2015-06-25

അദ്വാനിക്കറിയാം രാപ്പനി


ജനാധിപത്യ സമ്പ്രദായത്തെ മരവിപ്പിച്ചും പൗരാവകാശങ്ങളെ റദ്ദാക്കിയും ആഭ്യന്തര അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിന്റെ നാല്‍പ്പതാം വാര്‍ഷികം ആചരിക്കുകയാണ് രാജ്യം. വോട്ടെടുപ്പിലൂടെ അധികാരത്തിലേറ്റ സര്‍ക്കാറിനെ പിരിച്ചുവിടാന്‍, ഭരണഘടനയുടെ 356-ാം വകുപ്പ് പ്രയോഗിക്കാന്‍, സമ്മര്‍ദം ചെലുത്തുകവഴി ആധിപത്യമനസ്സ് നേരത്തെ തന്നെ വെളിപ്പെടുത്തിയ ഇന്ദിരാ ഗാന്ധി, അധികാരത്തില്‍ നിന്ന് പുറത്തുപോകേണ്ടിവരുമെന്ന ഘട്ടമുണ്ടായപ്പോള്‍ ഏകാധിപതിയാകാന്‍ മടി കാട്ടിയില്ല. 1975 ജൂണ്‍ 25ന് രാവിലെ എട്ടു മണിക്ക്, പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ആകാശവാണിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് അടിയന്തരവാസ്ഥ പ്രഖ്യാപനം ജനത്തെ അറിയിച്ചു. അതിന് തൊട്ടുപിറകെ അത് നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. പ്രതിപക്ഷത്തുള്ള രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്തു തുടങ്ങി. സര്‍ക്കാറിനെതിരെ പ്രവര്‍ത്തിക്കുമെന്ന് തോന്നുന്ന സകലരും അഴിക്കുള്ളിലായി. മാധ്യമങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കപ്പെട്ടു. ചേരി നിര്‍മാര്‍ജനത്തിന് മുതല്‍ വന്ധ്യംകരണത്തിന് വരെ ബലം പ്രയോഗിക്കപ്പെട്ടു. ഭരണകൂടത്താല്‍ കൊലചെയ്യപ്പെട്ടയാളുകളുടെ കണക്ക് ഇപ്പോഴുമില്ല. കൊടിയ പീഡനങ്ങള്‍ക്ക് ഇരയായവരുടെയും.


ഇന്ദിരയുടെ വിശ്വസ്തനും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധാര്‍ഥ് ശങ്കര്‍ റായിയാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. ഇത് പ്രഖ്യാപിച്ചതിന് ശേഷം സ്വീകരിക്കേണ്ട നടപടികളും അദ്ദേഹം തന്നെ നിര്‍ദേശിച്ചു. തീരുമാനങ്ങളെടുത്തതും നടപ്പാക്കിയതും പ്രധാനമന്ത്രിയെ ചുറ്റിപ്പറ്റി നിന്ന ഒരു കോക്കസായിരുന്നു. അതില്‍ പ്രധാനി മകന്‍ സഞ്ജയ് ഗാന്ധിയും. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെ അറസ്റ്റ്, മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം എന്നിവയൊക്കെ ജനത്തെ ഭയപ്പെടുത്തി, ചൊല്‍പ്പടിയിലാക്കുന്നതിനായിരുന്നു. ഭരണകൂടം പറയുന്നത് അനുസരിക്കാതിരുന്നാല്‍ ഇതാണ് വിധിയെന്ന ബോധ്യമുണ്ടാക്കുക. അതില്‍ ആദ്യ ഘട്ടത്തില്‍ ഇന്ദിരയും സംഘവും വിജയിക്കുക തന്നെ ചെയ്തു. അടിയന്തരാവസ്ഥയില്‍ ഉദ്യോഗസ്ഥരൊക്കെ കൃത്യസമയത്ത് ജോലിക്കെത്തിയിരുന്നു, അവരവരുടെ ഉത്തരവാദിത്തം വിട്ടുവീഴ്ചയില്ലാതെ നിറവേറ്റിയിരുന്നു, രാജ്യത്തെ ഉത്പാദനം വര്‍ധിച്ചിരുന്നുവെന്നൊക്കെ രേഖപ്പെടുത്തപ്പെട്ടത് ഈ ഭീഷണിയുടെ കൂടി ഫലമായിരുന്നു. ട്രെയിനുകള്‍ കൃത്യസമയം പാലിച്ചിരുന്നുവെന്നത് പോലും അടിയന്തരാവസ്ഥയുടെ നേട്ടമായി ഉയര്‍ത്തിക്കാട്ടപ്പെട്ടു. 'കല്‍പ്പന കല്ലേപ്പിളര്‍ക്കുക' എന്ന രാജഭരണകാലത്തെ ചൊല്ല് നടപ്പാകും വിധത്തിലായിരുന്നു കാര്യങ്ങളെന്ന് ചുരുക്കം.


