴത്തെ വിശേഷണം. ജോഷിയെ അവഗണിക്കുന്നതില്‍, ആര്‍ എസ് എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് അതൃപ്തി അറിയിച്ചിട്ടും ഒന്നും സംഭവിച്ചില്ല.


2002ലെ വംശഹത്യയോടെ ഗുജറാത്തിലെ പാര്‍ട്ടിയില്‍ നരേന്ദ്ര മോദി ആധിപത്യമുറപ്പിച്ചതോടെയാണ് സഞ്ജയ് ജോഷിയുടെ കാലക്കേട് തുടങ്ങുന്നത്. 2005ല്‍ ബി ജെ പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം മുംബൈയില്‍ നടക്കവെ, പ്രധാന കവാടത്തിന് മുന്നിലൊരു സി ഡി വിതരണം നടന്നു. സഞ്ജയ് ജോഷിയും ഒരു യുവതിയുമായിരുന്നു സി ഡിയിലെ ദൃശ്യങ്ങളിലെ മുഖ്യ കഥാപാത്രങ്ങള്‍. അതോടെ തീര്‍ന്നു. ലൈംഗിക അപവാദത്തില്‍ കുടുങ്ങിയ നേതാവിനെ ചുമക്കാന്‍, ആര്‍ഷഭാരത സംസ്‌കാരത്തിന്റെ അപ്പോസ്തലന്‍മാരായ ആര്‍ എസ് എസ്സിനോ ബി ജെ പിക്കോ സാധിക്കുമായിരുന്നില്ല. പാര്‍ട്ടിയില്‍ നിന്ന് ജോഷി പുറത്താക്കപ്പെട്ടു. സി ഡിയുടെ ഉള്ളടക്കം കൃത്രിമ സൃഷ്ടിയായിരുന്നുവെന്ന് പിന്നീട് വ്യക്തമായി.  സി ഡി വിതരണം ചെയ്തത് ഗുജറാത്ത് പോലീസ് സേനയിലെ അംഗം ബാലകൃഷ്ണ ചൗബേയാണെന്നും. സി ഡി കൈമാറിയതും മുംബൈയില്‍ വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചതും ഡി ഐ ജി, ഡി ജി വന്‍സാരയാണെന്ന് ചൗബെ 2010ല്‍ മൊഴി നല്‍കി. വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ ആരോപണവിധേയനായി ജയിലില്‍ കഴിയുന്ന ഡി ജി വന്‍സാര, അമിത് ഷായുമായും നരേന്ദ്ര മോദിയുമായും അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്.


സി ഡിയുടെ ഉള്ളടക്കം കൃത്രിമമായുണ്ടാക്കിയതാണെന്നും അത് വിതരണം ചെയ്തത് ഗുജറാത്ത് പോലീസിലെ ഉദ്യോഗസ്ഥനാണെന്നും വ്യക്തമായതോടെ സഞ്ജയ് ജോഷിയെ തിരിച്ചെടുക്കാന്‍ ബി ജെ പി തയ്യാറായി. ദേശീയ നിര്‍വാഹക സമിതിയില്‍ തിരിച്ചെടുത്ത് ഉത്തര്‍ പ്രദേശ് ഘടകത്തിന്റെ ചുമതല നല്‍കി. ഇതില്‍ പ്രകോപിതനായ നരേന്ദ്ര മോദി, പാര്‍ട്ടിയുടെ നേതൃയോഗങ്ങളില്‍ നിന്ന് വിട്ടുനിന്നു. ആ പ്രതിഷേധത്തിനൊടുവിലാണ് ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് സഞ്ജയ് ജോഷി രാജിവെക്കുന്നത്, അല്ലെങ്കില്‍ ദേശീയ നേതൃത്വമിടപെട്ട് രാജിവെപ്പിക്കുന്നത്. സഞ്ജയ് ജോഷിയെ പുറത്താക്കിയേ അടങ്ങൂ എന്ന വാശി മോദി കാണിച്ചുവെങ്കില്‍, ഡി ജി വന്‍സാര വിതരണത്തിന് കൈമാറിയ സി ഡി ആരുടെ ബുദ്ധിയിലുദിച്ച താമരയാണെന്ന് മനസ്സിലാക്കുക പ്രയാസമുള്ള കാര്യമല്ല.


സഹോദര സംഘത്തിലൊരാളെ (ആര്‍ എസ് എസ് അങ്ങനെയാണത്രെ) വൈരനിര്യാതന ബുദ്ധിയോടെ പിന്തുടരാന്‍ മടി കാട്ടാത്ത ഒരാള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുകയാണ്. ഗുജറാത്ത് കലാപത്തിലെ സൂത്രധാരത്വമുള്‍പ്പെടെ ആരോപണങ്ങളൊക്കെ രാഷ്ട്രീയ പ്രതിയോഗികളുടെയോ നിക്ഷിപ്ത താത്പര്യക്കാരുടെയോ സൃഷ്ടികളായി മാറ്റിനിര്‍ത്താം. പക്ഷേ, സഞ്ജയ് ജോഷിക്ക് പാര്‍ട്ടിയില്‍ നേരിടേണ്ടിവന്ന, സര്‍ സംഘ് ചാലക് നേരിട്ട് ഇടപെട്ടിട്ടു പോലും പരിഹരിക്കനാകാത്ത, ദുരനുഭവം ബി ജെ പിക്കാര്‍ക്ക് പോലും സമ്മതിക്കേണ്ടിവരും. എല്‍ കെ അഡ്വാനിയുടെയും മുരളി മനോഹര്‍ ജോഷിയുടെയും സുഷമ സ്വരാജിന്റെയുമൊക്കെ മുഖം വിവര്‍ണമാകുന്നത് അനുഭവ സ്മരണകളുള്ളതുകൊണ്ടാകണം.


ആ ദേഹം, രാജ്യത്തിന്റെ പ്രധാനമന്ത്രിക്കസേരയില്‍ ഇരിക്കാനൊരുങ്ങുമ്പോള്‍, അതിലേക്ക് ബി ജെ പിയും അതിന്റെ നേതാക്കളും പ്രവര്‍ത്തകരും നല്‍കിയതിനേക്കാള്‍ വലിയ സംഭാവന, കോണ്‍ ഗ്രസും പ്രതിപക്ഷക്കസേരകളിലിരിക്കാനൊരുങ്ങുന്ന ഇതര പാര്‍ട്ടികളും നല്‍കിയിട്ടുണ്ട് എന്നതാണ് വസ്തുത. അഴിമതി ആരോപണങ്ങളാല്‍ സമ്പന്നമായ സര്‍ക്കാറിന് നേതൃത്വം നല്‍കുന്നതു കൊണ്ടു തന്നെ ദുര്‍ബലമായ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലേക്ക് തള്ളും വിധത്തിലുള്ള തീരുമാനങ്ങളെടുത്തിരുന്നു കാലാവധി തീരാറാകുമ്പോഴും മന്‍മോഹനും കൂട്ടരും. അത് തടയാന്‍ മുന്‍കൈ എടുക്കാതിരുന്ന പാര്‍ട്ടി നേതൃത്വം, അടുത്ത തിരഞ്ഞെടുപ്പിലൊരു പരാജയം സ്വീകരിക്കാന്‍ മാനസികമായി തയ്യാറെടുത്ത് കഴിഞ്ഞിരുന്നു. ബി ജെ പിയും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന മുന്നണികള്‍ക്ക് ഭൂരിപക്ഷം നേടാനാകാത്ത സാഹചര്യമാണ് രാജ്യത്തെന്ന് വിലയിരുത്തിയ ഇടതുപക്ഷമുള്‍പ്പെടെ ഇതര പാര്‍ട്ടികള്‍, തിരഞ്ഞെടുപ്പിന് ശേഷമുണ്ടാകുന്ന സാഹചര്യത്തില്‍ നിന്ന് മുതലെടുക്കാമെന്ന സ്വപ്നം കണ്ടു. സമ്മര്‍ദശക്തിയായി നിന്ന് നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലായിരുന്നു ചിലതെങ്കിലും.


