2016-07-21

ഗാന്ധി വധത്തില്‍ നീതിയുടെ സ്വയം സേവനം


രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആര്‍ എസ് എസ്) മുഖപത്രമായ ഓര്‍ഗനൈസര്‍ 1970 ജനുവരി 11ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ ''നെഹ്‌റുവിന്റെ പാക്കിസ്ഥാന്‍ അനുകൂല നിലപാടിനെ പിന്തുണച്ചാണ് ഗാന്ധിജി സത്യഗ്രഹം അനുഷ്ഠിച്ചത്. ഇത് ഗാന്ധിജിയെ ജനരോഷത്തിന്റെ ഇരയാക്കി. 'ജന'ത്തെ പ്രതിനിധാനം ചെയ്ത നാഥുറാം ഗോഡ്‌സെ, ജനരോഷത്തിന്റെ ആവിഷ്‌കാരമെന്ന നിലക്ക് കൊലപാതകം ആസുത്രണം ചെയ്തു'' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കെ ആര്‍ മല്‍ക്കാനിയായിരുന്നു അന്ന് ഓര്‍ഗനൈസറിന്റെ പത്രാധിപര്‍.


ഗാന്ധി വധത്തില്‍ ശിക്ഷിക്കപ്പെട്ട, നാഥുറാം ഗോഡ്‌സെയുടെ സഹോദരന്‍ കൂടിയായ ഗോപാല്‍ ഗോഡ്‌സെ 1994ല്‍ പറഞ്ഞത് ഇങ്ങനെയാണ് - ''പോകൂ, ഗാന്ധിയെ കൊല്ലൂ എന്നൊരു പ്രമേയം ആര്‍ എസ് എസ് പാസ്സാക്കിയിട്ടില്ല. പക്ഷേ, നാഥുറാമിനെ തള്ളിപ്പറയാന്‍ ആര്‍ എസ് എസ്സിന് സാധിക്കില്ല. ഹിന്ദു മഹാസഭ നാഥുറാമിനെ തള്ളിപ്പറഞ്ഞിട്ടില്ല. 1944ല്‍ നാഥുറാം ഹിന്ദു മഹാസഭയില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ആര്‍ എസ് എസ്സിന്റെ ബൗദ്ധിക് കാര്യവാഹ് കൂടിയായിരുന്നു അയാള്‍. നാഥുറാം, ദത്താത്രേയ, ഞാന്‍, ഗോവിന്ദ് - ഞങ്ങള്‍ സഹോദരങ്ങളെല്ലാം - ആര്‍ എസ് എസ്സിലുണ്ടായിരുന്നു. ഞങ്ങളുടെ വീട്ടിലല്ല, ആര്‍ എസ് എസ്സിലാണ് ഞങ്ങള്‍ വളര്‍ന്നത്. ആര്‍ എസ് എസ് ഉപേക്ഷിച്ചുവെന്ന് നാഥുറാം കോടതിയില്‍ നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്. ഗാന്ധി വധത്തിന് ശേഷം ഗോള്‍വള്‍ക്കര്‍ക്കും ആര്‍ എസ് എസ്സിനും ഏറെ ബുദ്ധിമുട്ടുണ്ടായതിനാലാണ് അങ്ങനെ പറഞ്ഞത്. അയാളൊരിക്കലും ആര്‍ എസ് എസ് വിട്ടിരുന്നില്ല'' - ഗാന്ധി വധത്തെക്കുറിച്ച് ഗോപാല്‍ ഗോഡ്‌സെ എഴുതി പ്രസിദ്ധീകരിച്ച പുസ്തകത്തിലും നാഥുറാമിന്റെ ആര്‍ എസ് എസ് ബന്ധത്തെക്കുറിച്ച് പറയുന്നുണ്ട്.


സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ ജവഹര്‍ ലാല്‍ നെഹ്‌റുവിനും ശ്യാമ പ്രസാദ് മുഖര്‍ജിക്കും 1948ല്‍ എഴുതിയ കത്തുകളില്‍ പറയുന്നത് - ''സവര്‍ക്കറുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഹിന്ദു മഹാസഭയാണ് ഗൂഢാലോചന നടത്തിയതും അത് നടപ്പാകുന്നുവെന്ന് ഉറപ്പാക്കിയതും. ആര്‍ എസ് എസ്സും ഹിന്ദു മഹാസഭയും ഗാന്ധി വധത്തെ സ്വാഗതം ചെയ്തു. ഗാന്ധിയുടെ ചിന്താരീതിയെ ശക്തമായി എതിര്‍ത്തിരുന്നവരാണ് ഇവ രണ്ടും. ആര്‍ എസ് എസ്സും ഹിന്ദു മഹാസഭയും പ്രത്യേകിച്ച് ആര്‍ എസ് എസ് രാജ്യത്ത് സൃഷ്ടിച്ച അന്തരീക്ഷമാണ് ഈ കൊടിയ ദുരന്തം സാധ്യമാക്കിയത്''


രാഷ്ട്രപിതാവ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ ആര്‍ എസ് എസ് മധുരം വിതരണം ചെയ്തിരുന്നുവെന്നതും വസ്തുതയാണ്. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേല്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ഗാന്ധി വധത്തെത്തുടര്‍ന്ന് കുറച്ചുകാലം ആര്‍ എസ് എസ് രാജ്യത്ത് നിരോധിക്കപ്പെടുകയും ചെയ്തിരുന്നു. ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അക്രമങ്ങള്‍ തുടരുന്നതിനും അനധികൃതമായി ആയുധങ്ങള്‍ ശേഖരിക്കുന്നതിനും അക്രമത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധം.
പില്‍ക്കാലത്തുള്ള വിവരങ്ങളാണ് ഇതൊക്കെ. ഈ വിവരങ്ങളൊക്കെ വസ്തുതകളാണെങ്കിലും അതൊക്കെ ഇപ്പോള്‍ പറയുന്നത് സാമൂഹിക നന്മ ലക്ഷ്യമിട്ടാണോ എന്ന് വ്യക്തമാകേണ്ടതുണ്ടെന്നാണ് ബഹുമാനപ്പെട്ട സുപ്രീം കോടതി പറയുന്നത്. ഇപ്പറയുന്നതൊക്കെ വസ്തുതകളാണെങ്കിലും നിങ്ങള്‍ പൊതുവായ കുറ്റാരോപണത്തിന് തയ്യാറാകരുതെന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.


'ഗാന്ധിയെ വധിച്ചത് ആര്‍ എസ് എസ്സിന്റെ ആളുകളാണെന്നും അതേ ആര്‍ എസ് എസ് ഇപ്പോള്‍ ഗാന്ധിയെ സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്നും'  രാഹുല്‍ ഗാന്ധി പ്രസംഗിക്കുമ്പോള്‍ സംഭവിക്കുന്നത് ഇതാണെന്നാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, ആര്‍ എഫ് നരിമാന്‍ എന്നിവരെത്തിയ നിഗമനം. ''സ്വകാര്യതയുടെ ഏറ്റവും വലിയ ശത്രു പലപ്പോഴും ചരിത്ര'മാണ് എന്നും പരമോന്നത കോടതി പറഞ്ഞുവെക്കുന്നു. ചില സംഗതികള്‍, അത് രാഷ്ട്രപിതാവിനെ വധിച്ചവരെക്കുറിച്ചുള്ളതാണെങ്കില്‍പ്പോലും സ്വകാര്യമായിരിക്കുന്നതാണ് നല്ലതെന്നും ചരിത്രത്തെ വലിയ ശത്രുവായി ഉപയോഗിച്ച് അതിനെ ആക്രമിക്കരുതെന്നുമാകണം നീതിപീഠം ഉദ്ദേശിച്ചിട്ടുണ്ടാകുക.


