2010-05-07

കൈക്കരുത്തറിയിക്കുന്ന കണക്കുകള്‍



ജപ്പാനിലെ ഹിരോഷിമയില്‍ നൊടിയിടകൊണ്ട്‌ പൊലിഞ്ഞത്‌ ഒന്നര ലക്ഷത്തിലധികം ജീവനാണ്‌. മൂന്ന്‌ ദിവസത്തിനു ശേഷം നാഗസാക്കിയില്‍ എണ്‍പതിനായിരത്തോളം ജീവനുകളും നിമിഷ നേരം കൊണ്ട്‌ എരിഞ്ഞടങ്ങി. മനുഷ്യ ജീവന്റെ കണക്ക്‌ മാത്രമാണിത്‌. ഭൂമിയുടെ അവകാശികളായ മറ്റു ജീവജാലങ്ങളുടെ നാശത്തിന്റെ കണക്ക്‌ ലഭ്യമല്ല. ലിറ്റില്‍ ബോയ്‌, ഫാറ്റ്‌ മാന്‍ എന്നീ പേരുകളില്‍ അമേരിക്ക വിശേഷിപ്പിച്ച ആണവ ബോംബുകളാണ്‌ നാശം വിതച്ചത്‌. ഹിരോഷിമയില്‍ പ്രയോഗിച്ച ബോംബ്‌ സൃഷ്‌ടിച്ച ആഘാതത്തിന്റെ അളവ്‌ രണ്ടാമതൊന്ന്‌ കൂടി പ്രയോഗിക്കുന്നതിന്‌ അമേരിക്കക്ക്‌ തടസ്സമായില്ല. അണുവികിരണമേറ്റ്‌ പിന്നീട്‌ നരകിച്ചു മരിച്ചവര്‍ നിരവധി. വൈകല്യങ്ങളുമായി ജനിച്ച്‌ ദുരിത ജീവിതം തുടരാന്‍ വിധിക്കപ്പെട്ടവരും അനേകായിരങ്ങളാണ്‌. സര്‍വവിനാശകാരിയായ അത്തരമൊരു ആക്രമണം ഇതുവരെ അമേരിക്ക മാത്രമേ നടത്തിയിട്ടുള്ളൂ. അത്തരമൊരു ആക്രമണം നടത്താന്‍ ആധിപത്യ ദുര മൂത്ത അവര്‍ക്കു മാത്രമേ മനസ്സ്‌ വരുമായിരുന്നുള്ളൂ. 



ഇന്നലെ ജപ്പാനില്‍ പ്രയോഗിച്ചത്‌ നാളെ നമുക്കുനേരെയും വരാമെന്ന ഭീതി മറ്റു രാജ്യങ്ങളെ ബാധിച്ചു. ബ്രഹ്‌മാസ്‌ത്രം പ്രയോഗിക്കാനുള്ള സാധ്യത തടുക്കണമെങ്കില്‍ ബ്രഹ്‌മാസ്‌ത്രം സ്വന്തമായുണ്ടാവണമെന്ന തീരുമാനത്തിലേക്ക്‌ ഓരോ രാജ്യവും എത്തി. അമേരിക്ക അണുബോംബുണ്ടാക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന്‌ സോവിയറ്റ്‌ യൂനിയന്‍ ആ വഴിക്ക്‌ നീങ്ങുകയും 1949ല്‍ ആദ്യത്തെ ആയുധ പരീക്ഷണം നടത്തുകയും ചെയ്‌തു. ബ്രിട്ടന്‍, ഫ്രാന്‍സ്‌, ചൈന എന്നിവയൊക്കെ ഇതേ പാത പിന്തുടര്‍ന്നവരാണ്‌. രണ്ട്‌ അണുബോംബുകള്‍ മാനവരാശിക്കു മേല്‍ പ്രയോഗിച്ച അമേരിക്ക ഒരു വശത്ത്‌ സ്വന്തം ആയുധ ശേഖരം വര്‍ധിപ്പിക്കുകയും മറുഭാഗത്ത്‌ ആണവ നിര്‍വ്യാപനത്തിന്റെ ആവശ്യകത ലോക രാജ്യങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന കാഴ്‌ചയാണ്‌ പിന്നീട്‌ കണ്ടത്‌. 







1968ല്‍ ആണവ നിര്‍വ്യാപന കരാര്‍ (നോണ്‍ പ്രൊലിഫിറേഷന്‍ ട്രീറ്റി - എന്‍ പി ടി) ഒപ്പ്‌ വെക്കുന്നത്‌ ഈ ശ്രമങ്ങളുടെ തുടര്‍ച്ചയായാണ്‌. എന്‍ പി ടിക്ക്‌ എന്തുകൊണ്ട്‌ അമേരിക്ക മുന്‍കൈ എടുത്തുവെന്ന ചോദ്യത്തിന്‌ അവരുടെ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ കണക്കുകള്‍ തന്നെ സാക്ഷ്യം പറയും. 1967 ആവുമ്പോഴേക്കും അമേരിക്കയുടെ ആണവ ആവനാഴിയിലുണ്ടായിരുന്ന അസ്‌ത്രങ്ങളുടെ എണ്ണം 31,255 ആയിക്കഴിഞ്ഞിരുന്നു. ഇത്രയും ആയുധങ്ങള്‍ സ്വന്തമായുള്ളവര്‍ക്ക്‌ പിന്നെ നിര്‍വ്യാപനത്തെക്കുറിച്ച്‌ സംസാരിക്കാന്‍ മടിയുണ്ടാവില്ല. ലിറ്റില്‍ ബോയ്‌, ഫാറ്റ്‌ മാന്‍ മാതൃകയില്‍ നിന്ന്‌ അപ്പോള്‍ തന്നെ ഏറെ പുരോഗമിച്ചു കഴിഞ്ഞിട്ടുണ്ടാവണം.



