മുംബൈയില്‍ ആക്രമണം നടത്തിയവരില്‍ പിടിയിലായ ഏക പ്രതി അമീര്‍ അജ്‌മല്‍ കസബ് ചുമത്തപ്പെട്ട 86 ആരോപണങ്ങളിലും കുറ്റക്കാരനാണെന്ന് പ്രത്യേക വിചാരണക്കോടതി ജഡ്‌ജി എം എല്‍ തഹലിയാനി കണ്ടെത്തി. അപ്രതീക്ഷിതമായി യാതൊന്നും ഇതിലില്ല. ആക്രമണത്തില്‍ കൊല്ലപ്പെട്ട 166 പേരില്‍ 56 പേരുടെ ജീവനെടുത്തത് കസബിന്റെ തോക്കില്‍ നിന്ന് പാഞ്ഞ വെടിയുണ്ടകളാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഇതൊരു കൂട്ടക്കുരുതി മാത്രമല്ല, രാജ്യത്തിന്റെ പരമാധികാരത്തിന് നേര്‍ക്കുള്ള യുദ്ധം കൂടിയാണെന്ന് കോടതി വ്യക്തമാക്കുന്നു. കസബിന് വിചാരണക്കോടതി വധശിക്ഷ വിധിക്കുമെന്നതില്‍ സംശയമുള്ളവരാരും ഉണ്ടാവാന്‍ ഇടയില്ല. രാജ്യം ഇന്നോളം കണ്ടിട്ടില്ലാത്ത ക്രൂരത നടപ്പാക്കിയവരില്‍ ഒരാള്‍ക്ക് നിയമം അനുശാസിക്കുന്ന വിധത്തിലുള്ള വിചാരണ ഉറപ്പാക്കാനും അയാള്‍ക്ക് സ്വന്തം ഭാഗം വാദിക്കാനും അവസരമൊരുക്കിയതിലൂടെ നിയമവാഴ്‌ചയുടെ അന്യാദൃശമായ മാതൃക സൃഷ്‌ടിച്ചുവെന്ന് രാജ്യത്തിന് അഭിമാനിക്കാനും ഈ സംഭവം വക നല്‍കുന്നു.
ഇതേ കേസില്‍ ആരോപണവിധേയരായ രണ്ടു പേരെ കോടതി കുറ്റവിമുക്തരാക്കിയിട്ടുമുണ്ട്. ബീഹാര്‍ സ്വദേശി സബാഉദ്ദീനും മുംബൈയില്‍ താമസക്കാരനായ ഫഹീം അന്‍സാരിയും. ഇവര്‍ തിരിഞ്ഞു നിന്ന് ഇന്ത്യന്‍ ഭരണകൂടത്തോട് ചോദ്യങ്ങളൊന്നും ചോദിക്കാന്‍ ഇടയില്ല. കാരണം ഉത്തര്‍പ്രദേശിലെ മറ്റൊരു ഭീകരാക്രമണക്കേസിലെ വിചാരണ ഇരുവരെയും കാത്തിരിക്കുന്നു. മുംബൈ ആക്രമണക്കേസിലെ അപ്പീലുകള്‍, യു പി കേസിലെ വിചാരണയും അതിന്റെ അപ്പീലുകളും ഒക്കെ കഴിയുമ്പോഴേക്കും ചോദ്യങ്ങള്‍ ചോദിക്കാനുള്ള ത്രാണി ഇവര്‍ക്കുണ്ടാകില്ല. യു പികേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ പിന്നെ മുംബൈ കേസില്‍ ഇവരുടെ ചോദ്യങ്ങള്‍ക്ക് വിലയുണ്ടാവില്ല. ഇനി ആ കേസിലും കുറ്റക്കാരല്ലെന്ന് വിധിച്ചാലും ഇതിനകം സൃഷ്‌ടിക്കപ്പെട്ട ഭീകരവാദിയുടെ പ്രതിച്ഛായയില്‍ നിന്ന് സമൂഹം ഇവരെ മോചിപ്പിക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ ചോദിക്കപ്പെടാത്ത ചോദ്യങ്ങളുടെ ഉടമസ്ഥരായി ഇവര്‍ ശിഷ്‌ടകാലം ജീവിക്കേണ്ടിവരും.
