2015-06-01

അജ്ഞാതന്റെ കത്ത്, അധികാരിയുടെ തിട്ടൂരം


അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുക എന്നത് ഏകാധിപത്യത്തിന്റെയും ഫാസിസത്തിന്റെയും രീതിയാണ്. ഏകാശയത്തില്‍ കേന്ദ്രീകരണമുണ്ടായ ഇടങ്ങളിലൊക്കെയും ഈ പ്രവണത കണ്ടിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം അധികാരത്തെ ചോദ്യംചെയ്യാനുള്ള അവസരം തുറന്നിടുമെന്ന ധാരണ വേഗത്തില്‍ രൂപപ്പെടും. ആ സ്വാതന്ത്ര്യത്തെ ഏതു വിധത്തിലൊക്കെ നിയന്ത്രിക്കാനാകുമെന്ന ആലോചനകള്‍ ഉണ്ടാകുകയും ചെയ്യും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അധികാരം നിയന്ത്രിച്ച/നിയന്ത്രിക്കുന്ന ഇടങ്ങളിലൊക്കെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളുടെ 'ചാരന്‍'മാര്‍ കൂടിയാകുന്നത് അങ്ങനെയാണ്. ഹിറ്റ്‌ലറുടെ കാലത്ത് ജര്‍മനിയില്‍ ഗസ്റ്റപ്പോകളാണ് നാസി പാര്‍ട്ടിക്കെതിരെയും ഹിറ്റ്‌ലര്‍ക്കെതിരെയും പ്രവര്‍ത്തിക്കുന്നവര്‍ ആരൊക്കെ എന്ന് അന്വേഷിച്ചിരുന്നത്. നാസി പാര്‍ട്ടിക്കോ ഹിറ്റ്‌ലര്‍ക്കോ എതിരെ സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നത് രാജ്യത്തിനെതിരായ പ്രവൃത്തിയായി വ്യാഖ്യാനിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ഭീതിയുടെ അന്തരീക്ഷം നിലനിര്‍ത്തി, ജനങ്ങളാകെ ഏകാധിപത്യത്തിനും ഫാസിസത്തിനും അനുകൂലമാണെന്ന പ്രതീതി സൃഷ്ടിക്കുകയാണ് ഇത്തരം പ്രവൃത്തികളുടെ മുഖ്യോദ്ദേശ്യം.


ഇന്ത്യന്‍ യൂനിയന്റെ പ്രധാനമന്ത്രി സ്ഥാനം നരേന്ദ്ര മോദി ഏറ്റെടുത്തതിന് ശേഷം അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടാനുള്ള നീക്കം  പല രൂപത്തില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നുവെന്നതാണ് വസ്തുത. ഭരണഘടനയും അതിനെ ആധാരമാക്കുന്ന നിയമങ്ങളും നിലവിലുള്ളതിനാല്‍ ഭരണ സംവിധാനത്തെ ഉപയോഗപ്പെടുത്തി ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരിക എന്നത് തത്കാലം അസാധ്യമാണ്. അതുകൊണ്ട്, സംഘ് പരിവാര സംഘടനകളുടെ ഭീഷണികള്‍, അധികാര സ്ഥാനത്തിരിക്കുന്നവര്‍ ചെലുത്തുന്ന സമ്മര്‍ദങ്ങള്‍ തുടങ്ങി, നിയമബാഹ്യമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നു. ജനാധിപത്യ സമ്പ്രദായങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് ഇവയുടെയൊക്കെ ആത്യന്തിക ലക്ഷ്യം.
അംബേദ്കര്‍ പെരിയാര്‍ സ്റ്റുഡന്റ് സര്‍ക്കിളിനെ നിരോധിക്കാനുള്ള മദ്രാസ് ഐ ഐ ടിയുടെ ഭരണസംവിധാനത്തിന്റെ തീരുമാനം ജനാധിപത്യ സമ്പ്രദായങ്ങളെ  ഇല്ലാതാക്കാനുള്ള ശ്രമങ്ങളിലെ ഏറ്റവും പുതിയ ഒന്നാണ്. കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളെയും സ്റ്റുഡന്റ് സര്‍ക്കിള്‍ വിമര്‍ശിച്ചുവെന്നും ഇത് വിദ്വേഷം വളര്‍ത്താനുള്ള ശ്രമമാണെന്നുമാരോപിച്ച്  കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന് ലഭിച്ച 'അജ്ഞാത'ന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഐ ഐ ടി ഭരണസമിതി നിരോധമേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കത്തില്‍ പറയുന്ന കാര്യങ്ങള്‍ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടുവെന്നും സ്വതന്ത്ര ഭരണാധികാരമുള്ള ഐ ഐ ടി, അന്വേഷണം നടത്തിയ ശേഷം ഉചിതമായ തീരുമാനം എടുത്തുവെന്നും ഇക്കാര്യത്തില്‍ മറ്റിടപെടലൊന്നും നടത്തിയിട്ടില്ലെന്നുമാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം വിശദീകരിക്കുന്നത്.


