2021-05-10

ഇതാണ് മാതൃക, ഇതാണ് ധൈര്യം - സച്ചിദാനന്ദന്മാരറിയാന്‍



നെഗറ്റീവായിരിക്കാനാണ് ഈ കാലത്ത് എല്ലാവരും ആഗ്രഹിക്കുക. ചുരുങ്ങിയപക്ഷം പോസിറ്റീവാകരുതെന്ന്. അത് കൊവിഡ് 19ന്റെ കാര്യത്തില്‍. രാജ്യത്തിന്റെയും അധികാരികളുടെയും കാര്യത്തില്‍ പക്ഷേ, പോസിറ്റീവായേ പറ്റൂ. അതാണ് ഇന്ത്യന്‍ യൂനിയന്റെ കുറേക്കാലമായുള്ള സ്ഥിതി. മഹാമാരിയുടെ കാലം കൂടിയാകുമ്പോള്‍ ആ പോസിറ്റിവിറ്റി അല്‍പ്പം കൂടുതലുണ്ടാകണം. നെഗറ്റീവായത് ചെത്തരുത്, കുടിക്കരുത്, കൊടുക്കരുത് അല്ലെങ്കില്‍ ചിന്തിക്കരുത്, എഴുതരുത്, പ്രചരിപ്പിക്കരുത്. അവ്വിധമെന്തെങ്കിലുമുണ്ടായാല്‍ ശിക്ഷയുണ്ട്. ഭ്രഷ്ട് മുതല്‍ ഗളച്ഛേദം വരെ. അതറിയായ്കയാലാണ്, കൊവിഡ് വ്യാപനം തടയുന്നതില്‍ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ആകെ പരാജയപ്പെട്ടെന്നും മോദി സര്‍ക്കാറിന്റെ പിടിപ്പുകേടാണ് രണ്ടാം തരംഗം ഇത്ര രൂക്ഷമാകാന്‍ കാരണമെന്നും തരംഗം രൂക്ഷമായതിന് ശേഷവും ജീവവായു എത്തിക്കാന്‍ കഴിയുന്നില്ലെന്നുമൊക്കെ നെഗറ്റീവടിച്ച് വിടുന്നത്. കൊവിഡിനോട് പോസിറ്റീവാകാതെ, ഭരണകൂടത്തോട് പോസിറ്റീവാകുക എന്ന മഹാമാരിക്കാലത്തെ അടിസ്ഥാന തത്വങ്ങളെ കാറ്റില്‍ പറത്തുന്നവരോട് ഇനി വിട്ടുവീഴ്ചയില്ല.

ഒന്നാം തരംഗ കാലമെടുക്കുക. ഒരു മുന്നറിയിപ്പും കൂടാതെ രാജ്യമാകെ അടച്ചിടാന്‍ തീരുമാനിച്ചതിലൂടെ വൈറസിന്റെ വലിയ വ്യാപനമുണ്ടാകാതെ കാക്കാനായി. മുന്നറിയിപ്പെങ്ങാനും നല്‍കിയിരുന്നെങ്കില്‍, ജനം രാജ്യത്തങ്ങോട്ടുമിങ്ങോട്ടും പരക്കം പാഞ്ഞ്, ആകെ വഷളാക്കിയേനേ. മുന്നറിയിപ്പില്ലാത്തതുകൊണ്ട്, കൂലിവേലക്കാരായ ഏതാനും ലക്ഷങ്ങള്‍ നടന്നുമോടിയും നാടുപിടിച്ചു. യാത്രാക്കൂലിയിനത്തില്‍ തന്നെ അവര്‍ക്കെത്ര ലാഭമുണ്ടായിക്കാണും. പോയപോക്കില്‍ വഴിവക്കില്‍ വീണുടഞ്ഞുപോയവരുണ്ടെങ്കില്‍ അതും നല്ലത്. ഈ രണ്ടാം തരംഗകാലത്ത് വൈറസ് വാഹകരാകാന്‍ അത്രയും പേരില്ലാതായല്ലോ. 

