`കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകില്‍ സുലഭം' എന്ന് കുഞ്ചന്‍ നമ്പ്യാര്‍ പാടിയിട്ട് രണ്ട് നൂറ്റാണ്ടിലേറെയായി. സാഹചര്യങ്ങള്‍ മാറി. പക്ഷേ, ഈ വരിയില്‍ പറഞ്ഞുവെച്ച കാര്യങ്ങളില്‍ മാറ്റമുണ്ടായിട്ടില്ല. മുത്തൂറ്റ് ഗ്രൂപ്പിന് കീഴിലുള്ള വ്യവസായ സ്ഥാപനങ്ങളിലൊന്നിന്റെ തലവനായിരുന്ന പോള്‍ എം ജോര്‍ജിന്റെ കൊലപാതകത്തിലും ഈ വരി അര്‍ധവത്താണ്. കനകം (ധനം) ഇതിലൊരു ഘടകമായിട്ടുണ്ടെന്ന് ഉറപ്പ്. കാമിനി ഉണ്ടോ ഇല്ലയോ എന്നതില്‍ സംശയങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്നു. പോലീസ് പിന്തുടരുന്ന അന്വേഷണ രീതിയും അവര്‍ ഇതിനകം പുറത്തുപറഞ്ഞ കാര്യങ്ങളും നിരവധി സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. പക്ഷേ, ഇതേ കഥ പാടിപ്പതിയുകയാവും ചെയ്യുക എന്നത് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. കൊലപാതകത്തില്‍ `ക്വട്ടേഷന്‍' സംഘത്തിന് പങ്കുണ്ട് എന്നത് ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്. കൊലയയുടെ കാരണത്തെക്കുറിച്ചാണ് അവ്യക്തത നിലനില്‍ക്കുന്നത്. അന്വേഷണം, കോടതി നടപടികള്‍ എന്നിവയിലൂടെ ഉടലെടുത്തേക്കാവുന്ന നാടകീയതകള്‍ക്കായി കാത്തിരിക്കാം.
`ക്വട്ടേഷന്‍' സംഘം എന്ന വാക്കാണ് ഏറെ പ്രധാനം. ഗുണ്ടാ സംഘം, അധോലോക സംഘം എന്നിവയൊക്കെ മലയാളികള്‍ക്ക് സുപചരിചിതമായ വാക്കുകളാണ്. ഗുണ്ട എന്നത് ഹിന്ദിയില്‍ നിന്ന് ഉദയം കൊണ്ട് ലോകത്താകമാനം സ്വീകാര്യത കൈവരിച്ച വാക്കാണ്. അക്രമം പ്രവര്‍ത്തിക്കാന്‍ മടിയില്ലാത്ത, അതിനു വേണ്ട കായിക ശേഷി ആര്‍ജിച്ച ആളെ കുറിക്കുന്നതാണ് ഈ പദം. അധോലോകമെന്നത് അണ്ടര്‍വേള്‍ഡ് എന്ന ആംഗലേയ പദത്തിന്റെ മലയാള തത്തുല്യമാണ്. മുംബൈയുമായി ബന്ധപ്പെട്ടാണ് ഈ വാക്ക് പ്രചുരപ്രചാരം നേടിയത്. ഹാജി മസ്‌താന്‍ മുതല്‍ ദാവൂദ് ഇബ്രാഹീം വരെയുള്ള അധോലോക നായകന്‍മാരുടെയും അവരുടെ നേതൃത്വത്തിലുള്ള സംഘങ്ങളുടെയും ക്രൂരതകള്‍ വിവരിക്കുന്ന സംഭവങ്ങള്‍ നിരവധി. ഇവരെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകള്‍ക്കും പഞ്ഞമില്ല. പിന്നീട് വന്‍നഗരങ്ങളെ കേന്ദ്രീകരിച്ചെല്ലാം അധോലോക സംഘത്തെക്കുറിച്ചുള്ള കഥകളുണ്ടായി. കേരളത്തില്‍ ഏറ്റവും ആദ്യം കൊച്ചിയാണ് അധോലോക സംഘത്തിന്റെ പേരില്‍ അറിയപ്പെട്ടത്.
