2010-05-20

റിയല്‍ എസ്റ്റേറ്റിന്റെ അവകാശികള്‍

ഭൂമിക്കു മേലുള്ള അവകാശം രാജ്യത്താകെ പ്രശ്‌നമായി ഉയര്‍ന്നുവരികയാണ്‌. ഇടതുപക്ഷം ഭരിക്കുന്ന പശ്ചിമ ബംഗാളിലെ സിംഗൂരും നന്ദിഗ്രാമും കേരളത്തിലെ മൂലമ്പിള്ളിയും കിനാലൂരും നമ്മുടെ മുന്നില്‍ വലിയ പ്രശ്‌നമായി ഉയര്‍ന്നു നില്‍ക്കുന്നത്‌ സവിശേഷ രാഷ്‌ട്രീയ സാഹചര്യങ്ങളാലാണ്‌. ദന്തേവാഡയിലും മറ്റും ചോരപ്പുഴകളൊഴുക്കി മാവോയിസ്റ്റുകള്‍ പോരടിക്കുന്നതിന്റെ പ്രധാന കാരണവും ഭൂമി തന്നെയാണ്‌. എന്നാല്‍ മാവോയിസ്റ്റുകള്‍ക്ക്‌ ഭരണകൂടം ഭീകരവാദികളെന്ന മുദ്ര ചാര്‍ത്തിക്കൊടുത്തതിനാലും കോര്‍പ്പറേറ്റ്‌ മൂലധനത്തെ പിന്തുണക്കുന്ന ദേശീയ മാധ്യമ ശൃംഖലകള്‍ ആക്രമണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാത്രം നല്‍കുന്നതിനാലും ഭൂമിയുടെ അവകാശം എന്ന അടിസ്ഥാന പ്രശ്‌നം പൊതുമധ്യത്തിലേക്ക്‌ എത്തുന്നില്ല എന്ന്‌ മാത്രം. 
എല്ലായിടത്തും പൊതുവായി ഉള്ളത്‌ വികസനാവശ്യത്തിന്‌ ഭൂമി ഏറ്റെടുക്കാന്‍ ഭരണകൂടം ശ്രമിക്കുന്നുവെന്നതാണ്‌. എന്നാല്‍ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഛത്തീസ്‌ഗഢിലെയോ ഒറീസ്സയിലെയോ ഝാര്‍ഖണ്ഡിലെയോ അവസ്ഥകളുമായി കേരളത്തെ താരതമ്യം ചെയ്യാനാവില്ല. ആദിവാസി വിഭാഗങ്ങളെ ഭീഷണിപ്പെടുത്തി ഓടിച്ചോ, ബലം പ്രയോഗിച്ച്‌ ഒഴിപ്പിച്ചോ ഭൂമി ഏറ്റെടുക്കുക എന്നതാണ്‌ മധ്യേന്ത്യന്‍ മേഖലയില്‍ ഭരണകൂടം സ്വീകരിക്കുന്ന തന്ത്രം. നമ്മുടെ സംസ്ഥാനത്തെ ആദിവാസി ഭൂമി, സമര്‍ഥരും കൈയൂക്കുള്ളവരുമായ കുടിയേറ്റക്കാര്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പുതന്നെ സ്വന്തമാക്കിക്കഴിഞ്ഞു. ആ ഭൂമി തിരിച്ചെടുത്ത്‌ നല്‍കാനുള്ള നിയമം, പകരം ഭൂമി നല്‍കാനുള്ളതാക്കി മാറ്റിയെഴുതുകയും അതനുസരിച്ച്‌ ഭൂമി വിതരണം ചെയ്യാനുള്ള നടപടികള്‍ തുടരുകയും ചെയ്യുന്നുണ്ട്‌. എന്നാലും ഇതുവരെ ആദിവാസികള്‍ക്കുള്ള ഭൂവിതരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല.വികസന പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുകയും വലിയ സംഘര്‍ഷത്തിന്‌ കാരണമാവുകയും ചെയ്‌ത രണ്ടിടങ്ങള്‍ മൂലമ്പിള്ളിയും കിനാലൂരുമാണ്‌. മൂലമ്പിള്ളിയില്‍ ഒഴിപ്പിച്ചത്‌ കുടിയൊഴിയാന്‍ സമ്മതം അറിയിച്ചവരെയാണ്‌. വ്യക്തമായ പുനരധിവാസ പാക്കേജ്‌ നല്‍കാതെ കുടിയൊഴിയാന്‍ തയ്യാറല്ലെന്ന്‌ പറഞ്ഞവരെ ബലം പ്രയോഗിച്ച്‌ ഒഴിപ്പിച്ചു. കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി. പാഠപുസ്‌തകങ്ങള്‍ പോലും എടുക്കാന്‍ അനുവദിക്കാതെ നടത്തിയ ഒഴിപ്പിക്കല്‍. മനുഷ്യത്വമില്ലാത്ത ഈ നടപടിക്കെതിരെ പ്രതിഷേധമുയര്‍ത്തിയവര്‍ പോലും പിന്നീട്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിനെ സര്‍വാത്‌മനാ സ്വാഗതം ചെയ്‌തു. രാജ്യത്തിനാകെ മാതൃകയാണ്‌ മൂലമ്പള്ളിയിലെ പുനരധിവാസ പാക്കേജ്‌ എന്ന്‌ ഉദ്‌ഘോഷിക്കുകയും ചെയ്‌തു. അപ്പോള്‍ കേരളത്തില്‍ സാമാന്യേനയുള്ള പ്രശ്‌നം കൂടിയൊഴിപ്പിക്കലോ ഭൂമിയുടെ അവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കമോ അല്ല. മാന്യമായ ഒരു പുനരധിവാസ പാക്കേജ്‌ ഉണ്ടാവുക എന്നതാണ്‌. 
വിപണി വിലയും ഒരു ദശകത്തിനിടെ ഉണ്ടാവാന്‍ ഇടയുള്ള വര്‍ധനയും തട്ടിച്ചുനോക്കി ഉചിതമായ വില നിശ്ചയിച്ച്‌ നല്‍കിയാല്‍ ഒഴിപ്പിച്ചെടുക്കല്‍ കേരളത്തെ സംബന്ധിച്ച്‌ വലിയ പ്രശ്‌നമല്ലെന്ന്‌ അര്‍ഥം. ഇതല്ലെങ്കില്‍ പകരം ഭൂമിയും വികസനത്തിന്റെ ഭാഗമായെത്തുന്ന സ്ഥാപനങ്ങളില്‍ കുടുംബത്തിലൊരാള്‍ക്കെങ്കിലും ജോലിയും ലഭിച്ചാല്‍ കുടിയൊഴിപ്പിക്കല്‍ എളുപ്പമാവും. കൂടുതല്‍ ലാഭകരമായ ഒത്തുതീര്‍പ്പുകളിലേക്ക്‌ എത്തിക്കുക എന്നതാണ്‌ ഭൂമി ഏറ്റെടുക്കലിനെതിരെ ഉയരുന്ന ഭൂരിഭാഗം സമരങ്ങളുടെയും ലക്ഷ്യം. കുന്നിടിക്കല്‍, ജലസ്രോതസ്സുകള്‍ ഇല്ലാതാവല്‍ തുടങ്ങി ഉന്നയിക്കപ്പെടുന്ന പരിസ്ഥിതി പ്രശ്‌നങ്ങളൊക്കെ സമര വിജയത്തിനായുള്ള ചില പൊടിക്കൈകള്‍ മാത്രം. അതിലപ്പുറം പരിസ്ഥിതി പ്രശ്‌നങ്ങളില്‍ അടിയുറച്ചു നില്‍ക്കുന്നവര്‍ അപൂര്‍വം ആളുകള്‍ മാത്രമാണ്‌.വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ എന്ന `സ്വപ്‌ന പദ്ധതി'ക്കായി കൂടിയൊഴിക്കപ്പെട്ട മൂലമ്പിള്ളിക്കാര്‍ക്ക്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിന്റെ ആനുകൂല്യം ലഭിച്ചോ ഇല്ലയോ എന്നത്‌ ഇപ്പോള്‍ അവരുടെ മാത്രം പ്രശ്‌നമായി തുടരുന്നു. ഇതുതന്നെയാണ്‌ മറ്റിടങ്ങളിലും സംഭവിച്ചത്‌. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്‌ ഭൂമി ഏറ്റെടുത്തപ്പോള്‍ നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിച്ചില്ലെന്ന്‌ വിലപിക്കുന്നവരുടെ കൂടെ ഇപ്പോള്‍ ആരുമുണ്ടാവാന്‍ ഇടയില്ല. കൊച്ചി വിമാനത്താവളം ലാഭത്തില്‍ നിന്ന്‌ ലാഭത്തിലേക്ക്‌ കുതിക്കുന്ന സ്ഥാപനമാണ്‌. ആ സ്ഥാപനം മൂലമുണ്ടായ വികസനത്തിന്റെ ഗുണഭോക്താക്കളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ ആനുകൂല്യം ഇനിയും ലഭിച്ചില്ലെന്ന ഏതാനും പേരുടെ പരാതിക്ക്‌ സ്ഥാനമുണ്ടാവില്ല തന്നെ. തിരുവനന്തപുരത്ത്‌ കഴക്കൂട്ടത്ത്‌ ടെക്‌നോ പാര്‍ക്കിന്‌ ഭൂമി ഏറ്റെടുത്തപ്പോഴും ഇതേ പ്രശ്‌നങ്ങള്‍ ഉയര്‍ന്നിരുന്നു. കൂടിയൊഴിപ്പിക്കപ്പെട്ട പാവങ്ങളുടെ കഥക്കപ്പുറത്ത്‌ ടെക്‌നോപാര്‍ക്ക്‌ ഇന്ന്‌ സംസ്ഥാനത്തിന്റെ അഭിമാന ശിലകളിലൊന്നാണ്‌. കിനാലൂരില്‍ വ്യവസായ പാര്‍ക്കിലേക്ക്‌ നാലുവരി റോഡ്‌ നിര്‍മിക്കാനുള്ള പദ്ധതിക്കെതിരെ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ അവസാനത്തിലും ഇത്തരം ചില കാഴ്‌ചകളാണ്‌ കാത്തിരിക്കുന്നത്‌. ഇപ്പോഴത്തെ സര്‍ക്കാറിന്റെ കാലത്ത്‌ ഇതൊന്നും നടന്നുവെന്ന്‌ വരില്ല. പക്ഷേ, അടുത്ത സര്‍ക്കാറിന്റെ കാലത്ത്‌ ഇതേ മാതൃകയില്‍ തന്നെ കാര്യങ്ങള്‍ മുന്നോട്ടുപോവുമെന്ന്‌ ഉറപ്പിക്കാം. കാരണം കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ്‌ വ്യവസായം പോലെ തഴച്ചുവളര്‍ന്ന മറ്റൊന്ന്‌ ഇപ്പോഴില്ല. സമീപ ഭാവിയില്‍ ഉണ്ടാവുമെന്ന്‌ കരുതാനും വയ്യ.കിനാലൂരില്‍ വ്യവസായ പാര്‍ക്കിന്‌ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തപ്പോള്‍ തന്നെ അവിടെ ഭൂമി വാങ്ങിക്കൂട്ടിയവര്‍ ധാരാളമുണ്ട്‌. വ്യവസായ പാര്‍ക്ക്‌ വന്നാല്‍ ഭൂമിയുടെ വില വര്‍ധിക്കുമെന്നും അന്ന്‌ വിറ്റ്‌ ലാഭമെടുക്കാമെന്നും പ്രതീക്ഷിച്ച്‌ തന്നെയാണ്‌ അവര്‍ ഭൂമി വാങ്ങിയത്‌. വ്യവസായ പാര്‍ക്ക്‌ വരാനുള്ള സാധ്യതയെക്കുറിച്ച്‌ മുന്‍കൂര്‍ വിവരം ഭൂമി വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ നല്‍കുകയും ക്രയവിക്രയം നടത്തിക്കൊടുക്കുകയും ചെയ്യുന്നതിന്‌ ബ്രോക്കര്‍മാര്‍ ധാരാളമുണ്ടിവിടെ. അത്തരക്കാര്‍ക്ക്‌ വേണ്ട വിവരങ്ങള്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്ന്‌ ലഭിക്കുകയും ചെയ്യും. ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, മന്ത്രിയുടെ പാര്‍ട്ടിയിലെ നേതാക്കള്‍ തുടങ്ങി ഏത്‌ മാര്‍ഗത്തില്‍ നിന്ന്‌ വിവരങ്ങള്‍ ലഭിക്കുമോ ആ മാര്‍ഗം ബ്രോക്കര്‍മാര്‍ ഉപയോഗിക്കും. 
