2015-08-31

കാനേഷുമാരിയില്‍ കാവി കലക്കുമ്പോള്‍


ജനസംഖ്യാ കണക്കെടുപ്പിന്റെ ലക്ഷ്യമെന്താണ്? ഒരു രാജ്യത്തെ ജനങ്ങള്‍ ഏതൊക്കെ മതവിഭാഗങ്ങളില്‍പ്പെടുന്നവരാണ് എന്ന് തിരിച്ചറിയലാണോ? ഓരോ മതവിഭാഗത്തില്‍പ്പെട്ടവരും ഒരോ ദശകത്തിലും എത്രകണ്ട് വര്‍ധിച്ചു/കുറഞ്ഞു എന്ന് കണക്കെടുക്കലാണോ? 2011ല്‍ പൂര്‍ത്തിയായ ജനസംഖ്യാ കണക്കെടുപ്പിന്റെ വിവരങ്ങള്‍ ഘട്ടം ഘട്ടമായി പുറത്തുവിടുകയാണ് കേന്ദ്ര സര്‍ക്കാര്‍. 121 കോടിയാളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വേര്‍തിരിച്ച് പ്രസിദ്ധം ചെയ്യുന്നതിന് ഏറെ സമയമെടുക്കുന്നുവെന്നതിനാലാണ് 2011ല്‍ പൂര്‍ത്തിയായ കാനേഷുമാരിയുടെ കണക്കുകള്‍ നാല് വര്‍ഷത്തിന് ശേഷം പുറത്തുവിടുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. സാമുഹിക - സാമ്പത്തിക ഘടകങ്ങളെ കേന്ദ്രീകരിച്ചുള്ള കണക്കുകളാണ് ആദ്യം പുറത്തുവിട്ടത്. മതത്തെ അധികരിച്ചുള്ളത് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നു. 2011ലെ കാനേഷുമാരിക്ക്, മുമ്പ് നടന്നവയെ അപേക്ഷിച്ചുണ്ടായിരുന്ന പ്രത്യേകത സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ജാതി അടിസ്ഥാനത്തിലുള്ള കണക്ക് കൂടി ശേഖരിച്ചുവെന്നതായിരുന്നു. ജാതി തിരിച്ചുള്ള കണക്ക് ഇപ്പോഴും പുറത്തുവന്നിട്ടില്ല. വിവരങ്ങളുടെ വ്യാപ്തി മൂലം സംസ്‌കരിച്ചെടുക്കാന്‍ പ്രയാസമെന്നാണ് ഔദ്യോഗിക വിശദീകരണം.


വിവിധ വിഭാഗങ്ങളുടെ വലുപ്പം, സാമുഹിക - സാമ്പത്തിക അവസ്ഥ, ആണെത്ര, പെണ്ണെത്ര, യുവാക്കളെത്ര, യുവതികളെത്ര, കുട്ടികളെത്ര, തൊഴിലുള്ളവരെത്ര, സ്‌ക്കൂളില്‍ പോകുന്നവരെത്ര എന്ന് തുടങ്ങി രാജ്യത്തെ ജനങ്ങളുടെ ആകെ സമഗ്രമായ വിവരങ്ങളുടെ സഞ്ചയമാണ് സാധാരണനിലക്ക് കാനേഷുമാരിയില്‍ നിന്ന് ലഭിക്കേണ്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തിന്റെ ആസൂത്രണ പ്രക്രിയയെ കൂടുതല്‍ സമഗ്രവും ഫലപ്രദവുമാക്കുന്നത്. ജനസംഖ്യാനുപാതിക പ്രാതിനിധ്യം എല്ലാ വിഭാഗങ്ങള്‍ക്കും കിട്ടുന്നുണ്ടോ ഇല്ലയോ എന്ന് നിശ്ചയിക്കുന്നതും ഇതിനെ അടിസ്ഥാനമാക്കിയാണ്. പ്രാതിനിധ്യം എന്നത് നിയമ നിര്‍മാണ സഭകള്‍ മുതലിങ്ങോട്ട് സകല മേഖലയിലും വരും. ഏതെങ്കിലും വിഭാഗത്തിന് ഏതെങ്കിലും തലങ്ങളില്‍ പ്രാതിനിധ്യം കുറഞ്ഞുപോകുന്നുവെന്ന് കണ്ടാല്‍ അത് പരിഹരിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ ആലോചിച്ച് നടപ്പാക്കേണ്ടതുണ്ട്. സാമൂഹികമോ സാമ്പത്തികമോ ആയ അളവുകളില്‍ ഏതെങ്കിലും വിഭാഗം/പ്രദേശം പിന്നാക്കം നില്‍ക്കുന്നുവെന്ന് കണ്ടെത്തിയാല്‍ അത് പരിഹരിക്കാനുള്ള നടപടികളും വേണം.