പക്ഷേ, ഇവര്‍ ചോദിക്കാനിടയുള്ള ചോദ്യങ്ങള്‍ ഇവരുടെ മാത്രം ചോദ്യങ്ങളായി തീരുന്നില്ല. കൊല്ലപ്പെട്ട 166 പേരുടെ ബന്ധുക്കള്‍ക്കും മൂന്ന് ദിനം രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആക്രമണത്തിന്റെ രൂക്ഷത കണ്ട് വേദനിച്ചവര്‍ക്കും ഇവര്‍ ഉന്നയിക്കാന്‍ ഇടയില്ലാത്ത ചോദ്യങ്ങളുടെ ഉത്തരം ആവശ്യമായി വന്നേക്കും. ഏറ്റവും പ്രധാനപ്പെട്ട ചോദ്യം എന്തിന് ഇവരെ പ്രതികളാക്കി എന്നതാണ്. അതിന് മറുപടി പറയേണ്ടത് മഹാരാഷ്‌ട്ര പോലീസും സംസ്ഥാന, കേന്ദ്ര ഭരണകൂടങ്ങളുമാണ്. ആക്രമണ ഗൂഢാലോചനയില്‍ പങ്കാളികളായെന്നതാണ് സബാഉദ്ദീന്റെയും അന്‍സാരിയുടെയും മേല്‍ ചുമത്തപ്പെട്ട കുറ്റം. മുംബൈ നഗരത്തിന്റെ ഭൂപടം തയ്യാറാക്കി ലശ്‌കറെ ത്വയ്യിബക്ക് കൈമാറിയത് ഇവരാണെന്നും പോലീസ് ആരോപിച്ചിരുന്നു. നേപ്പാളില്‍ വെച്ച് ഇവര്‍ ഭൂപടം കൈമാറുന്നത് കണ്ടുവെന്നതിന് സാക്ഷിയെയും ഹാജരാക്കി. ഇവര്‍ തയ്യാറാക്കി നല്‍കിയ ഭൂപടം കസബിന്റെ കൂട്ടാളിയായിരുന്ന അബൂ ഇസ്‌മാഈലിന്റെ ട്രൗസറിന്റെ പോക്കറ്റില്‍ നിന്ന് കണ്ടെടുത്ത് കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കുകയും ചെയ്‌തു. സാധാരണഗതിയില്‍ തീര്‍ത്തും പഴുതില്ലെന്ന് കരുതേണ്ട കേസ്.
മുംബൈയില്‍ ആക്രമണം നടക്കുന്നതിന് മുമ്പുതന്നെ ഉത്തര്‍പ്രദേശിലെ രാംപൂരില്‍ സി ആര്‍ പി എഫ് ക്യാമ്പ് ആക്രമിച്ച കേസില്‍ അറസ്റ്റിലായിരുന്നു സബാഉദ്ദീനും ഫഹീം അന്‍സാരിയും. മുംബൈ ആക്രമണം നടന്ന ശേഷം മഹാരാഷ്‌ട്ര പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരാണ് മുംബൈയുടെ മാപ്പ് തയ്യാറാക്കി നല്‍കിയതെന്ന് കണ്ടെത്തിയതും കേസില്‍ പ്രതി ചേര്‍ത്തതും. ഇത്രയും കൃത്യമായി ആസൂത്രണം ചെയ്‌ത് ഒരു ആക്രമണം നടപ്പാക്കണമെങ്കില്‍ രാജ്യത്തിനകത്തു നിന്ന് സഹായിക്കാന്‍ ആളുണ്ടാവാതെ പറ്റില്ലെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. അതാരാണെന്ന അന്വേഷണമാണ് സബാഉദ്ദീനിലും ഫഹീമിലും ഒരു മാപ്പിലും ചെന്ന് എത്തിയത്. ഇത്രയും കൊടിയ ആക്രമണം ആസൂത്രണം ചെയ്‌തവര്‍ കടലാസില്‍ തയ്യാറാക്കിയ, വലിയ വിശദാംശങ്ങളൊന്നും അടങ്ങാത്ത മാപ്പിനെ ആധാരമാക്കി എന്നത് കോടതിക്ക് വിശ്വസിക്കാനായില്ല.
