2016-06-23

യോഗയിലെ പ്രാര്‍ഥനയും ഉമ്മന്റെ യോഗാഭ്യാസവും


അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമൂഹ യോഗാഭ്യാസത്തിന് തുടക്കം കുറിച്ചപ്പോള്‍, ഋഗ്വേദത്തിലെയും ബൃഹദാരണ്യകോപനിഷത്തിലെയും ശ്ലോകങ്ങള്‍ ചൊല്ലിയതില്‍ എന്താണ് തെറ്റ്? ചൊല്ലിയ ശ്ലോകങ്ങളൊക്കെ മനുഷ്യന്റെയും മനസ്സിന്റെയും ഐക്യത്തെക്കുറിച്ചാണെന്നിരിക്കെ പ്രത്യേകിച്ചും. ഇതില്‍ കേരള സംസ്ഥാനത്തെ ആരോഗ്യമന്ത്രിയും സി പി ഐ (എം)യുടെ കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശൈലജ വിയോജിപ്പ് പ്രകടിപ്പിക്കേണ്ട കാര്യമുണ്ടോ? അങ്ങനെ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിലൂടെ രാജ്യത്തെ ഭൂരിപക്ഷമതം വിശുദ്ധമെന്ന് കരുതുന്ന ഗ്രന്ഥങ്ങളെ അവഹേളിക്കുകയല്ലേ മന്ത്രി ചെയ്തത്? നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംകളാദി ന്യൂനപക്ഷം ഇടതു ജനാധിപത്യ മുന്നണിയെ പ്രത്യേകിച്ച് സി പി ഐ (എം) യെ പിന്തുണച്ച സാഹചര്യത്തില്‍ അവരെ കൂടുതല്‍ പ്രീതിപ്പെടുത്തുക എന്ന കുബുദ്ധിയല്ലേ ഈ വിയോജിപ്പിന് പിറകില്‍? എന്നിത്യാദിയാണ് ചോദ്യങ്ങള്‍.


നരേന്ദ്ര മോദി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരാപാടിക്ക്, ആയുഷ് മന്ത്രാലയമാണ് ചിട്ടവട്ടം തയ്യാറാക്കിയത്. ഋഗ്വേദത്തിലെയും ബൃഹദാരണ്യകോപനിഷത്തിലെയും ശ്ലോകങ്ങള്‍ ചൊല്ലിക്കൊണ്ട് വേണം അഭ്യാസം തുടങ്ങാന്‍ എന്ന് നിഷ്‌കര്‍ഷിച്ചത് അതിലാണ്. അതിനോട് സി പി എം നേതാവായ മന്ത്രി വിയോജിക്കുമ്പോള്‍ കുമ്മനം രാജശേഖരന്‍ മുതല്‍പേരായ സംഘപരിവാര നേതാക്കള്‍ക്ക് ക്ഷോഭമുണ്ടാകുക സ്വാഭാവികം. മന്ത്രിയുടെ ചെയ്തി അപമാനകരമാണെന്ന് പ്രസ്താവിച്ച് അവര്‍ സംതൃപ്തിയടഞ്ഞു. പിറകെ വന്നു മുന്‍ മുഖ്യമന്ത്രിയും നിലവില്‍ എം എല്‍ എയുമായ ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. മന്ത്രിയുടെ പ്രതികരണം ദൗര്‍ഭാഗ്യകരമാണെന്നും അത് പിന്‍വലിക്കണമെന്നും ടിയാന്‍ ആവശ്യപ്പെട്ടു. മാപ്പുപറയണമെന്ന ആവശ്യം ഉന്നയിച്ചിെല്ലന്നേയുള്ളൂ.


