2013-09-26

മോഡിയെ ഭയക്കേണ്ടതുണ്ട്


''...ഞാന്‍ പൊരുതും
അവിടെ വരെ ഞാന്‍ പൊരുതും
നിങ്ങളുടെ നുണകള്‍ കൊണ്ട് നിങ്ങള്‍ തീര്‍  ത്ത കൊട്ടാരം
തകര്‍ന്നു വീഴും വരെ
നുണകളാല്‍ നിങ്ങളാരാധിക്കുന്ന പിശാച്
എന്റെ സത്യത്തിന്റെ മാലാഖക്ക് മുന്നില്‍ മുട്ടുകുത്തും വരെ''

ഭുചുംഗ് സോനം (ബറോഡ എം എസ് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥി)

നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ അത്രയെളുപ്പം സാധ്യമല്ലെങ്കിലും അസംഭാവ്യമെന്ന് കരുതാവുന്നതല്ല, നരേന്ദ്ര മോഡിയുടെ പ്രധാനമന്ത്രിസ്ഥാന ലബ്ധി. ഇന്ത്യന്‍ യൂനിയനില്‍ അത്തരമൊന്ന് സംഭവിക്കുന്നതിലേക്ക് കേരളത്തില്‍ നിന്ന് സംഭാവനയുണ്ടാകുന്നതിനുള്ള സാധ്യത തീര്‍ത്തും വിരളമാണെങ്കിലും അങ്ങനെ സംഭവിച്ച് അത് അനുഭവിക്കേണ്ടിവരുന്നതിനെ ഭീതിയോടെ കാണുന്നവരുടെ എണ്ണം കുറവല്ല. അതുകൊണ്ടാണ് മോഡി പ്രധാനമന്ത്രിയായാല്‍ ഇന്ത്യ വിടുമെന്ന് മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ എന്ന നിലയിലും സാഹിത്യ പ്രതിഭ എന്ന നിലയിലും മലയാളിക്ക് പരിചിതനായ യു ആര്‍ അനന്തമൂര്‍ത്തി പരസ്യമായി പറയുന്നത്. അനന്തമൂര്‍ത്തിക്ക് പണമയച്ചുകൊടുത്ത് ഇപ്പോള്‍ തന്നെ നാട് വിട്ടോളൂ എന്ന് നിര്‍ദേശിക്കുന്ന നരേന്ദ്ര  മോഡിയുടെ അനുയായികള്‍ അസഹിഷ്ണുതയുടെ പര്യായമാണ് തങ്ങളെന്ന് തെളിയിക്കുമ്പോള്‍ സംഭവിച്ചേക്കാവുന്ന അപകടത്തിന്റെ സൂചന അതിലുണ്ട്.

അനന്തമൂര്‍ത്തി തന്റെ പ്രസ്താവനയിലൂടെ ഉയര്‍ത്തിയ പ്രതിഷേധ സ്വരം അപൂര്‍വമൊന്നുമല്ലെന്ന് തെളിയിക്കാനാണ് ബറോഡ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന ഭുചുംഗ് സോനത്തിന്റെ വരികള്‍ ആദ്യമുദ്ധരിച്ചത്. ഗുജറാത്തിനെ ഭീതിയുടെ താഴ്‌വരയാക്കി, മോഡി വിജയങ്ങള്‍ ആവര്‍ത്തിക്കുന്ന കാലത്ത് തന്നെയാണ് ഈ വരികള്‍ കുറിക്കപ്പെട്ടത്. മോഡിയുടെ സോഷ്യലിസത്തെ പ്രകീര്‍ത്തിക്കുന്ന നാവുകളേക്കാള്‍, അനന്തമൂര്‍ത്തിയുടെയും ഭുചുംഗ് സോനത്തിന്റെയും മൃദുസ്വരങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്.


എന്തായാലും ഗുജറാത്തില്‍ നിന്ന് വാര്‍ത്തകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. വ്യാജ ഏറ്റുമുട്ടല്‍ കൊലകളില്‍ ആരോപണവിധേയനായി, വിചാരണ കാത്ത് ജയിലില്‍ തുടരുന്ന ഡി ജി വന്‍സാരയുടെ കത്തും അതിന്റെ അടിസ്ഥാനത്തില്‍ സി ബി ഐ നടത്തുന്ന അന്വേഷണങ്ങളും വലിയ സംഭവവികാസങ്ങളിലേക്ക് വഴി തുറന്നേക്കാം. മോഡി മന്ത്രിസഭയിലെ രണ്ട് പേരെ ചോദ്യം ചെയ്തതും അശ്വമേധത്തിന് ഉത്തര്‍ പ്രദേശിലേക്ക് നിയോഗിക്കപ്പെട്ട അമിത് ഷായെ ചോദ്യം ചെയ്യാന്‍ സി ബി ഐ ആലോചിക്കുന്നതും ആ സൂചനകളാണ് നല്‍കുന്നത്. മോഡി സര്‍ക്കാറിന്റെ നയനിലപാടുകള്‍ക്കനുസരിച്ച് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് വ്യാജ ഏറ്റുമുട്ടലുകളെന്നാണ് വന്‍സാര തന്റെ രാജിക്കത്തില്‍ എഴുതിയത്. ഇതേ നയനിലപാടുകളുടെ നടത്തിപ്പ് കൂടിയായിരുന്നു 2002ലെ വംശഹത്യാ കാലത്ത് അവിടെ അരങ്ങേറിയത് എന്നത് മനഃസാക്ഷിയുള്ളവരുടെ മുന്നില്‍ വസ്തുതയായുണ്ട്. നിയമത്തിന്റെ മുന്നിലേക്ക് അത് എത്താതിരുന്നത് ആസൂത്രിതമായി നടത്തിയ തെളിവ് നശിപ്പിക്കലുകള്‍ കൊണ്ടും ഭീഷണിപ്പെടുത്തിയുള്ള മൊഴി മാറ്റല്‍ കൊണ്ടുമൊക്കെയാണ്. അതുകൊണ്ടൊക്കെയാണ് മോഡി പരമാധികാര സ്ഥാനമേറ്റാല്‍ രാജ്യം വിടുമെന്ന് അനന്തമൂര്‍ത്തിക്ക് പ്രഖ്യാപിക്കേണ്ടിവരുന്നത്. ഗുജറാത്തില്‍ കേശുഭായ് പട്ടേലിനെ തട്ടിമാറ്റി, സ്വന്തമാക്കിയ മുഖ്യമന്ത്രിക്കസേര, പിന്നീടിങ്ങോട്ട് ഉറപ്പിച്ച് നിര്‍ത്താന്‍ നടത്തിയത് പോലൊരു കുരുതി, ഇന്ത്യാ മഹാരാജ്യത്ത് ആവര്‍ത്തിക്കാന്‍ മോഡി ശ്രമിക്കുമോ എന്ന് ഭയക്കുന്നത് യാഥാര്‍ഥ്യബോധം മാത്രമാണ്.


സ്വാതന്ത്ര്യാനന്തരം വിഭാവനം ചെയ്തത് ഫെഡറല്‍ സമ്പ്രദായം നിലനില്‍ക്കുന്ന 'ഇന്ത്യന്‍ യൂനിയ'നെയാണ്. അതാണ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച് വരുന്നതും. ഇന്ത്യ എന്ന 'മഹാരാജ്യ'ത്തെയല്ല എന്നര്‍ഥം. എന്നാല്‍ നരേന്ദ്ര മോഡിയും അദ്ദേഹത്തെ വാഴിക്കാന്‍ വിയര്‍പ്പൊഴുക്കുന്ന സംഘ് പരിവാരത്തിനും ഇതൊരു മഹാരാജ്യമാകണമെന്നാണ് സങ്കല്‍പ്പം - ഒരൊറ്റ യൂനിറ്റ്. മുകളില്‍ നിന്നുള്ള തീരുമാനങ്ങള്‍ എതിര്‍ശബ്ദമുയര്‍ത്താതെ അനുസരിക്കും വിധത്തില്‍ കെട്ടുറപ്പുള്ള യൂനിറ്റ്. അതുകൊണ്ടാണ് നിങ്ങള്‍ സൈന്യത്തില്‍ നിന്ന് പാഠങ്ങളുള്‍ക്കൊള്ളണമെന്ന് നരേന്ദ്ര മോഡി ആഹ്വാനം ചെയ്യുന്നത്. അത്തരമൊരു യൂനിറ്റില്‍ ഭിന്നാഭിപ്രായങ്ങള്‍ പൊറുപ്പിക്കപ്പെടാന്‍ ഇടയില്ല. ഗുജറാത്തില്‍ നിലനില്‍ക്കുന്ന ഭരണസംവിധാനവും അതിനെ നിയന്ത്രിക്കുന്നുവെന്ന് കരുതപ്പെടുന്ന ബി ജെ പി ഘടകവും തന്നെ അതിന് ഉദാഹരണം. അവിടെ സ്വതന്ത്രമായ പ്രവര്‍ത്തനം ഏറെക്കുറെ അസാധ്യമാണ്, മന്ത്രിമാര്‍ക്ക് പോലും.


മോഡി പറയുന്നതിനപ്പുറം, അത് നല്ലതായാലും ചീത്തയായാലും  പ്രവര്‍ത്തിക്കുക അസാധ്യം. അതുകൊണ്ടാണ് കറുത്ത താടിയുടെയും വെളുത്ത താടിയുടെയും നയങ്ങള്‍ നടപ്പാക്കാന്‍ വന്‍സാരയെപ്പോലുള്ള ഉദ്യോഗസ്ഥരുണ്ടായത്. അതിന് നേതൃത്വം നല്‍കാന്‍ മന്ത്രിമാരുണ്ടായത്. അതുകൊണ്ടാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ പോയിരുന്ന് വംശഹത്യക്ക് കാര്‍മികത്വം വഹിക്കാന്‍ മന്ത്രിമാര്‍ തയ്യാറായത്. അത്തരമൊരു കാലത്തെക്കുറിച്ച് ഓര്‍മകളുള്ളതുകൊണ്ടാണ് നാട് വിട്ടുപോകേണ്ടിവരുമെന്ന തോന്നല്‍ ചിലര്‍ക്കെങ്കിലുമുണ്ടാകുന്നത്.