ഉപഗ്രഹ കാമറകളെ ഉപയോഗിച്ച് ഭൂമിയുടെ എല്ലാ ഭാഗത്തെയും ദൃശ്യങ്ങള്‍ മേശപ്പുറത്തെത്തിക്കുന്ന ഇന്റര്‍നെറ്റ് വിസ്‌മയം നമ്മുടെ മുന്നിലുണ്ട്. ആക്രമണം ആസൂത്രണം ചെയ്‌തവര്‍ ഉപഗ്രഹ ഫോണുകളും ഇന്റര്‍നെറ്റ് വോയ്‌സ് മെയിലുമുപയോഗിച്ചാണ് ആശയവിനിമയം നടത്തിയിരുന്നതെന്ന് കണ്ടെത്തിയത് മഹാരാഷ്‌ട്ര പോലീസാണ്. അമേരിക്കയുടെ എഫ് ബി ഐ സഹായമുണ്ടായിരുന്നുവെന്ന് മാത്രം. ഇത്രയും വിവരമുള്ള പോലീസ് ഒരു കടലാസ് കഷണത്തിലെ മാപ്പ് തെളിവായി ചേര്‍ത്ത് രണ്ട് പേരെ പ്രതി ചേര്‍ത്തത് എന്തിനാണ്? അബൂ ഇസ്‌മാഈല്‍ ആക്രമണത്തിനിടെ പോലീസിന്റെ വെടിയേറ്റ് മരിച്ചതാണ്. അദ്ദേഹത്തിന്റെ ട്രൗസര്‍ ഏറെക്കുറെ ചോരയില്‍ മുങ്ങിയിരുന്നുവെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളില്‍ നിന്ന് മനസ്സിലാകുന്നത്. എന്നിട്ടും മാപ്പില്‍ ചോരക്കറയുണ്ടായിരുന്നില്ല. കേസില്‍ സബാഉദ്ദീനും ഫഹീം അന്‍സാരിക്കും വേണ്ടി ഹാജരായ അഭിഭാഷകന്‍ ശാഹിദ് ആസ്‌മി ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രോസിക്യൂഷനോ പോലീസിനോ മറുപടിയൊന്നുമുണ്ടായിരുന്നുമില്ല.
വിചാരണ ഏറെക്കുറെ പൂര്‍ത്തിയാവാറായപ്പോഴാണ് ഹെഡ്‌ലി എന്ന അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനയായ സി ഐ എയുടെ പഴയ ഏജന്റ് പുറത്തുവരുന്നത്. മുംബൈയില്‍ താമസിച്ച് ആക്രമണം നടന്ന പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ശേഖരിച്ച് ലശ്‌കറെ ത്വയ്യിബക്ക് കൈമാറിയത് താനാണെന്ന് ചിക്കാഗോ കോടതിയില്‍ നല്‍കിയ കുറ്റസമ്മത മൊഴിയില്‍ ഹെഡ്‌ലി സമ്മതിക്കുന്നുണ്ട്. ആക്രമണം നടത്തേണ്ട പ്രദേശങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളുമൊക്കെ ഹെഡ്‌ലി കൈമാറിയിരുന്നുവെന്നത് പുറത്തുവന്നിട്ടുണ്ട്. ഹെഡ്‌ലി പറയുന്നതിനനുസരിച്ചാണെങ്കില്‍ വേണ്ടതിലധികം വിവരങ്ങള്‍ ലശ്‌കറിന് കൈമാറിയിട്ടുണ്ട്. എന്നിട്ടും ഫഹീം അന്‍സാരിയും സബാഉദ്ദീനും കൈമാറിയ മാപ്പ് ആക്രമണത്തിന് ആധാരമായി എന്ന് വിശ്വസിക്കുക പ്രയാസം.
എന്നിട്ടും ഇവരെ എന്തിന് പ്രതി ചേര്‍ത്തു? ആക്രമണത്തിന് രാജ്യത്തുള്ളവര്‍ തന്നെയാണ് സഹായിച്ചത് എന്ന് തെളിയിക്കാന്‍ തിടുക്കപ്പെട്ടത് എന്തിനാണ്? ഹെഡ്‌ലി ഇക്കാര്യങ്ങളൊക്കെ സമ്മതിച്ച ശേഷവും ഇവരെ പ്രതി സ്ഥാനത്തു നിര്‍ത്തി വിചാരണ ചെയ്‌തത് എന്തിനാണ്? രാജ്യത്തെ നടുക്കിയ സംഭവമായതിനാല്‍ വിധി പറയുന്ന ജഡ്‌ജിക്ക് ഇവരെ ഒഴിവാക്കാന്‍ ബുദ്ധിമുട്ടുണ്ടാവും എന്ന തോന്നല്‍ പോലീസിനോ പ്രോസിക്യൂഷനോ ഉണ്ടായിരുന്നോ?
