2016-06-09

പൊതുവിദ്യാഭ്യാസത്തിന്റെ സംരക്ഷകരോട്‌


പൊതുവിദ്യാഭ്യാസം, അതുറപ്പാക്കാനുള്ള സൗകര്യങ്ങള്‍ ഇവയൊക്കെ വീണ്ടും വലിയ ചര്‍ച്ചയാകുകയാണ് കേരളത്തില്‍. സ്‌ക്കൂള്‍ നടത്തിക്കൊണ്ട് പോകാന്‍ പാകത്തില്‍ വിദ്യാര്‍ഥികള്‍ പ്രവേശം നേടാതിരുന്ന സാഹചര്യത്തില്‍ മൂന്നോ നാലോ എയിഡഡ് സ്‌ക്കൂളുകള്‍ പൂട്ടാന്‍ മാനേജുമെന്റുകള്‍ തീരുമാനിക്കുകയും അതിന് യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കുകയും അനുമതി അംഗീകരിച്ച് സ്‌ക്കൂളുകള്‍ പൂട്ടാന്‍ കോടതി ഉത്തരവിടുകയും ചെയ്ത സാഹചര്യത്തിലാണ് ഈ ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിച്ചേ അടങ്ങൂവെന്ന വാശിയിലോ അധികാരത്തിലെത്തിയ ഉടന്‍ സ്‌ക്കൂളുകള്‍ പൂട്ടുന്നത് മന്ത്രിസഭയുടെ പ്രതിച്ഛായയെ ബാധിച്ചേക്കുമോ എന്ന ആശങ്കയാലോ ഇതിനകം പൂട്ടിയവയൊക്കെ ഏറ്റെടുക്കുക എന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുന്നു. ബാക്കിയുള്ളവ പൂട്ടാതിരിക്കാന്‍ കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ വേണ്ട ഭേദഗതി കൊണ്ടുവരാനും നിശ്ചയിച്ചിട്ടുണ്ട്.


കോഴിക്കോട്ടെയും മലപ്പുറത്തെയും തൃശൂരെയും സ്‌ക്കൂളുകളെ പഠനത്തിനായി ആശ്രയിച്ച കുട്ടികളെ സംബന്ധിച്ച് ഈ തീരുമാനം പ്രയോജനപ്രദമാണ്. കുറഞ്ഞ ചിലവില്‍ വിദ്യാഭ്യാസ സൗകര്യമൊരുക്കുന്ന കേന്ദ്രങ്ങള്‍ നിലനില്‍ക്കണമെന്ന ജനകീയ തീരുമാനത്തിലേക്ക് സര്‍ക്കാറെത്തുന്നുവെന്ന തോന്നലും സൃഷ്ടിക്കപ്പെട്ടേക്കാം. ഭാവി പരിഗണിക്കുമ്പോള്‍ ഇത് യുക്തിസഹമാണെന്ന് പറയുക വയ്യ. അതിന് പലകാരണങ്ങളുണ്ട്.


സര്‍ക്കാര്‍ വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ ഇവയാണ് പൊതുവിദ്യാഭ്യാസ സൗകര്യങ്ങളായി പരിഗണിക്കപ്പെടുന്നത്. നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ഇവക്ക് സാധിക്കാതെ വരികയും കമ്പോളത്തില്‍ മത്സരിക്കാനുള്ള ശേഷി കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ പാകത്തില്‍ സ്വകാര്യ വിദ്യാലയങ്ങള്‍ യഥേഷ്ടം നിലവില്‍ വരികയും ചെയ്തതോടെയാണ് കുട്ടികളെ പൊതുവിദ്യാഭ്യാസത്തിന്റെ ഇരകളാക്കുന്നതില്‍ നിന്ന് ഭൂരിഭാഗം രക്ഷിതാക്കളും വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. പൊതു സ്ഥാപനങ്ങളിലെ പഠന സമ്പ്രദായവും കേന്ദ്ര വിദ്യാഭ്യാസ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത സ്വകാര്യ സ്‌ക്കൂളുകള്‍ പ്രദാനം ചെയ്യുന്ന പഠന സമ്പ്രദായവും തമ്മില്‍ വലിയ അന്തരവുമുണ്ട്. ഈ അന്തരവും പൊതു വിദ്യാലയങ്ങളെ ഉപേക്ഷിക്കാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നു. ഇതിലൊക്കെ മാറ്റമുണ്ടാകാതെ സ്‌ക്കൂള്‍ ഏറ്റെടുത്ത് നിലനിര്‍ത്തിയതുകൊണ്ട് എന്ത് പ്രയോജനം?