കൊട്ടിഘോഷിക്കപ്പെടുന്ന വികസന അജന്‍ഡയിലുമുണ്ട് ഭീതിക്ക് നിദാനങ്ങള്‍. അദാനിക്കും അംബാനിക്കും ടാറ്റക്കും വേണ്ടി ഗുജറാത്തിലെ ഭൂമി ഏറ്റെടുത്തപ്പോള്‍ പറിച്ചെറിയപ്പെട്ട കുടുംബങ്ങള്‍ നിരവധിയുണ്ട്. എതിര്‍പ്പിന്റെ ശബ്ദമുയര്‍ത്താന്‍ പോലുമാകാതെ മാറി നില്‍ക്കേണ്ടിവന്നു ഇവര്‍ക്ക്. സബര്‍മതിയുടെ ഓരങ്ങള്‍ വൃത്തിയാക്കാന്‍ തീരുമാനിച്ചപ്പോള്‍, അവിടുത്തെ ചേരികളില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ എങ്ങോട്ടുപോയെന്ന് ആര്‍ക്കുറിയില്ല. സര്‍ദാര്‍ സരോവര്‍ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍, നഷ്ടപരിഹാരം തേടി പ്രക്ഷോഭം നടത്തിയിരുന്നു. നരേന്ദ്ര മോഡിയുടെ ഭരണത്തോടെ ഈ പ്രക്ഷോഭം തുടച്ചു നീക്കപ്പെട്ടു. സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ നിന്ന് കുടിവെള്ളവും ജലസേചനവും പ്രതീക്ഷിച്ച് നിരാശരായവര്‍ ശബ്ദമുയര്‍ത്താന്‍ ഭയന്ന് ജീവിക്കുകയും ചെയ്യുന്നു.


ഈ വികസന മാതൃകയാണ്, ഇപ്പോഴത്തെ യു പി എ സര്‍ക്കാര്‍ പിന്തുടരുന്ന അതേ സാമ്പത്തിക പരിഷ്‌കരണ നയങ്ങളുടെ തുടര്‍ച്ചയോടെ നരേന്ദ്ര മോഡി നടപ്പാക്കാന്‍ ശ്രമിക്കുക എന്നതുറപ്പ്. അവിടെ പറിച്ചെറിയപ്പെടുന്നവരെക്കുറിച്ച് അനുതാപമുണ്ടാകില്ല. അവര്‍ക്കൊപ്പം നില്‍ക്കുന്നവരെ നേരിടാന്‍ മടിയുമുണ്ടാകില്ല. ഇത്തരം പറിച്ചെറിയലുകളും അധികാരിവര്‍ഗത്തിന്റെ ചൂഷണവുമൊക്കെയാണ് മധ്യേന്ത്യയില്‍ മാവോയിസ്റ്റുകള്‍ സ്വാധീനമുറപ്പിക്കാന്‍ കാരണം. സാല്‍വ ജുദുമെന്ന പേരില്‍ ഗുണ്ടാപ്പടയുണ്ടാക്കി കൊലക്കും കൊള്ളിവെപ്പിനും സ്വാതന്ത്ര്യം നല്‍കുന്നതില്‍ യോജിച്ചിരുന്നു ബി ജെ പിയും കോണ്‍ഗ്രസും. സാല്‍വ ജുദൂമെന്നത് നിയമവിരുദ്ധ സംഘമാണെന്നും പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടപ്പോള്‍, ഗുണ്ടാപ്പടയിലെ അംഗങ്ങളെ പോലീസിന്റെ ഭാഗമാക്കി സംരക്ഷിക്കുകയായിരുന്നു രമണ്‍ സിംഗിന്റെ നേതൃത്വത്തില്‍ ഛത്തിസ്ഗഢിലുള്ള ബി ജെ പി സര്‍ക്കാര്‍..


 മധ്യേന്ത്യയെ മാവോയിസ്റ്റ്മുക്ത മേഖലയാക്കാന്‍ സൈന്യത്തെ നിയോഗിക്കണമെന്ന നിര്‍ദേശമുയര്‍ന്നപ്പോള്‍ അത് വേണ്ടെന്ന് ചില ശബ്ദങ്ങളെങ്കിലുമുയര്‍ന്നിരുന്നു കോണ്‍ഗ്രസില്‍ നിന്ന്. അതിന് വിലയുണ്ടാകുകയും ചെയ്തു. എന്നാല്‍ ഇത്തരം ശബ്ദങ്ങള്‍ക്കൊന്നും പ്രസക്തിയുണ്ടാകില്ല, സങ്കല്‍പ്പത്തിലെ യൂനിറ്റില്‍.


സിവിലിയന്‍ ആണവ സഹകരണ കരാര്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി യു എസ് കമ്പനിയായ വെസ്റ്റിംഗ്ഹൗസുമായി ആണവോര്‍ജ കോര്‍പ്പറേഷന്‍ കരാറൊപ്പിടുകയാണ്. പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി 15 കോടി ഡോളറിന്റെ കരാര്‍. ഗുജറാത്തിലെ ഭാവ്‌നഗറില്‍ ആറ് റിയാക്ടറുകളുള്‍ക്കൊള്ളുന്ന ആണവ സമുച്ചയം സ്ഥാപിക്കുകയാണ് ഉദ്ദേശ്യം. ഭൂമി ഏറ്റെടുക്കുന്നതിന് എതിരെയും ആണവ പദ്ധതി സ്ഥാപിക്കുന്നതിന് എതിരെയും ജനങ്ങള്‍ സംഘടിച്ചിട്ടുണ്ട് ഇവിടെ. ആണവോര്‍ജ കോര്‍പ്പറേഷനും വെസ്റ്റിംഗ്ഹൗസുമായുള്ള കരാറുണ്ടാകുന്നതോടെ മിതി വിര്‍ദി ഗ്രാമത്തില്‍ ആണവ സമുച്ചയം സ്ഥാപിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാകും. വികസനനായകനായി അറിയപ്പെടുന്ന നരേന്ദ്ര മോഡിയും ആണവ കരാറിന് മൂലക്കല്ലിട്ട ബി ജെ പിയും ഈ പദ്ധതിയെ എതിര്‍ക്കാനിടയില്ല.


വികസന പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ ഒരിലപോലും അനങ്ങാത്ത ഗുജറാത്തിനെ സുപ്രീം കോടതി വരെ പ്രകീര്‍ത്തിച്ച സാഹചര്യത്തില്‍, അതിന് വിരുദ്ധമായി എന്തെങ്കിലും താന്‍ ഭരിക്കുമ്പോഴുണ്ടാകുക മോഡിക്ക് സഹിക്കാനും സാധിക്കില്ല. അതുകൊണ്ട് കൂടിയാണ് ഗുജറാത്തില്‍ നിന്ന് വാര്‍ത്തകള്‍ ഉണ്ടായിക്കൊണ്ടിരിക്കുമെന്ന് പറയുന്നത്.


ആണവ കരാര്‍ പ്രാവര്‍ത്തകമാക്കുന്നതിന് ഭാവ്‌നഗര്‍ തന്നെ ആദ്യം തിരഞ്ഞെടുക്കാന്‍ ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നിലും ഇതൊരു കാരണമായിട്ടുണ്ടാകും. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് സോണുണ്ടാക്കി, മാരുതി സുസുകിക്കും മറ്റും ഭൂമി പാട്ടത്തിന് നല്‍കിയതിനെതിരെ ഉയര്‍ന്ന ജനരോഷം ഭാവ്‌നഗറിലേക്ക് വ്യാപിക്കുന്നത് അവര്‍ക്ക് സ്വപ്‌നം കാണാം. സിംഗൂരും നന്ദിഗ്രാമും ബംഗാളില്‍ ചെയ്തത് മിതി വിര്‍ദി ഗുജറാത്തില്‍ ചെയ്യുമോ എന്ന പരീക്ഷണം കൂടിയാകാം തിരക്കിട്ടുള്ള ഈ കരാറൊപ്പിടല്‍. 'ദേശ് കി നേതാ' എന്ന് വിശേഷിപ്പിക്കപ്പെടാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായെങ്കിലും ഗുജറാത്തിനപ്പുറത്തേക്കുള്ള സഞ്ചാരങ്ങള്‍ അത്രയൊന്നുമുണ്ടായിട്ടില്ല നരേന്ദ്ര മോഡിക്ക്. ഇപ്പോഴാരംഭിച്ചിരിക്കുന്ന സഞ്ചാരങ്ങള്‍ ഗുജറാത്തെന്ന 'യൂനിറ്റി'നെ കുറച്ചൊക്കെ സ്വതന്ത്രമാക്കുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെയെങ്കില്‍ ഭീതിയുടെ ചങ്ങലകൊണ്ട് കെട്ടിനിര്‍ത്തിയിരിക്കുന്ന അണകള്‍ പൊട്ടിയൊഴുകാന്‍ സാധ്യത ഏറെയാണ്.


ഇന്ത്യ വിട്ട് പോകുമെന്ന അനന്തമൂര്‍ത്തിയുടെ പ്രഖ്യാപനത്തേക്കാള്‍, 'നിങ്ങളുടെ നുണകള്‍ കൊണ്ട് നിങ്ങള്‍ തീര്‍ത്ത കൊട്ടാരം തകര്‍ന്ന് വീഴും വരെയും നുണകളാല്‍ നിങ്ങളാരാധിക്കുന്ന പിശാച് എന്റെ സത്യത്തിന്റെ മാലാഖക്ക് മുന്നില്‍ മുട്ടുകുത്തും വരെയും പൊരുതു'മെന്ന് പ്രഖ്യാപിക്കുന്ന ഭുചുംഗ് സോനമാണ് ഇവിടെ കൂടുതല്‍ സ്വീകാര്യന്‍.

2013-09-15

ഈ ബലൂണിന്റെ ആഘാതമെന്ത്?


