2015-08-06

നോട്ട് ഒണ്‍ലി...ബട്ട് ഓള്‍സോ (സസ്‌പെന്‍ഡഡ് ഡെമോക്രസി)


ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ യു പി എ സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത് പാര്‍ലിമെന്റിന്റെ ഇരു സഭകളും എത്ര തവണ തടസ്സപ്പെട്ടിട്ടുണ്ടാകും? വിവിധങ്ങളായ അഴിമതി ആരോപണങ്ങള്‍ സര്‍ക്കാര്‍ നേരിടുകയും അതിന്‍മേലൊക്കെ അന്വേഷണവും പ്രധാനമന്ത്രിയുടെ പ്രതികരണവും ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി, പാര്‍ലിമെന്റ് സ്തംഭിപ്പിച്ചത് ബി ജെ പിയായിരുന്നു. ''പാര്‍ലിമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുക എന്നത് ജനാധിപത്യത്തിന്റെ രൂപങ്ങളിലൊന്നാണ്'' എന്നാണ് ഇപ്പോള്‍ വിദേശകാര്യ മന്ത്രിയും പാര്‍ലിമെന്റ് ഇപ്പോള്‍ സ്തംഭിക്കുന്നതിന് കാരണഭൂതരില്‍ ഒരാളുമായ സുഷ്മ സ്വരാജ് അന്ന് പറഞ്ഞതാണിത്. ഇന്ന് ധനമന്ത്രിയായിരിക്കുന്ന അരുണ്‍ ജെയ്റ്റ്‌ലി അന്ന് കുറേക്കൂടി വിപുലമായ വിശദീകരണം നല്‍കി. ''പാര്‍ലിമെന്റ് സ്തംഭിപ്പിക്കുന്നതിലൂടെ രാജ്യത്തിന് ഞങ്ങളൊരു സന്ദേശം നല്‍കുകയാണ്. സ്‌പെക്ട്രം അഴിമതിയുടെ പേരില്‍ മൂന്ന് വര്‍ഷം മുമ്പ് പാര്‍ലിമെന്റ് സ്തംഭിപ്പിച്ചപ്പോള്‍ ടെലികോം മേഖല ശുദ്ധീകരിക്കപ്പെട്ടു. ഇപ്പോള്‍ വിഭവങ്ങളുടെയാകെ വിതരണം സുതാര്യമാക്കുക എന്ന പ്രശ്‌നം രാജ്യം അഭിമുഖീകരിക്കുകയാണ്.''


ഇന്ത്യന്‍ പ്രീമിയര്‍ ലീഗെന്ന ക്രിക്കറ്റ് വ്യവസായത്തിന്റെ മുന്‍ മേധാവിയും വിദേശനാണ്യ വിനിമയച്ചട്ടങ്ങള്‍ ലംഘിച്ച കേസില്‍ പിടികൂടന്നതിന് നോട്ടീസ് പുറപ്പെടുവിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാത്തിരിക്കുന്നയാളുമായ ലളിത് മോദിക്ക് സഹായം ചെയ്തുകൊടുത്തുവെന്ന ആരോപണം നേരിടുന്ന സുഷ്മ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും മുന്‍ മാതൃകകളില്ലാത്ത വലിയ തട്ടിപ്പില്‍ ആരോപണ വിധേയനായ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് ഇപ്പോള്‍ എണ്ണം കൊണ്ട് തുച്ഛമായ കോണ്‍ഗ്രസ് പാര്‍ലിമെന്റ് തടസ്സപ്പെടുത്തുന്നത്. സുഷ്മ സ്വരാജും അരുണ്‍ ജെയ്റ്റ്‌ലിയും മുമ്പ് പറഞ്ഞ വാക്കുകളനുസരിച്ചാണെങ്കില്‍ ജനാധിപത്യത്തിന്റെ രൂപങ്ങളിലൊന്ന് ഉപയോഗപ്പെടുത്തി, ചില ശുദ്ധീകരണങ്ങള്‍ക്ക് ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. അപ്പോള്‍ പിന്നെ അതിന്റെ അംഗങ്ങളെ പാര്‍ലിമെന്റില്‍ നിന്ന് പുറത്താക്കുന്നതിന്റെ യുക്തി എന്താണ്? യുക്തിയോ ബുദ്ധിയോ കണക്കിലെടുത്തല്ല ഫാസിസ്റ്റുകള്‍ പ്രവര്‍ത്തിക്കുക എന്നതറിയാതെയല്ല ഈ ചോദ്യം.


