2015-05-22

(മുജ്ജന്മപാപം) പ്രോത്സാഹിപ്പിക്കുന്നു, വിഭോ!


ദാരിദ്ര്യം, തൊഴിലില്ലായ്മ, ജാതിയുടെ പേരിലുള്ള ക്രൂരതകള്‍, അര്‍ഹമായ അനുകൂല്യങ്ങളുടെ നിഷേധം, ഭരണ - ഉദ്യോഗസ്ഥ തലങ്ങളില്‍ കൊടികുത്തി വാഴുന്ന അഴിമതി, പൊലീസ് അതിക്രമം, ഭരണകൂട ഭീകരത എന്ന് തുടങ്ങി നിരവധിയായ കാരണങ്ങളാല്‍, പോയ ജന്മത്ത് ചെയ്ത് പോയ പാപം മൂലമാണ് ഇന്ത്യന്‍ യൂനിയനെന്ന് ഭരണഘടനയിലും ഹിന്ദുസ്ഥാനെന്നോ ഭാരതമെന്നോ ഒക്കെ സംഘ് പരിവാറും വിശേഷിപ്പിക്കുന്ന ഈ ഭൂപ്രദേശത്ത് ജനിച്ചുപോയതെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അതില്‍ കുറ്റം പറയാന്‍ സാധിക്കില്ല. ആ തോന്നല്‍ ഒരു വര്‍ഷം മുമ്പ് വരെയുണ്ടായിരുന്നു ഇപ്പോഴത് മാറിയെന്ന് പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ പറഞ്ഞാല്‍, അദ്ദേഹത്തിന് ഈ രാജ്യത്തെക്കുറിച്ച് ഒരു ചുക്കും മനസ്സിലായിട്ടില്ല എന്നാണ് അര്‍ഥം. ബലാത്സംഗങ്ങളും ദളിതുകള്‍ക്ക് നേര്‍ക്കുള്ള അതിക്രമങ്ങളും വര്‍ധിച്ചത്, ന്യൂനപക്ഷങ്ങളെ കൂടുതല്‍ അരക്ഷിതരാക്കും വിധത്തിലുള്ള പ്രചാരണങ്ങളും നടപടികളും വ്യാപിച്ചത്, ദരിദ്രരെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടാന്‍ പാകത്തിലുള്ള നയങ്ങളുടെ നടപ്പാക്കല്‍ എന്ന് വേണ്ട പലമേഖലകളില്‍ രാജ്യത്തെ 'മുന്നാക്കം' നയിച്ച വര്‍ഷമാണ് കടന്നുപോകുന്നത്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ വളര്‍ച്ചാ നിരക്ക് കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി, വളര്‍ച്ചാ നിരക്ക് കൂടിയെന്ന് അവകാശപ്പെടുന്നത് മാത്രമാണ് ഒരു വര്‍ഷത്തിനിടെയുണ്ടായ മാറ്റം.


നീണ്ട കാലത്തെ കോണ്‍ഗ്രസ് ഭരണം, നാല് വര്‍ഷത്തോളം നീണ്ട ജനതാപരിവാര്‍ - ഐക്യമുന്നണി ഭരണം, ഏഴ് വര്‍ഷത്തെ എന്‍ ഡി എ/ബി ജെ പി ഭരണം ഇവയൊക്കെ കഴിഞ്ഞും പരിഹാരമില്ലാതെ തുടരുകയോ കൂടുതല്‍ വഷളാകുകയോ ചെയ്ത പ്രശ്‌നങ്ങളാണ് തുടക്കത്തില്‍ പറഞ്ഞത്. ഈ രാജ്യത്താണല്ലോ ജനിച്ചുപോയത് എന്ന തോന്നല്‍ സൃഷ്ടിക്കാന്‍ പാകത്തില്‍ നരേന്ദ്ര മോദിയുടെ പാര്‍ട്ടിയോ അതിന്റെ പ്രാഗ് രൂപമോ പിറകില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്) നേതൃത്വം നല്‍കുന്ന പരിവാരമോ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പലതാണ്. രാജ്യം മഹാത്മാവ് എന്ന് ആദരിക്കുന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ക്കാന്‍ നാഥുറാം വിനായക് ഗോഡ്‌സെക്ക് കരുത്തേകിയ ആര്‍ എസ് എസ്സും 66 വര്‍ഷത്തിന് ശേഷം ഗോഡ്‌സെക്ക് സ്മാരകം പണിയാന്‍ മെനക്കിട്ടറിങ്ങിയ പരിവാര സംഘടനകളും ഈ രാജ്യത്ത് ജനിക്കാന്‍ പാകത്തില്‍ മുന്‍ ജന്മത്തില്‍ എന്ത് പാപമാണ് ചെയ്തത് എന്ന തോന്നലുണ്ടാക്കുന്നുണ്ട്.


