ബരാക് ഹുസൈന് ഒബാമ യു എസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ ഔദ്യോഗികമായി സ്വീകരിക്കപ്പെട്ട ആദ്യത്തെ രാഷ്ട്ര നേതാവ്, സാമ്പത്തിക പ്രതിസന്ധിക്ക് മുന്നില്‍ ലോക നേതാക്കള്‍ പകച്ചു നില്ക്കുമ്പോള് ചാഞ്ചല്യം കൂടാതെ ഇന്ത്യയെ നയിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്, മുംബൈ ആക്രമണത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ കൈയടക്കം കാട്ടിയ നയതന്ത്ര വിദഗ്ധന്‍, ബ്രസീല്‍ - റഷ്യ - ഇന്ത്യ - ചൈന - ദക്ഷിണാഫ്രിക്ക (ബ്രിക്സ്) മുതല്‍ ആഫ്രിക്കന്‍ യൂനിയന്‍ വരെയും ചേരിചേരാ മുതല്‍ ജി - 20 വരെയുമുള്ള ഉച്ചകോടികളില്‍ പ്രകാശം പരത്തുന്ന സാന്നിധ്യം എന്നിങ്ങനെ ഡോ. മന്മോഹന് സിംഗിന്റെ വ്യക്തിത്വം ആഗോളതലത്തില്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. ലോക നേതാക്കളൊക്കെ ബഹൂമാനത്തോടെയും ഒട്ടൊരു അസൂയയോടും കാണുന്നു ഈ മൃദുഭാഷിയെ. അദ്ദേഹം നേതൃത്വം നല്കുന്ന രണ്ടാം യു പി എ സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിച്ചപ്പോള്‍ സ്വന്തം നാട്ടില്‍ നിലനില്‍ക്കുന്ന പ്രതിച്ഛായ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കൊടിയ അഴിമതികളുടെ ഉടയോന്മാരുടെ നേതാവ് എന്നതാണ്.
അഴിമതിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ആവര്‍ത്തിച്ചാണ് രണ്ടാം വാര്‍ഷികം മന്മോഹന് സിംഗ് ആഘോഷിച്ചത്. സി പി ഐ (മാവോയിസ്റ്റ്) സ്വാധീനം സ്ഥാപിച്ച പ്രദേശങ്ങളിലെ വികസനരാഹിത്യത്തെ അഭിമുഖീകരിക്കുമെന്നതുപോലുള്ള വാഗ്ദാനങ്ങളും ആവര്‍ത്തിക്കപ്പെട്ടു. സാമ്പത്തിക വളര്‍ച്ചാ നിരക്ക് എട്ട് ശതമാനത്തിലധികമായി നിലനിര്‍ത്താന്‍ സാധിച്ചതിലും ഏഴ് വര്‍ഷം രാഷ്ട്രീയ സ്ഥിരത നല്കാന് സാധിച്ചതിലും അദ്ദേഹം മിതമായെങ്കിലും അഭിമാനം കൊള്ളുകയും ചെയ്തു. ഏറ്റവും പ്രധാനം അഴിമതി തന്നെ. മുന്‍കാലങ്ങളില്‍ ചെയ്ത ക്രമവിരുദ്ധമായ കാര്യങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളാണ് ഇപ്പോള്‍ വലിയ തോതില്‍ ഉയര്‍ന്നുവരികയും വിവിധ കോടതി നടപടികളിലൂടെ കടന്ന് പൊയ്ക്കൊണ്ടിരിക്കുകയും ചെയ്യുന്നത്.
ടെലികോം അഴിമതിയില്‍ രാജയും കനിമൊഴിയും ഏതാനും കമ്പനികളുടെ മേധാവികളും ആരോപണ വിധേയരായി, വിചാരണത്തടവിലാണ്. എന്നാല്‍ ഈ ഇടപാട് നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന പി ചിദംബരത്തിന് യാതൊരു ഉത്തരവാദിത്വവുമില്ല. അഴിമതിയുടെ സാധ്യത ചൂണ്ടിക്കാട്ടി എ രാജക്ക് കത്ത് നല്‍കുക പോലും ചെയ്ത പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് പിന്നീട് എന്തുകൊണ്ട് കണ്ണടച്ചുവെന്നതിന് മറുപടിയുമില്ല. ലൈസന്‍സുകള്‍ ലേലം ചെയ്ത് നല്‍കാനുള്ള സാധ്യത പരിശോധിക്കണമെന്നും ഇക്കാര്യം കേന്ദ്ര മന്ത്രിസഭയുടെ ഉന്നതാധികാര സമിതിയുടെ പരിഗണനക്ക് വിടണമെന്നുമുള്ള നിയമ മന്ത്രാലയത്തിന്റെ ശിപാര്‍ശ പരിഗണിക്കാന്‍ തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണെന്നതിനും തൃപ്തികരമായ വിശദീകരണമില്ല. ഇത്തരം കാര്യങ്ങളെ അഭിമുഖീകരിക്കാതെ വിട്ടുവീഴ്ചയില്ലാതെ നടപടികള്‍ സ്വീകരിക്കുമെന്ന് പറയുന്നതില്‍ അര്‍ഥമില്ല.
കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുടെ കാര്യത്തിലും ഇതേ പ്രശ്നം നിലനില്‍ക്കുന്നുണ്ട്. സംഘാടക സമിതി ചെയര്‍മാനായ സുരേഷ് കല്‍മാഡിയും (തിഹാര്‍ ജയിലില്‍ കഴിയുന്ന അദ്ദേഹം ഇപ്പോഴും കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച ലോക്സഭാംഗമാണ്) സഹഭാരവാഹികളും മാത്രമാണ് ഉത്തരവാദികളെന്ന നിലക്കാണ് അന്വേഷണവും പ്രോസിക്യൂഷന് നടപടികളും. കായിക മന്ത്രാലയത്തിനോ അന്ന് മന്ത്രാലയത്തിന്റെ ചുമതല വഹിച്ച മന്ത്രിക്കോ ഒന്നിലും ബാധ്യതയില്ല. നഗര വികസന മന്ത്രാലയവും ഡല്‍ഹി സര്‍ക്കാറും അവയുടെ വിവിധ വകുപ്പുകളും ചുമതലയേറ്റെടുത്ത് പൂര്‍ത്തിയാക്കിയ നിര്‍മാണ പ്രവര്‍ത്തനങ്ങളും അഴിമതിയുടെ നിഴലിലുണ്ട്. പക്ഷേ, കല്‍മാഡി എന്ന പ്രതീകത്തെ കേന്ദ്ര ബിന്ദുവാക്കി നിര്‍ത്തുമ്പോള്‍ ഇതെല്ലാം മറയത്താണ്.