'പിതൃശൂന്യ'മായ കത്തിനെ ഗൗരവത്തിലെടുക്കാന്‍ മന്ത്രാലയത്തെ പ്രേരിപ്പിക്കുന്നത്, അതിലേക്ക് എത്തിപ്പെട്ടിരിക്കുന്ന ഫാസിസ്റ്റ് മനോഭാവമാണ്. കത്തിലെ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചാല്‍, അതിന്റെ അര്‍ഥമെന്തെന്ന് മദ്രാസ് ഐ ഐ ടിയിലെ ഭരണസമിതിക്ക് വേഗം തിരിച്ചറിഞ്ഞു, അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. ഫാസിസ്റ്റ് രീതികളോട് എളുപ്പത്തില്‍ പൊരുത്തപ്പെടാന്‍ ഉന്നതമായ സ്ഥാപനങ്ങളുടെ മേധാവികള്‍ തയ്യാറാകുന്നുവെന്നാണ് ഇത് കാണിക്കുന്നത്.


നരേന്ദ്ര മോദി മുഖ്യമന്ത്രിയാകുകയും ഗുജറാത്തില്‍ വംശഹത്യ അരങ്ങേറുകയും ചെയ്തതിന് ശേഷം ആ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടായ മാറ്റം ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. വഡോദരയിലെ മഹാരാജ സായാജിറാവു സര്‍വകലാശാല ഉദാഹരണമാണ്. സംവാദങ്ങളുടെയും ചര്‍ച്ചകളുടെയും സ്വതന്ത്ര അന്തരീക്ഷം ആസൂത്രിതമായി ഇല്ലാതാക്കുകയാണ് അവിടെ ചെയ്തത്. അതിന് നേതൃത്വം നല്‍കിയത് സംഘ്പരിവാര്‍ സംഘടനകളായിരുന്നു. സര്‍വകലാശാലയുടെ ചരിത്ര വിഭാഗം യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ സഹായത്തോടെ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യ പ്രഭാഷകനായത് അസ്ഗര്‍ അലി എന്‍ജിനീയറാണ്. സായാജിറാവു സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റില്‍ അംഗങ്ങളായ ആര്‍ എസ് എസ് പ്രവര്‍ത്തകരും സര്‍വകലാശാലയിലെ എ ബി വി പി പ്രവര്‍ത്തകരും ചേര്‍ന്ന് സെമിനാര്‍ അലങ്കോലപ്പെടുത്തി. ഇതുപോലെ പലതും 2002 മുതലിങ്ങോട്ട് അവിടെ നടന്നു. സംഘ്പരിവാറിനോട് ചേര്‍ന്നുനില്‍ക്കാത്ത വിദ്യാര്‍ഥി കൂട്ടായ്മകള്‍ക്കൊന്നും സംവാദങ്ങളോ ചര്‍ച്ചകളോ നടത്താന്‍ അനുവാദം ലഭിച്ചുമില്ല. ഗുജറാത്തിലെ ഏതാണ്ടെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംഘ്പരിവാര്‍ സംഘടനകളുടെ ഇത്തരം ഇടപെടലുകള്‍ വംശഹത്യാനന്തരമുണ്ടായിട്ടുണ്ട്.


മദ്രാസ് ഐ ഐ ടിയുടെ കാര്യത്തില്‍, അവിടെ ഇടപെടാനുള്ള ത്രാണി സംഘ്പരിവാര്‍ സംഘടനകള്‍ക്ക് തത്കാലമില്ല. അതുകൊണ്ടുതന്നെ അവിടെ അധികാരമുപയോഗിച്ചുള്ള ഇടപെടലിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുകയാണ്. ആ ഇടപെടലിന് വഴങ്ങാന്‍ പാകത്തില്‍ ഭരണ സംവിധാനം മാറുകയും ചെയ്തിരിക്കുന്നു. സംഘ്പരിവാര്‍ സംഘടനകള്‍ക്ക് വേരോട്ടമുണ്ടാക്കാനുള്ള അന്തരീക്ഷമുണ്ടാക്കിക്കൊടുക്കുക കൂടിയാണ് ഐ ഐ ടിയുടെ ഭരണനേതൃത്വം ചെയ്യുന്നത്. ഇത് ഒറ്റപ്പെട്ട ഒന്നായി തള്ളിക്കളയാവുന്നതുമല്ല, പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍.


2010ല്‍ പ്രസിദ്ധം ചെയ്ത പെരുമാള്‍ മുരുകന്റെ 'മധോരുഭാഗന്‍' എന്ന നോവലിനെ എതിര്‍ത്ത് ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്നത് 2014ല്‍ നരേന്ദ്ര മോദി അധികാരമേറ്റ ശേഷമാണ്. തിരുച്ചെങ്കോടിലെ കൈലാസനാഥര്‍ ക്ഷേത്രത്തെയും ഭക്തരായ സ്ത്രീകളെയും മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് നോവല്‍ നിരോധിക്കണമെന്നും രചയിതാവിനെ അറസ്റ്റ് ചെയ്യണമെന്നും ആര്‍ എസ് എസ്സും ബി ജെ പിയും ആവശ്യപ്പെടുകയും ചെയ്തു. ഹിന്ദുത്വ പ്രസ്ഥാനത്തിന് തമിഴ് മണ്ണില്‍ വേരോട്ടമുണ്ടാക്കുക എന്ന വ്യക്തമായ ലക്ഷ്യം നോവല്‍ തര്‍ക്ക വിഷയമാക്കുന്നതിന് പിറകിലുണ്ടായിരുന്നു. ദ്രാവിഡ സംസ്‌കൃതി, ഭാഷ തുടങ്ങിയവയുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ് തമിഴ് ജനതയുടെ രാഷ്ട്രീയം. അതിനൊരു ഇളക്കമുണ്ടാക്കാതെ, ഹിന്ദുത്വ രാഷ്ട്രീയത്തിന് വേരോട്ടമുണ്ടാകില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് പെരുമാള്‍ മുരുകന്റെ നോവല്‍, വിശ്വാസത്തിനെതിരാണെന്ന പ്രചാരണമഴിച്ചുവിട്ട് വികാരമുണര്‍ത്താന്‍ ശ്രമമുണ്ടായത്.


