2016-05-17

മലേഗാവിലെ മറിമായങ്ങള്‍


മലേഗാവ് സ്‌ഫോടനക്കേസില്‍ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ ഐ എ) സമര്‍പ്പിച്ച കുറ്റപത്രം തര്‍ക്ക വിഷമായിട്ടുണ്ട്. കുറ്റാരോപിതരുടെ പട്ടികയില്‍ നിന്ന് (സാധ്വി) പ്രജ്ഞാ സിംഗ് ഠാക്കൂര്‍ ഉള്‍പ്പെടെ അഞ്ച് പേരെ ഒഴിവാക്കാനുള്ള എന്‍ ഐ എയുടെ തീരുമാനം നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അധികാരത്തിലിരിക്കുന്ന സംഘപരിവാര്‍ സര്‍ക്കാറിന്റെ സമ്മര്‍ദത്തിന്റെ ഫലമാണെന്ന ആരോപണം ശക്തമായി ഉയരുന്നു. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത്, പട്ടാളത്തിലെ മുന്‍ ഉദ്യോഗസ്ഥന്‍ രമേശ് ഉപാധ്യായ എന്നിവരടക്കം പത്ത് പേരെ ആരോപണ വിധേയരുടെ സ്ഥാനത്ത് നിലനിര്‍ത്തിയെങ്കിലും ഇവര്‍ക്കുമേല്‍ സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിന് മഹാരാഷ്ട്രയില്‍ നിലനില്‍ക്കുന്ന നിയമം (മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈംസ് ആക്ട് - എം സി ഒ സി എ) ചുമത്തുന്നില്ലെന്ന് എന്‍ ഐ എ അറിയിക്കുന്നു.


നിരോധിത സംഘടനയായ സ്റ്റുഡന്‍സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(സിമി)യുടെ പ്രവര്‍ത്തകരാല്‍ സംഘടിപ്പിക്കപ്പെട്ടതാണ് മലേഗാവ് സ്‌ഫോടനങ്ങളെന്നാണ് മഹാരാഷ്ട്ര പോലീസിലെ ഭീകരവിരുദ്ധ വിഭാഗം നേരത്തെ എത്തിയിരുന്ന നിഗമനം. 2006ലെ സ്‌ഫോടനത്തിന്റെ ഉത്തരവാദികളെന്ന് ആരോപിച്ച് മുസ്‌ലിംകളായ ഏതാനും ചെറുപ്പക്കാരെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി. 2008ല്‍ മലേഗാവിലുണ്ടായ രണ്ടാമത്തെ സ്‌ഫോടനത്തിന് ശേഷമാണ് മഹാരാഷ്ട്ര പോലീസിലെ ഭീകര വിരുദ്ധ വിഭാഗം, ഹേമന്ദ് കര്‍ക്കറെയായിരുന്നു നേതൃത്വത്തില്‍, പ്രജ്ഞാ സിംഗ് ഠാക്കൂറിലേക്കും കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതിലേക്കും രമേശ് ഉപാധ്യായയിലേക്കുമൊക്കെ എത്തുന്നത്.  പ്രജ്ഞാ സിംഗ് ഠാക്കൂറിനെയും കേണല്‍ പുരോഹിതിനെയും 2008ല്‍ അറസ്റ്റ് ചെയ്തു.


