2010-04-06

വെറും ഭീരുക്കളാണ്‌ സാര്‍...





``നക്‌സലുകള്‍ ഭീരുക്കളാണ്‌. എന്തുകൊണ്ടാണ്‌ അവര്‍ കാടുകളില്‍ ഒളിഞ്ഞിരിക്കുന്നത്‌? അവരെ ഞങ്ങള്‍ ചര്‍ച്ചക്ക്‌ ക്ഷണിച്ചു...അവര്‍ക്ക്‌ യഥാര്‍ഥത്തില്‍ വികസനമാണ്‌ വേണ്ടതെങ്കില്‍...ലോകത്തിലെ ഏതുകാര്യത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ അവരെ സ്വാഗതം ചെയ്യുന്നു, അക്രമം ഉപേക്ഷിക്കണമെന്ന്‌ മാത്രം'' - അര്‍ധ സൈനിക വിഭാഗങ്ങളുടെ ശക്തമായ സുരക്ഷാ വലയവും ഇമവെട്ടാത്ത കരിമ്പൂച്ചകളുടെ അകമ്പടിയുമായി പശ്ചിമ ബംഗാളിലെ ലാല്‍ഗഢ്‌ സന്ദര്‍ശിച്ചതിനു ശേഷം ആഭ്യന്തര മന്ത്രി പി ചിദംബരം പറഞ്ഞ വാക്കുകളാണിവ.



ഒറ്റനോട്ടത്തില്‍ ചിദംബരത്തിന്റെ വാക്കുകള്‍ ശരിയാണ്‌. കാടുകളില്‍ മറഞ്ഞിരുന്ന്‌ പൊടുന്നനെ ആക്രമണം നടത്തി ജീവനും സ്വത്തിനും നഷ്‌ടമുണ്ടാക്കുന്നവര്‍ ഭീരുക്കള്‍ തന്നെയാണ്‌. ഭീരുത്വത്തിന്‌ അപ്പുറത്ത്‌ കൊടും ക്രൂരതയുമാണ്‌. ഇത്തരം ആക്രമണങ്ങളില്‍ നഷ്‌ടമായ ജീവനുകളുടെ കണക്കെടുക്കുമ്പോള്‍ ക്രൂരത, ഒരുപക്ഷേ, ഭീകരതയാണെന്ന്‌ പോലും പറയേണ്ടിവരും. മധ്യേന്ത്യയിലെ അമ്പതിനായിരം ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശത്ത്‌ സ്വാധീനം നിലനിര്‍ത്തുകയും മറ്റു മേഖലകളിലേക്ക്‌ കടന്നുകയറുകയും ചെയ്യുന്നു സി പി ഐ (മാവോയിസ്റ്റ്‌). ഇവരുടെ നിയന്ത്രണമുള്ള പ്രദേശങ്ങളില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഒരു ഉപകരണവും പ്രവര്‍ത്തനക്ഷമമല്ല. ഒറീസയിലെ കൊറാപുത്ത്‌ പോലുള്ള ജില്ലകള്‍ ഏറെക്കുറെ പൂര്‍ണമായും ഭരണകൂടത്തിന്റെ നിയന്ത്രണത്തിന്‌ പുറത്താണ്‌. അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക്‌ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ പലരും ചുമതലയേല്‍ക്കാന്‍ മടിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ സാധാരണം മാത്രം. ഏതാണ്ട്‌ സമാനമായ അവസ്ഥ മാവോയിസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലും നിലനില്‍ക്കുന്നു. ആഭ്യന്തര മന്ത്രി ഭീരുക്കള്‍ എന്ന്‌ വിശേഷിപ്പിച്ചവരുടെ ശേഷി എത്രത്തോളമുണ്ടെന്നതിന്‌ ഇതുമാത്രം മതി തെളിവിന്‌.



രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷക്ക്‌ ഏറ്റവും വലിയ ഭീഷണിയായി ഡോ. മന്‍മോഹന്‍ സിംഗും ആഭ്യന്തര മന്ത്രി പി ചിദംബരവും ക്ഷീരബല പോലെ ആവര്‍ത്തിക്കുന്നതും ഈ ഭീരുക്കളെക്കുറിച്ചാണ്‌. എന്തുകൊണ്ട്‌ ഇവര്‍ ഭീരുക്കളായി? അല്ലെങ്കില്‍ യഥാര്‍ഥ ഭീരുക്കള്‍ ഇവരാണോ എന്നീ ചോദ്യങ്ങള്‍ ഉയരുക സ്വാഭാവികം മാത്രം.



ഒറീസയിലെ കലിംഗനഗര്‍. ഇവിടെയാണ്‌ ടാറ്റ ഗ്രൂപ്പ്‌ കോടികള്‍ മുടക്കി സ്റ്റീല്‍ പ്ലാന്റ്‌ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്‌. സ്റ്റീല്‍ പ്ലാന്റിനും വ്യാവസായിക പാര്‍ക്കിനുമായി ഒറീസ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്‌ ആയിരക്കണക്കിന്‌ ഏക്കര്‍ ഭൂമിയാണ്‌. നിര്‍ദിഷ്‌ട സ്റ്റീല്‍ പ്ലാന്റിന്‌ പ്രത്യേക സാമ്പത്തിക മേഖലാ പദവി മുന്‍കൂറായി അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ സര്‍വ പിന്തുണയും നല്‍കുന്നുമുണ്ട്‌. വികസനത്തിന്റെ പുക ഉയരുന്നതിന്‌ കൂടിയൊഴിപ്പിക്കപ്പെടുന്നത്‌ ആയിരക്കണക്കിന്‌ ആദിവാസി കുടുംബങ്ങള്‍. ഇവര്‍ക്ക്‌ പകരം ഭൂമി നല്‍കുമെന്ന്‌ വാഗ്‌ദാനമുണ്ട്‌. ഭൂമി നല്‍കാനാവുന്നില്ലെങ്കില്‍ ഏറ്റെടുക്കുന്ന ഭൂമിക്ക്‌ ഉചിതമായ നഷ്‌ടപരിഹാരം ലഭ്യമാക്കുമെന്നും. ജനിച്ചുവളര്‍ന്ന ഭൂമിയില്‍ നിന്ന്‌ അപരിചിതമായ മറ്റൊരു ഭൂമിയിലേക്ക്‌ പറിച്ചുനടുമ്പോള്‍ ഈ കുടുംബ വൃക്ഷങ്ങള്‍ കരിഞ്ഞുപോകാനുള്ള സാധ്യത ഭരണകൂടം മുന്നില്‍ കാണുന്നില്ല. ഇനി അഥവാ കരിഞ്ഞുപോയാല്‍ അത്‌ അതിജീവന ശേഷിയില്ലാത്തതിന്റെ സ്വാഭാവിക നാശമെന്ന കണക്കില്‍ എഴുതിത്തള്ളാവുന്നതേയുള്ളൂ. 




സ്വന്തം ഭൂമി സ്റ്റീല്‍ പ്ലാന്റിനും വ്യാവസായിക പാര്‍ക്കിനുമായി നല്‍കണമോ വേണ്ടയോ എന്നതില്‍ തീരുമാനമെടുക്കാനുള്ള അവകാശം ആദിവാസിക്കില്ല. സ്റ്റീല്‍ പ്ലാന്റ്‌ സ്ഥാപിക്കാന്‍ തീരുമാനമെടുത്ത ടാറ്റയും അതിന്‌ അനുമതി നല്‍കിയ സര്‍ക്കാറുകളും പ്ലാന്റ്‌ സ്ഥാപിക്കേണ്ട സ്ഥലം തീരുമാനിച്ചിട്ടുണ്ട്‌. ഇരുമ്പയിര്‌ സുലഭമായി ലഭിക്കുന്ന പ്രദേശം തിരഞ്ഞുപിടിച്ച്‌, അവിടെ നിന്ന്‌ തുറമുഖത്തേക്കും മറ്റുമുള്ള ഗതാഗത സൗകര്യങ്ങള്‍ പഠിച്ച്‌ സ്ഥാനം നിര്‍ണയിച്ചു കഴിഞ്ഞു. തടസ്സം ഏതാനും ആയിരം മനുഷ്യരാണ്‌. രാജ്യത്തിന്റെയാകെ വികസനത്തിന്‌ ഉതകുന്ന ഒരു വലിയ പദ്ധതി വരുമ്പോള്‍ ഭൂമി വിട്ടുകൊടുത്ത്‌ ത്യാഗം ചെയ്യാനുള്ള മനസ്സ്‌ ഇവര്‍ കാട്ടേണ്ടതല്ലേ? അതല്ലേ ധീരന്‍മാരുടെ പാരമ്പര്യം.