എല്ലാമന്വേഷിക്കാന്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ സ്ഥാനത്തുനിന്ന് വിരമിച്ച വി കെ ഷുംഗ്ലുവിനെ നിയമിച്ചു. അദ്ദേഹം ഖണ്ഡശ്ശയായി നല്കിയ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ വിശ്രമിക്കാന്‍ തുടങ്ങിയിട്ട് നാളേറെയുമായി. എല്ലാം വിവിധ മന്ത്രാലയങ്ങള്‍ പരിശോധിച്ച് വരികയാണെന്ന ഒരു വരി വിശദീകരണം മാത്രമാണ് ഇതുവരെ രാജ്യത്തെ ജനങ്ങള്‍ക്ക് മുമ്പാകെ ആ ഓഫീസ് വെച്ചത്. വിട്ടുവീഴ്ചയില്ലാത്ത നടപടി, സുതാര്യത തുടങ്ങിയ വാക്കുകള്‍ ഇവിടെ അപഹസിക്കപ്പെടും. കല്‍ക്കരി ഖനികള്‍ അനുവദിച്ചു നല്കിയപ്പോള് ഖജനാവിനുണ്ടായ നഷ്ടത്തിന്റെ വലിയ കണക്കുമായി ബി ജെ പി എത്തിയിട്ടുണ്ട്. ഇതില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് വരും കാലത്തേ അറിയൂ. കഴമ്പുണ്ടെങ്കില്‍ മുന്നില്‍വെക്കാന്‍ ഒരു രാജയെയോ കല്‍മാഡിയെയോ കിട്ടിയേക്കില്ല. കാരണം അക്കാലത്ത് കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു.
ലോക്പാല്‍ ബില്ലിന് വേണ്ടി അന്നാ ഹസാരെ ഡല്‍ഹിയില്‍ നിരാഹാരമിരിക്കുന്നതിന് മുമ്പാണ് എ ഐ സി സിയുടെ പ്ലീനറി സമ്മേളനം ചേര്‍ന്നത്. തിരഞ്ഞെടുപ്പ് ചെലവ് സര്‍ക്കാര്‍ വഹിക്കുക, അഴിമതിക്കേസുകളില്‍ സമയബന്ധിതമായ വിചാരണ ഉറപ്പാക്കുക, പൊതു സംഭരണം, കരാറുകള്‍ അനുവദിക്കല്‍ എന്നിവയില്‍ സമ്പൂര്‍ണ സുതാര്യത ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരിക, പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്യുന്നതിനുള്ള ലൈസന്‍സുകള്‍ മത്സരാധിഷ്ഠിത ലേലത്തിലൂടെ മാത്രം അനുവദിക്കുക, അഴിമതിയുടെയും ക്രമക്കേടിന്റെയും വിവരങ്ങള്‍ പുറത്തറിയിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ അഞ്ചിന പരിപാടി അന്ന് മുന്നോട്ടുവെച്ചത് കോണ്‍ഗ്രസ് അധ്യക്ഷ തന്നെയാണ്. ഇവയെക്കുറിച്ച് പഠിക്കാന്‍ പ്രണാബ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ മന്ത്രിതല സമിതിയെ പ്രധാനമന്ത്രി നിയോഗിക്കുകയും ചെയ്തു. അവിടെ നിന്ന് ഒരടി മുന്നോട്ടുപോയില്ല. ഇപ്പോള്‍ ലോക്പാല്‍ ബില്ലിനെക്കുറിച്ചാണ് കൊണ്ടുപിടിച്ച ചര്‍ച്ച. പ്രധാനമന്ത്രിയെയും നീതിന്യായ വ്യവസ്ഥയിലെ ഉയര്‍ന്ന പദവികളെയും ഉള്‍പ്പെടുത്തുന്ന കാര്യം ഇവിടെയും തര്‍ക്കത്തിലാണ്.
പ്ലീനറി സമ്മേളന വേദിയില്‍ തന്നെയാണ് ടെലികോം അഴിമതി അന്വേഷിക്കുന്ന ഏത് പാര്‍ലിമെന്ററി സമിതി മുമ്പാകെയും ഹാജരാകാന്‍ താന്‍ തയ്യാറാണെന്ന് മന്മോഹന് പ്രഖ്യാപിച്ചത്. അന്വേഷണം നടത്തിയ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കരട് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ ചെയര്‍മാനെ നിശ്ചയിച്ച് കരട് തള്ളിക്കൊണ്ടുള്ള പ്രമേയം പാസ്സാക്കാന്‍ യു പി എ തയ്യാറായി. ഇവിടെയും ന്യായമായ സംശയം ഉയരുന്നു. ഏത് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാനും തയ്യാറാണെന്നും അഴിമതിക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നുമുള്ള വാക്കുകളില്‍ ആത്മാര്‍ഥതയുടെ കണികയുണ്ടോ എന്ന സംശയം.
ഖജനാവിന് നഷ്ടമുണ്ടാക്കിയാണ് അനുവദിച്ചതെന്ന ആരോപണത്തിന് വിധേയമായ കല്‍ക്കരി ഖനികളിലേറെയും മധ്യേന്ത്യയിലാണ്. ഇവിടെ സ്വകാര്യ കമ്പനികളുടെ അധീനതയിലേക്ക് വരുന്നതില്‍ ആദിവാസികളുടെ അധിവാസ പ്രദേശം എത്രയുണ്ടെന്ന കണക്ക് ആരും അറിയാന്‍ ഇടയില്ല. അവരുടെ ഉപജീവനോപാധികളെ എത്രത്തോളം ബാധിക്കുമെന്നതിനെക്കുറിച്ചും കണക്കില്ല. ഇവിടെയൊക്കെയാണ് സി പി ഐ (മാവോയിസ്റ്റ്) സ്വാധീനം ഉറപ്പിച്ചിരിക്കുന്നതും. മാവോയിസ്റ്റുകളെ ശക്തമായി നേരിടുകയും ഇത്തരം മേഖലകളിലെ വികസനരാഹിത്യം അഭിമുഖീകരിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറയുമ്പോഴുള്ള വൈരുധ്യം ബോധ്യമാകാന്‍ മറ്റൊന്നും ആവശ്യമില്ല. ഒറീസ്സയിലെ ജഗത്സിംഗ്പൂരില്‍ പോസ്കോയുടെ വന്‍കിട സ്റ്റീല്‍ പ്ലാന്റിന് എല്ലാ അനുമതിയും നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ ചിതറിത്തെറിക്കുന്നവരില്‍ ആദിവാസികളുണ്ട്, രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന ഗ്രാമവാസികളുമുണ്ട്. ഒറീസ്സയിലും സി പി ഐ (മാവോയിസ്റ്റ്)ക്ക് ചെറുതല്ലാത്ത സ്വാധീനമുണ്ടെന്നത് മറക്കാതിരിക്കുക. വികസനരാഹിത്യത്തെ കേന്ദ്ര സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന രീതി ഇതില്‍ നിന്ന് വ്യക്തമാണ്.
ഉത്തര്‍ പ്രദേശില്‍ യമുന എക്സ്പ്രസ് വേക്ക് വേണ്ടി ഭൂമി ഏറ്റെടുത്തപ്പോള്‍ യുക്തമായ നഷ്ടപരിഹാരം നല്‍കിയില്ലെന്ന് ആരോപിച്ച് കര്‍ഷകര്‍ ആരംഭിച്ച പ്രക്ഷോഭത്തെ മുതലെടുക്കാന്‍ പ്രധാനമന്ത്രി തന്നെയും മുന്‍കൈ എടുക്കുമ്പോള്‍ മഹാരാഷ്ട്രയിലെ ജയ്താപൂരില് പല ഗ്രാമങ്ങളെ ഇല്ലാതാക്കി ആണവ പാര്‍ക്ക് സ്ഥാപിക്കുന്നതില്‍ യാതൊരു മനഃസ്താപവും കാണുന്നില്ല. അവിടുത്തെ കര്‍ഷകര്‍ സമരം നടത്തിയപ്പോഴും പോലീസ് നടപടിയുണ്ടായി. പലര്‍ക്കും പരുക്കുമേറ്റു. ആര്‍ക്കും ഡോ. മന്മോഹന് സിംഗ് ധനസഹായം പ്രഖ്യാപിച്ചതായി അറിയില്ല. പതിനായിരങ്ങളെ സ്വന്തം ഭൂമയില്‍ നിന്ന് ഇറക്കിവിടാന്‍ മാത്രമല്ല, ഇരകളെ രാഷ്ട്രീയമായി കണ്ട് സ്വന്തം പാര്‍ട്ടിക്ക് മുതലെടുക്കാന്‍ അവസരമൊരുക്കുകയും കൂടിയാണ് മന്മോഹന് സിംഗ്.
