2020-02-25

മതിലു പണിയുടെ മേസ്തിരിമാര്‍


ഊര്‍ജസ്വലരും കരുത്തരുമായ രണ്ട് നേതാക്കള്‍, ഒരു നിര്‍ണായക അവസരം - അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച 'നമസ്തേ ട്രംപ്' പരിപാടിയുടെ പ്രചാരണ വാക്യങ്ങളിലൊന്ന് ഇതായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു എസ് പ്രസിഡന്റ്  ഡൊണാള്‍ഡ് ട്രംപും വേദി പങ്കിടുമ്പോള്‍ അതിനെ വിശേഷിപ്പിക്കാന്‍ ഇതില്‍ക്കവിഞ്ഞൊരു വാക്യമില്ല തന്നെ. ഊര്‍ജസ്വലതക്കും കരുത്തിനും പുറമെ മറ്റ് പലതുമുണ്ട് ഇവര്‍ക്ക് പൊതുവായി. മതിലുപണിയുടെ മേസ്തിരിമാരാണ് രണ്ട് പേരുമെന്നതാണ് അതിലേറ്റം പ്രധാനം. അതിരു കടന്ന് ആളെത്തുന്നത് തടയാനാണ് ട്രംപ് മതില്‍ പണിയുന്നതെങ്കില്‍, ജനങ്ങളിലൊരു വിഭാഗത്തെ അതിരിന് പുറത്താക്കാനുള്ള മതിലാണ് നരേന്ദ്ര മോദി പണിയുന്നത് എന്ന വ്യത്യാസമേയുള്ളൂ. 


2016ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ ഡൊണാള്‍ഡ് ട്രംപ്, അമേരിക്കന്‍ ജനതക്ക് നല്‍കിയ പ്രധാന വാഗ്ദാനം മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നതായിരുന്നു. 2017 ജനുവരിയില്‍ പ്രസിഡന്റ് സ്ഥാനമേറ്റ അദ്ദേഹം രണ്ടാമൂഴത്തിന് കച്ചമുറുക്കിയിരിക്കുകയാണ്. അമേരിക്കയും മെക്സിക്കോയും അതിര്‍ത്തി പങ്കിടുന്ന 2000 മൈല്‍ ദൂരത്തില്‍ മതില്‍ പണിയുമെന്നായിരുന്നു വാഗ്ദാനം. ഒരു ടേം പൂര്‍ത്തിയാകുമ്പോള്‍ ഏതാണ്ട് 69 മൈല്‍ നീളത്തില്‍ മതില്‍ പണിതുവെന്നാണ് അമേരിക്കന്‍ ഭരണകൂടം പറയുന്നത്. 650 മൈല്‍ ദൂരത്തില്‍ നിലവിലുണ്ടായിരുന്ന നിര്‍മാണങ്ങള്‍ അറ്റകുറ്റപ്പണി ചെയ്യുക മാത്രമാണുണ്ടായതെന്ന് മറ്റൊരു വാദവുമുണ്ട്. 2,000 കോടി ഡോളര്‍ ചെലവിട്ട് മതില്‍ പൂര്‍ത്തിയാക്കുക എന്നത് ഈ തിരഞ്ഞെടുപ്പിലും ട്രംപിന്റെ മുഖ്യ വാഗ്ദാനമാകും.


യു എസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മതിലുണ്ടാക്കി. സാമ്രാട്ടിന്റെ ദൃഷ്ടിയില്‍, ചേരിനിവാസികള്‍ പെടുന്നത് ഒഴിവാക്കാന്‍ സാമന്തന്റെ വകയൊരു മതില്‍. ഇതുകൊണ്ടും മതിയാകാതെ വന്നപ്പോള്‍ കുറേപ്പേരോട് ഒഴിഞ്ഞുപോകാന്‍ പറഞ്ഞു. ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളവരെ ഒഴിപ്പിക്കുകയല്ലാതെ എന്തുവഴി! അഹമ്മദാബാദിലെ മതിലിന് ഏതാനും ലക്ഷങ്ങളേ ചെലവായിട്ടുണ്ടാകൂ. രാജ്യത്ത് അദൃശ്യമായൊരു മതില്‍ പണിയാന്‍ സഹസ്ര കോടികള്‍ മാറ്റിവെച്ചിരിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിയും എന്‍ പി ആര്‍ - എന്‍ ആര്‍ സി സംയുക്തവും ചേര്‍ന്ന് ജനങ്ങളെ വേര്‍തിരിക്കുന്ന വന്‍മതില്‍. അതിന്റെ മേസ്തിരിയായി നില്‍ക്കവെയാണ് സാമ്രാട്ടിന്റെ വരവിന് അഴകേറ്റാന്‍ അഹമ്മദാബാദിലൊരു ചെറു മതില്‍ പണിതത്. പൊതുവായി മറ്റു പലതുമുണ്ട്. വാക്കില്‍, പ്രയോഗത്തില്‍, നുണകളുടെയും അര്‍ധ സത്യങ്ങളുടെയും പ്രചാരണത്തില്‍ ഒക്കെ. വിസ്താരഭയത്താല്‍ അതൊന്നും പറയുന്നില്ല.