പാര്‍ട്ടിയുടെ ആഭ്യന്തര സമവാക്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ സട കൊഴിഞ്ഞുകഴിഞ്ഞ എല്‍ കെ അഡ്വാനിയെ തള്ളിക്കളഞ്ഞ്, തൃശൂലത്തിന്റെ മൂര്‍ച്ചയുള്ള സടയുമായി നില്‍ക്കുന്ന നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ ബി ജെ പി തീരുമാനിച്ചു. ബി ജെ പിയുടെ സ്ഥാനാര്‍ഥിയെന്നതിനേക്കാള്‍, രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ സ്ഥാനാര്‍ഥിയെന്ന് പറയുന്നതാകും കൂടുതല്‍ ശരി. ആര്‍ എസ് എസ് നേതൃത്വം മാസങ്ങളായി നടത്തിവന്ന ആശയവിനിമയ പ്രക്രിയയുടെ ഫലമായാണ് മോഡിയെ ബി ജെ പിയുടെ കുന്തമുനയായി നിര്‍ത്താന്‍ സാധിച്ചത്. അപ്പോള്‍ പോലും അഡ്വാനിയുടെ എതിര്‍പ്പ്, അഡ്വാനിയോട് വിശ്വസ്തത പുലര്‍ത്തുന്ന നേതാക്കളുടെ അതൃപ്തി എന്നിവയൊക്കെ നിലനില്‍ക്കുകയും ചെയ്യുന്നു.
മോഡി പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാകുന്നതോടെ ദേശീയ രാഷ്ട്രീയത്തില്‍ തത്കാലം ഒന്നും സംഭവിക്കാനില്ല. കാരണം അതൊരു പ്രതീക്ഷിച്ച വാര്‍ത്ത മാത്രമായിരുന്നു. ആരാണ് നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന ബി ജെ പിയുടെ ചോദ്യത്തോട് കോണ്‍ഗ്രസിന് പ്രതികരിക്കേണ്ടിവരുമെന്നത് മാത്രമാണ് പുതുമയായുണ്ടാകുക. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെയെങ്കിലും ഉയര്‍ത്തിക്കാട്ടിയല്ല, യു പി എ സര്‍ക്കാറിന്റെ 'ജനപ്രിയ' പരിപാടികളുടെ പേരിലാകും തങ്ങള്‍ ജനങ്ങളെ അഭിമുഖീകരിക്കുക എന്ന് കോണ്‍ഗ്രസ് മറുപടി പറഞ്ഞുകൊള്ളും. നരേന്ദ്ര മോഡിയെന്ന, ഏകാധിപത്യസ്വഭാവം നിലനിര്‍ത്തുന്ന വര്‍ഗീയവാദിയെ കുറച്ച് കൂടി തുറന്നു കാട്ടാന്‍ വൈകിയ വേളയില്‍ കോണ്‍ഗ്രസ് തയ്യാറാകുകയും ചെയ്‌തേക്കാം.


മോഡി മൂലം ബി ജെ പിക്കുള്ള നഷ്ടം നേരത്തെ സംഭവിച്ചു കഴിഞ്ഞു. ഗോവയിലെ സമ്മേളന വേദിയില്‍ മോഡിയെ മുഖ്യ പ്രചാരകനാക്കാന്‍ തീരുമാനെടുത്തപ്പോള്‍, എന്‍ ഡി എയില്‍ നിന്ന് പുറത്തുകടക്കാന്‍ ജനതാദള്‍ (യുനൈറ്റഡ്) തീരുമാനിച്ചതാണ് ആ നഷ്ടം. ശിവസേനയോ ശിരോമണി അകാലിദളോ ഹരിയാന വികാസ് പാര്‍ട്ടിയോ ബി ജെ പി മുന്നില്‍ നിര്‍ത്തുന്നയാളെ അംഗീകരിച്ചു മുന്നോട്ടുപോകുമെന്നത് നേരത്തെ തന്നെ വ്യക്തമായിരുന്നു. പുതിയ ഘടകകക്ഷികളെ ലഭിക്കുക എന്ന സാധ്യത ബി ജെ പിക്ക് മുന്നില്‍ മോഡി വന്നതിന് ശേഷവും അതിന് മുമ്പും ഒന്ന് തന്നെയാണ്. നരേന്ദ്ര മോഡിയുമായി സുഹൃദ് ബന്ധം നിലനിര്‍ത്തുന്ന എ ഐ എ ഡി എം കെയാണ് അന്നും ഇന്നും പ്രതീക്ഷിക്കാവുന്ന ഘടക കക്ഷി. മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ്, ബി ജെ പിയുമായി സഖ്യത്തിന് തയ്യാറാകില്ല. സഖ്യം പുനഃസ്ഥാപിക്കാന്‍ ഒഡിഷയില്‍ നവീന്‍ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളും തയ്യാറാകില്ല. തെലങ്കാന സംസ്ഥാന രൂപവത്കരണവുമായി മുന്നോട്ടുപോകുന്നതോടെ തെലുങ്കാന രാഷ്ട്ര സമിതി, കോണ്‍ഗ്രസില്‍ ലയിക്കുകയോ അതിന്റെ സഖ്യകക്ഷിയാകുകയോ ചെയ്യും.  മോഡിയുമായുള്ളത് സുഹൃദ് ബന്ധമാണ്, അത് ബി ജെ പിയുമായുള്ള സഖ്യത്തിലേക്ക് വളരില്ല എന്ന ഇപ്പോഴത്തെ അഭിപ്രായം ജയലളിത തുടര്‍ന്നാല്‍ തമിഴ്‌നാട്ടിലും ഗുണകോഷ്ഠം പൂജ്യമായി തുടരും. ദക്ഷിണേന്ത്യയില്‍ കര്‍ണാടകമൊഴിച്ചാല്‍ മറ്റൊരുരിടത്തും ബി ജെ പി പച്ചതൊടില്ല എന്നര്‍ഥം.


വടക്കോട്ട് നീങ്ങിയാല്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തിസ്ഗഢ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് അവര്‍ക്ക് സാധ്യതയുള്ള സ്ഥലങ്ങള്‍. ഗുജറാത്തില്‍ തുലോം പരുങ്ങലിലായ കോണ്‍ഗ്രസിനെ നാമാവശേഷമാക്കാന്‍ നരേന്ദ്ര   മോഡിയുടെ സാന്നിധ്യം സഹായിച്ചേക്കും. മധ്യപ്രദേശിലും ഛത്തിസ്ഗഢിലും രാജസ്ഥാനിലും മോഡി എത്തുന്നതിന് മുമ്പും പിമ്പും സ്ഥിതി ഒന്നുതന്നെയാണ്. ഉത്തര്‍ പ്രദേശ് മാത്രമാണ് പരീക്ഷണഭൂമിയായി നിലകൊള്ളുന്നത്. ആ ഭൂമിയില്‍ രണ്ടാം വിളക്ക് വിത്തിറക്കിക്കൊണ്ടിരിക്കുകയാണ് മോഡിയുടെ ഉറ്റ അനുയായി അമിത് ഷാ. അയോധ്യയിലേക്കുള്ള പരിക്രമ യാത്രകളില്‍ (അമിത് ഷാ ഒറ്റക്ക് നടത്തിയതും വി എച്ച് പി കൂട്ടായി നടത്താന്‍ ശ്രമിച്ചതും) തുടങ്ങി മുസഫര്‍ നഗറിലെ ചോരക്കളിയില്‍ എത്തി നില്‍ക്കുന്നു വിത്തിറക്കല്‍.
മുസഫര്‍ നഗറില്‍ സംഘര്‍ഷമുടലെടുത്തതിന് കാരണമുണ്ട്. ഒരു സമുദായത്തിലെ പെണ്‍കുട്ടിയെ മറ്റൊരു സമുദായത്തിലെ യുവാക്കള്‍ കളിയാക്കിയത്, അത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലും കൊലപാതകവും ഒക്കെ. സാധാരണ നിലക്ക് ഒരു ഭരണകൂടം ചെയ്യേണ്ടതൊക്കെയാണ് ഉത്തര്‍ പ്രദേശിലെ അഖിലേഷ് യാദവ് സര്‍ക്കാര്‍ ചെയ്യുന്നത് എങ്കിലും സ്വന്തം വോട്ട് ബേങ്കിനെ തൃപ്തിപ്പെടുത്താന്‍ നടത്തിയ അതിരുവിട്ട പ്രചാരണം ഭൂരിപക്ഷ സമുദായത്തിലുണ്ടാക്കിയ അതൃപ്തിയും സംഘര്‍ഷത്തിന് കാരണമായിട്ടുണ്ടാകാം.


പക്ഷേ, അമ്പതിലധികം പേരുടെ ജീവനെടുത്ത, കലാപമായി അത് വളര്‍ത്തിയതിന് പിന്നില്‍ സംഘ്പരിവാര്‍ നേതാക്കളുടെ പങ്ക് കാണാതിരുന്നുകൂടാ. രാജ്യത്താകെ അടുത്തിടെയുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ഭൂരിഭാഗത്തിനും തുടക്കമിട്ടത് പെണ്‍കുട്ടികളെ ശല്യം ചെയ്തതോ പെണ്‍കുട്ടികളെ ശല്യം ചെയ്തുവെന്ന പരാതിയോ ആണ്. ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കി മതം മാറ്റിക്കുന്ന 'ലൗ ജിഹാദ്' വ്യാപകമായി നടക്കുന്നുവെന്ന സംഘ് പരിവാര്‍ പ്രചാരണത്തെ ഇതുമായി ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. കര്‍ണാടകത്തില്‍ തുടങ്ങുകയും കേരളത്തില്‍ കാറ്റ് പിടിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുകയും ചെയ്ത ഈ പ്രചാരണം മുസഫര്‍ നഗര്‍ സംഭവത്തിനു ശേഷം ഉത്തര്‍ പ്രദേശിലെ വി എച്ച്  പി നേതാക്കള്‍ ഉന്നയിക്കുന്നുമുണ്ട്. നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍, ലോക്‌സഭയിലേക്ക് എണ്‍പത് പ്രതിനിധികളെ സംഭാവന ചെയ്യുന്ന ഉത്തര്‍ പ്രദേശില്‍ വര്‍ഗീയ സംഘര്‍ഷം വളര്‍ത്താനുള്ള കൂടുതല്‍ ശ്രമങ്ങള്‍ സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയേക്കാം. അതാണ് ഇപ്പോള്‍ ബി ജെ പി നടത്തിയ പ്രഖ്യാപനത്തിന്റെ പ്രാധാന്യവും ആഘാതവും. മുസഫര്‍ നഗര്‍ സംഭവത്തോടെ ന്യൂനപക്ഷങ്ങള്‍, സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് അകലുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ധ്രുവീകരണത്തിനുള്ള നീക്കങ്ങള്‍  ശക്തമാക്കാന്‍ പ്രേരകമാകുകയും ചെയ്യും.


