2015-08-31

കാനേഷുമാരിയില്‍ കാവി കലക്കുമ്പോള്‍


ജനസംഖ്യാ കണക്കെടുപ്പിന്റെ ലക്ഷ്യമെന്താണ്? ഒരു രാജ്യത്തെ ജനങ്ങള്‍ ഏതൊക്കെ മതവിഭാഗങ്ങളില്‍പ്പെടുന്നവരാണ് എന്ന് തിരിച്ചറിയലാണോ? ഓരോ മതവിഭാഗത്തില്‍പ്പെട്ടവരും ഒരോ ദശകത്തിലും എത്രകണ്ട് വര്‍ധിച്ചു/കുറഞ്ഞു എന്ന് കണക്കെടുക്കലാണോ? 2011ല്‍ പൂര്‍ത്തിയായ ജനസംഖ്യാ കണക്കെടുപ്പിന്റെ വിവരങ്ങള്‍ ഘട്ടം ഘട്ടമായി പുറത്തുവിടുകയാണ് കേന്ദ്ര സര്‍ക്കാര്‍. 121 കോടിയാളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വേര്‍തിരിച്ച് പ്രസിദ്ധം ചെയ്യുന്നതിന് ഏറെ സമയമെടുക്കുന്നുവെന്നതിനാലാണ് 2011ല്‍ പൂര്‍ത്തിയായ കാനേഷുമാരിയുടെ കണക്കുകള്‍ നാല് വര്‍ഷത്തിന് ശേഷം പുറത്തുവിടുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. സാമുഹിക - സാമ്പത്തിക ഘടകങ്ങളെ കേന്ദ്രീകരിച്ചുള്ള കണക്കുകളാണ് ആദ്യം പുറത്തുവിട്ടത്. മതത്തെ അധികരിച്ചുള്ളത് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നു. 2011ലെ കാനേഷുമാരിക്ക്, മുമ്പ് നടന്നവയെ അപേക്ഷിച്ചുണ്ടായിരുന്ന പ്രത്യേകത സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ജാതി അടിസ്ഥാനത്തിലുള്ള കണക്ക് കൂടി ശേഖരിച്ചുവെന്നതായിരുന്നു. ജാതി തിരിച്ചുള്ള കണക്ക് ഇപ്പോഴും പുറത്തുവന്നിട്ടില്ല. വിവരങ്ങളുടെ വ്യാപ്തി മൂലം സംസ്‌കരിച്ചെടുക്കാന്‍ പ്രയാസമെന്നാണ് ഔദ്യോഗിക വിശദീകരണം.


വിവിധ വിഭാഗങ്ങളുടെ വലുപ്പം, സാമുഹിക - സാമ്പത്തിക അവസ്ഥ, ആണെത്ര, പെണ്ണെത്ര, യുവാക്കളെത്ര, യുവതികളെത്ര, കുട്ടികളെത്ര, തൊഴിലുള്ളവരെത്ര, സ്‌ക്കൂളില്‍ പോകുന്നവരെത്ര എന്ന് തുടങ്ങി രാജ്യത്തെ ജനങ്ങളുടെ ആകെ സമഗ്രമായ വിവരങ്ങളുടെ സഞ്ചയമാണ് സാധാരണനിലക്ക് കാനേഷുമാരിയില്‍ നിന്ന് ലഭിക്കേണ്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തിന്റെ ആസൂത്രണ പ്രക്രിയയെ കൂടുതല്‍ സമഗ്രവും ഫലപ്രദവുമാക്കുന്നത്. ജനസംഖ്യാനുപാതിക പ്രാതിനിധ്യം എല്ലാ വിഭാഗങ്ങള്‍ക്കും കിട്ടുന്നുണ്ടോ ഇല്ലയോ എന്ന് നിശ്ചയിക്കുന്നതും ഇതിനെ അടിസ്ഥാനമാക്കിയാണ്. പ്രാതിനിധ്യം എന്നത് നിയമ നിര്‍മാണ സഭകള്‍ മുതലിങ്ങോട്ട് സകല മേഖലയിലും വരും. ഏതെങ്കിലും വിഭാഗത്തിന് ഏതെങ്കിലും തലങ്ങളില്‍ പ്രാതിനിധ്യം കുറഞ്ഞുപോകുന്നുവെന്ന് കണ്ടാല്‍ അത് പരിഹരിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ ആലോചിച്ച് നടപ്പാക്കേണ്ടതുണ്ട്. സാമൂഹികമോ സാമ്പത്തികമോ ആയ അളവുകളില്‍ ഏതെങ്കിലും വിഭാഗം/പ്രദേശം പിന്നാക്കം നില്‍ക്കുന്നുവെന്ന് കണ്ടെത്തിയാല്‍ അത് പരിഹരിക്കാനുള്ള നടപടികളും വേണം.


അസ്വാഭാവികമോ അസന്തുലിതമോ ആയ വളര്‍ച്ച/വളര്‍ച്ചാക്കുറവ് ഏതെങ്കിലും മേഖലയിലുണ്ടെന്ന് കണ്ടെത്തിയാല്‍ അതേക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുകയും വേണ്ട പരിഹാരനടപടികള്‍ സ്വീകരിക്കുകയും ചെയ്യാറുണ്ട്. ഇന്ത്യയില്‍ പലേടത്തും സ്ത്രീ - പുരുഷാനുപാതത്തിലുള്ള ഏറ്റക്കുറവ് ശ്രദ്ധയില്‍പ്പെട്ടത് കാനേഷുമാരികളിലൂടെയായിരുന്നു. പിറന്നുവീഴുന്നത് പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ കൊന്നുകളയുന്ന പതിവ് പലയിടത്തുമുണ്ടെന്നും അതാണ് അനുപാതം കുറയാനൊരു പ്രധാന കാരണമെന്നും പുറത്തുവന്നത് അനുപാതത്തിലെ അന്തരത്തെക്കുറിച്ചുള്ള പഠനങ്ങളുടെ തുടര്‍ച്ചയായാണ്. പെണ്‍കുഞ്ഞുങ്ങള്‍ക്കായി വിവിധ ഭരണസംവിധാനങ്ങള്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചത് ഇതിന്റെ തുടര്‍ച്ചയായാണ്. സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന വികസന പദ്ധതികളുടെ കുറേയെങ്കിലും സമതുലിതമായ വിതരണം സാധ്യമാക്കിയതിന് പിറകിലും ഈ വിവരശേഖരണത്തിന് വലിയ പങ്കുണ്ട്. ഇന്ത്യയുടെ കാര്യം സവിശേഷമായെടുത്താല്‍ വൈവിധ്യത്തിന്റെ നിലനില്‍പ്പ് തുടരുന്നതിനും അതിലുള്‍ക്കൊള്ളുന്ന സ്വത്വങ്ങളില്‍ ചിലത് അതിജീവിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും കാനേഷുമാരി വലിയപങ്കുവഹിച്ചിട്ടുണ്ട്. ആന്‍ഡമാന്‍ നിക്കൊബാര്‍ ദ്വീപ് സമൂഹങ്ങളിലെ ആദിമ നിവാസികളില്‍ ചിലതിനെ സംരക്ഷിക്കുന്നതിന് സവിശേഷമായ നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടം തീരുമാനിച്ചത് ഉദാഹരണമാണ്.


2011ല്‍ യു പി എ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ നടന്ന കാനേഷുമാരിയുടെ വിവരങ്ങള്‍, 2015ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പുറത്തുവിടുമ്പോള്‍ സാമ്പ്രദായികരീതിയില്‍ നിന്ന് ഭിന്നമാണ് കാര്യങ്ങള്‍. വിവരങ്ങള്‍ സര്‍ക്കാറിന്റെ കൂടി ഇംഗിതത്തിന് അനുസരിച്ച് ഘട്ടം ഘട്ടമായി പുറത്തുവിടുകയാണ് ചെയ്യുന്നത്. അതില്‍ തന്നെ മതം അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ കണക്ക് പുറത്തുവിടാന്‍ തിരഞ്ഞെടുത്ത സമയം വിമര്‍ശിക്കപ്പെടുന്നുമുണ്ട്. ബീഹാര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത് നടക്കാനിരിക്കെ സംഘ് പരിവാറിന് വര്‍ഗീയ പ്രചാരണം നടത്താന്‍ പാകത്തിലാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത് എന്നതാണ് വിമര്‍ശം. വിവരങ്ങളൊക്കെ നേരത്തെ തയ്യാറായിരുന്നുവെന്നും രാജ്‌നാഥ് സിംഗിനാല്‍ ഭരിക്കപ്പെടുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ അനുവാദം കിട്ടാതിരുന്നതിനാലാണ് കാലേക്കൂട്ടി പുറത്തുപറയാതിരുന്നത് എന്നുമാണ് കണക്കെടുപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. വിവരങ്ങളില്‍ കുറച്ചുഭാഗം ആഭ്യന്തര മന്ത്രാലയം മാധ്യമങ്ങളിലേക്ക് ആസൂത്രിതമായി ചോര്‍ത്തിക്കൊടുത്തു. അതിന് ശേഷമാണ് ഔദ്യോഗികമായി പുറത്തുവിടാന്‍ നിശ്ചയിച്ചത്. വിവരം പുറത്തുവിട്ട സമയത്തിനു നേര്‍ക്കുയരുന്ന ചോദ്യങ്ങള്‍ക്ക് ബലമേകുന്നതാണ് ഈ നടപടികള്‍.


നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലൂടെയും അല്ലാതെയും ക്രിസ്ത്യന്‍ - മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ എണ്ണം വര്‍ധിപ്പിക്കുകയാണെന്ന ആക്ഷേപം സംഘ്പരിവാര്‍ സംഘടനകള്‍ കാലങ്ങളായി ഉയര്‍ത്തുന്നുണ്ട്. 'ഘര്‍ വാപ്‌സി' എന്ന ഓമനപ്പേരിട്ട് തിരികെ ഹിന്ദുവാക്കാനുള്ള ശ്രമം സംഘ്പരിവാര്‍ അടുത്തിടെ ആരംഭിച്ചത് ഈ ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. 2011ലെ കാനേഷുമാരിയെ വസ്തുതാപരമായി പരിശോധിച്ചാല്‍ ഈ ആക്ഷേപങ്ങളൊക്കെ അടിസ്ഥാനമില്ലാത്തതാണെന്ന് കാണാനാകും. 1991ലെ കണക്കനുസരിച്ച് രാജ്യത്തെ ഹിന്ദുക്കളുടെ എണ്ണത്തിലുണ്ടായ വര്‍ധന 22.71 ശതമാനമായിരുന്നു. ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 1.36 ശതമാനം കുറയുകയും ചെയ്തു. അന്ന് മുസ്‌ലിംകളുടെ എണ്ണത്തിലുണ്ടായ വര്‍ധന 32.88 ശതമാനമായിരുന്നു. വളര്‍ച്ചാ നിരക്ക്, അതിനു മുമ്പത്തെ കണക്കെടുപ്പ് കാലത്തെ അപേക്ഷിച്ച് 2.09 ശതമാനം കൂടി. രണ്ട് ദശകം പിന്നിടുമ്പോള്‍ ഹിന്ദുക്കളുടെ എണ്ണത്തിലുള്ള വര്‍ധന 16.76 ശതമാനമായി കുറഞ്ഞു. വളര്‍ച്ചാ നിരക്ക് 3.17 ശതമാനമായി കുറയുകയാണ് ഉണ്ടായത്. മുസ്‌ലിംകളുടെ കാര്യത്തില്‍ എണ്ണം 24.6 ശതമാനം വര്‍ധിച്ചപ്പോള്‍ വളര്‍ച്ചാ നിരക്ക് 4.92 ശതമാനമായി കുറയുകയാണ് ചെയ്തത്. ക്രിസ്തുമത വിശ്വാസികള്‍ ആകെ ജനസംഖ്യയുടെ 2.3 ശതമാനം മാത്രമേയുള്ളൂ 2011ലെ കണക്കില്‍.


രഥയാത്ര, ബാബ്‌രി മസ്ജിദിന്റെ ധ്വംസനം, ഭീകരവാദികളെന്ന ആരോപണത്തിന്റെ നിഴല്‍, ഗുജറാത്ത് വംശഹത്യ എന്നിങ്ങനെ പല കാരണങ്ങളാല്‍ മുസ്‌ലിം ന്യൂനപക്ഷം അരക്ഷിതരാകുകയും സ്വത്വ സംരക്ഷണത്തിനായി കൂടുതല്‍ സംഘടിതമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന തോന്നല്‍ അവരില്‍ ശക്തമാകുകയും ചെയ്തതാണ് 1991 മുതലിങ്ങോട്ടുള്ള കാലം. അതുകൊണ്ടാണ് 1991ലെ വിവരങ്ങളുമായുള്ള താരതമ്യത്തിന് ശ്രമിച്ചത്. അക്കാലത്ത് ജനസംഖ്യാ വര്‍ധനയുടെ നിരക്ക് മുസ്‌ലിംകളെ സംബന്ധിച്ച് താഴേക്ക് വരികയാണ് ചെയ്തിരിക്കുന്നത്. ന്യൂനപക്ഷം, ആസൂത്രിതമായി ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന സംഘ്പരിവാര്‍ ആരോപണം തെറ്റെന്ന് തെളിയാന്‍ മറ്റൊരു കണക്കും ആവശ്യമില്ല. കണക്കുകളെ ഈ വിധം വിശദീകരിക്കപ്പെടുന്നത് തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ വാര്‍ത്താക്കുറിപ്പായി മാത്രം പുറത്തുവിട്ടാല്‍ മതിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ചത്. സാധാരണ നിലക്ക് കണക്കുകള്‍ അവതരിപ്പിച്ച് സെന്‍സസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ സമ്മേളനം നടത്തുകയും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്യാറുണ്ട്. ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വലിയ തോതില്‍ വര്‍ധിച്ചുവരികയാണോ എന്നൊരു ചോദ്യമുയര്‍ന്നാല്‍ വസ്തുതകളെ ആധാരമാക്കി അങ്ങനെയല്ലെന്ന് പറയാനേ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുമായിരുന്നുള്ളൂ. അതിന് അവസരമൊരുക്കാതിരുന്ന മോദി സര്‍ക്കാര്‍, സംഘ്പരിവാരത്തിന് സ്വന്തം പ്രചാരണം ആരംഭിക്കാന്‍ അവസരം തുറന്നിടുകയാണ് ചെയ്തത്.


രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ മുഖപത്രമായ ഓര്‍ഗനൈസര്‍ കണക്കുകളെ വ്യാഖ്യാനിക്കുന്നത് കൂടി ശ്രദ്ധിച്ചാല്‍ ഇത് വ്യക്തമാകും. ആകെ കണക്കെടുക്കുമ്പോള്‍ ഹിന്ദുക്കളുടെ ജനസംഖ്യ ദശാംശം ഏഴ് ശതമാനം കുറഞ്ഞ് 79.8 ശതമാനമായപ്പോള്‍ മുസ്‌ലിം ജനസംഖ്യ ദശാംശം എട്ട് ശതമാനം വര്‍ധിച്ച് 14.2 ശതമാനമായെന്നാണ് ഓര്‍ഗനൈസര്‍ ചൂണ്ടിക്കാട്ടുന്നത്. ജനസഖ്യയുടെ വളര്‍ച്ചാ നിരക്കിലുണ്ടായ ഇടിവ് മനഃപൂര്‍വം മറച്ചുവെച്ച് ആകെയുണ്ടായ വര്‍ധനയുടെ കണക്ക് ഉയര്‍ത്തിക്കാട്ടുകയും ഇവ്വിധം പോയാല്‍ 'ഇസ്‌ലാമിക ഭാരതം' നിലവില്‍ വരുമെന്ന ആശങ്ക പ്രചരിപ്പിക്കുകയുമാണ് അവര്‍. ഇപ്പോഴത്തെ തോതനുസരിച്ച് 2050 ആകുമ്പോഴേക്കും ഇന്ത്യയിലെ മുസ്‌ലിംകളുടെ എണ്ണം 31.1 കോടിയാകുമെന്നും ലോകത്തിലേറ്റവുമധികം മുസ്‌ലിംകളുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും വാദിക്കുകയും ചെയ്യുന്നു. 2050 ആകുമ്പോഴേക്കും ഹിന്ദുക്കളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന എത്രയെന്ന് പ്രവചിക്കാതെ, മുസ്‌ലിംകളുടെ എണ്ണം സങ്കല്‍പ്പിക്കുമ്പോള്‍ ഉദ്ദേശ്യം വ്യക്തമാണ്.