എന്തായാലും ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ തുടക്കം ഗംഭീരമായി. പുരാണ കഥയിലെ രാജാപ്പാര്‍ട്ട് വേഷത്തിന്റെ അരങ്ങേറ്റം പോലെ. അതിന് കൊഴുപ്പേകാന്‍ വിമാനത്താവളത്തില്‍ പോയി കാത്തുനിന്നു നമ്മുടെ പ്രധാനമന്ത്രി. അതിഥി ദേവോ ഭവഃ എന്നാണ് സംസ്‌കൃതമെന്ന് ഉരച്ചു. പണ്ട് ചക്രവര്‍ത്തിമാരോട് രാജാക്കന്‍മാരും രാജാക്കന്‍മാരോട് നാടുവാഴികളും നാടുവാഴികളോട് അധികാരികളും അതിഥി ദൈവമാണെന്ന് തന്നെയാണ് പറഞ്ഞിരുന്നത്. ആതിഥ്യമര്യാദകളാല്‍ മനംനിറഞ്ഞ്, കനിഞ്ഞു നല്‍കുന്നത് സ്വീകരിച്ച് കൃതാര്‍ഥരാകും. ഇതിനിടയില്‍ പരസ്പരം പുകഴ്ത്തും. വീരാധിവീരന്‍, ജനക്ഷേമതത്പരന്‍, മുടിചൂടാമന്നന്‍ എന്ന മട്ടില്‍.


ഊര്‍ജസ്വലരും കരുത്തരുമായ രണ്ട് നേതാക്കള്‍, നിര്‍ണായക അവസരത്തില്‍ ഇതൊക്കെ തന്നെ ചെയ്തു. ആതിഥ്യമര്യാദയില്‍ മനംനിറഞ്ഞ്, കനിഞ്ഞു നല്‍കിയത് 300 കോടി ഡോളറിന്റെ ഹെലിക്കോപ്റ്ററുകളാണ്. വ്യാപാരക്കരാറിനില്ലെന്ന് നേരത്തേ പറഞ്ഞ ട്രംപ്, വ്യാപാരക്കരാറിനുള്ള ചര്‍ച്ചകള്‍ തുടങ്ങുകയാണെന്ന് പ്രഖ്യാപിച്ച് സന്തോഷിപ്പിച്ചു. കാല്‍ലക്ഷത്തോളം കോടി രൂപ മുടക്കി ഹെലികോപ്ടര്‍ വാങ്ങാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സമ്മതിച്ചത് ട്രംപിന്റെ നേട്ടം. 16,000 കോടി രൂപക്ക് വിവിധോദ്ദേശ്യ നാവിക ഹെലികോപ്ടര്‍, അമേരിക്കന്‍ കമ്പനിയില്‍ നിന്ന് വാങ്ങാന്‍ മോദി സര്‍ക്കാര്‍ അനുവാദം നല്‍കി അധികദിനമായിട്ടില്ല. അതിന് പിറകെ കാല്‍ലക്ഷം കോടി രൂപയുടെ ഓര്‍ഡര്‍. തിരഞ്ഞെടുപ്പു കാലത്ത് ഇതിലധികം എന്തുവേണം ട്രംപിന്!


