സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ വിപ്ലവകരയ നിയമ നിര്‍മാണമായാണ് വിദ്യാഭ്യാസം അവകാശമാക്കിയതിനെ വിശേഷിപ്പിക്കപ്പെടുന്നത്. പതിനാല് വയസ്സുവരെ പ്രായമുള്ളവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നിര്‍ബന്ധിതമാക്കണമെന്നത് ഭരണ ഘടനാ ശില്‍പ്പികള്‍ അറുപതാണ്ട് മുമ്പ് നിര്‍ദേശിച്ചതാണ്. സ്വതന്ത്ര ഇന്ത്യയില്‍ പൂര്‍ണമായും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് പത്ത് വര്‍ഷത്തിനകം ഇതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടപടികളുണ്ടായത് അറുപത് വര്‍ഷത്തിന് ശേഷമാണെന്ന് മാത്രം. ഈ നിയമത്തെ ചരിത്രപരം എന്ന് വിശേഷിപ്പിക്കുമ്പോള്‍ തന്നെ അതിലെ ചില വ്യവസ്ഥകളെ ക്രിസ്‌തീയ സഭ എതിര്‍ക്കുന്നുണ്ട്. കേരള കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ പൊതു ജന സമ്പര്‍ക്ക വിഭാഗം മേധാവി ഫാ. സ്‌റ്റീഫന്‍ ആലത്തറ എതിര്‍ക്കുന്ന കാര്യങ്ങളെ സവിസ്‌തരം പ്രതിപാദിച്ചിട്ടുണ്ട്.
നിയമം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അധികാരങ്ങള്‍, വീടിനു തൊട്ടടുത്തുള്ള വിദ്യാലയം തിരഞ്ഞെടുക്കാന്‍ രക്ഷാകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കും നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യം, അണ്‍ എയിഡഡ് സ്‌കൂളുകളിലെ 25 ശതമാനം സീറ്റ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടി സംവരണം ചെയ്യുന്ന വ്യവസ്ഥ, ന്യൂനപക്ഷ സ്ഥാപനങ്ങളെ നിയമത്തിന്റെ കീഴില്‍ കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങളോടാണ് ക്രിസ്‌തീയ സഭകള്‍, പ്രത്യേകിച്ച് കത്തോലിക്കാ സഭ വിയോജിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എ സര്‍ക്കാറാണ് നിയമം കൊണ്ടുവന്നത് എന്നതിനാലാവണം വിമര്‍ശങ്ങള്‍ പരമാവധി മയപ്പെടുത്തിയാണ് സഭ ഉന്നയിക്കുന്നത്. ഫാദര്‍ സ്റ്റീഫന്‍ ആലത്തറയുടെ ലേഖനത്തില്‍ അത് വളരെ പ്രകടവുമാണ്.
കേരളത്തില്‍ ഇപ്പോള്‍ അധികാരത്തിലുള്ള ഇടതുപക്ഷ മുന്നണി സര്‍ക്കാറാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നിരുന്നതെങ്കിലുള്ള അവസ്ഥയെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കുക. നിയമം കൊണ്ടുവരാന്‍ പോവുന്നു എന്നറിയുമ്പോള്‍ തന്നെ സഭ പ്രതിഷേധവുമായി രംഗത്തുവരുമായിരുന്നു. ലക്ഷക്കണക്കായ ക്രിസ്‌തീയ വിശ്വാസികള്‍ക്കു നേര്‍ക്കുള്ള യുദ്ധപ്രഖ്യാപനമായി അതിനെ വ്യാഖ്യാനിക്കുമായിരുന്നു. കണ്‍വെന്‍ഷനുകള്‍ വിളിച്ചു ചേര്‍ത്ത് വിമോചന സമരത്തെക്കുറിച്ച് ഓര്‍മിപ്പിക്കുമായിരുന്നു. എല്ലാ ഇടവകകളിലും രണ്ടാം വിമോചന സമരത്തിന് തയ്യാറെടുക്കാന്‍ ആഹ്വാനം ചെയ്‌ത് ഇടയ ലേഖനങ്ങള്‍ വായിക്കുമായിരുന്നു.
