2010-04-02

നാടന്‍ ബോംബും സമ്പത്തിന്റെ ജീവനുംഒരു വിമാനത്തില്‍ ബോംബ്‌ വെച്ചയാളെ, ബോംബ്‌ നാടനായാലും പ്രഹരശേഷി വര്‍ധിപ്പിക്കാനുതകും വിധത്തില്‍ മികവേറിയതായാലും, സാധാരണഗതിയില്‍ നമ്മള്‍ എന്താണ്‌ വിളിക്കുക? രണ്ട്‌ ദിവസം മുമ്പ്‌ പോലീസ്‌ കസ്റ്റഡിയിലെടുത്തയാള്‍ മൂന്നാം നാള്‍ പുലര്‍ച്ചെ ഹൃദയാഘാതം വന്നു മരിച്ചുവെന്ന്‌ പറഞ്ഞാല്‍ നമ്മള്‍ വിശ്വസിക്കുമോ? നമുക്കു മുന്നില്‍ അടുത്തിടെ നടന്ന രണ്ട്‌ സംഭവങ്ങളാണ്‌ ഈ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കാരണം. ആദ്യത്തെ കേസില്‍ പൊതുരീതിയില്‍ നിന്ന്‌ മാറിച്ചിന്തിക്കാന്‍ മാധ്യമങ്ങള്‍ തീരുമാനിച്ചപ്പോള്‍ രണ്ടാമത്തെ സംഭവത്തില്‍ മാറിച്ചിന്തിച്ചത്‌ രാഷ്‌ട്രീയ പാര്‍ട്ടികളാണ്‌, അതും ഭൂരിപക്ഷ വികാരം എതിരാണെന്ന്‌ മനസ്സിലാക്കിക്കൊണ്ട്‌.ബംഗളൂരുവില്‍ നിന്ന്‌ തിരുവനന്തപുരത്ത്‌ പറന്നിറങ്ങിയ കിംഗ്‌ ഫിഷര്‍ വിമാനത്തിന്റെ കോക്‌പിറ്റിലാണ്‌ നാടന്‍ ബോംബ്‌ കണ്ടെത്തിയത്‌. ഒരു മലായള പത്രത്തിന്റെ താളില്‍ പൊതിഞ്ഞ നിലയില്‍. ബോംബ്‌ നാടനായതുകൊണ്ടുതന്നെ പ്രഹരശേഷി കുറവ്‌. ശക്തമായ സമ്മര്‍ദമുണ്ടായാല്‍ (ഭാരമുള്ള ഏതെങ്കിലും വസ്‌തു മുകളില്‍ കയറ്റിവെക്കുകയോ മറ്റോ ചെയ്‌താല്‍) പൊട്ടാവുന്ന വിധത്തിലുള്ളതായിരുന്നു ഇതെന്ന്‌ വിദഗ്‌ധര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. ഏതെങ്കിലും വിധത്തിലുള്ള സമ്മര്‍ദത്തിന്‌ വിധേയമായിരുന്നുവെങ്കില്‍ അപകടം ഉണ്ടാവാന്‍ സാധ്യതയുണ്ടായിരുന്നുവെന്ന്‌ സാരം. വിമാനം തിരുവനന്തപുരത്തെത്തിയ ശേഷമാണ്‌ ബോംബ്‌ വെച്ചത്‌ എന്ന പോലീസ്‌ വാദം അംഗീകരിച്ചാല്‍ വലിയ അപകടത്തിന്‌ സാധ്യതയില്ലെന്നും കരുതണം. എങ്കിലും ഈ വിധത്തിലുള്ള ബോംബ്‌ വിമാനത്തില്‍ വെച്ചയാളെ സാധാരണഗതിയില്‍ നാം വിശേഷിപ്പിക്കുക `ഭീകരവാദി' എന്നോ `ഭീകരന്‍' എന്നോ ആയിരിക്കും. എന്നാല്‍ കിംഗ്‌ ഫിഷര്‍ വിമാനത്തിലെ നാടന്‍ ബോംബിന്റെ കാര്യത്തില്‍ ഈ പതിവില്‍ മാറ്റമുണ്ടായി. `മുഖ്യപ്രതി' എന്ന വിശേഷണം നല്‍കാന്‍ മാധ്യമങ്ങള്‍ തയ്യാറായി.