പുറത്തു വരരുത് എന്ന് പോലീസും ഭരണകൂടവും ആഗ്രഹിക്കുന്ന ചില കാര്യങ്ങളെങ്കിലും മുംബൈ ആക്രമണവുമായി ബന്ധപ്പെട്ടുണ്ട് എന്നതാണ് ഈ രണ്ട് പേരുടെ പ്രതിപ്പട്ടികയിലെ സാന്നിധ്യവും അവരെ കുറ്റവിമുക്തരാക്കിയ കോടതി വിധിയും വ്യക്തമാക്കുന്നത്. അത് ഗൂഢാലോചനയില്‍ ആര്‍ക്കെങ്കിലുമുള്ള പങ്കാവാം. അല്ലെങ്കില്‍ ഹെഡ്‌ലിയുടെ അമേരിക്കന്‍ പൗരത്വമാവാം. കുറ്റസമ്മത മൊഴി രേഖപ്പെടുത്തി വധശിക്ഷയില്‍ നിന്ന് ഒഴിവാകാന്‍ (അതോ വലിയ ശിക്ഷയില്‍ നിന്നോ) ഹെഡ്‌ലിയുമായി കരാറുണ്ടാക്കിയ എഫ് ബി ഐ ആണ് ഈ കേസില്‍ മഹാരാഷ്‌ട്ര പോലീസിനെ സഹായിച്ചിരുന്നത്. ആക്രമണത്തിന്റെ ആസൂത്രണത്തില്‍ അമേരിക്കന്‍ പൗരന് പങ്കുണ്ടെന്ന് അവര്‍ നേരത്തെ അറിഞ്ഞിരുന്നോ? ആസൂത്രണത്തിന്റെ ഒരു ഘട്ടമെങ്കിലും അമേരിക്കയില്‍ വെച്ചാണ് നടന്നത് എന്ന് തെളിഞ്ഞാല്‍ ആഗോള ഭീകരതക്കെതിരെ യുദ്ധം ചെയ്യുന്ന യാങ്കികള്‍ക്ക് ക്ഷീണമാവും. അത് ഒഴിവാക്കിക്കൊടുക്കുക എന്ന ദൗത്യം നിറവേറ്റുകയായിരുന്നോ നമ്മുടെ പോലീസും ഭരണകൂടവും?
ആക്രമണത്തിനു ശേഷമുള്ള ആദ്യ നാളുകളില്‍ ഹെഡ്‌ലിയുടെ പങ്ക് പുറത്തുവന്നിരുന്നുവെങ്കില്‍ അയാളെ കൈമാറാന്‍ അമേരിക്കക്കു മേല്‍ സമ്മര്‍ദം ഏറുമായിരുന്നു. ആഗോള ഭീകരതക്കെതിരെ `വിട്ടുവീഴ്‌ച'യില്ലാത്ത നിലപാടെടുക്കുന്ന രാജ്യത്തിന്, ആക്രമണത്തിന് ഉത്തരവാദിയായ ആളെ കൈമാറുക എന്നത് ധാര്‍മിക ബാധ്യതയാവുമായിരുന്നു. അങ്ങനെയൊരു കൈമാറ്റം നടന്നിരുന്നുവെങ്കില്‍ സി ഐ എയുടെ ഈ (പഴയ?) ഏജന്റില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നേനെ.
ഭരണകൂടങ്ങളെ അട്ടിമറിച്ചത്, രാഷ്‌ട്ര നേതാക്കളെ വധിച്ചത് അല്ലെങ്കില്‍ വധിക്കാന്‍ ശ്രമിച്ചത് എന്നു തുടങ്ങി തടവിലാക്കിയവരെ അതിക്രൂരമായി പീഡിപ്പിച്ചതുവരെ നീളുന്നു സി ഐ എയുടെ പ്രവര്‍ത്തനങ്ങള്‍. ഇന്ത്യാ - പാക് ബന്ധത്തില്‍ വിള്ളലുകള്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇരു രാജ്യങ്ങളിലും സി ഐ എ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് സംശയിക്കാന്‍ ഈ ചരിത്രം ധാരാളം മതി. ഇതില്‍ ഏതെങ്കിലുമൊന്ന് ഹെഡ്‌ലിയുടെ നാവില്‍ നിന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അറിഞ്ഞാല്‍, അത് ഏതെങ്കിലും വിധത്തില്‍ ചോര്‍ന്ന് മാധ്യമങ്ങളിലെത്തിയാല്‍... ഇല്ലാതാകുന്നത് അമേരിക്കയുടെ പ്രതിച്ഛായ മാത്രമല്ല, ഇന്ത്യയിലെ അവരുടെ പ്രതിപുരുഷന്‍മാരുടെ നിലനില്‍പ്പ് കൂടിയാണ്. നാവില്‍ കനമുള്ളത് എന്തെങ്കിലും ഇല്ലായിരുന്നുവെങ്കില്‍ ഹെഡ്‌ലിയെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ചോദ്യം ചെയ്യുന്നതിന് ഇത്രയേറെ തടസ്സങ്ങള്‍ അമേരിക്കന്‍ അധികൃതര്‍ ഉന്നയിക്കില്ലായിരുന്നുവെന്ന് വ്യക്തം.