ഭൂരിപക്ഷ വര്‍ഗീയതയെ ആളിക്കത്തിക്കാന്‍, വിവരങ്ങളെ ഉപയോഗപ്പെടുത്തുകയാണ് സംഘ്പരിവാര്‍. അതിന് യോജിക്കും വിധത്തില്‍ വിവരങ്ങള്‍ പുറത്തുവിടുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍. ഔദ്യോഗിക വിശദീകരണങ്ങള്‍ ഒഴിവാക്കുക കൂടി ചെയ്യുമ്പോള്‍ സംഗതി കുറേക്കൂടി എളുപ്പകുമാകും. വിവരശേഖരണം ആസൂത്രണത്തിനോ സമ്പത്തിന്റെയോ അവസരങ്ങളുടെയോ യുക്തിസഹമായ വിതരണത്തിനോ ഉപയോഗിക്കുക എന്നത് ഈ സര്‍ക്കാറിന്റെ അജന്‍ഡയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുക വയ്യ. ഗുജറാത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ രൂപവത്കരിക്കണമെന്ന നിര്‍ദേശത്തിന് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. നരേന്ദ്ര മോദി ഭരിച്ച കാലത്തും അതിന് ശേഷവും അത് നടപ്പാക്കപ്പെട്ടിട്ടില്ല. നിയമപരമായി ചുമതലപ്പെട്ട കാര്യമായിട്ട് കൂടി അതിന് തയ്യാറാകാത്തവര്‍ വസ്തുതകളെ അധിഷ്ഠിതമാക്കി, ജനസംഖ്യാനുപാതിക പ്രാതിനിധ്യമോ വിഭവങ്ങളുടെ വിതരണമോ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുക വയ്യ. പ്രദേശങ്ങളുടെയും ജനവിഭാഗങ്ങളുടെയും പിന്നാക്കാവസ്ഥ കൂടി പരിഗണിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും വിഭവങ്ങളെ വിഭജിച്ച് നല്‍കുകയും ചെയ്തിരുന്ന ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തത്. പകരം പ്രാബല്യത്തിലായ നിതി ആയോഗ് എന്താണ് ചെയ്യുന്നത് എന്ന് ഇന്നും അജ്ഞാതമായി തുടരുന്നു. പ്രധാനമന്ത്രി സ്വന്തം ഇംഗിതങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും അനുസരിച്ച് പദ്ധതികള്‍ പ്രഖ്യാപിക്കുകയും മന്ത്രാലയങ്ങള്‍ അത് പിന്തുടരാന്‍ നിര്‍ബന്ധിതമാകുകയും ചെയ്യുന്നു. അപ്പോള്‍ പിന്നെ കാനേഷുമാരിയിലെ വിവരങ്ങള്‍ക്ക് സംഘ് പരിവാരത്തിന് പുതിയ ആയുധം നല്‍കുക എന്നതിനപ്പുറം വലിയ പ്രസക്തിയൊന്നും ഇല്ല തന്നെ.

2015-08-20

നിങ്ങള്‍ നിങ്ങളായത് കൊണ്ടും ഞാന്‍ ഞാനായതുകൊണ്ടും


ഗുജറാത്ത് വംശഹത്യയുടെ ഭാഗമായ ഗുല്‍ബര്‍ഗ സൊസൈറ്റിയിലെ കൂട്ടക്കുരുതിയില്‍ നരേന്ദ്ര മോദിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഐസാന്‍ ജഫ്‌രിയുടെ ഭാര്യ സാകിയ ജഫ്‌രി നല്‍കിയ പരാതി 2011 സെപ്തംബറിലാണ് സുപ്രീം കോടതി തീര്‍പ്പാക്കിയത്. സി ബി ഐയുടെ മുന്‍ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടും ഇതിനെ അധികരിച്ച് അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് കൈമാറാനും അവിടെ കേസ് പരിഗണിക്കാനുമായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. റിപ്പോര്‍ട്ടുകളിന്‍മേല്‍ പരാമര്‍ശമൊന്നും സുപ്രീം കോടതി നടത്തിയില്ല എന്നതുകൊണ്ട് നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി എന്ന മട്ടില്‍ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ്, അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് സഞ്ജീവ് ഭട്ട് തുറന്ന കത്തെഴുതുന്നത്.


ആ കത്ത് മാത്രം മതി, പോലീസ് സര്‍വീസില്‍ നിന്നുള്ള പുറത്താക്കലിന്. തുറന്നകത്തില്‍ ''താങ്കളുടെ പതിവനുസരിച്ച് നേരിട്ടോ അല്ലാതെയോ ഉള്ള പ്രതികാര നടപടിക്ക് താങ്കളോ ഏജന്റുമാരോ തയ്യാറാവില്ലെന്നും കരുതുന്നു''വെന്ന് സഞ്ജീവ് കുറിച്ചിരുന്നു. പ്രധാനമന്ത്രി പദത്തിലേക്ക് എത്തുകയും സ്വേച്ഛാധിപതിയുടെ ലക്ഷണങ്ങള്‍ കൂടുതലായി കാട്ടുകയും കൂടുതല്‍ ഏജന്റുമാരുണ്ടാകുകയും ചെയ്തപ്പോള്‍ പ്രതികാരം എളുപ്പത്തില്‍ നടപ്പാക്കിയിരിക്കുന്നുവെന്ന് മാത്രം. സഞ്ജീവ് അന്നെഴുതിയ കത്ത് - ഒരാവര്‍ത്തി കൂടി വായിക്കുന്നതിന്


പ്രിയപ്പെട്ട ശ്രീ മോദി,

'ഗുജറാത്തിലെ ആറ് കോടി ജനങ്ങള്‍'ക്ക് തുറന്ന കത്തെഴുതുക എന്നത് താങ്കള്‍ തിരഞ്ഞെടുത്തത് എന്നെ സന്തോഷിപ്പിക്കുന്നു. ഇത് താങ്കളുടെ മനസ്സ് കാണാനൊരു ജാലകം എനിക്ക് നല്‍കുന്നു, മാത്രമല്ല ഇതേ മാധ്യമത്തിലൂടെ താങ്കള്‍ക്ക് മറുപടിയെഴുതാന്‍ എനിക്കൊരു അവസരവും നല്‍കിയിരിക്കുന്നു.


എന്റെ പ്രിയപ്പെട്ട സഹോദരാ, സാകിയ നാസിം ഇഹ്‌സാനും  ഗുജറാത്ത് സര്‍ക്കാറുമായുള്ള പ്രത്യേക അനുമതി ഹരജിയുടെ ഭാഗമായ ക്രിമിനല്‍ അപ്പീലില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി എത്തിച്ചേര്‍ന്ന തീരുമാനത്തെയും പുറപ്പെടുവിച്ച വിധിയെയും താങ്കള്‍ തീര്‍ത്തും തെറ്റായി വ്യാഖ്യാനിച്ചുവെന്ന് തോന്നുന്നു. താങ്കള്‍ തിരഞ്ഞെടുത്ത ഉപദേഷ്ടാക്കള്‍ ഒരിക്കല്‍ കൂടി താങ്കളെ തെറ്റിദ്ധരിപ്പിച്ചിരിക്കാനാണ് സാധ്യത. നിങ്ങളെ തിരഞ്ഞെടുക്കപ്പെട്ട നേതാവായി കാണുന്ന 'ആറ് കോടി ഗുജറാത്തുകാരെ' നിങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതിന് ഇത് കാരണമായി.
ഗുജറാത്തിയായ ഒരു ഇളയ സഹോദരന്‍ എന്ന നിലയില്‍ സുപ്രീം കോടതിയുടെ തീരുമാനത്തെയും ഉത്തരവിനെയും വിശദീകരിച്ച് തരാന്‍ എന്നെ അനുവദിക്കുക. ഈ വിധി സംശയാതീതമാം വിധം മഹത്തരമാണെന്ന് രാഷ്ട്രീയത്തിലെ ഒരു വിഭാഗം വിശേഷിപ്പിക്കുകയും ആവേശഭരിതമായ ആഘോഷങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. താങ്കളുടെ കത്തില്‍ ഇങ്ങനെ പറയുന്നു ''സുപ്രീം കോടതിയുടെ ഉത്തരവില്‍ നിന്ന് ഒരു കാര്യം പ്രകടമാണ്. 2002ലെ  കലാപത്തിന് ശേഷം എനിക്കും ഗുജറാത്ത് സര്‍ക്കാറിനുമെതിരെ ഉന്നയിക്കപ്പെട്ട അടിസ്ഥാനമില്ലാത്ത വ്യാജ ആരോപണങ്ങള്‍ സൃഷ്ടിച്ച അനാരോഗ്യകരമായ അന്തരീക്ഷം ഇല്ലാതായിരിക്കുന്നു.''  


ഞാനൊരു കാര്യം സ്പഷ്ടമാക്കട്ടെ, ബഹുമാനപ്പെട്ട സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിലൊരിടത്തും സാകിയ ജഫ്‌രിയുടെ പരാതിയിലുള്ള ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതോ വ്യാജമോ ആണെന്ന് പറഞ്ഞിട്ടില്ല. ഗുജറാത്ത് വംശഹത്യയുടെ ആശയറ്റ ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതിനുള്ള ദിശയില്‍ വളരെ വലിയ ചുവടുവെപ്പാണ് ബഹൂമാനപ്പെട്ട സുപ്രീം കോടതി ഉത്തരവ് എന്നതാണ് സത്യവും വസ്തുതയും. താങ്കള്‍ക്ക് വ്യക്തമായി അറിവുള്ളത് പോലെ, തന്റെ പരാതി പ്രഥമ വിവര റിപ്പോര്‍ട്ടായി (എഫ് ഐ ആര്‍) രജിസ്റ്റര്‍ ചെയ്യണമെന്ന അപേക്ഷയുമായാണ് സാകിയ ബഹുമാനപ്പെട്ട ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. ഈ ആവശ്യം ഹൈക്കോടതി നിരസിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ പ്രത്യേക അനുമതി ഹരജയിലൂടെ സാകിയ ബഹുമാനപ്പെട്ട സുപ്രീം കോടതിയെ സമീപിച്ചു. പരാതി പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് ഇവര്‍ ശേഖരിച്ച തെളിവുകള്‍ പരിശോധിക്കാന്‍ പ്രഗത്ഭനായ അഭിഭാഷകനെ അമികസ് ക്യൂറിയായി (കോടതിയെ സഹായിക്കാന്‍ നിയോഗിക്കപ്പെടുന്ന അഭിഭാഷകന്‍)  നിയോഗിച്ചു.


ദൈര്‍ഘ്യമേറിയ ക്ലേശകരമായ ഇത്തരം നടപടികള്‍ക്ക് ശേഷം സാകിയയുടെ അപ്പീല്‍ അനുവദിക്കുക മാത്രമല്ല സുപ്രീം കോടതി ചെയ്തത്, അവരുടെ പരാതി എഫ് ഐ ആറായി സങ്കല്‍പ്പിച്ച് ക്രിമിനല്‍ പ്രോസീജിയര്‍ കോഡിലെ 173(2) വകുപ്പനുസരിച്ച് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ പ്രത്യേക സംഘത്തോട് നിര്‍ദേശിക്കുക കൂടിയാണ്. താങ്കളുടെയും താങ്കളുടെ സഹോദരീ സഹോദരന്‍മാരായ ആറ് കോടി ഗുജറാത്തികളുടെയും പ്രയോജനത്തിനായി സ്പഷ്ടമാക്കട്ടെ, ക്രിമിനല്‍ പ്രൊസീജിയര്‍ കോഡിലെ 173 (2) പ്രകാരം സമര്‍പ്പിക്കുന്ന ഈ റിപ്പോര്‍ട്ടാണ് സാമാന്യ ജനങ്ങള്‍ പറയുന്ന കുറ്റപത്രം അഥവാ അന്തിമ റിപ്പോര്‍ട്ട്. ശേഖരിച്ച എല്ലാ തെളിവുകളും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടും അധികാരപ്പെട്ട മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കാനും പ്രത്യേക സംഘത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ക്രിമിനല്‍ പ്രോസീജിയര്‍ കോഡിന്റെ രീതിയനുസരിച്ച് സുപ്രീം കോടതിക്ക് സ്വീകരിക്കാവുന്ന സാധ്യമായ ഏറ്റവും നല്ല വഴി ഇതായിരുന്നു. രാജ്യത്തെ നിയമം അതിന്റെ മാര്‍ഗം സ്വീകരിക്കാന്‍ പാകത്തില്‍ ഇതിനെ താങ്കള്‍ സ്വാഗതം ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്.


സുപ്രീം കോടതി സാകിയക്ക് നല്‍കിയത് അവര്‍ യഥാര്‍ഥത്തില്‍ ആവശ്യപ്പെട്ടതിലും വളരെയേറെയാണ്. സംശയാതീതമാം വിധം മഹത്തരമെന്ന വ്യാജ സ്തുതിക്ക് വിധേയമാകുന്ന ഈ ഉത്തരവ് യഥാര്‍ഥത്തില്‍ വളരെ ബുദ്ധിപൂര്‍വം എഴുതപ്പെട്ടതാണ്. അത് 2002ലെ കൊടുംക്രൂരത ആസൂത്രണം ചെയ്തവരെയും സാധ്യമാക്കിയവരെയും പ്രതിഫലത്തിന്റെ ദിനത്തിലേക്ക് കുറച്ച് കൂടി അടുപ്പിക്കുന്നു. ഇപ്പോഴത്തെ വ്യാജ വീരസ്യം എളുപ്പത്തില്‍ പറ്റിക്കാവുന്ന ഗുജറാത്ത് ജനതയെ തെറ്റിദ്ധരിപ്പിക്കാനുള്ള സമര്‍ഥമായ ശ്രമമാണ്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമിടയില്‍ ആത്മവിശ്വാസത്തിന്റെ വ്യാജ ബോധം നിറക്കാനും. ഉത്തരവ് യഥാര്‍ഥത്തില്‍ സങ്കല്‍പ്പിക്കുന്നത് പൂര്‍ത്തിയാകുകയും നീതിന്യായ പ്രത്യാഘാതം ഉണ്ടാകുകയും ചെയ്യുമ്പോള്‍  നമ്മള്‍ വളരെ വ്യത്യസ്തമായ ഒരു ചിത്രം കാണും.


താങ്കളെപ്പോലുള്ളവര്‍ ദുരുദ്ദേശ്യത്തിനായി, ബോധപൂര്‍വമോ അശ്രദ്ധമൂലമോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോള്‍ 'ആറ് കോടി ഗുജറാത്തി'കളില്‍ ഒരാളെന്ന നിലയില്‍ എനിക്ക് കടുത്ത വേദന തോന്നുന്നു, വഞ്ചിക്കപ്പെടുന്നതായും. അഡോള്‍ഫ് ഹിറ്റ്‌ലറുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന, നാസി ജര്‍മനിയിലെ പ്രചാരണ വിഭാഗം മന്ത്രിയായിരുന്ന പോള്‍ ജോസഫ് ഗീബല്‍സ് ആവിഷ്‌കരിച്ച് നടപ്പാക്കിയ സിദ്ധാന്തം കുറച്ച് കാലത്തേക്ക് ഭൂരിഭാഗം ജനങ്ങളിലും തീര്‍ച്ചയായും ഫലം കാണും. എന്നാല്‍ ഗീബല്‍സിന്റെ പ്രചാരണം കൊണ്ട് എല്ലാവരെയും എല്ലാകാലത്തേക്കും വിഡ്ഢികളാക്കാന്‍ സാധിക്കില്ലെന്ന് ചരിത്രത്തിലെ അനുഭവത്തില്‍ നിന്ന് നമുക്കെല്ലാം അറിയാവുന്നതാണ്.