ഇതില്‍ നിന്ന് മറ്റൊരു ഘട്ടത്തിലേക്കുള്ള `വളര്‍ച്ച'യായി വേണം ക്വട്ടേഷന്‍ സംഘം എന്ന വാക്കിനെ കാണാന്‍. ഒരു നിശ്ചിത ജോലി പറഞ്ഞുറപ്പിക്കുന്ന തുകക്ക് ചെയ്‌ത് തീര്‍ക്കുക എന്നതാണ് ക്വട്ടേഷന്‍ എടുക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പറഞ്ഞുറപ്പിച്ച പ്രതിഫലത്തിന് ഒരു കുറ്റകൃത്യം ചെയ്യുക എന്നതാണ് ക്വട്ടേഷന്‍ സംഘത്തിന്റെ ജോലി. പരമ്പരാഗത ഗുണ്ടാ, അധോലോക സങ്കല്‍പ്പങ്ങളില്‍ നിന്ന് ഇവക്ക് വ്യത്യാസമുണ്ട്. ഉദാരീകൃതമായ ധനവിപണിയുമായി കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് അത്. പ്രതിഫലം പറ്റി കുറ്റകൃത്യം ചെയ്യുക എന്ന രീതി മുമ്പുമുണ്ടായിരുന്നു. പക്ഷേ, അതിന് സംഘടിതമായ രീതിയും ഒരു പരിധിവരെ നിയമപരമായ പിന്‍ബലവും ലഭിച്ചുവെന്നതാണ് ധനവിപണി ഉദാരവത്‌കരിച്ചതോടെ സംഭവിച്ചത്.
1990കളുടെ മധ്യത്തോടെയാണ് ഇത്തരം സംഘങ്ങള്‍ കേരളത്തില്‍ സജീവമാവുന്നത്. 1991ല്‍ ഡോ. മന്‍മോഹന്‍ സിംഗ് ആരംഭിച്ച സാമ്പത്തിക പരിഷ്‌കരണങ്ങളുടെയും ഉദാവത്‌കരണത്തിന്റെയും ഫലങ്ങള്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങിയ കാലഘട്ടത്തില്‍. വിപണി തുറന്നു നല്‍കിയതോടെ ഇന്ത്യയില്‍ ഏറെ വികസിച്ച ഒന്ന് വാഹന വിപണിയായിരുന്നു. മോട്ടോര്‍ സൈക്കിളുകളും കാറുകളും നിര്‍മിക്കുന്ന കമ്പനികള്‍ ഈ വലിയ ഉപഭോഗ സമൂഹത്തെ ലക്ഷ്യമിട്ടു. അവര്‍ക്ക് വിപണിയില്‍ സ്വാധീനം ഉറപ്പാക്കണമെങ്കില്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ പക്കല്‍ പണം ആവശ്യമായിരുന്നു. അല്ലെങ്കില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പണം ലഭ്യമാവുന്ന വഴിയെങ്കിലും തുറന്നു കിട്ടണമായിരുന്നു. പരമ്പരാഗത ബേങ്കിംഗ് രീതികള്‍ ഇവിടെ അപ്രായോഗികമായി. ധനവിപണിയെ നിയന്ത്രിച്ചിരുന്ന നിയമങ്ങള്‍ തടസ്സമായി. ഇത്തരം തടസ്സങ്ങള്‍ നീക്കിക്കൊടുക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്‌തത്.
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ വാഹന വിപണിയുമായി ബന്ധിപ്പിച്ചു. പൊതുമേഖലാ ബേങ്കുകളില്‍ നിന്ന് വ്യത്യസ്‌തമായി ഉദാരമായ രീതിയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ വായ്‌പകള്‍ ലഭ്യമാക്കി. ഇതിലൂടെ വാഹന വിപണി സജീവമായി. പക്ഷേ, വായ്‌പകളുടെ തിരിച്ചടവ് മുടങ്ങിയത് പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചു. അപ്പോഴാണ് `ക്വട്ടേഷന്‍ സംഘ'മെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന സംഘടിത വിഭാഗം കൂടുതല്‍ സജീവമായത്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ചെല്ലും ചെലവും നല്‍കി ഇത്തരം സംഘങ്ങളെ വളര്‍ത്തി. വായ്‌പയുടെ തിരിച്ചടവില്‍ വീഴ്‌ചവരുത്തിയവരുടെ വാഹനങ്ങള്‍ ബലം പ്രയോഗിച്ച് പിടിച്ചെടുക്കാന്‍ ഇവരെ നിയോഗിച്ചു. വായ്‌പയുടെ തിരിച്ചടവ് മുടങ്ങിയാല്‍ പൊതമേഖലാ ബേങ്കുകള്‍ സ്വീകരിക്കുന്നത് നിയമ വിധേയമായ മാര്‍ഗമാണ്. കോടതി നടപടിയിലൂടെ വാഹനം ജപ്‌തി ചെയ്യുക, അല്ലെങ്കില്‍ വായ്‌പക്ക് ജാമ്യം നിന്നയാളുടെ പക്കല്‍ നിന്ന് പണം ഈടാക്കന്‍ ശ്രമിക്കുക എന്നിങ്ങനെയുള്ള മാര്‍ഗങ്ങള്‍. ഇത് സമയം ഏറെ എടുക്കുന്ന പ്രക്രിയയാണ്. കോടതിച്ചെലവ് വേറെയും വേണ്ടിവരും. വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ സ്വകാര്യ സേനയെ സജ്ജമാക്കുകയായിരുന്നു എളുപ്പം. വായ്‌പ തിരിച്ചടക്കുന്നതില്‍ വീഴ്‌ച വരുത്തിയതിന്റെ പേരില്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാന്‍ കഴിയില്ല. ഈ പഴുത് ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ സഹായകരമാവുകയും ചെയ്‌തു.
