2016-06-22

രാജന്റെ അസഹിഷ്ണുത, മോദിയുടേതും


ധനനയം തീരുമാനിക്കുന്നതില്‍ ആര്‍ക്കാണ് മേല്‍ക്കൈ? റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യക്കാണോ കേന്ദ്ര ധനമന്ത്രാലയത്തിനാണോ? ഈ തര്‍ക്കം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സര്‍ക്കാറിന്റെ ഇംഗിതങ്ങള്‍ക്കനുസരിച്ചുള്ള ധനനയം ആവിഷ്‌കരിക്കാന്‍ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ തയ്യാറാകാതിരുന്ന കാലത്തൊക്കെ ബേങ്കിന്റെ ഗവര്‍ണര്‍ സ്ഥാനത്തിരുന്നവര്‍ വിമര്‍ശമേറ്റുവാങ്ങിയിട്ടുണ്ട്. നിലവില്‍ ആര്‍ ബി ഐ ഗവര്‍ണറായ രഘുറാം രാജനെതിരെ നരേന്ദ്ര മോദി സര്‍ക്കാറും അതിന്റെ സഹയാത്രികരും കുറ്റപത്രം ചമച്ചതിന്റെ കാരണവും മറ്റൊന്നല്ല.


ഡോ. മന്‍മോഹന്‍ സിംഗ് റിസര്‍വ് ബേങ്ക് ഗവര്‍ണറും പ്രണാബ് കുമാര്‍ മുഖര്‍ജി ധനമന്ത്രിയുമായിരുന്ന 1983 - 84 കാലത്തും ഇതുപോലെ തര്‍ക്കങ്ങളുണ്ടായിരുന്നു. അന്നും പരിഷ്‌കാരത്തിന്റെ പക്ഷത്തായിരുന്നു മന്‍മോഹന്‍. ഇടക്കാലത്ത് ഇന്ദിരാ ഗാന്ധിയെ ആവേശിച്ച സോഷ്യലിസ്റ്റ് സങ്കല്‍പ്പം കുറച്ചേറെ സ്വാധീനിച്ചതിനാലും സമ്മിശ്ര സമ്പദ് വ്യവസ്ഥയുടെ പാരമ്പര്യത്തെ കുടഞ്ഞുകളയാനുള്ള മടിയാലും പ്രണാബ് എതിര്‍ പക്ഷത്തുനിന്നു. റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് 1985ല്‍ മന്‍മോഹന്‍ പുറത്തുപോയപ്പോള്‍ അതിന് പിന്നില്‍ പ്രണാബിന്റെ 'കറുത്ത'കരങ്ങള്‍ കണ്ടവരും അന്ന് കുറവായിരുന്നില്ല. പിന്നീട് 1991ല്‍ ധനമന്ത്രി സ്ഥാനമേറ്റെടുത്ത മന്‍മോഹന്‍ സിംഗ്, സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് വേഗം കൂട്ടിയപ്പോള്‍ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷ സ്ഥാനത്ത് പ്രണാബുണ്ടായിരുന്നു. മന്‍മോഹന്‍ പ്രധാനമന്ത്രിയായിരിക്കെ ധനമന്ത്രാലയത്തിന്റെ ചുമതലയിലും. സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതം അത്രത്തോളം ബാധിക്കാതെ രാജ്യത്തെ കാക്കണമെങ്കില്‍ പരമ്പരാഗത സാമ്പത്തിക നയത്തില്‍ ചിലതൊക്കെ സ്വീകരിക്കേണ്ടതുണ്ടെന്ന തിരിച്ചറിവ് മന്‍മോഹനുണ്ടായതിനാല്‍ പ്രണാബ് ധനമന്ത്രിയായിരുന്ന കാലത്ത് വലിയ തര്‍ക്കങ്ങളുണ്ടായില്ല.