ഗുജറാത്ത് വംശഹത്യ, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അവിടെ അരങ്ങേറിയ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ - രണ്ടിലും നിയമത്തിന്റെ മുന്നിലല്ലെങ്കില്‍പ്പോലും നരേന്ദ്ര മോഡി ആരോപണവിധേയനാണ്. മോഡിയും അമിത് ഷായും അടങ്ങുന്ന സര്‍ക്കാറിന്റെ നയങ്ങള്‍ പിന്തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടത്തിയതെന്ന്, ഭൂരിഭാഗം വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലും ആരോപണ വിധേയനായി ജയിലില്‍ കഴിയുന്ന ഡി ജി വന്‍സാര (നിയമവിരുദ്ധമായ നയങ്ങളും നിര്‍ദേശങ്ങളും നടപ്പാക്കേണ്ട ബാധ്യത ഉദ്യോഗസ്ഥര്‍ക്കില്ല) തുറന്നെഴുതുമ്പോള്‍ അത്രയെളുപ്പം കൈകഴുകാന്‍ മോഡിക്ക് സാധിക്കില്ല. വംശഹത്യക്ക് അരു നിന്നുവെന്ന് ആരോപിച്ച് സാകിയ ജഫ്‌രി നല്‍കിയ പരാതിയില്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നു. മോഡിയുടെ പങ്കിന് തെളിവില്ലെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ സമര്‍പ്പിച്ച, അന്വേഷണ റിപ്പോര്‍ട്ടിനെ നിശിതമായി പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന റിപ്പോര്‍ട്ടും മജിസ്‌ട്രേറ്റ് മുമ്പാകെയുണ്ട്. ഇത് പരിഗണിച്ച് മജിസ്‌ട്രേറ്റ് പ്രകടിപ്പിക്കുന്ന ഏത് എതിരഭിപ്രായവും മോഡിയുടെ ഊതിപ്പെരുപ്പിച്ച പ്രതിച്ഛായയെ നശിപ്പിക്കും. അതുകൊണ്ട് കൂടിയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മോഡിയെ നേരത്തെ പ്രഖ്യാപിക്കാന്‍ ആര്‍ എസ് എസ് തിടുക്കം കാട്ടിയത്.


മറ്റൊരു സന്ദേശം കൂടി ഈ പ്രഖ്യാപനം നല്‍കുന്നുണ്ട്. അത് വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ അന്വേഷിക്കുന്ന സി ബി ഐക്കും ഇന്റലിജന്‍സ് ബ്യൂറോക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കുമൊക്കെയാണ്. അഴിമതി ആരോപണങ്ങള്‍, വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി എന്നിവ മൂലം ജനങ്ങളുടെ അതൃപ്തിക്ക് പാത്രമായ യു പി എ സര്‍ക്കാര്‍, ഭക്ഷ്യസുരക്ഷാ നിയമത്തിന്റെയും വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉചിതമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്ന നിയമത്തിന്റെയും ബലത്തില്‍ അധികാരത്തിലേക്ക് തിരിച്ചെത്തില്ലെന്ന് ബി ജെ പിയും സംഘ് പരിവാറും കരുതുന്നു.


ഈ സാഹചര്യത്തില്‍ പരമാധികാരക്കേസരയിലേക്ക് എത്താനിടയുള്ള ഏകാധിപതിയെ വലയ്ക്കും വിധത്തിലുള്ള നീക്കങ്ങള്‍ സി ബി ഐയുടെയോ ഇന്റലിജന്‍സ് ബ്യൂറോയുടെയോ ആഭ്യന്തര വകുപ്പിന്റെയോ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകരുത് എന്ന സന്ദേശം. വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ മോഡിയിലേക്ക് നീളും വിധത്തില്‍ അന്വേഷണം തുടരരുത് എന്ന സന്ദേശം. ഏറ്റുമുട്ടല്‍ കൊലകളില്‍ മുഖ്യ പങ്ക് വഹിച്ചുവെന്ന് കരുതുന്ന ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ രജീന്ദര്‍ കുമാറിനെ സംരക്ഷിച്ച് നിര്‍ത്തണമെന്ന സന്ദേശം. അതിന് തയ്യാറായില്ലെങ്കില്‍ മോഡിയെ എതിര്‍ക്കാന്‍ തയ്യാറായ ഗുജറാത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായ അനുഭവം ആവര്‍ത്തിക്കുമെന്ന സന്ദേശം. രാജ്യത്തെ ഉദ്യോഗസ്ഥ സംവിധാനത്തിലുള്ള വലിയൊരു വിഭാഗം ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കുന്നവരാണ് എന്നത്, തര്‍ക്കമറ്റ സംഗതിയാണ്. അവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകും ഈ സന്ദേശം. ഒരുപക്ഷേ, ഇതാകും ഇപ്പോഴത്തെ പ്രഖ്യാപനത്തിന്റെ ഏറ്റവും വിപല്‍ക്കരമായ ആഘാതം. ഈ സന്ദേശങ്ങളെ മറികടന്ന് എന്തെങ്കിലും നടപടികളുണ്ടായാല്‍ യു പി എ സര്‍ക്കാര്‍ രാഷ്ട്രീയ വൈരം തീര്‍ക്കുകയാണെന്ന പ്രചാരണം നടത്താനുള്ള സൗകര്യവും മുന്‍കൂര്‍ പ്രഖ്യാപനം ബി ജെ പിക്ക് നല്‍കുന്നുണ്ട്.


ഗുജറാത്തില്‍ നിന്നുള്ള ഊതിപ്പെരുപ്പിച്ച വികസന കഥകളോ മാധ്യമങ്ങളെ സമര്‍ഥമായി ഉപയോഗിച്ച് നടത്തുന്ന പ്രചാരണമോ ജനസംഖ്യയില്‍ പകുതിയിലധികം ദാരിദ്ര്യത്തില്‍ തുടരുന്ന ഇന്ത്യന്‍ യൂനിയനില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധ്യതയില്ല. ഇന്ത്യ തിളങ്ങുന്നുവെന്ന് പ്രചരിപ്പിച്ചപ്പോള്‍ അതിനെ ജനം തള്ളിക്കളഞ്ഞതാണ് പതിറ്റാണ്ട് മാത്രം പഴകിയ ചരിത്രം. അദാനി, അംബാനി, ടാറ്റമാരെ ലോഭമില്ലാതെ പിന്തുണക്കുന്ന, അവര്‍ക്കു വേണ്ടി ഏത് ജനതതിയെയും പറിച്ചെറിയാന്‍ മടിയില്ലാത്ത നേതാവാണ് നരേന്ദ്ര മോഡി. അതിന് ഗുജറാത്ത് തന്നെ സാക്ഷ്യം പറയും.


സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ പൊതു സ്വത്ത് മടികൂടാതെ വിറ്റഴിച്ചും (പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുന്നതിന് മാത്രമൊരു മന്ത്രാലയം തുടങ്ങിയത് ദേശീയ വികാരം ത്രസിച്ച് നില്‍ക്കുന്ന വാജ്പയിയും അദ്വാനിയും ഭരിച്ച കാലത്താണ്) വിപണികള്‍ തുറന്നിട്ടും കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നവരാണ് ബി ജെ പി. അതുകൊണ്ടു തന്നെ വര്‍ണക്കടലാസില്‍ പൊതിഞ്ഞുള്ള, പ്രഖ്യാപനങ്ങള്‍ക്ക് കുറുപ്പിന്റെ ഉറപ്പിന്റെ വിലയേയുള്ളൂ. എല്ലാറ്റിനുപരി പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ആദ്യം തീര്‍ക്കേണ്ടതുണ്ട്, മോഡിക്ക്. പ്രധാനമന്ത്രിയാകാനുള്ള അവസാന അവസരം നഷ്ടമാകുന്നതിന്റെ വേദന ഉള്ളിലൊതുക്കുന്ന, മോഡിയുടെ വഴികാട്ടിയും ഹിന്ദുത്വ തീവ്രതയില്‍ കുറവില്ലാത്തയാളുമായ അഡ്വാനിയെ അനുനയിപ്പിക്കുക അത്ര എളുപ്പമാകില്ല തന്നെ. കൂടുതല്‍ തീവ്രത, ആഴത്തിലുള്ള സാമുദായിക ധ്രുവീകരണം എന്നത് തന്നെയാണ് അവിടെയും മോഡിക്കുള്ള മാര്‍ഗം. ആ വലിയ ആശങ്കക്കപ്പുറത്ത് ഇപ്പോഴത്തെ പ്രഖ്യാപനം മാധ്യമങ്ങളില്‍ വലിയ തലക്കെട്ടുകളാകുന്നുവെന്നതല്ലാതെ യാതൊന്നും പ്രദാനം ചെയ്യുന്നില്ല.
ചുരുക്കെഴുത്ത്


ദേശീയ മാധ്യമങ്ങള്‍ക്ക് നരേന്ദ്ര മോഡി ഇപ്പോള്‍ 'നമോ' ആണ്. നമോ എന്ന പ്രയോഗത്തിന് ഹിന്ദു വിശ്വാസങ്ങളുമായി വലിയ ബന്ധമുണ്ട്. അത് മലയാളത്തിലായാലും ഹിന്ദിയിലായാലും. ഓം നമോ എന്ന് തുടങ്ങുന്ന പ്രാര്‍ഥനകള്‍. നമോ എന്ന് നരേന്ദ്ര മോഡിയെ ചുരുക്കിയെഴുതുക എന്നത് സംഘ് പരിവാര്‍ തീരുമാനമാകണം. അതിന് ഹൈന്ദവവിശ്വാസവുമായുള്ള ബന്ധം ഉപയോഗിക്കാനുള്ള തന്ത്രം. അറിഞ്ഞോ അറിയാതെയോ മാധ്യമങ്ങള്‍ അതിന് അരുനില്‍ക്കുകയും ചെയ്യുന്നുവെന്ന് തോന്നുന്നു.