കൊച്ചിയില്‍ വാഹനം പിടിച്ചെടുക്കാനെത്തിയ സംഘത്തിന്റെ കുത്തേറ്റ് തിലകന്‍ എന്ന മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. രണ്ടായിരത്തിലായിരുന്നു ഇത്. അന്നാണ് ക്വട്ടേഷന്‍ സംഘത്തിന്റെ അതിക്രമങ്ങളെക്കുറിച്ച് കേരളം ആദ്യമായി അറിയുന്നത്. വന്‍കിട ധനകാര്യ സ്ഥാപനങ്ങളുടെ ചുവടു പിടിച്ച് നമ്മുടെ നാട്ടിലെ ചെറുകിട ധനകാര്യ സ്ഥാപനങ്ങളും വട്ടിപ്പലിശക്കാരും ഇതേ മാര്‍ഗത്തില്‍ ചരിച്ചു. വീടുകളില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുക, സ്‌ത്രീകളുടെ മുടി മുറിക്കുക തുടങ്ങിയ രീതിയായിരുന്നു ചെറുകിട സംഘങ്ങള്‍ അവലംബിച്ചത്. ധനവിപണിയുടെ ഉപോത്‌പന്നമായ ഈ സംഘങ്ങള്‍ പിന്നീട് വലിയ കുറ്റകൃത്യങ്ങളുടെ ലോകത്ത് സജീവമാവുന്ന കാഴ്‌ചയാണ് കണ്ടത്. ചിട്ടി വ്യവസായ രംഗത്തെ മത്സരത്തിനൊടുവില്‍ വാഹനാപകടം സൃഷ്‌ടിച്ച് ആളുകളെ കൊലപ്പെടുത്തിയ കണിച്ചുകുളങ്ങര സംഭവം ക്വട്ടേഷന്‍ സംഘങ്ങളുടെ പുതിയ സാധ്യതകള്‍ കാണിച്ചുതന്നു. ഭാര്യയുടെ കാമുകനായ യുവാവിനെ വധിച്ച് മൃതദേഹം കഷണങ്ങളാക്കി വിവിധ ഭാഗങ്ങളില്‍ നിക്ഷേപിക്കാന്‍ ഗുണ്ടകളുടെ സഹായം തേടിയ ഡി വൈ എസ് പി അധികാര സ്ഥാനങ്ങളുമായി ഇത്തരക്കാര്‍ക്കുള്ള ബന്ധത്തിന് ദൃഷ്‌ടാന്തവുമായി.
