2009-08-09

സാര്‍വത്രിക (വിദ്യ) അഭ്യാസം


ഇത്‌ ചരിത്രമുഹൂര്‍ത്തമാണ്‌ - ആറിനും പതിനാലിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക്‌ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്ന ബില്‍ പാസ്സാക്കുന്നതിന്‌ മുന്നോടിയായി ലോക്‌സഭയില്‍ നടന്ന ചര്‍ച്ചകള്‍ക്ക്‌ മറുപടി പറയവെ മാനവ വിഭവശേഷി മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും വിദ്യ അഭ്യസിക്കാനുള്ള അവസരം ഉറപ്പാക്കുന്നതിന്‌ നിയമം കൊണ്ടുവരുമ്പോള്‍ അത്‌ ചരിത്ര മുഹൂര്‍ത്തം തന്നെയാണ്‌. കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സൗകര്യം അവകാശപ്പെടാനും ഈ സൗകര്യം നിഷേധിക്കപ്പെട്ടാല്‍ കോടതിയെ സമീപിക്കാനും രക്ഷിതാക്കള്‍ക്ക്‌ അവകാശം നല്‍കുമ്പോള്‍ പ്രത്യേകിച്ചും. സ്വാതന്ത്ര്യം കിട്ടി അറുപത്തിരണ്ട്‌ കൊല്ലം വേണ്ടിവന്നു ഇത്തരമൊരു നിയമം കൊണ്ടുവരാനെന്നും അതിന്‌ മുന്‍കൈ എടുക്കുന്നത്‌ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറാണെന്നുമൊക്കെയുള്ള ധ്വനികള്‍ ചരിത്ര മുഹൂര്‍ത്തമെന്ന കപില്‍ സിബലിന്റെ പ്രയോഗത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്‌.


രാജ്യത്തെ ഓരോ കുടുംബത്തെയും പ്രത്യേകിച്ച്‌ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ നേരിട്ട്‌ ബാധിക്കുന്നതാണ്‌ പുതിയ നിയമം. അതുകൊണ്ടു തന്നെ ഈ ക്രെഡിറ്റെടുക്കല്‍ കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ ആവശ്യം കൂടിയാണ്‌. കര്‍ഷകരെയും പാവപ്പെട്ടവരെയും പ്രതികൂലമായി ബാധിക്കുന്ന നയങ്ങളാണ്‌ ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ പിന്തുടരുന്നത്‌ എന്ന വിമര്‍ശം ശക്തമായി ഉയരുന്ന സാഹചര്യത്തില്‍ വിശേഷിച്ചും.


എല്ലാവര്‍ക്കും വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കുന്നതിന്‌ തടസ്സമായി നിന്നത്‌ നിയമത്തിന്റെ അഭാവമായിരുന്നോ എന്നത്‌ അന്വേഷിക്കേണ്ടതുണ്ട്‌. സാര്‍വത്രികമായ വിദ്യാഭ്യാസം വിഭാവനം ചെയ്യുന്ന നമ്മുടെ ഭരണഘടന അതിന്റെ മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ തന്നെ 14 വയസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക്‌ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന്‌ വ്യക്തമാക്കുന്നുണ്ട്‌. ഭരണഘടനയുടെ വകുപ്പ്‌ 45. 1950 ജനുവരി 26 (ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിവസം) മുതല്‍ പത്ത്‌ വര്‍ഷത്തിനകം പതിനാല്‌ വയസ്സുവരെ പ്രായമായവര്‍ക്കെല്ലാം വിദ്യാഭ്യാസ സൗകര്യമുറപ്പാക്കാന്‍ ഭരണകൂടം ശ്രമിക്കണമെന്നും ഈ വകുപ്പില്‍ നിര്‍ദേശമുണ്ട്‌.


ഭരണഘടന നിലവില്‍ വന്നതിന്‌ ശേഷം 27 വര്‍ഷം തുടര്‍ച്ചയായി ഇന്ത്യാ മഹാരാജ്യം ഭരിച്ചത്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയായിരുന്നു. നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ അന്ന്‌ ഒറ്റക്ക്‌ ഭരിച്ച കോണ്‍ഗ്രസിന്‌ കഴിഞ്ഞില്ല. ഇത്‌ ചരിത്ര മുഹൂര്‍ത്തമാണ്‌ എന്ന കപില്‍ സിബലിന്റെ വാദത്തിന്റെ ബലം അല്‍പ്പം കുറക്കുന്ന സംഗതിയാണിത്‌.