ചുരുക്കത്തില്‍ കിനാലൂരില്‍ നാമിന്ന്‌ കാണുന്നത്‌ വലിയൊരു ശൃംഖലയുടെ വര്‍ഷങ്ങള്‍ നീണ്ട ശ്രമങ്ങളുടെ ഫലമാണെന്ന്‌ പറയേണ്ടിവരും. അതിന്‌ ഏതെങ്കിലും മന്ത്രിയെയോ ഭരണത്തെയോ പാര്‍ട്ടിയെയോ മാത്രം കുറ്റം പറയുന്നതില്‍ അര്‍ഥമില്ല. റിയല്‍ എസ്റ്റേറ്റ്‌ സംസ്‌കാരത്തെ എളുപ്പത്തില്‍ സ്വീകരിച്ച, ഊഹക്കച്ചവടത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ തുനിയുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധികളാണ്‌ മന്ത്രിയും പാര്‍ട്ടിയുമെല്ലാം. കിനാലൂരില്‍ വ്യവസായ പാര്‍ക്ക്‌ വരുന്നുവെന്ന്‌ കേട്ടറിഞ്ഞ്‌ സ്ഥലം വാങ്ങാനെത്തിയവര്‍ക്ക്‌ സ്വന്തം സ്ഥലം കൈമാറാന്‍ സന്നദ്ധത കാട്ടിയ നാട്ടുകാര്‍ക്ക്‌ ഇതില്‍ ഉത്തരവാദിത്വമില്ലേ? അതിനു ശേഷം ഭൂമാഫിയ ഭൂമി വാങ്ങിക്കൂട്ടിയെന്ന്‌ ആരോപിക്കുന്നതില്‍ അര്‍ഥമെന്താണുള്ളത്‌?എറണാകുളം നഗരത്തോട്‌ ചേര്‍ന്നുള്ള വൈപ്പില്‍ ദ്വീപുകളുടെ കാര്യമെടുക്കുക. സഹോദരന്‍ അയ്യപ്പന്റെ കാലം മുതല്‍ തുടങ്ങിയതാണ്‌ വൈപ്പിനിലേക്ക്‌ പാലം വേണമെന്ന ആവശ്യം. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ ഗോശ്രീ അതോറിറ്റി സ്ഥാപിച്ച്‌ പാലം പണി തുടങ്ങി. പത്ത്‌ വര്‍ഷത്തിനപ്പുറമെങ്കിലും പാലം വരുമെന്ന്‌ ഉറപ്പായതോടെ ഇതേ റിയല്‍ എസ്റ്റേറ്റുകാര്‍ വൈപ്പിനില്‍ ഭൂമി വാങ്ങാന്‍ തുടങ്ങി. വില കൂടുതല്‍ കിട്ടുമെന്ന്‌ കണ്ടപ്പോള്‍ നാട്ടുകാര്‍ ഭൂമി വിറ്റു. കുടിവെള്ളവും റോഡ്‌ സൗകര്യവുമില്ലാതെ വര്‍ഷങ്ങള്‍ വലഞ്ഞ നാട്ടുകാര്‍ക്ക്‌ എങ്ങനെയും വിറ്റൊഴിഞ്ഞ്‌ പോയാല്‍ മതിയെന്ന അവസ്ഥയുണ്ടായിരുന്നു. അത്‌ റിയല്‍ എസ്റ്റേറ്റുകാര്‍ മുതലെടുത്തു. വൈപ്പിനില്‍ ജനിച്ച്‌ അവിടെത്തന്നെ ജീവിക്കുന്നവരുടെ എണ്ണം ഇന്ന്‌ കുറഞ്ഞിരിക്കുന്നു. കുടിയേറ്റക്കാര്‍ രമ്യഹര്‍മ്യങ്ങളും ഫ്‌ളാറ്റുകളും പണിതുയര്‍ത്തിയപ്പോള്‍ സ്വയം