2015-05-25

ഓം 'മേത്തന്‍' സ്വാഹ!!


ഗുജറാത്തിലെ അമ്രേലി സ്വദേശിയാണ് സാവ്ജി ധൊലാകിയ. വജ്രക്കല്ലുകള്‍ സംഭരിച്ച്, രാകിമിനുക്കി വിപണിയിലെത്തിക്കുന്ന ചെറിയ കച്ചവടമായിരുന്നു മുമ്പ്. സൂറത്തില്‍ ഏതാനും തൊഴിലാളികളുമായി ആരംഭിച്ച വ്യവസായം  പിന്നീട് മുംബൈയിലേക്ക് മാറ്റി. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ വജ്രക്കയറ്റുമതിക്കാരാണ് സാവ്ജി ധൊലാകിയയും സഹോദരന്‍മാരും. ധൊലാകിയ സഹോദരന്‍മാരുടെ ഹരേകൃഷ്ണ എക്‌സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മുംബൈയിലെ ആസ്ഥാനം 25,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ്. വാര്‍ഷിക വരുമാനം 6000 കോടിയാണെന്ന് വിക്കിപ്പീഡിയന്റെ കണക്ക്. 2014ല്‍ ആറായിരം ജീവനക്കാരുണ്ടായിരുന്നുവെന്നും വിക്കി പറയുന്നു.
വിശ്വാസം അ തല്ലേ എല്ലാം എന്ന മട്ടിലാണ് കമ്പനിയുടെ ഔദ്യോഗിക പരിചയപ്പെടുത്തല്‍ തുടങ്ങുന്നത്. ''പര്‍വതങ്ങളെ നീക്കാനോ നിശ്ചയങ്ങളെ മാറ്റാനോ കഴിയുന്ന ഒന്നുണ്ടെങ്കില്‍ അത് വിശ്വാസം മാത്രമാണ്'' എന്ന് ആരംഭിക്കുന്ന പരിചയപ്പെടുത്തല്‍ ''രണ്ട് ദശകം മുമ്പ് ആരംഭിച്ച സ്ഥാപനം മുന്നോട്ടുനീങ്ങുന്നത് പാറ പോലെ ഉറച്ച വിശ്വാസത്തിന്റെ ബലത്തിലാ''ണെന്നും വിശദീകരിക്കുന്നു. വളര്‍ച്ചക്ക് നിദാനമായ വിശ്വാസം ഏതാണെന്ന് വെളിവാക്കപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. 'മുസ്‌ലിംകളല്ലാത്തവരെ മാത്രമേ ഞങ്ങള്‍ ജോലിക്കെടുക്കാറുള്ളൂ'വെന്ന് ഹരേകൃഷ്ണ എക്‌സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മനുഷ്യവിഭവശേഷി വിഭാഗം എം ബി എ ബിരുദധാരിയായ സീഷന്‍ അലി ഖാനെ അറിയിച്ചപ്പോള്‍. 2014ല്‍ കമ്പനിയിലുണ്ടെന്ന് വിക്കി പറയുന്ന ആറായിരം ജീവനക്കാരില്‍ മുസ്‌ലിംകളുണ്ടോ ഇല്ലയോ എന്ന് അറിയില്ല. മനുഷ്യവിഭവശേഷി വിഭാഗത്തില്‍ രണ്ട് മാസം മുമ്പ് മാത്രം പ്രവേശിച്ച ട്രെയിനിക്ക് പറ്റിയ തെറ്റാണ്, സീഷന് നല്‍കിയ മറുപടിയെന്നും മനുഷ്യവിഭവശേഷി വിഭാഗത്തില്‍ തന്നെ മുസ്‌ലിമായ ഒരാള്‍ ജോലി ചെയ്യുന്നുണ്ടെന്നും കമ്പനി വിശദീകരിക്കുന്നുണ്ട്.