ഇന്ത്യയുടെ ദേശീയ ചിഹ്നത്തിന്റെ താഴെ രാജ്യത്തിന്റെ മുഖവാചകമെന്നോണം രേഖപ്പെടുത്തിയിരിക്കുന്നത് 'സത്യമേവ ജയതേ' എന്നാണ്. സത്യം മാത്രമേ ജയിക്കൂ എന്നര്‍ഥം വരുന്ന വാക്യത്തിന്റെ മൂലം മുണ്ഡക ഉപനിഷത്ത്. രാജ്യത്തെ പരമോന്നത നീതി പീഠം ഭഗവത്ഗീതയിലെ 'യതോ ധര്‍മഃ സ്തതോ ജയഃ' (എവിടെ ധര്‍മമുണ്ടോ അവിടെ ജയം) എന്ന പ്രയോഗമാണ് ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്നത്. അങ്ങനെ നോക്കിയാല്‍ രാജ്യഭരണത്തിന്റെ വിഭാഗങ്ങള്‍ പലതും ആപ്തവാക്യങ്ങളായി സ്വീകരിച്ചിരിക്കുന്നത് വേദോപനിഷത്തുക്കളിലെയും പുരാണങ്ങളിലെയും പരാമര്‍ശങ്ങളെയാണ് എന്ന് കാണാം. വേദോപനിഷത്തുക്കളും പുരാണങ്ങളുമൊക്കെ ഹിന്ദു എന്ന് ഇന്ന് വ്യവഹരിക്കപ്പെടുന്ന മതത്തിന്റെ സ്വന്തമാണോ അല്ലയോ എന്നത് തര്‍ക്കവിഷയമാണ്. ഹിന്ദു മതത്തിന്റെ ഭാഗമായി ഇപ്പോഴവ വ്യവഹരിക്കപ്പെടുന്നുണ്ട് എന്ന് പറയാം.


ഇവയൊക്കെ നിലനില്‍ക്കെ ഋഗ്വേദത്തിലെയും ബൃഹദാരണ്യകോപനിഷത്തിലെയും ശ്ലോകങ്ങള്‍ ആലപിക്കുന്നതിനെ മാത്രം എതിര്‍ക്കേണ്ട കാര്യമുണ്ടോ എന്നത് പ്രസക്തമായ ചോദ്യമാണ്. 'സത്യമേവ ജയതേ'യും 'യതോ ധര്‍മഃ സ്തതോ ജയഃ'യും സ്വീകരിക്കപ്പെടുമ്പോള്‍ ഹിന്ദുത്വ വാദം രാജ്യത്ത് ഇത്രമാത്രം ശക്തമായിരുന്നില്ല. പൊതു നന്മ പ്രഖ്യാപിക്കുന്ന ഇത്തരം പ്രയോഗങ്ങളെ ഏതെങ്കിലും മതത്തിന്റെ ഭാഗമായി ആരും കണ്ടിരുന്നില്ല, അവയൊക്കെ തങ്ങളുടെ മതത്തിന്റെ ഗ്രന്ഥങ്ങളിലെ ഉദ്ധരണികളാണ് എന്ന് ആരും അവകാശപ്പെട്ടിരുന്നുമില്ല. ഇന്ന് സ്ഥിതി അതല്ല. ഭാവിയില്‍ രൂപവത്കരിക്കുമെന്ന് രാഷ്ട്രീയ സ്വയംസേവക് സംഘ് അവകാശപ്പെടുന്ന ഹിന്ദു രാഷ്ട്രത്തിന്റെ ആപ്തവാക്യങ്ങളായി വേണം ഇവയെയൊക്കെ കാണാനെന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നു. വിദ്യാഭ്യാസം, നിയമം, ശാസ്ത്ര ഗവേഷണം എന്ന് വേണ്ട സകലയിടങ്ങളിലും ഹിന്ദുത്വവത്കരണത്തിനുള്ള നീക്കങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ വേണം യോഗാദിനാചരണത്തിലെ അഭ്യാസ പ്രകടനം വേദമന്ത്രങ്ങളുടെ ഉച്ചാരണത്തോടെ തുടങ്ങണമെന്ന ഭരണകൂടത്തിന്റെ ഉത്തരവിനെ കാണാന്‍.