ഇത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമായതിനാല്‍ ഇത്തരം പതിവുകള്‍ ഉണ്ടായില്ല. നിയമത്തെക്കുറിച്ച് ആലോചിച്ചപ്പോഴൊന്നും സഭ പ്രതിഷേധിച്ചില്ല. നിയമം പ്രാബല്യത്തിലായതിന് ശേഷം വളരെ മൃദുവായി എതിര്‍പ്പുകള്‍ ചൂണ്ടിക്കാട്ടുക മാത്രം ചെയ്യുന്നു. എതിര്‍പ്പുന്നയിക്കുന്നത് സഭയായതുകൊണ്ടുതന്നെ കോണ്‍ഗ്രസ് നേതാക്കള്‍ തള്ളിക്കളയില്ല എന്ന് ഉറപ്പുള്ളതുകൊണ്ടായിരിക്കണം സഭ ഇത്രമാത്രം മൃദുസ്വഭാവം കാട്ടുന്നത് എന്ന് തന്നെ വേണം കരുതാന്‍. ഇതിലൊരു രാഷ്‌ട്രീയമുണ്ട്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സ്‌കൂളുകളുടെ നടത്തിപ്പില്‍ പങ്കാളിത്തം നല്‍കാന്‍ കേന്ദ്ര നിയമത്തിലുള്ള വ്യവസ്ഥ പരിഗണിക്കുക. സമാനമായ ഒരു നിര്‍ദേശം രണ്ടു കൊല്ലം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു. അന്നുയര്‍ത്തിയ എതിര്‍പ്പുകള്‍ കത്തോലിക്കാ സഭയുടെ നേതാക്കന്‍മാരുടെ ഓര്‍മയില്‍ നിന്ന് മാഞ്ഞിട്ടുണ്ടാവില്ല.
മുദ്രാവാക്യം വിളിച്ചു മാത്രം ശീലമുള്ള ജനപ്രതിനിധികള്‍ സ്‌കൂള്‍ നടത്തിപ്പിനുള്ള കമ്മിറ്റിയില്‍ വന്നാല്‍ ഉണ്ടാവാന്‍ ഇടയുള്ള ഭവിഷ്യത്തിനെക്കുറിച്ചും സ്‌കൂളുകളില്‍ രാഷ്‌ട്രീയ ഇടപെടലുണ്ടാവാനുള്ള സാധ്യതയെക്കുറിച്ചും അനാവശ്യ ഭീതികള്‍ സൃഷ്‌ടിക്കുകയാണ് സഭാ നേതൃത്വം അന്ന് ചെയ്‌തത്. വിമോചന സമരത്തെക്കുറിച്ച് അടിക്കടി ഓര്‍മിപ്പിക്കുകയും ചെയ്‌തു. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതേ മാതൃകയില്‍ നിയമം പാസ്സാക്കി പ്രാബല്യത്തിലാക്കിയിട്ടും എന്തുകൊണ്ടാണ് പ്രതിഷേധത്തിന് ഇത്ര മൃദു സ്വഭാവം? അതാണ് ഇതിലെ രാഷ്‌ട്രീയം. ഈ രാഷ്‌ട്രീയം കളിക്കാന്‍ സഭ ഒരു കാലത്തും മടിച്ചിട്ടില്ല. അങ്ങനെയുള്ള സഭക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം അനുവദിക്കുന്നതിലൂടെ രാഷ്‌ട്രീയ ഇടപെടലുണ്ടാവുമെന്ന് പരാതി പറയാന്‍ അവകാശമില്ല തന്നെ. ഇച്ഛാശക്തിയുള്ളവരും രാഷ്‌ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളിലുള്ളതെങ്കില്‍ കേന്ദ്ര നിയമം ഫലം കാണുമായിരുന്നുവെന്നാണ് സ്റ്റീഫന്‍ ആലത്തറ ചൂണ്ടിക്കാട്ടുന്നത്. നിര്‍ഭാഗ്യവശാല്‍ അത്തരത്തിലല്ല അനുഭവമെന്നും അദ്ദേഹം പറയുന്നു.