45-ാം വകുപ്പ്‌ വിദ്യാഭ്യാസത്തെക്കുറിച്ച്‌ നേരിട്ട്‌ പരാമര്‍ശിക്കുന്നുവെങ്കില്‍ മൗലികാവകാശങ്ങളായി ഭരണഘടന അംഗീകരിച്ചിരിക്കുന്നവയെല്ലാം എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്നത്‌ പരോക്ഷമായി ഉറപ്പാക്കുന്നുണ്ട്‌. മതം, വംശം, ജാതി, ലിംഗം, ജനന സ്ഥലം എന്നിവയിലധിഷ്‌ഠിതമായ വിവേചനങ്ങളുണ്ടാവില്ല എന്ന ഭരണഘടനാ വ്യവസ്ഥ വിദ്യാഭ്യാസത്തിന്‌ കൂടി ബാധകമാണ്‌. ത്രിപുരയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ ജനിക്കുന്ന ആദിവാസിക്കുട്ടി മുതല്‍ കന്യാകുമാരിയിലെ തീരഗ്രാമത്തില്‍ ജനിക്കുന്ന കുട്ടിക്കുവരെ വിവേചനരഹിതമായി വിദ്യാഭ്യാസത്തിനുള്ള സൗകര്യം ലഭ്യമാക്കാന്‍ ഭരണകൂടത്തിന്‌ ബാധ്യതയുണ്ടെന്ന്‌ അര്‍ഥം. ഈ ബാധ്യത നിറവേറ്റാന്‍ ഭരണകൂടത്തിന്‌ സാധിച്ചില്ല. അതുകൊണ്ടാണ്‌ സ്വാതന്ത്ര്യത്തിന്റെ 62-ാം വര്‍ഷത്തില്‍ പുതിയ ബില്‍ പാസ്സാക്കി പുളകം കൊള്ളേണ്ടിവന്നത്‌.


രാജ്യത്ത്‌ നിലനില്‍ക്കുന്ന സാമുഹിക യാഥാര്‍ഥ്യം പരിഗണിക്കുമ്പോള്‍, പുതിയ നിയമം പ്രാബല്യത്തിലാവുന്നതുകൊണ്ടു മാത്രം സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം എന്ന ലക്ഷ്യം പൂര്‍ത്തിയാവുമെന്ന്‌ കരുതാനാവില്ല. സര്‍ക്കാര്‍, എയിഡഡ്‌, സ്വകാര്യ സ്‌കൂളുകള്‍ സമൃദ്ധമായുള്ള സംസ്ഥാനങ്ങളിലൊന്നാണ്‌ കേരളം. ഇവിടെപ്പോലും കാടും മേടും ആറും കടന്ന്‌ കിലോമീറ്ററുകള്‍ നടന്ന്‌ സ്‌കൂളുകളില്‍ എത്താന്‍ വിധിക്കപ്പെട്ട വിദ്യാര്‍ഥികള്‍ കുറവല്ല. അധിവസിക്കുന്ന പ്രദേശത്തിന്‌ സമീപം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാവുക എന്നത്‌ എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതില്‍ സുപ്രധാനമാണ്‌. കേരളത്തിലേതുപോലുള്ള അവസ്ഥയല്ല മിക്കവാറും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളത്‌.