പക്ഷേ, ഭീരുക്കളായ ആദിവാസികള്‍ തങ്ങളുടെ ഭൂമി ഏറ്റെടുക്കുന്നതിനെ ചെറുത്തു. പുതിയൊരിടത്ത്‌ ജീവിതം ആരംഭിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന വെല്ലുവിളികളെ ഈ ഭീരുക്കള്‍ ഭയന്നു. ഭൂമി വിട്ടുകൊടുക്കണമെങ്കില്‍ ഭേദപ്പെട്ട ജീവിതം ആരംഭിക്കാന്‍ പാകത്തിലുള്ള നഷ്‌ടപരിഹാരം ഭരണകൂടത്തോട്‌ വിലപേശി വാങ്ങണമെന്ന്‌ ഭീരുക്കളായ മറ്റു ചിലര്‍ ഇവരെ പറഞ്ഞു പഠിപ്പിച്ചു. അങ്ങനെ ആദിവാസികള്‍ സമരം തുടങ്ങി. 2006 ജനുവരി. സമരം ചെയ്‌ത ആദിവാസികളെ പോലീസ്‌ പെരുമാറി. സായുധരായ പോലീസ്‌ ധീരന്‍മാരെ കണ്ട്‌ ആദിവാസികള്‍ പിന്തിരിഞ്ഞോടി. ധീരന്‍മാര്‍ പിറകില്‍ നിന്ന്‌ വെടിവെച്ചു. തിരിഞ്ഞോടിയവരില്‍ ചിലര്‍ പിടഞ്ഞുവീണു. ഓട്ടത്തിനിടെ വീണ മറ്റു ചില ആദിവാസികളെ പോലീസ്‌ വളഞ്ഞുപിടിച്ചു. ധൈര്യപൂര്‍വം നെറ്റിയില്‍ കുഴല്‍ ചേര്‍ത്ത്‌ കാഞ്ചി വലിച്ചു. ചോദിക്കാന്‍ ആരുമുണ്ടാവില്ലെന്നത്‌ ധീരതയുടെ അളവേറ്റുകയും ചെയ്‌തു. കലിംഗനഗറില്‍ ഇപ്പോഴും ഭീരുക്കള്‍ പ്രക്ഷോഭം തുടരുന്നുണ്ട്‌. ധീരന്‍മാര്‍ അത്‌ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുമുണ്ട്‌. ഏതുവിധേനയും വികസനം കൊണ്ടുവന്നേ അടങ്ങൂ എന്ന്‌ ധീരന്‍മാരുടെ നേതാക്കളായ മഹാധീരന്‍മാര്‍ ആവര്‍ത്തിക്കുന്നുമുണ്ട്‌. 