ഒരു പ്രദേശത്തെ ജനതയെക്കുറിച്ചും അവരുടെ സാമ്പത്തിക, സാമൂഹിക അവസ്ഥയെക്കുറിച്ചും നേരിട്ട് അറിവുണ്ടാവുക അവിടുത്തെ പ്രാദേശിക ഭരണകൂടത്തിന് തന്നെയാണ്. അതുകൊണ്ടുതന്നെ അവര്‍ കാര്യങ്ങള്‍ പരിശോധിക്കുകയും നടത്തിപ്പില്‍ സഹായിക്കകയും ചെയ്യുന്നതില്‍ തെറ്റ് പറയാനാവില്ല. ഇത് മാത്രമല്ല, സ്‌കൂളിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള ചുമതലയും പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ആറ് മുതല്‍ പതിനാല് വരെ പ്രായമുള്ള എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്നതാണ് ലക്ഷ്യം. അത് ഉറപ്പാക്കണമെങ്കില്‍ പ്രാദേശിക ഭരണകൂടങ്ങളുടെ കാര്യമായ പങ്കാളിത്തം ഉണ്ടായേ മതിയാവൂ. അവരുടെ പങ്കാളിത്തം വേണമെങ്കില്‍ അതിന് ആനുപാതിയമായ അധികാരങ്ങള്‍ അവര്‍ക്ക് നല്‍കണം. അധികാര പരിധികള്‍ ലംഘിക്കപ്പെടുന്ന സംഭവങ്ങള്‍ കത്തോലിക്കാ സഭ ഭയക്കുന്നതുപോലെയൊന്നും സംഭവിക്കുമെന്ന് കരുതാനാവില്ല, പ്രത്യേകിച്ച് കേരളത്തില്‍. സാമൂഹിക, സാമുദായിക പ്രസ്ഥാനങ്ങളുമായി അഭിപ്രായ ഭിന്നതകള്‍ ഉണ്ടാവാമെങ്കില്‍ കൂടി നല്ല ബന്ധം നിലനിര്‍ത്താന്‍ ഇവിടുത്തെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നതാണ് വസ്‌തുത.
വിദ്യാലയം തിരഞ്ഞെടുക്കാന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അവകാശം നല്‍കിയത്, തിരഞ്ഞെടുക്കാനുള്ള അവരുടെ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമായാണ് സ്റ്റീഫന്‍ ആലത്തറ വ്യാഖ്യാനിക്കുന്നത്. ഇതൊരു ഒളിച്ചുകളിയാണ്. സഭക്കു കീഴില്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍കിട സ്‌കൂളുകളില്‍ പഠിക്കാന്‍ ചേരിപ്രദേശത്തുള്ളവര്‍ തീരുമാനിച്ചാല്‍ അതുള്‍ക്കൊള്ളാനാവില്ല. ഇനി സഭ ഉള്‍ക്കൊണ്ടാല്‍ തന്നെ ഇത്തരം സ്‌കൂളുകളുടെ നിലനില്‍പ്പ് തന്നെ നിയന്ത്രിക്കുന്ന വരേണ്യ വിഭാഗക്കാര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല. ഇത് മനസ്സിലാക്കിയാണ് കുട്ടികളുടെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെ പരിമിതപ്പെടുത്തുന്നുവെന്നതിന്റെ പേരില്‍ എതിര്‍പ്പുന്നയിക്കുന്നത്. മാനേജ്‌മെന്റുകള്‍ തിരഞ്ഞെടുക്കാത്ത കുട്ടികള്‍ എത്തിപ്പെട്ടാല്‍ ഇപ്പോഴുള്ളതുപോലുള്ള `അച്ചടക്കം' പാലിക്കാന്‍ ഒരുപക്ഷേ സാധിച്ചേക്കില്ല എന്നതും ഭീഷണിയാണ്. കുട്ടികളെ അരാഷ്‌ട്രീയമായി വളര്‍ത്തുക എന്നതാണ് ഒരു പരിധിവരെ സഭക്കു കീഴിലുള്ള സ്‌ക്കൂളുകള്‍ ഇപ്പോള്‍ ചെയ്യുന്നത്. സാമ്പത്തിക നിലയില്‍ വലിയ വ്യത്യാസമില്ലാത്ത കുട്ടികള്‍ മാത്രമാവുമ്പോള്‍ അരാഷ്‌ട്രീയത നിലനിര്‍ത്താന്‍ പ്രയാസമില്ല. ഈ സംതുലനം തെറ്റുന്നതിലെ ആപത്‌ശങ്കയെ തെറ്റ് പറയാനാവില്ല.