ന്യൂനപക്ഷ വോട്ടുകള്‍ ഫലത്തെ നിര്‍ണയിക്കുന്ന 218 മണ്ഡലങ്ങള്‍ രാജ്യത്തുണ്ട്. നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തി ബി ജെ പി രംഗത്തിറങ്ങുമ്പോള്‍ തീവ്ര ഹിന്ദുത്വ അജന്‍ഡകളെ ഭീതിയോടെ കാണുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകള്‍ ഏകീകരിക്കപ്പെടുമെന്നും അതിന്റെ ഗുണം തങ്ങള്‍ക്ക് ലഭിക്കുമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടി. ഇതേ കണക്ക് കൂട്ടല്‍ ബി എസ് പി, എസ് പി, ആര്‍ ജെ ഡി തുടങ്ങിയ പാര്‍ട്ടികള്‍ക്കുമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ എന്തൊക്കെ സംഭവിച്ചാലും സീറ്റിന്റെ എണ്ണം നൂറ് കടക്കുമെന്ന് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഇരുപതോ ഇരുപത്തിയഞ്ചോ സീറ്റുകളില്‍ ജയിച്ച് സമ്മര്‍ദശക്തിയാകാമെന്ന് ഇതര പാര്‍ട്ടികളുടെ പ്രതീക്ഷ. എന്തുവന്നാലും 100 സീറ്റ് കടക്കുമെന്ന സ്വപ്നത്തില്‍ രമിച്ച കോണ്‍ഗ്രസ്, കേവലഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളിലേക്ക് എന്‍ ഡി എ എത്തില്ലെന്നും ജയലളിതയുടെയോ മായാവതിയുടെയോ പിന്തുണയോടെ ഭരണത്തിലെത്തിയാലും അത് ആയൂസ്സെത്താതെ അവസാനിക്കുമെന്നും കണക്ക് കൂട്ടി.


സ്വയംകൃതാനര്‍ഥത്താല്‍ പ്രതിരോധത്തില്‍ നില്‍ക്കെ, ലളിത ഗണിതങ്ങളെ ആശ്രയിച്ച്, സ്വപ്നങ്ങള്‍ നെയ്തവര്‍ പോര്‍ക്കളത്തിലെ യഥാര്‍ഥ ചൂട് മനസ്സിലാക്കിയതേയില്ല. സ്വന്തം വോട്ട് ബേങ്കിന്റെ സ്ഥിരതയിലുള്ള അതിരുകടന്ന വിശ്വാസം, എതിരാളിയുടെ വീഴ്ചയില്‍ നിന്ന് മുതലെടുക്കാനാകുമെന്ന പ്രതീക്ഷ, ബഹുകോണ മത്സരത്തില്‍ വിജയം ഉറപ്പെന്ന അഹന്ത ഇതൊക്കെയുമുണ്ടായിരുന്നു ഇതര പാര്‍ട്ടികള്‍ക്ക്. അതിന്റെയൊക്കെ കടക്കല്‍ കത്തിവെക്കാന്‍ പാകത്തിലുള്ള ധ്രൂവീകരണം ചുട്ടുപഴുപ്പിച്ചെടുക്കുന്നുണ്ടായിരുന്നു അമിത് ഷായും കൂട്ടരുമെന്ന് അവരറിഞ്ഞതേയില്ല. അതറിയാന്‍ പാകത്തില്‍ ജനങ്ങളുമായി അടുത്തുനിന്നിരുന്നില്ല ഇവരൊന്നും. പശ്ചിമ ബംഗാളില്‍ ബി ജെ പിക്കും സി പി എമ്മിനും രണ്ട് സീറ്റ് വീതമെന്ന ഫലമുണ്ടാകാന്‍ കാരണം മറ്റൊന്നല്ല.എല്‍ കെ അദ്വാനിയെ പിന്തള്ളി, ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ ശേഷവും നരേന്ദ്ര മോദി തുടര്‍ന്ന വൈരനിര്യാതന ബുദ്ധി എത്രത്തോളമെന്ന് വ്യക്തമാക്കാനാണ് സഞ്ജയ് ജോഷിയുടെ കഥ തുടക്കത്തില്‍ പറഞ്ഞത്. അത്തരത്തിലൊരാള്‍ പരമാധികാരസ്ഥാനത്തേക്ക് എത്തിയാല്‍ പലതും സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന പരിമിതാധികാരം ആസ്വദിച്ച കാലത്ത്, അന്വേഷണ ഏജന്‍സികളെ, നീതിന്യായ സംവിധാനത്തെ ഒക്കെ ഏത് വിധത്തിലാണ് അദ്ദേഹം അട്ടിമറിച്ചത് എന്നത് രാജ്യം കണ്ടതാണ്.  വംശഹത്യയെക്കുറിച്ചല്ല, അതിനുശേഷം കുറ്റവാളികളെന്ന് ആരോപിക്കപ്പെട്ടവരെ രക്ഷിക്കുന്നതിന് ഭരണകൂടം നടത്തിയ നീക്കങ്ങളെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്.  വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ചതിനെക്കുറിച്ചും അതിന് ട്രിഗര്‍ വലിച്ച പോലീസുകാരെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചുമാണ് സൂചിപ്പിച്ചത്. ഇത്തരം നീക്കങ്ങളോട് പ്രതികരിച്ച ഉദ്യോഗസ്ഥരടക്കമുള്ളവരെ ഏത് വിധത്തിലാണ് മോദി ഭരണകൂടം കൈകാര്യം ചെയ്തത് എന്നതിനെക്കുറിച്ചുമാണ് സൂചിപ്പിച്ചത്.


അത്തരത്തിലൊരാള്‍ നേതൃത്വത്തിലിരിക്കെ ബി ജെ പിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കുന്നതില്‍ കോണ്‍ഗ്രസും ഇടത്, ഇതര പാര്‍ട്ടികളും വിജയിച്ചുവെങ്കില്‍ അവര്‍ക്ക്, അധികാരലബ്ധിക്കപ്പുറത്ത്, മതനിരപേക്ഷ ജനാധിപത്യം നിലനില്‍ക്കണമെന്ന പ്രഖ്യാപിത നിലപാടിനോട് എത്രമാത്രം പ്രതിജ്ഞാബദ്ധതയുണ്ടെന്നതില്‍ സംശയത്തിന് വകയുണ്ട്.


ഒരു കാര്യത്തില്‍ കോണ്‍ഗ്രസിന് ആശ്വസിക്കാം. ഇക്കാലം വരെ, ഒന്നും രണ്ടും യു പി എ സര്‍ക്കാറുകളുടെ കാര്യത്തില്‍ പ്രത്യേകിച്ചും, കോര്‍പറേറ്റുകളുടെ താത്പര്യത്തെ സംരക്ഷിക്കുന്നതില്‍ അവര്‍ കാട്ടിയ ജാഗ്രത, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറും തുടരുമെന്നുറപ്പ്. ഗുജറാത്തിലെ ഭരണരീതി മാത്രം മതി അതുറപ്പാക്കാന്‍. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റുതീര്‍ക്കാന്‍ പ്രത്യേക മന്ത്രാലയം ആരംഭിച്ച ചരിത്രമുണ്ട് ബി ജെ പിക്ക്. അതുകൊണ്ടു തന്നെ ആഗോള കുത്തക മൂലധനത്തിന്റെ ഒഴുക്ക് പൂര്‍വാധികം ശക്തമാക്കാനുതകും വിധത്തില്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തുടര്‍ന്ന് കൊണ്ടുപോകാന്‍ അവര്‍ മടിക്കില്ല. അത് തുടരുമ്പോള്‍ തന്നെ, ഇപ്പോള്‍ അധികാരം സമ്മാനിച്ച ധ്രുവീകരണത്തെ വളര്‍ത്തി, സ്ഥായിയാക്കാന്‍ എന്തൊക്കെ ചെയ്യുമെന്നതാണ് കരുതിയിരിക്കേണ്ടത്. രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ മോദിയില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നുവെന്ന് തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് ആര്‍ എസ് എസ് നേതാക്കള്‍ പറഞ്ഞിട്ടുണ്ട്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുമെന്നും അവിടെ നിന്നെത്തുന്ന ഹിന്ദുക്കളെ അഭയാര്‍ഥികളായി സ്വീകരിക്കുമെന്നും പ്രചാരണത്തിനിടെ മോദി തന്നെ പറഞ്ഞിരുന്നു.  അനധികൃത കുടിയേറ്റക്കാരാരൊക്കെ എന്ന് കണ്ടെത്തുക, മോദിയുടെ നേതൃത്വത്തിലുള്ള ഭരണ സംവിധാനമാകുമ്പോള്‍, ആ പ്രഖ്യാപനത്തിന് ഇനി വലിയ അര്‍ഥങ്ങളുണ്ട്.


