2020-02-14

അംബാനിക്കു വേണ്ടി, അംബാനിയാല്‍... (എ ജി ആര്‍ കഥ)


വരുമാന നികുതിയിലെ കുടിശ്ശിക ടെലികോം കമ്പനികള്‍ ഉടന്‍ ഒടുക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നു. മൂന്ന് മാസത്തിനകം ഒടുക്കണമെന്ന മുന്‍ ഉത്തരവ് പാലിക്കാത്തതില്‍ വലിയ അതൃപ്തിയും പ്രകടിപ്പിച്ചിരിക്കുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ച്. കുടിശ്ശികയും പലിശയും പിഴയും പിഴയിന്മേലുള്ള പലിശയുമൊക്കെ ചേരുമ്പോള്‍ 92,000 കോടി. അതിന്റെ കഥയും കഥയിലെ രാഷ്ട്രീയവും ഇതാണ്.

-----

മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഗ്രൂപ്പില്‍ നിന്ന് ജിയോ എന്ന ടെലികോം കമ്പനി പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ 'ഇന്ത്യയ്ക്കായി സമര്‍പ്പിക്കുന്നു, 120 കോടി ഇന്ത്യക്കാര്‍ക്കും' എന്ന വാക്യമുള്‍ച്ചേര്‍ന്ന പരസ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മോഡലായി എത്തിയത് മറന്നുകാണാന്‍ ഇടയില്ല. രാജ്യത്തെ ടെലികോം മേഖല റിലയന്‍സിന്റെ ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണെന്ന സൂചന അന്ന് തന്നെയുണ്ടായിരുന്നു. സൗജന്യ കോളുകളും ഇന്റര്‍നെറ്റും വാഗ്ദാനം ചെയ്ത് വരിക്കാരുടെ എണ്ണം വേഗത്തില്‍ വര്‍ധിപ്പിക്കാന്‍ ജിയോക്ക് സാധിച്ചു. ഇതോടെ ഇതര ടെലികോം സേവന ദാതാക്കളായ കമ്പനികളൊക്കെ പ്രതിസന്ധിയിലായി. മുകേഷിന്റെ സഹോദരന്‍ അനില്‍ അംബാനിയുടെ കീഴിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷനാണ് ആദ്യം തകര്‍ന്നത്. പിറകെ ടാറ്റ ടെലി സര്‍വീസസ്, ടെലിനോര്‍, എയര്‍ സെല്‍, വീഡിയോകോണ്‍ തുടങ്ങി പത്ത് കമ്പനികള്‍ പൂട്ടുകയോ സ്വത്തുക്കള്‍ വിറ്റ് ബാധ്യതകള്‍ തീര്‍ക്കുന്നതിനുള്ള അപേക്ഷ നല്‍കി കാത്തിരിക്കുകയോ ആണ്. ശേഷിക്കുന്നത് നാല് കമ്പനികള്‍ മാത്രം. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ എന്നിവയും സര്‍ക്കാര്‍ സ്ഥാപനമായ ബി എസ് എന്‍ എല്ലും എം ടി എന്‍ എല്ലും.



ഇവയില്‍ തന്നെ ഭാരതി എയര്‍ ടെല്ലും വോഡഫോണ്‍ ഐഡിയയും സര്‍ക്കാര്‍ സ്ഥാപനവും കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. 2019 - 20 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വോഡഫോണ്‍ ഐഡിയ രേഖപ്പെടുത്തിയ നഷ്ടം 50,921.9 കോടി രൂപയാണ്. ഭാരതി എയര്‍ടെല്ലിന്റേത് 23,045 കോടി രൂപയും. സര്‍ക്കാര്‍ സ്ഥാപനങ്ങളായ ബി എസ് എന്‍ എല്ലും എം ടി എന്‍ എല്ലും ജീവനക്കാര്‍ക്ക് ശമ്പളം നല്കാന്‍ പോലും വകയില്ലാതെ വലയുന്നു. അതേസമയം റിലയന്‍സ് ജിയോയുടെ പ്രവര്‍ത്തന ലാഭം വര്‍ധിച്ചുകൊണ്ടോയിരിക്കുന്നു. ഈ ഘട്ടത്തിലാണ് അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു (എ ജി ആര്‍ - ഒരു കമ്പനിയുടെ മൊത്തം വിറ്റുവരവില്‍ നികുതിക്ക് വിധേയമാകേണ്ട വരുമാനം) കണക്കാക്കുന്നതില്‍ ടെലികോം വകുപ്പ് പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കുകയും അത് സുപ്രീം കോടതി ശരിവെക്കുകയും ചെയ്തത് പ്രധാനമാകുന്നത്.