രണ്ടാം യു പി എ സര്‍ക്കാറിന്റെ അവസാനകാലത്ത്, ചിദംബരം ധനവകുപ്പിലേക്ക് തിരിച്ചെത്തിയതിന് ശേഷം, ആര്‍ ബി ഐ ഗവര്‍ണറായിരുന്ന ഡി സുബ്ബറാവുവും ധനമന്ത്രാലയവും തമ്മില്‍ വലിയ ശീതയുദ്ധമുണ്ടായി. മൊത്തം ആഭ്യന്തര ഉത്പാദത്തിന്റെ (ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട് - ജി ഡി പി) വളര്‍ച്ചാത്തോത് ഉയര്‍ത്താന്‍ പാകത്തിലുള്ള ധനനയം സ്വീകരിക്കണമെന്നതായിരുന്നു ചിദംബരത്തിന്റെ ആവശ്യം. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ നിരക്കുകള്‍ (റിപ്പോ, റിവേഴ്‌സ് റിപ്പോ, കരുതല്‍ ധനാനുപാതം തുടങ്ങിയവ) കുറച്ച് വിപണിയിലേക്ക് കൂടുതല്‍ പണമൊഴുക്കുന്നതിനോട് സുബ്ബറാവു യോജിച്ചിരുന്നില്ല. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പാകത്തില്‍ വിപണിയില്‍ ഇടപെടാനോ പല കാരണങ്ങളാല്‍ (അഴിമതി ആരോപണങ്ങള്‍ ഉള്‍പ്പെടെ) തടസ്സപ്പെട്ടു കിടക്കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ പാകത്തില്‍ നടപടികള്‍ സ്വീകരിക്കാനോ സാധിക്കാത്ത സര്‍ക്കാര്‍ ധനനയത്തില്‍ മാറ്റം വരുത്തി വിപണിയിലേക്ക് പണമൊഴുക്കണമെന്ന് പറയുന്നതിലെ യുക്തി രാഹിത്യമാണ് സുബ്ബറാവു ചൂണ്ടിക്കാട്ടിയത്. സുബ്ബറാവുവിന് ശേഷം ഗവര്‍ണര്‍ സ്ഥാനത്തേക്ക് രഘുറാം രാജനെ കൊണ്ടുവന്നത് യു പി എ സര്‍ക്കാറാണ്. സുബ്ബറാവുവിന്റെ പാതയില്‍ വലിയ മാറ്റമൊന്നും രഘുറാം രാജന്‍ വരുത്തിയില്ല എന്നതാണ് വാസ്തവം.


2014 മെയില്‍ അധികാരത്തിലേറിയ നരേന്ദ്ര മോദി സര്‍ക്കാര്‍, സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് വേഗം കൂട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നേരിട്ടുള്ള വിദേശനിക്ഷേപം കൂടുതല്‍ മേഖലകളില്‍ അനുവദിക്കല്‍, നിക്ഷേപകര്‍ക്ക് പ്രയോജനപ്പെടും വിധത്തില്‍ നിയമങ്ങളില്‍ മാറ്റം വരുത്തല്‍ തുടങ്ങി പലതും മുന്നോട്ടുവെക്കപ്പെട്ടു. സ്വച്ഛ് ഭാരത് മുതല്‍ സ്റ്റാര്‍ട്ട് അപ് - സ്റ്റാന്‍ഡ് അപ് ഇന്ത്യ വരെയുള്ള, ശബ്ദമുഖരിതമായ, പ്രഖ്യാപനങ്ങള്‍ വേറെയും. എന്നാല്‍ ഇതൊന്നും സമ്പദ് വ്യവസ്ഥയെ ഊര്‍ജസ്വലമാക്കാന്‍ പര്യാപ്തമായില്ലെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന കണക്കുകളും കാണിക്കുന്നത്. പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍ നടപ്പാക്കാന്‍ പാകത്തില്‍ നിക്ഷേപകരുടെ പക്കലേക്ക് പണമൊഴുകാന്‍ ഉതകുന്നതായില്ല രഘുറാം രാജന്‍ പിന്തുടര്‍ന്ന കര്‍ശനമായ ധനനയം. പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുക എന്നത് പ്രാഥമിക കര്‍ത്തവ്യമായെടുത്ത രഘുറാം രാജന്‍, അത് താഴ്ന്ന നിലയിലായിട്ടും, അന്താരാഷ്ട്ര സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് നിരക്കുകള്‍ കുറക്കാന്‍ മടി കാട്ടി. വിലക്കയറ്റം പിടിച്ചുനിര്‍ത്തി, പണപ്പെരുപ്പ നിരക്ക് കുറക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇക്കാലത്തിനിടെ യാതൊന്നും ചെയ്തില്ല എന്ന് കൂടിയാണ് ഇതിന് അര്‍ഥം. മൊത്ത വ്യാപാരവുമായി ബന്ധപ്പെട്ട പണപ്പെരുപ്പ നിരക്ക് പൂജ്യത്തില്‍ താഴെ എത്തിയപ്പോഴും  ചില്ലറ വിപണിയുമായി ബന്ധപ്പെട്ട പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നു തന്നെ നിന്നുവെന്നത് ഇതിന് തെളിവുമാണ്.