അംബേദ്കര്‍ പെരിയാര്‍ സ്റ്റുഡന്‍സ് സര്‍ക്കിളിനെതിരെ, 'പിതൃശൂന്യ' കത്തിലുന്നയിച്ച ആരോപണങ്ങള്‍ ശ്രദ്ധിക്കുക. പട്ടിക വിഭാഗങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കമിടയില്‍ വിദ്വേഷം വളര്‍ത്താന്‍ സ്റ്റുഡന്‍സ് സര്‍ക്കിള്‍ ശ്രമിക്കുന്നുവെന്നതാണ് ഒന്ന്. സസ്യാഹാരികള്‍ക്കും അല്ലാത്തവര്‍ക്കും പ്രത്യേകം ഭക്ഷണഇടങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം ചര്‍ച്ചാവിഷയമാക്കാന്‍ സര്‍ക്കിള്‍ ശ്രമിച്ചുവെന്നതാണ് മറ്റൊന്ന്. സംസ്‌കൃതം, ഹിന്ദി ഭാഷകളെ  പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേകം ധനസഹായം അനുവദിക്കാനുള്ള  കേന്ദ്ര തീരുമാനം ചോദ്യം ചെയ്തുവെന്നതാണ് മൂന്നാമത്തേത്. തമിഴ് ജനതയിലെ സവര്‍ണ വിഭാഗത്തെ ഏകീകരിക്കാന്‍ പാകത്തിലുള്ള തിരഞ്ഞെടുപ്പ് ഈ കത്തില്‍ കാണാന്‍ സാധിക്കും. അംബേദ്കര്‍ പെരിയാര്‍ സ്റ്റുഡന്‍സ് സര്‍ക്കിളിനെ നിരോധിക്കുമ്പോള്‍ ചില അഭിപ്രായങ്ങളെ തടയുന്നതിനൊപ്പം മറ്റ് ചിലവക്ക് അവസരം തുറന്നിടുക കൂടിയാണ് ചെയ്യുന്നത്.


ജാതി വിവേചനം വലിയ സാമൂഹിക പ്രശ്‌നമാണ് തമിഴ്‌നാട്ടില്‍. വിവിധ സ്വത്വങ്ങളെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ സംഘടനകള്‍ സജീവവുമാണ്. അതിന് പുറത്തുള്ള വിഭാഗങ്ങളെ സംഘ പരിവാരത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടാന്‍ ഇതിലൂടെ സാധിക്കുമെന്ന് അവര്‍ കരുതുന്നുണ്ടാകണം. സസ്യാഹാരികള്‍ക്കും അല്ലാത്തവര്‍ക്കും പ്രത്യേകം സ്ഥലമെന്നത് തര്‍ക്ക വിഷയമാക്കുമ്പോഴും ഉന്നം മറ്റൊന്നല്ല. മറ്റൊന്ന് ഭാഷയാണ്. തമിഴ്‌നാടിനെ സംബന്ധിച്ച് ഏറെ നിര്‍ണമായകമാണ് ഇത്. ഹിന്ദി പഠനം നിര്‍ബന്ധമാക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം നടന്ന പ്രദേശമാണിത്. ദ്രാവിഡ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ വലിയൊരു സ്ഥാനം ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിന് ഉണ്ടായിരുന്നു താനും. അവിടേക്ക് സംസ്‌കൃതത്തെയും ഹിന്ദിയെയും തര്‍ക്ക വിഷയമാക്കി കൊണ്ടുവരാന്‍ 'അജ്ഞാതന്‍' ഉദ്ദേശിച്ചത് ജ്ഞാതമായ ലക്ഷ്യത്തോടെ തന്നെയാകണം.


ഇത്തരം വിഷയങ്ങളില്‍ സംവാദങ്ങള്‍ സംഘടിപ്പിക്കുന്നത് വിദ്യാര്‍ഥി കൂട്ടായ്മ എന്ന നിലയിലുള്ള അവകാശങ്ങള്‍ക്ക് പുറത്താണ് എന്നാണ് മദ്രാസ് ഐ ഐ ടി, സ്റ്റുഡന്‍സ് സര്‍ക്കിളിനെ അറിയിച്ചത്. ജാതി വിവേചനം യാഥാര്‍ഥ്യമായി മുന്നില്‍ നില്‍ക്കെ അതേക്കുറിച്ചുള്ള  ചര്‍ച്ചകള്‍ വിദ്യാര്‍ഥികൂട്ടായ്മയുടെ അവകാശത്തിന് പുറത്താണ് എന്ന് തീരുമാനിക്കപ്പെട്ടാല്‍, രാജ്യത്ത് തുടരേണ്ട സാമുഹികഘടന സംബന്ധിച്ച് അധികാരികള്‍ക്കുള്ള നിര്‍ണയം അടിച്ചേല്‍പ്പിക്കപ്പെടുക കൂടിയാണ് ചെയ്യുന്നത്. നിങ്ങള്‍ എന്തൊക്കെ ചര്‍ച്ചചെയ്യണം, ചെയ്യരുത് എന്ന് ഭരണകൂടം തീരുമാനിക്കുമെന്നും അത് അനുസരിച്ചുകൊള്ളണമെന്നുമാണ് സന്ദേശം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന തൊഴിലവസരങ്ങളിലേക്കുള്ള യാത്രയില്‍, സ്ഥാപനവും അതിന്റെ ഭരണ നേതൃത്വവും സ്വീകരിക്കുന്ന നിലപാടുകള്‍ പ്രധാനമാണ്. ഭരണകൂടത്തിന്റെ സന്ദേശങ്ങളെ വിഗണിച്ച് മുന്നോട്ടുപോകാന്‍ തയ്യാറുള്ളവരുടെ എണ്ണം ക്രമേണ കുറഞ്ഞുവരുമെന്ന് തന്നെ കരുതണം. അതുതന്നെയാണ് തീരുമാനങ്ങളെടുക്കുന്നവരുടെ പ്രതീക്ഷയും. ഭീതി സൃഷ്ടിച്ചെടുക്കാന്‍ പല മാര്‍ഗങ്ങള്‍ അവരുടെ മുന്നിലുണ്ടെന്ന് ചുരുക്കം.