2013-09-08

ലോഹ്യ കണ്ട പാമ്പുകള്‍ക്ക് വിഷമേറുമ്പോള്‍


'ദിശാബോധമില്ലാത്ത വിദഗ്ധന്‍മാരുടെതാണ് ഇപ്പോഴത്തെ സര്‍ക്കാര്‍.  ഈ വിദഗ്ധന്‍മാര്‍ എന്ത് ശിപാര്‍ശ ചെയ്താലും അത് അന്ധമായി അനുകരിക്കുന്നതാണ് നമ്മുടെ സര്‍ക്കാര്‍.  കൃഷി, വ്യവസായം, ദേശീയ വരുമാനം എന്നീ വിഷയങ്ങളില്‍ നമ്മുടെ മന്ത്രിമാര്‍ക്ക് വേണ്ടത്ര ജ്ഞാനമില്ല.  ബഹുമാനപ്പെട്ട മന്ത്രിമാരോട് ഒരഭ്യര്‍ഥനയുണ്ട്. വിദഗ്ധന്‍മാരുടെ ശിപാര്‍ശകള്‍ അന്ധമായി നടപ്പാക്കരുത്.  മന്ത്രിമാര്‍ ഓരോരുത്തരും തീരുമാനമെടുക്കും മുമ്പ് സ്വന്തം ബുദ്ധിയാണ് ഉപയോഗപ്പെടുത്തേണ്ടത്. ശിപാര്‍ശകള്‍ അവര്‍ പഠിച്ചിരിക്കണം.  എന്നിട്ട് സ്വന്തം തീരുമാനങ്ങള്‍ നടപ്പാക്കുക.  കാരണം, ഈ സ്ഥിതിവിവരക്കണക്കുകാരും സാമ്പത്തിക വിദഗ്ധന്‍മാരും വിഷപ്പാമ്പുകളെപ്പോലെയാണ്.  അവര്‍ പാമ്പാട്ടിയുടെ താളത്തിന് തുള്ളുന്നു.  എന്നാല്‍, നിങ്ങള്‍ക്ക് പാമ്പാട്ടിയുടെ ആ കുഴല്‍ വിളിക്കാന്‍ കഴിയില്ലെങ്കില്‍ അതിന്റെ ഫലം ഭീകരമായിരിക്കും' - ഡോ. രാം മനോഹര്‍ ലോഹ്യ, പാര്‍ലിമെന്റില്‍ നടത്തിയ പ്രസംഗം.


1960കളുടെ തുടക്കത്തിലാണ് ഡോ. രാം മനോഹര്‍ ലോഹ്യ ഈ പരാമര്‍ശങ്ങളടങ്ങിയ പ്രസംഗം പാര്‍ലിമെന്റില്‍ നടത്തുന്നത്. ക്രാന്തദര്‍ശികളായ രാഷ്ട്രീയ നേതാക്കളുടെ നിരീക്ഷണങ്ങളുടെ മൂല്യം എത്രത്തോളമെന്ന് ഇപ്പോഴത്തെ സാമ്പത്തിക, രാഷ്ട്രീയ സാഹചര്യത്തോട് ഈ പരാമര്‍ശത്തെ ചേര്‍ത്തുവെച്ചാല്‍ മനസ്സിലാകും. വിലക്കയറ്റമെന്നത് ആഗോള പ്രതിഭാസമാണെന്നും ഭരണത്തെ നിയന്ത്രിക്കുന്നുവെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് യാതൊന്നും ചെയ്യാനില്ലെന്നും വയലാര്‍ രവിയെപ്പോലൊരു മുതിര്‍ന്ന നേതാവ് പറയുന്നതിന്റെ പൊരുള്‍ ഇതില്‍ നിന്ന് വ്യക്തമാകുകയും ചെയ്യും. വിഷപ്പാമ്പുകളെപ്പോലുള്ള സാമ്പത്തിക വിദഗ്ധര്‍, നേരിട്ടുള്ള കാഴ്ചയില്‍ അരൂപികളായ പാമ്പാട്ടികളുടെ താളത്തിന് തുള്ളുന്നതാണ് ഇന്നത്തെ സ്ഥിതി.  ആ കുഴല്‍ വിളിക്കാന്‍ കഴിവുള്ളവര്‍ പാമ്പാട്ടിമാര്‍ക്കൊപ്പം നിന്ന് കുഴല്‍ വിളിക്കുകയും ചെയ്യുന്നു.  അത്തരമൊരു ഘട്ടത്തില്‍, ജനബന്ധത്താല്‍ ഉയര്‍ന്ന് വരികയും പുതിയ സാഹചര്യത്തില്‍ അതൊരു ബാധ്യതയാണെന്ന് തിരിച്ചറിയുകയും ചെയ്യുന്ന വയലാര്‍ രവിയെപ്പോലുള്ള നേതാക്കള്‍ ഇവ്വിധം മാത്രമേ പ്രതികരിക്കൂ.


പി വി നരസിംഹറാവു പ്രധാനമന്ത്രിയും ഡോ. മന്‍മോഹന്‍ സിംഗ് ധനമന്ത്രിയുമായിരിക്കെ ബംഗളൂരുവില്‍ ചേര്‍ന്ന എ ഐ സി സി സമ്മേളനത്തില്‍ ജനത്തെ മറന്നുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ശരിയല്ലെന്ന് തുറന്നു പറയാന്‍ കാട്ടിയ ധൈര്യം, അധികാരഘടനയുടെ ഭാഗമായി നില്‍ക്കാന്‍ മാത്രം ആഗ്രഹിക്കുന്ന ഇക്കാലത്ത് വയലാര്‍ രവിക്ക് ഉണ്ടാകുക അസാധ്യമാണ്.  അപ്പോള്‍ പിന്നെ വിഷപ്പാമ്പുകളെ, പാമ്പാട്ടികളുടെ താളത്തിന് അനുസരിച്ച് തുള്ളാന്‍ വിടുക തന്നെയാണ് യുക്തമെന്ന് അവര്‍ കരുതും.


റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവര്‍ണറായി രഘുറാം രാജന്‍ ചുമതലയേറ്റതിന് ശേഷമുണ്ടായ സംഭവവികാസങ്ങള്‍, ഡോ. രാം മനോഹര്‍ ലോഹ്യയുടെ പരാമര്‍ശങ്ങളുമായി പൂര്‍ണമായി ചേര്‍ന്നു നില്‍ക്കുന്നതാണ്.  ഇന്ത്യന്‍ രൂപയുടെ മൂല്യം, എല്ലാ തടസ്സങ്ങളെയും മറികടന്ന് താഴേക്ക് പതിക്കുകയും നാണ്യ നയത്തിന് രൂപം നല്‍കുന്ന റിസര്‍വ് ബേങ്കിന്റെ മേധാവിയായിരുന്ന ഡി സുബ്ബ റാവുവിന്റെ തീരുമാനങ്ങള്‍ അതിന് കാരണമായെന്ന് ധനമന്ത്രി പി ചിദംബരം കുറ്റപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് രഘുറാം രാജന്‍ ചുമതലയേറ്റെടുക്കുന്നത്.  അതിന് തൊട്ടുപിറകെ,  പുരപ്പുറം തൂക്കുന്ന പുത്തനച്ചിയായി രഘുറാം രാജന്‍ രൂപാന്തരം പ്രാപിക്കുകയും രൂപയുടെ മൂല്യച്യുതിക്ക് തത്കാലത്തേക്കെങ്കിലും വിരാമമാകുകയും ചെയ്തു.


പരിഷ്‌കാരങ്ങളുടെ വേഗം കൂടും, നിക്ഷേപങ്ങള്‍ക്ക് നിലവിലുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യപ്പെടും, ഊഹ വിപണിയിലെ നിക്ഷേപങ്ങള്‍ക്ക് സ്വതന്ത്ര വിഹാരം സാധ്യമാകും വിധത്തിലുള്ള തീരുമാനങ്ങളുണ്ടാകും തുടങ്ങിയ പ്രഖ്യാപനങ്ങളാണ് രഘുറാം രാജന്‍ നടത്തിയത്. ഇത്തരം പ്രഖ്യാപനങ്ങള്‍ അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ക്കപ്പുറത്ത്, സൂചനകളുടെയും പ്രതീക്ഷകളുടെയും മാത്രം  ചുമലേറി മുന്നേറുന്ന ധനവിപണിയെ ഉണര്‍ത്തുക സ്വാഭാവികം. അതുകൊണ്ടാണ് രൂപയുടെ മൂല്യച്യുതി തത്കാലത്തേക്ക് നിലച്ചത് എന്ന വിലയിരുത്തലുണ്ടായി. ഈ വര്‍ഷാരംഭത്തില്‍ ഡോളറൊന്നിന് 53 രൂപയായിരുന്നത്, 68ലേക്ക് പതിച്ചതിന് ശേഷം 65ലേക്ക് തിരികെ കയറി എന്ന് പറയുന്നത്, എത്രത്തോളമാണ് രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യത്തെ പോഷിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് ആലോചിക്കാതെയാണ് രഘുറാം രാജനെന്ന ധനകാര്യ മാന്ത്രികനെ വാഴ്ത്താന്‍ നിക്ഷേപ സമൂഹം തയ്യാറായത് എന്നതാണ് വസ്തുത.


ഇതിനൊപ്പം, ഗുരുതരമായിത്തുടരുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ചിത്രം മുന്നില്‍വെച്ച് മറ്റ് ചില കാര്യങ്ങള്‍ സര്‍ക്കാറും ചെയ്തു. പതിറ്റാണ്ടോളമായി പരിഗണനയിലിരുന്ന പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ പാസ്സാക്കിയെടുത്തു. നേരത്തെ പ്രഖ്യാപിച്ചതും പലവിധ തടസ്സങ്ങളാല്‍ മുന്നോട്ടുപോകാതിരുന്നതുമായ 1,83,000 കോടി രൂപയുടെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ നടപടികള്‍ സ്വീകരിച്ചു. വ്യവസായ പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിനും അതിന് നഷ്ടപരിഹാരം നല്‍കുന്നതിനും വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബില്‍ പാസ്സാക്കി. പെന്‍ഷന്‍ ബില്‍ പാസ്സാക്കിയതോടെ, രാജ്യത്തെ ലക്ഷക്കണക്കിനാളുകള്‍ പെന്‍ഷന്‍ ലക്ഷ്യമിട്ട് നല്‍കുന്ന വിഹിതം ചേര്‍ന്നുണ്ടാകുന്ന ഫണ്ട്, ഓഹരിയുള്‍പ്പെടെ കമ്പോളങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവാദം ലഭിക്കുകയാണ്.  ഇതിലേക്ക് 26 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം നടത്താനും അനുമതിയുണ്ടാകും. പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപം നടത്തുന്ന വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ അവരുടെ ലാഭമാകും പ്രധാനമായും നോട്ടമിടുക എന്നത് വ്യക്തം. അവയുടെ ലാഭമെടുക്കല്‍ ഫണ്ടിനാകെയുണ്ടാക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് വിധേയമായിരിക്കും ഭാവിയില്‍ പെന്‍ഷന്‍ തുക എന്ന് ചുരുക്കം.