ഇതിനെല്ലാമപ്പുറത്ത് വരും നാളുകളില്‍ വികസിച്ച് വരാവുന്ന കൂടുതല്‍ കാര്യങ്ങളുണ്ട്. പ്രതിരോധ കരാറുകളില്‍ തങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കുന്നില്ലെന്ന പരാതി അമേരിക്കക്കുണ്ട്. ആണവ കരാര്‍ ഒപ്പ് വെക്കാന്‍ തീരുമാനിച്ചപ്പോള്‍ ഉപാധിയായി വെച്ചിരുന്ന സൈനിക സഹകരണ കരാറുകളില്‍ ചിലതെങ്കിലും ഇനിയും ഒപ്പ് വെക്കപ്പെടാത്തതിലും അതൃപ്തിയുണ്ട്. കളങ്കമേശാത്ത പൊതുപ്രവര്‍ത്തന ചരിത്രത്തിന്റെ ഉടമയെന്ന യശസ്സില്‍ നിഴല്‍ പടര്‍ന്നാലോ എന്ന ശങ്ക മൂലം ഇത്തരം കരാറുകളുമായി മുന്നോട്ടുപോകാന്‍ മടിക്കുന്ന എ കെ ആന്റണിയെ പ്രതിരോധ വകുപ്പില്‍ തുടരാന്‍ മന്മോഹന് സിംഗ് അനുവദിക്കുമോ എന്നതാണ് അതില്‍ പ്രധാനം. സാമ്പത്തിക പരിഷ്കരണത്തിന്റെ കാര്യത്തില്‍ തന്നേക്കാള്‍ തീവ്രവാദിയായ മൊണ്ടേക് സിംഗ് അലുവാലിയയെ ധനകാര്യ മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുമോ എന്നതും. ഈ രണ്ട് സാധ്യതകളാകും യു പി എ സര്‍ക്കാറിന്റെ ശേഷിക്കുന്ന മൂന്ന് വര്‍ഷത്തെ നിശ്ചയിക്കുക.
ബേങ്കിംഗ്, ഇന്‍ഷ്വറന്‍സ് മേഖലകളില്‍ കൂടുതല്‍ വിദേശ നിക്ഷേപം അനുവദിക്കല്‍, പെന്ഷന് ഫണ്ടിലെ പണം ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ അനുമതി നല്കല്, ഡീസലിന്റെ വില നിശ്ചയിക്കാനുള്ള അധികാരം കൂടി എണ്ണക്കമ്പനികള്‍ക്ക് കൈമാറി റിലയന്‍സിനും ഷെല്ലിനും ലാഭമുണ്ടാക്കാന്‍ അവസരമൊരുക്കല്‍, പാചക വാതകത്തിന്റെയും മണ്ണെണ്ണയുടെയും സബ്സിഡി കുറേക്കൂടി പരിമിതപ്പെടുത്തല്‍, ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെ പട്ടിക കുറേക്കൂടി വെട്ടിപ്പരുവപ്പെടുത്തി ഭക്ഷ്യധാന്യ വിതരണം കാര്യക്ഷമമാക്കല്‍ എന്ന് തുടങ്ങി അനവധിയായ കാര്യങ്ങള്‍ നടപ്പാക്കുക എന്ന ചുമതലയുണ്ട് സര്‍ക്കാറിന്. അതിന് ഏറ്റവും പറ്റിയയാള് അലുവാലിയയല്ലാതെ മറ്റാരുമല്ല. ഒറീസ്സയിലെ നിയാംഗിരിയിലെ വേദാന്ത കമ്പനിയുടെ പദ്ധതിക്കുള്ള അനുമതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി റദ്ദാക്കിയപ്പോള്‍ ആദിവാസികളുടെ ഡല്‍ഹിയിലെ പോരാളിയാണ് താനെന്ന് പ്രഖ്യാപിക്കുകയും ജഗത്സിംഗ്പൂരിലേക്ക് തിരിഞ്ഞുനോക്കാതിരിക്കുകയും ചെയ്യുന്ന, ഉത്തര്‍ പ്രദേശിലെ ഭട്ട പര്‍സൗളിലേക്ക് മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ച് വാര്‍ത്ത സൃഷ്ടിക്കുകയും കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ ഒപ്പമുണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും ജയ്താപൂരിന്റെ കാര്യം അറിയാതിരിക്കുകയും ചെയ്യുന്ന നാട്യക്കാരന്‍ രാഹുല്‍ ഗാന്ധി മിനക്കെട്ടിറങ്ങിയില്ലെങ്കില്‍ ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം തുടര്‍ച്ചയായി രണ്ട് വട്ടം പ്രധാനമന്ത്രി സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കുന്നയാളെന്ന ഖ്യാതി മന്മോഹന് സിംഗിനുണ്ടാകും. രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഇതിലും വലിയൊരു ആശംസ നേരാനില്ല.
ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ അധികാരമേറ്റ യു ഡി എഫ് മന്ത്രിസഭക്ക് മധുവിധു കാലമുണ്ടാകില്ലെന്ന സൂചന വി എസ് അച്യുതാനന്ദന് ഇതിനകം തന്നെ നല്‍കിക്കഴിഞ്ഞു. കളങ്കിതരെന്ന് ആരോപണമുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചായിരുന്നു മുന്നറിയിപ്പ്. ഇത് കണക്കിലെടുക്കേണ്ട ബാധ്യത ഉമ്മന്‍ ചാണ്ടിക്കില്ല, കാരണം മന്ത്രിമാരാകുന്നത് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ്. അവരെ മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നത് അതാത് പാര്‍ട്ടികളുമാണ്. അതുകൊണ്ട് തന്നെ വി എസ്സിന്റെ മുന്നറിയിപ്പിന് രാഷ്ട്രീയത്തിനപ്പുറത്തുള്ള പ്രസക്തി തത്കാലമില്ല. പില്ക്കാലത്ത് ഇത് പ്രസക്തമാകുമോ ഇല്ലയോ എന്നത് വരും കാലത്ത് വി എസ് സ്വീകരിക്കാനിടയുള്ള നിലപാടുകളെത്തന്നെയാണ് ആശ്രയിച്ചിരിക്കുന്നത്. ഈ മുന്നറിയിപ്പിനേക്കാളും അരോചകമായി ഒരുപക്ഷേ, ഉമ്മന്‍ ചാണ്ടിക്ക് ഇപ്പോള്‍ അനുഭവപ്പെടുന്നത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള പ്രലപനങ്ങളാണ്. ആത്മകഥാകഥനത്തിന്റെ രൂപത്തിലും അല്ലാതെയും ഉയരുന്ന പ്രലപനങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ മാത്രമല്ല, പൊതു പ്രവര്‍ത്തനത്തെ കുറച്ചൊക്കെ ഗൗരവത്തോടെ കാണുന്ന എല്ലാവരെയും അലോസരപ്പെടുത്തുമെന്ന് ഉറപ്പ്.