'മുസ്‌ലിംകളെല്ലാം ഭീകരവാദികളല്ല, പക്ഷേ, ഭീകരവാദികളെല്ലാം മുസ്‌ലിംകളാ'ണെന്ന മോദി വാക്യത്തിലൊരു മാറ്റമോ? ഹിന്ദുത്വ ഭീകരവാദ ശൃംഖലയെന്ന പ്രയോഗത്തെ സംശയത്തോടെ കണ്ടവര്‍ക്ക് മുന്നിലേക്കാണ് 2010 ഡിസംബറില്‍ (സ്വാമി) അസിമാനന്ദയുടെ കുറ്റസമ്മത മൊഴി എത്തുന്നത്. മലേഗാവില്‍ മാത്രമല്ല, ഹൈദരാബാദിലെ മക്ക മസ്ജിദിലും അജ്മീറിലെ ദര്‍ഗയിലും സംഝോത എക്‌സ്പ്രസിലും സ്‌ഫോടനങ്ങള്‍ നടത്തിയത് ഹിന്ദുത്വ ഭീകരവാദ ശൃംഖലയാണെന്ന് അസിമാനന്ദ് ഏറ്റുപറഞ്ഞു. ആക്രമണങ്ങളുടെ ആസൂത്രണത്തില്‍ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ഉയര്‍ന്ന നേതാവായ ഇന്ദ്രേഷ് കുമാറിന് പങ്കുണ്ടെന്നും അസിമാനന്ദ പറഞ്ഞു. മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയിലാണ് ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്. ആര്‍ എസ് എസ്സിന്റെ ഇപ്പോഴത്തെ മേധാവി മോഹന്‍ ഭാഗവതിന് പോലും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത വിവരം അറിയാമായിരുന്നുവെന്ന് അസിമാനന്ദ പിന്നീട് മാധ്യമ പ്രവര്‍ത്തകയോട് സംസാരിക്കവെ പറഞ്ഞു.


ഈ കേസുകളില്‍ വെള്ളം ചേര്‍ക്കാനും സംഘപരിവാറിന് അതുമായി യാതൊരു ബന്ധവുമില്ലെന്ന് സ്ഥാപിക്കാനുമുള്ള ശ്രമം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് പിറകെ ആരംഭിച്ചു. മലേഗാവ് സ്‌ഫോടനക്കേസില്‍ കുറ്റാരോപിതര്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കണമെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന രോഹിണി സല്യാനോട് എന്‍ ഐ എ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത് അതിന് മുന്നോടിയായാണ്. സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്ന നിയമത്തിലെ വകുപ്പുകള്‍ മലേഗാവ് കേസിലെ ആരോപണ വിധേയര്‍ക്കു മേല്‍ ചുമത്തേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കണമെന്നാണ് എന്‍ ഐ എ രോഹിണി സല്യാനോട് ആവശ്യപ്പെട്ടത്. അത് ശരിവെക്കുന്നു എന്‍ ഐ എ ഇപ്പോള്‍ സമര്‍പ്പിച്ച കുറ്റപത്രം. ആരോപണ വിധേയനായ വ്യക്തി, അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ നല്‍കുന്ന മൊഴി സാധുവാണെന്നാണ് സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിന് മഹാരാഷ്ട്രയില്‍ നിലനില്‍ക്കുന്ന നിയമത്തിലെ വ്യവസ്ഥ. കരിനിയമമെന്ന് വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും മഹാരാഷ്ട്രയില്‍ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. സ്‌ഫോടനക്കേസില്‍ ആരോപണ വിധേയരായവരെ ആ നിയമത്തിന്റെ പിടിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിക്കുമ്പോള്‍, അവരെ രക്ഷിച്ചെടുക്കാന്‍ എന്‍ ഐ എ ശ്രമിക്കുന്നുവെന്ന് തന്നെ കരുതണം.