മതവുമായി ബന്ധമില്ലാത്ത വ്യായാമമുറയാണ് യോഗ. അതിനെ ദേശീയതയുടെ ഭാഗമായി അവതരിപ്പിക്കുകയും മതവുമായി ബന്ധിപ്പിക്കുകയുമാണ് യഥാര്‍ഥത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നത്. വൈകാതെ വിദ്യാലയങ്ങളുടെ പഠനപ്രക്രിയയില്‍ യോഗ ഇടം പിടിക്കും. അവിടെയും വേദമന്ത്രങ്ങളുടെ ഉച്ചാരണത്തോടെ വേണം യോഗ ആരംഭിക്കാനെന്ന വ്യവസ്ഥ കൊണ്ടുവരികയും ചെയ്യും. സംഘപരിവാരം വ്യാഖ്യാനിച്ച് ഹിന്ദു മതത്തിന്റേത് മാത്രമാക്കുന്ന വേദോപനിഷത്തുക്കളും പുരാണങ്ങളുമൊക്കെയാണ് രാജ്യം പൊതുവായി അംഗീകരിക്കുന്നത് എന്നും അതിന്റെ അര്‍ഥങ്ങള്‍ക്കനുസരിച്ചാണ് ജീവിതം ക്രമപ്പെടുത്തേണ്ടത് എന്നുമുള്ള സന്ദേശം കൂട്ടികളിലേക്ക് പകര്‍ന്നു നല്‍കുക എന്നത് എളുപ്പമാകുമെന്ന് അര്‍ഥം. അതിനുള്ള പല ശ്രമങ്ങളില്‍ ഒന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നേതൃത്വം നല്‍കിക്കൊണ്ടുള്ള യോഗദിനാചരണവും അതിന് മുന്നോടിയായുള്ള മന്ത്രോച്ചാരണവും.


നാനാത്വത്തില്‍ ഏകത്വമെന്നൊരു ആപ്തവാക്യം കൂടിയുണ്ട് ഇന്ത്യന്‍ യൂണിയന്റേതായി. രാജ്യത്തിന്റെ ബഹുസ്വരത നിലനിര്‍ത്തിക്കൊണ്ടു തന്നെ ഏകരാജ്യമായി നിലകൊള്ളുക എന്ന ആശയത്തില്‍ ഊന്നിക്കൊണ്ട്. അതിനെ പിഴുതെറിഞ്ഞ്, ഹിന്ദുത്വയില്‍ അധിഷ്ഠിതമായ സാമൂഹികക്രമം നിലവില്‍ വരുത്തുക അതിലൂടെ ഹിന്ദുരാഷ്ട്രം സ്ഥാപിതമാക്കുക എന്നതാണ് ആര്‍ എസ് എസ്സിന്റെ പ്രഖ്യാപിത പദ്ധതി. അതിനുള്ള വഴികളില്‍ ഒന്നായിത്തന്നെ വേണം വേദമന്ത്രോച്ചാരണങ്ങള്‍ നിര്‍ബന്ധമാക്കിയുള്ള ഉത്തരവുകളെ കാണാന്‍. അതിനോട് വിയോജിക്കാന്‍ ഒരു മന്ത്രി തയ്യാറായി എങ്കില്‍ രാജ്യം ഇപ്പോഴും  അംഗീകരിക്കുന്ന നാനാത്വത്തില്‍ ഏകത്വമെന്ന ആശയത്തോട് പൂര്‍ണമായ കൂറ് അവര്‍ പുലര്‍ത്തുന്നുവെന്നാണ് അര്‍ഥം. അങ്ങനെ കൂറ് പുലര്‍ത്തുന്നത് ദൗര്‍ഭാഗ്യകരമാണ് എന്ന് കുമ്മനം രാജശേഖരന് തോന്നാം. പക്ഷേ, ഉമ്മന്‍ ചാണ്ടിക്ക് തോന്നിയാലോ? രാജ്യത്തെ വര്‍ഗീയവത്കരിക്കാനുള്ള സംഘ പരിവാരത്തിന്റെ ശ്രമങ്ങളെ ചെറുക്കുമെന്ന് ഹൈക്കമാന്‍ഡ് എന്ന് പൊതുവില്‍ വ്യവഹരിക്കപ്പെടുന്ന കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോള്‍ തന്നെയാണ് ഉമ്മന്‍ ചാണ്ടിക്ക ഇത്തരം തോന്നലുകളുണ്ടാകുന്നത്.