കുടിയൊഴിയാന്‍ നിര്‍ബന്ധിതരാവുന്ന ജനതയാണ്‌ ഇന്ന്‌ വൈപ്പിനിലുള്ളത്‌. ഇതും ഒരു തരത്തില്‍ പറഞ്ഞാല്‍ സ്വന്തം ജന്മദേശത്തു നിന്നുള്ള നിര്‍ബന്ധിത കുടിയൊഴിപ്പിക്കലാണ്‌. പക്ഷേ, ആര്‍ക്കും ഒന്നും ചെയ്യാനാവില്ല. സംഘടിച്ച്‌ ചെറുക്കാനാവില്ല. അസംതുലിതമായ വികസനത്തിന്റെ ഇരകളെന്ന്‌ നമുക്കിവരെ വിളിക്കാമെന്ന്‌ മാത്രം.കിനാലൂരില്‍ നാലുവരി റോഡിന്‌ ഭൂമി വിട്ടുകൊടുക്കാന്‍ മടിക്കുന്നവരുടെ ഇപ്പോഴത്തെ പ്രശ്‌നം സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയാവാനാണ്‌ സാധ്യത. പൊന്നും വിലക്ക്‌ (ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ നല്‍കുന്ന വിലക്ക്‌ ഇങ്ങനെയാണ്‌ വിളിപ്പേര്‌) ഇപ്പോള്‍ ഭൂമി നല്‍കുന്നതിലും നല്ലത്‌ വികസന പദ്ധതി പ്രാവര്‍ത്തികമായി ഭൂമിക്ക്‌ വില കുറേക്കൂടി വര്‍ധിച്ചശേഷം വില്‍ക്കുന്നതല്ലേ എന്ന്‌ ചിന്തിക്കുക സ്വാഭാവികം. നാമെല്ലാം ഊഹ വിപണിയുടെ ഉപഭോക്താക്കളോ ഊഹ വിപണിയുടെ സാധ്യതകളില്‍ അഭിരമിച്ച്‌ ജീവിക്കുന്നവരോ ആണെന്നതാണ്‌ വസ്‌തുത. അത്‌ അറിഞ്ഞ്‌ പെരുമാറാനുള്ള ഔചിത്യം സര്‍ക്കാര്‍ കാട്ടുന്നില്ല എന്നതാണ്‌ പ്രശ്‌നം. പത്ത്‌ വര്‍ഷത്തിനപ്പുറം ലഭിക്കാനിടയുള്ള വില കണക്കാക്കി സര്‍ക്കാര്‍ ഒരു പേശലിന്‌ ഇറങ്ങിയിരുന്നുവെങ്കില്‍ ചാണക വെള്ളമൊഴിക്കലും പോലീസിന്റെ മര്‍ദനവും ഒഴിവാക്കാമായിരുന്നു. അങ്ങനെയൊരു വാങ്ങല്‍ നടത്തിയിരുന്നുവെങ്കില്‍ സര്‍ക്കാര്‍ ഖജനാവിന്‌ നഷ്‌ടം വരുത്തിയെന്ന ആരോപണം നേരിടേണ്ടിവരുമെന്ന്‌ മാത്രം. വാര്‍ഷിക കണക്കെടുപ്പില്‍ കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലിന്റെ കുറ്റപ്പെടുത്തലുമുണ്ടാവും. മാറിവരുന്ന സര്‍ക്കാര്‍ എതിര്‍പക്ഷത്തിന്റെതാണെങ്കില്‍ ഒരു വിജിലന്‍സ്‌ അന്വേഷണവുമുണ്ടായേക്കാം. പക്ഷേ, കാര്യങ്ങള്‍ ആ വഴിക്ക്‌ ആലോചിക്കേണ്ട കാലമായിരിക്കുന്നു.