വേണ്ടത്ര ആലോചനയോ ആസൂത്രണമോ ഇല്ലാതെ പദ്ധതികള്‍ പ്രഖ്യാപിക്കുകയും അതെങ്ങനെ നടപ്പാക്കുമെന്നതില്‍ ധാരണയില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ അവകളിലേക്ക് നിക്ഷേപമെത്തുക പ്രയാസം. നിരക്കുകള്‍ കുറച്ച്, വായ്പയെടുക്കാന്‍ പ്രേരണ നല്‍കിയിരുന്നുവെങ്കിലും ഇതിലപ്പുറമൊന്നും സംഭവിക്കുമായിരുന്നില്ല. കണക്കിലെങ്കിലും പണപ്പെരുപ്പ നിരക്ക് കുറഞ്ഞുനില്‍ക്കട്ടെയെന്നും അത് രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുമെന്നും ഭാവിയില്‍ കൂടുതല്‍ നിക്ഷേപസാധ്യതയുണ്ടാകുമെന്നും കണക്ക് കൂട്ടിയ രഘുറാം രാജന്‍ തന്നെയാണ് ഇവിടെ കേമന്‍. രാജ്യത്തെ ദരിദ്ര ജനകോടികളുടെ ക്ഷേമത്തിനായി ആര്‍ ബി ഐ ഗവര്‍ണര്‍ എന്തെങ്കിലും ചെയ്തുവെന്ന് ഇതിന് അര്‍ഥമില്ല. അതദ്ദേഹത്തിന്റെ പരിഗണനാ വിഷയമേ അല്ല താനും. സര്‍ക്കാര്‍ പ്രഖ്യാപനങ്ങളുടെ പൊള്ളത്തരം വെളിവാക്കും വിധത്തില്‍ ധനനയം ആവിഷ്‌കരിച്ചതിലൂടെ, ഒരു പരിധിവരെ രാജ്യത്തെ കോര്‍പ്പറേറ്റുകളുടെ താത്പര്യം തന്നെയാണ് രഘുറാം രാജന്‍ സംരക്ഷിച്ചത്.


വളര്‍ച്ചാ നിരക്ക് കണക്കാക്കുന്ന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി രാജ്യം പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വളര്‍ച്ച കൈവരിക്കുകയാണെന്ന് നരേന്ദ്ര മോദിയും സംഘവും അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് രഘുറാം രാജന്‍ തുറന്ന് പറഞ്ഞു. കണ്ണുകാണാത്തവരുടെ ലോകത്ത് ഒറ്റക്കണ്ണന്‍ രാജാവാണ് എന്നത് പോലെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍, കൊട്ടിഘോഷിക്കപ്പെടുന്ന വളര്‍ച്ചാ നിരക്ക് വിശ്വസിക്കേണ്ടതില്ലെന്നും സമ്പദ് രംഗം പ്രതിസന്ധി തരണം ചെയ്തിട്ടില്ലെന്നും നിക്ഷേപത്തിന് പറ്റിയ അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നുമാണ് വ്യക്തമാക്കിയത്. അവകാശവാദങ്ങളില്‍ മയങ്ങി നിക്ഷേപമിറക്കാന്‍ ആലോചിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്, അതില്‍ അന്നന്നത്തെ അന്നത്തിന് വിയര്‍പ്പൊഴുക്കുന്നവര്‍ക്ക് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. കോര്‍പ്പറേറ്റുകളുടെ താത്പര്യം തന്നെയാണ് ആര്‍ ബി ഐ ഗവര്‍ണര്‍ മുന്‍നിര്‍ത്തിയത് എന്ന് പറഞ്ഞത് അതുകൊണ്ടാണ്.