സര്‍ക്കാറിന്റെ സാമ്പത്തിക സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന അണ്‍ എയിഡഡ് സ്ഥാപനങ്ങളില്‍ 25 ശതമാനം സീറ്റ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ചെയ്യുന്നതിലെ അപാകം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സംവരണ സീറ്റില്‍ പ്രവേശനം നല്‍കുന്നവരുടെ ഫീസ് സര്‍ക്കാര്‍ നല്‍കുമെങ്കിലും അത് സര്‍ക്കാര്‍ സ്‌കൂളിലെ ഫീസാകയാല്‍ സ്‌കൂള്‍ നടത്തിപ്പിന് മറ്റ് കുട്ടികളില്‍ നിന്ന് ഫീസ് ഈടാക്കേണ്ടിവരും. ഇത് ക്രോസ് സബ്‌സിഡിയായി മാറും. ക്രോസ് സബ്‌സിഡി പാടില്ലെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട് എന്ന് സഭ വാദിക്കുന്നു. കുട്ടികളില്‍ നിന്ന് ഈടാക്കുന്ന ഫീസ് കൊണ്ട് മാത്രമാണ് അണ്‍ എയിഡഡ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് എന്നത് വിശ്വസിക്കാന്‍ സാധിക്കാത്ത വാദമാണ്. പ്രവേശത്തിന് ഈടാക്കുന്ന തലവരി പതിനായിരങ്ങള്‍ കടന്ന് ലക്ഷങ്ങളിലേക്ക് എത്തിനില്‍ക്കുന്നുവെന്നത് ഏവര്‍ക്കും അറിയാം. 25 ശതമാനം സീറ്റില്‍ ഈ തുക നഷ്‌ടമാകുമെന്നതാണ് സഭയെ വിഷമിപ്പിക്കുന്നത്. ലാഭത്തിന്റെ തോത് കുറയുന്നതിലുള്ള വലിയ ഉത്‌കണ്‌ഠ മാത്രം.
പ്രവേശനത്തിന് പരീക്ഷയോ അഭിമുഖമോ പാടില്ലെന്ന വ്യവസ്ഥയെയും ചോദ്യം ചെയ്യുന്നുണ്ട്. നഴ്‌സറി സ്‌കൂളിലേക്കുള്ള പ്രവേശത്തിന് വരെ അഭിമുഖ പരീക്ഷ നടത്തുന്ന സ്ഥാപനങ്ങള്‍ ഇത്തരമൊരു നിയന്ത്രണത്തെ അംഗീകരിക്കാന്‍ മടിക്കുക സ്വാഭാവികം. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനും നടത്തിക്കൊണ്ടുപോകാനും ഭരണഘടന നല്‍കുന്ന അവകാശത്തില്‍ കടന്നുകയറുന്നുവെന്നതാണ് മറ്റൊരു പരാതി. വിമോചന സമര കാലം മുതല്‍ സഭ ഇടക്കിടെ ഉന്നയിക്കുന്നതാണ് ന്യൂനപക്ഷ അവകാശം. ഭരണഘടനാ ശില്‍പ്പികള്‍ അനുവദിച്ച ഈ അവകാശത്തെ കുറേക്കൂടി വിശാലമായ തലത്തില്‍ കാണാന്‍ കത്തോലിക്കാ സഭ തയ്യാറാവേണ്ടതാണ്. ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള ഒരു രാജ്യത്ത്, അവരുടെ വികാരത്തെ ഉത്തേജിപ്പിച്ച് അധികാരം പിടിക്കാന്‍ മുമ്പുതന്നെ നടന്ന ശ്രമങ്ങള്‍ ബി ആര്‍ അംബേദ്‌കറിനെപ്പോലുള്ളവര്‍ അന്നേ തിരിച്ചറിഞ്ഞിരുന്നു. ഹൈന്ദവ ആശയങ്ങളെ അടിത്തറയാക്കി ഉയര്‍ന്നുവരുന്ന രാഷ്‌ട്രീയ രൂപങ്ങള്‍ അധികാരത്തിലെത്തുകയും മറ്റു മത വിഭാഗങ്ങളുടെ അവകാശങ്ങളെ പരിമിതപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌താല്‍ അവര്‍ ആദ്യം കൈവെക്കുക വിദ്യാഭ്യാസത്തിലായിരിക്കും. അത് നാം സമീപകാല ചരിത്രത്തില്‍ കണ്ടതുമാണ്. ഈ സാധ്യത തടയുക എന്നതായിരുന്നു ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ അനുവദിച്ചതിന്റെ ലക്ഷ്യം.