നാല്‍പ്പത് വര്‍ഷത്തിന് ശേഷം ആ ദിവസങ്ങളെ ഓര്‍ത്തെടുത്ത ബി ജെ പി നേതാവ് ലാല്‍ കൃഷ്ണ അഡ്വാനി, അടിയന്തരാവസ്ഥ മടങ്ങിവരില്ലെന്ന് ഉറപ്പിച്ച് പറയാന്‍ ആകില്ലെന്നാണ് പറയുന്നത്. ജനായത്ത സമ്പ്രദായത്തെ മരവിപ്പിക്കുകയും പൗരാവകാശങ്ങള്‍ ഇല്ലാതാക്കുകയും മാധ്യമങ്ങളെ അടിമകളാക്കുകയും ചെയ്യുന്ന സംവിധാനം ആവര്‍ത്തിക്കുന്നത് തടയാന്‍ പാകത്തില്‍ ഭരണഘടനാ വ്യവസ്ഥകള്‍ ശക്തിപ്പെടുത്താനോ ജനങ്ങളെ ബോധവത്കരിക്കാനോ നാല്‍പ്പത് വര്‍ഷത്തിനിടെ വേണ്ടത്ര ശ്രമങ്ങളുണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ധാര്‍ഷ്ട്യം ഏകാധിപത്യത്തിന് വഴിയൊരുക്കാന്‍ ഇടയുണ്ടെന്നും നേതാക്കള്‍ വിനയമുള്ളവരാകണമെന്നും അഡ്വാനി അഭിപ്രായപ്പെടുകയും ചെയ്യുന്നു.


അടിയന്തരാവസ്ഥയുടെ വാര്‍ഷികത്തില്‍, പൊതുവില്‍ ചില കാര്യങ്ങള്‍ പറയുകയാണ് അഡ്വാനി ചെയ്തത്, അതിന് നിലവിലുള്ള രാഷ്ട്രീയ സാഹചര്യവുമായി ബന്ധമൊന്നുമില്ല എന്ന് സംഘ് പരിവാരത്തിനും ബി ജെ പി നേതാക്കള്‍ക്കും വാദിക്കാം. പ്രധാനമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന നരേന്ദ്ര മോദിയെയും ഭരണത്തിലും രാഷ്ട്രീയത്തിലും അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകളെയും ഓര്‍ത്തുകൊണ്ടുതന്നെയാകണം, തീവ്ര ഹിന്ദുത്വ നിലപാടുകളില്‍ മോദിയെ കൈപിടിച്ച് വളര്‍ത്തിയ, അഡ്വാനി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഗുജറാത്തിലെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന്, ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയിലേക്ക് നരേന്ദ്ര മോദി വളര്‍ന്നതെങ്ങനെ എന്ന് ഏറ്റം നന്നായി അറിയാവുന്ന ഒരാള്‍ എല്‍ കെ അഡ്വാനിയല്ലാതെ മറ്റാരുമല്ല. ഏതിരഭിപ്രായങ്ങളെ അപ്രസക്തമാക്കും വിധത്തില്‍ സംഘ്പരിവാരത്തിനുള്ളില്‍ സ്വാധീനം നേടിയെടുത്തത് എങ്ങനെ എന്നും അദ്ദേഹത്തിന് അറിയാവുന്നതാണ്. പാര്‍ട്ടിയുടെ അധ്യക്ഷക്കസേരയില്‍ അമിത് ഷായെ പ്രതിഷ്ഠിച്ചത് എത്ര നിസ്സാരമായാണെന്നും.