''വെറുപ്പിനെ ഒരിക്കലും വെറുപ്പുകൊണ്ട് ജയിക്കാനാകില്ല'' എന്ന താങ്കളുടെ തിരിച്ചറിവിനെ ഞാന്‍ പൂര്‍ണമായും പിന്തുണക്കുന്നു. ഈ സംസ്ഥാനത്തെ കഴിഞ്ഞ ഒരു ദശകമായി സേവിക്കുന്ന താങ്കള്‍ക്കും 23 വര്‍ഷമായി ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ സേവനമനുഷ്ഠിക്കുന്ന എനിക്കുമല്ലാതെ മറ്റാര്‍ക്കാണ് ഇത് ഇത്രയും നന്നായി അറിയുക. ഗുജറാത്തിലെ വിവിധ വേദികളില്‍ വെറുപ്പിന്റെ നൃത്തം സംവിധാനം ചെയ്ത് അരങ്ങേറ്റം ചെയ്യപ്പെട്ട 2002ലെ ആ ദിവസങ്ങളില്‍ താങ്കളെ സേവിക്കേണ്ട ദൗര്‍ഭാഗ്യം എനിക്കുണ്ടായി. നമ്മളോരോരുത്തരും വഹിച്ച പങ്കിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യേണ്ട ഉചിതമായ വേദി ഇതല്ല. ഉചിതവും അധികാരപ്പെട്ടതുമായ വേദി ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട്. അവിടെ വെറുപ്പിന്റെ ബലതന്ത്രം സംബന്ധിച്ചുള്ള നമ്മുടെ അറിവുകള്‍ ഗുജറാത്തിന്റെ അധികാരം കേന്ദ്രീകരിച്ചുള്ള യഥാര്‍ഥ രാഷ്ട്രീയത്തെ വെളിപ്പെടുത്തും. താങ്കളും സര്‍ക്കാറിനകത്തും പുറത്തുമുള്ള താങ്കളുടെ സുഹൃത്തുക്കളും ഇതിന്റെ പേരില്‍ എന്നെ കൂടുതലായി വെറുക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.


''നുണ പ്രചരിപ്പിക്കുകയും ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തവരുടെ വിശ്വാസ്യത ആഗാധ ഗര്‍ത്തത്തിലായിരിക്കുന്നു. ഈ രാജ്യത്തെ ജനങ്ങള്‍ ഇത്തരക്കാരെ ഇനിയൊരിക്കലും വിശ്വസിക്കില്ല'' എന്ന് താങ്കള്‍ പറയുമ്പോള്‍ അതിനോട് യോജിക്കാന്‍ എനിക്ക് സാധിക്കില്ല. പക്ഷേ, എന്റെ പ്രിയപ്പെട്ട സഹോദരാ, ആരാണ് നുണ പ്രചരിപ്പിക്കുകയും ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നത് എന്നതില്‍ താങ്കള്‍ക്ക് തീര്‍ത്തും തെറ്റ് പറ്റിയിരിക്കുന്നു. സത്യം പുറത്തുകൊണ്ടുവരുന്നതിനും നീതി ഉറപ്പാക്കുന്നതിനും വേണ്ടി അവിരാമം പോരാടുന്ന അശരണരരായ ഇരകളല്ല ഗുജറാത്തിന് അപമാനം കൊണ്ടുവന്നത്, മറിച്ച്് രാഷ്ട്രീയ, തിരഞ്ഞെടുപ്പ് വിളവെടുപ്പിനായി വെറുപ്പ് വിതച്ച് വളര്‍ത്തിയയാളുകളുടെ നികൃഷ്ടമായ പ്രവൃത്തികളാണെന്ന് എന്റെ മനസ്സ് പറയുന്നു. ദയവായി ഇതേക്കുറിച്ച് ചിന്തിക്കൂ. ആത്മപരിശോധന ചിലപ്പോഴെങ്കിലും വെളിപാടുകള്‍ക്ക് വഴിതുറക്കാറുണ്ട്.


''ഗുജറാത്തിന്റെ സമാധാനവും ഐക്യവും സൗഹാര്‍ദവുമുള്ള അന്തരീക്ഷം കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍'' താങ്കള്‍ കാണിക്കുന്ന ശുഷ്‌കാന്തിയും അതിന് നടത്തുന്ന ശ്രമങ്ങളും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. 2002ന് ശേഷം ഗുജറാത്തില്‍ വര്‍ഗീയ അക്രമങ്ങള്‍ വലിയ തോതിലുണ്ടായിട്ടില്ല എന്നതില്‍ താങ്കളോടും ബന്ധുക്കളോടും നന്ദിയുണ്ട്. ഇതിന്റെ കാരണം നമ്മുടെ 'ആറ് കോടി ഗുജറാത്തി' കള്‍ക്ക് വ്യക്തമായിട്ടുണ്ടാകണമെന്നില്ല. ഐ പി എസ്സില്‍ എന്റെ 24-ാമത്തെ വര്‍ഷമാണിത്. സംസ്ഥാനം വ്യാപകമായ വര്‍ഗീയ അക്രമങ്ങള്‍ക്ക് സാക്ഷിയായ കാലത്താണ് ഗുജറാത്ത് കേഡറിലേക്ക് എന്നെ നിയോഗിച്ചത്. അഗ്‌നിയാല്‍ ജ്ഞാന സ്‌നാനം ചെയ്യപ്പെട്ടതുകൊണ്ട് അന്ന് മുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനും വെറുപ്പിന്റെ വിഭാഗീയ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന താങ്കളെപ്പോലുള്ളവരുമായി ഇടപെടാനും ശ്രമിച്ചുവരികയാണ്. വര്‍ഗീയ അക്രമം കൊണ്ട് ഏതെങ്കിലും പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ പ്രയോജനമുണ്ടാകുന്ന രാഷ്ട്രീയ അവസ്ഥ ഗുജറാത്ത് മറികടന്ന് കഴിഞ്ഞിരിക്കുന്നുവെന്നാണ് എന്റെ നിരീക്ഷണം. കാരണം വര്‍ഗീയ ചേരിതിരിവ് ഇവിടെ ഏതാണ്ട് പൂര്‍ണമായിക്കഴിഞ്ഞു. വിഭാഗീയ രാഷ്ട്രീയത്തിന്റെ പരീക്ഷണം ഗുജറാത്തില്‍ വളരെ വിജയകമായിരുന്നു. 'ആറ് കോടി ഗുജറാത്തി' കളുടെ ഹൃദയത്തിലും മനസ്സിലും വിള്ളലുണ്ടാക്കുന്നതില്‍ താങ്കളും താങ്കളെപ്പോലെയുള്ളവരും വലിയതോതില്‍ വിജയിച്ചു. കൂടുതല്‍ വര്‍ഗീയ അക്രമം നടത്തേണ്ട ആവശ്യം ഗുജറാത്തില്‍ ഇനി ഇല്ല തന്നെ.


ഏത് സാഹചര്യത്തിലും സമയത്തും ഉത്തമ വിശ്വാസത്തില്‍ പ്രവര്‍ത്തിക്കാന്‍ ഭരണകൂടം ബാധ്യസ്ഥമാണ് നമ്മുടേത് പോലുള്ള ഭരണഘടനാ ജനാധിപത്യത്തില്‍. 2002 ഫെബ്രുവരി 27ലെ വിധിനിയന്ത്രിതമായ പ്രഭാതത്തില്‍ ഗോധ്രയില്‍ സംഭവിച്ച അപലപനീയമായ സംഭവത്തോട് പൊടുന്നനെയുണ്ടായ പ്രതികരണമാണ് ഗുജറാത്ത് കൂട്ടക്കുരുതി എന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണത്തിന്റെ ഇരകളായി തീര്‍ന്നിട്ടുണ്ട് ഒട്ടേറെ സുഹൃത്തുക്കള്‍. ന്യൂട്ടന്റെ നിയമം മുമ്പൊരിക്കലും ഇത്രത്തോളം ദുരുപയോഗം ചെയ്തിട്ടുണ്ടാകില്ല. ന്യൂട്ടന്റെ ഭൗതികശാസ്ത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവിനെയും ധാരണയെയും ആശ്രയിച്ച് നിങ്ങളത് രാഷ്ട്രീയത്തിലും ഭരണത്തിലും പ്രയോഗിക്കുകയായിരുന്നു, കൂട്ടക്കുരുതി അതിന്റെ ഉച്ചസ്ഥായിയിലെത്തിയപ്പോള്‍. ഭരണഘടനാ ജനാധിപത്യത്തിലെ മതേതര ഭരണകൂടത്തിന് വിഭാഗീയമായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന,   ഭരണത്തെ സംബന്ധിച്ച് സാര്‍വലൗകികമായി അംഗീകരിക്കപ്പെട്ട തത്വം അന്ന് നിങ്ങള്‍ മനഃപൂര്‍വം മറന്നു, അതാണ് ഇപ്പോള്‍ ഞങ്ങളില്‍ പലരും ശ്രദ്ധയില്ലായ്മമൂലം മറക്കുന്നതും. ന്യൂട്ടന്റെ സിദ്ധാന്തമനുസരിച്ചുള്ള പ്രതിപ്രവര്‍ത്തനത്തിനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് നിയന്ത്രിക്കുക എന്നത് ഭരണകൂടത്തിന്റെ കര്‍ത്തവ്യമാണ്. അല്ലാതെ നിരപരാധികളായ വ്യക്തികളെ ആസൂത്രിതമായി ലക്ഷ്യമിടുകയും അത് സംവിധാനം ചെയ്ത് നടപ്പാക്കുയുമല്ല!


അത് എന്തായാലും, മഹാത്മയുടെ ഭൂമിയില്‍ സദ്ഭാവന പരത്തുക എന്ന താങ്കളുടെ പ്രഖ്യാപിത ലക്ഷ്യത്തോടുള്ള ഐക്യദാര്‍ഢ്യ പ്രകടനമെന്ന നിലയില്‍ സദ്ഭാവനാ മിഷനില്‍ താങ്കള്‍ക്കൊപ്പം ചേരാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ അതിനുള്ള നല്ല വഴി സത്യം പുറത്തുവരാന്‍ സഹായിക്കുകയും നീതിയുടെ അന്തസ്സത്തയും സൗമനസ്യവും നിലനില്‍ക്കാന്‍ അനുവദിക്കുകയുമാണ്.
പക്ഷേ, മുന്നറിയിപ്പെന്നോണം പറയട്ടെ സ്വാഭാവികവും ഹൃദയത്തില്‍തട്ടിയുള്ളതുമായ സൗമനസ്യം നമുക്ക് ആവശ്യപ്പെടാവുന്ന ഒന്നല്ല, വാങ്ങാവുന്നതോ ഭീഷണിപ്പെടുത്തി ഈടാക്കാവുന്നതോ അല്ല. അത് അര്‍ഹതപ്പെട്ടതാകാന്‍ ശ്രമിക്കാന്‍ മാത്രമേ സാധിക്കൂ. അത്ര എളുപ്പമുള്ള ദൗത്യമല്ല അത്. മഹാത്മയുടെ ഭൂമി മായാനിദ്രയില്‍ നിന്ന് പതുക്കെയാണെങ്കിലും ഉണരുകയാണെന്നത് തീര്‍ച്ചയാണ്.


സമുദായത്തിലെ എല്ലാ വിഭാഗങ്ങളുടെയും കാഴ്ചപ്പാടുകളോട് ഉത്തരവാദിത്വം വേണ്ടതില്ലെന്ന് ഗുജറാത്തിലെ ഏറ്റവും അധികാരമേറിയ വ്യക്തി എന്ന നിലയില്‍ താങ്കള്‍ക്ക് തോന്നുന്നുണ്ടാകും. എന്നാല്‍ സ്വാഭാവിക സൗമനസ്യമില്ലാത്ത അധികാരം കഠാരകള്‍ നീണ്ടുനില്‍ക്കുന്ന, തിരികെ നടക്കാന്‍ സാധിക്കാത്ത പാതയാണെന്ന് ചരിത്രം പലകുറി തെളിയിച്ചിട്ടുണ്ട്. സദ്ഭാവത്തിന് മുന്നോടിയായി സംഭവിക്കേണ്ടതാണ് സമഭാവം. ന്യായബോധവും സൗമനസ്യവുമുള്ള ഭരണം താങ്കളുടെ വിശ്വാസത്തിലെ ആദ്യത്തെ ഖണ്ഡികയും മതവിശ്വാസം അവസാനത്തെ ഖണ്ഡികയുമാകണം. സത്യം എല്ലായിപ്പോഴും കയ്‌പ്പേറിയതും വിഴുങ്ങാന്‍ പ്രയാസമുള്ളതുമായിരിക്കും. ഈ കത്ത് അതെഴുതിയതിന്റെ യഥാര്‍ഥ അന്തസ്സത്തയില്‍ താങ്കള്‍ ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കളുടെ പതിവനുസരിച്ച് നേരിട്ടോ അല്ലാതെയോ ഉള്ള പ്രതികാര നടപടിക്ക് താങ്കളോ ഏജന്റുമാരോ തയ്യാറാവില്ലെന്നും കരുതുന്നു.
എവിടെയെങ്കിലും സംഭവിക്കുന്ന അനീതി എല്ലായിടത്തുമുള്ള നീതിക്ക് നേര്‍ക്കുയരുന്ന വെല്ലുവിളിയാണെന്ന മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയറിന്റെ വാക്കുകള്‍ ഞാന്‍ ഓര്‍മിപ്പിക്കുന്നു. നീതിക്ക് വേണ്ടി പൊരുതുന്ന അശരണരായ ഇരകളുടെ ആത്മവീര്യം ഇടക്ക് ദുര്‍ബലമായേക്കാം, എന്നാല്‍ ഗീബല്‍സിയന്‍ പ്രചാരണത്തിലൂടെ അത് അടിച്ചമര്‍ത്താനാകില്ല. നീതിക്കുവേണ്ടിയുള്ള പോരാട്ടം ലോകത്തൊരിടത്തും എളുപ്പമായിട്ടില്ല...ക്ഷയിക്കാത്ത ക്ഷമയും പരാജയപ്പെടാത്ത സ്ഥിരോത്സാഹവും ഈ പോരാട്ടം എല്ലാ കാലത്തും ആവശ്യപ്പെടുന്നു.

ഗുജറാത്തില്‍ സത്യത്തിനും നീതിക്കും വേണ്ടി  കുരിശുയുദ്ധം നടത്തുന്നവരുടെ ആത്മവീര്യം ഈ കവിത സംഗ്രഹിക്കുന്നുണ്ട്. ബറോഡയിലെ എം എസ് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥിയായ ഭുചുംഗ് സോനം എഴുതിയ വരികള്‍


എനിക്ക് തത്വങ്ങളുണ്ട്, അധികാരമില്ല
നങ്ങള്‍ക്ക് അധികാരമുണ്ട്, തത്വങ്ങളില്ല
നിങ്ങള്‍ നിങ്ങളായത് കൊണ്ടും
ഞാന്‍ ഞാനായതു കൊണ്ടും
ഒത്തുതീര്‍പ്പിന്റെ ചോദ്യമുയരുന്നില്ല
അതുകൊണ്ട് യുദ്ധം തുടങ്ങാം...

എനിക്ക് സത്യമുണ്ട്, സൈന്യമില്ല
നിങ്ങള്‍ക്ക് സൈന്യമുണ്ട്, സത്യമില്ല
നിങ്ങള്‍ നിങ്ങളായത് കൊണ്ടും
ഞാന്‍ ഞാനായതുകൊണ്ടും
ഒത്തുതീര്‍പ്പിന്റെ ചോദ്യമുയരുന്നില്ല
അതുകൊണ്ട് യുദ്ധം തുടങ്ങാം...

നിങ്ങളെന്റെ തല തല്ലിത്തകര്‍ത്തേക്കാം
ഞാന്‍ പൊരുതും
നിങ്ങളെന്റെ എല്ലുകള്‍ പൊടിച്ചേക്കാം
ഞാന്‍ പൊരുതും
നിങ്ങളെന്നെ ജീവനോടെ കുഴിച്ചിട്ടേക്കാം
ഞാന്‍ പൊരുതും
സത്യം എന്നിലോടുന്നു
ഞാന്‍ പൊരുതും
എന്റെ എല്ലാ കരുത്തുമുപയോഗിച്ച്
ഞാന്‍ പൊരുതും
അവസാന ശ്വാസം വരെ
ഞാന്‍ പൊരുതും
അവിടെ വരെ ഞാന്‍ പൊരുതും
നിങ്ങളുടെ നുണകള്‍ കൊണ്ട് നിങ്ങല്‍ തീര്‍ത്ത കൊട്ടാരം
തകര്‍ന്ന് വീഴും വരെ
നുണകളാല്‍ നിങ്ങളാരാധിക്കുന്ന പിശാച്
എന്റെ സത്യത്തിന്റെ മാലാഖക്ക് മുന്നില്‍ മുട്ടുകുത്തും വരെ

എല്ലാവരോടും നീതിബോധവും കൃപയുമുള്ളവനാകുവാന്‍ വേണ്ട ശക്തി ദയാപരനായ ദൈവം താങ്കള്‍ക്ക് നല്‍കട്ടെ!

സത്യമേവ ജയതേ!