ഇത്തരം സംഘങ്ങളുടെ ഒരു ശ്രേണി തന്നെ സംസ്ഥാനത്ത് സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് ഭീതിദമായ വസ്‌തുത. ഇവക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കുടുംബത്തിലെയും സമുഹത്തിലെയും സാഹചര്യങ്ങള്‍ മൂലം ചെറുപ്പത്തില്‍ തന്നെ കുറ്റകൃത്യങ്ങളുടെ ലോകത്ത് എത്തിപ്പെടുകയും ക്രിമിനല്‍ സ്വഭാവത്തിലേക്ക് മാറുകയും ചെയ്‌തവരും ഉന്നത വിദ്യാഭ്യാസത്തിന് വരെ അവസരം ലഭിച്ചവരും ചേരുന്ന ഒന്നായി ക്വട്ടേഷന്‍ സംഘങ്ങള്‍ മാറിയിട്ടുണ്ട്. സാധാരണ സമൂഹത്തില്‍ നടക്കുന്നതുപോലെ കൈമാറ്റം ഇവിടെയും നടക്കുന്നു. അത് ക്രിമിനല്‍ സ്വഭാവത്തിന്റേതാണെന്ന് മാത്രം. അപ്പോള്‍ പുതിയ കുറ്റകൃത്യ രീതികള്‍ ആസൂത്രണം ചെയ്യപ്പെടും. അവയില്‍ ചെറിയൊരു ഭാഗം മാത്രമേ പലപ്പോഴും പുറത്തുവരാറുള്ളൂ. അല്ലെങ്കില്‍ (കു)പ്രസിദ്ധമായ ചില കേസുകളുടെ കാര്യത്തില്‍ മാത്രമേ വലിയ ചര്‍ച്ചകള്‍ ഉണ്ടാവുകയുള്ളൂ.
ധനവിപണി കൂടുതല്‍ പരിഷ്‌കാരങ്ങള്‍ക്ക് വിധേയമാവുകയാണ്. വികസിക്കുകയുമാണ്. ആ വിപണിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് കായിക ശേഷിക്കൊപ്പം ബുദ്ധിയും വിദ്യാഭ്യാസവും രൂപത്തിലുള്ള മോടിയും ആവശ്യമായി വരും. അത്തരമൊരു ഘട്ടത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ നില്‍ക്കുന്നത്. പഠനത്തിലൊക്കെ മികവ് കാട്ടിയിരുന്നവര്‍ ക്വട്ടേഷന്‍ സംഘത്തിന്റെ നേതാക്കളായി മാറുന്ന സാഹചര്യം ഇതാണ്. ലഭിക്കുന്ന പ്രതിഫലത്തിന്റെ തോത്, ജോലി ഏല്‍പ്പിക്കുന്ന സ്ഥാപനത്തിന്റെ പേര് ഇവയൊക്കയാവും തുടക്കത്തില്‍ ഇത്തരക്കാരെ ആകര്‍ഷിക്കുക. വൈകാതെ ഏത് കുറ്റകൃത്യവും അറപ്പില്ലാതെ ചെയ്യാമെന്ന അവസ്ഥയിലേക്ക് ഇവര്‍ മാറുകയും ചെയ്യും.
സംഘടിതവും ആസൂത്രിതവുമായ കുറ്റകൃത്യങ്ങള്‍ക്ക് തയ്യാറെടുക്കുന്നവരെ തടയാന്‍ നിയമങ്ങള്‍ക്ക് കുറവൊന്നുമില്ല. കേരളത്തില്‍ നിലവിലുള്ള ഗുണ്ടാ നിയമം കരുതല്‍ തടങ്കലിന് അനുമതി നല്‍കിയിട്ടുണ്ട്. പക്ഷേ, അധികാരിവര്‍ഗവുമായുള്ള പരിധിയില്‍ കവിഞ്ഞ അടുപ്പം നിയമങ്ങളെ അപ്രസക്തമാക്കും. വ്യക്തിബന്ധമാവില്ല പലപ്പോഴും ഉണ്ടാവുക. ഇവര്‍ പ്രതിനിധാനം ചെയ്യുന്ന സ്ഥാപനവുമായി രാഷ്‌ട്രീയ, ഉദ്യോഗസ്ഥ വൃന്ദത്തിനുള്ള ബന്ധമായിരിക്കും സഹായകമാവുക. ഇവിടെയും ധനവിപണി തന്നെയാണ് മുഖ്യ പങ്ക് വഹിക്കുക. കുറ്റകൃത്യത്തെക്കാളും അതിലെ പ്രതികളെക്കാളും പ്രധാനമായിരിക്കും സ്ഥാപനത്തിന്റെ സല്‍പ്പേര്, അവര്‍ മുന്നോട്ടുവെക്കുന്ന വികസന പദ്ധതികള്‍ തുടങ്ങിയവ. പോള്‍ ജോര്‍ജിനെ വധിച്ച കേസില്‍ ദുരൂഹത നിലനില്‍ക്കുന്നത് ഇതുകൊണ്ടാണ്.