പ്രാഥമിക വിദ്യാഭ്യാസത്തിന്‌ പോലുമുള്ള സൗകര്യങ്ങള്‍ നിലവിലുള്ള ഗ്രാമങ്ങള്‍ കുറവ്‌. സെക്കന്‍ഡറി സ്‌കൂളില്‍ പോകുന്ന കുട്ടികളില്‍ ഭൂരിഭാഗവും ഉപജീവനം ലക്ഷ്യമിട്ടുള്ള തൊഴില്‍ കൂടി ചെയ്യുന്നവരാണ്‌. രാവിലെ പാടത്തോ പറമ്പിലോ ജോലി ചെയ്‌ത്‌ ബാക്കി സമയം വിദ്യാഭ്യാസത്തിന്‌ നീക്കിവെക്കുന്നവര്‍. സമീപ പ്രദേശങ്ങളില്‍ സ്‌കൂളുകളില്ലെങ്കില്‍ ഇവര്‍ സ്‌കൂളിലെത്തുന്ന ദിവസങ്ങളുടെ എണ്ണം കുറയും. അധികം വൈകാതെ സ്‌കൂളില്‍പ്പോകുന്നത്‌ നിലക്കുകയും ചെയ്യും. ഈ അവസ്ഥയില്‍ മാറ്റമുണ്ടാവാതെ ആറു വയസ്സ്‌ മുതല്‍ പതിനാലു വയസ്സ്‌ വരെയുള്ള കുട്ടികള്‍ക്കെല്ലാം വിദ്യാഭ്യാസമെന്ന ലക്ഷ്യം കൈവരിക്കാനാവില്ല. കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാവുകയും വിദ്യാഭ്യാസത്തിന്‌ വേണ്ട ഭൗതിക സൗകര്യങ്ങള്‍ ഏറെ അകലെയല്ലാതെ ഉണ്ടാവുകയും വേണം. ഇത്തരമൊരു മാറ്റത്തിന്‌ പുതിയ നിയമം ഏതളവില്‍ സഹായിക്കുമെന്ന്‌ കഴിഞ്ഞ 62 വര്‍ഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിലയിരുത്തല്‍ നടത്താന്‍ ബുദ്ധിമുട്ടുണ്ടാവില്ല.


സാര്‍വത്രികമായ വിദ്യാഭ്യാസം എന്നത്‌ ഭരണഘടനയുടെ നിര്‍ദേശക തത്വമായി നിലവിലുള്ളപ്പോള്‍ എന്തുകൊണ്ട്‌ പുതിയ നിയമം കൊണ്ടുവരുന്നുവെന്നതും ആലോചിക്കേണ്ടതാണ്‌. സ്വകാര്യ മേഖലയിലേതടക്കം എല്ലാ സ്‌കൂളുകളിലെയും 25 ശതമാനം സീറ്റ്‌ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി സംവരണം ചെയ്യുന്നുവെന്നതാണ്‌ നിയമത്തിലെ പ്രധാന വ്യവസ്ഥകളിലൊന്ന്‌. അധികം വൈകാതെ വിദ്യാഭ്യാസ മേഖലയില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്‍മാറുമെന്നതിന്റെ ചൂണ്ടുപലകയും. 4,000 കോടി രൂപയുടെ സ്വകാര്യ വിദ്യാഭ്യാസ കമ്പോളമാണ്‌ ഇന്ത്യയിലുള്ളതെന്ന്‌ 2008ല്‍ കണക്കാക്കിയിട്ടുണ്ട്‌. 2012ഓടെ ഇത്‌ 6,800 കോടിയായി ഉയരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. പ്രധാനമായും ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ളതാണ്‌ ഈ കമ്പോളം. ഇതിനെ സ്‌കൂള്‍ തലത്തിലേക്ക്‌ കൂടുതല്‍ വ്യാപിപ്പിക്കാനാണ്‌ ഉദ്ദേശ്യം.


സ്വകാര്യ സ്‌കൂളുകളില്‍ 25 ശതമാനം സീറ്റ്‌ വീതം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ സംവരണം ചെയ്യുകയും ഇവിടെ പ്രവേശനം നേടുന്നവരുടെ വിദ്യാഭ്യാസച്ചെലവ്‌ വഹിക്കുകയും ചെയ്യുക എന്ന റോളിലേക്ക്‌ സര്‍ക്കാര്‍ പിന്‍വാങ്ങും. സര്‍ക്കാറിന്റെ കീഴില്‍ വിദ്യാലയങ്ങള്‍ ആരംഭിക്കുന്നത്‌ കുറയും. സര്‍ക്കാര്‍ എയിഡഡ്‌ സ്ഥാപനങ്ങളും കാലക്രമേണ ഇല്ലാതാവും. കൂടുതല്‍ ആളുകള്‍ സ്വകാര്യ മേഖലയെ ആശ്രയിക്കുന്നതോടെ നിലവിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാലക്രമേണ ആവശ്യമില്ലാതെ വരികയും ചെയ്യും.


രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം ഏകീകരിക്കാന്‍ പുതിയ നിയമം സഹായകമാവുമെന്ന്‌ ലോക്‌സഭയിലെ മറുപടിയില്‍ കപില്‍ സിബല്‍ വ്യക്തമാക്കുന്നു. നിലവില്‍ പല പാഠ്യപദ്ധതികള്‍ രാജ്യത്ത്‌ നിലവിലുണ്ട്‌. വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നത്‌ പലത്‌. സി ബി എസ്‌ ഇ, ഐ സി എസ്‌ ഇ, ഐ എസ്‌ സി തുടങ്ങിയ കേന്ദ്ര സിലബസ്സുകള്‍ പുറമെ. പലതരം പാഠ്യപദ്ധതികള്‍ പലതരം പൗരന്‍മാരെ സൃഷ്‌ടിക്കുന്നുവെന്ന പരാതി വ്യാപകമാണ്‌. പക്ഷേ, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍ ഇവ ഒഴിവാക്കാന്‍ കഴിയില്ല. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നെത്തുന്ന കുട്ടികള്‍ക്ക്‌ കേന്ദ്ര സിലബസ്സുകളിലെ പാഠ്യപദ്ധതി പിന്തുടരുക എന്നത്‌ പ്രയാസമേറിയ ദൗത്യമാണ്‌. ഇത്‌ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ സ്‌കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക്‌ വര്‍ധിക്കാനാണ്‌ സാധ്യത.


സ്വകാര്യ മേഖല വിദ്യാഭ്യാസ മേഖല കൈയടക്കുമ്പോള്‍ സ്വാഭാവികമായും കേന്ദ്ര സിലബസ്സിന്‌ പ്രാമുഖ്യം ലഭിക്കാനാണ്‌ സാധ്യത. നിലവില്‍ ലഭിക്കുന്ന വിദ്യാഭ്യാസ സൗകര്യം പോലും നിഷേധിക്കപ്പെടുന്ന സ്ഥിതിയാവും പിന്നാക്ക വിഭാഗങ്ങള്‍ക്കുണ്ടാവുക. എല്ലാ വിഭാഗങ്ങള്‍ക്കും പിന്തുടരാന്‍ പാകത്തിലുള്ളതും നിലവാരം പുലര്‍ത്തുന്നതുമായ ഏകീകൃത പാഠ്യപദ്ധതി ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു. പക്ഷേ, അതിന്‌ പുതിയ നിയമം സഹായിക്കില്ല.


സി ബി എസ്‌ ഇ സ്‌കൂളുകള്‍ വ്യാപകമാവുകയും ആംഗലേയ ഭാഷാസ്വാധീനം തൊഴില്‍ ലഭിക്കാന്‍ കൂടുതല്‍ സഹായകമാവുകയും ചെയ്‌തതോടെ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി സ്വന്തം ഭാഷ പഠിക്കാന്‍ താത്‌പര്യപ്പെടുന്നവരുടെ എണ്ണം കുറയുന്നുവെന്നതാണ്‌. ഇത്തരം സ്‌കൂളുകളില്‍ രണ്ടാം ഭാഷയുടെ സ്ഥാനമേ മലയാളത്തിന്‌ ലഭിക്കുന്നുള്ളൂ. മലയാളത്തിന്‌ പകരം സ്‌പെഷല്‍ ഇംഗ്ലീഷോ ഫ്രഞ്ചോ രണ്ടാം ഭാഷയായി പഠിക്കാന്‍ താത്‌പര്യപ്പെടുന്നവരാണ്‌ ഇപ്പോഴത്തെ തലമുറ. പുതിയ നിയമത്തിന്റെ ഭാഗമായി സ്വകാര്യവത്‌കരണത്തിന്റെ വേഗം ഇനിയും വര്‍ധിക്കുകയാണെങ്കില്‍ മലയാള ഭാഷ അന്യമാവുന്ന സ്ഥിതിയിലേക്ക്‌ കാര്യങ്ങളെത്തും.