മറുവശത്ത്, മുഖമുള്ള നേതാക്കളുടെ എണ്ണം തീരെക്കുറഞ്ഞിരിക്കുന്നു. മോദിയെ പരോക്ഷമായി വിമര്‍ശിക്കുന്നുവെന്ന വ്യാഖ്യാനം അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന് ഉണ്ടായപ്പോഴാണ് ഏറെക്കാലത്തിന് ശേഷം എല്‍ കെ അഡ്വാനിയുടെ പേര് മാധ്യമങ്ങളില്‍  വലുതായത്. മുരളി മനോഹര്‍ ജോഷിയെക്കുറിച്ച് അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല. ഗംഗാ ശുചീകരണത്തിന് കച്ചകെട്ടിയിറങ്ങിയും ഇതേക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞും ജീവിച്ചിരിപ്പുണ്ടെന്ന് അറിയിക്കാന്‍ ശ്രമിക്കുന്നു ഉമാഭാരതി. മന്ത്രിപുംഗവന്‍മാരില്‍ രാജ്‌നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ മാത്രമാണ് കേട്ടുകേള്‍വിയായെങ്കിലുമുള്ളത്. അഡ്വാനിയുടെ വിശ്വസ്തയായി തുടര്‍ന്ന സുഷമ സ്വരാജ് പേരിന് വിദേശകാര്യം കൈകാര്യം ചെയ്യുമ്പോള്‍ പ്രധാനമന്ത്രി പറന്നുനടന്ന് വിദേശനയം തീരുമാനിച്ചു. ലളിത് മോദി ബന്ധത്തിന്റെ പേരില്‍ പുറത്തേക്കുള്ള വാതില്‍ക്കല്‍ ഉത്തരവും കാത്തിരിക്കുന്നു, കഴിഞ്ഞ ലോക്‌സഭയില്‍ തീനാളമായി നിന്ന പ്രതിപക്ഷ നേതാവ്, സുഷമാജി.


ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന വ്യാഴവട്ടത്തിലേറെക്കാലത്തെ ചരിത്രം, മോദിയുടെ ഏകാധിപത്യത്തിന്റേതായിരുന്നു. നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ നിയമസഭ ചേരുക എന്ന ബാധ്യത നിറവേറ്റേണ്ട കാലമെത്തിയാല്‍ മാത്രം അത് സമ്മേളിക്കും. ഒന്നോ രണ്ടോ ദിവസത്തിനകം സമ്മേളനം തീരും. ഏതാനും ദിനം തുടരുന്നുവെങ്കില്‍ ആദ്യദിനം തന്നെ പ്രതിപക്ഷ അംഗങ്ങളെ മുഴുവന്‍ സസ്‌പെന്‍ഡ് ചെയ്യും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അയക്കുകയും കാബിനറ്റ് അംഗീകാരം നല്‍കുകയും ചെയ്യുന്ന ബില്ലുകളൊക്കെ ഏകകണ്ഠമായി പാസ്സാക്കി, സമ്മേളനം വിജയകരമാക്കും. ഒന്നോ രണ്ടോ ദിവസം മുഖ്യമന്ത്രി നേരിട്ട് സഭയിലെത്തും, സ്വന്തം കൂട്ടരുടെ ചോദ്യങ്ങള്‍ക്ക് പോലും മറുപടി പറയാതെ മടങ്ങും. നിയമസഭക്ക് പുറത്ത് കൊല്ലിനും വാഴ്‌വിനും അധികാരമുണ്ടായിരുന്നു മോദിക്ക്. വംശഹത്യയും ഏറ്റുമുട്ടല്‍ കൊലകളും സാമൂഹിക രസതന്ത്രമായി. അതുത്പാദിപ്പിച്ച ഭയം അധികാരത്തുടര്‍ച്ചക്കുള്ള ത്വരകവും. മലാവിന്റെ ഹിതമറിയാതെ നാവനക്കാന്‍ മടിയുള്ളവരായി പാര്‍ട്ടി നേതാക്കളും മന്ത്രിമാരുമൊക്കെ മാറി. അതിനെ ലംഘിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഹരേണ്‍ പാണ്ഡ്യയെപ്പോലുള്ളവരുടെ ബുള്ളറ്റേറ്റു തുളഞ്ഞ ശരീരം മുന്നറിയിപ്പുമായി. വിയോജിക്കുകയോ എതിര്‍ക്കുകയോ ചെയ്ത ഉദ്യോഗസ്ഥര്‍  വിവിധ കേസുകളില്‍ ആരോപണവിധേയരാകുകയോ ജോലിയില്‍ നിന്ന് നീക്കിനിര്‍ത്തപ്പെടുകയോ ചെയ്തു.