ഒരു സ്ഥാപനത്തിലേക്ക് ജീവനക്കാരെ തെരഞ്ഞെടുക്കാനുള്ള അഭിമുഖ പരീക്ഷയില്‍ വിധികര്‍ത്താക്കളുടെ പാനലില്‍ ഇരിക്കേണ്ട ഭാഗ്യമോ ദൗര്‍ഭാഗ്യമോ ഏതാണ്ട് 15 വര്‍ഷം മുമ്പ് ഉണ്ടായിട്ടുണ്ട്. മനുഷ്യപ്രകൃതിയെക്കുറിച്ച് വലിയ ധാരണയോ ജോലിയില്‍ വേണ്ടത്ര അനുഭവ പരിയമോ അന്നുണ്ടായിരുന്നില്ല (വലുതായുണ്ടെന്ന അവകാശവാദം ഇപ്പോഴുമില്ല). എന്തായാലും പരീക്ഷ നടത്തിപ്പ് പൂര്‍ത്തിയാക്കി, തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യരായവരുടെ പട്ടിക മാനേജ്‌മെന്റിന് കൈമാറി. അഭിമുഖ പരീക്ഷക്ക് നേതൃത്വം നല്‍കിയയാള്‍ പിന്നീട് പറഞ്ഞ ഒരു വാചകം ഇപ്പോഴും ഓര്‍മയിലുണ്ട് - ''മേത്തന്‍മാരാരും പട്ടികയിലില്ലെന്ന് അഭിമുഖം നടക്കുമ്പോള്‍ തന്നെ ഉറപ്പാക്കിയിരുന്നു'' എന്ന്. അപേക്ഷകരായി എത്തിയവരുടെ ജാതിയോ മതമോ അഭിമുഖം നടക്കുമ്പോള്‍ ഞങ്ങളുടെ (കൂടെയുണ്ടായിരുന്ന മൂന്നാമനെക്കൂടി ഉള്‍പ്പെടുത്തി) പരിഗണനയില്‍ ഉണ്ടായിരുന്നില്ല. പക്ഷേ, അഭിമുഖത്തിന് നേതൃത്വം നല്‍കിയയാള്‍ ഇക്കാര്യം ശ്രദ്ധാപൂര്‍വം പരിഗണിച്ചു, മുസ്‌ലിമായ ഒരാള്‍ പോലും തിരഞ്ഞെടുക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കുകയും ചെയ്തു. ഈ ഒഴിവാക്കല്‍ സ്ഥാപനത്തിന്റെയോ അതിനെ അന്ന് നയിച്ച മാനേജ്‌മെന്റിന്റെയോ ആവശ്യമായിരുന്നില്ലെന്ന് തീര്‍ത്ത് പറയാന്‍ സാധിക്കും.
പതിനഞ്ച് വര്‍ഷം മുമ്പ് നടന്നതും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളും യാദൃച്ഛികമാണെന്ന് കരുതാനാകുമോ? അതോ പ്രത്യേക മതത്തില്‍പ്പെട്ടവരെ നീക്കിനിര്‍ത്താന്‍ ബോധപൂര്‍വം നടക്കുന്ന ശ്രമങ്ങളില്‍ പുറത്തറിയുന്ന സംഭവങ്ങള്‍ മാത്രമോ? ഭൂരിപക്ഷ വര്‍ഗീയതയുടെ വേലിയേറ്റം രാജ്യത്ത് പൊടുന്നനെ ഉണ്ടായതല്ല. ആ വേലിയേറ്റം ഹൈന്ദവ സമുദായത്തില്‍ നിലനിന്ന/നിലനില്‍ക്കുന്ന സവര്‍ണാധിപത്യവുമായി നാഭീനാള ബന്ധമുണ്ട് താനും. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് ഇതര സമുദായാംഗങ്ങളെ മാറ്റിനിര്‍ത്താന്‍ ശ്രമിച്ചും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന പ്രചാരണം നടത്തിയുമാണ് ഭൂരിപക്ഷ വര്‍ഗീയതയെ വളര്‍ത്തിയെടുക്കാന്‍ സംഘ്പരിവാരം ശ്രമിച്ചത്. ഹിന്ദു സമുദായത്തിലെ തന്നെ ജാതിയില്‍ താണവരായി സവര്‍ണവര്‍ വ്യവഹരിക്കുന്നവരെ താഴേക്കിടക്കാരായി തന്നെ നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു.