2013ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, ലോകായുക്ത നിയമം ഭേദഗതി ചെയ്യാന്‍ ശ്രമിച്ചിരുന്നു. ലോകായുക്തയെ നിശ്ചയിക്കാനുള്ള കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം ഹൈക്കോടതി ചീഫ് ജസ്റ്റിസില്‍ നിന്ന് മുഖ്യമന്ത്രിയിലേക്ക് എത്തിക്കുക എന്നതായിരുന്നു നിയമ ഭേദഗതി ബില്ലിന്റെ ഉദ്ദേശ്യം. അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാനുള്ള ലോകായുക്തയെ നിശ്ചയിക്കാനുള്ള കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം ഇതര സംസ്ഥാനങ്ങളിലൊക്കെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കായിരിക്കെ, ഗുജറാത്തില്‍ മാത്രം മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ശ്രമിച്ചത് ഉദ്ദേശ്യശുദ്ധിയോടെയാകില്ലെന്ന് ഉറപ്പ്. കര്‍ണാടകത്തില്‍ ബി ജെ പിയുടെ മുഖ്യമന്ത്രിയായിരുന്ന ബി എസ് യെദിയൂരപ്പ  ലോകായുക്ത മൂലം അനുഭവിച്ച പ്രയാസം കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും. ഗുജറാത്തിലെ പ്രതിപക്ഷമായ കോണ്‍ഗ്രസ്, നിയമ ഭേദഗതിയെ എതിര്‍ത്തു. പ്രതിപക്ഷാംഗങ്ങളെ മുഴുവന്‍ നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് നരേന്ദ്ര മോദി ബില്ല് പാസ്സാക്കിയെടുത്തു. ഗവര്‍ണര്‍ തിരിച്ചയച്ചതുകൊണ്ടുമാത്രം ഭേദഗതി പ്രാബല്യത്തിലാക്കാന്‍ സാധിച്ചില്ല.


ഇത്തരം കൂട്ട സസ്‌പെന്‍ഷനുകള്‍ ഗുജറാത്തില്‍ പുത്തരയില്ല. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ കുറഞ്ഞത് പതിനഞ്ച് തവണയെങ്കിലും ഇത്തരം സസ്‌പെന്‍ഷനുകള്‍ ഗുജറാത്ത് അസംബ്ലിയിലുണ്ടായി. പല ബില്ലുകളും ചര്‍ച്ചകള്‍ കൂടാതെ പാസ്സാക്കി. നിയമസഭ സമ്മേളിക്കുന്ന കാലയളവ് തന്നെ കുറവ്. അതില്‍ തന്നെ ഭൂരിഭാഗം ദിനവും മുഖ്യമന്ത്രി ഹാജരുണ്ടാകാറില്ല. ചോദ്യങ്ങളുന്നയിക്കുന്നതിനും ചര്‍ച്ചകളില്‍ അഭിപ്രായം പറയുന്നതിനും ബി ജെ പിയുടെ പ്രതിനിധികള്‍ക്ക് തന്നെ നിയന്ത്രണം. ഇതിനൊക്കെ പുറമെയാണ് പ്രതിപക്ഷത്തെ സസ്‌പെന്‍ഡ് ചെയ്തുള്ള സഭാ നടത്തിപ്പ്. ഏകാധിപത്യമനോഭാവത്തിന് എത്രമാത്രം ഇരയാക്കപ്പെട്ടിരുന്നു ഗുജറാത്തിലെ 'ജനാധിപത്യത്തിന്റെ ശ്രീകോവില്‍' എന്നതിന് മറ്റ് തെളിവൊന്നും വേണ്ടതില്ല.


പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിഷേധിച്ചുവെന്നാരോപിച്ചാണ് കോണ്‍ഗ്രസിന്റെ 25 അംഗങ്ങളെ ഇപ്പോള്‍ അഞ്ച് ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഗുജറാത്തിലെ രീതി ഡല്‍ഹിയിലും നടപ്പാക്കാനുള്ള ശ്രമമല്ലാതെ മറ്റൊന്നല്ല ഇത്. സസ്‌പെന്‍ഷനില്‍ പ്രതിഷേധിക്കാന്‍ ബാക്കിയുള്ള പ്രതിപക്ഷാംഗങ്ങള്‍ തീരുമാനിച്ചിരുന്നുവെങ്കില്‍ അവരെയും സസ്‌പെന്‍ഡ് ചെയ്ത് സഭ നടത്താന്‍ നരേന്ദ്ര മോദി മടിക്കില്ലായിരുന്നു. അവര്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചതിനാല്‍, അഞ്ച് ദിനം കൊണ്ട് ലോക്‌സഭയിലെ സര്‍ക്കാര്‍ ബിസിനസ്സുകളൊക്കെ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാറിന് സാധിക്കും. സര്‍ക്കാര്‍ ബിസിനസ്സുകളുടെ നടത്തിപ്പാണ് സ്പീക്കറുടെ ചുമതല. ഈ സര്‍ക്കാറിന്റെ കാലത്തായതിനാല്‍ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്യപരിപാടികളുടെ നടത്തിപ്പായി മാറുന്നു. അതിന് അദ്ദേഹം തന്നെ സൃഷ്ടിച്ച മാതൃകകള്‍ സ്പീക്കര്‍ പിന്തുടരുന്നുവെന്ന് മാത്രം. രാജ്യസഭയില്‍ അധ്യക്ഷന്‍ ഉപരാഷ്ട്രപതിയും ഉപാധ്യക്ഷന്‍ കോണ്‍ഗ്രസുകാരനായ പി ജെ കുര്യനുമാകുകയും അവിടെ ഭൂരിപക്ഷം തത്കാലം ബി ജെ പിക്കില്ലാതിരിക്കുകയും ചെയ്കയാല്‍ മാതൃക അവിടെ തുടരാന്‍ സാധിക്കുന്നില്ലെന്ന് മാത്രം.


ലോക് സഭ നിരന്തരം സ്തംഭിക്കുന്നതിനാലും രാജ്യ സഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാലും ബില്ലുകള്‍ പാസ്സാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ സ്വീകരിക്കേണ്ട മാതൃകയും ഇതിനകം നരേന്ദ്ര മോദി കാട്ടിത്തന്നിട്ടുണ്ട്. വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാരം നല്‍കലും നിയമത്തിലെ ഭേദഗതി ഓര്‍ഡിനന്‍സിറക്കി പ്രാബല്യത്തിലാക്കുകയാണ് ചെയ്തത്. അതു തന്നെ, കാലാവധി കഴിഞ്ഞത് പരിഗണിച്ച് മൂന്നുകുറി പുതുക്കിയിറക്കുകയും ചെയ്തു. മറ്റ് ഏഴ് ഓര്‍ഡിനന്‍സുകളും കുറഞ്ഞകാലത്തിനിടെ മോദി സര്‍ക്കാര്‍ പുറപ്പെടുവിച്ചു. പാര്‍ലിമെന്റിന്റെ പ്രധാന ചുമതല തന്നെ നിയമ നിര്‍മാണമായിരിക്കെ, അവിടെ ചര്‍ച്ച നടക്കുകയും അംഗങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തുകയുമാണ് വേണ്ടത്. അതിന് തയ്യാറല്ലെന്നതിന്റെ പ്രകടമായ സൂചനയാണ് നിരന്തരം പുറപ്പെടുവിക്കുന്ന ഓര്‍ഡിനന്‍സുകള്‍.