സഹിഷ്ണുതയുടെയും സംവാദത്തിന്റെയും അന്തരീക്ഷം വിജയം കൈവരിക്കുന്നതിന് ഇന്ത്യന്‍ യൂനിയനെ ഏത് വിധത്തിലാണ് സഹായിച്ചത് എന്ന് ഡല്‍ഹി ഐ ഐ ടിയില്‍ നടത്തിയ പ്രഭാഷണത്തില്‍ രഘുറാം രാജന്‍ പറഞ്ഞിരുന്നു. പണത്തിന്റെ വരവും പോക്കും നിയന്ത്രിക്കാന്‍ ചുമതലപ്പെട്ടയാള്‍, അതിന്റെ അതിരുകള്‍ ലംഘിച്ച് സഹിഷ്ണുതയെക്കുറിച്ച് സംസാരിച്ചാല്‍ സഹിക്കുമോ സംഘ പരിവാരത്തിന്! സഹിഷ്ണുതയും സംവാദത്തിന്റെ അന്തരീക്ഷവും ചോദ്യംചെയ്യപ്പെടുന്നുവെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സൂചിപ്പിക്കുമ്പോള്‍, സംഘര്‍ഷാന്തരീക്ഷം സൃഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ആഗോള നിക്ഷേപക സമൂഹത്തിന് നല്‍കുന്നത്. നരേന്ദ്ര മോദിക്കോ സുബ്രഹ്മണ്യ സ്വാമിക്കോ ശേഷിക്കുന്ന സംഘപരിവാരത്തിനോ പൊറുക്കാവതല്ല ഇതും. സഹിഷ്ണുതയുടെയും സംവാദത്തിന്റെയും അന്തരീക്ഷം തിരികെക്കൊണ്ടുവരിക എന്നത് അജന്‍ഡയിലേ ഇല്ലാതിരിക്കെ, അതിനെതിരെ പറയുന്നവരെ മാറ്റിനിര്‍ത്തുക എന്നത് മാത്രമേ കരണീയമായുള്ളൂ. അതാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നതും.


രാജന്റെ കാര്‍മികത്വത്തില്‍ അരങ്ങേറിയ മറ്റൊന്ന് കിട്ടാക്കടങ്ങളുടെ കണക്കെടുപ്പാണ്. രാജ്യത്തെ ബേങ്കുകളുടെ ആസ്തികളുടെ നിലവാരം പരിശോധിക്കാന്‍ ആര്‍ ബി ഐ തീരുമാനിച്ചതോടെ കിട്ടാക്കടങ്ങളുടെ കണക്ക് സമര്‍പ്പിക്കാന്‍ ബേങ്കുകള്‍ നിര്‍ബന്ധിതരായി. 2015 ഡിസംബറില്‍ നാല് ലക്ഷം കോടിയായിരുന്നു കിട്ടാക്കടം. കണക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ആറ് ലക്ഷം കോടിയായി. ഇത്രയും തുക കിട്ടാക്കടമായത് എങ്ങനെ? ആരാണ് കുടിശ്ശിക വരുത്തിയത്? കുടിശ്ശിക വരുത്തിയവര്‍ക്ക് പിന്നെയും കടം കൊടുക്കാന്‍ ബേങ്കുകള്‍ തയ്യാറായോ? തുടങ്ങിയ ചോദ്യങ്ങള്‍ ഉയരാന്‍ ഈ നടപടി കാരണമായി. കിട്ടാക്കടത്തിന് ഉത്തരവാദികളായവര്‍ ആരൊക്കെ എന്ന് പരസ്യമാക്കണമെന്ന് കോടതികള്‍ പറയുന്ന സ്ഥിതിയുണ്ടായി. കാര്‍ഷിക വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവന്റെ കൂരക്കുമേല്‍ ജപ്തി നോട്ടീസ് പതിക്കുമ്പോള്‍, വിജയ് മല്യ മുതല്‍ ഗൗതം അദാനി വരെയുള്ളവര്‍ കോടികള്‍ തിരിച്ചടക്കാതെ സസുഖം വാഴുന്നതിന്റെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവരുന്നത് നരേന്ദ്ര മോദി സര്‍ക്കാറിന് (മുന്‍കാല സര്‍ക്കാറുകള്‍ക്കും) സഹിക്കാവതല്ല.