പ്രധാനമന്ത്രിക്കസേരയില്‍ മോദി ഒരു വര്‍ഷം പിന്നിടുമ്പോള്‍ മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍, പാര്‍ട്ടിയുടെ നേതാക്കള്‍ എന്നിവരൊക്കെ 'ഗുജറാത്ത് മാതൃക' ഏറെക്കുറെ സ്വീകരിച്ച് കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് മുന്‍കാലത്ത് പേരു കേള്‍പ്പിച്ച നേതാക്കള്‍ പോലും ഇപ്പോള്‍ മൗനത്തിന്റെ തടവറയില്‍ കഴിയുന്നത്. ഗുജറാത്തില്‍ സാമൂഹിക രസതന്ത്രമാണ് ആദ്യം പ്രയോഗിച്ചതെങ്കില്‍, ഇന്ത്യന്‍ യൂനിയനിലേക്ക് വളരുമ്പോള്‍ ആദ്യം വേണ്ടത് പാര്‍ട്ടിയുടെയും സംഘ്പരിവാരത്തിന്റെയും സര്‍വാധികാരം കൈക്കലാക്കലാണെന്നും ഭരണത്തെ തന്നിലേക്ക് കേന്ദ്രീകരിപ്പിക്കലാണെന്നും ആ ദേഹം തീരുമാനിച്ചിരിക്കുന്നു. പാര്‍ലിമെന്റ് സമ്മേളിച്ചാലും ഇല്ലെങ്കിലും അവിടെ അഭിപ്രായ ഐക്യമുണ്ടായാലും ഇല്ലെങ്കിലും ബില്ല് പാസ്സാക്കാന്‍ സാധിച്ചാലും ഇല്ലെങ്കിലും ഓര്‍ഡിനന്‍സ് വഴി ഭരണം നടത്താന്‍ പ്രയാസമൊന്നുമില്ലെന്ന് തെളിയിച്ചിരിക്കുന്നു ഈ ചെറിയ കാലം കൊണ്ട്. ഏത് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായാലും കൂറുവേണ്ടത് പ്രധാനമന്ത്രിയോടാണെന്ന സന്ദേശം കൈമാറുകയും അത് ഏറെക്കുറെ സ്വീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു.


നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം ആദ്യം തന്നെ തീറെഴുതി വാങ്ങിയതിനാല്‍ വിവിധ മന്ത്രാലയങ്ങളുടെ പരിധിയില്‍ വരുന്ന വിഷയങ്ങളില്‍ നിശ്ചയങ്ങളെടുക്കാന്‍ പ്രധാനമന്ത്രിക്ക് ബുദ്ധിമുട്ടൊന്നുമുണ്ടാകുന്നില്ല. ഇത് ചോദ്യംചെയ്താല്‍ സഭയില്‍ നിന്ന് തെറിക്കുമെന്നതിനാല്‍, മന്ത്രിമാരൊക്കെ മൗനം ഭൂഷണമാക്കി സസുഖം വാഴുന്നു.
പ്രകോപനം സൃഷ്ടിക്കാവുന്ന വാക്കിലൂടെയും പ്രവൃത്തിയിലൂടെയും സാമൂഹിക സംഘര്‍ഷങ്ങള്‍ വളര്‍ത്തുക എന്ന ദൗത്യം ഏല്‍പ്പിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് അല്‍പ്പം സ്വാതന്ത്ര്യമുള്ളത്. സംഘര്‍ഷങ്ങളും ചെറിയ കലാപങ്ങളും സൃഷ്ടിച്ച്, എപ്പോള്‍ വേണമെങ്കിലും ഉപയോഗപ്പെടുത്താവും വിധത്തില്‍ സാഹചര്യങ്ങളെ ഒരുക്കി നിര്‍ത്തുക എന്നതാണിവരുടെ ജോലി. അവിടെ മാത്രം പ്രധാനമന്ത്രി ഇടപെടാറില്ല. സാമൂഹിക രസതന്ത്രം വേണ്ടിവരികയാണെങ്കില്‍ അതിന് ഇവരുടെ സേവനം അനിവാര്യമാണെന്ന തിരിച്ചറിവിലാകണം ഈ മൗനം.