നിയമ നിര്‍മാണങ്ങള്‍ക്ക് മറ്റൊരു കുറുക്കുവഴി കൂടി തേടുന്നുണ്ട് ബി ജെ പി. സര്‍ക്കാറിന്റെ വരവ് ചെലവുമായി ബന്ധമുണ്ടെന്ന് കാണിച്ച് മണി ബില്ലുകളായി ലോക്‌സഭയില്‍ അവതരിപ്പിച്ച് നിയമമാക്കുക എന്നതാണ് മാര്‍ഗം. മണി ബില്ലാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത്  ലോക് സഭാ സ്പീക്കറാണ്. ഭൂമി ഏറ്റെടുക്കലും പുനരധിവാസവും ഭേദഗതി ബില്ല് പോലും സര്‍ക്കാറിന്റെ വരവു ചെലവുമായി ബന്ധപ്പെടുത്തി മണി ബില്ലായി വ്യാഖ്യാനിക്കാനാകുമെന്ന് ചുരുക്കം. മണി ബില്ല് ലോക് സഭ പാസ്സാക്കിയാല്‍ രാജ്യ സഭ പതിനാല് ദിവസത്തിനകം ഇത് പാസ്സാക്കുകയോ നിര്‍ദേശങ്ങള്‍ സഹിതം മടക്കി അയക്കുകയോ വേണം. ഈ നിര്‍ദേശങ്ങള്‍ സ്വീകരിക്കണമോ വേണ്ടയോ എന്ന് ലോക് സഭക്ക് തീരുമാനിക്കാം. രാജ്യ സഭ പതിനാല് ദിവസനത്തിനകം ഈ നടപടിക്രമങ്ങളിലേതെങ്കിലും പൂര്‍ത്തിയാക്കുന്നില്ലെങ്കില്‍ ബില്ല് പാസായതായി കണക്കാക്കും.


വിദേശരാജ്യങ്ങളിലുള്ള സമ്പത്ത് സംബന്ധിച്ച് വിവരങ്ങള്‍ വെളിപ്പെടുത്താത്തവര്‍ക്ക് വലിയ പിഴ ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം നരേന്ദ്ര മോദി സര്‍ക്കാര്‍ അടുത്തിടെ പാസ്സാക്കിയത് ഈ പാതയിലാണ്. ഇത് വ്യാപകമാക്കാന്‍ തീരുമാനിച്ചാല്‍ പാര്‍ലിമെന്റ് തന്നെ സസ്‌പെന്‍ഡ് ചെയ്യുക എന്നാണ് അര്‍ഥം. ബി ജെ പിയുടെ പാര്‍ലിമെന്ററി പാര്‍ട്ടി കൂടുകയും നരേന്ദ്ര മോദി നിര്‍ദേശിക്കുന്ന നിയമ നിര്‍ദേശങ്ങളോ ഭേദഗതി നിര്‍ദേശങ്ങളോ പാസ്സാക്കിയാല്‍ മതിയാകും പിന്നെ. പ്രതിപക്ഷ അംഗങ്ങളുടെ സസ്‌പെന്‍ഷന്‍ കൂടിയുണ്ടെങ്കില്‍ ലോക്‌സഭയില്‍ സംഭവിക്കുക ഇതു തന്നെയാകും. സഭ വിളിച്ച് സമയവും പണവും ചെലവിടാതെ, എളുപ്പത്തില്‍ ചെയ്യാവുന്നത് ബി ജെ പിയുടെ പാര്‍ലിമെന്ററി പാര്‍ട്ടി വിളിക്കുന്നത് തന്നെ.