ഇത്തരമൊരു രാഷ്ട്രീയ പരിസരത്തിന്റെ തുടര്‍ച്ചയാണ് മതവും ജാതിയും പരിഗണിച്ച് തൊഴില്‍ മേഖലകളില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനങ്ങള്‍. സര്‍ക്കാറിന്റെയോ സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയോ തൊഴിലവസരങ്ങളില്‍ നിന്ന് തിരഞ്ഞുപിടിച്ചുള്ള ഒഴിവാക്കലുകള്‍ തത്കാലം സാധ്യമല്ല. തുല്യാവസരം പ്രദാനം ചെയ്യണമെന്ന ഭരണഘടനാ വ്യവസ്ഥ, സംവരണങ്ങള്‍ എന്നിങ്ങനെ നിരവധി തടസ്സങ്ങള്‍ അതിനുണ്ട്. സ്വകാര്യമേഖലയില്‍ ഇത്തരം തടസ്സങ്ങളൊന്നുമില്ല. അകറ്റിനിര്‍ത്തേണ്ട വിഭാഗങ്ങള്‍ക്ക് തൊഴിവസരം പ്രദാനം ചെയ്ത്, സാമൂഹിക - സാമ്പത്തിക പുരോഗതി കൈവരിക്കാനുള്ള അവസരം ഇനിയും നല്‍കേണ്ടതില്ലെന്ന തോന്നല്‍ സ്വകാര്യ മേഖലയില്‍ നേരത്തെ തന്നെയുണ്ട്. അത് പ്രകടിപ്പിക്കാന്‍ പറ്റിയ അവസരം വന്നിരിക്കുന്നുവെന്ന തോന്നല്‍ ഹരേകൃഷ്ണ പോലുള്ള സ്ഥാപനങ്ങള്‍ക്ക് ഇപ്പോഴുണ്ടായിരിക്കുന്നു. അതുകൊണ്ടാണ് 'നിങ്ങളെപ്പോലുള്ളവരെ പരിഗണിക്കുന്നില്ല' എന്ന് എഴുതി അറിയിക്കാന്‍ അവര്‍ തീരുമാനിച്ചത്.
'നിങ്ങള്‍ അപേക്ഷിച്ചതിന് നന്ദി, മുസ്‌ലിം ഇതര അപേക്ഷകരെ മാത്രമേ ഞങ്ങള്‍ പരിഗണിക്കുന്നുള്ളൂ' എന്ന സന്ദേശമാണ് സീഷന്‍ അലി ഖാന് ഹരേകൃഷ്ണ കമ്പനിയില്‍ നിന്ന് ലഭിച്ചത്. കുത്തക കമ്പനികളുടെ ആശയ വിനിമയ രീതികളെക്കുറിച്ച് അറിയാവുന്നവര്‍ക്ക്, ഏതെങ്കിലും ട്രെയിനി അബദ്ധത്തില്‍ തെറ്റായി അയച്ച സന്ദേശമാണ് ഇതെന്ന കമ്പനിയുടെ വിശദീകരണം സ്വീകാര്യമാകാന്‍ ഇടയില്ല. മുസ്‌ലിമായതുകൊണ്ട് ഒഴിവാക്കുകയാണ് എന്ന് നേരിട്ടാണ് എഴുതിയതെങ്കില്‍, കാര്യവിവരമില്ലാത്ത ജീവനക്കാരന്റെ അബദ്ധമായി പരിഗണിക്കാമായിരുന്നു. അപേക്ഷിച്ചതിന് നന്ദി, മുസ്‌ലിം ഇതര അപേക്ഷകരെ മാത്രമേ പരിഗണിക്കുന്നുള്ളൂ എന്ന് എഴുതുമ്പോള്‍ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് കമ്പനി വെച്ചിരിക്കുന്ന മാനദണ്ഡം വ്യക്തമായി അറിയുന്ന ഒരാളുടെ മറുപടിയാണെന്ന് മനസ്സിലാക്കണം.