എ ജി ആറിന്റെ നിര്‍വചനം സംബന്ധിച്ച നിയമ വ്യവഹാരം പതിനാല് വര്‍ഷമായി തുടരുന്നതാണ്. ടെലികോം സേവനങ്ങളില്‍ നിന്നുള്ള വരുമാനം മാത്രമേ ഇതില്‍ കണക്കാക്കാവൂ എന്നായിരുന്നു കമ്പനികളുടെ വാദം. എന്നാല്‍ ടെലികോം സേവനങ്ങള്‍ക്ക് പുറത്ത് സേവന ദാതാവായ കമ്പനിയ്ക്കുള്ള മറ്റ് വരുമാനങ്ങള്‍ കൂടി കണക്കിലെടുക്കണമെന്നായിരുന്നു ടെലികോം വകുപ്പിന്റെ നിലപാട്. ഇതാണ് സുപ്രീം കോടതി ശരിവെച്ചത്.


പുതുക്കിയ രീതിയനുസരിച്ച് എ ജി ആര്‍ കണക്കാക്കി, അതിനുസരിച്ചുള്ള നികുതി അടക്കാന്‍ ടെലികോം കമ്പനികള്‍ ഇപ്പോള്‍ ബാധ്യസ്ഥരാണ്. എ ജി ആറിന്റെ എട്ട് ശതമാനമാണ് ലൈസന്‍സ് ഫീസ്. സ്‌പെക്ട്രം ഉപയോഗിക്കുന്നതിനുള്ള ഫീസ് എ ജി ആറിന്റെ മൂന്ന് മുതല്‍ അഞ്ച് വരെ ശതമാനവും. എ ജി ആറിന്റെ പുതുക്കിയ നിര്‍വചനമനുസരിച്ച് പതിനാല് വര്‍ഷത്തെ കുടിശ്ശിക കമ്പനികള്‍ നല്‍കണം. കുടിശ്ശികയ്ക്ക് മേല്‍ പതിനാല് വര്‍ഷത്തെ പലിശ ഒടുക്കണം. ഫീസ് വൈകിയതിനുള്ള പിഴയും പിഴയ്ക്കുമേലുള്ള പലിശയും വേറെയും നല്‍കണം. ഇതെല്ലാം കണക്കാക്കുമ്പോള്‍ നിര്‍ത്തിപ്പോയതോ കടബാധ്യതകള്‍ തീര്‍ക്കാന്‍ സ്വത്തുക്കള്‍ വില്‍പ്പനയ്ക്ക് വെക്കാന്‍ അനുമതി തേടിയതോ ആയ പത്ത് കമ്പനികളും ഇപ്പോഴും പ്രവര്‍ത്തിക്കുന്ന നാല് കമ്പനികളും ചേര്‍ന്ന് സര്‍ക്കാര്‍ ഖജനാവിലേക്ക് ഒടുക്കേണ്ടത് ഏതാണ്ട് 1.40 ലക്ഷം കോടി രൂപയാണെന്നാണ് ടെലികോം വകുപ്പിന്റെ ഏകദേശ കണക്ക്. ഇതില്‍ 92,000 കോടി രൂപ ലൈസന്‍സ് ഫീസിലെ കുടിശ്ശികയാണ്. ബാക്കിയുള്ളത് സെപ്ക്ട്രം ഉപയോഗിച്ചതിനുള്ള ഫീസും പലിശയും പിഴയുമൊക്കെ. പൂട്ടിപ്പോകുകയോ പ്രതിസന്ധിയിലാകുകയോ ചെയ്ത കമ്പനികളില്‍ നിന്ന് പണം കിട്ടില്ലെന്നതിനാല്‍ 1.4 ലക്ഷം കോടി സര്‍ക്കാര്‍ ഖജനാവിലേക്ക് എത്താനിടയില്ല.


ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ കണക്കാക്കിയതനുസരിച്ച് വോഡഫോണ്‍ ഐഡിയ നല്‍കേണ്ടത് 25,680 കോടി രൂപയാണ്. ഭാരതി എയര്‍ ടെല്‍ നല്‍കേണ്ടത് 28,450 കോടി രൂപയും. ഈ കമ്പനികള്‍ എ ജി ആറായി കണക്കാക്കിയ തുക പരിഗണിച്ചാണ് ട്രായ്  കുടിശ്ശികയും പലിശയും പിഴയും ചേര്‍ത്ത് ഈ തുകകള്‍ നിശ്ചയിച്ചിരിക്കുന്നത്. കമ്പനികള്‍ എ ജി ആര്‍ നിര്‍ണയിച്ച രീതി പരിശോധിക്കാന്‍ ട്രായ് നിശ്ചയിച്ചാല്‍ ഈ തുക ഇനിയുമുയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സഹസ്ര കോടികളുടെ നഷ്ടം നേരിടുന്ന ഭാരതി എയര്‍ ടെല്ലിനും വോഡഫോണ്‍ ഐഡിയയ്ക്കും ഇത്രയും തുക ഉടനെ ഒടുക്കുക എന്നത് പ്രയാസമായിരിക്കും. അതുകൊണ്ടാണ് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നുവെന്ന പ്രസ്താവന വോഡഫോണിന്റെ ഭാഗത്തു നിന്ന് അടുത്തകാലത്തുണ്ടായത്. സര്‍ക്കാര്‍ സ്ഥാപനമായ ബി എസ് എന്‍ എല്ലും എം ടി എന്‍ എല്ലും ചേര്‍ന്ന് നല്‍കേണ്ടത് 5000 കോടി രൂപയാണ്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും ബുദ്ധിമുട്ടുന്ന ഈ സ്ഥാപനങ്ങള്‍ക്ക് 5000 കോടിയുടെ ബാധ്യത ചെറുതല്ല. സര്‍ക്കാര്‍ സ്ഥാപനമാകയാല്‍ കണക്കിലെ അഡ്ജസ്റ്റുമെന്റുകളിലൂടെ കമ്പനികളെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞേക്കും. എന്നാല്‍ ഏതു വിധേനയും ഈ കമ്പനികളെ വിറ്റൊഴിഞ്ഞ്, അംബാനിയുടെ ജിയോയ്ക്ക് കൂടുതല്‍ സൗകര്യമൊരുക്കാന്‍ യത്‌നിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ അതിന് തയ്യാറാകാനുള്ള സാധ്യത കുറവ്.


കുടിശ്ശികയും പലിശയും പിഴയും ചേരുന്ന തുക മൂന്ന് മാസത്തിനകം കെട്ടിവെക്കണമെന്നാണ് ഒക്‌ടോബര്‍ 24ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. ഈ ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് വോഡഫോണും എയര്‍ടെല്ലും ടാറ്റടെലിസര്‍വീസസും നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ച് ഏതാണ്ട് പൊട്ടിത്തെറിച്ചത്.