കച്ചവടത്തിനപ്പുറത്തുള്ള രാഷ്ട്രീയമുണ്ട് ഈ സന്ദര്‍ശനത്തിന്. അതാണ് ഊര്‍ജസ്വല - കരുത്ത ദ്വന്ദ്വത്തിന് ഏറെ പ്രധാനം. ഇന്ത്യന്‍ യൂനിയനില്‍ മതസ്വാതന്ത്ര്യം വലിയ വെല്ലുവിളി നേരിടുന്നുവെന്ന വിമര്‍ശനം അമേരിക്ക ഏതാണ്ട് ഔദ്യോഗികമായി തന്നെ ഉയര്‍ത്തിയിട്ടുണ്ട്. 2014ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം പലകുറി. പൗരത്വ നിയമ ഭേദഗതി മത ന്യൂനപക്ഷങ്ങളോടുള്ള വിവേചനമാണെന്ന് അമേരിക്കയും ഇതര യൂറോപ്യന്‍ രാജ്യങ്ങളും കുറ്റപ്പെടുത്തിയിരുന്നു. നിയമ ഭേദഗതിക്ക് പിറകെ പൗരത്വ പട്ടിക രാജ്യവ്യാപകമാക്കുമെന്ന പ്രഖ്യാപനം ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണെന്ന അഭിപ്രായം ഈ രാജ്യങ്ങള്‍ക്കുണ്ട് താനും.


അതങ്ങനെ ഉയര്‍ന്ന് നില്‍ക്കുകയും മതത്തിന്റെ അടിസ്ഥാനത്തില്‍ ജനത്തെ വിഭജിക്കുന്ന ഭരണകൂടമാണ് ഇന്ത്യന്‍ യൂനിയനിലെന്ന് സ്ഥാപിക്കപ്പെടുകയും ചെയ്താല്‍ പ്രഹരം പലവഴിക്ക് കിട്ടാം. നിലവില്‍ തന്നെ മാന്ദ്യത്തിലിഴയുന്ന സമ്പദ് വ്യവസ്ഥയെ കൂടുതല്‍ തളര്‍ത്തുന്നതുമാകാം പ്രഹരം. അഞ്ചാണ്ട് പറന്നു നടന്ന് ലോക നേതാവെന്ന പ്രതിച്ഛായ സൃഷ്ടിച്ചെടുക്കാന്‍ ശ്രമിച്ചതൊക്കെ പാഴാകാം. അതിലപ്പുറം വലിയ നഷ്ടമുണ്ടോ! ലോകനേതാവിനെ അതിഥിയാക്കി, പരസ്പരം പ്രശംസിച്ചതോടെ പ്രതിച്ഛായാ നഷ്ടം കുറച്ചൊഴിവാകുമെന്നാണ് പ്രതീക്ഷ.


2014 സെപ്തംബറില്‍ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറിലും 2019 സെപ്തംബറില്‍ ഹ്യൂസ്റ്റണിലെ സ്റ്റേഡിയത്തിലും (ഹൗഡി മോഡി) സംഘടിപ്പിച്ച പരിപാടികള്‍ ഇങ്ങ് നാട്ടില്‍, മുണ്ടുമുറുക്കിയുടുക്കുന്നവര്‍ക്കിടയില്‍, പ്രതിച്ഛായ വര്‍ധിപ്പിച്ചിരുന്നു. ലോക മഹാശക്തിയെന്ന് കരുതപ്പെടുന്ന നാട്ടില്‍ നമ്മുടെ പ്രധാനമന്ത്രിക്ക് കിട്ടുന്ന സ്വീകരണത്തില്‍ അഭിമാനപുളകിതരായവര്‍ ഏറെ. തിരിച്ച് അത്തരമൊരു ചടങ്ങ് ഇപ്പോള്‍ ട്രംപിനും ആവശ്യമുണ്ട്. ഇന്ത്യയെപ്പോലൊരു വലിയ കമ്പോളത്തില്‍ കിട്ടുന്ന വലിയ സ്വീകരണം, തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് അദ്ദേഹം കരുതുന്നുണ്ടാകണം.