ഭൂരിപക്ഷ വര്‍ഗീയതയെ വളര്‍ത്താന്‍ ഉദ്ദേശിച്ചുള്ള പ്രചാരണങ്ങളാല്‍ സ്വാധീനിക്കപ്പെട്ട മനസ്സിന്റെ പ്രതിഫലനമായിരുന്നു 'മേത്തന്‍'മാരൊന്നും തിരഞ്ഞെടുക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള തീരുമാനം. സ്ഥാപനങ്ങളുടെ തലപ്പത്ത് എത്തിപ്പെടുന്നവര്‍, വര്‍ഗീയമായി ചിന്തിക്കുന്നവരാകുമ്പോള്‍ സംഭവിക്കുന്ന ഒഴിവാക്കലുകള്‍. അതുപോലും ചെറുതല്ലെന്നും അപൂര്‍വമായി മാത്രം സംഭവിച്ചതല്ലെന്നും കരുതണം. അവിടെ നിന്ന് 2015ലെത്തുമ്പോള്‍, സ്ഥാപനങ്ങള്‍ക്ക് അതൊരു നയമായി സ്വീകരിക്കാനുള്ള ധൈര്യം ലഭിച്ചിരിക്കുന്നു. ദളിതുകള്‍ക്കും പട്ടിക വര്‍ഗക്കാര്‍ക്കും സ്വകാര്യ സ്ഥാപനങ്ങളിലുള്ള പ്രാതിനിധ്യം കൂടി പരിഗണിച്ചാല്‍ ഈ വേര്‍തിരിവ് ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ മാത്രമുള്ളതല്ലെന്ന് മനസ്സിലാകും. തൊഴിലവസരങ്ങളുടെയും സമ്പത്തിന്റെ വിതരണത്തെയും നിയന്ത്രിക്കുന്നവരെ, സവര്‍ണമേധിവിത്വത്തില്‍ അധിഷ്ഠിതമായ ഭൂരിപക്ഷ വര്‍ഗീയത ആവേശിച്ചുകഴിഞ്ഞിരിക്കുന്നു. അത് പ്രകടമാക്കാന്‍ മടിയില്ലെന്ന് കൂടിയാണ് ഹരേകൃഷ്ണ വിളിച്ചുപറയുന്നത്. നിലവിലുള്ള നിയമവ്യവസ്ഥകളനുസരിച്ചുള്ള നടപടികള്‍ ഈ കമ്പനിക്കെതിരെ സ്വീകരിക്കപ്പെട്ടേക്കാം. പക്ഷേ, ഇവര്‍ നല്‍കിയ സന്ദേശം മടി കൂടാതെ സ്വീകരിക്കാനും ഇത്തരം നിയമനരീതി രഹസ്യമായി നടപ്പാക്കാനും തയ്യാറുള്ള നിരവധി സ്ഥാപനങ്ങള്‍ ഇവിടെയുണ്ടാകുമെന്നതാണ് വസ്തുത.
'നിങ്ങളുടെ ഇടം പാക്കിസ്ഥാനാ'ണെന്ന് രാജ്യത്തെ മുസ്‌ലിംകളോട് ഏതൊക്കെ വിധത്തില്‍ എത്ര തവണ പറഞ്ഞിട്ടുണ്ടാകും ഭൂരിപക്ഷ വര്‍ഗീയതയുടെ വക്താക്കള്‍? ഹൈന്ദവ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് തങ്ങളെന്ന് അംഗീകരിക്കാത്ത ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ വിരല്‍ ചൂണ്ടുന്നത് പാക്കിസ്ഥാനിലേക്കാണ്. എല്ലാ ഹിന്ദുക്കളും ഒന്നാകുന്ന ഹിന്ദുസ്ഥാനാണ് ലക്ഷ്യമെന്ന് ആര്‍ എസ് എസ് മേധാവി ആവര്‍ത്തിക്കുമ്പോഴും വ്യംഗ്യം മറ്റൊന്നല്ല. പോത്തിറച്ചി കഴിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് പാക്കിസ്ഥാനിലേക്ക് പോകാമെന്ന് കേന്ദ്ര മന്ത്രിസഭയിലെ അംഗം ശങ്കാലേശമില്ലാതെ പ്രഖ്യാപിക്കുമ്പോള്‍ പോത്തിറച്ചി കഴിക്കുന്നവരൊക്കെ മുസ്‌ലിംകളാണെന്നും