ഇത്തരം സസ്‌പെന്‍ഷനുകളും ജനാധിപത്യ സംവാദങ്ങളോടുള്ള അസഹിഷ്ണുതയും സര്‍ക്കാറിന് പുറത്തും വ്യാപകമായി നടക്കുന്നു.  ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിന്റെ കാരണങ്ങളന്വേഷിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത് തടയുകയും പോലീസ് നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ആശയ പ്രകാശനത്തിനുള്ള അവകാശം സസ്‌പെന്‍ഡ് ചെയ്യുകയാണ്. സംഘ് പരിവാരം സസ്‌പെന്‍ഷന് മുന്‍കൈ എടുക്കുന്നു, ഭരണകൂടം അതിനെ സാധിപ്പിച്ചുകൊടുക്കുന്നു. ഹൈന്ദവ പ്രാര്‍ഥനാ ഗാനം പാടാതെ ക്ലാസ്സില്‍ കയറാനാകില്ലെന്ന് ന്യൂനപക്ഷ വിഭാഗക്കാരനായ വിദ്യാര്‍ഥിയെ സ്‌കൂളിലെ പ്രധാനാധ്യാപകന്‍ നിര്‍ബന്ധിക്കുമ്പോള്‍, വിശ്വാസ സ്വാതന്ത്ര്യം സസ്‌പെന്‍ഡ് ചെയ്യുകയാണ്. അതിനെതിരെ പരാതിയുണ്ടാകുമ്പോള്‍ ഹൈന്ദവ പ്രാര്‍ഥനാ ഗാനം പാടിയാല്‍ വിശ്വാസം ഇല്ലാതാകുമോ എന്ന് ചോദിച്ച് ഭരണകൂടം സസ്‌പെന്‍ഷനെ ന്യായീകരിക്കും.


ഇത്തരം ക്രിയകളെ എതിര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍, അവരെ സസ്‌പെന്‍ഡ് ചെയ്യുന്നതിനും മാര്‍ഗങ്ങളേറെ. ഗുജറാത്ത് വംശഹത്യയുടെ ഇരകളെ സഹായിക്കാന്‍ ശ്രമിക്കുകയും നരേന്ദ്ര മോദിയുടെ ഗുജറാത്തിലെ ഏകാധിപത്യത്തെ എതിര്‍ക്കുകയും ചെയ്ത തീസ്റ്റ സെതല്‍വാദ് നേരിടുന്ന കേസുകളും അറസ്റ്റ് ഭീഷണിയുമൊക്കെ അതിന് തെളിവാണ്. എന്ത് ഭക്ഷണം കഴിക്കണം, ഏത് വസ്ത്രം ധരിക്കണമെന്ന അവകാശം പോലും രാജ്യത്ത് ചിലയിടങ്ങളില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുകയോ ഡിസ്മിസ് ചെയ്യപ്പെടുകയോ ചെയ്തിരിക്കുന്നു.


ചെറുതും വലുതുമായ പലതും സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നുണ്ട്. അതിനോടുള്ള പ്രതികരണങ്ങള്‍ ഇല്ലാതാക്കാനും പ്രതികരിക്കുന്നവരെ വരുതിക്ക് നിര്‍ത്താനും ശ്രമങ്ങള്‍ നടക്കുന്നുമുണ്ട്. മറ്റ് പലതും സസ്‌പെന്‍ഡ് ചെയ്യണമെന്ന ആഗ്രഹങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കുന്നുമുണ്ട്. ആ പട്ടികയിലെ ചെറുതൊന്നാണ് കോണ്‍ഗ്രസ് അംഗങ്ങളുടെ സസ്‌പെന്‍ഷന്‍. അതിനോട് ശക്തമായി പ്രതികരിക്കാന്‍ കോണ്‍ഗ്രസിനായിരിക്കുന്നുവെന്നതും അതിന് ഇതര പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ കിട്ടി എന്നതുമാണ് ശ്രദ്ധേയം. അതു നിലനിര്‍ത്താന്‍ സാധിക്കുമെങ്കില്‍ വലിയ സസ്‌പെന്‍ഷനുകളോട് ഏറ്റു നോക്കാം.