ടെലികോം മേഖലയിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഈ വിഷയത്തെ സമീപിക്കണമെന്നും കുടിശ്ശിക തവണകളായി അടക്കാന്‍ അവസരമുണ്ടാക്കണമെന്നും കാണിച്ച് ടെലികോം ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കേന്ദ്ര സര്‍ക്കാറിന് അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിനെ എതിര്‍ത്ത് റിലയന്‍സ് ജിയോ രംഗത്തെത്തി. കുടിശ്ശിക തുക ഒറ്റത്തവണയായി കെട്ടിവെക്കാനുള്ള സാമ്പത്തിക ശേഷി എയര്‍ടെല്ലിനും വോഡഫോണ്‍ ഐഡിയക്കുമുണ്ടെന്നാണ് ജിയോയുടെ വാദം. കുടിശ്ശിക കെട്ടിവെക്കാത്തതുകൊണ്ട് ഈ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാലും രാജ്യത്ത് പ്രശ്‌നമൊന്നുമുണ്ടാകില്ല. ഈ രംഗത്ത് ശക്തമായി മത്സരിക്കുന്ന കമ്പനികള്‍ വേറെയുണ്ട് (ഇപ്പോള്‍ ജിയോ മാത്രം). പൊതുമേഖലാ സ്ഥാപനങ്ങളും (ബി എസ് എന്‍ എല്ലും എം ടി എന്‍ എല്ലും) ഈ മേഖലയിലെ ശക്തമായ സാന്നിധ്യമാണ്. അതിനാല്‍ കുടിശ്ശിക കെട്ടിവെക്കുന്നതില്‍ ഇളവ് അനുവദിക്കേണ്ടതില്ലെന്നാണ് ജിയോയുടെ വാദം.


എ ജി ആറിന് പുതിയ വ്യാഖ്യാനം ടെലികോം വകുപ്പ് ചമയ്ക്കുകയും അതിനെ സുപ്രീം കോടതി അംഗീകരിക്കുകയും ചെയ്ത സാഹചര്യത്തെ ഉപയോഗപ്പെടുത്തി തങ്ങളുടെ കുത്തക ഉറപ്പിക്കാനാണ് ജിയോ ശ്രമിക്കുന്നത്. പൊതു മേഖലാ സ്ഥാപനങ്ങള്‍ വൈകാതെ ഇല്ലാതാകുമെന്ന ഉറപ്പ് ഇതിനകം ജിയോക്കുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതോടെ ബി എസ് എന്‍ എല്‍, എം ടി എന്‍ എല്‍ സംയുക്തത്തെ കേന്ദ്ര സര്‍ക്കാര്‍ വില്‍പ്പനയ്ക്ക് വെക്കാനുള്ള സാധ്യതയും അവര്‍ കാണുന്നു. നിലവിലുള്ള നഷ്ടത്തിന്റെ വലുപ്പം കണക്കിലെടുത്താല്‍ തന്നെ ഭാരതി എയര്‍ടെല്ലോ വോഡഫോണ്‍ ഐഡിയയോ ദീര്‍ഘകാലം ഇന്ത്യന്‍ വിപണിയിലുണ്ടാകാനുള്ള സാധ്യത കുറവ്. ആ കലയളവ് കുറേക്കൂടി കുറയ്ക്കാനാകുമോ എന്നാണ് മുകേഷ് അംബാനി നോക്കുന്നത്. ജിയോയുടെ പരസ്യത്തില്‍ അഭിനയിച്ച പ്രധാനമന്ത്രി ഇപ്പോഴും അതേ സ്ഥാനത്ത് തുടരുന്നതിനാല്‍ അംബാനിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാനാണ് സാധ്യത.


രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. എന്ത് കിട്ടിയാലും മതിയാകാത്ത സ്ഥിതിയിലാണ് കേന്ദ്ര സര്‍ക്കാര്‍. മഹാരത്‌ന കമ്പനിയായ ഭാരത് പെട്രോളിയം ലിമിറ്റഡ് അടക്കം ലാഭത്തിലോടുന്ന അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിച്ച് ഒരു ലക്ഷത്തിലേറെ കോടി രൂപ ഖജനാവിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു. വിത്തുകുത്തിയുണ്ണേണ്ട ഗതികേടില്‍ എത്തിയിരിക്കുന്നതിനാല്‍ കുടിശ്ശിക ഇനത്തില്‍ ടെലികോം കമ്പനികളില്‍ നിന്ന് കിട്ടേണ്ടത് ഉടന്‍ കിട്ടണമെന്ന് ശഠിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് സാധിക്കുമെന്ന് ചുരുക്കം.  അതായത് ജിയോയുടെ ആവശ്യം അംഗീകരിച്ച് കുടിശ്ശിക തവണകളായി ഒടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം തള്ളാനാണ് സാധ്യത. പ്രതിസന്ധി കണക്കിലെടുത്ത് കുടിശ്ശികയ്ക്കു മേലുള്ള പലിശയ്ക്ക് മോറട്ടോറിയമേര്‍പ്പെടുത്തണമെന്ന ആവശ്യവും പരിഗണിക്കാന്‍ ഇടയില്ല. ടെലികോം മേഖലയിലെ ജിയോയുടെ കുത്തകവത്കരണം വൈകാതെ സംഭവിക്കുമെന്ന് ചുരുക്കം.


ഈ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നതില്‍ ടെലികോം സേവന ദാതാക്കളായ കമ്പനികള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്നതും കാണാതെപോയിക്കൂട. എ ജി ആറിന്റെ നിര്‍വചനം പുതുക്കാനുള്ള ടെലികോം വകുപ്പിന്റെ നിര്‍ദേശം 2003 മുതലുള്ളതാണ്. ട്രായ് ഇത് പുതുക്കിയെങ്കിലും ടെലികോം മേഖലയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ട്രൈബ്യൂണല്‍ ആദ്യ ഘട്ടത്തില്‍ ഇതിനോട് യോജിച്ചിരുന്നില്ല. എന്നാല്‍ 2015ല്‍ ട്രൈബ്യൂണല്‍ ട്രായിയുടെ തീരുമാനത്തെ അംഗീകരിച്ചു. ഇതൊക്കെ കണക്കിലെടുത്താല്‍ സുപ്രീം കോടതിയുടെ ഉത്തരവോടെ പൊടുന്നനവെ ഉണ്ടായതാണ് ഈ ബാധ്യത എന്ന എയര്‍ടെല്ലിന്റെയോ വോഡഫോണ്‍ ഐഡിയയുടെയോ വാദം നിലനില്‍ക്കില്ല.  ടെലികോം സേവന മേഖലയില്‍ ശക്തമായ സാന്നിധ്യമായിരുന്ന ഈ കമ്പനികള്‍ ഭാവിയിലെ വികസന സാധ്യതകള്‍ പരിഗണിച്ച് സാങ്കേതിക വിദ്യ പുതുക്കുന്നതിന് തയ്യാറായില്ല എന്നതും വസ്തുതയാണ്. മൂന്ന്, നാല് തലമുറ മൊബൈല്‍ സേവനങ്ങളിലേക്ക് കാര്യങ്ങള്‍ എത്തുമ്പോഴേക്കും അതിനനുസരിച്ചുള്ള സാങ്കേതിക വികാസം ഈ കമ്പനികള്‍ കൈവരിച്ചിരുന്നില്ല. ജിയോയുമായി രംഗത്തെത്തിയ റിലയന്‍സ് പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുകയും അതിവേഗം അവരുടെ വ്യാപനം സാധ്യമാക്കുകയും ചെയ്തു.

വോയ്‌സ് കോളുകളിലൂടെയുള്ള ആശയവിനിമയത്തിന്റെ കാലം അവസാനിക്കുകയാണെന്നും ഇനിയങ്ങോട്ട് ഡാറ്റയുടെ കാലമാണെന്നും ജിയോയുടെ മാനേജുമെന്റ് തിരിച്ചറിഞ്ഞിരുന്നു. അതിനനുസരിച്ച് അവര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും വേഗം കൂടി ഇന്റര്‍നെറ്റ് ബന്ധം സാധ്യമാക്കുകയും ചെയ്തതോടെ അതിന് പിറകെ ഓടാന്‍ പോലും ത്രാണിയില്ലാത്തവരായി നിന്നു ഈ കമ്പനികള്‍. പൊതു മേഖലാ സ്ഥാപനമായ ബി എസ് എന്‍ എലും എം ടി എന്‍ എല്ലും ഭിന്നമല്ല. അവര്‍ക്ക് മൂന്നും നാലും തലമുറ സേവനങ്ങള്‍ പ്രദാനം ചെയ്യാന്‍ പാകത്തിലുള്ള സ്‌പെക്ട്രം കൈവശമുണ്ടായിരുന്നുവെങ്കിലും പതിവ് സര്‍ക്കാര്‍ രീതികളിലൂടെ ജിയോയുമായി മത്സരിക്കാനാകില്ലെന്ന ബോധം വരാന്‍ വൈകി.


സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ തെറ്റായ നിലപാടുകളും ഈ അവസ്ഥയ്ക്ക് കാരണമാണ്. സ്ഥിരതയുള്ള നയത്തിനും കൃത്യമായ നിയന്ത്രണ സംവിധാനങ്ങള്‍ക്കും വേണ്ടി വാദിക്കേണ്ട സംഘടന, വോയ്‌സ് കോളുകളുടെ വിപണിയെ ആശ്രയിച്ച് മുമ്പേട്ടുപോയ ഏതാനും കമ്പനികളുടെ വിപണി സാധ്യതകളെ സംരക്ഷിക്കാന്‍ മാത്രം ലക്ഷ്യമിട്ട് നീങ്ങി. നെറ്റ് ന്യൂട്രാലിറ്റി ഉറപ്പാക്കാനുള്ള ട്രായിയുടെ ശ്രമങ്ങളെ അവര്‍ എതിര്‍ക്കുകയും ചെയ്തു. വോയ്‌സ് കോളുകളെ ഇന്റര്‍നെറ്റ് ഡാറ്റ മറികടക്കില്ലെന്ന ബോധ്യത്തിലായിരുന്നു സംഘടയനയുടെ നിലപാടുകള്‍. ഇതും എയര്‍ടെല്‍, വോഡഫോണ്‍ പോലുള്ള കമ്പനികള്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിക്ക് കാരണമാണ്.

മുകേഷ് അംബാനിയ്ക്കും കൂട്ടര്‍ക്കും ടെലികോം മേഖല തീറെഴുതിക്കൊടുക്കുക എന്ന നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആഗ്രഹത്തെ ഫലപ്രാപ്തിയിലെത്തിക്കും വിധത്തിലാണ് മറ്റ് കമ്പനികളും സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും പ്രവര്‍ത്തിച്ചത്. അംബാനി ഇച്ഛിച്ചതും മോദി കല്‍പ്പിച്ചതും നടപ്പാക്കിക്കൊടുത്തു ഈ കമ്പനികളും അവരുടെ സംഘടനകളും. 'ഇന്ത്യയ്ക്കായി സമര്‍പ്പിക്കുന്നു, 120 കോടി ഇന്ത്യക്കാര്‍ക്കും' എന്ന ജിയോയുടെ പരസ്യ വാചകം ഫലം കാണാന്‍ വലിയ താമസമുണ്ടാകില്ല. ആകെയൊരു കമ്പനിയേ ഉണ്ടാകൂ എന്നതിനാല്‍ അംബാനിയുടെ പരസ്യ മോഡലാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതുമില്ല.

ഇനി കാത്തിരിക്കേണ്ടത് അസംസ്‌കൃത എണ്ണയുടെ സംസ്‌കരണത്തിന്റെയും ഇന്ധന വിതരണത്തിന്റെയും മേഖലയിലാണ്. ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡിനെ മുകേഷിന്റെ റിലയന്‍സ് വാങ്ങുമെന്ന് തന്നെ കരുതണം. അവര്‍ക്ക് വാങ്ങാന്‍ പാകത്തിലേ വില്‍പ്പന നടക്കൂ. അതോടെ ആ മേഖലയിലെ കുത്തകവത്കരണത്തിന് വേഗം കൂടും. 




No comments:

Post a Comment