മഹാമന്ത്രങ്ങളൊക്കെ ഇരുചെവിയറിയാതെ ചൊല്ലുന്നതാണ് ആര്‍ഷഭാരത സംസ്‌കാരത്തിലെ രീതി. പണ്ട് മാമുനിമാരൊക്കെ അങ്ങനെയായിരുന്നു. മഹത്തായ തീരുമാനങ്ങളൊക്കെ ഏതാണ്ട് മഹാമന്ത്രങ്ങളെപ്പോലെയാണ്. അതുകൊണ്ട് ഇരുചെവിയറിയാതെ തീരുമാനം പ്രഖ്യാപിക്കുന്നത് സംസ്‌കാര പാരമ്പര്യങ്ങളുടെ തുടര്‍ച്ചയായും കാണാം. പിന്നെ ആ കാലം, ചെലവെല്ലാം സംസ്ഥാനങ്ങളുടെ വഹയായിരുന്നു. അരിയും പയറും യഥേഷ്ടം നല്‍കിയതൊഴിച്ചാല്‍ അരക്കാശ് കേന്ദ്ര ഖജാനയില്‍ നിന്ന് നല്‍കിയില്ല. തരംഗങ്ങളെത്ര ആവര്‍ത്തിക്കുമെന്നറിയാതെ ആദ്യത്തില്‍ തന്നെ സകലതും തീര്‍ത്താല്‍ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്ന ദീര്‍ഘദൃഷ്ടി. ഈ ഭരണചാതുര്യത്തെ പോസിറ്റീവായി കാണാതിരിക്കുന്നത് കുറ്റകൃത്യമാണ്. കണ്ടാലുടന്‍ വെടിക്ക് യോഗ്യമായ കുറ്റം. 

രാജ്യമടച്ചിട്ട് സൂക്ഷ്മാണുവിനെ തോല്‍പ്പിച്ചുവെന്നത് രണ്ടാമതൊന്നാലോചിച്ചപ്പോള്‍ കുറച്ചിലായി. വൈറസിനെ തോല്‍പ്പിക്കാന്‍ രാജ്യമടച്ചിട്ട ഭരണാധികാരി എന്ന ദുഷ്പേര് വന്നാലോ. വികസിത രാഷ്ട്രങ്ങളെയൊക്കെ പിടിച്ചുലച്ച രണ്ടാം തരംഗത്തെ ധീരമായി നേരിട്ട്, അടച്ചിട്ടതിന്റെ പേരുദോഷം നീക്കാന്‍ തന്നെ തീരുമാനിച്ചു. അതുകൊണ്ടാണ് ജനിതക മാറ്റത്തിലൂടെ കൂടുതല്‍ കരുത്തുമായി വൈറസ് വരട്ടെ എന്ന് നിശ്ചയിച്ചത്. അങ്ങനെ വന്നുവെന്ന വിവരം ഗവേഷകര്‍ യഥാകാലം അറിയിച്ചിട്ടും നടപടിയൊന്നുമെടുക്കാതെ കാത്തിരുന്നതിലും കാര്യമുണ്ട്. കരുത്താര്‍ജിച്ച വൈറസ്, വേണ്ടും വിധം പടര്‍ന്നാലേ ലോകത്തിന് മാതൃകയാകും വിധത്തില്‍ യുദ്ധം ചെയ്യാനാകൂ. വൈറസിനെ അവന്റെ മടയില്‍ പോയി കൊല്ലുന്നതിലെന്ത് കാര്യം. പതിനൊന്ന് അക്ഷൗഹിണിപ്പടയെ ഏഴ് അക്ഷൗഹിണിപ്പടകൊണ്ട് തോല്‍പ്പിച്ചതാണ് കുരുക്ഷേത്രത്തിലെ മഹാഭാരത ചരിതം. അങ്ങനെ വരുമ്പോഴാണ് ധീരത അംഗീകരിക്കപ്പെടുക, അമ്പത്തിയാറിഞ്ച് വലിപ്പമുള്ള നെഞ്ചിലെ കരുത്ത് ലോകമറിയുക. 

ജനിതകമാറ്റത്തിലൂടെ വര്‍ധിത വ്യാപനശേഷിയും പ്രഹരശേഷിയുമുള്ളതായി നോവല്‍ കൊറോണ മാറിയിരിക്കുന്നുവെന്നും അത് മഹാരാഷ്ട്രയില്‍ കണ്ടെത്തിയെന്നും മാര്‍ച്ച് മധ്യത്തോടെ ഗവേഷകരറിയിച്ചു. ഉത്ഭവം മഹാരാഷ്ട്രയിലായത് നന്നായി. കാല്‍ നൂറ്റാണ്ട് കൂടെ നിന്നശേഷം കാലില്‍ ചവിട്ടിയവന്റെ ഭരണപ്രദേശം. കുത്തിവെക്കാനുള്ള പ്രതിരോധത്തിന്റെ ഒഴുക്ക് കുറച്ച് വ്യാപനത്തിന്റെ ഗതിവേഗം കൂട്ടാന്‍ കല്‍പ്പനയായി. ഭൃത്യസംഘം അതനുസരിച്ചു. പടര്‍ച്ചക്ക് ഏപ്രില്‍ മധ്യം വരെ കാത്തു. പടക്കിറങ്ങാന്‍ കരുത്തായോ വൈറസിന്റെ അക്ഷൗഹിണിക്കെന്ന് ഗണിച്ചു. ആയെന്ന് ബോധ്യമായപ്പോള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കുറിയയച്ചു. പഴയ രാമായണം സീരിയല്‍ ലൈനില്‍ - 'ആക്രമണ്‍'. അത്രയേ വേണ്ടൂ തത്കാലം. ശത്രുവിന്റെ പൂര്‍ണ നിഗ്രഹം ചിലപ്പോള്‍ ഈ തരംഗ കാലത്തുണ്ടാകില്ല. ആ കാലമാകുമ്പോഴേ, യഥാര്‍ഥ വീരന്റെ രംഗപ്രവേശം വേണ്ടൂ. ശത്രു അതിന്റെ പൂര്‍ണ കരുത്തിലേക്ക് എത്തുമ്പോഴേ യഥാര്‍ഥ നായകന്‍ എത്തേണ്ടതുള്ളൂ.  