ഇതൊഴികെ, മറ്റെല്ലാതും എല്‍ കെ അഡ്വാനിയെന്ന മുന്‍ അധികാരകേന്ദ്രത്തെ വ്രണപ്പെടുത്തുന്നുണ്ടാകണം. പ്രധാനമന്ത്രി പദമെന്ന സ്വപ്‌നം പുലരാത്ത വിധം അകന്നുപോകുന്നത് സഹിക്കാന്‍ കഴിയുന്നുമുണ്ടാകില്ല. കാഴ്ചകളെ സ്വാര്‍ഥബുദ്ധിയില്‍ വിശകലനം ചെയ്യുന്നതിന്റെ പിഴവുകള്‍ മാറ്റിനിര്‍ത്തിയാലും അധികാര കേന്ദ്രീകരണത്തിലൂടെ ഏകാധിപത്യത്തിലേക്കും അതിന്റെ ചിരസ്ഥാപനം ലക്ഷ്യമിട്ട് അടിയന്തരാവസ്ഥയിലേക്കും രാജ്യം സഞ്ചരിക്കാനുള്ള സാധ്യത അഡ്വാനി പ്രവചിക്കുന്നത് അസ്ഥാനത്തല്ല തന്നെ.
ചരക്ക്, സേവന നികുതി രാജ്യത്താകെ നടപ്പാക്കുന്നതിന്, ഭരണഘടന ഭേദഗതി ചെയ്ത്, നിയമം കൊണ്ടുവരാന്‍ സര്‍ക്കാറിന് സാധിക്കും. ജനങ്ങളുടെ ശീലങ്ങളും സ്വഭാവരീതികളും സംസ്‌കാരവുമൊക്കെ അതുപോലെ ഏകീകരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. എന്നാല്‍ അതിനുള്ള ശ്രമങ്ങള്‍ നടക്കുക കൂടി ചെയ്യുമ്പോള്‍ സാധ്യത ഏറുകയും ചെയ്യും.


യോഗയും സൂര്യ നമസ്‌കാരവും നിര്‍ബന്ധമാക്കുക എന്ന നിര്‍ദേശം അതിലൊന്നാണ്. യോഗക്കോ സൂര്യ നമസ്‌കാരത്തിനോ മതവുമായോ അതിന്റെ ചര്യങ്ങളുമായോ ബന്ധമൊന്നുമില്ലായിരിക്കാം. ഹിന്ദുത്വ അജന്‍ഡകളിലൂന്നിയുള്ള ഏകാധിപത്യസ്വഭാവം നിലനിര്‍ത്തുന്ന ഭരണസംവിധാനം നിര്‍ബന്ധിക്കുമ്പോള്‍ പക്ഷേ, യോഗക്കും സൂര്യനമസ്‌കാരത്തിനും കാവി നിറമുണ്ടാകും, മത ബന്ധിതമാകുകയും ചെയ്യും. നിര്‍ബന്ധമെന്ന കല്‍പ്പന അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുകയും ചെയ്യും. ആകയാല്‍ കൂടെക്കിടക്കുന്നവന് (കിടന്നവന് എന്നേ ഇപ്പോള്‍ പറയാനാകൂ) രാപ്പനി നന്നായറിയാമെന്ന് ധരിക്കാം. സ്വാതന്ത്ര്യങ്ങളുടെ വന്ധ്യംകരണം നടക്കുന്നുണ്ടെന്ന് തിരിച്ചറിയുകയും ചെയ്യാം.