ഗാന്ധിയെ വധിക്കുമ്പോഴും ആര്‍ എസ് എസ്സില്‍ അംഗങ്ങളായിരുന്നു തങ്ങളെന്ന ഗോപാല്‍ ഗോഡ്‌സെയുടെ വാക്കുകളെ വിശ്വസിച്ചാല്‍ ആര്‍ എസ് എസ് അംഗങ്ങളാണ് രാഷ്ട്രപിതാവിനെ വധിച്ചത് എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ തെറ്റില്ല. ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ മധുരം വിതരണം ചെയ്യാന്‍ തയ്യാറായ ഒരു സംഘടനക്ക് ഏത് വിധത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അപകീര്‍ത്തികരമാകുന്നത് എന്നത് മനസ്സിലാകുന്നുമില്ല. ഗാന്ധി വധം മഹത്തരവും രാജ്യത്തിന്റെ ഉത്തമ താത്പര്യത്തിന് യോജിച്ചതുമാണെന്ന ബോധ്യത്താലാകൂമല്ലോ തികഞ്ഞ രാജ്യസ്‌നേഹികളായ ആര്‍ എസ് എസ് അന്ന് മധുരം വിതരണം ചെയ്തിട്ടുണ്ടാകുക. അത്തരമൊരു പ്രവൃത്തിയില്‍ ഉത്തരവാദിത്തമുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിനെ സഹര്‍ഷം സ്വാഗതം ചെയ്യുകയാണ് ആര്‍ എസ് എസ് ചെയ്യേണ്ടത്.


നാഥുറാം ഗോഡ്‌സെയെ തൂക്കിലേറ്റിയ ദിനം 'ശൗര്യ ദിവസ'മായി ഹിന്ദു മഹാസഭ, ഹിന്ദു സേന, മഹാറാണ പ്രതാപ് ബറ്റാലിയന്‍ എന്നീ സംഘടനകള്‍ ആചരിച്ചിരുന്നു. അങ്ങനെ ആചരിക്കുന്നതിനെ അപലപിച്ച ആര്‍ എസ് എസ് ദാര്‍ശനികന്‍ മന്‍മോഹന്‍ വൈദ്യ, ഗോഡ്‌സെ നായകനല്ല, കോലപാതകിയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ആര്‍ എസ് എസ് ഇങ്ങനെ നിലപാട് മാറ്റുകയും അവര്‍ നിയന്ത്രിക്കുന്ന  നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലിരിക്കുകയും ചെയ്യുമ്പോള്‍ 'ശൗര്യ ദിവസ്' ആചരിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടതാണ്. ഇതേക്കുറിച്ച് പേരിനൊരു അന്വേഷണമെങ്കിലും നടന്നതായി ഇതുവരെ വിവരമില്ല. ഇതൊക്കെ നടക്കുന്നതിനിടയിലാണ് ഗാന്ധി വധത്തിലെ ആര്‍ എസ് എസ് പങ്കിനെക്കുറിച്ചുള്ള പ്രസംഗം മാപ്പപേക്ഷിച്ചില്ലെങ്കില്‍ വിചാരണ നേരിടേണ്ട കുറ്റമാണെന്ന് സുപ്രീം കോടതി വിധിക്കുന്നതും പ്രസ്താവനകള്‍ സാമൂഹികനന്മ ലാക്കാക്കിയാണോ എന്ന് വ്യക്തമാകേണ്ടതുണ്ടെന്ന് നിരീക്ഷിക്കുന്നതും.