വംശഹത്യാനന്തരം ഗുജറാത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘ്പരിവാരം നടത്തിയ അധിനിവേശം ഭീതിയുടെ അന്തരീക്ഷത്തിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തിയായിരുന്നു. അതിന് സാധ്യമാകാത്ത, താരതമ്യേന ഹിന്ദുത്വ രാഷ്ട്രീയത്തിന് വേരോട്ടം കുറഞ്ഞ ഇടങ്ങളില്‍, പുതിയ തന്ത്രങ്ങള്‍ പരീക്ഷിക്കപ്പെടുകയാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് സംഘ ബന്ധുക്കളെ നിയോഗിക്കുകയും വിയോജിക്കുന്നവരുടെ രാജിക്ക് വഴിയൊരുക്കുകയും ചെയ്യുന്നുണ്ട് മോദി സര്‍ക്കാര്‍. മദ്രാസ് ഐ ഐ ടിയുടെ സ്വതന്ത്ര ഭരണാധികാരത്തെക്കുറിച്ച് വാചാലയാകുന്ന മാനവവിഭവശേഷി മന്ത്രി തന്നെയാണ് ബോംബെ ഐ ഐ ടിയുടെ ഭരണ സമിതിയിലേക്ക് ഏകപക്ഷീയമായി പ്രതിനിധികളെ തീരുമാനിച്ച് അവിടുത്തെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ രാജിക്ക് വഴിയൊരുക്കിയത്. ഏകാധിപത്യത്തിന്റെയോ ഫാസിസത്തിന്റെയോ ഇംഗിതങ്ങള്‍ക്ക് വഴങ്ങുന്നവരെ നേതൃത്വത്തില്‍ നിയോഗിക്കുന്നു ചിലയിടങ്ങളില്‍. മറ്റിടങ്ങളില്‍ നിലവിലുള്ള നേതൃത്വത്തെ ഈ ഇംഗിതങ്ങള്‍ക്ക് വഴങ്ങുംപടിയാക്കുന്നു. അവരെ ഉപയോഗിച്ച് ജനാധിപത്യ സമ്പ്രദായങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഗുജറാത്തില്‍ സംഘ് പരിവാരം നേരിട്ട് ചെയ്തത്, മറ്റിടങ്ങളില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ചെയ്യുന്നുവെന്ന വ്യത്യാസമേയുള്ളൂ. നേരത്തെ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലും ബോംബെ ഐ ഐ ടിയിലും കണ്ടത്, ഇന്ന് മദ്രാസില്‍ കാണുന്നു. എല്ലായിടങ്ങളിലും ഗസ്റ്റപ്പോകള്‍ ഉണ്ടാകുകയും  അവരുടെ (അജ്ഞാത) ലിഖിതങ്ങളുടെ തുടര്‍ച്ചയായി തിട്ടൂരങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന കാലം അകലെയല്ല.