വെറുമൊരു നാടന്‍ ബോംബ്‌ വെക്കാന്‍ തീരുമാനിച്ചയാളെ ഭീകരന്‍/ഭീകരവാദി എന്ന്‌ അഭിസംബോധന ചെയ്‌ത്‌ ആ വാക്കിന്റെ ഗൗരവം കളയേണ്ട എന്ന്‌ തീരുമാനിച്ചതാവാം. അല്ലെങ്കില്‍ ഭീകരവാദിയുടെ കൈക്രിയക്ക്‌ കിംഗ്‌ ഫിഷര്‍ വിമാനം വിധേയമായി എന്ന്‌ പറഞ്ഞാല്‍ മദ്യരാജാവ്‌ കൂടിയായ വിജയ്‌ മല്യക്ക്‌ ഉണ്ടാവാന്‍ ഇടയുള്ള മാനഹാനി ഓര്‍ത്തിട്ടാവാം. അതുമല്ലെങ്കില്‍ പിടിയിലായ ആളുടെ പേര്‌ `രാജശേഖരന്‍ നായര്‍' എന്നതായതുകൊണ്ടാവാം. ഇനി രംഗമൊന്ന്‌ മാറ്റിച്ചിന്തിക്കുക. പിടിയിലായത്‌ ഏതെങ്കിലും ബഷീറോ ഫിറോസോ നവാസോ ആയിരുന്നുവെന്ന്‌ സങ്കല്‍പ്പിക്കുക. എങ്ങനെയായിരിക്കും വിശേഷിപ്പിക്കപ്പെടുക. ഭീകരവാദി/ഭീകരന്‍ എന്ന്‌ വിശേഷിപ്പിക്കാന്‍ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടിവരില്ലായിരുന്നു. അറസ്റ്റിലായ ആള്‍ക്ക്‌ സൂഫിയ മഅ്‌ദനി മുതല്‍ ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലി വരെയുള്ളവരുമായുള്ള ബന്ധത്തെക്കുറിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ കഥകള്‍ പുറത്തുവരും. മറ്റ്‌ സംസ്ഥാനങ്ങളില്‍ നടന്ന സമാനമായ നാടന്‍ ബോംബ്‌ വെക്കല്‍ കലാപരിപാടികളില്‍ (സൂറത്ത്‌ നഗരത്തില്‍ ആലിന്റെ മുകളില്‍ നാടന്‍ ബോംബ്‌ വെച്ചതുപോലുള്ളവ) ഇദ്ദേഹത്തിനുള്ള പങ്കിനെക്കുറിച്ച്‌ പോലീസിന്‌ സൂചന ലഭിച്ചുവെന്ന ഞെട്ടിക്കുന്ന ന്യൂസ്‌ ബ്രേക്ക്‌ ചെയ്യപ്പെടും. ലശ്‌കറെ ത്വയ്യിബയുടെ ഏജന്റ്‌ ഇദ്ദേഹത്തെ റിക്രൂട്ട്‌ ചെയ്‌ത്‌ നേപ്പാള്‍, ദുബൈ എന്നിവയില്‍ ഏതെങ്കിലും രാജ്യത്തുകൂടെ പാക്കിസ്ഥാനിലെത്തിച്ച്‌ നാടന്‍ ബോംബുണ്ടാക്കുന്നതില്‍ വിദഗ്‌ധ പരിശീലനം നല്‍കിയതിനെക്കുറിച്ച്‌ റിപ്പോര്‍ട്ടര്‍മാര്‍ വാചാലരാവും.തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന്‌ പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി, വയനാട്ടുകാരനായ കബീറിനെ ഇന്റലിജന്‍സ്‌ ബ്യൂറോ ഉദ്യോഗസ്ഥര്‍ അറസ്റ്റ്‌ ചെയ്‌തതും നിമിഷങ്ങള്‍ക്കം `ഭീകരന്‍ പിടിയില്‍' എന്ന്‌ വാര്‍ത്ത പുറത്തുവന്നതും മണിക്കൂറൊന്ന്‌ കഴിഞ്ഞപ്പോള്‍ കബീറിന്റെ അന്താരാഷ്‌ട്ര ബന്ധങ്ങളെക്കുറിച്ച്‌ നമ്മുടെ റിപ്പോര്‍ട്ടര്‍മാര്‍ വാചാലരായതും ഓര്‍ക്കുക. ഇത്തരം അനുഭവങ്ങള്‍ മുന്നിലുള്ളപ്പോള്‍ കിംഗ്‌ ഫിഷര്‍ നാടന്‍ ബോംബ്‌ കേസില്‍ അറസ്റ്റിലായ ആളുടെ പേര്‌ മാറിയിരുന്നുവെങ്കില്‍ മേല്‍ വിവരിച്ച പോലുള്ള സംഭവങ്ങള്‍ ഉണ്ടാവാന്‍ സാധ്യത ഏറെയായിരുന്നു. ഇതിപ്പോള്‍ ഒരു രാജശേഖരന്‍ നായര്‍. വ്യക്തിവിരോധം തീര്‍ക്കാന്‍ മാത്രമായി വെറുമൊരു നാടന്‍ ബോംബ്‌ പത്രക്കടലാസില്‍ പൊതിഞ്ഞുവെച്ചു. അതിലപ്പുറമുള്ള ത്രാണിയൊന്നും ഈ നായര്‍ക്കുണ്ടാവില്ല. സ്‌ഫോടനം നടത്തി പരിചയമുണ്ടെന്ന്‌ ആരോപിക്കപ്പെടുന്ന അഭിനവ്‌ ഭാരത്‌, സനാതന്‍ സംസ്ഥാന്‍ എന്നീ ഹൈന്ദവ സംഘടനകളുമായി ബന്ധമുണ്ടാവാനും സാധ്യതയില്ല. ബോംബുണ്ടാക്കാന്‍ പ്രത്യേകിച്ച്‌ പരിശീലനമൊന്നും ലഭിച്ചിരിക്കാനും ഇടയില്ല. മുമ്പ്‌ സി ആര്‍ പി എഫിലുണ്ടായിരുന്ന കാലത്ത്‌ കണ്ടും കേട്ടും ലഭിച്ച അറിവുവെച്ച്‌ രാജശേഖരന്‍ നായര്‍ അതു ചെയ്‌തുവെന്നു മാത്രം.
രാജശേഖരന്‍ നായര്‍ ഭീകരനാണെന്നോ മാധ്യമങ്ങള്‍ അദ്ദേഹത്തെ ഭികരനെന്ന്‌ വിശേഷിപ്പിക്കണമായിരുന്നുവെന്നോ ഒന്നും ഇത്രയും പറഞ്ഞതിന്‌ അര്‍ഥമില്ല. സ്‌ഫോടനങ്ങള്‍ നടത്താന്‍ മടിയില്ലാത്ത തീവ്ര ഹിന്ദുത്വ സംഘടനകളുമായി ഇയാള്‍ക്ക്‌ ബന്ധമുണ്ടെന്ന സംശയമുണര്‍ത്തലും ലക്ഷ്യമല്ല. പക്ഷേ, ഈ രീതി രാജശേഖരന്‍ നായരുടെ കാര്യത്തില്‍ മാത്രം എന്തുകൊണ്ട്‌ പിന്തുടരപ്പെട്ടുവെന്നതാണ്‌ ആലോചിക്കുന്നത്‌. ഈ കേസില്‍ മറ്റൊരു പ്രത്യേകതയുമുണ്ടായി. ആരോപണവിധേയനായ ആള്‍ അറസ്റ്റിലായി ഒരു ദിവസത്തോളം കഴിഞ്ഞാണ്‌ മാധ്യമങ്ങള്‍ക്ക്‌ വാര്‍ത്ത ലഭിച്ചത്‌. ലഭിച്ചപ്പോള്‍ തന്നെ അറസ്റ്റിലായ ആളുടെ പേര്‌ കിട്ടിയിരുന്നില്ല. അറസ്റ്റിലായ വാര്‍ത്ത ബ്രേക്ക്‌ ചെയ്‌ത്‌ മണിക്കൂറുകള്‍ കഴിഞ്ഞാണ്‌ പേര്‌ പുറത്തുവന്നത്‌. മുന്‍ചൊന്ന പേരുകാരില്‍ ആരെങ്കിലുമാണ്‌ അറസ്റ്റിലായിരുന്നതെങ്കില്‍ പേരടക്കം വാര്‍ത്ത കിട്ടാന്‍ ഇത്രത്തോളം വൈകുമായിരുന്നില്ല എന്ന്‌ തോന്നുന്നു.