രാജ്യത്തിന്റെ സ്വാതന്ത്ര്യ വാര്‍ഷികം എന്നാല്‍ രാജ്യ വിഭജനത്തിന്റെ വാര്‍ഷികം കൂടിയാണ്. പുതിയ തലമുറക്ക് രാജ്യ സ്വാതന്ത്ര്യത്തിന്റെ ഓര്‍മകള്‍ പകര്‍ന്നു ലഭിക്കുന്നത് എളുപ്പത്തിലാണ്, സ്വാതന്ത്ര്യ ദിനാഘോഷവുമായി മാധ്യമങ്ങള്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും. മാധ്യമങ്ങള്‍ ഇത്രത്തോളം വിപുലമല്ലാതിരുന്ന ഒരു കാലത്ത് ബാല്യം ചെലവഴിക്കപ്പെട്ട ഒരാളുടെ മനസ്സിലേക്ക് ഏത് വിധത്തിലാണ് സ്വാതന്ത്ര്യം, വിഭജനം തുടങ്ങിയ സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എത്തിപ്പെട്ടിരുന്നത് എന്നത് ഓര്‍ക്കാന്‍ കൗതുകമേറിയ സംഗതിയാണ്. അത്തരമൊരു ഓര്‍മയാവുമ്പോള്‍ അത് സ്വാനുഭവമാവുക സ്വാഭാവികം.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ആദ്യത്തെ ഓര്‍മ എല്‍ പി സ്‌ക്കൂളിലേതാണ്. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്‌ത ഗോതമ്പ് അന്ന് സ്‌ക്കൂളുകളില്‍ വിതരണം ചെയ്‌തിരുന്നു (അമേരിക്കന്‍ ഗോതമ്പായിരുന്നു അതെന്ന വിവരം പിന്നീടുണ്ടായത്). എല്ലാ ദിവസവും ഉച്ചക്ക് കുട്ടികള്‍ക്ക് ഗോതമ്പിന്റെ ഉപ്പുമാവ്. സ്വാതന്ത്ര്യ ദിനത്തില്‍ മാത്രം ഗോതമ്പ് പായസത്തിന്റെ രൂപത്തില്‍ എത്തി. ഓര്‍മിക്കാന്‍ ഇതിലപ്പുറം മറ്റെന്തെങ്കിലും വേണോ. മൂന്ന്, നാല് ക്ലാസ്സുകളിലായപ്പോള്‍ സ്വാതന്ത്ര്യ ദിനത്തില്‍ സ്‌ക്കൂള്‍ അസംബ്ലിയെ അഭിസംബോധന ചെയ്‌തുള്ള പ്രസംഗങ്ങള്‍.
മുത്തച്ഛന്‍ രാഘവന്‍ കുട്ടി മേനോന്‍ എഴുതിത്തന്ന ഒന്നര പേജോളം വരുന്ന പ്രസംഗം കാണാപ്പാഠം പഠിച്ച് അവതരിപ്പിച്ചത്. അതില്‍ നിന്നാണ് സ്വാതന്ത്ര്യത്തിനോടൊപ്പം വിഭജനവുമുണ്ടായി എന്ന അറിവ്. വിഭജനത്തെക്കുറിച്ച് രാഘവന്‍ കുട്ടി മേനോന്‍ (അദ്ദേഹം ഗാന്ധിയനായിരുന്നു, ഖദര്‍ മാത്രമേ ധരിച്ചിരുന്നുള്ളൂ) എഴുതിത്തന്നത് കാണാപ്പാഠം പഠിക്കുമ്പോള്‍ അതിലെ ആശയങ്ങളെക്കുറിച്ച് വലിയ വ്യക്തതയൊന്നുമുണ്ടായിരുന്നില്ല. മനപ്പാഠമാക്കുകയല്ല വേണ്ടത്, ആശയം മനസ്സിലാക്കി സ്വന്തം നിലയില്‍ പറയുകയാണ് വേണ്ടതെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചിരുന്നു. പക്ഷേ, മനപ്പാഠമാക്കുക എന്നതു മാത്രമേ നടക്കുമായിരുന്നുള്ളൂ. ഈ മനപ്പാഠം പക്ഷേ, മനസ്സില്‍ കിടക്കുന്നുണ്ട്.
സ്വാതന്ത്ര്യത്തെക്കുറിച്ചും അത് നേടിയെടുക്കാന്‍ ഗാന്ധിജി, നെഹ്‌റു ആദിയായ നേതാക്കള്‍ വഹിച്ച പങ്കിനെക്കുറിച്ചും പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. സായുധ സമരത്തിലൂടെ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ ശ്രമിച്ച ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, സുഭാഷ് ചന്ദ്രബോസ് എന്നീ ധീര ദേശാഭിമാനികള്‍ക്ക് ആദരാഞ്‌ജലി അര്‍പ്പിച്ചിരുന്നു.