സാമൂഹികമായുണ്ടാവുന്ന പ്രശ്‌നങ്ങളും കുറവാകില്ല. സ്വകാര്യ സ്‌കൂളുകളിലെ സംവരണ സീറ്റില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥിക്ക്‌ മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പമിരുന്ന്‌ പഠിക്കാന്‍ അവസരമുണ്ടാവുമോ എന്ന കാര്യത്തില്‍ വിദ്യാഭ്യാസ മേഖലയിലെ വിദഗ്‌ധര്‍ ഇപ്പോള്‍ തന്നെ സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്‌. ആകെയുള്ള സീറ്റില്‍ 25 ശതമാനം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ നീക്കിവെക്കണമെന്നേ വ്യവസ്ഥയുള്ളൂ. ഈ സീറ്റില്‍ പ്രവേശിപ്പിക്കുന്നവര്‍ക്ക്‌ പ്രത്യേകം ക്ലാസ്സ്‌ ആരംഭിക്കാന്‍ സ്വകാര്യ മാനേജുമെന്റുകള്‍ തയ്യാറായേക്കും. പണം കൊടുത്ത്‌ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കുന്ന അതേ സൗകര്യങ്ങള്‍ ഇവര്‍ക്ക്‌ കിട്ടിക്കൊള്ളണമെന്നുമില്ല. ഇത്‌ പുതിയ വര്‍ഗ വിവേചനത്തിന്‌ കാരണമാവും. സര്‍ക്കാറിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ ഇപ്പോഴും ദളിത്‌ വിദ്യാര്‍ഥികളെ രണ്ടാംതരക്കാരായി കാണുന്ന പ്രവണത നിലനില്‍ക്കുന്നുണ്ട്‌. ദളിത്‌ വിദ്യാര്‍ഥികളെ കക്കൂസ്‌ കഴുകാനും സ്‌ക്കൂള്‍ വളപ്പ്‌ ശുചിയാക്കാനും ഉപയോഗിക്കുന്നുവെന്ന്‌ കണ്ടെത്തിയ സര്‍വെ റിപ്പോര്‍ട്ട്‌ പുറത്തുവന്നത്‌ ഏതാനും മാസം മുമ്പ്‌ മാത്രമാണെന്ന്‌ ഓര്‍ക്കുക.


പുതിയ നിയമം ലോക്‌സഭ പാസ്സാക്കിയതിനെ ചരിത്ര മുഹൂര്‍ത്തമായി വിശേഷിപ്പിച്ച മന്ത്രി(മാര്‍) ഓര്‍ക്കേണ്ട മറ്റൊന്ന്‌ കൂടിയുണ്ട്‌. ഇത്തരം ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക്‌ പലതവണ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌ നമ്മുടെ നിയമ നിര്‍മാണ സഭകള്‍. ബാലവേല നിരോധിക്കാനും നിയന്ത്രിക്കാനും ലക്ഷ്യമിട്ടുള്ള നിയമം 1986ലാണ്‌ പ്രാബല്യത്തിലായത്‌. പതിനാലില്‍ താഴെ പ്രായമായ കുട്ടികളെ അപകടകരമായ ജോലികള്‍ ചെയ്യാന്‍ നിയോഗിക്കുന്നത്‌ ഈ നിയമപ്രകാരം കുറ്റകരമാക്കിയിട്ടുണ്ട്‌. പതിനാല്‌ വയസ്സില്‍ താഴെയുള്ള കൂട്ടികള്‍ പടക്ക നിര്‍മാണശാലകളില്‍ പോലും ജോലി ചെയ്യുന്നത്‌ തുടരുകയാണ്‌. ഒന്നും ചെയ്യാന്‍ ഭരണകൂടത്തിന്‌ സാധിക്കുന്നില്ല. കുട്ടികളുടെ അവകാശം സംരക്ഷിക്കാന്‍ ദേശീയ തലത്തില്‍ കമ്മീഷനുണ്ടാക്കിയതും ഇതേ നിയമനിര്‍മാണ സഭ പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്‌. പ്രത്യേകിച്ച്‌ എന്തെങ്കിലും സംഭവിച്ചതായി റിപ്പോര്‍ട്ടുകളില്ല. ഇത്തരം ഏട്ടിലെ പശുക്കള്‍ നിരവധിയുണ്ട്‌ തൊഴുത്തില്‍. അവയുടെ കൂട്ടത്തിലേക്ക്‌ പുതിയതൊന്നിനെ ചേര്‍ത്ത ചരിത്ര മുഹൂര്‍ത്തം സംഭാവന ചെയ്‌തവരെ അഭിനന്ദിക്കാം.

No comments:

Post a Comment