2016-05-30

ദി ഇന്ത്യന്‍ റിയാലിറ്റി ഷോ


ഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റിന് സമീപമൊരുക്കിയ തിളക്കമുള്ള താത്കാലിക സ്റ്റുഡിയോ. അവിടെ നിന്ന് അഞ്ചര മണിക്കൂറോളം നീണ്ട സംപ്രേഷണം. വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ പങ്കെടുത്ത സംവാദം. അത് ശ്രവിക്കാന്‍ അമിതാഭ് ബച്ചനെപ്പോലെ താരശോഭയുള്ളവരുടെ നിര. വിലയിരുത്താന്‍ റാന്‍ബാക്‌സിയുടെ മേധാവി മല്‍വീന്ദര്‍ സിംഗിനെപ്പോലുള്ളവര്‍ വേറെയും. ഏറ്റമൊടുവില്‍ പരമാധികാരി നരേന്ദ്ര മോദിയുടെ ചെറു ഭാഷണം. ''എന്റെ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ പട്ടികയായി നിരത്താന്‍ ഞാന്‍ ശ്രമിച്ചാല്‍, ഈ ദൂരദര്‍ശന്‍ വാലകള്‍ ഇവിടെ ഒരാഴ്ച നില്‍ക്കേണ്ടിവരു''മെന്ന് അദ്ദേഹം അവകാശപ്പെട്ടു. അഞ്ചാണ്ട് നീളുന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ രണ്ടാണ്ട് കഴിയുമ്പോള്‍ നടക്കേണ്ട പുറത്താക്കല്‍ റൗണ്ട് പോലെ തോന്നി കാര്യങ്ങള്‍. സംഗതിയുടെ പേര് പാളിപ്പോയോ എന്നൊരു ശങ്ക മാത്രം. 'ഒരു പുതിയ പ്രഭാതം' എന്ന പേര് പണ്ട് ഇടപ്പള്ളി കൈരളിയില്‍ അമ്പത് പൈസ ടിക്കറ്റിന് സിനിമ കാണാന്‍ ഇരിക്കുമ്പോള്‍ കേട്ടിരുന്ന 'സന്‍ ഉന്നീസ് സൗ സൈംതാലീസ് മേം....' എന്ന് തുടങ്ങുന്ന ഫിലിംസ് ഡിവിഷന്‍ പരിപാടികളെ ഓര്‍മിപ്പിച്ചു. ഹൈന്ദവ പാരമ്പര്യത്തില്‍ അധിഷ്ഠിതമാണ് റിയാലിറ്റി ഷോയെന്നതിനാല്‍ കാലങ്ങള്‍ക്ക് മുമ്പേ ഭരണിയിലിട്ട പേര് തന്നെ ഉചിതമെന്ന് ആശ്വസിക്കാം.


വിദ്യാഭ്യാസം, വാണിജ്യം, ധനകാര്യം തുടങ്ങി വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിമാരൊക്കെ സ്വന്തം നേട്ടങ്ങള്‍ വിശദീകരിച്ച് എലിമിനേഷന്‍ റൗണ്ടില്‍ രംഗത്തുവന്നിരുന്നു. മന്ത്രിസഭാ പുനസ്സംഘടന ഉടനുണ്ടാകുമെന്ന് നരേന്ദ്ര മോദിയുടെ വിശ്വസ്തനും പാര്‍ട്ടി അധ്യക്ഷനുമായ അമിത് ഷാ കാലേക്കൂട്ടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുറത്താക്കല്‍ റൗണ്ടില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച് മന്ത്രി സ്ഥാനത്ത് തുടരുക എന്നത് ഏവരുടെയും ആവശ്യമായിരുന്നു. അതുകൊണ്ട് എല്ലാവരും നല്ലവണ്ണം മത്സരിച്ചു. ഒന്നിനൊന്ന് മികച്ചുനിന്നുവെന്നോ മികവില്‍ മികച്ചേരിയെ നിശ്ചയിക്കാന്‍ കാണികളും വിശാരദരും പ്രയാസപ്പെട്ടുവെന്നോ പറയാം. ഏറ്റമൊടുവില്‍ പരമാധികാരി നടത്തിയ പ്രകടനത്തിനടുത്തെത്താന്‍ ആരാലും സാധ്യമായില്ലെന്ന് സാക്ഷാല്‍ വി എസ് അച്യുതാനന്ദന്‍ പോലും സമ്മതിക്കും.


