2010-04-20

`പുഷ്‌കര' കാലം

ക്രിക്കറ്റ്‌ വെറുമൊരു കളിയല്ലെന്ന്‌ ഇന്ത്യക്കാര്‍ തിരിച്ചറിഞ്ഞിട്ട്‌ കാലം കുറെയായി. ഷാര്‍ജയില്‍ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തെ സാക്ഷി നിര്‍ത്തി, ചേതന്‍ ശര്‍മ എറിഞ്ഞ അമ്പതാം ഓവറിലെ അവസാന പന്ത്‌ ബൗണ്ടറി കടത്തി, ജാവീദ്‌ മിയാന്‍ദാദ്‌ പാക്കിസ്ഥാന്‌ അപ്രതീക്ഷിത വിജയം സമ്മാനിച്ചപ്പോള്‍ നിലച്ചുപോയ ആരവങ്ങള്‍ ഇന്ത്യന്‍ ദേശീയതയുമായി കൂട്ടിച്ചേര്‍ത്താണ്‌ വായിക്കപ്പെട്ടത്‌. ജന്മനാട്‌ കളിയില്‍ തോല്‍ക്കുമ്പോള്‍ നാട്ടുകാര്‍ക്ക്‌ സ്വാഭാവികമായുണ്ടാവുന്ന വികാരത്തിനപ്പുറത്ത്‌ ദേശീയതയുടെ വിജയപരാജയങ്ങളുടെ കണക്കെടുപ്പായി ഓരോ ഇന്ത്യാ- പാക്‌ മത്സരത്തെയും മാറ്റിത്തീര്‍ക്കുന്നതില്‍, ഭൂരിപക്ഷ വര്‍ഗീയത ചുരത്തുന്ന മനസ്സുകളുടെ കണക്കൂകൂട്ടിയുള്ള നീക്കങ്ങളുണ്ടായിരുന്നു. മുംബൈയിലെ പിച്ചുകളില്‍ കരി ഓയില്‍ ഒഴിച്ച്‌ ഇന്ത്യാ-പാക്‌ മത്സരം മുടക്കാന്‍ ശിവസേന മുന്‍കൈയെടുത്തപ്പോള്‍ ക്രിക്കറ്റ്‌ `ദേശീയ വികാര' വിജൃംഭനത്തിന്‌ എത്രത്തോളം ഉതകുമെന്ന്‌ തെളിയിക്കപ്പെടുകയും ചെയ്‌തു. 1983ല്‍ ഇന്ത്യ ലോകകപ്പ്‌ നേടിയതോടെ നഗരങ്ങളില്‍ നിന്ന്‌ ഗ്രാമങ്ങളിലേക്ക്‌ കൂടി വ്യാപിച്ച ക്രിക്കറ്റ്‌ ജ്വരം തത്സമയ സംപ്രേഷണങ്ങളുമായി ടെലിവിഷന്‍ സജീവമായതോടെ വര്‍ധിച്ചു. കളിയില്‍ നിന്ന്‌ പണമൊഴുകുന്ന വഴിയിലേക്കുള്ള മാറ്റവും ഇതോടൊപ്പമുണ്ടായി.
ബോര്‍ഡ്‌ ഓഫ്‌ കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ്‌ ഇന്‍ ഇന്ത്യ (ബി സി സി ഐ) എന്ന സംഘടന വലുതായത്‌ പണമൊഴുക്ക്‌ തുടങ്ങിയതോടെയാണ്‌. ജഗ്‌മോഹന്‍ ഡാല്‍മിയ മുതല്‍ ശരത്‌ പവാര്‍ വരെയുള്ളവര്‍ ബി സി സി ഐയില്‍ താത്‌പര്യം കാണിച്ചതും അന്നുമുതലാണ്‌. ആംഗലേയാധിപത്യത്തിന്റെ ബാക്കിയായ ക്രിക്കറ്റ്‌ എന്ന വിനോദം, ഇന്ത്യന്‍ കാലാവസ്ഥക്ക്‌ യോജിക്കില്ലെങ്കില്‍ കൂടി, നാം രണ്ട്‌ കൈയും നീട്ടി സ്വീകിച്ചതിന്റെ ഫലമായി ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ്‌ ബോര്‍ഡായി ബി സി സി ഐ മാറി. വരുമാനത്തിന്റെ തോത്‌ ഇനിയും ഉയര്‍ത്തുക എന്ന ചിന്തയുടെ ഫലമായാണ്‌, ഫുട്‌ബോളിലെ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിന്റെ മാതൃക സ്വീകരിച്ച്‌, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ (ഐ പി എല്‍) ആവിഷ്‌കരിക്കപ്പെട്ടത്‌. രൂപവത്‌കരിച്ച കാലം മുതല്‍ ഇന്നുവരെ ലളിത്‌ മോഡിയാണ്‌ ഇതിന്റെ തലപ്പത്ത്‌. ആദ്യത്തെ ഐ പി എല്‍ വന്‍ വിജയമായതോടെ ലളിത്‌ മോഡി വാഴ്‌ത്തപ്പെട്ടവനായി. രാഷ്‌ട്രീയത്തിലെ ഉന്നതരുടെ രക്ഷാകര്‍തൃത്വത്തില്‍ അരങ്ങേറുന്ന മെഗാ വിനോദമായതിനാല്‍ ടീമുകളുടെ ലേലം, അതിനൊഴുകിയെത്തുന്ന പണത്തിന്റെ സ്രോതസ്സ്‌ എന്നിവയൊന്നും ആദ്യ കാലത്ത്‌ പരിശോധന ചെയ്യപ്പെട്ടില്ല.