അസ്വാഭാവികമോ അസന്തുലിതമോ ആയ വളര്‍ച്ച/വളര്‍ച്ചാക്കുറവ് ഏതെങ്കിലും മേഖലയിലുണ്ടെന്ന് കണ്ടെത്തിയാല്‍ അതേക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുകയും വേണ്ട പരിഹാരനടപടികള്‍ സ്വീകരിക്കുകയും ചെയ്യാറുണ്ട്. ഇന്ത്യയില്‍ പലേടത്തും സ്ത്രീ - പുരുഷാനുപാതത്തിലുള്ള ഏറ്റക്കുറവ് ശ്രദ്ധയില്‍പ്പെട്ടത് കാനേഷുമാരികളിലൂടെയായിരുന്നു. പിറന്നുവീഴുന്നത് പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ കൊന്നുകളയുന്ന പതിവ് പലയിടത്തുമുണ്ടെന്നും അതാണ് അനുപാതം കുറയാനൊരു പ്രധാന കാരണമെന്നും പുറത്തുവന്നത് അനുപാതത്തിലെ അന്തരത്തെക്കുറിച്ചുള്ള പഠനങ്ങളുടെ തുടര്‍ച്ചയായാണ്. പെണ്‍കുഞ്ഞുങ്ങള്‍ക്കായി വിവിധ ഭരണസംവിധാനങ്ങള്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചത് ഇതിന്റെ തുടര്‍ച്ചയായാണ്. സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന വികസന പദ്ധതികളുടെ കുറേയെങ്കിലും സമതുലിതമായ വിതരണം സാധ്യമാക്കിയതിന് പിറകിലും ഈ വിവരശേഖരണത്തിന് വലിയ പങ്കുണ്ട്. ഇന്ത്യയുടെ കാര്യം സവിശേഷമായെടുത്താല്‍ വൈവിധ്യത്തിന്റെ നിലനില്‍പ്പ് തുടരുന്നതിനും അതിലുള്‍ക്കൊള്ളുന്ന സ്വത്വങ്ങളില്‍ ചിലത് അതിജീവിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും കാനേഷുമാരി വലിയപങ്കുവഹിച്ചിട്ടുണ്ട്. ആന്‍ഡമാന്‍ നിക്കൊബാര്‍ ദ്വീപ് സമൂഹങ്ങളിലെ ആദിമ നിവാസികളില്‍ ചിലതിനെ സംരക്ഷിക്കുന്നതിന് സവിശേഷമായ നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടം തീരുമാനിച്ചത് ഉദാഹരണമാണ്.