ആശംസകളോടെ

വിശ്വാസപൂര്‍വം

സഞ്ജീവ് ഭട്ട്







20,000/17=1176.47


മൊത്ത വ്യാപാര വിലയെ അധികരിച്ചുള്ള പണപ്പെരുപ്പ നിരക്ക്, ഒമ്പത് മാസമായി പൂജ്യത്തിന് താഴെയാണ്. ജൂലൈയിലെ കണക്കനുസരിച്ച് പൂജ്യത്തിന് താഴെ നാല് ദശാംശം പൂജ്യം അഞ്ചാണ് നിരക്ക്. സര്‍വകാല റെക്കോര്‍ഡ്. ഇതിന് ആനുപാതികമായല്ലെങ്കിലും ചില്ലറ വില്‍പ്പന വില (ഉപഭോക്താവ് വാങ്ങുന്ന വില) യെ അധികരിച്ചുള്ള പണപ്പെരുപ്പ നിരക്കും കുറഞ്ഞിട്ടുണ്ട്. മൂന്ന് ദശാംശം ഏഴ് എട്ട് ശതമാനമാണ് ജൂലൈ മാസത്തെ നിരക്ക്. മൊത്ത വ്യാപാര വിലയെ അധികരിച്ചുള്ള നിരക്ക് ഒമ്പത് മാസമായി പൂജ്യത്തിന് താഴെ നില്‍ക്കുമ്പോഴും അതനുസരിച്ചുള്ള താഴ്ച ഉപഭോക്തൃ വിലസൂചികയുമായി ബന്ധപ്പെട്ട നിരക്കിലുണ്ടായിട്ടില്ല. ജൂലൈയില്‍ നിരക്ക് 3.78 ശതമാനമായെന്നത് ആശ്വാസകരമാണ്. ധനവിനിയോഗ നയത്തില്‍ ഇതിനെ ആധാരമാക്കിയുള്ള മാറ്റം റിസര്‍വ് ബേങ്ക് വരുത്തുമെന്നും ഇത് ആഭ്യന്തര ഉത്പാദന വളര്‍ച്ചയുടെ നിരക്ക് വര്‍ധിപ്പിക്കാന്‍ ഉതകുമെന്നും വ്യവസായ സമൂഹം പ്രതീക്ഷിക്കുന്നുമുണ്ട്.


മൊത്ത വ്യാപാര പിലയെ അധികരിച്ചുള്ള പണപ്പെരുപ്പ നിരക്ക് പൂജ്യത്തിന് താഴെ തുടരുന്നതിന്റെ ഗുണം പ്രധാനമായും വന്‍തോതില്‍ ഉത്പന്നങ്ങള്‍ സംഭരിക്കുന്നവര്‍ക്കാണ്. കാര്‍ഷികോത്പന്നങ്ങള്‍ കുറഞ്ഞ വിലക്ക് സംഭരിക്കാന്‍ മൊത്തക്കച്ചവടക്കാര്‍ക്ക് സാധിക്കുന്നുവെന്ന്  വന്നാല്‍ കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് കുറഞ്ഞ വില മാത്രമേ ലഭിക്കുന്നുള്ളൂവെന്നാണ് അര്‍ഥം. ഇന്ത്യ ഏര്‍പ്പെട്ടിരിക്കുന്ന അന്താരാഷ്ട്ര വ്യാപാര കരാറുകള്‍ കാര്‍ഷികോത്പന്നങ്ങളുടെ വില ഇടിയാന്‍ കാരണമായിട്ടുണ്ട്. ഉത്പന്നങ്ങള്‍ സംഭരിച്ച് സൂക്ഷിക്കാനുള്ള സൗകര്യങ്ങള്‍ വ്യാപകമായില്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് കിട്ടുന്ന വിലക്ക് കൈമാറുക മാത്രമേ കരണീയമായുള്ളൂ. ഇതും കര്‍ഷകന് ന്യായ വില കിട്ടുന്നതിന് തടസ്സമായുണ്ട്. ഉത്പാദനച്ചെലവില്‍ വലിയ കുറവില്ലാതിരിക്കുകയും ഉത്പന്ന വില കുറയുകയും ചെയ്യുമ്പോള്‍ കര്‍ഷകന് പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വരും. അതുകൊണ്ടാണ് സ്വാതന്ത്ര്യദിനത്തില്‍ ആത്മാഹുതി ചെയ്യാന്‍ അനുവാദം തേടി 25,000 കര്‍ഷകര്‍ രാഷ്ട്രപതിക്ക് കത്തയച്ചത്.


രാജസ്ഥാനിലും മധ്യപ്രദേശിലും കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും പഞ്ചാബിലുമൊക്കെ കര്‍ഷക ആത്മഹത്യകള്‍ തുടരുന്നതിന്റെ കാരണവും മറ്റൊന്നല്ല. വിളകള്‍ക്ക് ന്യായമായ സംഭരണവില ഉറപ്പാക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍  പിന്നാക്കം പോകുകയും ചെയ്യുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന വിലയിലധികം നല്‍കാന്‍ സംസ്ഥാനങ്ങള്‍ തീരുമാനിച്ചാല്‍, അധിക ബാധ്യത മുഴുവനായി സംസ്ഥാനങ്ങള്‍ ഏറ്റെടുക്കണമെന്ന കേന്ദ്ര നിര്‍ദേശമാണ് സംസ്ഥാനങ്ങളെ പിന്നാക്കം നിര്‍ത്തുന്ന പ്രധാന ഘടകം.


വിളകളുള്‍പ്പെടെ ഉത്പന്നങ്ങളുടെ വില കുറയുന്നതിന്റെ പ്രയോജനം, പ്രധാനമായും മൊത്തവ്യാപാര രംഗത്തെ കൈയടക്കുന്ന വന്‍കിട കമ്പനികള്‍ക്കാണ്. റിലയന്‍സ്, ബിര്‍ള, ടാറ്റ തൂടങ്ങിയ വന്‍കിട കമ്പനികളാണ് ഈ മേഖലയില്‍ വ്യവഹരിക്കുന്ന പ്രധാനികള്‍. അവരൊക്കെ ഭൂമി വലിയതോതില്‍ പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നുമുണ്ട്. വ്യാവസായികാടിസ്ഥാനത്തില്‍ നടത്തുന്ന പാട്ടക്കൃഷിയെ, ഉത്പന്നങ്ങളുടെ വിലയിടിവ് ബാധിക്കില്ല. ചെറുകിട, നാമമാത്ര കര്‍ഷകരെയാണ് അത് തകര്‍ക്കുക. ചുരുക്കത്തില്‍ കര്‍ഷകരെ ദുരിതത്തിലേക്കും ആത്മാഹുതിയിലേക്കും തള്ളിവിടുകയും വന്‍കിട കമ്പനികള്‍ക്ക് ലാഭമെടുക്കുകയും ചെയ്യാവുന്ന സാഹചര്യം നിലനില്‍ക്കുന്നു. ശീതീകരണ സംവിധാനമുള്ള വലിയ സംഭരണികള്‍ വന്‍കിട കമ്പനികള്‍ തയ്യാറാക്കിയിട്ടുണ്ട് എന്നതിനാല്‍ ഉത്പന്നങ്ങള്‍ പൂഴ്ത്തിവെച്ച് ചില്ലറ വിപണിയില്‍ വില വര്‍ധിപ്പിക്കാനും സാധിക്കും. അതുകൊണ്ടാണ് മൊത്ത വ്യാപാര വിലയെ അധികരിച്ചുള്ള പണപ്പെരുപ്പ നിരക്ക് ഒമ്പത് മാസമായി പൂജ്യത്തിന് താഴെയായി തുടരുമ്പോഴും അതിന് ആനുപാതികമായ കുറവ് ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കുന്ന പണപ്പെരുപ്പ നിരക്കില്‍ ഉണ്ടാകാത്തത്.


സ്ഥിതി ഇതായിരിക്കെയാണ് ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം കര്‍ഷകര്‍ക്ക് യൂറിയ സുലഭമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നത്. ആര്യവേപ്പിന്റെ ഇല ചേര്‍ത്ത യൂറിയ മിശ്രിതം മാത്രമേ വിതരണം ചെയ്യാവൂ എന്നും പ്രഖ്യാപിച്ചു. ഇതിന് പകരം മറ്റ് പൊടികള്‍ കൊണ്ടുവന്ന് തരുന്നവരെ നിരുത്സാഹപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വിളകള്‍ക്ക് വിലയില്ലാതെ, ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക് യൂറിയ കൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും കാര്യമുണ്ടാകുമോ? സംഭരണവില കാലാനുസൃതമായി പുതുക്കി, കുത്തക കമ്പനികള്‍ കുറഞ്ഞവിലക്ക് ഉത്പന്നങ്ങള്‍ വാങ്ങിയെടുക്കുന്ന അവസ്ഥ മാറ്റിയെടുക്കുകയാണ് ആദ്യം വേണ്ടത്. ഉത്പന്നങ്ങള്‍ പൂഴ്ത്തിവെച്ച് ചില്ലറ വിപണിയില്‍ വിലക്കയറ്റമുണ്ടാക്കുന്ന വന്‍കിട കമ്പനികളെ നിയന്ത്രിക്കുകയും വേണം. ഇതിനെന്തെങ്കിലും ചെയ്യും നരേന്ദ്ര മോദി എന്ന് പ്രതീക്ഷിക്ക വയ്യ. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യ ദിന പ്രഭാഷണത്തിന് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന കവല പ്രസംഗത്തിന്റെ വിലയേ കല്‍പ്പിക്കേണ്ടതുള്ളൂ.


കഴിഞ്ഞ സ്വാതന്ത്ര്യ ദിന പ്രഭാഷണത്തില്‍ പ്രഖ്യാപിച്ച സാധാരണക്കാര്‍ക്ക് ബാങ്ക് അക്കൗണ്ട് ഉറപ്പാക്കുന്ന 'ജന്‍ ധന്‍ യോജന'യുടെ വിജയത്തെക്കുറിച്ച് പ്രധാനമന്ത്രി ഇക്കുറി വളരെ നേരം സംസാരിച്ചു. 17 കോടി ആളുകള്‍ ഇത് പ്രകാരം അക്കൗണ്ട് തുറന്നുവെന്നും ഇതിലേക്കായി 20,000 കോടി നിക്ഷേപമെത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു. പാവപ്പെട്ടവരെയാകെ സാമ്പത്തിക മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ തുടക്കമാണിതെന്നും പറഞ്ഞുവെച്ചു. വിളയ്ക്ക് വിലയില്ലാതെ കഷ്ടപ്പെടുന്ന കര്‍ഷകന് ബാങ്ക് അക്കൗണ്ടു കൊണ്ട് പ്രയോജനമുണ്ടോ? 17 കോടിയാളുകള്‍ അക്കൗണ്ട് എടുത്തു. അതിലെല്ലാം കൂടി 20,000 കോടി നിക്ഷേപമെത്തിയെന്ന് പറഞ്ഞാല്‍, ബാലന്‍സ് വെക്കേണ്ടാത്ത അക്കൗണ്ടുകളെടുത്തയാളുകള്‍ ശരാശരി നിക്ഷേപിച്ചിട്ടുണ്ടാകുക ആയിരത്തി ഒരുനൂറ്റി എഴുപത്തിയാറ് രൂപ അമ്പത് പൈസയായിരിക്കും. വര്‍ഷത്തില്‍ ആയിരത്തിയഞ്ഞൂറ് രൂപ പോലും സമ്പാദിക്കനാകാത്ത 17 കോടി പേരെങ്കിലും 'ഞാന്‍' ഭരിക്കുന്ന രാജ്യത്തുണ്ടെന്ന് സ്വാതന്ത്ര്യ ദിനത്തില്‍ 'ഈ ത്രിവര്‍ണ പതാകക്ക് താഴെ നിന്ന്, ഈ ചെങ്കോട്ടയുടെ പാരമ്പര്യത്തെ സാക്ഷിയാക്കി' പ്രഖ്യാപിക്കുകയും അതൊരു നേട്ടമാണെന്ന് ഉദ്‌ഘോഷിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി മറ്റെങ്ങുമുണ്ടാകാന്‍ ഇടയില്ല. ബാങ്ക് അക്കൗണ്ടുകളുണ്ടാകുന്നതു കൊണ്ടായില്ല, അതില്‍ സൂക്ഷിക്കാനും ആവശ്യത്തിന് കൈമാറ്റം ചെയ്യാനും പണം കൈവശമുണ്ടാകണം. അതിനുള്ള മാര്‍ഗങ്ങളെന്തെങ്കിലും 'ഞാന്‍' നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടോ?


വര്‍ഷത്തില്‍ ആയിരത്തിയഞ്ഞൂറ് രൂപ തികച്ച് സമ്പാദിക്കാന്‍ ത്രാണിയില്ലാത്ത കോടിക്കണക്കിനാളുകള്‍ വസിക്കുന്ന രാജ്യത്ത് സഹസ്ര കോടികളുടെ കടം തിരിച്ചടക്കാതെ, സര്‍ക്കാറിന്റെ ഉദാരസഹായം സ്വീകരിച്ച് കോടികള്‍ ലാഭമെടുക്കുന്ന നിരവധി പേരുണ്ട്. പ്രധാനമന്ത്രിയുടെ വിദേശ യാത്രകളിലെ സന്തത സഹചാരി ഗൗതം അദാനി മാത്രം മതി ഉദാഹരണത്തിന്. കമ്പനി രജിസ്ട്രാറുടെ പക്കലുള്ള കണക്ക് പ്രകാരം അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ആകെ കടം, 2014-15ല്‍ 19,264 കോടി രൂപയാണ്. 17 കോടി ആളുകള്‍ ആകെയുണ്ടാക്കിയ സമ്പാദ്യത്തില്‍ നിന്ന് ഏതാനും കോടി രൂപ മാത്രം കുറവ്. ഇത്രയും കടമുണ്ടായിരിക്കെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ബാങ്കുകളുടെ കൂട്ടായ്മയുണ്ടാക്കി 15,000 കോടി രൂപ കൂടി അദാനി ഗ്രൂപ്പിന് ലഭ്യമാക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണ്.


കുടിശ്ശികയായ വിദ്യാഭ്യാസ വായ്പകളൊക്കെ, കുറഞ്ഞ തുകക്ക് റിലയന്‍സിന് വില്‍ക്കാന്‍ തീരുമാനിക്കുന്ന പൊതുമേഖലാ ബാങ്കുകള്‍ തന്നെയാണ് വലിയ കടം കുടിശ്ശികയായി നില്‍ക്കെ അദാനി ഗ്രൂപ്പിന് വീണ്ടും കടം കൊടുക്കാന്‍ തയ്യാറെടുക്കുന്നത്. ഇത് ബാങ്കുകള്‍ സ്വമേധയാ തീരുമാനിച്ചതാണെന്ന് വിശ്വസിക്കുക പ്രയാസം. ഇവര്‍ക്കൊക്കെ ആവര്‍ത്തിച്ച് കടം കൊടുക്കാനുള്ള പണം ബാങ്കുകളുടെ പക്കല്‍ ഉറപ്പാക്കുക എന്ന ദൗത്യം കൂടി പാവപ്പെട്ടവരെ സമ്പദ് വ്യവസ്ഥയുടെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള 'ജന്‍ ധന്‍ യോജന' വഴി മോദി നിര്‍വഹിക്കുന്നുണ്ടെന്ന് ചുരുക്കം. അദാനിമാര്‍ക്ക് പണം സുലഭമാക്കാന്‍ പാകത്തില്‍ വ്യവസ്ഥകളില്‍ ഇളവ് വരുത്തിക്കൊടുക്കുന്നത് അഴിമതിയാണെങ്കില്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷവും അഴിമതി അനുസ്യൂതമാണ്. അതുകൊണ്ട് തന്നെ 'എന്റെ സര്‍ക്കാറിനു നേര്‍ക്ക് ഒരു നയാ പൈസയുടെ അഴിമതി ആരോപണം പോലുമുണ്ടായിട്ടില്ല' എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് അര്‍ഥവുമില്ല.