ഒന്നാം യു പി എ സര്‍ക്കാറിന്റെ അവസാന കാലത്താണ്‌ അത്രയൊന്നും ഉറപ്പില്ലാത്ത ആഭ്യന്തര മന്ത്രിയുടെ കസേര ചിദംബരം ഏറ്റെടുക്കുന്നത്‌. രണ്ടാം യു പി എ അധികാരത്തിലെത്തുമ്പോള്‍ കോണ്‍ഗ്രസിന്റെ നില കൂടുതല്‍ ഭദ്രമാണ്‌. ചിദംബരത്തിന്റെ കസേര കുറച്ചുകൂടി ഉറച്ചിരിക്കുന്നു. ഈ ഉറപ്പുണ്ടാക്കിയതില്‍ പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ്‌-തൃണമൂല്‍ സഖ്യത്തിന്റെ സംഭാവന ചെറുതല്ല. 42ല്‍ 25 സീറ്റാണ്‌ സഖ്യം നേടിയത്‌. നേട്ടത്തിന്റെ മുഖ്യ കാരണം സിംഗൂര്‍, നന്ദിഗ്രാം സമരങ്ങളാണെന്ന്‌ ആരും സമ്മതിക്കും. ഒപ്പം ലാല്‍ഗഢിലെ പ്രശ്‌നങ്ങളും. സിംഗൂര്‍, നന്ദിഗ്രാം സമരങ്ങളുടെ നേതൃത്വം ഏറ്റെടുത്ത്‌ മമതാ ബാനര്‍ജി നടത്തിയ പ്രവര്‍ത്തനങ്ങളെ ചെറുതാക്കിക്കാണുന്നില്ല, പക്ഷേ, സമരത്തിന്റെ ഊര്‍ജകേന്ദ്രം സി പി ഐ (മാവോയിസ്റ്റ്‌) തന്നെയായിരുന്നു. 




സി പി എം പ്രവര്‍ത്തകരെയും പോലീസുകാരെയും ചെറുക്കാന്‍ ആയുധങ്ങള്‍ സംഭരിക്കപ്പെട്ടത്‌, റോഡുകളില്‍ വലിയ ഗര്‍ത്തങ്ങള്‍ തീര്‍ത്ത്‌ പോലീസ്‌ സംഘത്തിന്റെ മുന്നേറ്റം തടഞ്ഞത്‌ എന്നിങ്ങനെ മാവോയിസ്റ്റുകളുടെ സാന്നിധ്യത്തിന്‌ തെളിവുകള്‍ ഏറെയുണ്ട്‌. ഭീരുക്കളുടെ തന്ത്രം ഫലിച്ചു. സിംഗൂരില്‍ നിന്ന്‌ ടാറ്റ ഒഴിഞ്ഞു, നന്ദിഗ്രാമിലെ കെമിക്കല്‍ ഹബ്ബ്‌ ഉപേക്ഷിക്കപ്പെട്ടു. അതിലും വലുതായിരുന്നു സി പി എം നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിനുണ്ടായ രാഷ്‌ട്രീയ തിരിച്ചടി. ആ തിരിച്ചടിയുടെ ഫലം കൂടിയാണ്‌ ഇന്ന്‌ ആഭ്യന്തര മന്ത്രി ചിദംബരത്തിന്റെ കസേരക്കുള്ള ഉറപ്പ്‌.



ഭീരുക്കളുടെ എണ്ണം വര്‍ധിക്കുന്നത്‌ കണ്ട ഛത്തീസ്‌ഗഢിലെ ധീരന്‍മാര്‍ ചെയ്‌തത്‌ രാജ്യത്തെ നിയമങ്ങള്‍ക്കു പുറത്തൊരു ഗുണ്ടാപ്പടയുണ്ടാക്കുകയാണ്‌-സാല്‍വ ജുദും. ഇവര്‍ ഗ്രാമങ്ങളെ വളഞ്ഞു, കുടിലുകള്‍ക്ക്‌ തീയിട്ടു, ബലാത്സംഗങ്ങളും കൊലയും നടത്തി. സര്‍ക്കാറിന്‌ നേതൃത്വം നല്‍കിയ ധീരന്‍മാര്‍ ബി ജെ പി, കോണ്‍ഗ്രസ്‌ ഭേദമില്ലാതെ സാല്‍വ ജുദുമിന്‌ സംരക്ഷണം നല്‍കി. ഇതിന്റെ നേതൃസ്ഥാനത്ത്‌ വിരാജിക്കുന്ന ധീരന്‍ മഹേന്ദ്ര കര്‍മ ഇപ്പോഴും ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ അംഗവുമാണ്‌. ധീരതയുടെ ഈ മുഖം മാവോയിസ്റ്റുകള്‍ക്ക്‌ സ്വാധീനമുള്ള പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഈ മുഖം കൂടുതല്‍ ജ്വലിച്ചു നില്‍ക്കുന്നത്‌ കാണാം. കൂടുതല്‍ സ്വയംഭരണാവകാശവും വിഭവങ്ങള്‍ക്കു മേല്‍ സ്വാതന്ത്ര്യവും ആവശ്യപ്പെട്ട്‌ പോരടിക്കുന്ന സംഘടനകളെ ചെറുക്കാന്‍ ഇവിടങ്ങളില്‍ സൈന്യത്തിന്‌ പ്രത്യേക അധികാരങ്ങള്‍ നല്‍കി. സൈനികര്‍ ആരെ വെടിവെച്ചുകൊന്നാലും കേസില്ല, കൊല്ലപ്പെട്ടയാളെക്കുറിച്ച്‌ സൈനികര്‍ക്ക്‌ സംശയമുണ്ടാവണമെന്ന്‌ മാത്രം. 