2011ല്‍ യു പി എ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ നടന്ന കാനേഷുമാരിയുടെ വിവരങ്ങള്‍, 2015ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പുറത്തുവിടുമ്പോള്‍ സാമ്പ്രദായികരീതിയില്‍ നിന്ന് ഭിന്നമാണ് കാര്യങ്ങള്‍. വിവരങ്ങള്‍ സര്‍ക്കാറിന്റെ കൂടി ഇംഗിതത്തിന് അനുസരിച്ച് ഘട്ടം ഘട്ടമായി പുറത്തുവിടുകയാണ് ചെയ്യുന്നത്. അതില്‍ തന്നെ മതം അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ കണക്ക് പുറത്തുവിടാന്‍ തിരഞ്ഞെടുത്ത സമയം വിമര്‍ശിക്കപ്പെടുന്നുമുണ്ട്. ബീഹാര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത് നടക്കാനിരിക്കെ സംഘ് പരിവാറിന് വര്‍ഗീയ പ്രചാരണം നടത്താന്‍ പാകത്തിലാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത് എന്നതാണ് വിമര്‍ശം. വിവരങ്ങളൊക്കെ നേരത്തെ തയ്യാറായിരുന്നുവെന്നും രാജ്‌നാഥ് സിംഗിനാല്‍ ഭരിക്കപ്പെടുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ അനുവാദം കിട്ടാതിരുന്നതിനാലാണ് കാലേക്കൂട്ടി പുറത്തുപറയാതിരുന്നത് എന്നുമാണ് കണക്കെടുപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. വിവരങ്ങളില്‍ കുറച്ചുഭാഗം ആഭ്യന്തര മന്ത്രാലയം മാധ്യമങ്ങളിലേക്ക് ആസൂത്രിതമായി ചോര്‍ത്തിക്കൊടുത്തു. അതിന് ശേഷമാണ് ഔദ്യോഗികമായി പുറത്തുവിടാന്‍ നിശ്ചയിച്ചത്. വിവരം പുറത്തുവിട്ട സമയത്തിനു നേര്‍ക്കുയരുന്ന ചോദ്യങ്ങള്‍ക്ക് ബലമേകുന്നതാണ് ഈ നടപടികള്‍.


നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലൂടെയും അല്ലാതെയും ക്രിസ്ത്യന്‍ - മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ എണ്ണം വര്‍ധിപ്പിക്കുകയാണെന്ന ആക്ഷേപം സംഘ്പരിവാര്‍ സംഘടനകള്‍ കാലങ്ങളായി ഉയര്‍ത്തുന്നുണ്ട്. 'ഘര്‍ വാപ്‌സി' എന്ന ഓമനപ്പേരിട്ട് തിരികെ ഹിന്ദുവാക്കാനുള്ള ശ്രമം സംഘ്പരിവാര്‍ അടുത്തിടെ ആരംഭിച്ചത് ഈ ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. 2011ലെ കാനേഷുമാരിയെ വസ്തുതാപരമായി പരിശോധിച്ചാല്‍ ഈ ആക്ഷേപങ്ങളൊക്കെ അടിസ്ഥാനമില്ലാത്തതാണെന്ന് കാണാനാകും. 1991ലെ കണക്കനുസരിച്ച് രാജ്യത്തെ ഹിന്ദുക്കളുടെ എണ്ണത്തിലുണ്ടായ വര്‍ധന 22.71 ശതമാനമായിരുന്നു. ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 1.36 ശതമാനം കുറയുകയും ചെയ്തു. അന്ന് മുസ്‌ലിംകളുടെ എണ്ണത്തിലുണ്ടായ വര്‍ധന 32.88 ശതമാനമായിരുന്നു. വളര്‍ച്ചാ നിരക്ക്, അതിനു മുമ്പത്തെ കണക്കെടുപ്പ് കാലത്തെ അപേക്ഷിച്ച് 2.09 ശതമാനം കൂടി. രണ്ട് ദശകം പിന്നിടുമ്പോള്‍ ഹിന്ദുക്കളുടെ എണ്ണത്തിലുള്ള വര്‍ധന 16.76 ശതമാനമായി കുറഞ്ഞു. വളര്‍ച്ചാ നിരക്ക് 3.17 ശതമാനമായി കുറയുകയാണ് ഉണ്ടായത്. മുസ്‌ലിംകളുടെ കാര്യത്തില്‍ എണ്ണം 24.6 ശതമാനം വര്‍ധിച്ചപ്പോള്‍ വളര്‍ച്ചാ നിരക്ക് 4.92 ശതമാനമായി കുറയുകയാണ് ചെയ്തത്. ക്രിസ്തുമത വിശ്വാസികള്‍ ആകെ ജനസംഖ്യയുടെ 2.3 ശതമാനം മാത്രമേയുള്ളൂ 2011ലെ കണക്കില്‍.