വിദ്യാഭ്യാസം മൗലിക അവകാശമാക്കി നിയമം നിലവിലുള്ള രാജ്യമാണിത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കായി നിശ്ചിത ശതമാനം സീറ്റുകള്‍ എല്ലാ വിദ്യാലയങ്ങളും മാറ്റിവെക്കണമെന്ന് ആ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. നിലവില്‍ പൂട്ടിയ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് സമീപത്തുള്ള വിദ്യാലയങ്ങളില്‍ പഠനാവസരം ഒരുക്കാവുന്നതേയുള്ളൂ. അതിന് ശ്രമിക്കാന്‍ ആരും മെനക്കെട്ടു കണ്ടില്ല. മറിച്ച് സ്‌ക്കൂള്‍ പൂട്ടുന്നുവെന്ന ഗൃഹാതുരത്വം കലര്‍ന്ന വൈകാരികതക്ക് അടിപ്പെടുകയാണുണ്ടായത്. സര്‍ക്കാര്‍ ഏറ്റെടുത്ത് തുറക്കുന്ന ഈ സ്‌ക്കൂളുകളിലേക്ക് അടുത്ത വര്‍ഷം കൂടുതല്‍ കുട്ടികള്‍ പഠനത്തിന് എത്തുമോ എന്ന് ഉറപ്പില്ല. കുട്ടികളെ ഈ സ്‌ക്കൂളില്‍ പ്രവേശിപ്പിക്കാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കും വിധത്തില്‍ ഇവിടങ്ങളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമോ എന്നും അറിയില്ല. കോഴിക്കോട്ടും മലപ്പുറത്തും തൃശൂരൂമൊക്കെ സമരത്തിന് നേതൃത്വം നല്‍കിയവരില്‍ എത്ര പേര്‍ തങ്ങളുടെ കുട്ടികള്‍ക്കോ ബന്ധുക്കളുടെ കുട്ടികള്‍ക്കോ വേണ്ടി ഈ സ്‌ക്കൂളിനെ ആശ്രയിക്കും?


ഇത്തരം സ്‌ക്കൂളുകളിലേക്ക് കുട്ടികളെ അയക്കാന്‍ നിര്‍ബന്ധിതരാകുന്നത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളാണ്.    അത്തരക്കാരുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ പാകത്തില്‍ പൊതു വിദ്യാലയങ്ങള്‍ നിലനില്‍ക്കണമെന്ന നിര്‍ബന്ധമാണോ വേണ്ടത് അതോ ഈ കുഞ്ഞുങ്ങള്‍ക്ക് നിയമപ്രകാരം അര്‍ഹതയുള്ള മെച്ചപ്പെട്ട സൗകര്യം അനുവദിക്കാന്‍ യത്‌നിക്കുകയാണോ വേണ്ടത്?


പത്ത് വര്‍ഷം മുമ്പത്തെ കണക്കെടുത്താല്‍, ഒന്നാം ക്ലാസില്‍ പ്രവേശനം നേടുന്ന കുഞ്ഞുങ്ങളുടെ എണ്ണം അഞ്ച് മുതല്‍ ആറ് വരെ ലക്ഷമായിരുന്നു. ഈ വര്‍ഷം പ്രവേശനം നേടിയത് മൂന്ന് ലക്ഷത്തില്‍ അല്‍പ്പം അധികം മാത്രവും. കുടുംബങ്ങള്‍ ചെറുതാകുന്നത് കൊണ്ട് തന്നെ വരും വര്‍ഷങ്ങളില്‍ ഈ തോത് കുറയാന്‍ തന്നെയാണ് സാധ്യത. അഞ്ച് മുതല്‍ ആറ് വരെ ലക്ഷം പുതിയ കുഞ്ഞുങ്ങള്‍ക്ക് പഠിക്കാന്‍ വേണ്ട സൗകര്യം പൊതു ആയാലും സ്വകാര്യം ആയാലും സംസ്ഥാനത്ത് ഇനി ആവശ്യമില്ലെന്നതാണ് യാഥാര്‍ഥ്യം. ആവശ്യമായ പഠന സൗകര്യം ഉണ്ടാകുകയും അത് അന്താരാഷ്ട്ര നിലവാരത്തോട് കിടപിടിക്കുന്നതാകുകയുമാണ് വേണ്ടത്. അതിലേക്കാണ് ദീര്‍ഘ വീക്ഷണമുള്ള രാഷ്ട്രീയ - ഭരണ നേതൃത്വം ലക്ഷ്യമിടേണ്ടത്. അതിന് പകരം കേവല വൈകാരികതയില്‍ രമിക്കുന്നത് അപക്വമായ തീരുമാനങ്ങള്‍ക്കും ഫലമില്ലാത്ത ചെലവുകള്‍ക്കും മാത്രമേ വഴിവെക്കൂ.