തെളിവില്ലെന്ന കാരണം പറഞ്ഞ്, പ്രജ്ഞാ സിംഗ് ഠാക്കൂറിനെ ആരോപണ വിധേയരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ ഹിന്ദുത്വ ഭീകരവാദ ശൃംഖലയെ സംഘപരിവാര്‍ നേതൃത്വവുമായി ബന്ധിപ്പിക്കാനുള്ള കണ്ണി മുറിച്ചുകളയുകയാണ് എന്‍ ഐ എ ചെയ്യുന്നത്. ഈ ബന്ധത്തിന് തെളിവായിരുന്ന സുനില്‍ ജോഷിയെന്ന ആര്‍ എസ് എസ് പ്രവര്‍ത്തകനെ നേരത്തെ തന്നെ ഇല്ലാതാക്കിയിരുന്നു. ആ കേസില്‍ ആരോപണ വിധേയരുടെ സ്ഥാനത്തുണ്ട് പ്രജ്ഞാ സിംഗ് ഠാക്കൂര്‍. ആ കേസിലുമൊരു പാഠഭേദം അന്വേഷണ ഏജന്‍സി ഇതിനകം അവതരിപ്പിച്ചുകഴിഞ്ഞു. പ്രജ്ഞാ സിംഗിനോട് അപമര്യാദയായി പെരുമാറാന്‍ സുനില്‍ ജോഷി ശ്രമിച്ചുവെന്നും അതില്‍ രോഷം പൂണ്ടാണ് കൊല നടത്തിയതെന്നുമാണ് കണ്ടെത്തല്‍. സംഘപരിവാരവുമായി ബന്ധിപ്പിക്കാന്‍ ശേഷിക്കുന്നത് ഈ കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ രാമചന്ദ്ര കല്‍സാന്‍ഗ്രെയും സന്ദീപ് ഡാങ്കെയുമാണ്. ഇവര്‍ ഇനിയും പിടികിട്ടാപ്പുള്ളികളായി തുടരുമെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര ഭരണം ധാരാളം മതിയാകും. സുനില്‍ ജോഷിയുടെ വഴിയിലേക്ക് ഇവരെ പറഞ്ഞുവിടാന്‍ പ്രയാസവുമില്ല. അത്തരമൊരു ഭയം നിലനില്‍ക്കുന്നതുകൊണ്ടാണ് ഈ കേസുകളിലൊക്കെ ജാമ്യം ലഭിച്ചിട്ടും ജയിലില്‍ തന്നെ കഴിയാന്‍ അസിമാനന്ദ തീരുമാനിച്ചത്.


ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും സാക്ഷികളുടെ മൊഴി മാറ്റിക്കുന്നതില്‍ സംഘപരിവാരത്തിനും അവര്‍ നയിക്കുന്ന ഭരണ സംവിധാനത്തിനുമുള്ള കഴിവ് ഗുജറാത്ത് വംശഹത്യാ കേസുകളില്‍ കണ്ടതാണ്. അന്വേഷണത്തെ അട്ടിമറിക്കാന്‍ പോലീസ് സംവിധാനത്തെ എങ്ങനെ ഉപയോഗിക്കണമെന്നതിലും ഗുജറാത്ത് മാതൃക മുന്നിലുണ്ട്. ഇതിനെയൊക്കെ അതിജീവിച്ച് കേസ് കോടതിയിലെത്തിയാല്‍ വിചാരണ ഏത് വിധത്തില്‍ അട്ടിമറിക്കണമെന്നതിനും ഗുജറാത്ത് തന്നെയാണ് മാതൃക. പ്രോസിക്യൂഷന്റെ വാദമുഖങ്ങള്‍ ആരോപണ വിധേയരുടെ അഭിഭാഷകരുടെ കൈകളിലേക്ക് മുന്‍കൂട്ടി എത്തിച്ച്, പ്രതിരോധം തീര്‍ക്കും. ഗുജറാത്തില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായിരുന്ന തുഷാര്‍ മേത്ത, വംശഹത്യാ കേസുകളുടെ വിവരങ്ങള്‍ ഗുരുമൂര്‍ത്തിക്കും ആരോപണ വിധേയരുടെ അഭിഭാഷകര്‍ക്കും കൈമാറിയതിന് തെളിവായി ഇ മെയില്‍ സന്ദേശങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ആകയാല്‍ ഹിന്ദുത്വ ഭീകരവാദ ശൃംഖലക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന കേസുകളൊക്കെ വൈകാതെ അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കുമെന്ന് തന്നെ കരുതണം. അതിനൊരു തുടക്കമാണ് മലേഗാവിലെ കുറ്റപത്രം.