പലിശക്ക് പണം നല്‍കിത്തുടങ്ങി പിന്നീട് അത് വ്യവസായമായി വളര്‍ത്തിയ മുത്തൂറ്റ് കുടുംബം ഇപ്പോള്‍ കേരളത്തിലെ പ്രബല വ്യവസായി സമൂഹമാണ്. അടിസ്ഥാന സൗകര്യ വികസനം മുതല്‍ മാധ്യമ വ്യവസായം വരെ എത്തി നില്‍ക്കുന്ന പ്രവര്‍ത്തന മേഖല അവര്‍ക്കുണ്ട്. അതിന്റെ സല്‍പ്പേരിന് കോട്ടം തട്ടാതെ നോക്കേണ്ടത് ഭരണകൂടത്തിന്റെ പോലും ബാധ്യതയായി മാറിയിരിക്കുന്നു. പോള്‍ എം ജോര്‍ജ് വധക്കേസില്‍ പോലീസ് വളരെ സൂക്ഷിച്ച് കേസ് നിര്‍മിച്ചെടുക്കുന്നത് അതുകൊണ്ടാണ്.
ധനവിപണിയുടെ അതിരുകളില്ലാത്ത സ്വാധീനം വളര്‍ത്തുന്നതില്‍ പൊതു സമൂഹം വഹിക്കുന്ന പങ്കും കാണാതിരുന്നുകൂട. ഉപഭോക്തൃവത്‌കരണം അത്രത്തോളമാണ്. വിപണിയുടെ പ്രലോഭനങ്ങള്‍ക്ക് എളുപ്പത്തില്‍ വശംവദരാവുകയും ത്രാണിക്കപ്പുറത്തുള്ളത് ആഗ്രഹിക്കുകയും അത് ഏത് വിധേനയും സ്വന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതിന്റെ കൂടി ബാക്കിയാണ് ഇത്തരം സംഘങ്ങളും അവര്‍ സൃഷ്‌ടിക്കുന്ന കുറ്റകൃത്യങ്ങളും. കനകം മൂലം, കാമിനി മൂലം...
യഥാര്ത്ഥത്തില്‍ കേരളത്തില്‍ ആഘോഷമുള്ളത് മാധ്യമങ്ങള്ക്കു മാത്രമാണു. ഓരോ വിഷയമ്(വിവാധമ്) ചൂടാറുമ്പോഴേക്കും പഴയതു മറന്നു പുതിയ വിഭവം എടുത്തിടുന്നു. പിണരയി-സി.പി.എമ്. ലവലിന്-തിവ്രവദമ്-മുരളി ഇതിന്റെയൊക്കെ ഇടയില്‍ ഫ്ലാഷ് ന്യൂസ് പോലെയാണു ഇപ്പോള്‍ കൊടേഷന്‍ കൊലപാതകം മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. സാമാന്യമായി പരിഷോധിച്ചാല്‍ സാധരണയില്‍ കവിഞ്ഞ പ്രാധാന്യത്തിനപ്പുറം ദിവസങ്ങളോളം പത്രങ്ങളുടെ മുന്‍ പേജുകള്‍ മറ്റു വാര്ത്തകള്ക്കിടം നല്കാതെ കുത്തി നിറക്കാന്‍ മാത്രം അതിപ്രധാനമാണോ ഈ കൊലപാതകമ്?
ReplyDeleteപാലക്കടു കോച് ഫാക്ടരിക്ക് കേന്ദ്ര ആസുത്ര്ണ മന്ത്രലയത്തിന്റെ അനുമതി ലഭിച്ചത് ഒരു പ്രധാന വാര്ത്തയല്ലാതാകുകയാണു മാധ്യമങ്ങള്ക്ക്. അതുപോലെ തന്നെ മുന്‍ വിദേശകാര്യ സഹമന്ത്രി അഹമദുമായി ബന്ദപ്പെട്ടു ഉയറ്ന്നുവന്ന ഹജ്ജ് കോട്ട അഴിമതിയ്മായി പ്രഖ്യപിച അന്വേഷണം ഒരു പ്രധാന വര്ത്ത അല്ലാതായി മാരുന്നു.
വാസ്തവത്തില്‍ മാധ്യങ്ങള്‍ ടാര്ഗറ്റ് ചെയ്യുകയാണു. തങ്ങള്ക്കിഷ്ടമില്ലാത്തവരെ അവമതിക്കാന്. അതിനായി അവര്‍ കഥകള്‍ മെനയുന്നു. എന്നിട്ടതിനെ ഇന്വെസ്റ്റിഗേഷന്‍ ജേണലിസം എന്നു വിളിക്കുന്നു.
nice post.but some problems with your comment box.
ReplyDelete