264 കോടി മുതല്‍ 422 കോടി വരെ രൂപ മുടക്കി എട്ട്‌ ടീമുകളാണ്‌ ആദ്യത്തെ ലേലത്തിലൂടെ സൃഷ്‌ടിക്കപ്പെട്ടത്‌. ടീം വാങ്ങാന്‍ മുടക്കിയതിനൊപ്പം പണം ടീമിലേക്ക്‌ കളിക്കാരെ വാങ്ങാനും ഉടമകള്‍ ചെലവഴിച്ചു. കളിയില്‍ തോറ്റാലും ജയിച്ചാലും ലാഭത്തില്‍ കുറവുണ്ടാകില്ല എന്നതായിരുന്നു ഇത്രയും പണം മുടക്കാന്‍ പ്രേരകമായത്‌. 296 കോടി മുതല്‍മുടക്കി ആരംഭിച്ച കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ ഇതുവരെയുള്ള ലീഗ്‌ മത്സരങ്ങളില്‍ ഭേദപ്പെട്ട പ്രകടനം കാഴ്‌ചവെച്ച ടീമല്ല. എന്നിട്ടും അവരുടെ ആദ്യ സീസണിലെ മാത്രം ലാഭം 13 കോടിയായിരുന്നു. ഐ പി എല്‍ എന്ന ബ്രാന്‍ഡ്‌ നെയിമിന്‌ 2010 ആയപ്പോഴേക്കും കണക്കാക്കിയിരിക്കുന്ന മൂല്യം 18,000 കോടി രൂപയാണ്‌. കേരള സംസ്ഥാനത്തിന്റെ അടുത്ത വര്‍ഷത്തെ പദ്ധതി അടങ്കല്‍ 10,025 കോടി രൂപ മാത്രമാണെന്ന്‌ ഓര്‍ക്കുമ്പോള്‍ ഐ പി എല്‍ എന്ന ബ്രാന്‍ഡ്‌ നെയിമിന്റെ മൂല്യം കുറേക്കൂടി മനസ്സിലാക്കാനാവും.