അയോധ്യയിലെ ബാബ്‌രി മസ്ജിദിനുള്ളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ച്, രാമക്ഷേത്രമാണെന്ന് വാദിച്ച് ഭൂരിപക്ഷ വര്‍ഗീയ വളര്‍ത്താനുള്ള ശ്രമങ്ങള്‍ സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്ത് തന്നെ തുടങ്ങിയതാണ്. സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഹിന്ദുത്വ വാദികളായ നേതാക്കള്‍ ഈ ശ്രമത്തിന് വേണ്ട പിന്തുണ നല്‍കിയിരുന്നുവെന്നത് വിസ്മരിക്കുന്നില്ല. പക്ഷേ, അതിനെ രഹസ്യമായും പരസ്യമായും വളര്‍ത്തിവലുതാക്കിയത് സംഘ് പരിവാരമാണ്. ബാബ്‌രി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മിക്കുക എന്ന മുദ്രാവാക്യവുമായ എല്‍ കെ അദ്വാനി രഥയാത്ര നടത്തിയതും അതിന്റെ പാര്‍ശ്വങ്ങളിലൂടെ അക്രമം അഴിച്ചുവിട്ട് രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാക്കി നിര്‍ത്തിയതും പഴയ ചരിത്രമല്ല. അന്ന് ആ രഥയാത്രയുടെ മുഖ്യ സംഘാടകരില്‍ ഒരാളായിരുന്നു, ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി. രഥയാത്രക്ക് രണ്ട് വര്‍ഷത്തിനിപ്പുറം ബാബ്‌രി മസ്ജിദ് ഇടിച്ചു നിരത്തി, രാജ്യത്തിന്റെ മതനിരപേക്ഷ സംസ്‌കൃതിയില്‍ വലിയ വിള്ളലുണ്ടാക്കിയത് സംഘ് പരിവാരവും അതിന്റെ രാഷ്ട്രീയ രൂപമായ ബി ജെ പിയുമായിരുന്നു.