ആദ്യ തരംഗം തടയാനെടുത്ത അടച്ചിടല്‍ അടവിന്റെ കാലത്ത് മുണ്ടുമുറുക്കിയുടുത്ത് പോരിന് തയ്യാറായവരാണ് ജനം. അവരുടെ സഹനശക്തിയില്‍ ലോകരാഷ്ട്രങ്ങളൊന്നാകെ അത്ഭുതം കൂറി. ആ സഹനശക്തിയിലൊരു കുറവുമുണ്ടായിട്ടില്ലെന്ന് തെളിയിക്കേണ്ടതുണ്ട്. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്ന്. പരിമിതമായ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളെ ഉപയോഗപ്പെടുത്തി ഒരു ജനത അതിജീവിക്കുന്നത് കണ്ട് ലോകരാഷ്ട്രങ്ങള്‍ അത്ഭുതസ്തബ്ധരാകണം. 

വേണ്ടത്ര ഓക്സിജന്‍ കിട്ടാതെയും പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍, എങ്ങനെയെങ്കിലും ഓക്സിജന്‍ സപ്ലൈയുള്ള ആശുപത്രിയിലൊരു കിടക്ക തരപ്പെടുത്തുമെന്ന ദൃഢനിശ്ചയവുമായി, കുനിയാത്ത നട്ടെല്ലുമായി പായുന്ന ജനങ്ങള്‍, തനിക്കു ലഭിച്ച ഓക്സിജന്‍ സപ്ലൈ, പാര്‍ശ്വത്തില്‍ കിടക്കുന്നവന് വേണ്ടി പങ്കിടാന്‍ വിശാല മനസ്സ് കാട്ടുന്ന പൗരന്‍മാര്‍, അവരുടെ സഹനശക്തി വര്‍ധിപ്പിക്കാനും ഏത് പ്രതിസന്ധി ഘട്ടത്തിലും തളരാത്ത മനോവീര്യം ഉണ്ടാക്കിയെടുക്കാനും ലക്ഷ്യമിട്ട് ഉള്ള മരുന്ന് പൂഴ്ത്തിവെച്ച് വില വര്‍ധിപ്പിക്കുന്ന വണിക്കുകള്‍, വൈറസിനോടുള്ള യുദ്ധത്തില്‍ വീരചരമം പ്രാപിച്ചവരെ സംസ്‌കരിക്കാന്‍ നിര്‍ത്താതെ പ്രവര്‍ത്തിക്കുന്ന ശ്മശാനങ്ങള്‍ - കരുത്തിന്റെ യഥാര്‍ഥ ചിഹ്നങ്ങളിതൊക്കെയാണ്. അതെല്ലാം ആസൂത്രണമില്ലായ്മയുടെ പിടിപ്പുകേടിന്റെ ഉദാഹരണങ്ങളാണെന്ന നെഗറ്റിവിറ്റി പ്രസരിപ്പിക്കുന്നത് കണ്ടാലുടന്‍ വെടിക്ക് യോഗ്യമായ കുറ്റമല്ലെന്ന് ആരും പറയില്ല തന്നെ. 

രാജ്യതലസ്ഥാനത്ത് ജീവവായു കിട്ടാനില്ലെന്നായിരുന്നു ആക്ഷേപം. കിട്ടാത്തതല്ല, കൊടുക്കാത്തതാണെന്നും അതൊരു ഭരണ തന്ത്രമാണെന്നും അറിയാനുള്ള പഠിപ്പെങ്കിലും വേണ്ടേ പുതിയ ചേകവന്‍മാര്‍ക്ക്! അധികാരിയുടെ മൂക്കിന്‍ ചുവട്ടില്‍ ആവശ്യത്തിനുള്ളതെല്ലാം വേണ്ടുംവണ്ണം വിളമ്പിയാല്‍ ദൂരദേശങ്ങളിലുള്ളവരൊക്കെ സ്വജനപക്ഷപാതമെന്നാണ് കരുതുക. അതിലും വലിയൊരു മാനഹാനി മറ്റെന്ത്? പ്രാണവായുവിന് കഷ്ടപ്പെടേണ്ടിവരുന്ന ഒരു ജനതക്കുണ്ടാകുന്ന സഹനശക്തിയും മനോവീര്യവും ഏത് വലിയ ആക്രമണത്തെയും ചെറുക്കാന്‍ പാകത്തിലുള്ളതാകില്ലേ? അവര്‍ക്കു മുന്നില്‍ ഈ സൂക്ഷ്മാണു തോറ്റു തുന്നംപാടില്ലേ? ഏത് യുദ്ധത്തിലും ജീവഹാനിയുണ്ടാകും. അതിവിടെയും സംഭവിക്കുമ്പോള്‍ രാജ്യാന്തസ്സിനെ ഹനിക്കും വിധത്തില്‍ വിമര്‍ശനശരമെയ്യാന്‍ ആരും തുനിയരുത്. 