കോടികളുടെ ഈ കളിയിലേക്കാണ്‌ ശശി തരൂര്‍ എന്ന മുന്‍ വിദേശകാര്യ സഹമന്ത്രി ഒന്നു കാല്‍വെച്ചു നോക്കിയത്‌. ടീമിന്‌ ചെലവായത്‌ 1,500 കോടിയോളം രൂപ. ഇനി കളിക്കാരെ സംഘടിപ്പിക്കണം. ഐ പി എല്‍ രൂപവത്‌കരിച്ച വര്‍ഷം കളിക്കാരെ ലേലം ചെയ്‌തത്‌ മൂന്നു വര്‍ഷത്തേക്കാണ്‌. ഈ സീസണോടെ കളിക്കാരുടെ ലേല കാലാവധി അവസാനിക്കും. അടുത്ത സീസണില്‍ കളിക്കാരുടെ ലേലത്തുക ഇനിയും ഉയരും. നൂറു കണക്കിന്‌ കോടികള്‍ അതിനും വേണ്ടിവരും. ഇത്തവണത്തെ സീസണിലേക്ക്‌ വെസ്റ്റ്‌ ഇന്ത്യന്‍ താരം അഡ്രിയന്‍ പൊള്ളാര്‍ഡിനെ മുംബൈ ഇന്ത്യന്‍സ്‌ സ്വന്തമാക്കിയത്‌ എത്ര കോടി രൂപക്കാണെന്നത്‌ ഇനിയും പുറത്തുവിട്ടിട്ടില്ല. അത്രത്തോളം അതാര്യമായാണ്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സാമ്പത്തിക ഇടപാടുകള്‍. കുത്തിയൊലിക്കുന്ന ശതകോടികള്‍ എവിടെ നിന്ന്‌ വരുന്നു, ആരുടെയൊക്കെ പോക്കറ്റിലേക്ക്‌ പോവുന്നു എന്നൊന്നും വ്യക്തതയില്ല. തരൂര്‍ വിവാദം കത്തിപ്പടര്‍ന്നതിനെത്തുടര്‍ന്ന്‌ പുറത്തുവന്ന വിവരമനുസരിച്ച്‌ ഐ പി എല്‍ ടീമുകളില്‍ മിക്കതിലും ലളിത്‌ മോഡിയുടെ ബന്ധുക്കള്‍ക്ക്‌ ഓഹരിയുണ്ട്‌. ഇക്കുറി ടീമുകള്‍ക്കായി ശ്രമിച്ച വീഡിയോകോണിനും അദാനി ഗ്രൂപ്പിനുമൊപ്പം കേന്ദ്ര മന്ത്രിസഭയിലെ രണ്ട്‌ അംഗങ്ങള്‍ ഉണ്ടായിരുന്നു. മോശമല്ലാത്ത പങ്കാണ്‌ ഈ മന്ത്രിമാര്‍ വാഗ്‌ദാനം ചെയ്‌തത്‌ എന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ടീമുകളുടെ നടത്തിപ്പ്‌ മാത്രമല്ല, വെബ്‌സൈറ്റ്‌ നിര്‍മാണം, ഇന്റര്‍നെറ്റിലൂടെയുള്ള തത്സമയ സംപ്രേഷണം, ടെലിവിഷന്‍ സംപ്രേഷണം തുടങ്ങി ലീഗുമായി ബന്ധപ്പെട്ട ഓരോ കരാറിലും കമ്മീഷനായി മറിയുന്ന കോടികളും എത്രയെന്ന്‌ അറിയില്ല. ഇത്തരം കരാറുകള്‍ ഏറ്റെടുക്കുന്ന കമ്പനികളിലും ലളിത്‌ മോഡിയെപ്പോലുള്ളവരുടെ ബന്ധുക്കളുണ്ട്‌.
മോഡിയുടെ മാത്രമല്ല, കേന്ദ്ര മന്ത്രിമാരുടെയും വ്യവസായ പ്രമുഖന്‍മാരുടെയും മക്കള്‍/ബന്ധുക്കള്‍ പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രിയും എന്‍ സി പി നേതാവുമായ പ്രഫുല്‍ പട്ടേലിന്റെ മകള്‍ പൂര്‍ണയും മദ്യ വ്യവസായിയും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്‌ ടീമിന്റെ ഉടമയുമായ വിജയ്‌ മല്ല്യയുടെ ദത്തു പുത്രി ലൈലയുമൊക്കെ ഇവരില്‍ ചിലര്‍ മാത്രം. ആരൊക്കെ പങ്കാളിയാവുന്നു, ആര്‍ക്കൊക്കെ കമ്മീഷനോ കോഴയോ ലഭിക്കുന്നുവെന്നതൊക്കെ രഹസ്യമായി തുടരുന്നു. ഈ രഹസ്യങ്ങളില്‍ ചിലതിന്റെയെങ്കിലും താക്കോല്‍ കൈയിലുള്ളതുകൊണ്ടാണ്‌ ലളിത്‌ മോഡിക്ക്‌ ശശി തരൂരിനെ എളുപ്പത്തില്‍ ഒതുക്കാന്‍ സാധിച്ചത്‌ എന്ന്‌ മനസ്സിലാവാന്‍ ബുദ്ധിയുടെ ആവശ്യമില്ല തന്നെ. അതുകൊണ്ടാണ്‌ തരൂരിന്റെ സുഹൃത്ത്‌ സുനന്ദ പുഷ്‌കറിന്‌ 70 കോടിയുടെ ഓഹരി കൊച്ചി ടീമിന്റെ നടത്തിപ്പുകാരായ റോന്‍ഡിവൂ കണ്‍സോര്‍ഷ്യത്തിലുണ്ടായത്‌ ചോദ്യം ചെയ്യപ്പെട്ടിട്ടും ലളിത്‌ മോഡിയുടെ ബന്ധുക്കള്‍ക്ക്‌ വിവിധ ടീമുകളിലുള്ള ഓഹരിയുടെ കണക്കുകള്‍ ആരും ചോദിക്കാത്തത്‌. മന്ത്രിപദവിയിലിരിക്കെ സുതാര്യമല്ലാത്ത ഇടപാടുകളിലൂടെ ഐ പി എല്‍ ടീമുണ്ടാക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണ്‌ ഇപ്പോള്‍ തരൂര്‍ അനുഭവിച്ചത്‌. തരൂരിനപ്പുറത്തേക്ക്‌ അന്വേഷണങ്ങള്‍ പോവില്ല എന്നത്‌ ഉറപ്പാണ്‌. കാരണം കോണ്‍ഗ്രസിന്റെയും എന്‍ സി പിയുടെയും മാത്രമല്ല ബി ജെ പിയുടെയും നേതാക്കള്‍ ക്രിക്കറ്റ്‌ അസോസിയേഷനുകളിലുണ്ട്‌. ഗുജറാത്ത്‌ ക്രിക്കറ്റ്‌ അസോസിയേഷന്റെ പ്രസിഡന്റ്‌ സാക്ഷാല്‍ നരേന്ദ്ര മോഡിയാണ്‌. ഡല്‍ഹി ക്രിക്കറ്റ്‌ അസോസിയേഷനുമായി അരുണ്‍ ജെയ്‌റ്റ്‌ലിക്കുള്ളത്‌ അഭേദ്യമായ ബന്ധമാണ്‌. ഇവരുടെയൊക്കെ താത്‌പര്യങ്ങളും ഐ പി എല്ലുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു. അതുകൊണ്ടു തന്നെ വിവാദങ്ങള്‍ തരൂരിലും ഇനിയങ്ങോട്ട്‌ അദ്ദേഹത്തിന്റെ രാജിയിലും മാത്രമായി കേന്ദ്രീകരിക്കുമെന്നത്‌ ഉറപ്പ്‌.
ഐ പി എല്ലിന്റെ കാര്യത്തില്‍ ഒന്നു കൂടിയേ ഇനി ചെയ്യാനുള്ളൂ. കുതിരപ്പന്തയങ്ങളിലെപ്പോലെ വാതുവെപ്പ്‌ കൂടി നിയമവിധേയമാക്കിക്കൊടുക്കുക. ഓരോ ടീമിന്റെയും ജയപരാജയങ്ങള്‍, ഓരോ ടീമും എടുക്കാന്‍ ഇടയുള്ള സ്‌കോര്‍, ഓരോ താരവും സ്‌കോര്‍ ചെയ്യാനിടയുള്ള റണ്‍സ്‌, അവര്‍ അടിച്ചുകൂട്ടാന്‍ ഇടയുള്ള സിക്‌സറുകളുടെ എണ്ണം എന്നിവയെക്കുറിച്ച്‌ നിയമവിധേയമല്ലാത്ത വാതുവെപ്പുകള്‍ ഇപ്പോള്‍ തന്നെ നടക്കുന്നുണ്ട്‌. അത്‌ നിയമവിധേയമാക്കി നല്‍കുക കൂടി ചെയ്‌താല്‍ ഒഴുകാന്‍ ഇടയുള്ള കോടികള്‍ അനേകമാണ്‌. അതുകൂടി ചെയ്‌തു കൊടുക്കാന്‍ ക്രിക്കറ്റിലും രാഷ്‌ട്രീയത്തിലും അരുളി മരുവുന്ന തമ്പുരാക്കന്‍മാര്‍ തയ്യാറായാല്‍ കാര്യങ്ങള്‍ ഒന്നുകൂടി കൊഴുക്കും. 