മുംബൈ ആക്രമണത്തില്‍ ഇരു രാജ്യങ്ങളും പരസ്‌പരം വളരെ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നാണ് ഒബാമയും മന്‍മോഹനും ആലിംഗനബദ്ധരായി പറഞ്ഞത്. കസബുള്‍പ്പെടെ ഇന്ത്യയില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്യാന്‍ എഫ് ബി ഐ ഉദ്യോഗസ്ഥരെ ഇന്ത്യ അനുവദിക്കുകയും ചെയ്‌തു. എന്നിട്ടും ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കുന്ന കാര്യം സജീവമായി പരിഗണിക്കുന്നു എന്ന പ്രസ്‌താവനയില്‍ വരെയേ അമേരിക്കയില്‍ കാര്യങ്ങളെത്തിയിട്ടുള്ളൂ. ഇത് സഹകരണമല്ല മറിച്ച് മറച്ചുവെക്കലാണ്. 166 പേരുടെ (അമേരിക്കക്കാരടക്കം) ജീവനെടുത്ത ആക്രമണം ആസൂത്രണം ചെയ്‌തതില്‍ പങ്കാളിയാണെന്ന് കോടതിയില്‍ കുറ്റസമ്മതം നടത്തിയ ഒരാളെ വിട്ടുതരണമെന്ന് അമേരിക്കയോട് നമ്മുടെ ഭരണകൂടം ആവശ്യപ്പെടുന്നതേയില്ല. ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന ദയനീയമായ അപേക്ഷ മാത്രം. മറച്ചുവെക്കലിന് കൂട്ടുനില്‍ക്കലാണിത്. ഇതാണ് സബാഉദ്ദീനെയും ഫഹീമിനെയും പ്രതിപ്പട്ടികയില്‍ എത്തിച്ചത് എന്ന് സ്വാഭാവികമായും സംശയിക്കണം. മറ്റൊരു ഭീകരാക്രണക്കേസില്‍ പ്രതികളായ രണ്ട് പേര്‍. അവരെ ഇവിടെക്കൂടി ചേര്‍ക്കുന്നതുകൊണ്ട് ആര്‍ക്കുമൊന്നും നഷ്‌ടപ്പെടാനില്ല. മറിച്ച് ഹെഡ്‌ലിയുടെ കാര്യത്തില്‍ നഷ്‌ടങ്ങള്‍ ഏറെയുണ്ട്. സാമ്രാജ്വത്വുമായി ഒരു ദശകത്തിനിടെ ഉണ്ടാക്കിയെടുത്ത സൗഹൃദം, അതുവഴി ഉണ്ടാവാന്‍ പോവുന്ന കോടികളുടെ വ്യാപാരം അങ്ങിനെ പലതും.
ബുള്ളറ്റ്‌പ്രൂഫ് ജാക്കറ്റുകളുടെ നിലവാരത്തെക്കുറിച്ചുള്ള ആരോപണം, വേണ്ട സമയത്ത് പോലീസ് സംഘത്തെ ലഭ്യമാക്കിയില്ല എന്ന കാര്‍ക്കറെയുടെ ഭാര്യ കവിതയുടെ ആക്ഷേപം തുടങ്ങി നിരവധി കാര്യങ്ങള്‍ പുറമെയുമുണ്ട്. ഇതിലൊക്കെയും മറച്ചുവെക്കല്‍ ആവശ്യമാണ്. അതിനെല്ലാം സബാഉദ്ദീനെയും ഫഹീമിനെയും പോലുള്ളവര്‍ വേണം. ഇത്തരക്കാരുടെ മനസ്സിലുണ്ടാകാന്‍ ഇടയുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുകയും വ്യക്തമായ മറുപടി നേടിയെടുക്കുകയും ചെയ്യുക എന്നത് പൗരന്‍മാരുടെ കടമയാണ്. അതുപക്ഷേ നടക്കാറില്ലെന്ന് മാത്രം. അതുകൊണ്ട് ഇവിടെയും ചോദ്യങ്ങളുണ്ടാവില്ല.
No comments:
Post a Comment