2016-06-27

ജോസഫ്, മറഡോണ, മെസി


ജോസഫ് എന്നായിരുന്നു അവന്റെ പേര്. എട്ടാം ക്ലാസ്സില്‍ മൂന്നാം കൊല്ലം. മറഡോണ എന്ന പേര് ആദ്യം കേട്ടത് അവനില്‍ നിന്നാണ്.  കറുത്ത ബോര്‍ഡ് തുടക്കാനുള്ള ഡസ്റ്റര്‍ പന്താക്കി, വലിയ ശബ്ദത്തില്‍ മറഡോണ, മറഡോണ എന്ന അലര്‍ച്ച.

അന്ന് മഴ ഇന്നത്തെപ്പോലെയായിരുന്നില്ല.

ജൂണിലായിരുന്നു മെക്‌സിക്കോയില്‍ ലോകകപ്പ്. ഇടവപ്പാതി, ഇടമുറിയാതെ നിന്നപ്പോള്‍ ഇടപ്പള്ളി സെന്റ് ജോര്‍ജ് സ്‌ക്കൂളിന്റെ മൂന്നാം നിലയില്‍ ക്ലാസ് മുറികള്‍ കഴിഞ്ഞുള്ള വരാന്ത ജോസഫിന്റെ സ്റ്റേഡിയമായി. എല്ലാ ഒഴിവു സമയത്തും വരാന്തയില്‍ ഡസ്റ്റര്‍ പറന്നുനടന്നു. ഇടക്കൊന്ന് തട്ടിനോക്കാന്‍ ശ്രമിച്ചവരുടെ കാലില്‍ നിന്ന് ഡസ്റ്റര്‍ കാലുകൊണ്ട് റാഞ്ചിയെടുത്ത് അവന്‍ ആര്‍ത്തു- മറഡോണാ...

ടീച്ചറില്ലാത്ത പീരിയഡ്. ജോസഫിന്റെ കാലില്‍ ഡസ്റ്റര്‍, തൊണ്ടയില്‍ മറഡോണ... ഇംഗ്ലണ്ടിന്റെ കളിക്കാരെ ഒന്നൊന്നായി മറികടന്ന്, ഗോളി പീറ്റര്‍ ഷില്‍ട്ടനെയും കടന്ന് പന്ത് വലയിലെത്തിച്ച മറഡോണാ... ഡസ്റ്റര്‍ പറന്നു...എല്ലാ മുറികളിലും മറഡോണ മുഴങ്ങി. പിന്നെ ജോസഫ് ഹെഡ്മാസ്റ്റര്‍ അന്തപ്പന്‍ സാറിന്റെ മുറിക്ക് മുന്നില്‍ ചരലില്‍ മുട്ടുകുത്തി നിന്നു, നാല് മണിക്കുള്ള കൂട്ടമണി വരെ.

1986ല്‍ ആ കളികള്‍ അവന്‍ എവിടെ നിന്ന് കണ്ടു! അതോ വായിച്ച്, ഭാവനയില്‍ കണ്ട് ആവേശം കൊണ്ടതോ!

പശ്ചിമ ജര്‍മനിയെ തോല്‍പ്പിച്ച്, അര്‍ജന്റീന ലോകകപ്പ് നേടിയതിന് ശേഷമുള്ള ദിവസങ്ങളില്‍ ജോസഫിന്റെ നാവ് അടങ്ങിയിട്ടേയില്ല. ഒറ്റക്ക് ജയിപ്പിച്ച കളികളെക്കുറിച്ച്, കൊകൊണ്ട് തൊട്ടിട്ട ഗോളിനെക്കുറിച്ച്, ബള്‍ഗേറിയക്കാരെ മുഴുവന്‍ വെട്ടിച്ചോടിയ കാലുകളെക്കുറിച്ച്...  അന്തംവിട്ട് കേള്‍വിക്കാര്‍.

അതുപോലൊരു ജയത്തെക്കുറിച്ച് ഏതെങ്കിലും ജോസഫ് പറയുന്നുണ്ടാകുമോ ലയണല്‍ മെസ്സിയുടെ കാര്യത്തില്‍.

താരതമ്യത്തിനില്ല. അതിനുള്ള അറിവുമില്ല. ജോസഫുണ്ടാക്കിയ മറഡോണയോളമെത്തുന്നില്ല മെസി.