രാജിയന്തം ധാര്‍മികത്വം  


കോണ്‍ഗ്രസ്‌ പുലര്‍ത്തിപ്പോരുന്ന ധാര്‍മികതയുടെ വിജയമെന്നാണ്‌ തരൂരിന്റെ രാജിയെ പാര്‍ട്ടി വക്താവ്‌ ജയന്തി നടരാജനും രമേശ്‌ ചെന്നിത്തലയും വിശേഷിപ്പിച്ചത്‌. വിദേശകാര്യ സഹമന്ത്രി സ്ഥാനം ദുരുപയോഗം ചെയ്‌ത്‌ റോന്‍ഡിവൂ കണ്‍സോര്‍ഷ്യത്തില്‍ സുഹൃത്തിന്‌ ഓഹരി വാങ്ങിക്കൊടുത്തുവെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ തരൂരിനോട്‌ രാജി ആവശ്യപ്പെട്ട കോണ്‍ഗ്രസ്‌ നേതൃത്വം ഒറ്റ നോട്ടത്തില്‍ ധാര്‍മികതയുടെ പക്ഷത്താണെന്ന്‌ തോന്നിപ്പോവും. എന്നാല്‍ ഈ ധാര്‍മികത എപ്പോഴാണ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലുണ്ടായത്‌ എന്നത്‌ പ്രധാനമാണ്‌. ബൊഫോഴ്‌സ്‌ കോഴക്കേസില്‍ ആരോപണവിധേയനായ മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി രാജിവെച്ചിരുന്നില്ല. ഇപ്പോള്‍ ഈ കോഴക്കേസിലെ അവശേഷിക്കുന്ന ആരോപണവിധേയന്‍ ഇറ്റാലിയന്‍ വ്യവസായി ഒട്ടാവിയോ ക്വത്‌റോച്ചിക്കെതിരായ നിയമ നടപടികള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സി ബി ഐ ശ്രമം നടത്തുമ്പോഴും ആര്‍ക്കും ധാര്‍മികത പ്രശ്‌നമല്ല. വിശ്വാസ വോട്ടെടുപ്പില്‍ അനുകൂലിക്കാന്‍ ഝാര്‍ഖണ്ഡ്‌ മുക്തി മോര്‍ച്ചയിലെ എം പിമാര്‍ക്ക്‌ പണം നല്‍കിയെന്ന ആരോപണമുണ്ടായപ്പോള്‍ മുന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവു രാജിവെക്കാതിരുന്നപ്പോഴും ധാര്‍മികത പ്രശ്‌നമായിരുന്നില്ല.
ഇപ്പോഴത്തെ യു പി എ സര്‍ക്കാറിന്റെ കാര്യമെടുക്കുക. ടെലികോം മന്ത്രി എ രാജയുടെ വീട്ടിലും ഓഫീസിലും സി ബി ഐ റെയ്‌ഡ്‌ നടത്തിയത്‌ അടുത്തിടെയാണ്‌. ആദ്യത്തെ യു പി എ സര്‍ക്കാറില്‍ രാജ ടെലികോം വകുപ്പ്‌ കൈകാര്യം ചെയ്‌തപ്പോള്‍ രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സ്‌ ലേലത്തില്‍ നല്‍കിയതില്‍ അഴിമതി നടന്നുവെന്ന ആരോപണത്തെത്തുടര്‍ന്നായിരുന്നു സി ബി ഐയുടെ പരിശോധന. ധാര്‍മിക മൂല്യങ്ങളില്‍ അടിയുറച്ചു നില്‍ക്കുന്ന കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന രണ്ടാം യു പി എ സര്‍ക്കാറില്‍ ടെലികോം വകുപ്പ്‌ കൈകാര്യം ചെയ്‌ത്‌ എ രാജ സുഖമായിരിക്കുന്നു. രാജയുടെ രാജി ആവശ്യപ്പെടേണ്ട, ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ ടെലികോം മന്ത്രാലയത്തില്‍ നിന്നെങ്കിലും മാറ്റി നിര്‍ത്തിക്കൂടേ മന്‍മോഹന്‍ സിംഗിന്‌. തമിഴ്‌നാട്ടിലെ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ നേതാവാണ്‌ രാജ. കലൈഞര്‍ മുത്തുവേല്‍ കരുണാനിധിയുടെ സ്വന്തം ആള്‍. രാജയെ മാറ്റാനെങ്ങാന്‍ ശ്രമിച്ചാല്‍ കലൈഞര്‍ കോപിക്കും. യു പി എ സര്‍ക്കാറിനുള്ള പിന്തുണ പോലും പിന്‍വലിച്ചേക്കും. ഇവിടെ ധാര്‍മികത തത്‌കാലം മറക്കുക തന്നെയാണ്‌ ഉചിതം.