ഇനി പാലക്കാട്‌ പൂത്തൂരില്‍ വീട്ടമ്മയെ കഴുത്തറുത്ത്‌ കൊന്ന കേസില്‍ ആരോപണവിധേയനായ സമ്പത്ത്‌ പോലീസ്‌ കസ്റ്റഡിയില്‍ എടുത്ത ശേഷം മരിച്ച സംഭവത്തിലേക്ക്‌ വരാം. സമ്പത്ത്‌ പ്രതിയായിരിക്കാം. വീട്ടമ്മയെ കഴുത്തറുത്തുകൊന്നപ്പോള്‍ കൈവിറച്ചിട്ടുണ്ടാവുകയുമില്ല. കുറ്റകൃത്യങ്ങളുടെ സംഭവബഹുലമായ ചരിത്രത്തിന്റെ ഉടമയുമായിരിക്കാം. എങ്കിലും ഒരാളെ മര്‍ദിച്ച്‌ മൃതപ്രായമാക്കാന്‍ (ആശുപത്രിയിലെത്തിച്ച ശേഷമാണ്‌ സമ്പത്ത്‌ മരിച്ചതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍) പോലീസിന്‌ എന്ത്‌ അധികാരമാണുള്ളത്‌? കേസ്‌ വിചാരണ ചെയ്‌ത്‌ കുറ്റവാളിയാണോ അല്ലയോ എന്ന്‌ തീരുമാനിച്ച്‌ ശിക്ഷ വിധിക്കാന്‍ അധികാരപ്പെട്ട കോടതികള്‍ പിന്നെ എന്തിനാണ്‌? 


സമ്പത്തുള്‍പ്പെടെയുള്ളവര്‍ ചെയ്‌തുവെന്ന്‌ പറയുന്ന കുറ്റകൃത്യത്തിന്റെ ഗൗരവം മനസ്സിലാക്കുമ്പോള്‍ തന്നെ ഇത്തരത്തില്‍ ചിന്തിക്കേണ്ടതല്ലേ പരിഷ്‌കൃതമനം. പക്ഷേ, ചിന്ത പോയത്‌ ആ വഴിക്കല്ല. ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ നടന്ന കസ്റ്റഡി മരണം. പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്‌ ഇതിലും നല്ല ഒരു രാഷ്‌ട്രീയ ആയുധം ഇപ്പോള്‍ കിട്ടാനില്ല. എന്നാല്‍ അവരാരും ഈ കസ്റ്റഡി മരണത്തെ ഗൗരവമായെടുത്ത്‌ പ്രതികരിച്ചുകണ്ടില്ല. പാലക്കാട്ടെ ഒരു കോണ്‍ഗ്രസ്‌ നേതാവിനോട്‌ ഇതിന്റെ കാരണം അന്വേഷിച്ചു. സമ്പത്തിന്റെ കേസില്‍ തങ്ങള്‍ ഇടപെടില്ലെന്നായിരുന്നു മറുപടി. ജനങ്ങളില്‍ ഭൂരിപക്ഷവും സമ്പത്തിനെതിരാണ്‌. അയാള്‍ കൊല്ലപ്പെട്ടത്‌ നന്നായെന്ന്‌ ജനം വിശ്വസിക്കുന്നു. അപ്പോള്‍ പിന്നെ എന്തിന്‌ പ്രശ്‌നം ഏറ്റെടുത്ത്‌ ജനങ്ങളുടെ എതിര്‍പ്പ്‌ ചോദിച്ചുവാങ്ങണം? നേരത്തെ തന്നെ പല കേസുകളിലും പ്രതിയാണ്‌ സമ്പത്ത്‌. അയാളെ പോലീസ്‌ ഇടിച്ചുകൊന്നെങ്കില്‍ അങ്ങനെ, ഹൃദയാഘാതമുണ്ടായതാണെങ്കില്‍ അത്‌ ദൈവത്തിന്റെ വിധി - കോണ്‍ഗ്രസ്‌ നേതാവ്‌ പറഞ്ഞു നിര്‍ത്തി.