ആ പ്രകടനത്തിലെ ചില മികവുകള്‍ ഒരിക്കല്‍ക്കൂടി കണ്ടുനോക്കാം.
''എന്റെ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ നിരത്തിയാല്‍ ദൂദര്‍ശന്‍വാലകള്‍ ഇവിടെ ഒരാഴ്ച നില്‍ക്കേണ്ടിവരു''മെന്നതാണ് പുത്തന്‍ തലമുറ സിനിമകളില്‍ നിന്ന് കടംകൊണ്ടാല്‍ പഞ്ച് ഡയലോഗ്. അതിന് മാത്രം കൊടുക്കണം പത്തിലെട്ട്. രണ്ട് കൊല്ലത്തിനിടെ അദ്ദേഹം നടത്തിയ വിദേശയാത്രകള്‍, അവിടങ്ങളിലൊക്കെ ഒപ്പുവെക്കപ്പെട്ട കരാറുകള്‍, അവിടെപ്പാര്‍ക്കുന്ന ഇന്ത്യക്കാര്‍ക്കായി നടത്തിയ സംവാദങ്ങള്‍, രാജ്യത്തുണ്ടായിരിക്കെ സ്വാതന്ത്ര്യ ദിനത്തിനും മറ്റും നടത്തിയ പ്രഭാഷണങ്ങളിലൂടെ നടത്തിയ പ്രഖ്യാപനങ്ങള്‍, തെരുവില്‍ നടത്തിയ ചൂലഭ്യാസങ്ങള്‍ എന്ന് വേണ്ട ഹിന്ദുത്വ ഭീകരവാദ ശൃംഖലകള്‍ക്ക് പങ്കുണ്ടെന്ന് ആക്ഷേപിക്കപ്പെട്ട കേസുകള്‍ അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വരെ ആഴ്ചയൊന്നിലേക്ക് സംഗ്രഹിക്കുക എന്നാല്‍ ശ്രമകരം തന്നെ.


2022 ആകുമ്പോഴേക്കും എല്ലാവര്‍ക്കും വീട്, 2019 ആകുമ്പോഴേക്കും സര്‍വത്ര ശുചിത്വം, 2019 ആകുമ്പോഴേക്കും അഞ്ച് കോടി കുടുംബങ്ങള്‍ക്ക് പുതുതായി പാചകവാതക കണക്ഷന്‍ തുടങ്ങി പ്രഖ്യാപനങ്ങളുടെ നീണ്ട നിരയുണ്ട്. മേക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വേറെയും. ആദ്യാദ്യം തുടങ്ങിയ പ്രഖ്യാപനങ്ങളും പദ്ധതികളും എവിടെ എത്തി നില്‍ക്കുന്നുവെന്നതില്‍ ആര്‍ക്കും തിട്ടമില്ല. പട്ടിക നിരത്തിയാല്‍ ആഴ്ചയൊന്ന് ഇവിടെ നില്‍ക്കേണ്ടിവരുമെന്നൊക്കെ ഗീര്‍വാണം മുഴക്കുന്നവര്‍ പറയുന്ന കണക്കേ മുന്നിലുള്ളൂ. നരേന്ദ്ര മോദി ലോക്‌സഭയില്‍ പ്രതിനിധാനം ചെയ്യുന്ന വാരണാസി മണ്ഡലത്തിന്റെ സ്ഥിതി കണക്കിലെടുത്താല്‍ ഈ കണക്ക് വിശ്വസിക്കുക പ്രയാസം.


വ്യാഴവട്ടത്തിലേറെക്കാലം ഭരിച്ച്, വികസനത്തിന്റെ പര്യായപദമാക്കി ഗുജറാത്തിനെ മാറ്റിയെന്ന പ്രചണ്ഡ പ്രചാരണമാണ് പാര്‍ലിമെന്റിലേക്ക് മത്സരിച്ച കാലത്ത് മോദിയും സംഘവും നടത്തിയത്. സംഗതി കേരളത്തേക്കാള്‍ (മോദിയുടെ ഭാഷയില്‍ സൊമാലിയ) മോശമാണെന്ന് കേന്ദ്രം ഏറ്റവുമൊടുവില്‍ അംഗീകരിച്ച കണക്കുകള്‍ തന്നെ പറയുന്നു. ഗുജറാത്തിനെക്കുറിച്ച് ഘോരഘോരം പ്രസംഗിച്ച നാവ് തന്നെയാണ് ഇപ്പോള്‍ നേട്ടം വിളമ്പുന്നതും.
ഒരൊറ്റ ആഹ്വാനത്താല്‍ ഒരു കോടിപ്പേര്‍ പാചകവാതക സബ്ഡിസി ഉപേക്ഷിച്ചുവെന്നും പുതുതായി മൂന്ന് കോടി കുടുംബങ്ങള്‍ക്ക് പാചക വാതക കണക്ഷന്‍ നല്‍കിയെന്നും മൂന്ന് വര്‍ഷം കൊണ്ട് അഞ്ച് കോടി കുടുംബങ്ങള്‍ക്ക് കൂടി കൊടുക്കുമെന്നും പറഞ്ഞതാണ് ഈ റൗണ്ടിലെ ഏറ്റവും ജനകീയ പ്രഖ്യാപനം.