അരക്കോടിയോളം വരും അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍. അതില്‍ പാതി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരാണ്. അവരില്‍ വലിയൊരളവ് ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്തുണക്കുന്നവരും. 'നമസ്തേ ട്രംപ്' പരിപാടിയിലൂടെ ഇന്ത്യന്‍ വോട്ടര്‍മാരുടെ മനസ്സു മാറ്റാമെന്ന് യു എസ് പ്രസിഡന്റ് കരുതുന്നുണ്ടാകണം. ഹ്യൂസ്റ്റണിലെ ഹൗഡി മോഡി പരിപാടിയില്‍ 'അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍' എന്ന് ഇന്ത്യന്‍ പൊതു തിരഞ്ഞെടുപ്പിലെ 'അബ് കി ബാര്‍ മോദി സര്‍ക്കാര്‍' എന്ന മുദ്രാവാക്യത്തെ മാതൃകയാക്കി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് ഓര്‍ക്കുക. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇത്ര പരസ്യമായി ഇന്ത്യയുടെ ഭരണാധികാരി ഇടപെട്ട കാഴ്ച മുമ്പ് കണ്ടിട്ടില്ല. അതിന്റെ തുടര്‍ച്ചയൊരുക്കുകയായിരുന്നു മൊട്ടേരയിലെ സ്റ്റേഡിയത്തില്‍ നരേന്ദ്ര മോദിയെന്ന് നിശ്ചയമായും കരുതണം.


രാഷ്ട്രങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തേക്കാള്‍ അധികാരങ്ങള്‍ തമ്മിലുള്ള ബന്ധമാണ് ഇവിടെ ഊട്ടിയുറപ്പിക്കപ്പെടുന്നത്. ആ നിലക്ക് ഊര്‍ജസ്വലരും കരുത്തരുമായ രണ്ട് നേതാക്കള്‍ - ഒരു നിര്‍ണായക അവസരമെന്ന പ്രചാരണവാക്യം കുറേക്കൂടി അര്‍ഥവത്താണ്. വ്യാപാര - പ്രതിരോധ സഹകരണം ഊട്ടിയുറപ്പിക്കും, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായി എന്നിവയെല്ലാം പതിവ് വാചാടോപങ്ങള്‍. അതിലൊക്കെ എക്കാലത്തും നഷ്ടം ഇന്ത്യന്‍ യൂനിയനായിരുന്നു. ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായ യു പി എ സര്‍ക്കാറിന്റെ കാലത്ത് സിവില്‍ ആണവ സഹകരണമുള്‍പ്പെടെ സമഗ്ര പ്രതിരോധ കരാറുണ്ടാക്കിയപ്പോഴും വിവിധ വ്യാപാര കരാറുകളില്‍ ഏര്‍പ്പെട്ടപ്പോഴുമൊക്കെ. അതേ നഷ്ടം ഇനിയും തുടരും. ആതിഥ്യമര്യാദകൊണ്ട് അതില്ലാതാക്കാനാകില്ല.


2008ല്‍ ഒപ്പുവെച്ച സിവില്‍ ആണവ സഹകരണ കരാര്‍ പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് ആറ് അമേരിക്കന്‍ കമ്പനിയായ വെസ്റ്റിംഗ്ഹൗസില്‍ നിന്ന് ആറ് ആണവ റിയാക്ടറുകള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഇന്ത്യയുടെ ആണവോര്‍ജ കോര്‍പറേഷന്‍ ഒപ്പിടുന്ന ചടങ്ങ് ട്രംപിന്റെ സന്ദര്‍ശനത്തിനിടെയുണ്ടാകുമെന്ന് കേട്ടുകേള്‍വിയുണ്ടായിരുന്നു. അതുണ്ടായോ എന്ന് ഇതുവരെ അറിയില്ല. ആണവ അപകടമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കുന്നതിന്റെ ബാധ്യതയില്‍ നിന്ന് ഒഴിവാക്കിയാലേ റിയാക്ടറുകളുടെ വില്‍പ്പനക്ക് തയ്യാറാകൂ എന്നാണ് അമേരിക്കന്‍ കമ്പനികള്‍ ഇതുവരെ എടുത്തിരുന്ന നിലപാട്. അതിലെന്ത് വിട്ടുവീഴ്ചയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തുകൊടുത്തത് എന്ന ചോദ്യം ഇവ്വിധമൊരു കരാറുണ്ടായാല്‍ ഉയരും. അതിന്റെ ഉത്തരം നഷ്ടത്തിന്റെ പുതിയ കഥയാകും.

No comments:

Post a Comment