രഥയാത്ര, ബാബ്‌രി മസ്ജിദിന്റെ ധ്വംസനം, ഭീകരവാദികളെന്ന ആരോപണത്തിന്റെ നിഴല്‍, ഗുജറാത്ത് വംശഹത്യ എന്നിങ്ങനെ പല കാരണങ്ങളാല്‍ മുസ്‌ലിം ന്യൂനപക്ഷം അരക്ഷിതരാകുകയും സ്വത്വ സംരക്ഷണത്തിനായി കൂടുതല്‍ സംഘടിതമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന തോന്നല്‍ അവരില്‍ ശക്തമാകുകയും ചെയ്തതാണ് 1991 മുതലിങ്ങോട്ടുള്ള കാലം. അതുകൊണ്ടാണ് 1991ലെ വിവരങ്ങളുമായുള്ള താരതമ്യത്തിന് ശ്രമിച്ചത്. അക്കാലത്ത് ജനസംഖ്യാ വര്‍ധനയുടെ നിരക്ക് മുസ്‌ലിംകളെ സംബന്ധിച്ച് താഴേക്ക് വരികയാണ് ചെയ്തിരിക്കുന്നത്. ന്യൂനപക്ഷം, ആസൂത്രിതമായി ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന സംഘ്പരിവാര്‍ ആരോപണം തെറ്റെന്ന് തെളിയാന്‍ മറ്റൊരു കണക്കും ആവശ്യമില്ല. കണക്കുകളെ ഈ വിധം വിശദീകരിക്കപ്പെടുന്നത് തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ വാര്‍ത്താക്കുറിപ്പായി മാത്രം പുറത്തുവിട്ടാല്‍ മതിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ചത്. സാധാരണ നിലക്ക് കണക്കുകള്‍ അവതരിപ്പിച്ച് സെന്‍സസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ സമ്മേളനം നടത്തുകയും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്യാറുണ്ട്. ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വലിയ തോതില്‍ വര്‍ധിച്ചുവരികയാണോ എന്നൊരു ചോദ്യമുയര്‍ന്നാല്‍ വസ്തുതകളെ ആധാരമാക്കി അങ്ങനെയല്ലെന്ന് പറയാനേ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുമായിരുന്നുള്ളൂ. അതിന് അവസരമൊരുക്കാതിരുന്ന മോദി സര്‍ക്കാര്‍, സംഘ്പരിവാരത്തിന് സ്വന്തം പ്രചാരണം ആരംഭിക്കാന്‍ അവസരം തുറന്നിടുകയാണ് ചെയ്തത്.


രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ മുഖപത്രമായ ഓര്‍ഗനൈസര്‍ കണക്കുകളെ വ്യാഖ്യാനിക്കുന്നത് കൂടി ശ്രദ്ധിച്ചാല്‍ ഇത് വ്യക്തമാകും. ആകെ കണക്കെടുക്കുമ്പോള്‍ ഹിന്ദുക്കളുടെ ജനസംഖ്യ ദശാംശം ഏഴ് ശതമാനം കുറഞ്ഞ് 79.8 ശതമാനമായപ്പോള്‍ മുസ്‌ലിം ജനസംഖ്യ ദശാംശം എട്ട് ശതമാനം വര്‍ധിച്ച് 14.2 ശതമാനമായെന്നാണ് ഓര്‍ഗനൈസര്‍ ചൂണ്ടിക്കാട്ടുന്നത്. ജനസഖ്യയുടെ വളര്‍ച്ചാ നിരക്കിലുണ്ടായ ഇടിവ് മനഃപൂര്‍വം മറച്ചുവെച്ച് ആകെയുണ്ടായ വര്‍ധനയുടെ കണക്ക് ഉയര്‍ത്തിക്കാട്ടുകയും ഇവ്വിധം പോയാല്‍ 'ഇസ്‌ലാമിക ഭാരതം' നിലവില്‍ വരുമെന്ന ആശങ്ക പ്രചരിപ്പിക്കുകയുമാണ് അവര്‍. ഇപ്പോഴത്തെ തോതനുസരിച്ച് 2050 ആകുമ്പോഴേക്കും ഇന്ത്യയിലെ മുസ്‌ലിംകളുടെ എണ്ണം 31.1 കോടിയാകുമെന്നും ലോകത്തിലേറ്റവുമധികം മുസ്‌ലിംകളുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും വാദിക്കുകയും ചെയ്യുന്നു. 2050 ആകുമ്പോഴേക്കും ഹിന്ദുക്കളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന എത്രയെന്ന് പ്രവചിക്കാതെ, മുസ്‌ലിംകളുടെ എണ്ണം സങ്കല്‍പ്പിക്കുമ്പോള്‍ ഉദ്ദേശ്യം വ്യക്തമാണ്.