രാജ്യത്ത് നടന്ന പല സ്‌ഫോടനങ്ങള്‍ക്ക് പിറകിലും ഹിന്ദുത്വ ഭീകരവാദ ശൃംഖലകളായിരുന്നുവെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. അത്തരം കേസുകള്‍ ഇനി ഏത് വഴിക്ക് നീങ്ങും? ഭീകരവാദ ആരോപണത്തിന്റെ പേരില്‍ നിരപരാധികളെ അറസ്റ്റ് ചെയ്യുന്ന രീതി, കോണ്‍ഗ്രസ് ഭരണകാലത്ത് തന്നെ, രാജ്യത്തെ പോലീസ് സംവിധാനത്തില്‍ വ്യാപകമായിരുന്നു. വ്യാജ ഏറ്റുമുട്ടല്‍ സൃഷ്ടിക്കാന്‍ മടിക്കാത്ത ഒരു ഭരണകൂടത്തിന് നേതൃത്വം നല്‍കിയയാള്‍ രാജ്യത്തിന്റെ തലപ്പത്തെത്തുമ്പോള്‍ ഈ പോലീസ് സംവിധാനം എങ്ങനെ പെരുമാറും?  സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നീതി ലഭ്യമാക്കുന്നതിന് സായുധ സമരമാണ് പോംവഴിയെന്ന് ചിന്തിച്ച് മധ്യേന്ത്യയില്‍ സ്വാധീനമുറപ്പിച്ച മാവോയിസ്റ്റുകളെ നേരിടാന്‍ മോദി ഭരണകൂടം സ്വീകരിക്കുന്ന മാര്‍ഗമെന്തായിരിക്കും? ബഹുസ്വര സമൂഹം അനുഭവിച്ചിരുന്ന സ്വാതന്ത്ര്യങ്ങളില്‍ നിയന്ത്രണങ്ങളുണ്ടാകുമോ? എന്ന് തുടങ്ങി ഉയരുന്ന അനവധി ചോദ്യങ്ങള്‍ക്ക് മോദി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളാണ് ഉത്തരം നല്‍കുക. അങ്ങനെ ചോദ്യങ്ങളുയരുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കോണ്‍ഗ്രസ്, ഇടത്, ഇതര പാര്‍ട്ടികള്‍ക്ക് ഒഴിഞ്ഞുമാറാനുമാകില്ല.


ഗുജറാത്തിലെ ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ മരണം വരെ യത്‌നിച്ച അഭിഭാഷകനാണ് മുകുള്‍ സിന്‍ഹ. മോദി അധികാരമുറപ്പിക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് അദ്ദേഹം മരിച്ചത്. 'ഗുജറാത്തില്‍ ജനാധിപത്യം നിലനില്‍ക്കുന്നുവെന്ന് ലോകത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട് നരേന്ദ്ര മോദിക്ക്. അതുകൊണ്ടാണ് എന്നെപ്പോലുള്ളവരെ ജീവിക്കാന്‍ അനുവദിക്കുന്നത്' എന്ന് ഒന്നര വര്‍ഷം മുമ്പ് കണ്ടപ്പോള്‍ മുകുള്‍ സിന്‍ഹ പറഞ്ഞിരുന്നു. ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ബാധ്യത നരേന്ദ്ര മോദിക്ക് ഇനിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുക.  ശക്തമായൊരു പ്രതിപക്ഷമാകാന്‍ പോലും മത്സരിക്കാതിരുന്ന പാര്‍ട്ടികളാണ് മോദിയുടെ എതിരാളികള്‍ എന്നുകൂടി കണക്കിലെടുക്കുമ്പോള്‍ ആ ബാധ്യതയില്‍ മാത്രം പ്രതീക്ഷയര്‍പ്പിക്കുക.

2014-05-15

മന്‍മോഹന്‍ (23 ഇഞ്ച്)


മുന്‍ പ്രധാനമന്ത്രിമാരുടെ നിരയിലേക്ക് എത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുന്ന ഡോ. മന്‍മോഹന്‍ സിംഗിന്റെ രാഷ്ട്രീയ ഭരണ നേതൃത്വങ്ങളെ വിമര്‍ശിക്കുന്നതിന് കാരണങ്ങള്‍ നിരവധിയാണ്. എന്നാല്‍ ആ വിമര്‍ശങ്ങളൊക്കെ, ഉന്നയിക്കുന്നതിന് ഉപയോഗിക്കുന്ന സൗകര്യങ്ങള്‍ മന്‍മോഹന്‍ സിംഗിന്റെ മുന്‍കൈയില്‍ നടപ്പാക്കപ്പെട്ട നയങ്ങളുടെ ഫലമാണെന്നത് വൈരുദ്ധ്യമാണ്. അറിവും വിവരവുമുള്ള വ്യക്തിയാണെങ്കിലും നേതൃഗുണത്തില്‍ പിന്നാക്കം നിന്നുവെന്ന് ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം കുറിച്ചപ്പോള്‍ അത് നിമിഷ നേരം കൊണ്ട് ജനസഞ്ചയത്തിന് മുന്നിലേക്ക് എത്തിയതിന്റെ ക്രെഡിറ്റിന്റെ വലിയൊരളവ് മന്‍മോഹന്‍ സിംഗിനാണ്. തുടര്‍ച്ചയായി പത്ത് വര്‍ഷം രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലിരുന്ന, ഈ സാമ്പത്തികശാസ്ത്രജ്ഞനെ അദ്ദേഹം പൂര്‍ണാര്‍ഥത്തില്‍ വിശ്വസിക്കുകയും സമ്പൂര്‍ണമായി നടപ്പാക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്ത നയങ്ങളുടെ ഭാഗത്തു നിന്ന് കൂടി വിലയിരുത്തേണ്ടതുണ്ട്.


ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ കോണ്‍ഗ്രസും ഭരണത്തില്‍ അധികകാലം കോണ്‍ഗ്രസായിരുന്നതുകൊണ്ട് സര്‍ക്കാറുകളും പിന്തുടര്‍ന്നിരുന്ന സമ്മിശ്ര സമ്പദ് വ്യവസ്ഥയില്‍ നിന്നുള്ള മാറ്റത്തിന് വേഗം കൂട്ടി എന്നതാണ് ഡോ. മന്‍മോഹന്‍ സിംഗിനെ വ്യത്യസ്തനാക്കി നിര്‍ത്തുന്നത്. മാറ്റത്തിനുള്ള ശ്രമം 1980കളുടെ തുടക്കത്തില്‍ തന്നെയുണ്ടായിരുന്നു. പ്രണാബ് മുഖര്‍ജി ധനമന്ത്രിയും ഡോ. മന്‍മോഹന്‍ സിംഗ് റിസര്‍വ് ബാങ്ക് ഗവര്‍ണറുമായിരുന്ന കാലത്ത്. സാം പിത്രോദ എന്ന ടെക്‌നോക്രാറ്റിനെ ഉപദേഷ്ടാവാക്കി, ടെലികോം മേഖലയിലെ വലിയ മാറ്റങ്ങള്‍ക്ക് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നടത്തിയ ശ്രമങ്ങളും മാറ്റത്തിന് വേണ്ടിയുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയായിരുന്നു. എന്നാല്‍ സമൂലമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ പാകത്തിലുള്ള കാഴ്ചപ്പാടിന്റെ അഭാവം അപ്പോഴൊക്കെയുണ്ടായിരുന്നു. പ്രായോഗിക രാഷ്ട്രീയത്തിനും വാര്‍ഷിക ബജറ്റിംഗിന്റെ ചട്ടക്കൂടിലൊതുങ്ങി നിന്നിരുന്ന ഭരണ സമ്പ്രദായത്തിനും കമ്പോളത്തിന്റെ ഗതിവിഗതികളും സമ്പദ് മേഖലയിലെ ചലനങ്ങളും നിയന്ത്രിക്കുന്ന രാഷ്ട്രീയ, ഭരണ സംവിധാനങ്ങളായി മാറുന്നതിനുള്ള പ്രയാസം.