രാജ്യം വിഭജിച്ചതിന്റെ ഉത്തരവാദികളെന്ന് സംഘടിതമായി ആരോപിക്കപ്പെട്ടതോടെ ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ വളര്‍ന്ന അരക്ഷിതബോധം വടവൃക്ഷമായി വളര്‍ന്നത് ബാബ്‌രി മസ്ജിദിന്റെ തകര്‍ച്ചയോടെയാണ്. ജനസംഖ്യയില്‍ 20 ശതമാനം വരുന്ന വിഭാഗത്തെ മുഖ്യധാരയില്‍ നിന്ന് അകറ്റി, അവര്‍ക്ക് ഭരണകൂടത്തിലുണ്ടായിരുന്ന വിശ്വാസ്യത തകര്‍ത്ത്, സമുദായ സ്പര്‍ധ വളര്‍ത്തിയവര്‍ സൈ്വര ജീവിതം ഉറപ്പാക്കുകയായിരുന്നോ? തലശ്ശേരി മുതല്‍ ഭഗല്‍പൂര്‍ വരെയോ ഹാഷിംപുര മുതല്‍ ബോംബെ വരെയോ നീണ്ട വര്‍ഗീയ സംഘര്‍ഷങ്ങളില്‍ സംഘ് പരിവാരം വഹിച്ച പങ്ക് ഈ രാജ്യത്ത് ജനിക്കുന്നത് പുണ്യമാണെന്ന് കണക്കാക്കുന്ന തലമുറയെ സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നോ? മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തി രാജ്യത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്നുള്ളവരെ ആക്രമിക്കാന്‍ മടികാട്ടാത്ത ശിവസേനയെ പിന്തുണക്കാന്‍ ആര്‍ എസ് എസ്സും ബി ജെ പിയും മടികാട്ടാതിരുന്നത്, ഏവര്‍ക്കും തുല്യാവകാശത്തോടെ ജീവിക്കാന്‍ പാകത്തിലുള്ള ഭൂമിയായി ഇന്ത്യന്‍ യൂനിയനെ മാറ്റുന്നതിനും ഇവിടെ ജനിക്കുന്നത് ഭാഗ്യമാണെന്ന തോന്നലുണ്ടാക്കാനുമായിരുന്നോ?


ഇന്ന് ലോക പര്യടനം നടത്തി, സെല്‍ഫിയെടുത്ത് അഭിരമിക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രിക്ക്, യൂറോപ്യന്‍ രാഷ്ട്രങ്ങളും അമേരിക്കയുമൊക്കെ വിസ നിഷേധിച്ച ഒരു കാലമുണ്ടായിരുന്നു. 'മുജ്ജന്മ പാപം കൊണ്ട് ഇന്ത്യയില്‍ ജനിച്ചുപോയ'വരില്‍ 31 ശതമാനം ബി ജെ പിക്ക് വോട്ട് ചെയ്യുകയും അത്തരക്കാരുടെ പ്രധാനമന്ത്രിയാകാന്‍ യോഗമുണ്ടാകുകയും ചെയ്തപ്പോഴാണ് രാജ്യങ്ങള്‍ വിസ അനുവദിച്ചത്. ഗുജറാത്തില്‍ 2002ല്‍ അരങ്ങേറിയ വംശഹത്യക്ക് അധ്യക്ഷത വഹിക്കുകയോ അക്രമികളെ തടയാന്‍ നടപടി സ്വീകരിക്കാതെ കൂട്ടക്കുരുതിക്ക് അരുനില്‍ക്കുകയോ ചെയ്തതുകൊണ്ടാണ് പല രാജ്യങ്ങളും വിസ നിഷേധിച്ചത്. കാറിനടിയില്‍ പട്ടിക്കുട്ടിപെട്ടാല്‍ കാറില്‍ യാത്രചെയ്യുന്നയാള്‍ ക്ക് എന്താണ് ഉത്തരവാദിത്വമെന്ന്, ആയിരത്തിലധികം പേരുടെ ജീവനെടുക്കുകയും നിരവധി സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിന് ഇരയാകുകയും പതിനായിരക്കണക്കിനാളുകള്‍ തെരുവിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്ത വംശഹത്യയെക്കുറിച്ച്, ചോദിച്ച നേതാവിന് ഈ രാജ്യം ജീവിക്കാന്‍ യോഗ്യമല്ലാതാക്കിയതിലെ ഉത്തരവാദിത്വം എത്രയാണ്?