പത്ത് ലക്ഷത്തിന് മേല്‍ വരുമാനമുള്ളവര്‍ക്കൊന്നും പാചക വാതക സബ്‌സിഡി നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ ഗണത്തില്‍പ്പെട്ടവരെത്രയുണ്ടാകും 130 കോടി ജനസംഖ്യയുള്ള ഇന്ത്യന്‍ യൂനിയനില്‍. അത് ഒരു കോടിയില്‍ ഒതുങ്ങുമോ? നിലവിലുള്ള ശമ്പള നിലവാരമൊക്കെ കണക്കിലെടുക്കുമ്പോള്‍ ഒതുങ്ങില്ലെന്ന് മനസ്സിലാക്കാന്‍ ആദായനികുതിവകുപ്പിന്റെ പടിപ്പുര വരെയൊന്നും പോകേണ്ടതില്ല. നരേന്ദ്ര മോദിയുടെ ആഹ്വാനവശാല്‍ സബ്‌സിഡി രഹിതരായവരുടെ എണ്ണം ഒരു കോടിയേ ഉള്ളൂവെന്ന് പറഞ്ഞാല്‍ അര്‍ഥം, സര്‍ക്കാറിന്റെ മാനദണ്ഡമനുസരിച്ച് സബ്ഡിഡിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കേണ്ടവരെ മുഴുവനായി ഒഴിവാക്കാന്‍ നേതൃത്വത്തിന് '56 ഇഞ്ച്' നെഞ്ചളവുണ്ടായിട്ടും കേന്ദ്ര സര്‍ക്കാറിന് സാധിച്ചില്ല എന്നാണ്.


രണ്ട് വര്‍ഷം കൊണ്ട് മൂന്ന് കോടി വാതകകണക്ഷന്‍. ഉച്ചഭക്ഷണവും അതിന് പുറത്തൊരു രസഗുളയും സേവിച്ച് നാലും കൂട്ടി മുറുക്കി വെടിവട്ടം കൂടുന്നവര്‍ക്ക് അത്യത്ഭുതത്തിന്റെ ചിഹ്നങ്ങള്‍ ജനിപ്പിക്കാന്‍ ഇത് ധാരാളം. എണ്ണ വില കുറഞ്ഞു, പാചക വാതകത്തിന് സബ്‌സിഡിയായി നല്‍കേണ്ട തുകയും അതിനനുസരിച്ച് കുറഞ്ഞു. ഈ ഘട്ടത്തില്‍ കൂടുതല്‍ കണക്ഷനുകള്‍ നല്‍കാന്‍ പൊതു, സ്വകാര്യ മേഖലയിലെ കമ്പനികള്‍ തയ്യാറാകും. സബ്‌സിഡിയിനത്തില്‍ ഖജനാവില്‍ നിന്ന് കൂടുതല്‍ പണം ചെലവിടേണ്ട എന്നതിനാല്‍ കണക്ഷനുകള്‍ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത നിരോധം സര്‍ക്കാര്‍ എടുത്ത് കളയുകയും ചെയ്യും. അത് മാത്രമേ കഴിഞ്ഞ രണ്ട് കൊല്ലത്തിനിടെ സംഭവിച്ചിട്ടുള്ളൂ. ആയതിനെ സ്വന്തം നേട്ടമായി ഒരു പ്രധാനമന്ത്രി എണ്ണുന്നുവെങ്കില്‍ അതിലൊരു കുറവും കാണേണ്ടതില്ല. മൂന്ന് വര്‍ഷം കൊണ്ട് അഞ്ച് കോടി കണക്ഷനുകള്‍ നല്‍കുമെന്ന പ്രഖ്യാപനം, എണ്ണ വില ഇതേ അവസ്ഥയില്‍ തുടരുകയാണെങ്കില്‍ ഫലം കാണും. ഇങ്ങനെ കണക്ഷനുകള്‍ കൂടുമ്പോഴല്ലേ റിലയന്‍സിനും മുകേഷ് അംബാനിക്കുമൊക്കെ കൂടുതല്‍ ഗുണമുണ്ടാകുക, എങ്കിലല്ലേ മേക്ക് ഇന്‍ ഇന്ത്യയുണ്ടായി സ്റ്റാന്‍ഡ് അപ്പ് ഇന്ത്യയാകൂ.


രണ്ട് വര്‍ഷം കൊണ്ട് വാതക മേഖലയില്‍ ഇത്രയൊക്കെ ചെയ്ത മോദിയദ്ദ്യം കൃഷ്ണ - ഗോദാവരി ബേസിനിലെ പ്രകൃതി വാതകം ഖനനം ചെയ്യുന്നതിനുള്ള ചെലവ് പെരുപ്പിച്ച് കാട്ടി ഖജാനിവിന് നഷ്ടമുണ്ടാക്കിയെന്ന് കാട്ടി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേല്‍ എന്ത് നടപടിയാണ് എടുത്തത് എന്നറിയാന്‍ വോട്ടര്‍മാര്‍ക്ക് താത്പര്യം കാണും. കൂടുതല്‍ കണക്ഷനുകള്‍ നല്‍കുന്നതിലൂടെ നേട്ടമുണ്ടാക്കുന്ന മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് തന്നെയാണ് ഈ റിപ്പോര്‍ട്ടില്‍ ആരോപണവിധേയരുടെ സ്ഥാനത്തുള്ളത്. രണ്ട് വര്‍ഷത്തിനിടെ ആഴിമതിയാരോപണങ്ങളൊന്നും പത്രത്തലക്കെട്ടായില്ലെന്ന് അഭിമാനിക്കുന്നുണ്ട് പ്രധാനമന്ത്രി. കല്‍ക്കരിപ്പാടം ലേലത്തിലൂടെയും മറ്റും കോടികള്‍ ഖജനാവിലേക്ക് ഒഴുകിയെത്തിയെന്ന് അവകാശപ്പെടുന്നുമുണ്ട് അദ്ദേഹം.


ഖജനാവിന് വലിയ നഷ്ടമുണ്ടാക്കിയ പ്രകൃതി വാതക ഖനന ഇടപാടില്‍ റിപ്പോര്‍ട്ടൊന്നു മറിച്ചുനൊക്കാന്‍ ചെറുവിരല്‍ അനക്കില്ല നരേന്ദ്ര മോദി. ഇതേ പാടത്ത് പ്രകൃതി വാതക ഖനനം നടത്താന്‍ ഗുജറാത്ത് സര്‍ക്കാറിന് കീഴിലൊരു കമ്പനിയുണ്ടാക്കുകയും അതിലേക്ക് വ്യാജനെന്ന് കരുതുന്ന മറ്റൊരു കമ്പനിയെ കൂട്ടിച്ചേര്‍ക്കുകയും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 20,000 കോടി രൂപ ഒഴുക്കി ശുദ്ധ ശൂന്യമായി നില്‍ക്കുകയും ചെയ്യുന്ന കഥയും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടായി നല്‍കിയിട്ടുണ്ട്. കൊലക്കേസുകളില്‍ ആരോപണവിധേയരായവരെ ക്രമസമാധാനച്ചുമതലയുള്ള ഡി ജി പിയായി നിയമിക്കുന്ന നാട്ടില്‍, ഖജനാവിന് 20,000 കോടി നഷ്ടപ്പെട്ടത് വലിയ കാര്യമോ? അത് പറയുന്നതേ ചിതമല്ല.


ജനതയുടെ ആരോഗ്യത്തില്‍ അത്രമാത്രം ശ്രദ്ധയുണ്ടാകയാല്‍, അവനെന്തൊക്കെ ഭക്ഷിക്കണമെന്ന് നിശ്ചയിച്ചത്, നിശ്ചയിച്ചത് തന്നെയോ ഭുജിക്കുന്നത് എന്നറിയാന്‍ അടുക്കള കയറി പരിശോധിക്കാന്‍ സംഘ സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയത്, നിശ്ചയം ലംഘിക്കപ്പെട്ടാല്‍ ഗളച്ഛേദം നടത്താനോ പാക്കിസ്ഥാനിലേക്ക് നാടുകടത്തുമെന്ന ഭീഷണി മുഴക്കാനോ സ്വാതന്ത്ര്യം
 നല്‍കിയത്, ഇത്തരം പുരോഗമന, ജനാധിപത്യ അജന്‍ഡകളെ എതിര്‍ക്കാന്‍ ശ്രമിക്കുന്ന ജീവനുകളെ വേണ്ടി വന്നാല്‍ നുള്ളിയെടുക്കുമെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തിയത്, ഹിന്ദുത്വ അജന്‍ഡകളാണ് ഭൂരിപക്ഷഹിതങ്ങളെന്ന് രാജ്യത്തെ ബോധ്യപ്പെടുത്താനും അതിനെതിര് നില്‍ക്കുന്നവരൊക്കെ രാജ്യദ്രോഹികളാണെന്ന് വരുത്താനും ശ്രമിച്ചത്, ഹിന്ദു രാഷ്ട്ര സ്ഥാപനമാണ് ലക്ഷ്യമെങ്കിലും ആ രാഷ്ട്ര സങ്കല്‍പ്പത്തില്‍ പാലിക്കപ്പെടുക വര്‍ണാശ്രമ ധര്‍മമായിരിക്കുമെന്നത് ഓര്‍മിപ്പിച്ചത്...ഒരാണ്ടു കൊണ്ട് സംഗ്രഹിക്കാനാവില്ല നേട്ടങ്ങള്‍. ഈ ഭരണമൊഴിഞ്ഞ് എത്രകാലം കഴിഞ്ഞാലാണ് ഇവയുണ്ടാക്കിയ മുറിവുകള്‍ ഉണങ്ങുക എന്നതിലും തിട്ടമില്ല.


ഡല്‍ഹിയിലും ബീഹാറിലും റിയാലിറ്റി ഷോക്ക് വേണ്ടത്ര പിന്തുണ നേടിയെടുക്കാന്‍ സാധിച്ചിരുന്നില്ല, മുഖ്യ മത്സരാര്‍ഥി പല വേദികളില്‍ പ്രകടനം നടത്തിയിട്ടും. വംശീയതയെ വര്‍ഗീയതയോട് യോജിപ്പിച്ചൊരു പ്രകടനത്തിലൂടെ അസമില്‍ കളം പിടിക്കാന്‍ സാധിച്ചത് ഷോയില്‍ കുറേക്കൂടി ആത്മവിശ്വാസത്തോടെ പങ്കെടുക്കാന്‍ അവസരം തന്നിട്ടുണ്ട്. വരും തിരഞ്ഞെടുപ്പുകളില്‍ പയറ്റേണ്ട തന്ത്രങ്ങളെക്കുറിച്ച് ആലോചന നടക്കുന്നു. അതില്‍ വിജയം കാണാന്‍ പാകത്തില്‍ കൈയറപ്പില്ലാതെ കാര്യങ്ങള്‍ ചെയ്യുന്നവര്‍ വേണം നേതൃത്വത്തില്‍. അതിലേക്ക് പറ്റാത്തവര്‍ പുറത്തുപോകേണ്ടിവരും.


മുഖ്യവേഷക്കാരനെ വെല്ലാന്‍ പാകത്തില്‍ ശബ്ദ ഗാംഭീര്യമോ നെഞ്ചുവലിപ്പമോ അഭിനയ ചാതുരിയോ കൈമുതലായ ആരെയും തത്കാലം കാണാനില്ല എന്നതിനാല്‍ അദ്ദേഹം റിയാലിറ്റി ഷോയില്‍ തുടരും. എലിമിനേഷന്‍ റൗണ്ടുകളില്‍ മത്സരാര്‍ഥിയായും വിധികര്‍ത്താവായും ഒരേസമയം തുടരാന്‍ ഒരു വ്യക്തിക്ക് മാത്രം അനുവാദം നല്‍കുന്ന ഏക റിയാലിറ്റി ഷോയും ഇതു തന്നെയാകും. ആകയാല്‍ എലിമിനിഷേന്‍ റൗണ്ടിന്റെ ഫലപ്രഖ്യാപനം വരെ കാത്തിരിക്കാം. അത് അധികം വൈകില്ലെന്നാണ് അമിത് ഷാ നല്‍കുന്ന ഉറപ്പ്.


മൂന്നാണ്ടിന് അപ്പുറമുള്ള ഗ്രാന്‍ഡ് ഫിനാലെയെ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങളെന്ന് നരേന്ദ്ര മോദി വാക്ക് നല്‍കിയിട്ടുണ്ട്. അതിനിടെ എന്തൊക്കെയാകും പ്രകടനങ്ങള്‍? സി എ ജിയുടെ രണ്ട് റിപ്പോര്‍ട്ടെങ്കിലും അക്കാലത്തേക്ക് വരും. അത് വേദിയിലെ പ്രകടനങ്ങളെ ബാധിക്കുമോ? മത്സരാര്‍ഥിയായിരിക്കെ വിധികര്‍ത്താവാകാനുള്ള സൗകര്യം ഗ്രാന്‍ഡ് ഫിനാലെയില്‍ ഉണ്ടാകുകയുമില്ല. സംഭവാമി  യുഗേ യുഗേ...