ഒരുപക്ഷേ, നേതാവ്‌ പറഞ്ഞതുപോലെ തന്നെയാവണം അവിടുത്തെ ജനങ്ങള്‍ ചിന്തിച്ചിട്ടുണ്ടാവുക. എന്നാല്‍ ഭൂരിപക്ഷത്തിന്റെ മനസ്സാണ്‌ നീതിയെന്ന്‌ വ്യവസ്ഥാപിത രാഷ്‌ട്രീയ പാര്‍ട്ടികള്‍ തീരുമാനിക്കുന്നത്‌ എന്തടിസ്ഥാനത്തിലാണ്‌? ഭൂരിപക്ഷം ശരിയെന്ന്‌ പറയുന്നത്‌ ശരിയാണെന്ന്‌ രാഷ്‌ട്രീയക്കാര്‍ പോലും ചിന്തിക്കുന്ന അവസ്ഥയെത്തിയിരിക്കുന്നുവെന്ന്‌ സാരം. മര്‍ദിച്ചതിന്റെയും കൂര്‍ത്ത ആയുധം കൊണ്ട്‌ കുത്തിയതിന്റെയും പൊള്ളിച്ചതിന്റെയും പാട്‌ സമ്പത്തിന്റെ ദേഹത്തുണ്ടെന്നാണ്‌ പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌. ജനങ്ങളില്‍ ഭൂരിപക്ഷവും കുറ്റവാളിയെന്ന്‌ കരുതുന്ന ഒരാളെ ഇത്തരത്തില്‍ പീഡിപ്പിച്ച്‌ ഇല്ലാതാക്കാന്‍ പോലീസിന്‌ അവകാശമുണ്ടെന്നാണോ? അതേ എന്ന്‌ തന്നെ സമ്മതിക്കേണ്ടിവരും. കാരണം ഭൂരിപക്ഷ ഇംഗിതത്തിനനുസരിച്ചാണ്‌ കാര്യങ്ങള്‍ മുന്നോട്ടുപോവുന്നത്‌. 
ആദ്യം പറഞ്ഞ ബോംബ്‌ കേസിലും ഭൂരിപക്ഷത്തിന്റെ ഇംഗിതത്തിനാണ്‌ പ്രാമുഖ്യം. അതുകൊണ്ടാണ്‌ രാജശേഖരന്‍ നായര്‍ക്ക്‌ മറ്റൊരു പേരായിരുന്നുവെങ്കില്‍ ഏല്‍ക്കേണ്ടിവരുമായിരുന്ന ആരോപണങ്ങള്‍ ഒഴിവായത്‌. രാജശേഖരന്‍നായരുടെ കാര്യത്തിലുണ്ടായ ഔചിത്യ ബോധം മറ്റു ചിലരുടെ കാര്യത്തില്‍ നമ്മള്‍ പുലര്‍ത്താത്തതും അതുകൊണ്ടാണ്‌. ഇവരുടെ കാര്യത്തില്‍ വലിയ മുന്‍വിധിയുണ്ടാവുന്നത്‌ ഭൂരിപക്ഷ അഭിപ്രായത്തെക്കുറിച്ച്‌ നമുക്കുള്ളില്‍ തന്നെയുള്ള മുന്‍വിധിയാണ്‌. അല്ലെങ്കില്‍ നമുക്കുള്ളില്‍ രൂഢമൂലമായ ഭൂരിപക്ഷ മതത്തിന്റെ സ്വാധീനമാണ്‌. വിവിധ കേസുകളില്‍ ആരോപണവിധേയരായവരെ കോടതി വിചാരണ ചെയ്‌ത്‌ കുറ്റവാളിയെന്ന്‌ തീരുമാനിക്കും മുമ്പ്‌ എല്ലാ `പട്ട'ങ്ങളും ചാര്‍ത്തിക്കൊടുക്കുമ്പോള്‍ പോലീസ്‌ കസ്റ്റഡിയില്‍ നടത്തുന്ന കൊലക്കു സമാനമായതു തന്നെയാണ്‌ സംഭവിക്കുന്നത്‌. അത്‌ ചോദ്യം ചെയ്യുമ്പോഴും ഭൂരിപക്ഷ ഇംഗിതമെന്ന പ്രശ്‌നം ഉയര്‍ന്നുവരും. ഭൂരിപക്ഷ ഇംഗിതത്തിന്‌ വിരുദ്ധമായി നിന്ന്‌ എതിര്‍പ്പ്‌ സമ്പാദിച്ച്‌ നാല്‌ വോട്ട്‌ കളയേണ്ട എന്ന ചിന്തയും വരും.