സംഝോത എക്‌സ്പ്രസ് സ്‌ഫോടനത്തിന് പിറകിലെ ലശ്കറെ ത്വയ്യിബ ബന്ധത്തിന് തെളിവ് തേടി അമേരിക്കയിലേക്ക് കത്തെഴുതി കാത്തിരിക്കുകയാണ് എന്‍ ഐ എ മേധാവി എന്നത് കൂടി കണക്കിലെടുക്കുമ്പോള്‍ സത്യം പുറത്തുവരുമെന്ന് കരുതുകയോ നീതി നടപ്പാക്കപ്പെടുമെന്ന് പ്രതീക്ഷിക്കുയോ വേണ്ടതില്ല.


ഈ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചത് കൂടി വിലയിരുത്തപ്പെടണം. 2008ലാണ് പ്രജ്ഞാ സിംഗ് ഠാക്കൂറും കേണല്‍ പുരോഹിതും അറസ്റ്റിലാകുന്നത്. അസിമാനന്ദയുടെ കുറ്റസമ്മത മൊഴി വരുന്നത് 2010 ഡിസംബറിലും. 2008 മുതല്‍ ആറ് വര്‍ഷം ഇന്ത്യന്‍ യൂനിയന്‍ ഭരിച്ചത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറാണ്. ആഭ്യന്തരം കൈകാര്യം ചെയ്തത് പി ചിദംബരവും സുശീല്‍ കുമാര്‍ ഷിന്‍ഡെയും. 2010ല്‍ അസിമാനന്ദയുടെ കുറ്റസമ്മത മൊഴി വന്നതിന് ശേഷവും നാല് വര്‍ഷത്തോളം കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭരണമുണ്ടായിരുന്നു രാജ്യത്ത്. ഇക്കാലമത്രയും മഹാരാഷ്ട്ര ഭരിച്ചത് കോണ്‍ഗ്രസ് - എന്‍ സി പി സഖ്യമായിരുന്നു. മലേഗാവ് മുതല്‍ സംഝോത വരെ ആക്രമണങ്ങള്‍ നടത്തിയവരെയോ അതിന്റെ ആസൂത്രണത്തില്‍ പങ്കാളികളായവരെയോ കണ്ടെത്താനുള്ള ഇച്ഛാശക്തി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടങ്ങള്‍ക്ക് ഉണ്ടായില്ല.


ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തവരില്‍ ആര്‍ എസ് എസ്സിന്റെ കേന്ദ്ര സമിതിയംഗം ഇന്ദ്രേഷ് കുമാറുണ്ടായിരുന്നുവെന്ന് മജിസ്‌ട്രേറ്റ് മുമ്പാകെ അസിമാനന്ദ പറഞ്ഞതിന് ശേഷവും ഉത്തരവാദിത്തത്തോടെ അന്വേഷണം നടത്തണമെന്ന തോന്നല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനോ ചിദംരബരാദി ഭരണകര്‍ത്താക്കള്‍ക്കോ ഉണ്ടായില്ല. ആര്‍ എസ് എസ്സിനെയും ഹിന്ദുത്വ തീവ്രവാദത്തെയും ശക്തമായി എതിര്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന ദിഗ്‌വിജയ് സിംഗ് മുതല്‍ എ കെ ആന്റണി വരെയുള്ളവര്‍ പാര്‍ട്ടിയുടെയും ഭരണത്തിന്റെയും നേതൃത്വത്തില്‍ അന്നുമുണ്ടായിരുന്നു. പക്ഷേ, ഹിന്ദുത്വ ഭീകരവാദ ശൃംഖലയുടെ വേരുകള്‍ കണ്ടെത്തണമെന്നും രാജ്യത്തെയാകെ ആവേശിക്കാന്‍ പാകത്തില്‍ ശക്തമാകുന്ന വര്‍ഗീയ ഫാഷിസത്തിന്റെ ഭീഷണിയെ ഇല്ലാതാക്കാന്‍ അതുപകാരപ്പെടുമെന്നും ആ നേതാക്കള്‍ക്ക് തോന്നിയതേയില്ല. അഥവാ തോന്നിയിട്ടുണ്ടെങ്കില്‍ തന്നെ അവശേഷിക്കുന്ന ഹിന്ദു വോട്ടു ബാങ്കില്‍ വിള്ളല്‍ വീഴുമോ എന്ന ഭയത്തില്‍ അവരതിന് തയ്യാറായില്ല. എന്തിന് ബോംബ് സ്ഥാപിക്കാനുള്ള യാത്രക്കിടെ പൊട്ടിത്തെറിയുണ്ടായി സനാതന്‍ സന്‍സ്ഥയുടെ പ്രവര്‍ത്തകര്‍ ഗോവയില്‍ കൊല്ലപ്പെട്ട കേസില്‍ പോലും അന്വേഷണം കാര്യക്ഷമമാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന ഭരണകൂടത്തിന് സാധിച്ചില്ല. അത് സാധിച്ചിരുന്നുവെങ്കില്‍ നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം എം കല്‍ബുര്‍ഗി തുടങ്ങിയ ജീവനുകളെങ്കിലും സംരക്ഷിക്കാമായിരുന്നു.