ഭൂമി ഏറ്റെടുക്കലിനും നഷ്ടപരിഹാരത്തിനും പുതിയ വ്യവസ്ഥകളായതോടെ ഒഡിഷയിലെ ജഗത്‌സിംഗ്പൂരിലും നിയാംഗിരിയിലുമൊക്കെ വന്‍കിട കമ്പനികള്‍ നേരിട്ടതു പോലുള്ള പ്രതിസന്ധികള്‍ ഇനിയുണ്ടാകില്ലെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഗ്രാമങ്ങളില്‍ വിപണിവിലയുടെ നാലിരട്ടിയും നഗരങ്ങളില്‍ രണ്ടിരട്ടിയുമെന്ന വാഗ്ദാനം സൃഷ്ടിക്കുന്ന പ്രലോഭനത്തെ അതിജീവിക്കാന്‍, 27 രൂപ കൊണ്ടും 35 രൂപ കൊണ്ടും ഒരു ദിനം കഴിച്ച് കൂട്ടുന്ന ഇന്ത്യന്‍ ദരിദ്രര്‍ക്ക് സാധിക്കില്ലെന്ന കോര്‍പ്പറേറ്റ് മേധാവികളുടെയും വിദഗ്ധരുടെയും പ്രതീക്ഷ അസ്ഥാനത്തല്ല. അതായത് കാര്യങ്ങള്‍ നിക്ഷേപങ്ങള്‍ക്ക് അനുകൂലമായിരിക്കുന്നുവെന്ന തോന്നല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇതൊക്കെ ചേര്‍ന്നാണ് രൂപയെ കൂടുതല്‍ ഇടിവില്‍ നിന്ന് സംരക്ഷിച്ച് നിര്‍ത്തുന്നത് എന്നര്‍ഥം.


ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെ തീര്‍ത്തും ഉള്‍ക്കൊള്ളാതെ, നടപ്പാക്കാന്‍ ആരംഭിക്കുകയും എല്ലാ പരിധികളും ലംഘിച്ച് തുടരുകയും ചെയ്യുന്ന സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ മൂലമുണ്ടായ പരാശ്രിതത്വം തന്നെയാണ് രൂപയുടെ മൂല്യശോഷണമെന്ന ലക്ഷണത്തോടെ പുറത്തുവന്ന  ഗുരുതരമായ സാമ്പത്തിക അനാരോഗ്യത്തിന്റെ സൃഷ്ടിക്ക് പിറകില്‍. ആ ലക്ഷണത്തെ ചികിത്സിച്ച് ഭേദമാക്കാന്‍ നേരത്തെ നിര്‍ദേശിക്കപ്പെട്ടതും പുതിയതുമായ പരിഷ്‌കരണ നടപടികള്‍ കൊണ്ടുവരുമ്പോള്‍ ഒരു സംശയം കൂടി ഉയരുന്നുണ്ട്. ഇവ നടപ്പാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ ദിശാബോധമില്ലാത്ത സാമ്പത്തിക വിദഗ്ധര്‍ ഉണ്ടാക്കിയെടുത്തതാണോ രൂപയുടെ മൂല്യച്യുതി എന്ന സംശയം. നേരത്തെ ഇന്ത്യക്ക് കടമെടുക്കല്‍ ശേഷി കുറഞ്ഞെന്ന് പറഞ്ഞുകൊണ്ട് അന്താരാഷ്ട്ര ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്‌സ് ക്രഡിറ്റ് റേറ്റിംഗ് താഴ്ത്തിയപ്പോള്‍, സാമ്പത്തിക പരിഷ്‌കരണങ്ങളുടെ വേഗം കൂട്ടുക എന്നതാണ് രക്ഷപ്പെടാനുള്ള മാര്‍ഗമെന്ന് അവര്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.


അഴിമതി ആരോപണങ്ങളാല്‍ ചൂഴ്ന്ന് നിന്നിരുന്ന സര്‍ക്കാറിന് അന്ന് യാതൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. അത്തരം ആരോപണങ്ങളുടെ നിഴലില്‍ തന്നെയാണ് സര്‍ക്കാര്‍ ഇപ്പോഴും. അഴിമതിയെക്കുറിച്ചുള്ള അന്വേഷണങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം കൂടി നേരിടുന്ന സ്ഥിതിയുമാണ്. എന്നിട്ടും ലോക്‌സഭയും രാജ്യസഭയും അര്‍ധരാത്രിയോളം സമ്മേളിച്ച് ബില്ലുകള്‍ പാസ്സാക്കിയെടുക്കുന്നു. യു പി എ സര്‍ക്കാറിനെ പുറത്താക്കി അധികാരത്തിലേറാന്‍ വെമ്പുന്ന മുഖ്യ പ്രതിപക്ഷമായ ബി ജെ പി, ഇതിനായി സഹകരിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് കളത്തിലേക്ക് ഇറങ്ങും മുമ്പ് സംഗതികളിലൊക്കെ തീരുമാനമാക്കേണ്ടിയിരിക്കുന്നു രണ്ട് കൂട്ടര്‍ക്കുമെന്ന് ചുരുക്കം.
വിദഗ്ധര്‍ മുന്നോട്ടുവെക്കുന്ന കണക്കുകള്‍, അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ തന്നെ നല്‍കുന്ന ശിപാര്‍ശകള്‍, അത് തൊണ്ട തൊടാതെ വിഴുങ്ങുന്ന മന്തിമാര്‍ - ഈ സാഹചര്യത്തെയാണ് രാം മനോഹര്‍ ലോഹ്യ, 1960കളുടെ തുടക്കത്തില്‍ അഭിസംബോധന ചെയ്തത്.


ഇപ്പോഴത്തെ സാഹചര്യത്തില്‍ വിദഗ്ധര്‍ തന്നെയാണ് മന്ത്രിമാര്‍. അവര്‍ തന്നെയാണ് കണക്കുകള്‍ അവതരിപ്പിച്ച് അതിന്റെ അടിസ്ഥാനത്തില്‍ ശിപാര്‍ശകള്‍ മുന്നോട്ടുവെക്കുന്നതും തീരുമാനങ്ങളെടുത്ത് നടപ്പാക്കുന്നതും. സ്ഥിതിവിവരക്കണക്കുകാരും വിദഗ്ധരും വിഷപ്പാമ്പുകളാണെങ്കില്‍, മന്ത്രിസ്ഥാനം കൈയാളുന്ന സ്ഥിതിവിവരക്കണക്കുകാരും വിദഗ്ധരും വമിപ്പിക്കുന്ന വിഷത്തിന്റെ കാഠിന്യം കൂടുമെന്ന് ഉറപ്പ്. ലോഹ്യ കണ്ട പാമ്പാട്ടികള്‍, ആഭ്യന്തര കുത്തകകളായിരുന്നുവെങ്കില്‍, ഇപ്പോഴത്തെ വിദഗ്ധര്‍ക്ക് (മന്ത്രിമാര്‍ക്ക്) താളമൊരുക്കുന്നത് വിദേശ കുത്തകകളോ അവരുടെ മുതലാളിമാരായ, ആഗോള നിയന്ത്രണം ഏറ്റെടുക്കാന്‍ വെമ്പുന്ന ഭരണകൂടങ്ങളോ ആണ്. ആ താളത്തിനനുസരിച്ച് ആടിക്കൊണ്ടിരിക്കെ തന്നെ, അമേരിക്കയില്‍ നിന്നുള്ള വിവരങ്ങള്‍ക്കനുസരിച്ച് നമ്മുടെ കമ്പോളം ഏന്തുകൊണ്ട് പെരുമാറുന്നുവെന്ന ചോദ്യമുന്നയിച്ച് ജനത്തെ കബളിപ്പിക്കാന്‍ വിഷപ്പാമ്പുകള്‍ക്ക് സാധിക്കുന്നുവെന്ന് മാത്രം.


ഈ വിദഗ്ധരെ കളത്തിനനുസരിച്ച് ആടിക്കാന്‍ പാകത്തില്‍ മകുടിയൂതാന്‍ കഴിയുന്നവര്‍ ഇല്ല എന്നത് കൂടിയാണ് ആഗോള പ്രതിഭാസത്തിന്റെ കണക്കില്‍ എല്ലാം എഴുതിത്തള്ളാന്‍ തയ്യാറാകുന്ന വയലാര്‍ രവിയില്‍ നിന്ന് മനസ്സിലാകുന്നത്.  കൃഷി, വ്യവസായം, ദേശീയ വരുമാനം എന്നിവയെയൊക്കെ പുതിയ സാഹചര്യത്തില്‍ പഠിച്ച് നിഗമനങ്ങളിലെത്താനുള്ള ത്രാണി, അന്നത്തെപ്പോലെ ഇന്നും ഈ നേതാക്കള്‍ക്കില്ല. അതുകൊണ്ട് വിഷപ്പാമ്പുകള്‍ നല്‍കുന്ന സ്ഥിതിവിവരക്കണക്കുകളെയും ശിപാര്‍ശകളെയും വിശ്വസിക്കുകയേ മാര്‍ഗമുള്ളൂ. തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കാതിരിക്കും വിധത്തില്‍ അവയെ വ്യാഖ്യാനിക്കുകയും. അടിസ്ഥാന പ്രശ്‌നങ്ങളെ അവലംബിച്ച് വിധിയെഴുതാന്‍ സാധിക്കാത്ത നിസ്സഹായരായ സമ്മതിദായകക്കൂട്ടമുള്ളപ്പോള്‍, വിഷപ്പാമ്പുകളുടെയും അവരുടെ ആട്ടത്തെ നോക്കിനില്‍ക്കുന്ന നേതൃസമുച്ചയത്തിന്റെയും കബളിപ്പിക്കല്‍ പ്രക്രിയ സുഖകരമായി മുന്നോട്ടുപോകുകയും ചെയ്യും. അവിടെ രഘുറാം രാജനെപ്പോലുള്ള, പാമ്പാട്ടിമാരുടെ പ്രതിനിധികള്‍ വിജയസ്മിതവുമായി നില്‍ക്കുകയും ചെയ്യും.