ആര്‍ എസ് എസ്സിന്റെ ഇടപെടലുകള്‍ രാജ്യത്തിന്റെ പൊതുവായ നന്മ ലക്ഷ്യമിട്ടുള്ളതാണോ എന്ന ചോദ്യം ഏതെങ്കിലും തലത്തില്‍ അഭിമുഖീകരിക്കപ്പെടുന്നുണ്ടോ? കലാപങ്ങളില്‍, സ്‌ഫോടനങ്ങളില്‍, ഇതര മതവിഭാഗങ്ങള്‍ക്ക് നേര്‍ക്ക് സംഘടിപ്പിക്കപ്പെട്ട ആസൂത്രിത അക്രമങ്ങളില്‍, രാജ്യത്തിന്റെ പൊതു ഇടങ്ങളെ കാവിവത്കരിക്കുന്നതില്‍ ഒക്കെ ആര്‍ എസ് എസ്സും അതിന്റെ പരിവാര രൂപങ്ങളും നടത്തുന്ന ശ്രമങ്ങള്‍, അതിന് ഔദ്യോഗികപരിവേഷം നല്‍കാന്‍ അധികാരം കൈയാളുന്ന രാഷ്ട്രീയരൂപം സ്വീകരിക്കുന്ന നടപടികള്‍ ഒക്കെ പൊതുവായ നന്മ ലക്ഷ്യമിട്ടുള്ളതാണോ?
മലേഗാവിലുള്‍പ്പെടെ മൂന്നിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളും സംഝോത എക്‌സ്പ്രസിനു നേര്‍ക്കുണ്ടായ ആക്രമണവും ആസൂത്രണം ചെയ്തത് ഈ സംഘടനയുടെ കേന്ദ്ര സമിതി അംഗം ഉള്‍പ്പെടെയുള്ളവരാണെന്ന് 'സ്വാമി' അസിമാനന്ദിന്റെ കുറ്റസമ്മത മൊഴിയില്‍ പറയുന്നുണ്ട്. അതേക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്തം ഭരണ/നീതിനിര്‍വഹണ വിഭാഗത്തിനില്ലേ? അത്തരം പരിശോധനകളുടെ അടിസ്ഥാനത്തില്‍ പൊതുനന്മക്കു വേണ്ടി ഈ സംഘടന ഏത് വിധത്തിലാണ് സംഭാവന ചെയ്യുന്നത് എന്ന് വിലയിരുത്തേണ്ട സാഹചര്യം നിലനില്‍ക്കുന്നുണ്ട്.


അതുകൊണ്ട് തന്നെ ഗാന്ധി വധത്തിലുള്‍പ്പെടെ ആര്‍ എസ് എസ്സിനുള്ള പങ്ക്, അത് നേരിട്ടല്ലായിരിക്കാം, ആരെങ്കിലും ചൂണ്ടിക്കാട്ടുമ്പോള്‍ അതിന്റെ ഉദ്ദേശ്യശുദ്ധി പരിശോധിക്കേണ്ടതുണ്ട് എന്ന് കോടതി പറയുമ്പോള്‍ ആര്‍ എസ് എസ്സും അതിന്റെ നിയന്ത്രണത്തിലുള്ള ഭരണവും വിമര്‍ശത്തിനും കുറ്റപ്പെടുത്തലുകള്‍ക്കും അതീതരാണ് എന്ന സന്ദേശമാണ് നല്‍കപ്പെടുന്നത്. അതിനെ അടിയന്തരാവസ്ഥയുടെ ലക്ഷണങ്ങളിലൊന്നായി കാണേണ്ടിയും വരും.


ഒരു സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ക്രിമിനല്‍ നടപടിച്ചട്ടമനുസരിച്ചുള്ള വിചാരണ നടക്കേണ്ട കേസാണിതെന്നും അതൊഴിവാക്കണമെങ്കില്‍ മാപ്പ് അപേക്ഷിക്കണമെന്നും മാത്രമാണ് സുപ്രീം കോടതി പറഞ്ഞിരുന്നത് എങ്കില്‍ അപകടമില്ലായിരുന്നു. അതിന് പകരം ഗാന്ധി വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന വര്‍ഷങ്ങളായുള്ള ആര്‍ എസ് എസ് വാദത്തെ സാധൂകരിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് പോലെയാണ് അതിന്റെ നിരീക്ഷണങ്ങള്‍. അത് ഇക്കാലത്ത് അബദ്ധത്തില്‍ സംഭവിച്ചതാണ് എന്ന് കരുതാനാകില്ല.