രാജീവ് ഗാന്ധി വധിക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിലേക്ക് എത്തിയ കോണ്‍ഗ്രസ്, ന്യൂനപക്ഷ സര്‍ക്കാറിന് നേതൃത്വം നല്‍കാന്‍ പി വി നരസിംഹറാവുവിനെ നിയോഗിച്ചപ്പോള്‍ അതില്‍ ധനമന്ത്രി സ്ഥാനത്ത് ഇന്ത്യന്‍ ജനത ഡോ. മന്‍മോഹന്‍ സിംഗിനെ പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യയെന്ന വിശാല കമ്പോളത്തെ ലക്ഷ്യമിട്ടിരുന്ന ബഹുരാഷ്ട്ര കമ്പനികളോ അവര്‍ക്കെല്ലാം വിഹരിക്കാന്‍ പാകത്തില്‍ അതിരുകളില്ലാത്ത കമ്പോളം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ലോക വ്യാപാര സംഘടനയോ പണത്തിന്റെ ഒഴുക്കിനെ നിയന്ത്രിക്കുന്നതില്‍ മുന്‍പന്തിയിലുള്ള അന്താരാഷ്ട്ര നാണയ നിധിയോ ഇന്ത്യയിലെ തന്നെ വന്‍കിടക്കാരായ ടാറ്റയോ ബിര്‍ളയോ അംബാനിയോ പ്രതീക്ഷിച്ചിട്ടുണ്ടാകാം. കാരണം മന്‍മോഹന്‍ തുടങ്ങിവെക്കുകയും പിന്നീട് വന്നവര്‍ കക്ഷിഭേദം കൂടാതെ തുടരുകയും ചെയ്തത്, ഇവരെയെല്ലാം സന്തോഷിപ്പിക്കുന്ന നടപടികളായിരുന്നു.


വാര്‍ഷിക ബജറ്റ് തയ്യാറാക്കാനും ആദായ നികുതിയുടെ പരിധിയില്‍ വര്‍ഷാവര്‍ഷം പതിനായിരം രൂപയുടെ വീതം വര്‍ധന വരുത്തി ഇടത്തരക്കാരെയും സാമ്പത്തികമായി അല്‍പ്പം മുന്നാക്കം നില്‍ക്കുന്ന ഇടത്തരക്കാരെയും സന്തോഷിപ്പിക്കാനും വേണ്ടിയല്ല താന്‍ ഈ സ്ഥാനമേല്‍ക്കുന്നത് എന്ന ഉറച്ച ബോധ്യമുണ്ടായിരുന്നു മന്‍മോഹന്. രൂപയുടെ മൂല്യം കുറച്ച്, വിദേശനാണ്യ ശേഖരത്തിന്റെ മൂല്യം വര്‍ധിപ്പിച്ചു തുടങ്ങിയ മന്‍മോഹന്‍, ലൈസന്‍സിംഗ് സമ്പ്രദായം ലഘൂകരിച്ച് ഉദാരവത്കരണത്തിനും മൂലധനത്തിന് കമ്പോളത്തിലേക്ക് ഒഴുകുന്നതിനുള്ള തടസ്സങ്ങള്‍ കുറച്ച് ആഗോളവത്കരണത്തിനും വേഗം കൂട്ടി.


ആശയവിനിമയത്തിന് പുതിയ കാലത്തുള്ള പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട്, ആ മേഖലയെ ആവോളം വികസിപ്പിക്കാന്‍ ശ്രമിച്ചു. പരസ്യ ചിത്രത്തിലെ കുഞ്ഞ്, ഇരുമ്പ് പലകയില്‍ ആഞ്ഞിടിക്കുന്ന കറുത്ത വസ്തു, മൊബൈല്‍ ഫോണാണെന്ന് തിരിച്ചറിഞ്ഞ കാലം. ചെക്കിന് പകരം ടോക്കണ്‍ വാങ്ങി, കാഷ്യറുടെ വിളി കാത്തിരുന്നവര്‍, ഓട്ടോമാറ്റിക് ടെല്ലര്‍ മെഷീനുകളെ അത്ഭുതത്തോടെ കണ്ട കാലം. ആ വികാസത്തിന്റെയൊക്കെ പ്രയോജനം രാജ്യത്ത് അനുഭവവേദ്യമാണ്. സഞ്ജയ് ഗാന്ധി മുന്‍കൈ എടുത്ത് ആരംഭിച്ച മാരുതി സുസുകിയുടെ ചെറു കാര്‍ വരും വരെ അംബാസഡറും പ്രീമയര്‍ പത്മിനിയുമോടിയിരുന്ന റോഡുകളിലിന്ന് അന്താരാഷ്ട്ര ബ്രാന്‍ഡുകളെല്ലാം സുലഭം. ഇത്തരം കാറുകള്‍ വിപണിയില്‍ ലഭ്യമായതുകൊണ്ടു മാത്രമല്ല, അവ റോഡുകളില്‍ ഓടുന്നത്. അത് വാങ്ങാന്‍ ത്രാണിയുള്ളവരുടെ എണ്ണം കൂടിയതുകൊണ്ടും രൊക്കമായി കൈയിലില്ലാത്തവര്‍ക്ക് പലിശക്ക് പണം നല്‍കുന്ന സമ്പ്രദായം വ്യാപകമായതുകൊണ്ടും കൂടിയാണ്.


ഇതടക്കം വികാസപരിണാമങ്ങളുടെ എല്ലാ സാധ്യതകളെയും ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ഉപയോഗിച്ചത്, മന്‍മോഹന് നേതൃഗുണമില്ലെന്ന് പറയുകയും ദുര്‍ബലനായ പ്രധാനമന്ത്രിയെന്ന് ആക്ഷേപിക്കുകയും ചെയ്ത ബി ജെ പിയും നരേന്ദ്ര മോദിയുമാണ്. മന്‍മോഹനെന്ന ധനമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദീര്‍ഘവീക്ഷണത്തിന്റെ ഫലമായാണ് 'ചായ് പെ ചര്‍ച്ച'യും ത്രീഡി റാലികളും നടത്താന്‍ നരേന്ദ്ര മോദിക്ക് സാധിച്ചത്. വാരാണസിയില്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസം അഹമ്മദാബാദിലിരുന്ന് വോട്ടര്‍മാര്‍ക്ക് വീഡിയോ സന്ദേശമയച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കുകളെ അതിജീവിക്കാന്‍ മോദിക്ക് സാധിച്ചതും മന്‍മോഹന്‍ തുടങ്ങിവെച്ച പരിവര്‍ത്തനം മൂലമാണ്, എ രാജ വിതരണം ചെയ്ത സ്‌പെക്ട്രം കൂടിയുള്ളതുകൊണ്ടാണ്. (മോദിയുടെ വീഡിയോ സന്ദേശത്തെച്ചൊല്ലി കോണ്‍ഗ്രസ് പാര്‍ട്ടി പരാതിപ്പെട്ടുവെങ്കിലും തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിന് പുറത്തുനിന്ന് നടത്തുന്ന ഇത്തരം പ്രവൃത്തികള്‍ ചട്ടലംഘനമാകില്ലെന്നാണ് നിലവിലെ നിയമ വ്യവസ്ഥ)