76 പോലീസുകാരുടെ ജീവന്‍ പൊലിഞ്ഞതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ആഭ്യന്തര മന്ത്രി പി ചിദംബരം പ്രകടിപ്പിച്ച രാജി സന്നദ്ധത പ്രധാനമന്ത്രി തള്ളുകയാണ്‌ ചെയ്‌തത്‌. മാവോയിസ്റ്റുകള്‍ നടത്തിയ കൂട്ടക്കുരുതിക്ക്‌ ആഭ്യന്തര മന്ത്രിയുടെ രാജിയല്ല പ്രായശ്ചിത്തമെന്ന്‌ വേണമെങ്കില്‍ വാദിക്കാം. പക്ഷേ, സംഗതി അങ്ങനെയല്ലെന്ന്‌ പറയുന്നത്‌ കോണ്‍ഗ്രസിലെ തന്നെ നേതാക്കളാണ്‌. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട്‌ എന്ന പേരില്‍ ചിദംബരം ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കാന്‍ ആരംഭിച്ച നടപടിക്കുള്ള തിരിച്ചടിയാണ്‌ ദന്തേവാഡയില്‍ മാവോയിസ്റ്റുകള്‍ നല്‍കിയത്‌. മാവോയിസ്റ്റുകളെ ചെറുക്കാന്‍ സ്വീകരിച്ച നടപടി പാളിപ്പോയെന്ന്‌ എ ഐ സി സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌ സിംഗ്‌ പരസ്യമായി കുറ്റപ്പെടുത്തുമ്പോള്‍ പൊലിഞ്ഞുപോയ 76 ജീവനുകള്‍ക്ക്‌ ഉത്തരവാദി ചിദംബരമാണെന്ന്‌ തന്നെയാണെന്നാണ്‌ അര്‍ഥം. കോണ്‍ഗ്രസില്‍ ആലോചിച്ചല്ല ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട്‌ ചിദംബരം നടപ്പാക്കുന്നതെന്ന്‌ കൂടി ദിഗ്‌വിജയ്‌ സിംഗിന്റെ വാക്കുകള്‍ സൂചന നല്‍കുന്നു. ചിദംബരത്തിന്റെ നടപടികള്‍ക്ക്‌ പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയില്ലെന്നും. കോണ്‍ഗ്രസിന്റെയും യു പി എ സര്‍ക്കാറിന്റെയും പൂര്‍ണ പിന്തുണയില്ലാത്ത ഒരു നടപടി ആരംഭിച്ച്‌ മനുഷ്യ ജീവനുകള്‍ കുരുതികൊടുത്ത ഒരാളുടെ രാജി സ്വീകരിക്കാതിരുന്നത്‌ എന്ത്‌ ധാര്‍മികതയുടെ പേരിലാണെന്ന്‌ കൂടി എ ഐ സി സി വക്താവും കെ പി സി സി പ്രസിഡന്റും വിശദീകരിച്ച്‌ തരേണ്ടിവരും.
ഇതിപ്പോള്‍ ചേതമില്ലാത്ത ഒരു രാജിയാണ്‌. ക്രിക്കറ്റ്‌ എന്ന ഖനിയില്‍ നിന്ന്‌ കണക്കില്‍പ്പെടാത്ത ലാഭം സ്വീകരിക്കുന്ന അല്ലെങ്കില്‍ കണക്കില്‍പ്പെടാത്ത പണം ക്രിക്കറ്റില്‍ നിക്ഷേപിക്കുന്ന രാഷ്‌ട്രീയ നേതാക്കളെ സംരക്ഷിച്ചു നിര്‍ത്താന്‍ ഈ രാജി സഹായകമാകും. മറ്റു മേഖലകളിലാണെങ്കില്‍ ഹവാല എന്ന ഓമനപ്പേരില്‍ വിളിക്കുന്ന അനധികൃത പണമിടപാട്‌ ഇവിടെ നിര്‍ബാധം തുടരാന്‍ സാധിക്കുകയും ചെയ്യും. തരൂരിന്‌ ഇപ്പോഴുണ്ടായ നഷ്‌ടം അടുത്തൊരു പുനസ്സംഘടനയില്‍ നികത്തി നല്‍കാന്‍ മന്‍മോഹന്‍ സിംഗിന്‌ കഴിയും. അതും ധാര്‍മികതയാണ്‌, ആരോപിക്കപ്പെടുന്ന തെറ്റിന്‌ അര്‍ഹിക്കുന്ന ശിക്ഷ നല്‍കിക്കഴിഞ്ഞാല്‍ പദവികള്‍ തിരികെ നല്‍കുക എന്ന ധാര്‍മികത.