വംശഹത്യാ കേസുകള്‍ അട്ടിമറിച്ചും ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സൃഷ്ടിച്ചും മോദി ഗുജറാത്ത് ഭരിച്ച കാലത്ത്, എത്ര ജന്മത്തെ പാപത്തിന്റെ ഫലമായാണ് ഈ മണ്ണില്‍ ജനിച്ചത് എന്ന് എത്ര പേര്‍ക്ക് തോന്നിയിട്ടുണ്ടാകും? മോദിയുടെ കാലത്ത് ഏറ്റുമുട്ടല്‍ കൊലക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെയൊക്കെ കുറ്റവിമുക്തരാക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ഊര്‍ജിതമായി ശ്രമിക്കുമ്പോള്‍ എന്തിനിവിടെ ജീവിക്കുന്നുവെന്ന് തോന്നിയാല്‍ ആരെ കുറ്റം പറയണം?
മലേഗാവിലും അജ്മീറിലും ഹൈദരാബാദിലുമൊക്കെ സ്‌ഫോടനങ്ങള്‍ നടത്തി, നിരപരാധികളെ കൊന്നൊടുക്കി, അതിന്റെ ഉത്തരവാദിത്തം ന്യൂനപക്ഷവിഭാഗക്കാരായ ചെറുപ്പക്കാരുടെ ചുമലിലിട്ടത് (അതിന്റെ ആസൂത്രണത്തില്‍ ആര്‍ എസ് എസ് നേതൃത്വത്തിലിരിക്കുന്നയാളിന് പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കുന്നു) സൈ്വര്യ ജീവിതം ഉറപ്പാക്കാനും നരേന്ദ്ര ദാമോദര്‍ ദാസ് മോദി അധികാരത്തിലെത്തുന്ന കാലത്ത് ഈ രാജ്യത്ത് ജീവിക്കാനായത് ഭാഗ്യമാണെന്ന് കരുതാനുമായിരുന്നുവെന്ന് 130 കോടി വരുന്ന ജനതക്ക് മനസ്സിലായിരുന്നേയില്ല, ഇനിയൊട്ട് മനസ്സിലാകുമെന്നും തോന്നുന്നില്ല. ഈ രാജ്യത്തെ ജീവിക്കാന്‍ കൊള്ളാത്തതാക്കി മാറ്റുന്നതില്‍ നരേന്ദ്ര മോദി എന്ന വ്യക്തിയും ആ ദേഹം നേതൃത്വത്തിലിരിക്കുന്ന പാര്‍ട്ടിയുള്‍ക്കൊള്ളുന്ന സംഘ പരിവാരവും സ്വീകരിച്ച നടപടികള്‍ ഇപ്പറഞ്ഞതിലൊന്നുമൊതുങ്ങില്ല.


വിസാ നിഷേധം മൂലം ഇക്കാലം വരെ കാണാന്‍ കഴിയാതിരുന്നതടക്കം രാജ്യങ്ങളില്‍ ജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിച്ച് താങ്കള്‍ നടത്തുന്ന സന്ദര്‍ശനങ്ങളെ അതിലെ ഫലശൂന്യത മനസ്സിലാക്കിക്കൊണ്ട് തന്നെ ജനങ്ങള്‍ അംഗീകരിച്ചേക്കാം. ഇതുവരെപ്പറഞ്ഞ വിഡ്ഢിത്തങ്ങള്‍ കണക്കിലെടുത്താല്‍ എല്ലാവരും ജീവിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യമായി ഒരു വര്‍ഷം കൊണ്ട് ഇന്ത്യന്‍ യൂനിയന്‍ മാറിയെന്നത് പോലുള്ള പ്രസ്താവനകള്‍ ഇനിയുമുണ്ടാകുമെന്ന് പ്രതീക്ഷിക്കണം. അതിനെയൊക്കെ പരമാവധി പ്രോത്സാഹിപ്പിക്കുക എന്നതേ, സാമാന്യബോധമുള്ള ഇന്ത്യക്കാരന് കരണീയമായുള്ളൂ. തൊണ്ടതൊടാതെ വിഴുങ്ങി, ദഹിപ്പിച്ച് വിധേയനാകാന്‍ വേണ്ടിയല്ലെന്ന് മാത്രം.