കല്‍ക്കരി കത്തിച്ച്, വെള്ളം തിളപ്പിച്ച് നീരാവിയാക്കി, അതുപയോഗിച്ചാണ് രാജ്യത്തെ ട്രെയിനുകളൊക്കെ ഇപ്പോഴും ഓടിക്കുന്നത് എന്ന് കരുതുക. കല്‍ക്കരിക്ക് വിലയേറുന്നതിന് അനുസരിച്ച് ട്രെയിനുകളിലെ യാത്രയും ചരക്ക് കടത്ത് കൂലിയും വര്‍ധിക്കും. പെട്രോളിന്റെ സബ്‌സിഡി പുനഃസ്ഥാപിക്കണമെന്നും ഡീസലിന്റെത് നിലനിര്‍ത്തണമെന്നും ആവശ്യപ്പെടുന്നതു  പോലെ കല്‍ക്കരിക്ക് വേണ്ടിയും മുറവിളി ഉയരുമായിരുന്നു. ട്രെയിനുകള്‍ വൈദ്യുതിയില്‍ ഓടുന്നതായി മാറിക്കൊണ്ടിരിക്കയാണ്. കൂടുതല്‍ ട്രെയിനുകള്‍ വൈദ്യുതി ഇന്ധനമാക്കുകയും വ്യാവസായിക, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി വേണ്ട വൈദ്യുതിയുടെ അളവ് ദിനേന വര്‍ധിക്കുകയും ചെയ്യുമ്പോള്‍ ഉത്പാദനം വര്‍ധിപ്പിക്കേണ്ടിവരും. ഇതിനായി ആണവ, താപ നിലയങ്ങളെയാണ് ആശ്രയിക്കാനാകുക. ആണവ നിലയങ്ങള്‍ക്ക് വേണ്ടിയായിരുന്നു അമേരിക്കയുമായുണ്ടാക്കിയ കരാര്‍. താപ നിലയങ്ങളുടെ ഇന്ധനങ്ങളിലൊന്ന് കല്‍ക്കരിയാണ്. കല്‍ക്കരിക്ക് വിലയേറിയാല്‍ വൈദ്യുതിയുടെ വില സ്വാഭാവികമായി ഉയരും. ട്രെയിന്‍ നിരക്ക് മാത്രമല്ല, വൈദ്യുതി ഇന്ധനമായ സകല മേഖലകളിലും വില വര്‍ധിക്കും. പാട്ടത്തുക കുറച്ച്, പാടങ്ങള്‍ നല്‍കിയാലേ ഖനനത്തിന് വേണ്ട ചെലവ് കൂടി പരിഗണിച്ച്, താരതമ്യേന കുറഞ്ഞ വിലക്ക് കല്‍ക്കരി ലഭ്യമാക്കാന്‍ കമ്പനികള്‍ തയ്യാറാകൂ.


മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ വലിയ അഴിമതി ആരോപണങ്ങള്‍ നേരിട്ട രണ്ട് ഇടപാടുകള്‍ക്ക് മേല്‍പ്പറഞ്ഞവിധത്തിലൊരു വ്യാഖ്യാനം സാധ്യമാണ്. അങ്ങനെയായാല്‍, താനെടുക്കുന്ന തീരുമാനങ്ങള്‍ ഭാവിയില്‍ ഏതൊക്കെ മേഖലകളെ ഏത് വിധത്തിലൊക്കെ ബാധിക്കുമെന്ന് ദീര്‍ഘവീക്ഷണം ചെയ്യുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയാണ് മന്‍മോഹന്‍ സിംഗ്. വലിയൊരാള്‍ക്കൂട്ടത്തെ നോക്കി ആവേശത്തോടെ കൈ വീശാനോ, ചെറിയ സമയത്തേക്കെങ്കിലും ആള്‍ക്കൂട്ടത്തെയാകെ ഏകീകരിക്കും വിധത്തില്‍ ശബ്ദ, ആംഗ്യ കോലാഹലങ്ങളോടെ പ്രസംഗിക്കാനോ എതിരാളിയുടെ പരാജയമുറപ്പാക്കാന്‍ ഏതടവുമെടുക്കാനോ നിരന്തര സമ്പര്‍ക്കത്തിലൂടെ മാധ്യമങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ച് പ്രതിച്ഛായ മെച്ചപ്പെടുത്താനോ സാധിച്ചിട്ടുണ്ടാകില്ല. അതൊക്കെയാണ് നേതാവിന്റെ യോഗ്യത എന്നത്, പരമ്പരാഗത സങ്കല്‍പ്പമാണ്.


ദീര്‍ഘവീക്ഷണവും പരിവര്‍ത്തനോന്മുഖതയുമാണ്, മൈക്കിന് മുന്നില്‍ നടത്തുന്ന ആക്രോശസമാനമായ പ്രസംഗങ്ങളേക്കാള്‍ നന്നെന്ന് പത്ത് വര്‍ഷം കൊണ്ട് തെളിയിച്ചിട്ടുണ്ട് മന്‍മോഹന്‍. ആ പ്രവര്‍ത്തനത്തിനിടെ അപാകങ്ങളും ക്രമക്കേടുകളും സംബന്ധിച്ച ആരോപണങ്ങള്‍ നിരവധിയാണ്. പൊതുമേഖലയിലുള്ള സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ച് സ്വകാര്യ കുത്തകകള്‍ക്ക് വളരാന്‍ അവസരമുണ്ടാക്കി, രാജ്യത്തെ തന്നെ അമേരിക്കയുടെ വിനീത വിധേയയാക്കി, സ്‌പെക്ട്രം മുതല്‍ പ്രകൃതി വാതക ഖനനം വരെ നീളുന്ന വിവിധങ്ങളായ അഴിമതികള്‍ തടയുന്നതില്‍ പരാജയപ്പെട്ടു, ചില അഴിമതികളെങ്കിലും മന്‍മോഹന്റെ അറിവോടെ നടന്നു എന്നിങ്ങനെ വിമര്‍ശകപക്ഷം ധാരാളമുണ്ട്. അതില്‍ പലതിലും കഴമ്പുണ്ട് താനും.


ടെലികോം സേവനങ്ങള്‍ക്കുള്ള ലൈസന്‍സും സ്‌പെക്ട്രവും ലേലം ചെയ്ത് നല്‍കണമെന്ന നിര്‍ദേശം അട്ടിമറിച്ച്, ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയില്‍ നല്‍കാന്‍ എ രാജ തീരുമാനിച്ചുവെങ്കില്‍ അത് തിരുത്താനുള്ള ഉത്തരവാദിത്വം മന്‍മോഹനുണ്ടായിരുന്നു. കോള്‍ നിലങ്ങളുടെ കാര്യത്തിലും ഉചിതമായ തീരുമാനം യഥാസമയമെടുക്കുന്നതില്‍ പാളിച്ചയുണ്ടായി. ആണവ കരാറും അതിന്റെ ഭാഗമായുള്ള സമഗ്ര പ്രതിരോധ സഹകരണ കരാറുകളും വിവിധ മേഖലകളില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ ഏത് വിധത്തില്‍ പരിമിതപ്പെടുത്തുമെന്ന് അറിയണമെങ്കില്‍ വര്‍ഷങ്ങള്‍ കഴിയേണ്ടിവരും.