അവര്‍ക്ക് പാക്കിസ്ഥാനിലേക്ക് പോകാമെന്നും തന്നെയാണ് അര്‍ഥം. ഭരണത്തിന് നേതൃത്വം നല്‍കുന്നവരും അതിനെ നിയന്ത്രിക്കുന്നവരും ഇവ്വിധം പ്രഖ്യാപിക്കുമ്പോള്‍, രാജ്യം വിട്ടുപോകേണ്ട ഒരു വിഭാഗത്തിലെ അംഗത്തിന് തങ്ങള്‍ ജോലി നല്‍കുന്നത് എന്തിനെന്ന് സാവ്ജി ധൊലാകിയയെപ്പോലുള്ളവര്‍ക്ക് തോന്നുക സ്വാഭാവികം. വംശഹത്യയാണ് സാമൂഹികനീതിയെന്ന് തെളിയിച്ച ഒരു പ്രദേശത്തുനിന്നാണ് സാവ്ജി ധൊലാകിയ വരുന്നത് എന്നത് കൂടി പരിഗണിക്കുക. വംശഹത്യക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തുവെന്ന ആക്ഷേപത്തിന് വിധേയനായ വ്യക്തി, പരമാധികാരിയായിരിക്കെ സാവ്ജി ധൊലാകിയമാര്‍ക്ക് വിമുഖത പേരിന് പോലും ഉണ്ടാവുകയും ഇല്ല. അതുകൊണ്ടുകൂടിയാകണം 'മുസ്‌ലിം ഇതരരെ' മാത്രമേ പരിഗണിക്കൂ എന്ന വിവരം രേഖാമൂലം അറിയിക്കാന്‍ തയ്യാറായത്.
ഭരണത്തിന് നേതൃത്വം നല്‍കുന്നവരും ഉദ്യോഗസ്ഥരും വര്‍ഗീയ ചേരിതിരിവ് കാട്ടുന്നുവെന്നത് പുതുമയുള്ള ആരോപണമല്ല. പോലീസ് സേനയില്‍ വര്‍ഗീയത വേരൂന്നിയിട്ടുണ്ടെന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിയോഗിക്കപ്പെട്ട ജുഡീഷ്യല്‍ കമ്മീഷനുകള്‍ പലകാലങ്ങളില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ മേഖലയെ സംബന്ധിച്ച് ലാഭമാണ് ഏറ്റം പ്രധാനം. ലാഭത്തിലേക്ക് നയിക്കാന്‍ പാകത്തിലുള്ള മിടുക്ക് ആരുടെ പക്കലുണ്ടായാലും, മറ്റൊന്നും നോക്കാതെ സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയുമാണ് സ്വകാര്യ മേഖല, പൊതുവില്‍ ചെയ്യാറ്. മിടുക്കിനപ്പുറത്ത്, മതവും ജാതിയും പരിഗണിക്കാനും അത് പരസ്യമാക്കാനും സ്വകാര്യ കമ്പനികള്‍ തയ്യാറാകുന്ന കാലം വന്നുവെങ്കില്‍ അപകടം ചെറുതല്ല തന്നെ.
നിയമപരമായി ബാധ്യതപ്പെട്ടിരിക്കുന്നുവെന്നതിനാല്‍ ന്യൂനപക്ഷ കമ്മീഷനോ, പോലീസോ, തുല്യാവസര കമ്മീഷനോ ഒക്കെ ഹരേഷകൃഷ്ണക്ക് നോട്ടീസ് അയക്കുകയോ കേസ് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്‌തേക്കാം. കമ്പനിയുടെ വിശദീകരണം തൃപ്തികരമെന്ന് രേഖപ്പെടുത്തി ഫയല്‍ മടക്കുകയും ചെയ്യും. യുവാക്കള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സാംസ്‌കാരിക സംഘടനകള്‍, സാമൂഹിക പ്രവര്‍ത്തകര്‍? വലിയ പക്വതയോടെ മൗനം പാലിക്കുന്നുണ്ടോ ഇവര്‍? ഒരു സീഷന്‍ അലി ഖാന്റെ മാത്രം പ്രശ്‌നമായി ഇവര്‍ ഇതിനെ കാണുന്നുണ്ടോ?