നൂറിലേറെ സീറ്റ് നേടി യു ഡി എഫ് അധികാരത്തിലെത്തും. കൊട്ടാരക്കരയില്‍ നിന്ന് താന്‍ വര്‍ധിച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെടും. തുടര്‍ന്ന് രൂപവത്കരിക്കുന്ന മന്ത്രിസഭയില്‍ പ്രമുഖമായ വകുപ്പുകളിലൊന്നിന്റെ ചുതലയില്‍ ഇരിക്കും. എന്നൊക്കെ കിനാക്കണ്ടിരുന്ന പ്രമാണിക്ക് അപ്രതീക്ഷിതമായുണ്ടായ സുപ്രീം കോടതി വിധി പൂജപ്പുര ജയിലിലേക്കുള്ള വാതില്‍ തുറന്നപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഈ വിലാപം. നേരിയ ഭൂരിപക്ഷത്തിന് യു ഡി എഫ് അധികാരത്തിലെത്തിയതോടെ വിലാപം ഉച്ചസ്ഥായിലായി. നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ താന്‍ നിയമസഭയിലുണ്ടായിരുന്നുവെങ്കില്‍ ലഭിക്കുമായിരുന്ന പ്രാമുഖ്യത്തെക്കുറിച്ച് ഓര്‍ത്തുപോകുന്നുണ്ടാകും ബാലകൃഷ്ണ പിള്ള. അതിന്റെ കടക്കല്‍ കത്തിവെച്ചവരോടുള്ള രോഷം അതിരുകള്‍ ഭേദിക്കുക സ്വാഭാവികമാണ്. എങ്കിലും രാജ്യത്തെ പരമോന്നത കോടതി വിധിച്ച ശിക്ഷ അനുഭവിക്കുക എന്നത് നിയമപരമായ ബാധ്യതയാണെന്നെങ്കിലും ഓര്‍ത്ത് സമചിത്തത പാലിക്കുക എന്നതായിരുന്നു ഈ പ്രായത്തില്‍ പിള്ളക്ക് ഉചിതം.
ഇടമലയാര്‍ അഴിമതിക്കേസില്‍ വിചാരണക്കോടതി വിധിച്ച ശിക്ഷ ശരിവെക്കുക എന്നത് മാത്രമല്ല സുപ്രീം കോടതി ചെയ്തത്. മറിച്ച് ഗൗരവമേറിയ ചില അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. വിചാരണക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി നടപടി ശരിയായില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. വിചാരണക്കോടതി വിധിച്ച അഞ്ച് വര്‍ഷത്തെ കഠന തടവ് തീര്‍ത്തും ഉചിതമാണെന്ന് പറഞ്ഞ കോടതി പിള്ളയുടെ പ്രായവും കേസിന്റെ പഴക്കവും കണക്കിലെടുത്ത് ശിക്ഷ ഒരു വര്‍ഷമായി ഇളവ് ചെയ്യുകയാണെന്ന് വ്യക്തമാക്കുകയായിരുന്നു. ചെയ്ത കുറ്റത്തിന് അര്‍ഹമായ ശിക്ഷയല്ല നല്‍കുന്നത് എന്ന് ഓര്‍മിപ്പിക്കുകയായിരുന്നു സുപ്രീം കോടതി. മുന്നില്‍ വന്ന തെളിവുകള്‍ വിലയിരുത്തി കുറ്റക്കാരനാണെന്ന നിഗമനത്തില്‍ സുപ്രീം കോടതി എത്തിയെങ്കിലും താന്‍ നിരപരാധിയാണെന്ന് വാദിക്കാനുള്ള അവകാശം പിള്ളക്കുണ്ടെന്നത് അംഗീകരിക്കാം. പക്ഷേ, ശിക്ഷയെ രാഷ്ട്രീയമായി വീക്ഷിക്കുകയും തടവുകാരനെന്ന നിലക്ക് അര്‍ഹതക്കപ്പുറത്തുള്ള കാര്യങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുമ്പോള്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ് അദ്ദേഹം.
കോടതിവിധിക്ക് പൂര്‍ണമായും കീഴ്വഴങ്ങി ശിക്ഷ അനുഭവിച്ചു തീര്‍ക്കാന്‍ തയ്യാറാകുകയാണെങ്കില്‍ ഒരു വര്‍ഷത്തെ ശിക്ഷ എന്നത് ഒമ്പത് മാസമായി ഇളവ് ചെയ്യപ്പെടുമായിരുന്നു. അതിന് വേണ്ടിയല്ല അദ്ദേഹം കാത്തിരിക്കുന്നത് എന്നത് ഇതിനകം വ്യക്തമായിരിക്കുന്നു. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ സാഹചര്യത്തില്‍ തന്റെ ശിക്ഷ അടിന്തരമായി ഇളവ് ചെയ്തുകൊണ്ട് ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അത് നടക്കുമെന്ന് തന്നെ പ്രതീക്ഷിക്കണം. പിള്ളയുടെ പ്രായം, ആരോഗ്യ സ്ഥിതി, ഭാര്യയുടെ രോഗാവസ്ഥ എന്ന് തുടങ്ങി നിരവധി കാരണങ്ങള്‍ നിരത്താന്‍ യു ഡി എഫ് സര്‍ക്കാറിന് ബുദ്ധിമുട്ടുണ്ടാകില്ല. സി പി എം മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ തയ്യാറെടുത്ത് എത്തിയ ശേഷം തന്റെ ഭാര്യയുടെ മോശം ആരോഗ്യനില ചൂണ്ടിക്കാട്ടി മന്ത്രി നേരിട്ട് അഭ്യര്‍ഥിച്ചപ്പോള്‍ ആരോപണം ഉന്നയിക്കേണ്ട എന്ന് തീരുമാനിച്ച വിശാല മനസ്സുള്ളവരാണ് യു ഡി എഫിലെ നേതാക്കള്‍. പക്ഷേ, അത്തരമൊരു അവസ്ഥയാകില്ല പിള്ളയുടെ ശിക്ഷ ഇളവ് ചെയ്യാന്‍ തീരുമാനിച്ചാല്‍ ഉണ്ടാകുക. അതിന് ഒരു പരിധിവരെ കാരണക്കാരന്‍ പിള്ള തന്നെയാണ്.
പൂജപ്പുര ജയിലില്‍ അടക്കപ്പെട്ട ശേഷം ആദ്യമായി പരോളിലിറങ്ങിയപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന് ജയിലിലും തന്നെ ദ്രോഹിക്കുകയാണെന്ന ആരോപണം ഉന്നയിച്ചിരുന്നു പിള്ള. ജയിലില്‍ വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും ആരോപിച്ചു. കേരളത്തിലെ ജനങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായൊന്നുമല്ല ബാലകൃഷ്ണ പിള്ള ജയിലിലെത്തിയത്. മറിച്ച് പൊതു ഖജനാവ് കൊള്ളയടിക്കുകയോ കൊള്ളയടിക്കാന്‍ കൂട്ടുനില്‍ക്കുകയോ ചെയ്തതിനാണ്. ഈ കേസില്‍ ശിക്ഷിക്കപ്പെടുന്ന ഒരാള്‍ക്ക് എന്ത് അധിക സൗകര്യമാണ് ജയിലില്‍ ഒരുക്കേണ്ടിയിരുന്നത്? തനിക്ക് സൗകര്യമൊരുക്കിയില്ലെന്ന് പരാതിപ്പെടുമ്പോള്‍ സ്വയം അപഹാസിതനാകുകയാണെന്ന് തിരിച്ചറിയാനുള്ള വിവേകമെങ്കിലും അര നൂറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം പിള്ളക്ക് സമ്മാനിക്കേണ്ടതായിരുന്നു.
ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങിനില്‍ക്കുമ്പോള്‍ ആത്മകഥയിലൂടെ ഒളിയമ്പെയ്യുമ്പോഴും നഷ്ടപ്പെടുന്നത് പിള്ളയുടെ മാത്രം പ്രതിച്ഛായയാണ്. കമ്മ്യൂണിസ്റ്റ് സര്‍ക്കാറുകളേക്കാളും തന്നെ ദ്രോഹിച്ചത് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന യു ഡി എഫ് സര്‍ക്കാറാണെന്ന് പറയുമ്പോള്‍ പുതിയ സര്‍ക്കാറില്‍ സമ്മര്‍ദമേറ്റാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതിന് വഴങ്ങാന്‍ ഉമ്മന്‍ ചാണ്ടിയും സര്‍ക്കാറും തയ്യാറാകുമോ എന്നതാണ് പ്രധാന ചോദ്യം. വഴങ്ങുമെന്ന് തന്നെ കരുതണം. അതിന് കുറച്ച് കാലം കൂടി കാത്തിരിക്കേണ്ടിവരുമെന്ന് മാത്രം. അത്രയും കാലം പരോള്‍ നല്‍കാമെന്ന് പറയുമ്പോള്‍ ഉപാധികളോടെയുള്ള പരോള്‍ വേണ്ടെന്നാണ് പിള്ളയുടെ നിലപാട്. മാധ്യമങ്ങളോട് സംസാരിക്കാനും പൊതുയോഗങ്ങളില്‍ പ്രസംഗിക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യത്തോടെയുള്ള പരോളാണ് പിള്ളക്ക് ആവശ്യം, അത് ലഭിച്ചാല്‍ സമ്മര്‍ദ തന്ത്രം കുറേക്കൂടി ഫലപ്രദമായി പ്രയോഗിക്കാന്‍ സാധിക്കുമെന്ന് പിള്ള കരുതുന്നുണ്ടാകണം. ഇതെല്ലാം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. അത് അംഗീകരിച്ചുകൊടുക്കുക എന്നതിന് തെറ്റായ കീഴ്വഴക്കങ്ങള് സൃഷ്ടിക്കപ്പെടുക എന്നാണ് അര്‍ഥം.
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ഒരാളുടെ കാര്യത്തില്‍ ഇളവുകള്‍ നല്‍കാനാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനിക്കുന്നത് എങ്കില്‍ നിലനില്‍ക്കുന്ന മറ്റ് ആരോപണങ്ങളുടെ കാര്യത്തില്‍ സ്വീകരിക്കാനിടയുള്ള നിലപാടുകള്‍ സംബന്ധിച്ച ചില സൂചനകള്‍ അതില്‍ നിന്ന് ലഭിക്കും. കുരിയാര്‍ കുറ്റി, കാരപ്പാറ പദ്ധതിയില്‍ ടി എം ജേക്കബിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കുക പോലും ചെയ്യാതെ കേസ് തള്ളിക്കളഞ്ഞ കീഴ്ക്കോടതി നടപടി ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്. ഐസ് ക്രീം കേസില്‍ ആരംഭിച്ച പുനരന്വേഷണത്തിന്റെ ഗതിയും യു ഡി എഫ് സര്‍ക്കാറിന്റെ നിലപാടിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. യു ഡി എഫ് അധികാരത്തില്‍ വന്നാലും അന്വേഷണം തുടരുമെന്നാണ് തിരഞ്ഞെടുപ്പിന് മുമ്പ് കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ പറഞ്ഞിരുന്നത്. ഈ വാക്കുകള്‍ക്ക് അര്‍ഥമുണ്ടാകുമോ എന്നതിനുള്ള മറുപടിയും പിള്ളയുടെ കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാടില്‍ നിന്ന് അറിയാനാകും.
ചുരുക്കത്തില്‍ പ്രതിപക്ഷ സ്ഥാനമേല്‍ക്കുമെന്ന് കരുതപ്പെടുന്ന വി എസ് അച്യുതാനന്ദനേക്കാള്‍ വലിയ വെല്ലുവിളി ഉമ്മന്‍ ചാണ്ടി നേരിടേണ്ടിവരിക കൂടെ ഇരിക്കുന്നവരില്‍ നിന്നും കൂടെ ഇരുന്നിരുന്നവരില്‍ നിന്നുമായിരിക്കും. സര്‍ക്കാറിന്റെ വിശ്വാസ്യത അതിന്റെ ആദ്യനാളുകളില്‍ തന്നെ തുലാസ്സിലുണ്ടാകുമെന്ന് അര്‍ഥം. അതിന്റെ കേളികൊട്ടാണ് ഇപ്പോള്‍ പൂജപ്പുരയില്‍ നിന്നുയരുന്ന അരോചകമായ പ്രലപനങ്ങള്‍.
ഇനി പിള്ളയുടെ കാര്യത്തില്‍ വിട്ടുവീഴ്ച കാട്ടേണ്ടതില്ല എന്ന് തീരുമാനിച്ചുവെന്ന് കരുതുക. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന പിള്ള എന്തൊക്കെയാകും മനസ്സില്‍ കരുതിയിട്ടുണ്ടാകുക! പത്തനാപുരത്തു നിന്ന് മകന് ഗണേഷ് കുമാറിനെ രാജിവെപ്പിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കാം. കൊട്ടാരക്കരയില്‍ മത്സരിച്ച ഡോ. മുരളി വിജയിച്ചിരുന്നുവെങ്കില്‍ രാജി വെപ്പിച്ച് പിള്ള മത്സരിക്കുമായിരുന്നുവെന്നത് ഉറപ്പാണ്. പത്തനാപുരത്ത് നിന്ന് തന്നെ രാജി വെപ്പിക്കാന്‍ ശ്രമിച്ചാല്‍ ഗണേഷ് കുമാര്‍ എതിര്‍ത്തേക്കാമെന്നതിനാല്‍ അല്‍പ്പം അറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് മാത്രം. എങ്കിലും അതിന് ശ്രമിച്ചുകൂടായ്കയില്ല.
ജയിലില്‍ കിടന്നുകൊണ്ട് തന്നെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പിള്ളക്ക് സാധിക്കുമെന്ന നിയമോപദേശം നേരത്തെ ലഭിച്ചിരുന്നു. മത്സരിക്കുന്നതില്‍ നിന്ന് പിള്ളയെ മാറ്റിനിര്‍ത്താന്‍ നല്കിയ വാഗ്ദാനങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് വ്യക്തമല്ല. ആ വാഗ്ദാനം പാലിക്കപ്പെടുന്നില്ലെങ്കില്‍ പിള്ള പലതും തുറന്നു പറയാന്‍ തയ്യാറാകും. അത് യു ഡി എഫിനും വിശിഷ്യ ഉമ്മന്‍ ചാണ്ടിക്കും തലവേദന സൃഷ്ടിക്കും. അതൊഴിവാക്കാന് വലിയ സാഹസങ്ങള്‍ക്ക് യു ഡി എഫ് നേതാക്കള്‍ തയ്യാറായിക്കൂടെന്നില്ല.