രഘുറാം രാജനെയൊന്ന് നിയന്ത്രിക്കാന്‍ അരുണ്‍ ജെയ്റ്റ്‌ലി ശ്രമിച്ചിരുന്നു. ധനനയം തീരുമാനിക്കാനുള്ള  അധികാരം ആര്‍ ബി ഐ ഗവര്‍ണറില്‍ നിന്ന് മാറ്റി സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള കമ്മിറ്റിയെ ഏല്‍പ്പിക്കാനാണ് ഉദ്ദേശിച്ചത്. ഇതിനായി നിയമം കൊണ്ടുവരാന്‍ ശ്രമിച്ചുവെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ പിന്‍വാങ്ങി. അധികാരങ്ങളില്ലാത്ത ആലങ്കാരിക പദവിയില്‍ രഘുറാം രാജനെ ഇരുത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് രണ്ടാമൂഴം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത്. അമേരിക്കന്‍ പൗരത്വം, അന്താരാഷ്ട്ര നാണയ നിധിയിലുണ്ടായിരുന്ന സ്ഥാനം, 2008ല്‍ ആരംഭിച്ച സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് 2005ല്‍ തന്നെ അമേരിക്കയുടെ കേന്ദ്ര ബേങ്കിന് (ഫെഡറല്‍ റിസര്‍വ്) മുന്നറിയിപ്പ് നല്‍കിയ ധിഷണ ഒക്കെ പരിഗണിക്കുമ്പോള്‍ രണ്ടാമൂഴം നല്‍കാതിരിക്കുന്നത് ഉചിതമോ എന്ന ശങ്ക ഇടക്കാലത്തേക്ക് ഉണ്ടായെങ്കിലും അതിലും മേലെയാണ് അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങളുടെ നിലനില്‍പ്പ് എന്നതിലേക്ക് മോദിയും സംഘവും വേഗത്തിലെത്തി. അതിലേക്ക് നിസ്തുലമായ സംഭാവന, അവസാന റൗണ്ടില്‍ സാമ്പത്തിക വിദഗ്ധന്‍ കൂടിയായി അറിയപ്പെടുന്ന സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയെന്ന് മാത്രം.


ധനവിനിയോഗത്തിന്റെ സൂക്ഷ്മ, സ്ഥൂല തീരുമാനങ്ങളെടുക്കുന്ന ഈ ഇടത്തില്‍ ഒരു കാലത്തും ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് വലിയ സ്ഥാനമൊന്നുമില്ല, തീരുമാനങ്ങളുടെ ആഘാതം അനുഭവിക്കുക എന്ന വലിയ പങ്ക് ഒഴിച്ചാല്‍. അതുകൊണ്ട് തന്നെ ഈ തര്‍ക്കവും രണ്ടാമൂഴ നിഷേധവും അവന്റെ/അവളുടെ ദൈനംദിനത്തെ ബാധിക്കില്ല. സമ്പദ് നയത്തിന്റെ കാര്യത്തില്‍ സ്വന്തം പക്ഷത്താണെന്ന ഉറപ്പുള്ളയാള്‍ പോലും എതിര്‍പ്പുന്നയിച്ചാല്‍ സഹിഷ്ണുതയുണ്ടാകില്ലെന്ന് നരേന്ദ്ര മോദി ഭരണകൂടം ആവര്‍ത്തിക്കുമ്പോള്‍ അത് ഈ സാധാരണക്കാരുടെ കൂടി പ്രശ്‌നമായി മാറും. അതേക്കുറിച്ച് മുന്‍കൂട്ടി ഓര്‍മിപ്പിച്ചുവെന്നതിനാല്‍ രഘുറാം രാജന്‍ കോണ്‍ഗ്രസിന്റെ ചാരനാണെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണത്തില്‍ കഴമ്പുണ്ട്!

No comments:

Post a Comment