അഴിമതി ആരോപണങ്ങളാല്‍ ചൂഴപ്പെട്ട വന്‍കിട ഇടപാടുകളിലെല്ലാം അത് ഏതെങ്കിലുമൊരു സ്ഥാനത്തിരിക്കുന്നയാളുടെ മാത്രം തീരുമാനപ്രകാരം നടക്കുന്നതല്ല എന്നത് വ്യക്തമാണ്. കോര്‍പ്പറേറ്റ് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഭരണ നേതൃത്വത്തിലുള്ളവര്‍, ഇവരെ യോജിപ്പിക്കുന്ന ദല്ലാളുമാര്‍ എന്നിങ്ങനെ വലിയൊരു ശൃംഖലയുടെ ഉത്പന്നമാണ് അഴിമതി. ആ ശൃംഖലയിലെ കണ്ണികള്‍ എവിടെവരെയുണ്ട് എന്നതിന് നീര റാഡിയ ടേപ്പിലെ സംഭാഷണങ്ങള്‍ മാത്രം മതി തെളിവായി. അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്ന മാധ്യമങ്ങളുടെ തലപ്പത്തുള്ളവര്‍ വരെ ശൃംഖലയുടെ ഭാഗമായി നിന്ന് തങ്ങളുടെ വേഷം സമര്‍ഥമായി അഭിനയിച്ചു. പ്രകൃതി വിഭവങ്ങളുടെ വില നിര്‍ണയിക്കാനുള്ള അവകാശം സര്‍ക്കാറിനുണ്ടെന്ന്, വിരമിക്കുന്ന ദിവസം വിധി പ്രഖ്യാപിച്ച് മുകേഷ് അംബാനിക്ക് നേട്ടമുണ്ടാക്കിക്കൊടുക്കുന്ന ചീഫ് ജസ്റ്റിസുമാരുള്‍ക്കൊള്ളുന്ന നീതിപീഠം നമുക്കുണ്ട്. കേന്ദ്ര മന്ത്രി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് കോടതി മുറിയില്‍ ജഡ്ജി തുറന്നുപറഞ്ഞിട്ടും അന്വേഷിക്കണമെന്ന് തോന്നാത്ത നീതിന്യായ സംവിധാനവും. അതുകൊണ്ട് തന്നെ അഴിമതിയുടെയും ക്രമക്കേടിന്റെയും കണക്കുകളെടുത്ത് സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രിയുടെ കളങ്കത്തെക്കുറിച്ച് പറയാന്‍ നമുക്ക് അവകാശമില്ല. അതൊന്നും അദ്ദേഹത്തിന്റെ നേതൃപാടവത്തെ അളക്കാനുള്ള മുഴക്കോലാകുന്നുമില്ല. എന്തായാലും 56 ഇഞ്ച് വലുപ്പമുള്ള നെഞ്ചിനേക്കാള്‍ ഭേദമായിരുന്നു (ആണ്) രണ്ട് തവണ ഹൃദയശസ്ത്രക്രിയ നടത്തപ്പെട്ട എണ്‍പതാണ്ട് പിന്നിട്ട ഈ നെഞ്ചിന്‍ കൂട്. 1984ലെ സിഖ് വംശഹത്യക്ക് മാപ്പ് ചോദിക്കാനുള്ള ഊറ്റമെങ്കിലും ആ ചങ്കിന് ഉണ്ടായല്ലോ!!

2014-05-12

ഞാനും ഞാനും പിന്നെ കുറേ ഷണ്ഡന്മാരും


''മെയ് പതിനാറിന് ഞാന്‍ ജയിക്കും. പക്ഷേ, അതിന് മുമ്പ് നിങ്ങളെന്നെ ജയിപ്പിച്ചിരിക്കുന്നു. അധികാരത്തിലെത്തിയാല്‍ ചെയ്യാനായി എനിക്ക് ഒരുപാട് കാര്യങ്ങളുണ്ട്. ഇവിടുത്തെ ജനങ്ങളുടെ ദുരിതം ഞാനകറ്റും. യുവാക്കള്‍ക്ക് വേണ്ടത്ര തൊഴിലവസരമില്ല. അത് ഞാനുണ്ടാക്കും. പരമ്പരാഗത തൊഴിലുകളിലേര്‍പ്പെടുന്നവര്‍ക്ക് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളിപ്പോഴില്ല. അത് ഞാന്‍ പരിഹരിച്ചു നല്‍കാം...'' - ഇങ്ങനെ നീളുന്ന വാഗ്ദാനങ്ങള്‍ ഇന്ത്യന്‍ ജനതക്ക് അത്ര അപരിചിതമല്ല. കുടിവെള്ള ക്ഷാമം പരിഹരിക്കുമെന്ന് വാക്ക് നല്‍കുന്ന നേതാവിനെ അഞ്ച് വര്‍ഷം മുമ്പ് ഇതേ വാഗ്ദാനം നല്‍കി പ്രസംഗിച്ചതിന്റെ ദൃശ്യം കാട്ടി പരിഹസിക്കുന്ന നാട്ടുകാരനെ ഇന്റര്‍നെറ്റ്  കണക്ഷന്‍ നല്‍കുന്ന കമ്പനി പരസ്യചിത്രമാക്കിയത് വാഗ്ദാനവും അതിന്റെ ലംഘനവും ഇന്ത്യന്‍ ജനതക്ക് അത്രത്തോളം സുപരിചിതമാണ് എന്നതിനാലാണ്.


മേലുദ്ധരിച്ച വാഗ്ദാനധാരയിലെ മുഖ്യ ഘടകം 'ഞാന്‍', 'എന്നെ', 'എന്റെ' തുടങ്ങിയ വാക്കുകളാണ്. 'ആസേതുഹിമാചലം' പറന്നും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയും ബി ജെ പിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോദി നടത്തുന്ന പ്രസംഗങ്ങളില്‍ മേല്‍ക്കൈ 'ഞാന്‍' എന്ന പദത്തിനാണ്. 'എന്നെ' പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ച പാര്‍ട്ടിയോ ആ പാര്‍ട്ടി നേതൃത്വം നല്‍കുന്ന മുന്നണിയോ അധികാരത്തിലെത്തിയാല്‍ നടപ്പാക്കാനുദ്ദേശിക്കുകയോ പരിഹരിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചല്ല സംസാരം. ലോക്‌സഭാംഗമാകാന്‍ വേണ്ടി മോദി മത്സരിക്കുന്ന വഡോദരയിലും വാരാണാസിയിലും ഇങ്ങനെ പ്രസംഗിക്കുന്നതില്‍ അഭംഗി തോന്നേണ്ടതില്ല. പക്ഷേ, പശ്ചിമ ബംഗാളിലെ അസന്‍സോളിലും ഉത്തര്‍പ്രദേശിലെ ഫൈസാബാദിലും ചെന്ന് ഇങ്ങനെ പ്രസംഗിക്കുമ്പോള്‍, മത്സരരംഗത്തുള്ള ബി ജെ പിയുടെയോ  സഖ്യകക്ഷികളുടെയോ പ്രതിനിധികള്‍ വെറും പാവകള്‍ മാത്രമെന്നും ഭരണം ഞാന്‍, എന്റെ ഇംഗിതത്തിന് അനുസരിച്ച് നടത്തുമെന്നുമാണ് മോദി പറയാതെ പറയുന്നത്. ഒരു ദശാബ്ദത്തിലേറെയായി ഗുജറാത്തില്‍ ഏത് വിധത്തിലാണോ ഭരിക്കുന്നത് അതുപോലൊന്ന് ഇന്ത്യാ മഹാരാജ്യത്ത് നടപ്പാക്കുമെന്ന് ചുരുക്കം.


നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കാന്‍ വേണ്ടി ഒരു വോട്ട് എന്ന് അമൃത്‌സറിലെ വോട്ടര്‍മാരോട് അരുണ്‍ ജെയ്റ്റ്‌ലി അഭ്യര്‍ഥിച്ചിരുന്നു. ജെയ്റ്റ്‌ലിയോളം വലിപ്പമുള്ള നേതാക്കളില്‍ ഈ മന്ത്രമുരുവിടാത്തവര്‍ ചുരുക്കമാണ്. ബി ജെ പിയെന്നാല്‍ ഇക്കുറി മോദിയെന്ന് നേരത്തെ നിശ്ചയിച്ച് പ്രചാരണം ആസൂത്രണം ചെയ്ത ബി ജെ പിക്കും അതിന്റെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഞാന്‍, ഞാന്‍ മാത്രമെന്ന അവകാശവാദത്തെ അംഗീകരിച്ചു കൊടുക്കുക എന്നത് നിര്‍ബന്ധിതാവസ്ഥയാണ്, തിരഞ്ഞെടുപ്പ് ഫലം വരുംവരെയെങ്കിലും. പാര്‍ട്ടിയെയും ഇതര നേതാക്കളെയും പ്രവര്‍ത്തകരെയും അപഹസിക്കും വിധത്തില്‍ ഞാന്‍, ഞാന്‍ എന്ന് ആവര്‍ത്തിക്കാന്‍ ലജ്ജയില്ലാത്ത നേതാവിനെ ഉയര്‍ത്തിപ്പിടിക്കേണ്ടിവരുന്നുവെന്നത്, ബി ജെ പിയുടെ ആഭ്യന്തരാവസ്ഥയെക്കുറിച്ച് ചില സൂചനകള്‍ നല്‍കുന്നുണ്ട്. അതുകൊണ്ടാണ് എല്‍ കെ അഡ്വാനിയെപ്പോലൊരാള്‍, മറ്റ് നിര്‍വാഹമൊന്നുമില്ലെങ്കിലും മുറുമുറുപ്പ് തുടരുന്നത്. പാര്‍ട്ടിയെ വ്യക്തിക്ക് തീറെഴുതിക്കൊടുത്ത്, അയാളുടെ എല്ലാ അജന്‍ഡകളെയും ശിരസാ വഹിച്ച് സ്വയം ഷണ്ഡനെന്ന് പ്രഖ്യാപിക്കുന്നതിലെ വൈമുഖ്യം, മുമ്പ് ഇതേ രീതിയില്‍ മേധാവിത്വം സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ച എല്‍ കെ അഡ്വാനി മാസങ്ങളായി പ്രകടിപ്പിക്കുകയാണ്. മുരളി മനോഹര്‍ ജോഷിക്കും സുഷമ സ്വരാജിനും ജസ്വന്ത് സിംഗിനുമെല്ലാം ഇതേ വൈമുഖ്യം തന്നെ. അതിന്റെ പ്രകടനം പല വിധത്തിലാകുന്നുവെന്ന് മാത്രം. രാജ്യത്തെ ജനങ്ങള്‍ക്ക് അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അങ്ങനെ അംഗീകരിച്ചുകൊടുക്കുന്നുവെങ്കില്‍ ഏകാധിപതിയെ സ്വയം തിരഞ്ഞെടുത്ത് അതിന്റെ ദുരിതം അനുഭവിക്കാന്‍ വിധിക്കപ്പെടുന്ന ലോകത്തെ ആദ്യ ജനവിഭാഗമായി മാറുകയാകും ഫലം.


അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിന് ഭരണഘടനയുടെ അതിരുകള്‍ക്കുള്ളില്‍ നിന്ന് ചെയ്യാവുന്നത് ചെയ്യുമെന്നാണ് ബി ജെ പി സ്വന്തം പ്രകടനപത്രികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സിവില്‍ നിയമങ്ങളുടെ ഏകീകരണം, ജമ്മു കാശ്മീരിന് പ്രത്യേക അവകാശാധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനാ വ്യവസ്ഥ തുടങ്ങിയ കാര്യങ്ങളിലും ഇതേ നിലപാടെന്ന് പ്രകടനപത്രികയില്‍ പറയുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യത്തിലായ പാര്‍ട്ടികള്‍ക്കും തിരഞ്ഞെടുപ്പിനു  ശേഷം സഖ്യത്തിലാകുമെന്ന് പ്രതീക്ഷിക്കു പാര്‍ട്ടികള്‍ക്കും മനോവിഷമം വേണ്ട എന്നതുകൊണ്ടാണ് ഭരണഘടനയുടെ അതിരുകളെക്കുറിച്ച് പ്രകടനപത്രികയില്‍ പരാമര്‍ശിച്ചത്. അത്തരം അതിരുകളൊന്നും ബാധകമാകുന്നവരല്ല തങ്ങളെന്ന്, നരേന്ദ്ര മോദിയുടെ ഏകാധിപത്യം പ്രാബല്യത്തിലാകും മുമ്പ് തന്നെ തെളിയിച്ച പാര്‍ട്ടിയാണ് ബി ജെ പി. ഗാന്ധിവധത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തപ്പെട്ട നിരോധം പിന്‍വലിപ്പിക്കാന്‍ കാലത്തും ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ നിലനിന്ന കാലത്തുമൊക്കെ മാത്രമേ ബി ജെ പിയുടെ ചാലകശക്തിയായ സംഘ്പരിവാരത്തിന് ഭരണഘടനയുടെ അതിരുകളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും ഓര്‍മയുണ്ടായിരുന്നുള്ളൂ.


ആ ഓര്‍മ നിരന്തരമുണ്ടായിരുന്നുവെങ്കില്‍, ബാബരി മസ്ജിദ് ഇടിച്ചുനിരത്താന്‍ സംഘ് പരിവാരം  നേതൃത്വം നല്‍കില്ലായിരുന്നു. മസ്ജിദ് തകര്‍ന്നു വീഴുമ്പോള്‍ അഡ്വാനിയടക്കമുള്ള നേതാക്കള്‍ ആഹ്ലാദാലിംഗനത്തില്‍ അമരുകയും മധുരം വിളമ്പുകയും ചെയ്യില്ലായിരുന്നു. അതിനും മുമ്പ് അയോധ്യയിലേക്ക് രഥയാത്ര നടത്തി, അതിന്റെ പാര്‍ശ്വത്തില്‍ അതിക്രമങ്ങള്‍ അഴിച്ചുവിട്ട് ജനങ്ങളില്‍ വര്‍ഗീയത ആളിക്കത്തിക്കാന്‍ മുതിരില്ലായിരുന്നു.


ഭരണഘടനയുടെ അതിരുകളെക്കുറിച്ചോ അത് നിറവേറ്റാന്‍ നിര്‍ദേശിച്ച ഉത്തരവാദിത്വങ്ങളെക്കുറിച്ചോ ഓര്‍മയുണ്ടായിരുന്നുവെങ്കില്‍, ഭൂരിപക്ഷ സമുദായത്തിന്റെ വികാരം ഒഴുകിപ്പോകാന്‍ അവസരമൊരുക്കണമെന്ന് മുഖ്യമന്ത്രിക്കസേരയിലിരുന്ന് നരേന്ദ്ര മോദി പറയുമായിരുന്നോ?  വികാരത്തിന്റെ ഒഴുക്കിന് തടസ്സമുണ്ടാകാത്ത വിധത്തില്‍ പോലീസ് സേനയെയാകെ നിര്‍വീര്യമാക്കി നിര്‍ത്തി കൂട്ടക്കുരുതിക്ക് കളമൊരുക്കുമായിരുന്നോ? കൂട്ടക്കുരുതിക്ക് അധ്യക്ഷത വഹിക്കാന്‍ പാകത്തില്‍ മന്ത്രിമാരെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് നിയോഗിക്കുമായിരുന്നോ? മോദി സര്‍ക്കാറിന്റെ പിന്തുണയില്‍ അരങ്ങേറിയ വംശഹത്യ തടയേണ്ടതാണ് എന്ന ഭരണഘടനാ ബാധ്യത ഓര്‍മയിലുണ്ടായിരുന്നുവെങ്കില്‍ പ്രധാനമന്ത്രിക്കസേരയിലിരുന്ന എ ബി വാജ്പയി, സൈന്യത്തെ നിയോഗിക്കാനുള്ള തീരുമാനം വൈകിക്കുമായിരുന്നോ?


എല്ലാം ഇനി ഞാനെന്ന മട്ടില്‍, ജനവിധി വരും മുമ്പ് ഊറ്റം കൊള്ളുകയോ വാഗ്ദാനപ്പെരുമഴ പൊഴിക്കുകയോ ചെയ്യുന്നതിനെ ഈ പശ്ചാത്തലത്തില്‍ കൂടി വേണം കാണാന്‍. ഉത്തര്‍പ്രദേശിനെ ഗുജറാത്താക്കാന്‍ 56 ഇഞ്ച് വീതിയുള്ള നെഞ്ച് വേണമെന്ന് പ്രസ്താവിക്കുമ്പോഴും കോണ്‍ഗ്രസിനെയും അതിനെ പിന്തുണക്കുന്നവരെയും പാഠം പഠിപ്പിക്കാന്‍ 'രാമജന്‍മഭൂമി'യിലുള്ളവര്‍ തയ്യാറാകണമെന്ന് പറയുമ്പോഴും ജീവന്‍ പോയാലും വാക്ക് പാലിക്കണമെന്ന് വിശ്വസിക്കുന്നവരാണ് 'രാമന്റെ നാട്ടിലു'ള്ളവരെന്ന് ഓര്‍മിപ്പിക്കുമ്പോഴും അതിന് അര്‍ഥങ്ങള്‍ വേറെയാണ്. പ്രധാനമന്ത്രിക്കസേര ലാക്കാക്കിയുള്ള പ്രയാണം തുടങ്ങിയപ്പോള്‍ നടത്തിയ സദ്ഭാവനാ സത്യഗ്രഹങ്ങള്‍ക്കും അതിന്റെ ഭാഗമായി സൃഷ്ടിച്ചെടുക്കാന്‍ ശ്രമിച്ച മിതവാദി പ്രതിച്ഛായക്കുമപ്പുറത്ത്, തീവ്ര ഹിന്ദുത്വത്തിന്റെ അടിസ്ഥാന ആശയത്തില്‍ നിന്ന് താന്‍ പിന്നാക്കം പോയിട്ടില്ലെന്ന ഓര്‍മപ്പെടുത്തല്‍. ഭരണഘടനയുടെ അതിരുകള്‍ക്കപ്പുറത്ത് ജീവന്‍ പോയാലും വാഗ്ദാനം നടപ്പാക്കുക എന്ന 'രാമഭൂമി'യുടെ വിശ്വാസമാണ് തനിക്ക് പ്രധാനമെന്ന പ്രഖ്യാപനം. ആ പ്രഖ്യാപനങ്ങളില്‍ ഞാന്‍ എന്ന വാക്കിന് കൂടുതല്‍ പ്രാമുഖ്യം കൂടി നല്‍കുമ്പോള്‍ ഹിന്ദുത്വ വികാരത്തിന്റെ വേലിയേറ്റമാണ് മോദി ലക്ഷ്യമിടുന്നത്. ആ വേലിയേറ്റത്തിനൊടുവില്‍, ഗുജറാത്തില്‍ സംഭവിച്ചതു പോലൊരു അടിഞ്ഞുകൂടല്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.