അഞ്ച് വര്‍ഷം അധികാരത്തിലുണ്ടാകുമെന്ന് കരുതപ്പെടുന്ന യു ഡി എഫ് സര്‍ക്കാറിന് കടക്കാനുള്ള ആദ്യത്തെ ദുര്‍ഘടമായ പാലമാകുകയാണ് ആര് ബാലകൃഷ്ണ പിള്ളയെന്ന, മുന്നണിയുടെ സ്ഥാപക നേതാവ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് തൊട്ടുപിറ്റേന്ന് ഇത്തരം ആശങ്കകള്‍ പങ്ക് വെക്കുന്നതിലെ ഔചിത്യം സംശയിക്കുന്നവരുണ്ടാകാം. മുന്നണി ഏതായാലും ജനങ്ങള്‍ക്ക് ഗുണകരമാകുന്ന ഭരണം വേണമെന്ന ആഗ്രഹം എല്ലാവരിലുമുണ്ട്. അതിനെ പ്രതിഫലിപ്പിക്കാത്തതിലെ ഔചിത്യമില്ലായ്മക്ക് വരും നാളുകള്‍ മറുപടി നല്‍കും.
പ്രതിരോധ സാങ്കേതിക വിദ്യകളുടെ കാര്യത്തില്‍ അമേരിക്കയോളമെത്തില്ല പാക്കിസ്ഥാന്. എങ്കിലും ഇക്കാലത്ത് ഏത് രാജ്യവുമൊരുക്കുന്ന സാങ്കേതിക സംവിധാനങ്ങളെല്ലാം പട്ടിണിയുടെയും പരിവട്ടത്തിന്റെയും നടുവില്‍ തയ്യാറാക്കിയിരുന്നു ആ രാജ്യം. തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്ന വിമാനങ്ങളെ കണ്ടെത്താന്‍ റഡാറുകള്‍ ഒരുക്കിയിട്ടുണ്ട് പാക്കിസ്ഥാന്. ഇവയുള്‍പ്പെടെ നിരീക്ഷണ സംവിധാനങ്ങളെ മുഴുവന്‍ കുറേ നേരത്തേക്ക് നിര്‍ജീവമാക്കിയാണ് അമേരിക്കയുടെ നാല് ഹെലിക്കോപ്റ്ററുകള്‍ പാക്കിസ്ഥാന് അതിര്‍ത്തി കടന്ന് അബത്താബാദിലേക്ക് പറന്നത്. തങ്ങള്‍ നിര്‍ജീവമാക്കിയവക്ക് പുറത്ത് നിരീക്ഷണ സംവിധാനങ്ങളുണ്ടോ എന്ന സംശയം അമേരിക്കന്‍ പ്രതിരോധ മന്ത്രാലയത്തിന് ഉണ്ടായിരുന്നു. അതുകൊണ്ട് എത്രത്തോളം താഴ്ന്ന് പറക്കാമോ അത്രത്തോളം താഴ്ന്ന് കോപ്റ്ററുകള്‍ പറന്നു. അബത്താബാദില്‍ ഉസാമ ബിന്‍ ലാദന് ഒളിച്ചിരിക്കുന്നുവെന്ന് അവര്‍ കരുതിയിരുന്ന കെട്ടിടത്തിലെ കമാന്‍ഡോ നടപടിക്ക് ശേഷം ഉസാമ ബിന്‍ ലാദന്റെ മൃതദേഹവുമായി അമേരിക്കന്‍ കോപ്റ്ററുകള്‍ തിരികെപ്പറന്നു. നടപടിക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട ഒരു കോപ്റ്റര്‍ ഉപേക്ഷിച്ചുവെന്ന് മാത്രം.
പാക്കിസ്ഥാന് ഭരണകൂടത്തിന്റെ അറിവോ സമ്മതമോ കൂടാതെ ആ രാജ്യത്തിനുള്ളില്‍ അമേരിക്കന്‍ സേന ആക്രമണം നടത്തുന്നത് ഇത് ആദ്യമല്ല. ആളില്ലാതെ പറക്കുന്ന വിമാനങ്ങളില്‍ നിന്ന് വിദൂര നിയന്ത്രിത മിസൈലുകള്‍ പാക്കിസ്ഥാന്റെ മണ്ണിലേക്ക് അമേരിക്കന്‍ സൈന്യം തൊടുത്തത് പല തവണയാണ്. ഇത്തരം ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ `തീവ്രവാദികളാ'ണെന്ന് യു എസ് ആവര്‍ത്തിക്കുകയും ചെയ്തു. കുട്ടികളും സ്ത്രീകളുമടക്കം സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്ന് ആക്രമണം നടന്ന സ്ഥലത്തുള്ളവര്‍ പറഞ്ഞാലും ആരും അത് മുഖവിലക്കെടുത്തിരുന്നില്ല. ഇത്തരം ആക്രമണങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ സംഭവം. അമേരിക്കയുടെ സൈനികര്‍ നേരിട്ട് പറന്നെത്തി ഒരു ഓപ്പറേഷന് നടത്തി മടങ്ങുന്നു. ആരുമറിയാതെ. ആളില്ലാത്ത വിമാനങ്ങളുപയോഗിച്ച് നടത്തുന്ന ആക്രമണങ്ങള്‍ക്ക് പുറമെ നേരിട്ടുള്ള സൈനിക നടപടിക്ക് യു എസ് തയ്യാറായിരിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു രാജ്യത്തിന്റെയും പരമാധികാരം തങ്ങളുടെ ഇംഗിതങ്ങള്‍ നടപ്പാക്കുന്നതിന് തടസ്സമല്ലെന്ന് പ്രഖ്യാപിക്കുകയാണ് അതിലൂടെ. കൊന്നത് ഉസാമ ബിന്‍ ലാദനെയാണല്ലോ എന്നതുകൊണ്ട് കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇത് കാണാതെ പോകുകയാണ്. നാളെ മറ്റൊരു രാജ്യത്ത് ഇതേ രീതി അമേരിക്ക പിന്തുടര്ന്നാല് ചോദ്യം ചെയ്യാനാകുമോ ആര്‍ക്കെങ്കിലും?
ഉസമായെ ഇല്ലാതാക്കാന്‍ നടത്തിയ ഓപ്പറേഷനിലുണ്ടായിരുന്ന രഹസ്യ സ്വഭാവം എല്ലാ കാര്യങ്ങളിലും തുടരുന്നുണ്ട് എന്നതാണ് വസ്തുത. അധികാര കേന്ദ്രമോ അതിന്റെ ഭാഗമായി നില്ക്കുന്നവരോ ആരോപണവിധേയരാകുന്ന കേസുകളിലെല്ലാം ഈ അതാര്യത കാണാനാകും. അതാര്യതയെ ഭേദിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ക്ക് ഒരിക്കലും ആധികാരികതയുണ്ടാകില്ലെന്നത് അധികാര കേന്ദ്രങ്ങള്‍ക്ക് ഗുണകരമാകുകയും ചെയ്യും. രഹസ്യം സൂക്ഷിക്കാന്‍ ഉന്മൂലനങ്ങള് തുടരുന്നതിനും ഉദാഹരണങ്ങള്‍ നിരവധിയാണ്. നമുക്ക് മുന്നില്‍ തര്‍ക്ക വിഷയങ്ങളായി നിലനില്‍ക്കുന്ന പല കേസുകളിലും ഇത് കാണാം.