അത് സാമൂഹികമായ ഉത്തരവാദിത്വം നിറവേറ്റുന്നതിനെ ഒരു വിധത്തിലും പരിമിതപ്പെടുത്തുന്നില്ല. കേന്ദ്രം കൊണ്ടുവന്നിരിക്കുന്ന പുതിയ നിയമം, ആറ് പതിറ്റാണ്ടായി ജനങ്ങളും സര്‍ക്കാറും അടങ്ങുന്ന സമൂഹം നിറവേറ്റാതിരുന്ന ഉത്തരവാദിത്വം പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ്. അതിന് ശ്രമിക്കുമ്പോള്‍ ചില ചില്ലറ പരുക്കുകള്‍ ഉണ്ടാവാതെ തരമില്ല. അത് വകവെച്ചുകൊടുക്കാന്‍ എല്ലാവരും തയ്യാറാവേണ്ടിയും വരും. കത്തോലിക്കാ സഭ മാത്രമല്ല, നായര്‍ സര്‍വീസ് സൊസൈറ്റി പോലുള്ളവയും നിയമത്തിലെ ചില വ്യവസ്ഥകളെ ചോദ്യം ചെയ്യുന്നുണ്ട്. ലാഭത്തില്‍ കുറവുണ്ടാവുന്നതിലുള്ള അതൃപ്‌തിയാണ് എതിര്‍പ്പുകളുടെ അടിസ്ഥാനം. അധികാരം കൈവിട്ടുപോവുമോ എന്ന ഭയവും.
മാതാപിതാക്കളുടെയും അധ്യാപകരുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ അടങ്ങുന്ന സമിതിക്കായാരിക്കും സ്‌കൂളിന്റെ നിയന്ത്രണമെന്നും ഉടമസ്ഥര്‍ക്ക് യാതൊരു പങ്കുമുണ്ടാവില്ലെന്നും സ്റ്റീഫന്‍ ആലത്തറ വാദിക്കുന്നുണ്ട്. കാര്യങ്ങള്‍ പൂര്‍ണമായി പറയാതിരിക്കുകയാണ് ഇവിടെ ചെയ്യുന്നത്. മാനേജ്‌മെന്റിന്റെ പ്രതിനിധിയും ഈ കമ്മിറ്റിയിലുണ്ടാവുമെന്ന് നിയമത്തില്‍ പറയുന്നുണ്ട്. ഉടമാവകാശം ചോദ്യം ചെയ്യാതെ തന്നെ കുറേക്കൂടി ജനാധിപത്യരീതിയില്‍ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോവുക എന്നതാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. അതിന് ശ്രമിക്കുമ്പോള്‍ സഹിക്കവയ്യാത്ത രാഷ്‌ട്രീയ ഇടപെടലുകളും മറ്റുമുണ്ടായാല്‍ ജനാധിപത്യ സമ്പ്രദായം നിലനില്‍ക്കുവോളം സഭക്ക് ഭയക്കാനില്ല. അഴിമതിയുടെ കളങ്കം ഏറ്റിട്ടുണ്ടെങ്കില്‍ കൂടി വിശ്വാസ്യത ചോരാത്ത നീതിന്യായ സംവിധാനവും നിലവിലുണ്ട്. ജനാധിപത്യ സമ്പ്രദായം ഇല്ലാതാവുന്ന ഒരു കാലം, അത് സഭക്കു മാത്രമല്ല, സ്വതന്ത്രവായു ശ്വസിക്കുന്നവര്‍ക്കെല്ലാം ഭീഷണിയാണ്
No comments:
Post a Comment