ഇതിനൊപ്പം ഖേദകരമായ ഒരു സംഗതി എന്ന നിലക്കാണ് രാജ്യ വിഭജനത്തെക്കുറിച്ച് പറഞ്ഞിരുന്നത്. രാജ്യം വെട്ടിമുറിച്ചപ്പോഴുണ്ടായ വര്‍ഗീയ കലാപം, വീടും സ്വത്തുമുപേക്ഷിച്ച് ഓടിപ്പോകേണ്ടിവന്ന ലക്ഷക്കണക്കിനാളുകള്‍ എന്നിവയെല്ലാം ചെറു വാചകങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. അതിലേറ്റവും ശ്രദ്ധേയമായിരുന്നത് വിഭജനത്തിന്റെ കാരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളാണ്. ഹൈന്ദവര്‍ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ അധികാരം എല്ലായിപ്പോഴും ആ വിഭാഗത്തിന്റെ പക്കലായിരിക്കുമെന്നും തങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുസ്‌ലിം സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം നിഷേധിക്കപ്പെടുമെന്നും തോന്നിയിരുന്ന മുസ്‌ലിം ലീഗ് നേതാക്കള്‍ ആ വിഭാഗത്തിന് ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യേക രാജ്യത്തിന് വേണ്ടി നിലകൊണ്ടു. വിഭജിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം പയറ്റിയിരുന്ന ബ്രിട്ടീഷുകാര്‍ ഇതിനെ പ്രോത്സാഹിപ്പിച്ചു. ഇന്ത്യ ഒരുമിച്ചു നിന്നാല്‍ ഭാവിയില്‍ അത് തങ്ങള്‍ക്ക് ഭീഷണിയാവുമെന്ന ഭയത്തിന്റെ ഭാഗമായി കൂടിയാണ് ബ്രിട്ടീഷുകാര്‍ വിഭജനത്തിന് കൂട്ടുനിന്നത്. ഇന്ത്യയെ വിഭജിക്കാമെന്ന് സമ്മതിച്ച ശേഷമേ സ്വാതന്ത്ര്യം നല്‍കാന്‍ അവര്‍ തയ്യാറായുള്ളൂ. (വാചകങ്ങള്‍ ഇതു തന്നെയല്ല. പക്ഷേ, ആശയം ഇതു തന്നെയാണ്)
പ്രത്യേകിച്ച് പുതുമകളില്ലാത്ത ചരിത്രാഖ്യാനം. പക്ഷേ, ഇന്ന് ആലോചിക്കുമ്പോള്‍ ആ വാക്കുകളുടെ സാരം മനസ്സിലാവുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കണമെന്ന് മുസ്‌ലിംകള്‍ ആവശ്യപ്പെട്ടുവെന്ന് രാഘവന്‍ കുട്ടി മേനോന്‍ എഴുതിയിരുന്നില്ല. ആ സമുദായത്തിന്റെ നേതൃത്വം ഉന്നയിച്ച രാഷ്‌ട്രീയ ആവശ്യവും അത് ബ്രിട്ടൂഷുകാര്‍ മുതലെടുത്തതുമാണ് രാജ്യ വിഭജനത്തിലേക്ക് നയിച്ചതെന്ന വ്യക്തതയാണ് പുതിയ തലമുറക്ക് നല്‍കേണ്ടതെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ എഴുതപ്പെട്ട പ്രസംഗം. ആശയം മനസ്സിലാക്കണമെന്ന ഉപദേശത്തിന്റെ പൊരുളും മനസ്സിലാവുന്നു. ഇതൊന്നും മനസ്സിലാക്കാതെ മനപ്പാഠം പഠിച്ച് ആവര്‍ത്തിക്കുകയായിരുന്നു പതിവ്. മനപ്പാഠമാക്കിയത് മനസ്സില്‍ തുടര്‍ന്നിരുന്നതു കൊണ്ട് പിന്നീട് പ്രയോജനമുണ്ടായി.
ഇപ്പോള്‍ ഇങ്ങനെ തന്നെയാണോ പഠിപ്പിക്കുന്നത്. അതോ രാജ്യം വര്‍ഗീയമായി വിഭജിക്കപ്പെട്ടുവെന്നോ? വര്‍ഗീയമായി വിഭജിക്കപ്പെട്ടുവെന്ന് പഠിപ്പിക്കുമ്പോള്‍ ആ വിഭജനത്തില്‍ വര്‍ഗീയവാദത്തിന്റെ പങ്ക് പഠിപ്പിക്കും. അപ്പോള്‍ രാഷ്‌ട്രീയമായി ഉന്നയിക്കപ്പെട്ട ആവശ്യങ്ങള്‍ പരാമര്‍ശിക്കപ്പെടില്ല. കേവലം വര്‍ഗീയ വാദത്തിന്റെ അടിസ്ഥാനത്തിലുണ്ടായ വിഭജനമെന്ന് പഠിതാക്കള്‍ ധരിക്കും. അതുകൊണ്ട് കൂടിയാണ് സഹോദര സമുദായത്തെ എളുപ്പത്തില്‍ വര്‍ഗീയ വാദിയായി മുദ്രകുത്താന്‍ തയ്യാറാവുന്നത്.
ചരിത്രം പ്രധാനമാണ്. അതുകൊണ്ടാണ് ഭരണാധികാരികള്‍ ചരിത്രത്തില്‍ ഇടപെടാന്‍ ശ്രമിച്ചിരുന്നത്, ശ്രമിക്കുന്നത്.
ചരിത്രം പ്രധാനമാണ്. അതുകൊണ്ടാണ് ഭരണാധികാരികള്‍ ചരിത്രത്തില്‍ ഇടപെടാന്‍ ശ്രമിച്ചിരുന്നത്, ശ്രമിക്കുന്നത്.
അതിനെകാള്‍ വേദന യുണ്ടാക്കുന്ന സംഭാവങ്ങല്ലേ ഇന്ന് നടക്കുന്നത് ആയിരങ്ങളുടെ ജീവനും, ജീവിതവും കൊടുത്തു നേടിയ സ്വാതന്ത്ര്യം ,പരമാധികാരം സാമ്രാജ്യത്വത്തിന്‍റെ കാല്‍ കീഴില്‍ സമര്‍പ്പിക്കുകയല്ലേ
ReplyDelete