ഗുജറാത്ത് വംശഹത്യക്ക് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ഒത്താശയുണ്ടായിരുന്നുവെന്ന ആരോപണം ഉയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസിന്റെ ആറാം നമ്പര്‍ ബോഗിക്ക് തീപിടിച്ച് 58 പേര് മരിച്ച സംഭവത്തിന് ശേഷം വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മോഡി എന്താണ് പറഞ്ഞത് എന്ന് നേരത്തെ തന്നെ പുറത്തുവന്നിരുന്നു. രഹസ്യങ്ങളുടെ മറ ഭേദിച്ച് പുറത്തുവന്ന വിവരത്തിന് ആധികാരികതയുണ്ടായിരുന്നില്ല. ഇപ്പോള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ളവര്‍ മോഡി പറഞ്ഞ കാര്യങ്ങള്‍ പുറത്തുപറയാന്‍ തയ്യാറാകുമ്പോള്‍ പോലും അതിന് ആധികാരികത ലഭിക്കുന്നില്ല. രാഷ്ട്രീയത്തിലെ എതിര് ചേരിയിലുള്ളവര്‍ കേന്ദ്ര ഭരണം കൈയാളുമ്പോള്‍ പോലും ഈ സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നീതിപൂര്‍വകമായി അന്വേഷിക്കപ്പെടുന്നില്ല. അതാണ് അധികാരകേന്ദ്രങ്ങളുടെ ശക്തി.
ഇപ്പറഞ്ഞതില്‍ നിന്ന് ആയിരം മടങ്ങെങ്കിലും വലിയ അധികാര കേന്ദ്രമാണ് യു എസ്. ഏത് രാജ്യത്തിന്റെ അതിര്‍ത്തി ഭേദിച്ചും ആക്രമണങ്ങള്‍ നടത്താന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് അതിന്റെ നേതൃത്വത്തില്‍. സൃഷ്ടി, സ്ഥിതി, സംഹാരങ്ങളുടെ പൂര്‍ണാധികാരം നിലനിര്‍ത്തുന്നുവെന്ന് ധരിക്കുന്നവര്‍. ഉസാമ ബിന്‍ ലാദന്റെ സൃഷ്ടി അമേരിക്കയുടെതായിരുന്നു. അല്‍ഖാഇദ, താലിബാന് എന്നിവയുടെ സൃഷ്ടിയിലും അവര്‍ക്കുള്ള പങ്ക് ചെറുതല്ല. ഇവയുടെയെല്ലാം നിലനില്‍പ്പ് ഉറപ്പാക്കാന്‍ പണമൊഴുക്കിയതും ആയുധങ്ങള്‍ വിതരണം ചെയ്തതും മറ്റാരുമല്ല. ഇപ്പോള്‍ സംഹാരത്തിന് വേണ്ടി കോടികള്‍ ഒഴുക്കുന്നു. എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ച് കൊലകള്‍ നടത്തുന്നു. അണിയറയില്‍ നടക്കുന്നത് എന്താണെന്ന് ആരും അറിയുകയുമില്ല.
അഫ്ഗാനിസ്ഥാന് ആക്രമണവും ഉസാമ ബിന്‍ ലാദന് വേട്ടയും തുടങ്ങിയതിന് കാരണമായി പറയുന്നത് 2001ല്‍ ലോക വ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ഗോപുരങ്ങള്‍ക്ക് നേര്‍ക്കുണ്ടായ ആക്രമണമാണ്. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ഖാഇദ ഏറ്റെടുക്കുന്നുവെന്ന് ഉസാമ പറയുന്ന ടേപ്പ് പുറത്തുവന്നത് 2004ല്‍ മാത്രം. അപ്പോഴേക്കും അധിനിവേശം ആരംഭിച്ചിട്ട് വര്‍ഷം മൂന്ന് കഴിഞ്ഞിരുന്നു. ലോക വ്യാപാര കേന്ദ്രത്തിന്റെ ബഹുനിലക്കെട്ടിടങ്ങള്‍ക്കും പെന്റഗണിനും നേര്‍ക്കുണ്ടായ ആക്രമണത്തിന്റെ പത്താം വാര്‍ഷികം എത്തുകയാണ്. അപ്പോള്‍ പോലും ആക്രമണം എങ്ങനെയുണ്ടായെന്നത് സംബന്ധിച്ച സംശയങ്ങള്‍ നീങ്ങിയിട്ടില്ല. അമേരിക്ക തന്നെ ആസൂത്രണം ചെയ്തു നടപ്പാക്കിയ ആക്രമണമായിരുന്നു ഇതെന്ന് സമര്‍ഥിക്കുന്ന സിദ്ധാന്തങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല.
ഈ സിദ്ധാന്തങ്ങളില്‍ പലതും അമേരിക്കക്കാര്‍ തന്നെ മുന്നോട്ടുവെക്കുന്നതാണ്. പാക്കിസ്ഥാനുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിരോധ സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ഏറെ മുന്നില്‍ നില്ക്കുന്ന രാജ്യമാണ് അമേരിക്ക. ബഹിരാകാശത്ത് മിഴി പൂട്ടാതെ നിരീക്ഷണം നടത്തുന്ന ഉപഗ്രഹക്കണ്ണുകള്‍ നിരവധിയുണ്ട്. ഇവയുടെ എല്ലാം കണ്ണുവെട്ടിച്ച് വിമാനങ്ങള്‍ ഇടിച്ചിറക്കാന്‍ സാധിച്ചതില്‍ അസ്വാഭാവികത അമേരിക്കക്കാര്‍ക്ക് തോന്നിയാല്‍ അത്ഭുതമില്ല. ആക്രമണം തങ്ങളുടെ ഭരണകൂടം തന്നെയാണ് ആസുത്രണം ചെയ്തത് എന്ന് വാദിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതിന്റെ കാരണങ്ങളിലൊന്ന്, രാജ്യത്തിന്റെ മേധാവിത്വം ചോദ്യം ചെയ്യപ്പെടും വിധത്തില്‍ പുറമെ നിന്നുള്ള ഒരു സംഘം ആക്രമണം നടത്തിയെന്ന് വിശ്വസിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല എന്നത് കൂടിയാണ്.
ഇത്തരം സിദ്ധാന്തങ്ങളില്‍ വസ്തുതയുണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച അന്വേഷണങ്ങള്‍ പ്രസക്തമാണെന്ന് കരുതുന്നവരുടെ എണ്ണം അന്നും ഇന്നും കുറവാണ്. കാരണം അത്രത്തോളം പ്രചണ്ഡമായിരുന്നു പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അല്‍ഖാഇദവിരുദ്ധ പ്രചാരണം. ഇപ്പോള്‍ ഉസാമയെ ഇല്ലാതാക്കുമ്പോള്‍ അല്‍ഖാഇദവിരുദ്ധ വികാരത്തെ ചെറിയ അളവിലെങ്കിലും പുനരവതരിപ്പിക്കുന്നുണ്ട് ഒബാമ. അതിന്റെ തെളിവാണ് വൈറ്റ് ഹൗസിനു മുന്നിലും മറ്റും അരങ്ങേറിയ ആഹ്ലാദ പ്രകടനങ്ങള്‍. പ്രചാരണ പ്രഘോഷത്തിനും ആഹ്ളാദാരവങ്ങള്‍ക്കുമടിയില്‍ രഹസ്യങ്ങള്‍ ഭദ്രമായി ഇരിക്കുമെന്ന ഉറപ്പ് അമേരിക്കക്കുണ്ട്. മറകള്‍ ഭേദിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ സൃഷ്ടിക്കുന്ന എതിര്‍വികാരങ്ങളുടെ ചെറു വേലിയേറ്റങ്ങളെ മറികടക്കാന്‍ കഴിയുമെന്ന ഉറപ്പുമുണ്ട്.