ഭൂരിപക്ഷ വര്‍ഗീയതയെ ആളിക്കത്തിക്കാന്‍, വിവരങ്ങളെ ഉപയോഗപ്പെടുത്തുകയാണ് സംഘ്പരിവാര്‍. അതിന് യോജിക്കും വിധത്തില്‍ വിവരങ്ങള്‍ പുറത്തുവിടുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍. ഔദ്യോഗിക വിശദീകരണങ്ങള്‍ ഒഴിവാക്കുക കൂടി ചെയ്യുമ്പോള്‍ സംഗതി കുറേക്കൂടി എളുപ്പകുമാകും. വിവരശേഖരണം ആസൂത്രണത്തിനോ സമ്പത്തിന്റെയോ അവസരങ്ങളുടെയോ യുക്തിസഹമായ വിതരണത്തിനോ ഉപയോഗിക്കുക എന്നത് ഈ സര്‍ക്കാറിന്റെ അജന്‍ഡയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുക വയ്യ. ഗുജറാത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ രൂപവത്കരിക്കണമെന്ന നിര്‍ദേശത്തിന് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. നരേന്ദ്ര മോദി ഭരിച്ച കാലത്തും അതിന് ശേഷവും അത് നടപ്പാക്കപ്പെട്ടിട്ടില്ല. നിയമപരമായി ചുമതലപ്പെട്ട കാര്യമായിട്ട് കൂടി അതിന് തയ്യാറാകാത്തവര്‍ വസ്തുതകളെ അധിഷ്ഠിതമാക്കി, ജനസംഖ്യാനുപാതിക പ്രാതിനിധ്യമോ വിഭവങ്ങളുടെ വിതരണമോ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുക വയ്യ. പ്രദേശങ്ങളുടെയും ജനവിഭാഗങ്ങളുടെയും പിന്നാക്കാവസ്ഥ കൂടി പരിഗണിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും വിഭവങ്ങളെ വിഭജിച്ച് നല്‍കുകയും ചെയ്തിരുന്ന ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തത്. പകരം പ്രാബല്യത്തിലായ നിതി ആയോഗ് എന്താണ് ചെയ്യുന്നത് എന്ന് ഇന്നും അജ്ഞാതമായി തുടരുന്നു. പ്രധാനമന്ത്രി സ്വന്തം ഇംഗിതങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും അനുസരിച്ച് പദ്ധതികള്‍ പ്രഖ്യാപിക്കുകയും മന്ത്രാലയങ്ങള്‍ അത് പിന്തുടരാന്‍ നിര്‍ബന്ധിതമാകുകയും ചെയ്യുന്നു. അപ്പോള്‍ പിന്നെ കാനേഷുമാരിയിലെ വിവരങ്ങള്‍ക്ക് സംഘ് പരിവാരത്തിന് പുതിയ ആയുധം നല്‍കുക എന്നതിനപ്പുറം വലിയ പ്രസക്തിയൊന്നും ഇല്ല തന്നെ.

No comments:

Post a Comment