ഹിന്ദുത്വ ഭീകരവാദത്തിന്റെ ഫലമെന്ന് ആരോപിക്കപ്പെടുന്ന കേസുകള്‍ അട്ടിമറിക്കപ്പെടുന്നുവെന്ന് വിലപിക്കുന്നുണ്ട് ദിഗ്‌വിജയ് സിംഗ് മുതല്‍ ചിദംബരം വരെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍. വര്‍ഗീയ ഫാഷിസമെന്ന വലിയ വിപത്ത് രാജ്യം നേരിടുന്നുവെന്ന് എ കെ ആന്റണി പേര്‍ത്തും പേര്‍ത്തും പറയുന്നു. ഫാഷിസത്തിന് കേരളത്തില്‍ വേരോട്ടമുണ്ടാകാന്‍ അനുവദിക്കരുതെന്ന് ഈ  തിരഞ്ഞെടുപ്പുകാലത്ത് കേരളത്തില്‍ നടന്നു പറഞ്ഞു ആന്റണി. വര്‍ഗീയ ഫാസിസത്തിന് വേരുറപ്പിക്കാന്‍ അവസരം നല്‍കിയവര്‍ ഇപ്പോള്‍ വിലപിക്കുമ്പോള്‍ അതില്‍ ആത്മാര്‍ഥതയുണ്ടെന്ന് കരുതുക വയ്യ. നഷ്ടപ്പെട്ട അധികാരം തിരികെപ്പിടിക്കുക എന്ന ഒരൊറ്റ ലക്ഷ്യമേ ഈ വിലാപങ്ങള്‍ക്ക് പിറകിലുള്ളൂ.  അതിനൊരവസരം നല്‍കും വിധത്തിലാകുമോ അന്വേഷണ ഏജന്‍സികളെ നരേന്ദ്ര മോദിയും കൂട്ടരും ഉപയോഗിക്കുക എന്നത് കാത്തിരുന്ന് കാണാം. ഹിന്ദുത്വ ഭീകരവാദക്കേസുകളില്‍ കൃത്യമായ അന്വേഷണം ഉറപ്പാക്കാനുള്ള ഇച്ഛാശക്തി കാട്ടാതെ, സംഘപരിവാരത്തിന് അവസരം തുറന്നുനല്‍കിയ കോണ്‍ഗ്രസ്, അഴിമതിക്കേസുകളുടെ കൂമ്പാരം അവര്‍ക്കുപയോഗിക്കാന്‍ ശേഷിപ്പിച്ചാണല്ലോ കളമൊഴിഞ്ഞത്!

No comments:

Post a Comment