2013-09-02

കച്ചേരിയില്‍ കല്ലുകടിക്കുമ്പോള്‍ശാന്തശീലനും മൃദുഭാഷിയുമായ നമ്മുടെ പ്രധാനമന്ത്രി (ശരിയല്ലെന്ന് അറിയാമെങ്കിലും ശീലങ്ങള്‍ മാറ്റുക എളുപ്പമല്ല. അതിനാലാണ്“'നമ്മുടെ' എന്നെഴുതിപ്പോകുന്നത്) പാര്‍ലിമെന്റില്‍ പ്രതിപക്ഷത്തോട് കയര്‍ക്കുന്നു. കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായകമായ നിലപാട് സ്വീകരിക്കാത്ത പ്രതിപക്ഷത്തിന് ഇപ്പോഴത്തെ അവസ്ഥയില്‍ ഉത്തരവാദിത്വമുണ്ടെന്ന ആരോപണം ഉറച്ച ശബ്ദത്തില്‍ തന്നെ ഉന്നയിച്ചു.


ഡോ. മന്‍മോഹന്‍ സിംഗിന്റെയും ധനമന്ത്രിയായിരുന്ന പ്രണാബ് കുമാര്‍ മുഖര്‍ജിയുടെയും വിശ്വസ്തനായിരുന്നു ദുവ്വുരി സുബ്ബ റാവു. ധന സെക്രട്ടറിയായിരുന്ന സുബ്ബ റാവുവിനെ റിസര്‍വ് ബേങ്ക് ഗവര്‍ണറായി നിയമിച്ചത് അതുകൊണ്ടാണ്. മുഖര്‍ജിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിയോഗിച്ചപ്പോള്‍ ധനമന്ത്രാലയത്തിന്റെ ചുമതലയില്‍ തിരിച്ചെത്തിയ പളനിയപ്പന്‍ ചിദംബരത്തിനും വിശ്വാസമുണ്ടായിരുന്നു സുബ്ബ റാവുവില്‍. അതുകൊണ്ടാണ് റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് 2011ല്‍ വിരമിക്കേണ്ടിയിരുന്ന സുബ്ബ റാവുവിന് കാലാവധി രണ്ട് വര്‍ഷം നീട്ടി നല്‍കിയത്. എന്നിട്ടും സുബ്ബ റാവുവെടുത്ത തീരുമാനങ്ങളില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കാന്‍, അതും അദ്ദേഹം വിരമിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ചിദംബരം തയ്യാറായി.


മന്‍മോഹചിദംബരാദികള്‍ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌കരണ നയങ്ങളോട് തെല്ലും വിയോജിപ്പുള്ളയാളല്ല സുബ്ബ റാവു. ഇന്ത്യയുടെ സാമ്പത്തിക മന്ത്രാലയത്തെയോ രാജ്യത്തെ തന്നെയോ നയിക്കുന്ന പദവിയിലേക്കോ സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്ന ഉയര്‍ന്ന സ്ഥാനങ്ങളിലേക്കോ ആളുകളെ ക്ഷണിച്ച് പരസ്യം ചെയ്താല്‍ അന്താരാഷ്ട്ര നാണയ നിധിയില്‍ പ്രവര്‍ത്തിച്ചുള്ള പരിചയം അത്യാന്താപേക്ഷിതം എന്ന വ്യവസ്ഥ നിശ്ചയമായുമുണ്ടാകും. ഇതുള്‍പ്പെടെ മന്‍മോഹന്‍ സിംഗും ചിദംബരവും മൊണ്ടേക് സിംഗ് അലുവാലിയയുമൊക്കെ ഇച്ഛിക്കുന്ന സര്‍വയോഗ്യതകളുമുണ്ട് സുബ്ബ റാവുവിന്. എന്നിട്ടും സേവനത്തില്‍ നിന്ന് പിരിയുന്ന ദിനങ്ങളില്‍ ചിദംബരത്തിനെതിരെ സംസാരിക്കുന്നു അദ്ദേഹം. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം സര്‍ക്കാറിന്റെ ധനനയങ്ങളാണെന്ന് കുറ്റപ്പെടുത്തുന്നു. പ്രതിസന്ധിയില്‍ ഒറ്റക്ക് നടക്കേണ്ടിവരുന്നുവെന്ന് ഇപ്പോള്‍ വിലപിക്കുന്ന ധനമന്ത്രിക്ക്, റിസര്‍വ് ബേങ്ക് എന്ന സ്ഥാപനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടല്ലോ എന്ന് ഒരു നെടുവീര്‍പ്പോടെ പിന്നീട് പറയേണ്ടിവരുമെന്ന് പരിഹസിക്കുന്നു.


സംഗീതക്കച്ചേരിക്ക് ലയവിന്യാസം പ്രധാനമാണ്. വായ്പ്പാട്ടുകാരനും പക്കമേളക്കാരും ശ്രുതിയിലും ഭാവത്തിലും പൂര്‍ണമായും യോജിക്കുമ്പോഴാണ് കച്ചേരി ഏറെ ആസ്വാദ്യമാകുക. ഇവയില്‍ ഏതെങ്കിലുമൊന്ന് അല്‍പ്പം ഇടറിയാല്‍ വിന്യാസമാകെ തകരാറിലാകും. സംഗീതത്തെക്കുറിച്ച് ആഴത്തില്‍ അറിയാത്തവര്‍ക്ക് പോലും അലോസരമുണ്ടാകുകയും ചെയ്യും. ഇത്തരമൊരു അവസ്ഥയില്‍ പക്കമേളക്കാര്‍ പരസ്പരം കുറ്റപ്പെടുത്തും. പക്കമേളക്കാരുടെയൊക്കെ സഹായം ഇനിയും വേണമെന്ന് അറിയാവുന്ന വായ്പ്പാട്ടുകാരന്‍ രംഗ സംവിധാനത്തെയോ പുറത്തെ തെരുവിലുണ്ടായ വലിയ ശബ്ദകോലാഹലങ്ങളെയോ കുറ്റപ്പെടുത്തും. എവിടെയാണ് പാളിയതെന്ന് കണ്ടെത്തി, തിരുത്താന്‍ തയ്യാറാകാത്തവരാണ് ഇത്തരത്തില്‍ കുറ്റപ്പെടുത്തലുകള്‍ നടത്തുക. അല്ലെങ്കില്‍ തിരുത്താന്‍ പാകത്തിലല്ല പാളിച്ചയെന്ന് അറിയാവുന്നവര്‍. അതുമല്ലെങ്കില്‍ സംഭവിച്ചത് പാളിച്ചയാണെന്ന് സമ്മതിക്കുന്നത്“'കുറവാണെന്ന്' കരുതുന്നവര്‍. എന്തായാലും കച്ചേരിക്ക് ബുക്കിംഗ് കുറയുക എന്നതാണ് ക്രമേണ സംഭവിക്കുക. കച്ചേരിക്കാരുടെ ജനപ്രീതി കുറയുക എന്നതും.


സാമ്പത്തിക പരിഷ്‌കരണം അതിന്റെ ശ്രുതിയും ലയവും തെറ്റാതെ (ആ ശ്രുതിയും ലയവുമാണോ രാജ്യത്തിന്റെ പരമാധികാരം നിലനിര്‍ത്തുന്നതിനും ജനങ്ങളുടെ ദാരിദ്ര്യമില്ലാതാക്കുന്നതിനും വേണ്ടത് എന്നതില്‍ ഭിന്നാഭിപ്രായമുണ്ട്) മുന്നോട്ടുപോയിരുന്ന കാലത്ത്, മൊത്തം ആഭ്യന്തര ഉത്പാദനം രണ്ടക്കത്തെ ലക്ഷ്യമിടുകയാണെന്ന് മന്‍മോഹനും കൂട്ടരും പാടിയിരുന്നു. അംബരചുംബികളായ കെട്ടിട സമുച്ചയങ്ങള്‍, ടോള്‍ പെട്ടിയില്‍ പണം നിക്ഷേപിച്ച് സഞ്ചരിക്കാവുന്ന വിശാലമായ പാതകള്‍, ധാതുക്കളുടെ ചൂഷണം സാധ്യമാക്കാന്‍ സഹസ്ര കോടികള്‍ നിക്ഷേപിക്കാന്‍ തയ്യാറായെത്തുന്ന വിദേശ കമ്പനികള്‍, ഒരു നേരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവന് പോലും ഒഴിവാക്കാന്‍ സാധിക്കാത്ത വിധം വ്യാപകമായ  മൊബൈല്‍ ഫോണ്‍ ശൃംഖലകള്‍, ഇവയിലൊക്കെക്കൂടി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍ എന്നു വേണ്ട പരിഷ്‌കാരങ്ങള്‍ സമ്മാനിച്ച നേട്ടങ്ങള്‍ ഇതിന് ആധാരമായി അവര്‍ ചൂണ്ടിക്കാട്ടി. ഇവയൊക്കെ നിലനിര്‍ത്തുന്നതിനും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പരിഷ്‌കരണത്തിന്റെ വേഗം കൂട്ടണമെന്നായിരുന്നു അടുത്ത പാട്ട്.


അവകാശവാദങ്ങളുടെ അടിസ്ഥാനം തകര്‍ത്തത്, കൂടെ നില്‍ക്കുമെന്ന് പരിഷ്‌കരണക്കച്ചേരിക്കാര്‍ വിശ്വസിച്ചവര്‍ തന്നെയായിരുന്നു. സ്വന്തം പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യാ മഹാരാജ്യമെന്ന വലിയ കമ്പോളത്തെ വേണ്ടുംവണ്ണം ഉപയോഗിച്ചവര്‍, അവരുടെ നില ഭദ്രമായെന്ന് തോന്നിയപ്പോള്‍ നിക്ഷേപമൊക്കെ പിന്‍വലിച്ച് മേധാവിത്വം കുറച്ചുകൂടി ഉറപ്പിച്ചു. നിക്ഷേപം പിന്‍വലിക്കുന്ന പ്രവണത തുടങ്ങിയപ്പോഴാണ് ഇവിടുത്തെ കച്ചേരിയില്‍ താളപ്പിഴയുണ്ടായത്. അത് ജനമറിയാതെ നോക്കാന്‍ ഒരു വര്‍ഷത്തോളം ശ്രമിച്ചു. പ്രശ്‌നങ്ങള്‍ താത്കാലികമാണ്, സാമ്പത്തിക നില ഭദ്രമാണ്, നിക്ഷേപത്തിന് ഏറ്റവും അനുകൂല അന്തരീക്ഷം രാജ്യത്ത് നിലനില്‍ക്കുകയാണ് എന്ന് തുടങ്ങിയ പ്രസ്താവനകള്‍ ധനമന്ത്രി ആവര്‍ത്തിച്ചത് അതുകൊണ്ടാണ്. അത്തരം പ്രസ്താവനകള്‍ക്ക് ഇനി വിലയുണ്ടാകില്ലെന്ന തിരിച്ചറിവ് ഇപ്പോള്‍ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ക്കും ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനുമൊക്കെയുണ്ട്. അതുകൊണ്ടാണ് ധനമന്ത്രിയും ആര്‍ ബി ഐ ഗവര്‍ണറും പരസ്പരം കുറ്റപ്പെടുത്തുന്നത്.  ഈ ടീമിനെ അല്‍പ്പകാലം കൂടി നയിക്കേണ്ടതുണ്ടെന്നും ആ കാലം കൊണ്ട് എന്തെങ്കിലും നിവൃത്തിയുണ്ടാകേണ്ടത് തിരഞ്ഞെടുപ്പിലേല്‍ക്കാനിടയുള്ള പരുക്കിന്റെ ആഘാതം കുറക്കാന്‍ അനിവാര്യമാണെന്നും അറിയാവുന്നതുകൊണ്ടാണ് രംഗവേദിയിലെ എതിര്‍പ്പിനെയും തെരുവിലെ ബഹളത്തെയും (സിറിയയെച്ചൊല്ലിയുള്ള പ്രതിസന്ധിയും കാരണമെന്ന് പ്രധാനമന്ത്രി പറഞ്ഞത് ഓര്‍ക്കുക) ഡോ. മന്‍മോഹന്‍ സിംഗ് പഴിക്കുന്നത്.
രംഗവേദിയില്‍ ഇപ്പോള്‍ എതിര്‍പ്പുയര്‍ത്തുന്നവരും (ബി ജെ പിയും സഖ്യകക്ഷികളും) പരിഷ്‌കരണ രാഗം ആലപിക്കാന്‍ താത്പര്യമുള്ളവരാണെന്ന് അറിയാവുന്നതു കൊണ്ട് കൂടിയാണ് മന്‍മോഹന്‍ അവരെ കുറ്റപ്പെടുത്തുന്നത്.


ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം തുടരെ ഇടിയുന്നതും അത് സൃഷ്ടിച്ചേക്കാവുന്ന വിലക്കയറ്റവുമാണ് ജനങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ മനസ്സിലാകുന്നത്. എന്നാല്‍ സാമ്പത്തിക നയവിശാരദന്‍മാര്‍ക്കിടയിലുള്ള തര്‍ക്കത്തിന് കാരണം, രൂപയുടെ മൂല്യശോഷണമെന്ന  ലക്ഷണം പുറമേക്ക് കാണിക്കുന്ന രോഗത്തിന്റെ മാരകാവസ്ഥയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം അഞ്ച് ശതമാനത്തിന് താഴേക്ക് എത്തിയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ (ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങള്‍) വളര്‍ച്ചാ നിരക്ക് 4.4 ശതമാനത്തിലെത്തി. രൂപയുടെ മൂല്യം കൂടുതല്‍ ഇടിഞ്ഞ്, ഉത്പാദന വേഗം ചുരുങ്ങുകയും കയറ്റുമതി ഇടിയുകയും ചെയ്ത കാഴ്ചയാണ് രണ്ടാം പാദത്തില്‍ ഇതുവരെ (ജൂലൈ, ആഗസ്റ്റ് മാസങ്ങള്‍) കണ്ടത്. കാലവര്‍ഷത്തില്‍ കൂടുതല്‍ മഴ ലഭിച്ചുവെന്നതാണ് പ്രതീക്ഷക്കുള്ള വകയായി പ്രധാനമന്ത്രി പോലും കാണുന്നത്. കാര്‍ഷികോത്പാദനം വര്‍ധിക്കുമന്നും അത് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ നിരക്കിനെ അഞ്ചര ശതമാനമെന്ന, പ്രതീക്ഷിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുമെന്നും അദ്ദേഹം കരുതുന്നു. ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ അവസ്ഥയറിയാവുന്ന ആരും ഈ പ്രതീക്ഷ പുലരുമെന്ന് കരുതാനിടയില്ല.


2013- 14 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ പ്രതീക്ഷിച്ചിരുന്ന ധനക്കമ്മിയുടെ 63 ശതമാനം ഇപ്പോഴേ ഉണ്ടായിരിക്കുന്നു. പന്ത്രണ്ട് മാസം കൊണ്ടുണ്ടാകുമെന്ന പ്രതീക്ഷിച്ച കമ്മിയുടെ 63 ശമതാനം നാല് മാസം കൊണ്ട് സംഭവിച്ചു. അപ്പോള്‍ ഇനിയുള്ള എട്ട് മാസം സൃഷ്ടിക്കാനിടയുള്ള ധനക്കമ്മി എത്രത്തോളമായിരിക്കും? അത് നിയന്ത്രിക്കണമെങ്കില്‍ സര്‍ക്കാര്‍ ചെലവ് ചുരുക്കേണ്ടിവരും. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കണമെങ്കില്‍ 90,000 കോടി രൂപ വേണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി പറയുന്നത്. യഥാര്‍ഥ ചെലവ് 1.13 ലക്ഷം കോടി രൂപയെങ്കിലുമാകുമെന്നാണ് കണക്ക്. മറ്റ് വിധത്തില്‍ സംഭവിക്കുന്ന കമ്മിയിലേക്ക് ഈ പുതിയ ചെലവ് കൂടി ചേര്‍ക്കുന്നതോടെ രാജ്യത്തിന്റെ സമ്പദ് സ്ഥിതി എവിടെയെത്തുമെന്ന ചോദ്യം ഉയരുന്നുണ്ട്?


മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 4.8 ശതമാനമായി ധനക്കമ്മി നിജപ്പെടുത്തുമെന്നാണ് ധനമന്ത്രി പി ചിദംബരം ആവര്‍ത്തിക്കുന്നത്. അത് സാധിക്കണമെങ്കില്‍ നേരത്തെ പറഞ്ഞത് പോലെ ചെലവ് ചുരുക്കേണ്ടിവരും. ഭരണച്ചെലവ് മാത്രമല്ല, നിക്ഷേപച്ചെലവും നിയന്ത്രിക്കേണ്ടിവരും. അതിന് തയ്യാറായാല്‍ വിവിധ മേഖലകളിലെ വളര്‍ച്ചയെ കൂടുതല്‍ ദോഷകരമായി ബാധിക്കുക എന്നതാകും ഫലം.


ഒമ്പത് ശതമാനത്തോളം വളര്‍ച്ചാ നിരക്ക് കൈവരിക്കുകയും 2008ല്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ മാന്ദ്യം നേരിട്ടപ്പോള്‍ ശക്തമായി നില്‍ക്കുകയും ചെയ്ത ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ എന്തുകൊണ്ട് അത്യാഹിത വിഭാഗത്തിലെത്തി എന്ന ചോദ്യത്തിനാണ് നേരുള്ള ഉത്തരം വേണ്ടത്. ആ ഉത്തരം പറയാന്‍ മടിക്കുന്നതു കൊണ്ടാണ് പരസ്പരം കലഹിക്കുകയോ വേദിയെ കുറ്റംപറയുകയോ ഒക്കെ ചെയ്യുന്നത്. സാധ്യമായ എല്ലാ മേഖലകളും വിദേശ മൂലധനത്തിന്റെ വിളയാട്ടത്തിന് തുറന്നു കൊടുക്കുകയും ആഭ്യന്തര മേഖലകളിലൊക്കെ ഊഹക്കച്ചവടം സാധ്യമാക്കി പണം വിളയിക്കുകയും ചെയ്തതിന്റെ ഫലമാണിതെന്ന് പറയാന്‍ മടിയുണ്ടാകുക സ്വാഭാവികം. അത്തരം കുമിളകള്‍ക്ക് ആയുസ്സുണ്ടാകില്ലെന്ന് ഊതിവീര്‍പ്പിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ അറിഞ്ഞിരുന്നവര്‍ക്ക്, 'ഞങ്ങളിത് അറിഞ്ഞുകൊണ്ട് ചെയ്തതാ'ണെന്ന് പറയാന്‍ സാധിക്കുമോ?   ഒരു കുമിള തകരുമ്പോഴുണ്ടാകുന്ന പ്രയാസം പരിഹരിക്കാന്‍ വലിയ മറ്റൊരു കുമിള സൃഷ്ടിക്കലാണെന്നതാണ് ഇവരുടെ സിദ്ധാന്തം. അതു നടക്കാത്തതിലുള്ള നിരാശ മൂലമാണ് പരിഷ്‌കാരങ്ങളുടെ വേഗം കൂട്ടാന്‍ നടത്തിയ ശ്രമങ്ങളെ, പാര്‍ലിമെന്റ് സുഗമമായി നടത്താന്‍ അനുവദിക്കാതെ തടഞ്ഞ പ്രതിപക്ഷത്തെ പ്രധാനമന്ത്രി കുറ്റപ്പെടുത്തുന്നത്. നിയമങ്ങളില്‍ മാറ്റം വരുത്തി പരിഷ്‌കാരവേഗം കൂട്ടാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ബദലുകള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയെ ധനമന്ത്രി കുറ്റപ്പെടുത്തുന്നത്. പറയുന്നതെല്ലാം ചെയ്തു കൊടുത്ത ശേഷവും പരാജയത്തിന്റെ ഉത്തരവാദിത്വം തലയിലിടുന്നതിലെ നിരാശമൂലം സുബ്ബറാവുവിന് പ്രതികരിക്കേണ്ടിവരുന്നത്.


പൊതുമധ്യത്തില്‍ ലഭ്യമാകുന്ന കണക്കുകള്‍ ആശാഹവമായ അവസ്ഥയല്ല വരഞ്ഞിടുന്നത്. വിലക്കയറ്റം, ഉത്പാദനത്തിലുണ്ടാകുന്ന ഇടിവ,് തൊഴിലവസരങ്ങളുടെ സൃഷ്ടിയിലുണ്ടാകുന്ന കുറവ്, വരുമാന ശോഷണം എന്നു തുടങ്ങി മുണ്ടുമുറുക്കിയുടുക്കേണ്ടത് അനിവാര്യമാക്കുന്ന പലതും പ്രതീക്ഷിക്കാം. ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് നയിച്ച പാളിച്ചകള്‍ തിരുത്താതെ മൂലധന നിക്ഷേപങ്ങളുടെ പുതിയ ഒഴുക്കിന് തോടുകീറാന്‍ പ്രധാനമന്ത്രിയും കൂട്ടരും ശ്രമിക്കുമ്പോള്‍ പ്രത്യേകിച്ചും.