കോണ്‍ഗ്രസിന്റെ കേരള ഘടകത്തെ മുന്‍കാലത്ത് പിന്തുണച്ചിരുന്ന ഹിന്ദുക്കളില്‍ വലിയൊരു വിഭാഗം ബി ജെ പിക്ക് വോട്ടുചെയ്തുവെന്നാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് മനസ്സിലാകുന്നത്. ഹിന്ദു വിഭാഗത്തിന്റെ പിന്തുണ തിരിച്ചെടുക്കാനുള്ള തന്ത്രമെന്ന നിലക്കാണോ ഉമ്മന്‍ ചാണ്ടിയുടെ നീക്കം? അങ്ങനെ അദ്ദേഹം കരുതുന്നുവെങ്കില്‍ അതിലും വലിയ രാഷ്ട്രീയ മണ്ടത്തരമില്ല. കാലങ്ങളായി തങ്ങള്‍ പ്രചരിപ്പിക്കുന്നതൊക്കെ ശരിയാണെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ ഉമ്മന്‍ ചാണ്ടിക്ക് പോലും ബോധ്യപ്പെട്ടിരിക്കുന്നുവെന്ന് സംഘപരിവാരത്തിന് വാദിക്കാന്‍ അവസരമുണ്ടാകുക മാത്രമേ ചെയ്യൂ. കോണ്‍ഗ്രസിന്റെ വോട്ടുചോര്‍ച്ച വര്‍ധിക്കാനും. ഇതിനകം കോണ്‍ഗ്രസുമായ അകന്ന ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ അകലുകയും ചെയ്യും.


അഭിപ്രായദൃഢത രാഷ്ട്രീയത്തില്‍ അനിവാര്യമായിരിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടിമാര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഹിന്ദുത്വ അജണ്ടകളെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കാനാണ് തീരുമാനമെങ്കില്‍ അത് എല്ലാതലങ്ങളിലും വേണം. സി പി എം നേതാവായ മന്ത്രിയാണ് എതിര്‍ക്കുന്നത് എങ്കില്‍ ഹിന്ദുത്വ അജണ്ടയും ന്യായീകരിക്കത്തക്കതാണ് എന്ന് വന്നാല്‍ ചോരുക ശേഷിക്കുന്ന വിശ്വാസ്യതയാണ്. സമുദായങ്ങളെ അടുപ്പിച്ചും അകറ്റിയും നിയമസഭയില്‍ കേവലഭൂരിപക്ഷത്തിലേക്ക് എത്താമെന്ന ചിന്തയില്‍ തുടരുകയാണ് ഉമ്മന്‍ ചാണ്ടിയെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍. സമുദായക്കൃഷി നടത്തി വിളവെടുക്കാന്‍ കോണ്‍ഗ്രസിനേക്കാള്‍ വലിയ ശ്രമം സംഘ പരിവാരം നടത്തുന്നുണ്ട് എന്നത് കാണാതിരിക്കുകയോ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്നവര്‍. അടിസ്ഥാന രാഷ്ട്രീയ ദര്‍ശനങ്ങളുമായി ചേര്‍ന്നുനില്‍ക്കാനും അത് താഴേത്തലത്തിലേക്ക് എത്തിക്കാനും ഉമ്മന്‍ ചാണ്ടിമാര്‍ തയ്യാറാകുന്നില്ലെങ്കില്‍ അവരെ ചുമതലക്കാരാക്കേണ്ടതുണ്ടോ എന്ന് ഹൈക്കമാന്‍ഡ് ആലോചിക്കണം, അതിന് ത്രാണിയുണ്ടെങ്കില്‍. ഇല്ലെങ്കില്‍ കോഴിക്കോട്ടെ കോണ്‍ഗ്രസുകാര്‍ തോല്‍വി അന്വേഷിച്ചെത്തിയ ഉപസമിതിയെ അറിയിച്ചത് പോലെ, പൊടിപോലുമുണ്ടാവില്ല കണ്ടുപിടിക്കാന്‍.


കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവിനെ തൃണം പോലെ തള്ളിയ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ധൈര്യം പിണറായി കാട്ടിയിരുന്നുവെങ്കില്‍ കെ കെ ശൈലജക്ക് ഇവ്വിധം പ്രതികരിക്കേണ്ടി വരില്ലായിരുന്നു. അതോ പരിപാടി സംഘടിപ്പിച്ച് അതില്‍ തന്നെ എതിര്‍പ്പ് അറിയിക്കാന്‍ തീരുമാനിച്ചതാണോ കൂടുതല്‍ ധീരത!

No comments:

Post a Comment