നോട്ട് പിന്‍വലിക്കലുള്‍പ്പെടെ, പല ദുര്‍ഘടങ്ങള്‍ സൃഷ്ടിച്ച്, കൊവിഡിനെ നേരിടാന്‍ അത്യപൂര്‍വമായ (ആരും സഞ്ചരിക്കാത്ത വഴികളെന്ന് വേണമെങ്കില്‍ ചലച്ചിത്ര ഭാഷ്യമാകാം) വഴികള്‍ സ്വീകരിച്ച് ആര്‍ജിച്ചെടുത്ത കരുത്തിനെ ദൗര്‍ബല്യമായി കാണുന്ന, ലോകരാഷ്ട്രങ്ങള്‍ക്ക് തന്നെ അപകടമാം വിധം വൈറസിനെ വളര്‍ത്തിയെന്ന് കുറ്റപ്പെടുത്തുന്ന ചില വിദേശ ഗവേഷകരുണ്ട്. അവരെ അവരുടെ വഴിക്ക് വിടാം. രാജ്യത്തുത്പാദിപ്പിക്കുന്ന പ്രതിരോധ മരുന്ന്, അടുത്ത നേരത്തെ അന്നത്തിന് എന്തുവഴിയെന്ന് ആലോചിച്ചിരിക്കുന്ന വോട്ടര്‍മാര്‍ക്ക് നല്‍കും മുമ്പ് വിദേശത്തേക്ക് കയറ്റിയയച്ച് ആഗോള സമൂഹത്തോടുള്ള പ്രതിബദ്ധത തെളിയിച്ച അധികാരിയെ ആ ബഹുമാനത്തോടെ കാണാന്‍ ഇത്തരം ഗവേഷകര്‍ പണ്ടും പഠിച്ചിട്ടില്ല. വൈറസിനെപ്പേടിച്ച് കച്ചവടം മുടക്കാനാകില്ലെന്ന് പറഞ്ഞ ധീരനെ അമേരിക്കന്‍ ഐക്യനാടുകളിലെ ദേശവാസി മാത്രമാക്കാന്‍ മുന്നിലുണ്ടായിരുന്നു ഇതേ ഗവേഷകരും. 

പിന്നെ വസ്തുതാകഥനം. അത് തത്കാലത്തേക്ക് മാറ്റിവെക്കാം. രാജ്യമൊരു യുദ്ധത്തിലിരിക്കുമ്പോള്‍ വസ്തുത എന്നത് അധികാരി പറയുന്നത് മാത്രമാണ്. ഭാരതവര്‍ഷം രൂപപ്പെടും മുമ്പേയുള്ള പതിവതാണ്. അതിനുമപ്പുറത്ത് വസ്തുത പറയണമെന്ന് നിര്‍ബന്ധമുള്ളവര്‍ ആപത്തുകാലത്ത് നെഗറ്റിവിറ്റിയുടെ തൈ പത്ത് വെക്കുന്നവരാണ്. അവരെ ശിക്ഷിക്കേണ്ടിവരും. ഏത് ചിതാനന്ദനായാലും. ശിക്ഷിക്കാന്‍ നിര്‍ബന്ധിക്കേണ്ടിവരും. ഫേസ്ബുക്ക് അടക്കമുള്ള എല്ലാ കച്ചവടക്കാരെയും. ഇല്ലെങ്കില്‍ പൂട്ടിവെക്കാന്‍ മടിയില്ലെന്ന് നേരത്തേ കാട്ടിക്കൊടുത്തതാണ്. ഇതും ധൈര്യമല്ലാതെ മറ്റെന്താണ്? ആ ധൈര്യം അംഗീകരിക്കുക, അതിനെ വാഴ്ത്തുക എന്നതാണ് ഉത്തരവാദിത്വം. അതല്ലെന്ന് കരുതുന്നവരോട് ഒരിക്കല്‍ കൂടി - നെഗറ്റിവിറ്റി അത് ചെത്തരുത്, കുടിക്കരുത്, കൊടുക്കരുത്.


2 comments: