2016-07-18

ബുള്ളറ്റ് + പെല്ലറ്റ് = സമാധാനം?


ഇന്ത്യന്‍ യൂനിയന്റെ വടക്ക് കിഴക്കന്‍ മേഖലയിലുള്ള നാഗ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന സംഘടനകളില്‍ പ്രമുഖമായ നാഷനല്‍ സോഷ്യലിസ്റ്റ് കോണ്‍സില്‍ ഓഫ് നാഗാലി (ഇസാക്ക് - മുയ്‌വാ) മുമായി ഏതാണ്ട് ഒരു വര്‍ഷം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ ഒരു കരാറുണ്ടാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നാഗാലിം നേതാവ് തുയിന്‍ഗാലെങ് മുയ്‌വയും ഒപ്പുവെച്ച ഇത്, സുസ്ഥിര സമാധാനത്തിലേക്ക് വഴി തുറക്കാനുള്ള കരാറെന്ന് വിശേഷിപ്പിക്കപ്പെട്ടു. കരാറിന്റെ ഉള്ളടക്കം എന്തെന്ന് ഇതുവരെ ആരും ഔദ്യോഗികമായി രാജ്യത്തോട് പറഞ്ഞിട്ടില്ല.


നാഗ വിഭാഗങ്ങള്‍ക്ക് അവരധിവസിക്കുന്ന പ്രദേശത്ത് പരമാധികാരം വേണമെന്ന ആവശ്യത്തില്‍ നിന്ന് നാഗാലിം പിന്‍മാറിയെന്നും ഇന്ത്യന്‍ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് പരമാവധി സ്വയംഭരണാധികാരം നല്‍കാമെന്ന വാഗ്ദാനം സ്വീകരിച്ചുവെന്നും അതിനുള്ള നടപടിക്രമങ്ങളാണ് ഇനിയങ്ങോട്ടുള്ള ചര്‍ച്ചകളിലുണ്ടാകുകയെന്നും കേന്ദ്ര സര്‍ക്കാര്‍ അനൗദ്യോഗികമായി വിശദീകരിക്കുന്നുണ്ട്. പരമാധികാരമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും നാഗ വിഭാഗക്കാര്‍ക്ക് പ്രത്യേക പാസ്‌പോര്‍ട്ടും കൊടിയും വേണമെന്നത് കേവലമൊരു ആവശ്യമല്ല, അവകാശമാണെന്നും തുയിന്‍ഗാലെങ് മുയ്‌വ പറയുന്നു. പരമാധികാരം പങ്കുവെക്കുന്നതിനെക്കുറിച്ച് ചില ധാരണകള്‍ രൂപപ്പെട്ടിട്ടുണ്ട് എന്നും മുയ്‌വ കൂട്ടിച്ചേര്‍ത്തു.


പ്രത്യേക പതാകയും പാസ്‌പോര്‍ട്ടുമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതിന് നാഗ വിഭാഗങ്ങള്‍ക്കുള്ള ന്യായം ഇതാണ് - ''നാഗ ജനങ്ങള്‍, സ്വയം സമ്മതിച്ച്, ഇതുവരെ ഇന്ത്യന്‍ യൂനിയന്റെ ഭാഗമായിട്ടില്ല. അവര്‍ ഇതുവരെ ഇന്ത്യന്‍ ഭരണത്തിന് കീഴിലല്ല. അതുകൊണ്ട് തന്നെ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. ഇക്കാര്യം ഇന്ത്യന്‍ പക്ഷം തിരിച്ചറിഞ്ഞിട്ടുണ്ട്'' (മുയ്‌വയുമായുള്ള അഭിമുഖം ദി ഹിന്ദു ദിനപ്പത്രം പ്രസിദ്ധീകരിച്ചത് - രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വിരുദ്ധമായത് എഴുതി പ്രചരിപ്പിച്ചുവെന്ന കേസിന് ശ്രമിക്കാനിടയുള്ളവര്‍ക്കു വേണ്ടി.)


ഭിന്ന സ്വത്വത്തിന് ഉടമകളാണെന്ന് അവകാശപ്പെട്ട്, നാഗന്‍മാര്‍ അധിവസിക്കുന്ന പ്രദേശങ്ങള്‍ യോജിപ്പിച്ച് പരമാധികാരമുള്ള രാജ്യമാക്കണമെന്ന് ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്ത് തന്നെ ഇവര്‍ ആവശ്യപ്പെട്ടിരുന്നു. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി, ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലെത്തുന്ന കാലത്ത് തന്നെ. രാജ്യം സ്വതന്ത്രമാകുകയും ഫെഡറല്‍ ഭരണക്രമമുള്ള ഇന്ത്യന്‍ യൂനിയനാകുകയും ചെയ്ത് ഏതാണ്ട് ഏഴ് പതിറ്റാണ്ടാകുമ്പോഴും 'ഞങ്ങള്‍ സ്വയം സമ്മതിച്ച് ഇന്ത്യന്‍ യൂനിയന്റെ ഭാഗമായിട്ടില്ല' എന്ന് പറയുന്നവര്‍ ഉണ്ടെങ്കില്‍ അത് ആരുടെ പരാജയമാണ്? 'എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്, അത് ഇന്ത്യന്‍ പക്ഷം തിരിച്ചറിഞ്ഞിട്ടുണ്ട്' എന്ന് കൂട്ടിച്ചേര്‍ക്കുമ്പോള്‍ രാജ്യത്തിന്റെ ഭാഗമാണെന്ന ഭരണകൂടത്തിന്റെ അവകാശവാദത്തെ ഇത്രകാലമായിട്ടും ആ ജനത അംഗീകരിച്ചിട്ടില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. ഇന്ത്യന്‍ യൂനിയനെന്നത് അവര്‍ക്കൊരു 'വിദേശ രാഷ്ട്ര'മാണെന്നും.


തീഷ്ണതയുടെ അളവില്‍ ഏറ്റക്കുറച്ചിലുണ്ടാകാമെങ്കിലും ഇതേ വികാരം പങ്കുവെക്കുന്ന ഗോത്ര വിഭാഗങ്ങള്‍ വേറെയുമുണ്ട് വടക്ക് കിഴക്കന്‍ മേഖലയില്‍. ആ വികാരത്തിന് പിറകിലെ രാഷ്ട്രീയത്തെ തിരിച്ചറിയാതിരിക്കുകയോ തിരിച്ചറിഞ്ഞാല്‍ തന്നെ അംഗീകരിക്കാതിരിക്കുകയോ ആണ് ഭരണകൂടങ്ങള്‍ ചെയ്തത്. ക്രമസമാധാന പ്രശ്‌നമായി, രാജ്യത്തിന്റെ അഖണ്ഡതയെ വെല്ലുവിളിക്കുന്ന തീവ്രവാദമായി, രാജ്യത്തിനു നേര്‍ക്ക് യുദ്ധം ചെയ്യുന്ന ഭീകരവാദമായി വിശദീകരിച്ച് അതിനെ അടിച്ചമര്‍ത്താന്‍ ഉപാധികള്‍ തിരഞ്ഞു. സൈന്യത്തെ വിന്യസിക്കല്‍, അവര്‍ക്ക് പ്രത്യേക അധികാരം നല്‍കി അടിച്ചമര്‍ത്തല്‍ സുഖകരമാക്കാനുള്ള ശ്രമം ഒക്കെ അതിന്റെ ഭാഗമാണ്.


ജമ്മു കശ്മീരിന്റെ കാര്യത്തിലും വലിയ വ്യത്യാസമൊന്നുമില്ല. സ്വയം സമ്മതിച്ച് ഇന്ത്യന്‍ യൂനിയന്റെ ഭാഗമായതാണെന്ന തോന്നല്‍ കശ്മീര്‍ ജനതക്കുണ്ടോ? സ്വയം നിര്‍ണയിക്കാനുള്ള അവകാശം നല്‍കുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ മടി കാട്ടിയവര്‍, പിന്നീട് ഭരണഘടനയില്‍ ചേര്‍ത്ത വ്യവസ്ഥകളെ വ്യാഖ്യാനിച്ച് പ്രദേശവും ജനങ്ങളും ഇന്ത്യന്‍ യൂനിയന്റെ അവിഭാജ്യഘടകമാണെന്ന് വരുത്തി. അങ്ങനെ വരുത്തിയാല്‍ തീരുന്നതല്ല പ്രശ്‌നങ്ങളെന്നാണ് മുയ്‌വ തുറന്ന് പറയുന്നത്. കശ്മീരില്‍ ആവര്‍ത്തിക്കുന്ന സംഘര്‍ഷങ്ങള്‍ക്കെല്ലാം യഥാര്‍ഥ ഹേതുവും മറ്റൊന്നല്ല. അത് അംഗീകരിച്ചുകൊണ്ടുള്ള പരിഹാരശ്രമമേ ഫലപ്രദമാകൂ.


ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയെ 'സുരക്ഷാ സേന' 'ഏറ്റുമുട്ടലില്‍' വധിച്ചതാണ് നാല്‍പ്പതിലേറെപ്പേരുടെ ജീവനെടുത്ത ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് പ്രത്യക്ഷത്തിലുള്ള കാരണം. സുരക്ഷാ സേനയെന്ന ഭരണകൂടത്തിന്റെ വിശേഷണത്തെ സ്വീകരിക്കാന്‍ ഇവിടുത്തുകാര്‍ക്ക് സാധിക്കില്ല. 'ഏറ്റുമുട്ടലില്‍' വധിച്ചുവെന്ന വാദവും അവര്‍ മുഖവിലക്കെടുത്തെന്ന് വരില്ല. തീവ്രവാദം ശക്തമാകുകയും സൈനിക നടപടി ആരംഭിക്കുകയും ചെയ്തതിന് ശേഷം ജമ്മു കശ്മീരില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായവരുടെ എണ്ണം പതിനായിരത്തില്‍ അധികമാണ്. ഇവരില്‍ ഭൂരിഭാഗവും യുവാക്കളും. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ വേണമെന്ന അമ്മമാരുടെ ആവശ്യത്തിന്  പതിറ്റാണ്ടിലേറെപ്പഴക്കമുണ്ട്. സംസ്ഥാനത്ത് പലയിടത്തായി പിന്നീട് കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങളില്‍ രണ്ടായിരത്തിലധികം പേരുടെ ശരീരാവശിഷ്ടങ്ങളുണ്ടായിരുന്നു. സൈന്യം നിയമത്തിന് പുറത്ത് നടത്തിയ കൊലകളുടെ സാക്ഷ്യമാണോ കൂട്ടക്കുഴിമാടം? ഇതൊക്കെ അറിയാവുന്ന, ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം കിട്ടാത്ത, ഒരു ജനത 'സുരക്ഷ', 'ഏറ്റുമുട്ടല്‍'തുടങ്ങിയവ വിശ്വസിക്കണമെന്ന് നിര്‍ബന്ധിക്കാനാകില്ലല്ലോ!


തങ്ങളുടെ സമ്മതം തേടിയോ എന്ന ചോദ്യം ശേഷിക്കെ, ഡല്‍ഹിയില്‍ കേന്ദ്രീകരിച്ച ഭരണം ജീവിതാവശ്യങ്ങളോട് മുഖം തിരിഞ്ഞുനിന്നുവെന്ന തോന്നല്‍ കൂടിയുണ്ടായാലോ? 370-ാം വകുപ്പനുസരിച്ച് അനുവദിച്ച അവകാശങ്ങള്‍ കാലക്രമേണ ഇല്ലാതാക്കിയത് ഈ തോന്നല്‍ ദൃഢീഭവിപ്പിച്ചിട്ടുമുണ്ടാകും. സൈന്യത്തിന്റെയോ അര്‍ധ സൈനിക വിഭാഗങ്ങളുടെയോ സാന്നിധ്യത്തില്‍ ജീവിക്കേണ്ടി വരിക എന്ന, ഭാഗികമായ കാരാഗൃഹവാസത്തിന്റെ മരവിപ്പ് വേറെയും. ഈ സാഹചര്യത്തെ മുതലെടുക്കാന്‍ ലക്ഷ്യമിട്ട് അതിര്‍ത്തിക്കപ്പുറത്ത് ആളുകളുമുണ്ട്. അവര്‍ക്ക് അവസരമൊരുക്കുന്ന പ്രവൃത്തിയാണ് പലപ്പോഴും നമ്മുടെ ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും ഭാഗത്തു നിന്നുണ്ടാകാറ് എന്നതും മറന്നുകൂട. ദുരുദ്ദേശ്യക്കാരെ അകറ്റിനിര്‍ത്തണമെങ്കില്‍ കശ്മീരിലെ ജനതയെ വിശ്വാസത്തിലെടുക്കണം, അവര്‍ക്ക് തിരിച്ച് വിശ്വാസമുണ്ടാകുകയും വേണം. അതിന് പാകത്തില്‍ എന്തെങ്കിലും ശ്രമം സമീപകാലത്ത് നടന്നിട്ടുണ്ടോ? ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന യു പി എ സര്‍ക്കാറിന്റെ കാലത്ത് ചില ശ്രമങ്ങളുണ്ടായെങ്കിലും അതില്‍ തുടര്‍നടപടികളുണ്ടായില്ല.


ഒന്നും രണ്ടും യു പി എ സര്‍ക്കാറുകളുടെ കാലത്ത് ജമ്മു കശ്മീരിലെ സ്ഥിതി ഏറെ മെച്ചപ്പെട്ടുവെന്ന് വിലയിരുത്തപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ നീണ്ട രാഷ്ട്രപതിഭരണത്തിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് നടത്തി, ജനാധിപത്യ ഭരണത്തിന് അവസരമുണ്ടാക്കിയത് വലിയ  ചുവടുവെപ്പായി ചൂണ്ടിക്കാണിക്കപ്പെട്ടു. ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാക്കളെക്കൂടി ഉള്‍പ്പെടുത്തി നടത്തിയ വട്ടമേശ സമ്മേളനം, അതിന്റെ ഭാഗമായി പ്രശ്‌നങ്ങള്‍ പഠിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ കര്‍മ സമിതികള്‍ രൂപവത്കരിച്ചത് അങ്ങനെ പ്രതീക്ഷ ജനിപ്പിക്കുന്ന പലതും ഇക്കാലത്തുണ്ടായി. ഈ സമിതികള്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചുവെങ്കിലും അതിലൊന്നു പോലും പ്രാബല്യത്തിലായില്ല.


ജമ്മു കാശ്മീരിന് കൂടുതല്‍ സ്വയംഭരണാധികാരം നല്‍കുന്നതുള്‍പ്പെടെ ശിപാര്‍ശകള്‍ സമിതികളിലൊന്ന് നിര്‍ദേശിച്ചിരുന്നു. ഇത് നയപരമായ തീരുമാനം ആവശ്യമായതിനാല്‍ മാറ്റിവെക്കപ്പെട്ടുവെന്നത് മനസ്സിലാക്കാം. പക്ഷേ, ഭൗതിക സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ശിപാര്‍ശകള്‍ നടപ്പാക്കാന്‍ തടസ്സമുണ്ടായിരുന്നില്ല. ജമ്മു കാശ്മീരിന് പ്രത്യേക പദ്ധതികള്‍ നടപ്പാക്കാന്‍ കോടികള്‍ അനുവദിച്ചുവെന്ന പ്രഖ്യാപനങ്ങളുണ്ടായി. അത്തരം പ്രഖ്യാപനങ്ങള്‍ വടക്ക് - കിഴക്കന്‍ മേഖലകളുടെ കാര്യത്തിലും ജമ്മു കശ്മീരിന്റെ കാര്യത്തിലും ഇപ്പോഴുമുണ്ടാകുന്നുണ്ട്. അതിലെത്രത്തോളം നടപ്പാകുന്നു? ഈ മേഖലകളിലെ ജനങ്ങളെ രാഷ്ട്രീയ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഇവ സഹായിക്കുന്നുണ്ടോ?


ഈ ചോദ്യങ്ങള്‍ ശേഷിക്കുന്നുവെന്നതിന്റെ തെളിവായി കൂടി വേണം കശ്മീരിലെ ഇപ്പോഴത്തെ സംഘര്‍ഷങ്ങളെ കാണാന്‍. വാനിയുടെ മരണം അതിനൊരു ഹേതുവായി എന്ന് മാത്രം. വാനിയുടെ ഖബറടക്കച്ചടങ്ങില്‍ ലക്ഷത്തിലധികം പേര്‍ പങ്കെടുത്തുവെന്നാണ് പ്രക്ഷോഭത്തിന് ഇറങ്ങിയവരുടെ അവകാശവാദം. പതിനായിരത്തോളം പേരേ പങ്കെടുത്തുള്ളൂവെന്ന് സേനാ ഉദ്യോഗസ്ഥര്‍ പറയുന്നു. പതിനായിരത്തോളം പേര്‍ പങ്കെടുത്തുവെങ്കില്‍, അത്രയും പേരില്‍ സ്വാധീനം ചെലുത്താന്‍ ഈ ചെറുപ്പക്കാരന് സാധിച്ചിരുന്നുവെന്നാണ് അര്‍ഥം. അത് എന്തുകൊണ്ട് എന്ന് മനസ്സിലാകണമെങ്കില്‍, പ്രശ്‌നത്തിന്റെ യഥാര്‍ഥ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധിക്കേണ്ടിവരും. അതുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.


സ്ഥിതി ഏറെ മെച്ചപ്പെട്ടുവെന്ന് അവകാശപ്പെട്ട യു പി എ സര്‍ക്കാറും സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയത്തില്‍ (ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ പവേഴ്‌സ് ആക്ട് - എ എഫ് എസ് പി എ) ഇളവു വരുത്താന്‍ തയ്യാറായിരുന്നില്ല. തിരഞ്ഞെടുത്ത പ്രദേശങ്ങളെങ്കിലും ഈ നിയമത്തിന് പുറത്താകണമെന്ന അന്നത്തെ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ നിര്‍ദേശം, സൈന്യത്തിന്റെ എതിര്‍പ്പ് മൂലം നടപ്പാക്കാന്‍ സാധിച്ചില്ല. എ എഫ് എസ് പി എ, പൊതു സുരക്ഷാ നിയമം (പബ്ലിക് സേഫ്റ്റി ആക്ട് - പി എഫ് എ) തുടങ്ങിയ പ്രത്യേക നിയമങ്ങളുടെ നടപ്പാക്കല്‍ ഏത് വിധത്തില്‍ നിയന്ത്രിക്കാനാകുമെന്ന് നിലവില്‍ അധികാരത്തിലുള്ള പി ഡി പി - ബി ജെ പി സഖ്യ സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. ആ വഴിയിലേക്കൊരു ചര്‍ച്ചപോലും ഉണ്ടായില്ല. കശ്മീരിനെയാകെ വലച്ചതായിരുന്നു ഏതാണ്ടൊരു വര്‍ഷം മുമ്പുണ്ടായ വെള്ളപ്പൊക്കം. അതില്‍ വീടും സ്വത്തുമൊക്കെ നഷ്ടപ്പെട്ടവരുടെ പുനരധിവാസവും സഖ്യ സര്‍ക്കാറിന്റെ മുഖ്യ വാഗ്ദാനമായിരുന്നു. അതിലും വലിയ പുരോഗതിയൊന്നും കൈവരിക്കാനായില്ല. സംസ്ഥാനത്തിന് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വാക്കുകളില്‍ ഒതുങ്ങി.


പ്രശ്‌നങ്ങളെ, അതിന്റെ അടിസ്ഥാന രാഷ്ട്രീയം മനസ്സിലക്കി അഭിമുഖീകരിക്കാതെ, ബുള്ളറ്റുകളും പെല്ലറ്റുകളും പ്രയോഗിച്ച് ക്രമസമാധാനം ഉറപ്പാക്കി കാശ്മീരിലെ ജീവിതം സമാധാനപൂര്‍ണമാക്കാനാകുമെന്ന് കരുതുന്നുവെങ്കില്‍ അത് മൗഢ്യമാണ്. യു പി എ സര്‍ക്കാറിന് സാധിക്കാതിരുന്നത് 'ദേശീയത'യിലും 'രാജ്യസ്‌നേഹ'ത്തിലും (ഹിന്ദുത്വ ചേര്‍ത്തത്) വിട്ടുവീഴ്ചയില്ലാത്ത നരേന്ദ്ര മോദി സര്‍ക്കാറിന് സാധിക്കുമോ? നാഗാലിം നേതാവ് തുയിന്‍ഗാലെങ് മുയ്‌വക്ക് അഭിപ്രായം തുറന്ന് പറയാനെങ്കിലും സാധിക്കുന്നുണ്ട്. അതിനുള്ള സ്വാതന്ത്ര്യം കശ്മീരികള്‍ക്കും നല്‍കുമോ നരേന്ദ്ര മോദി?