യു പി എ സര്‍ക്കാറിന്റെ കാലത്തു നടന്ന സ്‌പെക്ട്രം, കല്‍ക്കരി ഇടപാടുകളാണ് ഇപ്പോഴും നരേന്ദ്ര മോദിക്ക് ആയുധം. അക്കാലത്തു തന്നെ നടന്ന, കൃഷ്ണ - ഗോദാവരി ബേസിനിലെ എണ്ണപ്പാടം റിലയന്‍സിന് തീറെഴുതിയ കരാറും അതേക്കുറിച്ചുയര്‍ന്ന ആരോപണവും മോദി സര്‍ക്കാറിന് മുന്നിലുണ്ട്. 15 മാസത്തിനിടെ, പ്രകൃതി വാതക വില വര്‍ധിപ്പിച്ച് റിലയന്‍സിന് നേട്ടമുണ്ടാക്കിക്കൊടുക്കാന്‍ പലകുറി ഓങ്ങുകയും ചെയ്തു. ഉത്പാദനച്ചെലവ് പെരുപ്പിച്ച് കാട്ടി, വാതക വില കൂട്ടി വാങ്ങുകയായിരുന്നു റിലയന്‍സ് എന്ന് കാണിച്ച് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാറിന് മുന്നിലുണ്ട്. ഈ റിപ്പോര്‍ട്ടിന്‍മേല്‍ ചെറുവിരലു കൊണ്ടൊന്നു തൊടാന്‍ പോലും മോദിയോ സര്‍ക്കാറോ ശ്രമിച്ചിട്ടില്ല. ക്രമക്കേടുകളോട് കണ്ണടക്കുന്നത് അഴിമതിയോ അഴിമതിക്ക് കൂട്ടുനില്‍ക്കലോ ആണെങ്കില്‍ 'നയാ പൈസയുടെ ആരോപണ' മില്ലെന്ന വാദം മുഖവിലക്കെടുക്കാനാകില്ല. കവല പ്രസംഗത്തിന് മാറ്റുകൂട്ടാനേ ഇത്തരം പ്രയോഗങ്ങള്‍ സഹായിക്കൂ.


വിദേശത്തെ ബാങ്കുകളില്‍ കള്ളപ്പണം രാജ്യത്ത് തിരിച്ചെത്തിക്കുമെന്ന് മാത്രമല്ല, അത് സൂക്ഷിച്ചവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നായിരുന്നു വാഗ്ദാനം. കള്ളപ്പണം വെളിപ്പെടുത്തി, ചുങ്കമൊടുക്കാനുള്ള അവസരമുണ്ടാക്കുമ്പോള്‍ നിയമ വിധേയമല്ലാതെ സമ്പാദിച്ച പണത്തെ വെളുപ്പിച്ച് സൂക്ഷിക്കാന്‍ അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ കള്ളപ്പണം ഏത് മാര്‍ഗത്തിലൂടെ സമ്പാദിച്ചതാണ്? അതിനായി എന്തൊക്കെ നിയമങ്ങള്‍ ലംഘിച്ചുവെന്നൊക്കെ അന്വേഷിച്ച്, കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കേണ്ട സര്‍ക്കാര്‍ ഇളവുകള്‍ അനുവദിക്കുമ്പോള്‍ അതും അഴിമതിയാണ്. ഇപ്പറഞ്ഞതൊക്കെ കോടികള്‍ മറിയുന്ന/മറിഞ്ഞ ഇടപാടുകളാണ്. അതിനൊക്കെ അരുനില്‍ക്കുമ്പോള്‍ ആരുമറിയാതെ മറിയുന്നത് 'നയാ പൈസ'യാകാന്‍ ഇടയില്ല. അതിന്റെ കഥകള്‍ പുറത്തേക്ക് വരണമെങ്കില്‍ കുറച്ച് സമയമെടുക്കും. ലോകായുക്തയെ നിയോഗിക്കാതെ, സി എ ജി റിപ്പോര്‍ട്ടുകള്‍ പരിശോധിക്കേണ്ട നിയമസഭാ സമിതികളെ നിര്‍ജീവമാക്കി ഗുജറാത്തിലുയര്‍ന്ന ആരോപണങ്ങളെയൊക്കെ തമസ്‌കരിച്ച മാതൃക ഡല്‍ഹിയില്‍ പകര്‍ത്താനുള്ള ത്രാണി തത്കാലം നരേന്ദ്ര മോദിക്കില്ല. അതുണ്ടാകുക അത്ര എളുപ്പവുമല്ല. അതുകൊണ്ടു തന്നെ വരുംകാലത്തെ പ്രഭാഷണങ്ങളിലൊക്കെ കൂടുതല്‍ വിയര്‍ക്കാനാണ് സാധ്യത.

മൊത്തവിലയും വിപണിവിലയും താരതമ്യം ചെയ്യുന്ന കര്‍ഷകരും വര്‍ഷത്തില്‍ 1500 രുപ പോലും സമ്പാദിക്കാന്‍ ശേഷിയില്ലാത്ത ജന്‍ധന്‍ അക്കൗണ്ടുകാരും കൂടുതല്‍ വിയര്‍പ്പിക്കുകയും ചെയ്യും. അതായിരിക്കും യഥാര്‍ഥ സ്റ്റാന്‍ഡ് അപ്പ്.

2015-08-19

ബൈബിളിധിഷ്ഠിതമാണ് ഭരണം


''മനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്ക് കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ ജീവികളുടെയും മേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ'' - ബൈബിള്‍

കോണ്‍ഗ്രസിന്റെ നേതാവും കേരളത്തിന്റെ മുഖ്യമന്ത്രിയുമാണെങ്കിലും ഉമ്മന്‍ ചാണ്ടി, എല്ലാ ഞായറാഴ്ചയും പള്ളിയില്‍പ്പോയി കുര്‍ബാന കൈക്കൊള്ളുന്ന സത്യക്രിസ്ത്യാനിയാണ്. അദ്ദേഹം ഭരിക്കുമ്പോള്‍ അത് ഭരണഘടനാനുസൃതമാകുന്നതിനൊപ്പം ബൈബിളില്‍ കൂടി അധിഷ്ഠിതമായാല്‍ അത്ഭുതപ്പെടാനില്ല. (തീവ്ര ഹിന്ദുത്വം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന സംഘ് പരിവാറുകാരെപ്പോലെയല്ല, ജാതി, മതം, വര്‍ഗം എന്നിത്യാദി ഭേദങ്ങളൊന്നുമില്ലാതെ ഏവര്‍ക്കും പ്രയോജനം ഉറപ്പാക്കുന്നുണ്ട് ബൈബിളിനെ അധിഷ്ഠിതമാക്കുമ്പോള്‍ മുഖ്യമന്ത്രി) ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അടുത്തിടെ എടുത്ത മൂന്ന് തീരുമാനങ്ങളില്‍ ബൈബിളിന്റെ സ്വാധീനം ചെറുതല്ലാതെയുണ്ട്. അതിലൊന്ന് റിപ്പോര്‍ട്ടിലെ തിരുത്താണ്, രണ്ടാമത്തേത് നിയമ ഭേദഗതി, മറ്റൊന്ന് ചട്ട ഭേദഗതിയും. ആദ്യത്തേതില്‍ ബൈബിളിനോട് അത്രയൊന്നും മമതയില്ലാത്ത കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ കൂടി തീരുമാനമെടുക്കേണ്ടതിനാല്‍ പ്രാബല്യത്തിലാകുമോ എന്നതില്‍ സംശയം നിലനില്‍ക്കുന്നു. മൂന്നാമത്തേതില്‍, 2015 ജൂണ്‍ ഒന്നിന് പത്ത് വര്‍ഷമാകുന്ന കൈയേറ്റങ്ങള്‍ ക്രമവത്കരിക്കാനുള്ള ഭേദഗതി പിന്‍വലിക്കേണ്ടിവന്നുവെങ്കിലും പട്ടയം നല്‍കാവുന്ന ഭൂമിയുടെ അളവ് ഒന്നില്‍ നിന്ന് നാലേക്കറാക്കാനും പട്ടയം കിട്ടിയാലുടന്‍ വില്‍ക്കാനുമുള്ള ഭേദഗതികള്‍ നിലനിര്‍ത്താനായത് ആശ്വാസം നല്‍കുന്നുണ്ടാകണം. നടപ്പാക്കുന്നതില്‍ കാട്ടിയ അതിരറ്റ സാമര്‍ഥ്യം മൂലം, 2008 വരെയുള്ള വയല്‍ നികത്തലുകള്‍ ക്രമപ്പെടുത്തിക്കൊടുക്കാനുള്ള ഭേദഗതി (രണ്ടാമത്തേത്) നിലനില്‍ക്കുന്നു.


ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ ജീവികളുടെയും മേല്‍ ആധിപത്യം ഉണ്ടായിരിക്കേണ്ടവനാണ് മനുഷ്യന്‍. അത്തരത്തിലുള്ളയാളുകള്‍ കാടുകള്‍ കൈയേറുന്നതും അവിടെ കൃഷിയിറക്കി ഉപജീവനം കഴിക്കുന്നതും തെറ്റായി കാണാന്‍ സാധിക്കില്ല. അത്തരം കൈയേറ്റങ്ങള്‍ക്ക് മനുഷ്യ നിര്‍മിതിയായ വര്‍ഷങ്ങളുടെയും മാസങ്ങളുടെയും തീയതികളുടെയും കണക്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ചിതവുമല്ല. അങ്ങനെ കൈയേറിയ കൃഷിഭൂമിയില്‍, വനഭൂമിയെന്ന് കണക്കാക്കി വനംവകുപ്പിട്ട ജണ്ടകള്‍ക്കുള്ളിലാണെങ്കില്‍പ്പോലും, മനുഷ്യന് അധീശത്വം നല്‍കേണ്ട ബാധ്യത ഉമ്മന്‍ ചാണ്ടിക്കുണ്ട്. അതുകൊണ്ടാണ് വനഭൂമിക്കുള്ളില്‍ കൃഷിഭൂമിയുണ്ടെങ്കില്‍ അവകളെ, പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെന്ന കസ്തൂരിരംഗന്‍ പട്ടികയില്‍ നിന്ന് പുറത്താക്കാന്‍ നിര്‍ദേശിച്ചത്. രണ്ട് ദിനം കൊണ്ട് സര്‍വേ പൂര്‍ത്തിയാക്കി, വനംവകുപ്പിന്റെ ജണ്ടക്കുള്ളില്‍പ്പെട്ട കൃഷിഭൂമിക്ക് താത്കാലിക നമ്പര്‍ നല്‍കി വേര്‍തിരിച്ച് മനുഷ്യന്റെ ആധിപത്യം കേന്ദ്ര സര്‍ക്കാറിനെ ബോധ്യപ്പെടുത്താന്‍ നടപടി സ്വീകരിക്കുകയും ചെയ്തു.


ഭൂമിയുടെ മുഴുവന്റെയും ആധിപത്യം മനുഷ്യനായിരിക്കെ, അതിന്‍മേല്‍ എന്തുചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം മറ്റാര്‍ക്കുമാകാന്‍ പാടില്ല. അപ്പോള്‍ പിന്നെ കുറച്ച് പ്രദേശങ്ങളെ വയലെന്ന പേരില്‍ മാറ്റി നിര്‍ത്തി, മനുഷ്യന് നികത്തി ഉപയോഗിക്കാന്‍ പാടില്ലാത്ത വിധത്തിലാക്കുന്നത് ശരിയല്ല തന്നെ. 2008 വരെയുള്ള നികത്തുലകളൊക്കെ, അല്‍പ്പം പണം പിഴയായി ഈടാക്കി നിയമവിധേയമാക്കാന്‍ തീരുമാനിച്ചു. പണം പിഴയായി ഈടാക്കാന്‍ തീരുമാനിച്ചതുപോലും സര്‍ക്കാറിലേക്ക് വരുമാനമുണ്ടാക്കുന്ന സംഗതിയാണെന്ന് വരുത്തി ധനബില്ലിന്റെ ഭാഗമാക്കി, നിയമം ഭേദഗതി ചെയ്യുന്നതിനാണ്. ബൈബിളിനോട് മമത കുറവെങ്കിലും ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ധനബില്ലെന്ന മാര്‍ഗം ഉപയോഗപ്പെടുത്തുന്നതില്‍ കേന്ദ്രത്തിലുള്ളവരുടെ മനഃസമ്മതം ഉമ്മന്‍ ചാണ്ടി പിന്നീടറിഞ്ഞുകാണണം. റവന്യൂ മന്ത്രിയായ അടൂര്‍ പ്രകാശിന് ബൈബിളില്‍ അത്രത്തോളം ഗ്രാഹ്യമുണ്ടോ എന്ന് സംശയമുള്ളതിനാലാണ്, ബാര്‍ കോഴയാരോപണത്തെ പ്രതിരോധിക്കാന്‍ ബൈബിള്‍ വാക്യങ്ങള്‍ അനര്‍ഗളം നിര്‍ഗളിപ്പിച്ച ധനമന്ത്രി കെ എം മാണിയോട് നെല്‍വയല്‍ - തണ്ണീര്‍ത്തട നിയമത്തിലെ ഭേദഗതി ധനബില്ലിന്റെ ഭാഗമാക്കാന്‍ പറഞ്ഞത്. അധീശത്വത്തിന്റെ കാര്യത്തില്‍ കാലഗണന പ്രസക്തമല്ല. 2008 വരെയുള്ള നികത്തലുകള്‍ എന്ന് പറഞ്ഞുവെങ്കിലും അതിന് ശേഷമുള്ള നികത്തലുകളും 2008ന് മുമ്പുള്ളത് എന്ന് രേഖപ്പെടുത്തിയാല്‍ കാലഗണന അപ്രസക്തമായിക്കൊള്ളുമെന്ന ഉറപ്പ് മുഖ്യമന്ത്രിക്കുണ്ട്.


അധീശത്വമുള്ളവരുടെ ഗണത്തില്‍, ഉപജീവനത്തിന് മറ്റുവഴിയൊന്നുമില്ലാതെ വനം, റവന്യൂ ഭൂമി കൈയേറിയ ചെറുകിട-നാമമാത്രക്കാര്‍ മാത്രമല്ല ഉള്ളത്. ഏക്കറുകണക്കിന് വനഭൂമി കൈയേറി മരങ്ങളൊക്കെ വെട്ടിത്തെളിച്ച് റിസോര്‍ട്ടുകള്‍ കെട്ടിയുയര്‍ത്തിയവരുണ്ട്, റവന്യൂ ഭൂമിയോ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമിയോ തരിശായിക്കിടക്കുന്നതുകണ്ട് ദുഃഖിതരായി അതില്‍ കൈയേറ്റം നടത്തുകയും കെട്ടിടങ്ങള്‍ പണിയുകയും ചെയ്തവരുണ്ട്, പാട്ടത്തിന് കിട്ടിയ തോട്ടഭൂമി മറിച്ചുവില്‍ക്കാന്‍ സാധിക്കാതെ ഖിന്നരായവരുണ്ട്, പാട്ടക്കാലാവധി കഴിഞ്ഞും കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി വിറ്റൊഴിഞ്ഞ് തലവേദനയൊഴിവാക്കാന്‍ കാത്തിരിക്കുന്നവരുണ്ട്, റവന്യൂ ഭൂമി കൈയേറി തുടങ്ങിയ ക്വാറികള്‍ തുടര്‍ന്ന് നിയമപരമായി നടത്താന്‍ ആഗ്രഹിച്ചിരിക്കുന്നവരുണ്ട്. ഇവരുടെയൊക്കെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന സദുദ്ദേശ്യത്തോടെയാണ് കൈയേറിയതില്‍ ഒരേക്കറിനേ പട്ടയം നല്‍കൂ എന്നത് മാറ്റി നാലേക്കറിന് പട്ടയം നല്‍കാന്‍ തീരുമാനിച്ചത്. കൈയേറ്റ ഭൂമിക്ക് പട്ടയം കിട്ടിയാല്‍ 25 കൊല്ലം കഴിഞ്ഞേ വില്‍ക്കാനാവൂ എന്ന നിബന്ധന ഒഴിവാക്കി, പട്ടയം കിട്ടിയാല്‍ പിറ്റേന്ന് വില്‍ക്കാമെന്ന് ഉത്തരവിട്ടത്. 2005 ജൂണ്‍ ഒന്നുവരെയുള്ള കൈയേറ്റങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ തീരുമാനിച്ചത് അതിന്റെ തുടര്‍ച്ചയും.