തിരഞ്ഞെടുപ്പ് പ്രചാരണം ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പ് കേരളത്തില്‍ അയ്യങ്കാളി ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തില്‍ പങ്കെടുക്കാനെത്തിയ നരേന്ദ്ര മോദി, താനിപ്പോഴും തൊട്ടുകൂടായ്മയുടെ ഇരയാണെന്ന് പറഞ്ഞിരുന്നു. മോദി പറയുന്നതു പോലൊരു തൊട്ടുകൂടായ്മ ഉണ്ടാകുന്നുവെങ്കില്‍ അതിന്റെ കാരണം ജാതിയല്ല, മറിച്ച് വംശഹത്യയും അതിനു ശേഷം അരങ്ങേറിയ ആസൂത്രിത ഏറ്റുമുട്ടല്‍ കൊലകളും അട്ടിമറിക്കപ്പെട്ട നീതിന്യായ സംവിധാനവുമൊക്കെയാണ്. പക്ഷേ, അയ്യങ്കാളി ജന്മശതാബ്ദി സമ്മേളനത്തിലെത്തി തൊട്ടുകൂടായ്മയുടെ ഇരയാണ് താനെന്ന് പറയുമ്പോള്‍, യഥാര്‍ഥ അയിത്തത്തിന് ഇരകളായവരുമായി ചേര്‍ന്നു  നില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു മോദി.  മുമ്പ് ശിവഗിരിയിലേക്കുള്ള ക്ഷണം സ്വീകരിച്ചപ്പോഴും ലക്ഷ്യം മറ്റൊന്നായിരുന്നില്ല. ഉത്തര്‍ പ്രദേശില്‍ 'രാമന്റെ ഭൂമി'യെക്കുറിച്ച് പറഞ്ഞതിന് തൊട്ടുപിറകെ പിന്നാക്ക ജാതിക്കാരനായതുകൊണ്ടാണ് താന്‍ വിമര്‍ശിക്കപ്പെടുന്നത് എന്നും മോദി പറഞ്ഞുവെച്ചു.


മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള വി പി സിംഗ് സര്‍ക്കാറിന്റെ തീരുമാനം ഉത്തരേന്ത്യയിലെ, പ്രത്യേകിച്ച് ഉത്തര്‍ പ്രദേശിലെയും ബീഹാറിലെയും, പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ ദിശാബോധത്തില്‍ മാറ്റമുണ്ടാക്കിയിരുന്നു. ഇതിനെ പ്രതിരോധിക്കുക എന്ന ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു അഡ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്രക്ക്. രഥയാത്രയും ബാബരി മസ്ജിദ് തകര്‍ത്തതും സൃഷ്ടിച്ച വര്‍ഗീയ ധ്രുവീകരണം, പിന്നാക്ക വിഭാഗങ്ങളെ സംഘ് പരിവാരത്തോട് ആഭിമുഖ്യമുളവാക്കിയിരുന്നില്ല. ഒറ്റക്ക് അധികാരത്തിലേറുക എന്ന ബി ജെ പിയുടെ ആഗ്രഹത്തിനുള്ള തടസ്സങ്ങളില്‍ പ്രധാനം ഇതായിരുന്നു. തീവ്ര ഹിന്ദുത്വ അജന്‍ഡയും അതിന്റെ സവര്‍ണ നടത്തിപ്പും ഉറപ്പാക്കാനുള്ള ധ്രുവീകരണത്തില്‍ പിന്നാക്ക ജാതി വിഭാഗങ്ങളെക്കൂടി പങ്കാളികളാക്കുക എന്നതാണ് പദ്ധതി. 'പിന്നാക്കക്കാരനായ ഞാന്‍', സര്‍ദാര്‍ പട്ടേലിന് കിട്ടാതെ പോയ പ്രധാനമന്ത്രി സ്ഥാനം നേടിയെടുക്കാനുള്ള എന്റെ യാത്ര എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍, വ്യക്തികേന്ദ്രീകൃതമായാല്‍ ധ്രുവീകരണം കുറേക്കൂടി എളുപ്പമാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാകണം.


ഗുജറാത്തില്‍ വിജയിപ്പിച്ച പരീക്ഷണം രാജ്യത്താകമാനം വ്യാപിപ്പിക്കാനാകുമെന്ന പ്രതീക്ഷ. വംശഹത്യയില്‍ മോദി ഭരണകൂടവും സംഘ് പരിവാറും നീട്ടി നല്‍കിയ കോടാലി കൈയിലേന്തിയത് ദളിതുകളും ആദിവാസികളുമൊക്കെയായിരുന്നുവെന്നത് ഈ പ്രതീക്ഷകള്‍ക്ക് ബലമേകുന്നുണ്ടാകണം. ഗുജറാത്തിലെ പരീക്ഷണത്തിന് വലംകൈയായിരുന്ന കറുത്ത താടിയെ, ഉത്തര്‍പ്രദേശിലേക്ക് നേരത്തെ നിയോഗിക്കാന്‍ വെളുത്ത താടി തീരുമാനിച്ചതിന്റെ കാരണവും മറ്റൊന്നാകാന്‍ ഇടയില്ല.
ഏകാധിപത്യ മാതൃകയും ഗുജറാത്തില്‍ പരീക്ഷിച്ച് വിജയിച്ചതാണ്. സര്‍ക്കാറും പാര്‍ട്ടിയുമൊക്കെ ഒരാളിലേക്ക് ചുരുങ്ങിയതാണ് കഴിഞ്ഞ 12 വര്‍ഷത്തെ കാഴ്ച. ഇപ്പോള്‍ പകലോ രാത്രിയോ എന്ന് ചോദിച്ചാല്‍പ്പോലും സാഹെബിന്റെ അഭിപ്രായമറിയാതെ പ്രതികരിക്കാന്‍ മടിക്കുന്നവരായി നേതൃനിരയെ മാറ്റിയെടുത്തു മോദി. അത്തരമൊരു ഷണ്ഡീകരണത്തിന് പാകത്തിലേക്ക് ദേശീയ നേതൃത്വത്തെ എത്തിക്കാന്‍ ചുരുങ്ങിയ കാലം കൊണ്ട് മോദിക്ക് സാധിച്ചിരിക്കുന്നു. അതിനപ്പുറത്തേക്കുള്ള നീക്കങ്ങള്‍ ഒരുപക്ഷേ, ഈ തിരഞ്ഞെടുപ്പിലെ ലാഭം പ്രതീക്ഷിച്ചാകില്ല. ഭാവിയിലേക്കുള്ള നിക്ഷേപമാകാം. രാഷ്ട്രീയ സ്വയം സേവക് സംഘ് അത് തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് എല്ലാ എതിര്‍ ശബ്ദങ്ങളെയും നിരാകരിച്ച് അവര്‍ മോദിയെ തുണക്കുന്നത്.