സംശയിക്കപ്പെട്ട നിരവധി ഭീരുക്കള്‍ ഇവിടെ കൊല്ലപ്പെട്ടു. മണിപ്പൂരില്‍ താങ്‌ജം മനോരമ ദേവി എന്ന 32കാരി ഭീരുവില്‍ സൈനികര്‍ക്ക്‌ സംശയം ജനിച്ചു. ഇവരെ പിടികൂടി ബലാത്സംഗം ചെയ്‌ത്‌ കൊന്നു. പിറ്റേന്ന്‌ ഒരു കൂട്ടം ഭീരുക്കളായ സ്‌ത്രീകള്‍ അസം റൈഫിള്‍സിന്റെ ആസ്ഥാനത്തേക്ക്‌ മാര്‍ച്ച്‌ ചെയ്‌തു. `ഇന്ത്യന്‍ സൈനികരേ ഞങ്ങളെ ബലാത്സംഗം ചെയ്യൂ' എന്ന ബാനറുമേന്തി പൂര്‍ണ നഗ്നരായാണ്‌ സ്‌ത്രീകള്‍ മാര്‍ച്ച്‌ നടത്തിയത്‌. ഭീരുത്വത്തിന്റെ ഉച്ചസ്ഥായി എന്നല്ലാതെ എന്ത്‌ പറയാന്‍! ധൈര്യമുള്ള സ്‌ത്രീകളാരെങ്കിലും തങ്ങളെ ബലാത്സംഗം ചെയ്യൂ എന്ന്‌ ആവശ്യപ്പെട്ട്‌ ഇന്ത്യന്‍ സൈനിക ക്യാമ്പിലേക്ക്‌ മാര്‍ച്ച്‌ നടത്തുമോ?



ഇപ്പോള്‍ ഈ വൈകിയ വേളയില്‍ വീണ്ടും ധൈര്യം കാണിക്കാനുള്ള ശ്രമത്തിലാണ്‌ ആഭ്യന്തര മന്ത്രി പി ചിദംബരം. സൈന്യത്തിന്‌ പ്രത്യേക അധികാരം നല്‍കുന്ന നിയമം പിന്‍വലിച്ച്‌ പകരം `മാനുഷിക പരിഗണനകളുള്ള' മറ്റൊരു നിയമം കൊണ്ടുവരാന്‍ പോകുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. പ്രത്യേക നിയമത്തിന്റെ അധികാരാവകാശങ്ങളുപയോഗിച്ച്‌ സൈനികര്‍ കാലപുരിക്കയച്ച ഭീരുക്കള്‍ക്കൊക്കെ ആത്മശാന്തി. മാനുഷിക പരിഗണനയുള്ള നിയമം വന്നാലും പിടികൂടി വെടിവെച്ചുകൊന്ന ശേഷം ഏറ്റുമുട്ടലില്‍ വധിച്ചെന്ന്‌ വിശദീകരിക്കുന്ന പത്തൊമ്പതാമത്തെ അടവ്‌ അവിരാമം തുടരും. ഏറ്റുമുട്ടാന്‍ ത്രാണിയില്ലാത്ത ഭീരുക്കളെ മറ്റെന്തു ചെയ്യാന്‍!



ഇത്തരം ധീരന്‍മാരുടെയും അവരുടെ ധീരതയുടെയും ബാക്കിയാണ്‌ വനത്തിലൊളിഞ്ഞിരുന്ന്‌ ആക്രമണം നടത്തുന്ന ഭീരുത്വം. അവരോട്‌ ചര്‍ച്ചയാവാമെന്ന്‌ പറയുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും? ആദിവാസികളെ ഭൂമിയുടെ അവകാശികളായി അംഗീകരിച്ച്‌ ടാറ്റയുടെയും ജിന്‍ഡാലിന്റെയും മറ്റ്‌ നിരവധിയായ കുത്തക കമ്പനികളുടെയും നിര്‍ദിഷ്‌ട പ്ലാന്റുകള്‍ മാറ്റുമോ? പോലീസുകാര്‍ നെറ്റിക്ക്‌ കുഴല്‍ ചേര്‍ത്തു കാഞ്ചി വലിച്ച ആദിവാസി യുവാക്കളുടെ ജീവന്‌ നഷ്‌ടപരിഹാരം നല്‍കുമോ? ഒന്നും കഴിയില്ല പി ചിദംബരത്തിന്‌. കാരണം കരാറുകള്‍ നേരത്തെ ഉറപ്പിക്കപ്പെട്ടതാണ്‌. അതിനനുസരിച്ചുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്‌. അതുകൊണ്ടാണ്‌ ഇല്ലെന്ന്‌ തറപ്പിച്ചു പറയുന്ന ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിനായി അതിര്‍ത്തി രക്ഷാ സേനയുടെ (മറ്റ്‌ അര്‍ധ സൈനിക വിഭാഗങ്ങളുടെയും) ബറ്റാലിയനുകളെ നാനാഭാഗത്തേക്കും നിയോഗിക്കുന്നത്‌. 




40,000 കോടി രൂപയാണ്‌ ഈ നടപടിക്കായി മാറ്റിവെച്ചിരിക്കുന്നത്‌. വിദ്യാഭ്യാസം മൗലികാവകാശമാക്കുന്ന നിയമം നടപ്പാക്കുന്നതിന്‌ വേണ്ടത്ര പണം നീക്കിവെച്ചിട്ടില്ലെന്ന്‌ കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ്‌ പരാതി പറയുമ്പോഴും വേട്ടക്ക്‌ പണമുണ്ട്‌. രാജ്യത്തെ ആറ്‌ മുതല്‍ പതിനാല്‌ വരെ വയസ്സ്‌ പ്രായമുള്ളവര്‍ക്ക്‌ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്‌ ഒരു വര്‍ഷം പ്രതീക്ഷിക്കുന്ന ചെലവ്‌ 34,000 കോടി രൂപ. ഗ്രീന്‍ ഹണ്ടിന്‌ നീക്കിവെച്ചത്‌ 40,000 കോടിയും. ഏതിനാണ്‌ പ്രാമുഖ്യമെന്ന്‌ കണക്കുകളില്‍ നിന്ന്‌ വ്യക്തം. അതെ ധീരന്‍മാര്‍ക്കു തന്നെയാണ്‌ മുന്‍ഗണന, ധൈര്യത്തിന്‌ തന്നെയാണ്‌ കൂടുതല്‍ വിഹിതം.

4 comments:

  1. സാല്‍‌വജുദൂമുകാരും ബൂട്ടിട്ടവരും സ്വന്തം അമ്മയേയും പെങ്ങളേയും കടിച്ച് കീറുന്നതും ജീവനു വേണ്ടി കാലില്‍ പിടിച്ച് യാചിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവരുടെ തലച്ചോര്‍ കണ്‍‌മുന്നില്‍ ചിതറിത്തറിക്കുന്നതിനും സാക്ഷിയാകേണ്ടി വന്ന ഹതഭാഗ്യര്‍.ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടുകാരെ ഇവര്‍ പച്ചപ്പരവതാനിയിട്ട് സീകരിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്.

    അങ്ങനെ കരുതിയെങ്കില്‍ ബഹുമാന്യ ചിതംബരത്തിനും നമുക്കുമെല്ലാം തെറ്റിയിരിക്കുന്നു.അവരുടെ കണ്ണില്‍ നിന്നും ഒഴുകുന്നത് കണ്ണുനീരിനു പകരം പകയുടെ ചുടുചോര തന്നെയാണ്.നമ്മുടെ വികസനത്തിന്‍റെ ഭാഷ ഇവര്‍ക്ക് മനസ്സിലാകണമെന്നുമില്ല.

    വിതച്ചത് കൊയ്ത് കൊണ്ടിരിക്കുന്നു എന്നല്ലാതെ മറ്റെന്ത് പറയാന്‍.'ഭീരുക്കളുടെ' കണ്ണുനീരിനും വിലയുണ്ടെന്ന് ഭരണകൂടം ഇനിയെങ്കിലും തിരിച്ചറിഞ്ഞെങ്കില്‍ !

    ReplyDelete
  2. സിംഗൂരില്‍ വികസന ഭീകരവാദത്തിന് തുടക്കമിട്ട സിപി എം ഉം, ഇന്ത്യയിലെ ബിസിനസ് കങ്കാണിമാരുടെ വലം കൈയായ്യ കോണ്‍ഗ്രസ്സും, ദേശസ്സ്നേഹം കൂട്ടി കൊടുപ്പ് നടത്തുന്ന സംഘപരിവാറും ഇപ്പോള്‍ ചരമ മടഞ്ഞ അമ്പതിലധികം സൈനികരുടെ മരണം ആഘോഷിക്കാതെ പോകുന്നതിന്റെ ഗുട്ടന്‍സ് ഈ ലേഖനം വായിച്ചാല്‍ മനസ്സിലാകുന്നുണ്ട്. പാകിസ്ഥാനോട് ഏറ്റുമുട്ടി മരിക്കുമ്പോള്‍ ദേശസ്നേഹത്തിന്റെ ആഘോഷ തീമിര്‍പ്പും, മാവോയിസ്റ്റുകളോട് ഏറ്റുമുട്ടി മരിച്ചാല്‍ ഏരെയൊന്നും ആഘോഷിക്കാത്തതിനെയും കാരണം ലളിതമാണ്. രാജ്യത്തിനകത്ത് നിന്ന് തന്നെ തങ്ങളുടെ കൊള്ളരുതായമക്ക് മറുപടിയാണ് കിട്ടുന്നത്. അത് ആഘോഷിച്ചാല്‍ ആളുകള്‍ കാരണമന്വേഷിക്കും അന്വേഷിഛാന്‍ പലരില്‍ നിന്നും അച്ചാരം വാങ്ങിയ കഥ ജനങ്ങള്‍ മനസ്സിലാക്കും. അങ്ങനെ മനസ്സിലാക്കിയാല്‍ ഉള്ളവരുംകൂടി മാവോയിസ്റ്റുകളാകും, പിന്നെ മന്ത്രിമാരെ ആളുകള്‍ ഓടിച്ചിട്ടടിക്കും. ഇതില്‍ നിന്നെല്ലാം രക്ഷപ്പെടാനുള്ള മാര്‍ഗം.ക്ലൈമാക്സ് മാത്രം ആഘോഷിക്കുക , ഫ്ലാഷ് ബാക്കുകള്‍ മറച്ചു വെക്കുക എന്നുള്ളതാണ് അതാണ് ചിദംബരത്തിന്റെ തന്ത്രം.

    ReplyDelete
  3. ആ പാവം നിരപരാധികളായ ആധിവാസികളെ കൊന്നൊടുക്കാനുള്ള ഓരോരോ നാടകങ്ങൾ.വല്ലാത്ത കഷ്ഠം തന്നെ.

    ReplyDelete