ഭൂമിക്കുമേല്‍ മനുഷ്യനുള്ള അധീശത്വത്തെക്കുറിച്ച് അറിയാവുന്നവരും അറിയാത്തവരും എതിര്‍ത്തു. അതിനാല്‍ അവസാനത്തെ ഭേദഗതി വേണ്ടെന്ന് വെക്കേണ്ടിവന്നു. അറിയാത്തവര്‍ എതിര്‍ക്കുന്നത് മനസ്സിലാക്കാം. അറിയാവുന്നവരും എതിര്‍ത്താലോ? ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ക്കറിയില്ല, ഇവരോട് പൊറുക്കേണമേ എന്ന് അപേക്ഷിക്കാനേ തത്കാലം നിവൃത്തിയുള്ളൂ. വിഴിഞ്ഞം തുറമുഖ പദ്ധതി, താലത്തില്‍വെച്ച് നല്‍കിയതിന്റെ പ്രത്യുപകാരമെന്നോണം അദാനി മുതലാളി, വലിയ മുതലാളിയുമായി സംസാരിക്കുമെന്നും അവിടുന്നുള്ള നിര്‍ദേശമനുസരിച്ച് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലുള്ള ബി ജെ പിക്കാര്‍ പെരുമാറുമെന്നും അതിന്റെയടിസ്ഥാനത്തില്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി മുഖ്യമന്ത്രി പദം കിട്ടുമെന്നും ഉമ്മന്‍ ചാണ്ടിക്ക് ന്യായമായും ആഗ്രഹിക്കാം. ഇപ്പോള്‍ പിന്‍വലിച്ചതൊക്കെ, നടപ്പാക്കാന്‍ പാകത്തിലുള്ള കരുത്ത് അന്നുണ്ടാകണമേ എന്ന് മുട്ടിപ്പായി പ്രാര്‍ഥിക്കുകയുമാകാം.


ഇത്തരം കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ അത് ആരെടുക്കുന്നുവെന്നത് അപ്രസക്തമാണെന്നത്, ബൈബിള്‍ വാക്യത്തില്‍ നിന്ന് തന്നെ സുവ്യക്തമാണ്. 2005 വരെയുള്ള കൈയേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കാന്‍ പാകത്തില്‍ ചട്ടം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത് ആരെന്ന ചോദ്യത്തിന് അതുകൊണ്ടാണ് മറുപടി വേണ്ടെന്ന് തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് തീരുമാനമെടുത്തത് എന്ന് റവന്യു മന്ത്രി ആവര്‍ത്തിക്കുന്നു. എന്നിട്ടും തന്റെ അറിവോടെയാണ് തീരുമാനമെന്ന് അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറല്ല. പക്ഷേ, മന്ത്രിസഭയുടെ അറിവ് ഇക്കാര്യത്തില്‍ വേണ്ടതില്ല എന്നതില്‍ അദ്ദേഹത്തിന് സംശയമില്ല. ഭൂമിക്കുമേല്‍ മനുഷ്യനുള്ള അധീശത്വം ഉത്പത്തിക്കാലത്തുതന്നെ ഉറപ്പിക്കപ്പെട്ടതിനാല്‍, ഭൂവിനിയോഗം അനുവദിക്കുന്നതില്‍ ആരുടെയും അറിവോ അനുവാദമോ ആവശ്യമില്ല തന്നെ. അത് കടലാസിലാക്കി പ്രസിദ്ധം ചെയ്യുന്നതില്‍ മാത്രമേ മനുഷ്യഹസ്തത്തിന്റെ ആവശ്യമുള്ളൂ. മന്ത്രിമാര്‍, മുഖ്യമന്ത്രി, ഇവരൊക്കെ ചേരുന്ന മന്ത്രിസഭ എന്നിവയുടെയൊക്കെ ആവശ്യം പിന്നെ എന്തിന് എന്നാണ് ചോദ്യമെങ്കില്‍ സോളാര്‍, ബാര്‍ തുടങ്ങി വചനങ്ങളില്‍ പരാമര്‍ശിക്കാത്ത വിഷയങ്ങളൊക്കെ ആര് പരിഗണിക്കുമെന്ന മറുചോദ്യമുണ്ട് ഉത്തരമായി.


കൃഷി ചെയ്യുന്നവരുടെ എണ്ണം തുലോം കുറഞ്ഞു. വയലുകളില്‍ വലിയൊരളവ് തരിശിട്ടിരിക്കയാണ്. അതൊക്കെ നികത്തി നിര്‍മാണാത്മകമായി ഉപയോഗിക്കുകയും അതുവഴി സംസ്ഥാനത്തെ സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യുക എന്നതില്‍ എന്താണ് തെറ്റ്? കാട് കൈയേറി കൃഷിയിറക്കുന്നവര്‍ മൊത്തം ഉത്പാദത്തിന്റെ ശതമാനക്കണക്കിലേക്ക് നല്‍കുന്ന സംഭാവന കണക്കിലെടുത്താല്‍ കൂടുതല്‍ കാട് തെളിച്ച് കൃഷിയിറക്കാന്‍ അനുവാദം നല്‍കുകയാണ് വേണ്ടത്. അതിന് തത്കാലം മുതിരുന്നില്ല. പക്ഷേ, നിലവില്‍ കാട് കൈയേറി കൃഷിയിറക്കിയവരെ സംരക്ഷിക്കുക എന്നത് സാമ്പത്തിക വളര്‍ച്ചക്ക് അനിവാര്യമാണ്. ക്വാറികള്‍, റിസോര്‍ട്ടുകള്‍ എന്നിവയും വളര്‍ച്ചാ നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ആയതിനാല്‍ അധികൃതാനധികൃതഭേദമില്ലാതെ അവകളെ സംരക്ഷിക്കണം, പുതിയവക്ക് മുളപൊട്ടാന്‍ അവസരമൊരുക്കുകയും വേണം. സര്‍ക്കാര്‍ നല്‍കുന്ന മൂന്ന് സെന്റ് ഭൂമിയില്‍ കൂരകെട്ടുന്നവര്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിലേക്ക് സംഭാവനകളൊന്നും നല്‍കുന്നില്ല. സര്‍ക്കാര്‍ ഖജാനയെ ചോര്‍ത്തുകയും ചെയ്യുന്നു. ആയതിനാല്‍ ഇവരേക്കാള്‍ പരിഗണനയും സഹായവും അര്‍ഹിക്കുന്നത് മുന്‍ചൊന്ന വിഭാഗങ്ങളില്‍പ്പെടുന്നര്‍ തന്നെ.


മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതം കണക്കിലെടുക്കണമെന്നും പ്രകൃതി വിഭവങ്ങളെ നിയന്ത്രണമില്ലാതെ ചൂഷണം ചെയ്ത് ശതമാനക്കണക്കില്‍ വളര്‍ച്ചാ നിരക്ക് വര്‍ധിപ്പിക്കുന്നവര്‍ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാന്‍ ഇതുവരെ സാധിച്ചിട്ടില്ല എന്നത് ഓര്‍ക്കണമെന്നും ചിലരൊക്കെ പറയുന്നുണ്ട്. വയലും കാടുമൊക്കെ ഇല്ലാതാകുന്നത് വെള്ളക്ഷാമം രൂക്ഷമാക്കുമെന്നും അത് തലമുറകളോട് ചെയ്യുന്ന അനീതിയാണെന്നും ഇവര്‍ വാദിക്കുന്നു. അടുത്തിടെ കത്തോലിക്കാ സഭയുടെ പരമോന്നത നേതാവായ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ഇതൊക്കെ പറഞ്ഞിരുന്നു. ഇത്തരം വാദങ്ങളുന്നയിക്കാന്‍ അടുത്തിടെ ശീലിച്ച കോണ്‍ഗ്രസ് നേതാക്കളൊന്നും ആത്മാര്‍ഥമായല്ല ഇത് പറയുന്നത് എന്ന് ഏറ്റം നന്നായി അറിയാവുന്നയാളാണ് ഉമ്മന്‍ ചാണ്ടി. ആത്മാര്‍ഥമായുണ്ടായിരുന്നുവെങ്കില്‍ നയത്തില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അവര്‍ സമ്മര്‍ദം ചെലുത്തുമായിരുന്നില്ലേ? പോപ്പിന്റെ അഭിപ്രായങ്ങള്‍ക്ക് കേരളത്തിലെ സഭ വലിയ പ്രാധാന്യം നല്‍കുമെന്ന് തോന്നുന്നില്ല. പ്രാധാന്യം നല്‍കിയിരുന്നുവെങ്കില്‍ പശ്ചിമഘട്ടം സംരക്ഷിക്കുന്നതിന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് അവര്‍ ആവശ്യപ്പെടുമായിരുന്നു. കസ്തൂരിരംഗന്‍ പോലും വേണ്ടെന്ന് സഭ പറയുമ്പോള്‍, പോപ്പിന് പോലും നിഷേധിക്കാനാകാത്ത ബൈബിള്‍ വാക്യം തന്നെയാണ് പ്രസക്തം. എന്തെന്നാല്‍ വോട്ട് കേരള സഭയിലാണ്. മാത്രമല്ല, മാര്‍പ്പാപ്പ മാറി വരും, വാക്യം അവിടെത്തന്നെയുണ്ടാകും.


ഭൗതികവാദികളായ പ്രതിപക്ഷത്തിന് ഭൂമിക്കു മേല്‍ മനുഷ്യനുള്ള അധീശത്വം നേരത്തെ തന്നെ മനസ്സിലായിട്ടുണ്ട്. കോണ്‍ഗ്രസിലെ നേതാക്കള്‍ വലിയ എതിര്‍പ്പുന്നയിച്ചപ്പോഴും പേരിനൊരു പ്രസ്താവന നല്‍കി അവര്‍ അടങ്ങിയിരുന്നതിന് കാരണമതാണ്. സദുദ്ദേശ്യം മനസ്സിലാക്കുന്ന ചിലരുണ്ട്, ഔദ്യോഗികമായി പ്രതിപക്ഷമാണെങ്കിലും. എന്തിനെയെങ്കിലും എതിര്‍ത്ത് തോല്‍പ്പിച്ചുവെന്ന അപഖ്യാതി അവര്‍ക്കുണ്ടാകുന്നില്ലല്ലോ എന്ന ആശ്വാസമുണ്ട്. ശത്രുവിന് പോലും ദോഷമുണ്ടാകും വിധത്തില്‍ പ്രവര്‍ത്തിക്കരുതെന്നാണല്ലോ വാക്യം.


2015-08-06

നോട്ട് ഒണ്‍ലി...ബട്ട് ഓള്‍സോ (സസ്‌പെന്‍ഡഡ് ഡെമോക്രസി)


ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ യു പി എ സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത് പാര്‍ലിമെന്റിന്റെ ഇരു സഭകളും എത്ര തവണ തടസ്സപ്പെട്ടിട്ടുണ്ടാകും? വിവിധങ്ങളായ അഴിമതി ആരോപണങ്ങള്‍ സര്‍ക്കാര്‍ നേരിടുകയും അതിന്‍മേലൊക്കെ അന്വേഷണവും പ്രധാനമന്ത്രിയുടെ പ്രതികരണവും ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി, പാര്‍ലിമെന്റ് സ്തംഭിപ്പിച്ചത് ബി ജെ പിയായിരുന്നു. ''പാര്‍ലിമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുക എന്നത് ജനാധിപത്യത്തിന്റെ രൂപങ്ങളിലൊന്നാണ്'' എന്നാണ് ഇപ്പോള്‍ വിദേശകാര്യ മന്ത്രിയും പാര്‍ലിമെന്റ് ഇപ്പോള്‍ സ്തംഭിക്കുന്നതിന് കാരണഭൂതരില്‍ ഒരാളുമായ സുഷ്മ സ്വരാജ് അന്ന് പറഞ്ഞതാണിത്. ഇന്ന് ധനമന്ത്രിയായിരിക്കുന്ന അരുണ്‍ ജെയ്റ്റ്‌ലി അന്ന് കുറേക്കൂടി വിപുലമായ വിശദീകരണം നല്‍കി. ''പാര്‍ലിമെന്റ് സ്തംഭിപ്പിക്കുന്നതിലൂടെ രാജ്യത്തിന് ഞങ്ങളൊരു സന്ദേശം നല്‍കുകയാണ്. സ്‌പെക്ട്രം അഴിമതിയുടെ പേരില്‍ മൂന്ന് വര്‍ഷം മുമ്പ് പാര്‍ലിമെന്റ് സ്തംഭിപ്പിച്ചപ്പോള്‍ ടെലികോം മേഖല ശുദ്ധീകരിക്കപ്പെട്ടു. ഇപ്പോള്‍ വിഭവങ്ങളുടെയാകെ വിതരണം സുതാര്യമാക്കുക എന്ന പ്രശ്‌നം രാജ്യം അഭിമുഖീകരിക്കുകയാണ്.''


ഇന്ത്യന്‍ പ്രീമിയര്‍ ലീഗെന്ന ക്രിക്കറ്റ് വ്യവസായത്തിന്റെ മുന്‍ മേധാവിയും വിദേശനാണ്യ വിനിമയച്ചട്ടങ്ങള്‍ ലംഘിച്ച കേസില്‍ പിടികൂടന്നതിന് നോട്ടീസ് പുറപ്പെടുവിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാത്തിരിക്കുന്നയാളുമായ ലളിത് മോദിക്ക് സഹായം ചെയ്തുകൊടുത്തുവെന്ന ആരോപണം നേരിടുന്ന സുഷ്മ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും മുന്‍ മാതൃകകളില്ലാത്ത വലിയ തട്ടിപ്പില്‍ ആരോപണ വിധേയനായ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് ഇപ്പോള്‍ എണ്ണം കൊണ്ട് തുച്ഛമായ കോണ്‍ഗ്രസ് പാര്‍ലിമെന്റ് തടസ്സപ്പെടുത്തുന്നത്. സുഷ്മ സ്വരാജും അരുണ്‍ ജെയ്റ്റ്‌ലിയും മുമ്പ് പറഞ്ഞ വാക്കുകളനുസരിച്ചാണെങ്കില്‍ ജനാധിപത്യത്തിന്റെ രൂപങ്ങളിലൊന്ന് ഉപയോഗപ്പെടുത്തി, ചില ശുദ്ധീകരണങ്ങള്‍ക്ക് ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. അപ്പോള്‍ പിന്നെ അതിന്റെ അംഗങ്ങളെ പാര്‍ലിമെന്റില്‍ നിന്ന് പുറത്താക്കുന്നതിന്റെ യുക്തി എന്താണ്? യുക്തിയോ ബുദ്ധിയോ കണക്കിലെടുത്തല്ല ഫാസിസ്റ്റുകള്‍ പ്രവര്‍ത്തിക്കുക എന്നതറിയാതെയല്ല ഈ ചോദ്യം.


2013ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, ലോകായുക്ത നിയമം ഭേദഗതി ചെയ്യാന്‍ ശ്രമിച്ചിരുന്നു. ലോകായുക്തയെ നിശ്ചയിക്കാനുള്ള കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം ഹൈക്കോടതി ചീഫ് ജസ്റ്റിസില്‍ നിന്ന് മുഖ്യമന്ത്രിയിലേക്ക് എത്തിക്കുക എന്നതായിരുന്നു നിയമ ഭേദഗതി ബില്ലിന്റെ ഉദ്ദേശ്യം. അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാനുള്ള ലോകായുക്തയെ നിശ്ചയിക്കാനുള്ള കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം ഇതര സംസ്ഥാനങ്ങളിലൊക്കെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കായിരിക്കെ, ഗുജറാത്തില്‍ മാത്രം മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ശ്രമിച്ചത് ഉദ്ദേശ്യശുദ്ധിയോടെയാകില്ലെന്ന് ഉറപ്പ്. കര്‍ണാടകത്തില്‍ ബി ജെ പിയുടെ മുഖ്യമന്ത്രിയായിരുന്ന ബി എസ് യെദിയൂരപ്പ  ലോകായുക്ത മൂലം അനുഭവിച്ച പ്രയാസം കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും. ഗുജറാത്തിലെ പ്രതിപക്ഷമായ കോണ്‍ഗ്രസ്, നിയമ ഭേദഗതിയെ എതിര്‍ത്തു. പ്രതിപക്ഷാംഗങ്ങളെ മുഴുവന്‍ നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് നരേന്ദ്ര മോദി ബില്ല് പാസ്സാക്കിയെടുത്തു. ഗവര്‍ണര്‍ തിരിച്ചയച്ചതുകൊണ്ടുമാത്രം ഭേദഗതി പ്രാബല്യത്തിലാക്കാന്‍ സാധിച്ചില്ല.