ഉസാമയെ വധിച്ചത് പോലും പലതും രഹസ്യമാക്കിവെക്കുക എന്ന ലക്ഷ്യത്തോടെയാണോ എന്ന് സംശയിക്കേണ്ടതുണ്ട്.
ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്കയുടെ നേതൃത്വത്തിലുള്ള അധിനിവേശ സേന നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ വിക്കിലീക്സ് പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് ഫയലുകള്‍ ഇതിനകം പുറത്തുവന്നു. പുറമെ പറയുന്നത് പോലെയല്ല കാര്യങ്ങളെന്ന തോന്നല്‍ ഇത് സൃഷ്ടിക്കുകയും ചെയ്തു. നയതന്ത്ര കേബിളുകള്‍ വിക്കിലീക്സ് പുറത്തുവിട്ടപ്പോള്‍ പല രാഷ്ട്രങ്ങളുടെയും ഉള്ള് ചുവന്നിട്ടുണ്ടാകണം. അവരത് പരസ്യമായി പ്രകടിപ്പിച്ചില്ല എന്ന് മാത്രം. ഈ പ്രതികൂല സാഹചര്യത്തെ തരണം ചെയ്ത് സ്വന്തം മേല്‍ക്കോയ്മ നിലനിര്‍ത്തണമെങ്കില്‍ ഒരു മെഗാ ഇവന്റ് സൃഷ്ടിക്കപ്പെടേണ്ടതുണ്ടായിരുന്നു. അതാണ് ഉസാമയുടെ കൊലപാതകത്തിലൂടെ ഉണ്ടായത് എന്ന് കരുതണം.
അതിലപ്പുറത്ത് ഉസാമയെ വധിച്ചതുകൊണ്ട് എന്തെങ്കിലും നേട്ടം അമേരിക്കക്കോ ലോകത്തിനോ ഉണ്ടാകുന്നുണ്ടോ? ജീവനോടെ പിടികൂടി വിചാരണക്ക് നിര്‍ത്തിയിരുന്നുവെങ്കില്‍ ഉസാമയുടെ നാവില്‍ നിന്ന് പുറത്തുവരുമായിരുന്ന വിവരങ്ങള്‍ ഒരുപക്ഷേ, ഏറ്റവും കൂടുതല്‍ പൊള്ളിക്കുക അമേരിക്കയെ തന്നെയായിരിക്കും. അമേരിക്കയുടെ മുന്‍ പ്രസിഡന്റുമാരുടെ ആതിഥ്യം സ്വീകരിച്ചത് മുതലുള്ള കാര്യങ്ങള്‍ പറയാനുണ്ടാകുമായിരുന്നു. ഇത്തരം രഹസ്യങ്ങള്‍ ഉസാമക്കൊപ്പം ഭദ്രമായി മറവുചെയ്യപ്പെട്ടു. 2001ലെ ആക്രമണത്തിന് പിറകിലെ രഹസ്യങ്ങളുടെ മറ കാക്കാന്‍ അയ്മന് അല്‍ സവാഹിരി മുതല്‍ താഴേക്ക് അല്‍ഖാഇദയുടെ നേതാക്കള്‍ ജീവനോടെയുണ്ട്. അവരെ മുഖ്യ പ്രതിയോഗികളായി നിര്‍ത്തി ആക്രമണം തുടര്‍ന്നാല്‍ മാത്രം മതി. ഉസാമയുടെ ഒളിവ് ജീവിതത്തില്‍ പാക്കിസ്ഥാനുള്ള പങ്ക് ചൂണ്ടിക്കാട്ടി ആ രാജ്യത്ത് കൂടുതല്‍ സജീവമായ സൈനിക നടപടി ആരംഭിക്കാന്‍ പഴുത് ലഭിക്കുകയും ചെയ്യുന്നു.
ഉസാമയെ ലക്ഷ്യമിട്ട് പറന്നത് പോലെ ഏറെ താഴ്ന്ന് അമേരിക്കന്‍ കോപ്റ്ററുകള്‍ ഏത് രാജ്യത്തിലും ഇനിയും പറക്കാം. അവിടെ നിന്നൊക്കെ പ്രതിയോഗികളുടെ പട്ടികയില്‍ പറയുന്ന പേരുകാരില്‍ ഒരാളുടെ മൃതദേഹം ആരുമറിയാതെ കടലിലേക്ക് നീക്കം ചെയ്യപ്പെട്ടേക്കാം. എല്ലാം രഹസ്യമായിരിക്കുമെന്ന് മാത്രം. പുറത്തറിയുക യു എസ് പ്രസിഡന്റോ അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ പറയുന്ന കാര്യങ്ങള്‍ മാത്രമായിരിക്കും. ഇറാഖിന്റെ പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനെ പിടികൂടി വിചാരണയെന്ന പ്രഹസനം നടത്താനെങ്കിലും മുന്‍ കാലത്ത് തയ്യാറായിരുന്നു. അതിന്റെ പോലും ആവശ്യം ഇനിയില്ലെന്ന് പ്രഖ്യാപിക്കുകയാണ് ഒബാമ.
ലിബിയയുടെ നേതാവ് മുഅമ്മര്‍ ഗദ്ദാഫിയെ ലക്ഷ്യമിട്ട തീയുണ്ടകള്‍ അദ്ദേഹത്തിന്റെ മകന്റെയും പേരക്കുട്ടികളുടെയും ജീവനെടുത്തു. അന്താരാഷ്ട്ര വേദികളില്‍ യാതൊരു പ്രതിഷേധവുമുയര്‍ന്നില്ല. ഇത് നീതിരഹിതമായ കൂട്ടക്കൊലയാണെന്ന് ആരും പറഞ്ഞില്ല. കേണുവണങ്ങി നില്‍ക്കുകയാണ് ലോക രാജ്യങ്ങള്‍. അതുകൊണ്ടാണ് ഉസാമയെപ്പോലെ ചിലര്‍ എതിര്‍ക്കുമ്പോള്‍, അതിന്റെ രീതികളെക്കുറിച്ച് ഭിന്നാഭിപ്രമായമുണ്ടാകുമ്പോള്‍ പോലും പിന്തുണച്ച് പോകുന്നത്. അത്തരം എതിര്‍പ്പുകള്‍ വീണ്ടുമുയരും. അത് കണക്കാക്കി പുതിയ തന്ത്രങ്ങള്‍ രഹസ്യമായി ആവിഷ്കരിക്കപ്പെടും. സദ്ദാം ഹുസൈനെ പുറത്താക്കിയ ശേഷം ഇറാഖില്‍ സംഘടിപ്പിക്കപ്പെട്ട വംശീയ ആക്രമണങ്ങളെപ്പോലെ.