കോഴിക്കോട് മലാപ്പറമ്പിലെ സ്‌ക്കൂള്‍ ഏറ്റെടുക്കണമെങ്കില്‍, ജല്ലാ കളക്ടറുടെ കണക്കനുസരിച്ച്, സ്ഥല വില മാത്രം അഞ്ച് കോടിയിലേറെ വേണ്ടിവരും. മറ്റിടങ്ങളിലെ ആസ്തി ഏറ്റെടുക്കലിനും ഇത്രയൊക്കെ വേണ്ടി വന്നേക്കാം. ഇവിടങ്ങളിലെ അധ്യാപകരെയൊക്കെ സര്‍ക്കാര്‍ സര്‍വീസില്‍ എടുക്കേണ്ടിവരും. അത് സാധ്യമായില്ലെങ്കില്‍ ഈ അധ്യാപകരെ ബാങ്കിലേക്ക് മാറ്റി, പകരം ആളെ നിയമിക്കണം. അങ്ങനെയാണെങ്കില്‍ ബാധ്യത ഇരട്ടിക്കും. ഇത്രയും തുകയുണ്ടെങ്കില്‍ കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സാധിക്കും. എന്തിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്നതാണ് ആലോചിക്കേണ്ടത്.


കുട്ടികള്‍ കുറവാണ്, ലാഭമില്ല എന്നിവ കാരണങ്ങളായുള്ള സകല സ്‌ക്കൂളുകളും പൂട്ടണമെന്ന് ഇതിന് അര്‍ഥമില്ല. മറ്റ് വിദ്യാഭ്യാസ സൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളില്‍ കുട്ടികള്‍ കുറവാണെങ്കിലും ലാഭമുണ്ടാക്കുന്നില്ലെങ്കിലും വിദ്യാലയങ്ങള്‍ നിലനിര്‍ത്തേണ്ടിവരും. അവ പൂട്ടാന്‍ മാനേജുമെന്റുകള്‍ ശ്രമിച്ചാല്‍ സര്‍ക്കാറിന് ഏറ്റെടുക്കേണ്ടിയും വരും. നടത്തിപ്പിലെ ലാഭത്തിന് അപ്പുറത്ത് ഈ കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെ സമൂഹത്തിനാകെ കിട്ടുന്ന വലിയ ലാഭത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടത് എന്ന പുതിയ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ അഭിപ്രായം ഇവിടെ പ്രസക്തവുമാകും.


മറ്റ് സൗകര്യങ്ങള്‍ ലഭ്യമായ, അവിടങ്ങളില്‍ പ്രവേശനം നേടാന്‍ കുട്ടികള്‍ക്ക് നിയമപരമായ അവകാശം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണമെന്ന കേവലന്യായം മുന്‍നിര്‍ത്തി തീരുമാനങ്ങളെടുക്കുന്നത് തത്കാലത്തേക്ക് കൈയടി നേടിക്കൊടുക്കുമെന്ന് മാത്രം. വന്‍കിട സ്വകാര്യ സ്‌ക്കൂളുകള്‍ നടത്തുന്ന കൊള്ള അവസാനിപ്പിക്കുകയും അവിടങ്ങളില്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പ്രവേശം നേടാനുള്ള അവസരം ഉറപ്പാക്കുകയും അങ്ങനെ പ്രവേശനം നേടുന്നവര്‍ക്ക് തൊട്ടുകുടായ്മ അനുഭവിക്കേണ്ടിവരില്ലെന്ന് ഉറപ്പിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.


പൊതുവായ പാഠ്യപദ്ധതിയോ പഠന സമ്പ്രദായമോ കേരളത്തില്‍ (രാജ്യത്തൊരിടത്തും) നിലവിലില്ല. കമ്പോളത്തില്‍ മത്സരിക്കാനുള്ള  യോഗ്യത തുല്യമായി ആര്‍ജിക്കാന്‍ പാകത്തിലുള്ളതല്ല വിദ്യാഭ്യാസരംഗം. ഏകീകൃത പാഠ്യപദ്ധതിയും ബോധന സമ്പ്രദായവുമൊക്കെ നിലവില്‍ വരികയും അതില്‍ മികവോടെ മുന്നോട്ടുനീങ്ങാന്‍ പൊതുവിദ്യാലയങ്ങള്‍ സജ്ജമാകുകയും ചെയ്യുക എന്നതാണ് പ്രധാനം. അതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണം എന്നതിന്റെ ലക്ഷ്യമാകേണ്ടത്.

No comments:

Post a Comment