ഇത്തരം കൂട്ട സസ്‌പെന്‍ഷനുകള്‍ ഗുജറാത്തില്‍ പുത്തരയില്ല. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ കുറഞ്ഞത് പതിനഞ്ച് തവണയെങ്കിലും ഇത്തരം സസ്‌പെന്‍ഷനുകള്‍ ഗുജറാത്ത് അസംബ്ലിയിലുണ്ടായി. പല ബില്ലുകളും ചര്‍ച്ചകള്‍ കൂടാതെ പാസ്സാക്കി. നിയമസഭ സമ്മേളിക്കുന്ന കാലയളവ് തന്നെ കുറവ്. അതില്‍ തന്നെ ഭൂരിഭാഗം ദിനവും മുഖ്യമന്ത്രി ഹാജരുണ്ടാകാറില്ല. ചോദ്യങ്ങളുന്നയിക്കുന്നതിനും ചര്‍ച്ചകളില്‍ അഭിപ്രായം പറയുന്നതിനും ബി ജെ പിയുടെ പ്രതിനിധികള്‍ക്ക് തന്നെ നിയന്ത്രണം. ഇതിനൊക്കെ പുറമെയാണ് പ്രതിപക്ഷത്തെ സസ്‌പെന്‍ഡ് ചെയ്തുള്ള സഭാ നടത്തിപ്പ്. ഏകാധിപത്യമനോഭാവത്തിന് എത്രമാത്രം ഇരയാക്കപ്പെട്ടിരുന്നു ഗുജറാത്തിലെ 'ജനാധിപത്യത്തിന്റെ ശ്രീകോവില്‍' എന്നതിന് മറ്റ് തെളിവൊന്നും വേണ്ടതില്ല.


പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിഷേധിച്ചുവെന്നാരോപിച്ചാണ് കോണ്‍ഗ്രസിന്റെ 25 അംഗങ്ങളെ ഇപ്പോള്‍ അഞ്ച് ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഗുജറാത്തിലെ രീതി ഡല്‍ഹിയിലും നടപ്പാക്കാനുള്ള ശ്രമമല്ലാതെ മറ്റൊന്നല്ല ഇത്. സസ്‌പെന്‍ഷനില്‍ പ്രതിഷേധിക്കാന്‍ ബാക്കിയുള്ള പ്രതിപക്ഷാംഗങ്ങള്‍ തീരുമാനിച്ചിരുന്നുവെങ്കില്‍ അവരെയും സസ്‌പെന്‍ഡ് ചെയ്ത് സഭ നടത്താന്‍ നരേന്ദ്ര മോദി മടിക്കില്ലായിരുന്നു. അവര്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചതിനാല്‍, അഞ്ച് ദിനം കൊണ്ട് ലോക്‌സഭയിലെ സര്‍ക്കാര്‍ ബിസിനസ്സുകളൊക്കെ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാറിന് സാധിക്കും. സര്‍ക്കാര്‍ ബിസിനസ്സുകളുടെ നടത്തിപ്പാണ് സ്പീക്കറുടെ ചുമതല. ഈ സര്‍ക്കാറിന്റെ കാലത്തായതിനാല്‍ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്യപരിപാടികളുടെ നടത്തിപ്പായി മാറുന്നു. അതിന് അദ്ദേഹം തന്നെ സൃഷ്ടിച്ച മാതൃകകള്‍ സ്പീക്കര്‍ പിന്തുടരുന്നുവെന്ന് മാത്രം. രാജ്യസഭയില്‍ അധ്യക്ഷന്‍ ഉപരാഷ്ട്രപതിയും ഉപാധ്യക്ഷന്‍ കോണ്‍ഗ്രസുകാരനായ പി ജെ കുര്യനുമാകുകയും അവിടെ ഭൂരിപക്ഷം തത്കാലം ബി ജെ പിക്കില്ലാതിരിക്കുകയും ചെയ്കയാല്‍ മാതൃക അവിടെ തുടരാന്‍ സാധിക്കുന്നില്ലെന്ന് മാത്രം.


ലോക് സഭ നിരന്തരം സ്തംഭിക്കുന്നതിനാലും രാജ്യ സഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാലും ബില്ലുകള്‍ പാസ്സാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ സ്വീകരിക്കേണ്ട മാതൃകയും ഇതിനകം നരേന്ദ്ര മോദി കാട്ടിത്തന്നിട്ടുണ്ട്. വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാരം നല്‍കലും നിയമത്തിലെ ഭേദഗതി ഓര്‍ഡിനന്‍സിറക്കി പ്രാബല്യത്തിലാക്കുകയാണ് ചെയ്തത്. അതു തന്നെ, കാലാവധി കഴിഞ്ഞത് പരിഗണിച്ച് മൂന്നുകുറി പുതുക്കിയിറക്കുകയും ചെയ്തു. മറ്റ് ഏഴ് ഓര്‍ഡിനന്‍സുകളും കുറഞ്ഞകാലത്തിനിടെ മോദി സര്‍ക്കാര്‍ പുറപ്പെടുവിച്ചു. പാര്‍ലിമെന്റിന്റെ പ്രധാന ചുമതല തന്നെ നിയമ നിര്‍മാണമായിരിക്കെ, അവിടെ ചര്‍ച്ച നടക്കുകയും അംഗങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തുകയുമാണ് വേണ്ടത്. അതിന് തയ്യാറല്ലെന്നതിന്റെ പ്രകടമായ സൂചനയാണ് നിരന്തരം പുറപ്പെടുവിക്കുന്ന ഓര്‍ഡിനന്‍സുകള്‍.


നിയമ നിര്‍മാണങ്ങള്‍ക്ക് മറ്റൊരു കുറുക്കുവഴി കൂടി തേടുന്നുണ്ട് ബി ജെ പി. സര്‍ക്കാറിന്റെ വരവ് ചെലവുമായി ബന്ധമുണ്ടെന്ന് കാണിച്ച് മണി ബില്ലുകളായി ലോക്‌സഭയില്‍ അവതരിപ്പിച്ച് നിയമമാക്കുക എന്നതാണ് മാര്‍ഗം. മണി ബില്ലാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത്  ലോക് സഭാ സ്പീക്കറാണ്. ഭൂമി ഏറ്റെടുക്കലും പുനരധിവാസവും ഭേദഗതി ബില്ല് പോലും സര്‍ക്കാറിന്റെ വരവു ചെലവുമായി ബന്ധപ്പെടുത്തി മണി ബില്ലായി വ്യാഖ്യാനിക്കാനാകുമെന്ന് ചുരുക്കം. മണി ബില്ല് ലോക് സഭ പാസ്സാക്കിയാല്‍ രാജ്യ സഭ പതിനാല് ദിവസത്തിനകം ഇത് പാസ്സാക്കുകയോ നിര്‍ദേശങ്ങള്‍ സഹിതം മടക്കി അയക്കുകയോ വേണം. ഈ നിര്‍ദേശങ്ങള്‍ സ്വീകരിക്കണമോ വേണ്ടയോ എന്ന് ലോക് സഭക്ക് തീരുമാനിക്കാം. രാജ്യ സഭ പതിനാല് ദിവസനത്തിനകം ഈ നടപടിക്രമങ്ങളിലേതെങ്കിലും പൂര്‍ത്തിയാക്കുന്നില്ലെങ്കില്‍ ബില്ല് പാസായതായി കണക്കാക്കും.


വിദേശരാജ്യങ്ങളിലുള്ള സമ്പത്ത് സംബന്ധിച്ച് വിവരങ്ങള്‍ വെളിപ്പെടുത്താത്തവര്‍ക്ക് വലിയ പിഴ ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം നരേന്ദ്ര മോദി സര്‍ക്കാര്‍ അടുത്തിടെ പാസ്സാക്കിയത് ഈ പാതയിലാണ്. ഇത് വ്യാപകമാക്കാന്‍ തീരുമാനിച്ചാല്‍ പാര്‍ലിമെന്റ് തന്നെ സസ്‌പെന്‍ഡ് ചെയ്യുക എന്നാണ് അര്‍ഥം. ബി ജെ പിയുടെ പാര്‍ലിമെന്ററി പാര്‍ട്ടി കൂടുകയും നരേന്ദ്ര മോദി നിര്‍ദേശിക്കുന്ന നിയമ നിര്‍ദേശങ്ങളോ ഭേദഗതി നിര്‍ദേശങ്ങളോ പാസ്സാക്കിയാല്‍ മതിയാകും പിന്നെ. പ്രതിപക്ഷ അംഗങ്ങളുടെ സസ്‌പെന്‍ഷന്‍ കൂടിയുണ്ടെങ്കില്‍ ലോക്‌സഭയില്‍ സംഭവിക്കുക ഇതു തന്നെയാകും. സഭ വിളിച്ച് സമയവും പണവും ചെലവിടാതെ, എളുപ്പത്തില്‍ ചെയ്യാവുന്നത് ബി ജെ പിയുടെ പാര്‍ലിമെന്ററി പാര്‍ട്ടി വിളിക്കുന്നത് തന്നെ.


ഇത്തരം സസ്‌പെന്‍ഷനുകളും ജനാധിപത്യ സംവാദങ്ങളോടുള്ള അസഹിഷ്ണുതയും സര്‍ക്കാറിന് പുറത്തും വ്യാപകമായി നടക്കുന്നു.  ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിന്റെ കാരണങ്ങളന്വേഷിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത് തടയുകയും പോലീസ് നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ആശയ പ്രകാശനത്തിനുള്ള അവകാശം സസ്‌പെന്‍ഡ് ചെയ്യുകയാണ്. സംഘ് പരിവാരം സസ്‌പെന്‍ഷന് മുന്‍കൈ എടുക്കുന്നു, ഭരണകൂടം അതിനെ സാധിപ്പിച്ചുകൊടുക്കുന്നു. ഹൈന്ദവ പ്രാര്‍ഥനാ ഗാനം പാടാതെ ക്ലാസ്സില്‍ കയറാനാകില്ലെന്ന് ന്യൂനപക്ഷ വിഭാഗക്കാരനായ വിദ്യാര്‍ഥിയെ സ്‌കൂളിലെ പ്രധാനാധ്യാപകന്‍ നിര്‍ബന്ധിക്കുമ്പോള്‍, വിശ്വാസ സ്വാതന്ത്ര്യം സസ്‌പെന്‍ഡ് ചെയ്യുകയാണ്. അതിനെതിരെ പരാതിയുണ്ടാകുമ്പോള്‍ ഹൈന്ദവ പ്രാര്‍ഥനാ ഗാനം പാടിയാല്‍ വിശ്വാസം ഇല്ലാതാകുമോ എന്ന് ചോദിച്ച് ഭരണകൂടം സസ്‌പെന്‍ഷനെ ന്യായീകരിക്കും.


ഇത്തരം ക്രിയകളെ എതിര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍, അവരെ സസ്‌പെന്‍ഡ് ചെയ്യുന്നതിനും മാര്‍ഗങ്ങളേറെ. ഗുജറാത്ത് വംശഹത്യയുടെ ഇരകളെ സഹായിക്കാന്‍ ശ്രമിക്കുകയും നരേന്ദ്ര മോദിയുടെ ഗുജറാത്തിലെ ഏകാധിപത്യത്തെ എതിര്‍ക്കുകയും ചെയ്ത തീസ്റ്റ സെതല്‍വാദ് നേരിടുന്ന കേസുകളും അറസ്റ്റ് ഭീഷണിയുമൊക്കെ അതിന് തെളിവാണ്. എന്ത് ഭക്ഷണം കഴിക്കണം, ഏത് വസ്ത്രം ധരിക്കണമെന്ന അവകാശം പോലും രാജ്യത്ത് ചിലയിടങ്ങളില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുകയോ ഡിസ്മിസ് ചെയ്യപ്പെടുകയോ ചെയ്തിരിക്കുന്നു.


ചെറുതും വലുതുമായ പലതും സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നുണ്ട്. അതിനോടുള്ള പ്രതികരണങ്ങള്‍ ഇല്ലാതാക്കാനും പ്രതികരിക്കുന്നവരെ വരുതിക്ക് നിര്‍ത്താനും ശ്രമങ്ങള്‍ നടക്കുന്നുമുണ്ട്. മറ്റ് പലതും സസ്‌പെന്‍ഡ് ചെയ്യണമെന്ന ആഗ്രഹങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കുന്നുമുണ്ട്. ആ പട്ടികയിലെ ചെറുതൊന്നാണ് കോണ്‍ഗ്രസ് അംഗങ്ങളുടെ സസ്‌പെന്‍ഷന്‍. അതിനോട് ശക്തമായി പ്രതികരിക്കാന്‍ കോണ്‍ഗ്രസിനായിരിക്കുന്നുവെന്നതും അതിന് ഇതര പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ കിട്ടി എന്നതുമാണ് ശ്രദ്ധേയം. അതു നിലനിര്‍ത്താന്‍ സാധിക്കുമെങ്കില്‍ വലിയ സസ്‌പെന്‍ഷനുകളോട് ഏറ്റു നോക്കാം.

2015-08-01

ഇരുട്ടിലെ നീതി നിര്‍വഹണം


''തയ്യാറെടുപ്പ് ഒരു കുറ്റകൃത്യമല്ല'' - രാജ്യത്തെ പരമോന്നത നീതിപീഠം 1992 നവംബറിലെ അവസാനദിനങ്ങളിലൊന്നില്‍ പറഞ്ഞതാണിത്. ബാബ്‌രി മസ്ജിദില്‍ കര്‍സേവ നടത്താന്‍ സംഘ് പരിവാരം തയ്യാറെടുത്ത് നില്‍ക്കുമ്പോഴായിരുന്നു ഈ പരാമര്‍ശം. ബാബ്‌രി മസ്ജിദിന് പരുക്കേല്‍പ്പിക്കും വിധത്തിലുള്ള പ്രവൃത്തിയോ ഏതെങ്കിലും വിധത്തിലുള്ള നിര്‍മാണ പ്രവൃത്തിയോ അവിടെ നടക്കില്ലെന്ന് ഉറപ്പാക്കും വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അവരുടെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ എന്തെങ്കിലും വീഴ്ചകള്‍ വരുത്തിയാല്‍ എന്തെങ്കിലും ഉത്തരവുകള്‍ പുറപ്പെടുവിക്കേണ്ടതുള്ളൂവെന്നും സുപ്രീം കോടതി അന്ന് പറഞ്ഞു. 1992 ഡിസംബര്‍ ആറിന് കര്‍സേവകര്‍ ബാബ്‌രി മസ്ജിദ് തകര്‍ത്തു, എല്‍ കെ അഡ്വാനി മുതല്‍ സാധ്വി റിതംബര വരെയുള്ളവരുടെ തീ പടര്‍ത്തിയ വര്‍ഗീയ പ്രസംഗങ്ങളുടെ അകമ്പടിയില്‍. കര്‍സേവ വെറും ഭജനയും പ്രാര്‍ഥനയുമല്ലെന്ന് സംഘ് പരിവാര്‍ നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ''തയ്യാറെടുപ്പ് ഒരു കുറ്റകൃത്യമല്ലെ''ന്ന് നമ്മുടെ നീതിപീഠം പറഞ്ഞത്.


1992 ഡിസംബര്‍ ഏഴിന് ആരംഭിച്ച് ജനുവരിയിലേക്ക് വ്യാപിച്ചതാണ് മുംബൈയിലെ വര്‍ഗീയ കലാപം. മസ്ജിദ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് മുസ്‌ലിംകള്‍ നടത്തിയ പ്രകടനങ്ങളും സംഘ്പരിവാറിന്റെയും ശിവസേനയുടെയും പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനങ്ങളുമാണ് കലാപത്തിന് തുടക്കമിട്ടത്. ശിവസേനാ നേതാവ് ബാല്‍ താക്കറെയുടെ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പ്രസ്താവനകള്‍, പ്രസംഗങ്ങള്‍, മുഖപത്രമായ സാമ്‌നയിലെഴുതിയ ലേഖനങ്ങള്‍ ഇവയൊക്കെ അതിന്റെ രണ്ടാംഘട്ടത്തിന് വഴിമരുന്നിട്ടു.  മനോഹര്‍ ജോഷിയെപ്പോലുള്ള നേതാക്കള്‍, മുസ്‌ലിംകള്‍ക്കെതിരായ കലാപാഹ്വാനവുമായി രംഗത്തുവന്നു. പിന്നീടങ്ങോട്ട് അരങ്ങേറിയത് വംശഹത്യക്ക് സമാനമായ മുസ്‌ലിം വേട്ടയായിരുന്നു. ''ശിവസൈനികരുടെ ശാഖകള്‍ പ്രാദേശിക കമാന്‍ഡുകളായി മാറി. മുസ്‌ലിംകള്‍ നടത്തുന്ന സ്ഥാപനങ്ങളുടെ പട്ടികയും വോട്ടര്‍ പട്ടികയും കൈവശം വെച്ചാണ് ശിവസേനാ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്.'' (ശ്രീകൃഷ്ണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ നിന്ന്)


തയ്യാറെടുപ്പ് ഒരു കുറ്റകൃത്യമല്ലെന്ന ആപ്തവാക്യം ഇവിടെയും പ്രാവര്‍ത്തികമായി. വോട്ടര്‍ പട്ടികയുടെ പകര്‍പ്പെടുത്ത് നല്‍കി ആക്രമണത്തിന് തയ്യാറെടുപ്പുകള്‍ നടത്തിയവരൊന്നും കുറ്റവാളികളായില്ല. വാക്കിലും നോക്കിലും വിഷം വമിപ്പിച്ച് ആക്രമണത്തിന് പ്രേരിപ്പിച്ചയാളുകള്‍ പിന്നീട് രാജ്യഭാരം കൈയാളുകയോ കൈകാര്യം ചെയ്യുകയോ ചെയ്തത് അതുകൊണ്ടാണ്. മുംബൈ കലാപത്തിന്റെ പ്രതികാരമായിരുന്നു മുംബൈയില്‍ അരങ്ങേറിയ സ്‌ഫോടന പരമ്പര എന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പറയുന്നത്. അതിന്റെ തയ്യാറെടുപ്പില്‍ പങ്കാളിയായെന്ന കുറ്റത്തിന് യാക്കൂബ് മേമന്‍ തൂക്കിലേറ്റപ്പെട്ടിരിക്കുന്നു. തയ്യാറെടുപ്പുകള്‍ കുറ്റകരമല്ലാതാകുന്നതും കുറ്റകരമാകുന്നതും ഭേദമുള്ള സംഗതിയാണെന്ന് ചുരുക്കം. (നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ബോംബുകള്‍ സ്ഥാപിച്ച് നിസ്സഹാരായ മനുഷ്യരുടെ ജീവനെടുക്കുന്ന പ്രതികാരത്തെ, അതിന്റെ സര്‍വ നികൃഷ്ടതയും അംഗീകരിച്ച് തള്ളിക്കൊണ്ടാണ് ഇത് പറയുന്നത്. അതിന്റെ തയ്യാറെടുപ്പില്‍ പങ്കാളിയായിട്ടുണ്ടെങ്കില്‍ അര്‍ഹമായ ശിക്ഷ ലഭിക്കുകയും വേണം). പക്ഷേ, അത്തരമൊരു ആക്രമണത്തിന് പദ്ധതിയിട്ട ക്രൂരമനസ്സുകള്‍ക്ക്, പങ്കാളികളെ കണ്ടെത്തുക എളുപ്പത്തിലാക്കാന്‍ പാകത്തിലുള്ള സാഹചര്യം തയ്യാറാക്കിയവര്‍, നിയമത്തിന്റെ പരിധിക്ക് പുറത്തായിരുന്നു, ഇപ്പോഴും ആണ്. അവര്‍ പൊലിച്ചിട്ട ആയിരക്കണക്കിന് മനുഷ്യരുടെ ബന്ധുക്കള്‍ക്ക് നീതി നല്‍കാനായോ എന്ന് യാക്കൂബിനെ തൂക്കിലേറ്റുന്നത് വൈകിപ്പിച്ചാല്‍ സ്‌ഫോടനങ്ങളില്‍ പൊലിഞ്ഞ 257 മനുഷ്യരുടെ ബന്ധുക്കള്‍ക്ക് നീതി ഇനിയും വൈകുമെന്ന് പറയുന്ന ഉന്നത ന്യായാധിപന്‍മാര്‍ ചിന്തിക്കുന്നത് നല്ലതാണ്.


കലാപത്തിനുള്ള പ്രതികാരമായിരുന്നു സ്‌ഫോടനങ്ങളെന്ന് കുറ്റപത്രത്തിലെ രേഖപ്പെടുത്തല്‍ സ്വീകരിക്കുന്ന ന്യായാസനങ്ങള്‍, കലാപം സൃഷ്ടിച്ചവര്‍ ഇത്തരമൊരു അവസ്ഥ സൃഷ്ടിക്കുന്നതില്‍ എത്രമാത്രം പങ്കുവഹിച്ചുവെന്ന് കൂടി ആലോചിക്കണം. കേസുകള്‍ ഒറ്റക്കൊറ്റക്കാണ് വിചാരണ ചെയ്യുന്നതും തീര്‍പ്പുകല്‍പ്പിക്കുന്നതും. പക്ഷേ, ഇത്തരം സംഭവങ്ങളില്‍ കേസുകളുടെ സൃഷ്ടിയിലേക്ക് നയിക്കുന്ന സാഹചര്യങ്ങളും പ്രധാനമാണ്. ആ സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള നടപടികള്‍ ഇല്ലാതിരിക്കെ, അല്ലെങ്കില്‍ അത്തരം സാഹചര്യങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ സംഘടിതമായ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെ, ഒരു വധശിക്ഷ കൊണ്ട് സ്‌ഫോടനപരമ്പരാ കേസില്‍ നീതി നടപ്പായെന്ന് മേനി നടിക്കുന്നതില്‍ അര്‍ഥമില്ല. തൂക്കിലേറ്റുന്നതിന് മുമ്പ് നിയമപരമായ നടപടിക്രമങ്ങളൊക്കെ പൂര്‍ത്തിയാക്കിയെന്നും അതിനു വേണ്ടി ചരിത്രത്തിലാദ്യമായി പാതിരാത്രിക്ക് ശേഷവും കോടതി സമ്മേളിച്ചുവെന്നുമൊക്കെ ഊറ്റംകൊള്ളുമ്പോള്‍, വെറും പൊള്ളത്തരം മാത്രമേ ആകുന്നുള്ളൂ.  ഇത്തരം സാഹചര്യങ്ങളെ ഇല്ലാതാക്കാന്‍ തങ്ങള്‍ എന്തു ചെയ്തുവെന്ന് തിരിച്ച് ചോദിക്കേണ്ട ഉത്തരവാദിത്തമുണ്ട്, ദയാഹരജി തള്ളാന്‍ തീരുമാനിക്കുന്ന ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും ഹരജി തള്ളണമെന്ന് ശിപാര്‍ശ ചെയ്യുന്ന ഭരണകൂടത്തിനും.


തീവ്രവാദത്തിലേക്ക് വഴിതിരിഞ്ഞുപോയവര്‍ക്ക് തിരിച്ചെത്താന്‍ ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിപ്രകാരം കീഴടങ്ങാനെത്തിയതാണ് സയ്യദ് ലിയാഖത്ത് ഷാ. നേപ്പാള്‍ അതിര്‍ത്തിയില്‍ സൈന്യത്തിന് കീഴടങ്ങിയ ഷായെ, ജനം അറിയുന്നത് പാര്‍ലിമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് പ്രതികാരം ചെയ്യാനെത്തിയ ഭീകരവാദിയെ ഉത്തര്‍പ്രദേശിലെ ഖരഗ്പൂരില്‍ നിന്ന് അറസ്റ്റുചെയ്തുവെന്ന് ഡല്‍ഹിയിലെ പോലീസിലെ സ്‌പെഷല്‍ ബ്രാഞ്ച് പറഞ്ഞപ്പോഴാണ്. ഷായില്‍ നിന്ന് പിടിച്ചെടുത്തത് എന്ന പേരില്‍ എ കെ 56 തോക്കും ഏതാനും ഗ്രനേഡുകളും ഡല്‍ഹി പോലീസ് ഹാജരാക്കുകയും ചെയ്തു. കീഴടങ്ങിയയാളെ ഭീകരവാദിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തതില്‍ ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ ശക്തമായി പ്രതിഷേധിക്കുകയും ഡല്‍ഹി പോലീസിന്റെ നാടകം അരങ്ങേറുന്നതിന് മുമ്പ് തന്നെ, ഷാ കീഴടങ്ങിയതാണെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞത് പുറത്തുവരികയും ചെയ്തതോടെ കേസ് പൊളിഞ്ഞു. രണ്ട് വര്‍ഷത്തിന് ശേഷം നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, ഷാ നിരപരാധിയാണെന്ന് കോടതിയെ അറിയിച്ചതോടെയാണ് കേസ് അവസാനിക്കുന്നത്.


1993ലെ മുംബൈ സ്‌ഫോടന പരമ്പര നടക്കുമ്പോള്‍ ദുബൈയിലായിരുന്നുവെന്നാണ് യാക്കൂബ് മേമന്‍ അവകാശപ്പെട്ടിരുന്നത്. അവിടെ നിന്ന് പാക്കിസ്ഥാനിലേക്ക്. അവിടെ കഴിയുമ്പോഴാണ് ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് മുമ്പാകെ കീഴടങ്ങി, നിരപരാധിത്വം ബോധ്യപ്പെടുത്താന്‍  തീരുമാനിച്ചതെന്നും യാക്കൂബ് അവകാശപ്പെട്ടിട്ടുണ്ട്. അതിനായി മുംബൈ സ്‌ഫോടന പരമ്പരക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള തെളിവുകള്‍ ശേഖരിച്ചുവെന്നും. എന്തായാലൂം യാക്കൂബിനെ പിടികൂടിയത് നേപ്പാളിലെ കാഠ്മണ്ഠുവില്‍വെച്ചാണെന്ന് റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിന്റെ സ്‌പെഷല്‍ സെക്രട്ടറിയായിരുന്ന ബി രാമന്‍ തുറന്നുപറഞ്ഞിട്ടുണ്ട്; സ്‌ഫോടനപരമ്പരാക്കേസിന്റെ അന്വേഷണത്തില്‍ സഹകരിച്ചുവെന്നും. മേമന്റെ സഹായത്താലാണ് കുടുംബത്തിലെ കൂടുതല്‍ പേരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനായത്. ഇവരില്‍ പലരും അതിനകം തന്നെ കേസില്‍ ആരോപണവിധേയരായിരുന്നു. എന്നിട്ടും അവരെ തിരിച്ചെത്തിക്കാന്‍ യാക്കൂബ് യത്‌നിച്ചു. കീഴടങ്ങുകയും അന്വേഷണത്തിന് സഹായകമായ വിവരങ്ങള്‍ കൈമാറുകയും ചെയ്താല്‍ ഇളവുകള്‍ നല്‍കാമെന്ന വാഗ്ദാനം യാക്കൂബിന് നല്‍കിയിരുന്നുവെന്നും രാമന്‍ പറയുന്നു.


എന്നാല്‍ ഈ വിവരങ്ങളൊന്നും പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചിരുന്നില്ലെന്നാണ് യാക്കൂബിന് വധശിക്ഷ വിധിച്ച പ്രത്യേക കോടതിയുടെ ജഡ്ജിയും പ്രോസിക്യൂട്ടറും പറയുന്നത്. ഈ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് മറച്ചുവെച്ചു? യാക്കൂബിനെ പിടികൂടിയത് സ്വന്തം ക്രഡിറ്റിലാക്കുകയും അയാള്‍ കൈമാറിയ വിവരങ്ങള്‍ സ്വയം അന്വേഷിച്ച് കണ്ടെത്തിയവയാണെന്ന് വരുത്തുകയും ചെയ്ത് യശസ്സും സ്ഥാനക്കയറ്റവും സ്വന്തമാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചതാണോ?  അതോ മുംബൈയില്‍ ശിവ സൈനികരും സംഘ് പരിവാര്‍ പ്രവര്‍ത്തകരും താണ്ഡവമാടുമ്പോള്‍ കൂട്ടുനിന്ന പോലീസുകാരെപ്പോലെ, വര്‍ഗീയ വിഷം കലര്‍ന്ന മനസ്സുമായി, ഭീകരപ്രവര്‍ത്തനത്തിന് ഒരു കുടുംബമൊന്നാകെ ശിക്ഷിക്കപ്പെടുമ്പോള്‍ ഭീകരവാദികളെക്കുറിച്ചുള്ള പൊതുബോധം കുറേക്കൂടി ശക്തമാകട്ടെ എന്ന് വിചാരിച്ചതാണോ?


എന്താണ് എന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്തമുണ്ട് നീതിന്യായ സംവിധാനത്തിന്. കേസില്‍ വിചാരണയും ശിക്ഷാവിധിയും ദയാഹരജിയിലെ തീര്‍പ്പുമൊക്കെ തീര്‍ന്നതിന് ശേഷം പുതിയ വിവരങ്ങള്‍ പുറത്തുവന്നാല്‍ പരിഗണിക്കേണ്ട ബാധ്യതയുണ്ടോ രാജ്യത്തെ നീതിന്യായ സംവിധാനത്തിന് എന്നത് കൂടി നിര്‍ണയിക്കപ്പെടണം. കഴുവിലൊടുങ്ങിയ യാക്കൂബിന്റെ ജീവന്‍ അതാവശ്യപ്പെടുന്നുണ്ട്. യാക്കൂബിനെക്കുറിച്ച് വിവരങ്ങള്‍ പുറത്തുപറഞ്ഞത്, യാക്കൂബോ ബന്ധുക്കളോ ആയിരുന്നില്ല. ആരോപണവിധേയരെ പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചെത്തിക്കാന്‍ യത്‌നിച്ച രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. അത്തരമാളുകള്‍ പറയുന്ന കാര്യങ്ങള്‍, അതവരുടെ മരണശേഷമാണ് പുറത്തുവിടുന്നത് എങ്കില്‍പ്പോലും, പരിഗണിക്കുകയും അതില്‍ വസ്തുതയുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ, നിയമപരമായ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയെന്ന് ഊറ്റംകൊള്ളാന്‍ നീതിപീഠങ്ങള്‍ക്ക് സാധിക്കുകയുള്ളൂ.


പുനപ്പരിശോധനാ ഹരജി പരിഗണിച്ച ജസ്റ്റിസുമാര്‍ തന്നെയാണോ തെറ്റുതിരുത്തല്‍ ഹരജി പരിഗണിച്ചത് എന്ന സാങ്കേതികത്തര്‍ക്കമോ മരണവാറണ്ടിന്റെ സമയപരിധി അവസാനിക്കും മുമ്പ് നിയമപരമായ തടസ്സങ്ങളൊക്കെ നീക്കുന്നതിന് കാട്ടിയ ജാഗ്രതയോ അല്ല നീതിന്യായ സംവിധാനത്തിന്റെ മേന്‍മയും അവകാശങ്ങളെക്കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാടും നിശ്ചയിക്കുന്നത്. ഒരു ജീവന്‍ അവസാനിപ്പിച്ചുകൊണ്ട് പ്രതികാരം ചെയ്യാനോ നീതി നിറവേറ്റിയെന്ന് അവകാശപ്പെടാനോ ഭരണകൂടം തയ്യാറാകുമ്പോള്‍ അതിനെ തടയാന്‍ പാകത്തില്‍ നിയമസംഹിതകളെ വ്യാഖ്യാനിക്കുകയാണ് നീതിപീഠങ്ങളുടെ ബാധ്യത. അങ്ങനെയാണ് കൂടുതല്‍ പരിഷ്‌കൃതരാകേണ്ടതിനെക്കുറിച്ച് ഭരണകൂടത്തെ അതിനെ നയിക്കുന്ന രാഷ്ട്രീയ സംവിധാനങ്ങളെ, അവരിലൂടെ ജനാധിപത്യ പ്രക്രിയ പൂര്‍ത്തീകരിക്കുന്ന ജനങ്ങളെ ബോധവത്കരിക്കുക.


യാക്കൂബ് മേമന്റെ കാര്യത്തില്‍ നീതിപീഠവും അതിന്റെ ഭാവനകളെ ഉദ്ദീപിപ്പിക്കേണ്ട സമൂഹവും പൊതുവില്‍ പരാജയപ്പെട്ടുവെന്ന് തന്നെ വേണം കരുതാന്‍. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍പ്പോലും കേസുകളെടുത്ത്, ജുഡീഷ്യല്‍ ആക്ടിവിസത്തിന്റെ വലിയ മാതൃകകള്‍ സൃഷ്ടിച്ചവര്‍, ഒരു ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുമായിരുന്ന വിവരങ്ങളുടെ മുന്നില്‍ വാതില്‍ കൊട്ടിയടച്ച്, സാങ്കേതികത്വങ്ങള്‍ പാലിച്ചുവെന്ന് ആശ്വസിച്ചു. തയ്യാറെടുപ്പ് ഒരു കുറ്റകൃത്യമല്ലെന്ന് പറഞ്ഞ്, സമൂഹത്തില്‍ നടക്കുന്നതിനു നേര്‍ക്ക് വാതില്‍ കൊട്ടിയടച്ചവരെയാണ് തങ്ങള്‍ മാതൃകയാക്കുന്നതെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.