റിയല്‍ എസ്റ്റേറ്റ്‌, നിര്‍മാണ മേഖലകള്‍ക്കും ഊഹ വിപണിക്കും എല്ലാ സഹായവും ചെയ്‌തു കൊടുക്കുന്ന ഭരണ വ്യവസ്ഥയാണ്‌ രാജ്യത്ത്‌ നിലനില്‍ക്കുന്നത്‌. ബോംബെ സ്റ്റോക്‌ എക്‌സ്‌ചേഞ്ചിലെയും നാഷനല്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചിലെയും സൂചികകള്‍ ഇടിയുമ്പോള്‍ അത്‌ തടയുന്നതിന്‌ ബദ്ധശ്രദ്ധമാണ്‌ കേന്ദ്ര സര്‍ക്കാര്‍. അത്തരമൊരു വികസന സങ്കല്‍പ്പത്തിന്റെ ബാക്കി മാത്രമേ കേരളത്തിലും ഉണ്ടാവാന്‍ ഇടയുള്ളൂ. ഇത്തരം പദ്ധതികള്‍ കേരളത്തില്‍ നിന്ന്‌ അന്യമായി നിന്നാലോ; വികസനവിരുദ്ധരെന്ന്‌ മുദ്രകുത്തപ്പെടുകയും ചെയ്യും. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി എസ്‌ അച്യുതാനന്ദനെ എതിരാളികളും കൂട്ടാളികളും ഒരേപോലെ വിശേഷിപ്പിച്ചത്‌ വികസനവിരുദ്ധനെന്നായിരുന്നു. ദുബൈയിലെ ടീകോമിന്‌ ഭൂമിയില്‍ സ്വതന്ത്രാവകാശം നല്‍കി സ്‌മാര്‍ട്ട്‌ സിറ്റി പ്രാബല്യത്തിലാക്കാത്തതിന്‌ ഇപ്പോഴും വി എസ്സിനെ കുറ്റപ്പെടുത്തുന്നുമുണ്ട്‌. 
ജനങ്ങളില്‍ നിന്ന്‌ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ ടീ കോമിന്‌ സ്വതന്ത്ര അവകാശം നല്‍കുന്നതിലെ അനൗചിത്യം ഇവിടെ പ്രശ്‌നമാവുന്നില്ല. 
ചുരുക്കത്തില്‍ വ്യത്യസ്‌ത രാഷ്‌ട്രീയ താത്‌പര്യങ്ങള്‍ക്ക്‌ വളക്കൂറുള്ള മണ്ണായി ഭൂമി മാറുന്നുവെന്നേയുള്ളൂ. അതുകൊണ്ടാണ്‌ കിനാലൂരില്‍ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സമരം ചെയ്യുന്നവരില്‍ ഭൂരിപക്ഷവും ഭൂമി ഏറ്റെടുക്കാന്‍ ശ്രമിക്കുന്നവരും മൂന്നാറില്‍ ചെല്ലുമ്പോള്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കുന്നതിനെതിരെ സമരത്തിന്‌ കൈകോര്‍ക്കുന്നത്‌. ചെറുകിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനെതിരെ മാത്രമല്ല മൂന്നാറിലെ സമരം. വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്‌ എതിരെകൂടിയാണ്‌. വിനോദ സഞ്ചാരത്തിന്റെ നാഡികളായ റിസോര്‍ട്ടുകള്‍ ഒഴിപ്പിച്ചാല്‍, കോടികളുടെ ഒഴുക്ക്‌ തടയപ്പെടും. ഇതുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നവരുടെ ഉപജീവനത്തെ ബാധിക്കും. എല്ലാവരുടെയും വരുമാനം കുറയും. അതുകൊണ്ടാണ്‌ പള്ളിയും പട്ടക്കാരും സി പി എമ്മുമായി ചേര്‍ന്ന്‌ പോലും സമരം നടത്തുന്നത്‌. 
എല്ലാ സമരങ്ങളുടെയും അവസാനം നഷ്‌ടങ്ങളുടെ പട്ടികയുമായി ചിലരുണ്ടാവും. അവര്‍ക്ക്‌ നെടുമ്പാശ്ശേരിയിലായാലും മൂലമ്പള്ളിയിലായാലും കിനാലൂരിലായാലും ഒരേ ഛായയായിരിക്കും. അവരുടെ രോദനങ്ങള്‍ക്ക്‌ വിലയുണ്ടാവുകയുമില്ല. ഭൂമി ഏറ്റെടുക്കാന്‍ ശ്രമിച്ചവരോ അതിനെതിരെ സമരം ചെയ്‌തവരോ ഈ രോദനങ്ങള്‍ക്കൊപ്പമുണ്ടാവുകയുമില്ല. ഇവരെ അഭിമുഖീകരിച്ച്‌ ഭൂമി ഏറ്റെടുക്കലിന്‌ സുതാര്യവും വ്യക്തവുമായ നയനിലപാടുകള്‍ രൂപവത്‌കരിക്കാനും പുനരധിവാസ പാക്കേജുകള്‍ നടപ്പാക്കാനും സാധിക്കുമോ?