ഇപ്പോള്‍ എന്‍ പി ടിയിലെ പുനരവലോകനത്തെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍ അമേരിക്ക പറയുന്നു അവരുടെ പക്കല്‍ 5,113 ആണവായുധങ്ങളുണ്ടെന്ന്‌. 1967ലെ ശേഖരവുമായി താരതമ്യം ചെയ്യുമ്പോള്‍ ആയുധങ്ങളുടെ എണ്ണത്തില്‍ 80 ശതമാനം കുറവാണ്‌ തങ്ങള്‍ വരുത്തിയതെന്നും നിര്‍വ്യാപനത്തിന്റെയും നിര്‍മാര്‍ജനത്തിന്റെയും കാര്യത്തില്‍ അമേരിക്കക്കുള്ള പ്രതിജ്ഞാബദ്ധതയാണ്‌ ഇത്‌ കാണിക്കുന്നതെന്നും അവര്‍ അവകാശപ്പെടുന്നു. കണക്കുകളുടെ താരതമ്യത്തില്‍ ഈ അവകാശവാദം ശരിയായിരിക്കാം. എന്നാല്‍ സാങ്കേതിക വിദ്യയില്‍ കൈവരിച്ച മുന്നേറ്റം കണക്കിലെടുക്കുമ്പോള്‍ ഇപ്പോഴുള്ള അയ്യായിരത്തിന്‌ മുമ്പുണ്ടായിരുന്ന മുപ്പതിനായിരത്തിനേക്കാള്‍ പ്രഹര ശേഷിയുണ്ടാവും. ലിറ്റില്‍ ബോയ്‌ ഉപയോഗിച്ച്‌ ഒരു ഹിരോഷിമ തകര്‍ക്കാനേ കഴിഞ്ഞുള്ളൂവെങ്കില്‍ ഇപ്പോള്‍ അമേരിക്കയുടെ കൈവശമുള്ള ലിറ്റില്‍ ബോയ്‌ കുറഞ്ഞത്‌ പത്ത്‌ ഹിരോഷിമകളെയെങ്കിലും തകര്‍ക്കാന്‍ ത്രാണിയുള്ളതാവുമെന്ന്‌ അര്‍ഥം. വേണമെങ്കില്‍ അമേരിക്കയൊഴികെ ഭൂഗോളത്തിലെ മറ്റെല്ലാ സ്ഥലങ്ങളെയും തകര്‍ത്തുപൊടിക്കാന്‍ പാകത്തില്‍ ആയുധങ്ങള്‍ തയ്യാറാണ്‌. 




റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്‌ തുടങ്ങിയ രാജ്യങ്ങളുടെ പക്കലും ഏതാണ്ട്‌ ഇതിനൊപ്പം ആയുധങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്‌. ഇനിയൊരിക്കല്‍ ആണവായുധം ഉപയോഗിക്കാന്‍ ആരും തയ്യാറായേക്കില്ല. പക്ഷേ, തങ്ങളുടെ ആയുധശേഷി ഉപയോഗിച്ച്‌ മറ്റു രാജ്യങ്ങളെ ഭീഷണിപ്പെടുത്തി ചൊല്‍പ്പടിക്ക്‌ നിര്‍ത്താന്‍ ഇവര്‍ക്ക്‌ സാധിച്ചേക്കും. അതാണ്‌ അമേരിക്കയും സഖ്യ ശക്തികളും കുറേക്കാലമായി ചെയ്‌തുവരുന്നതും.
ഇത്രയും ആയുധങ്ങള്‍ സ്വന്തമാക്കിവെച്ചുകൊണ്ടാണ്‌ ഇറാഖില്‍ സദ്ദാം ഭരണകൂടം മാരക പ്രഹരശേഷിയുള്ള ആയുധം നിര്‍മിക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ ആരോപിച്ച്‌ ആ രാജ്യത്തെ അമേരിക്ക ആക്രമിച്ചത്‌. മാരക പ്രഹര ശേഷിയുള്ള ആയുധമെന്നേ പറഞ്ഞുള്ളൂ, അത്‌ ആണവായുധമാണെന്ന്‌ ആരോപണമുണ്ടായിരുന്നില്ല. എന്നിട്ടും ലോകത്തിനാകെ വെല്ലുവിളിയായി സദ്ദാമും ഇറാഖും മാറുന്നുവെന്ന്‌ ആരോപിക്കാനും അതിന്‌ ഐക്യരാഷ്‌ട്ര സഭയുടെയുടെയും രക്ഷാസമിതിയുടെയും അംഗീകാരം വാങ്ങിയെടുക്കാനും അമേരിക്കക്ക്‌ സാധിച്ചു. എന്തുകൊണ്ട്‌ ആരും എതിര്‍ക്കാനുണ്ടായില്ല എന്ന്‌ ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഈ 5,113 എന്ന അക്കം നല്‍കും. ഇറാഖിനെ ആക്രമിക്കാന്‍ ആരംഭിച്ച നാളുകളില്‍ അക്കം ഇതിനും മുകളിലുള്ള ഏതെങ്കിലുമായിരിക്കും.



5,113 ആണവായുധങ്ങളേ തങ്ങളുടെ പക്കലുള്ളൂ എന്ന്‌ അമേരിക്ക പറയുന്നു, ലോകം അത്‌ വിശ്വസിക്കുന്നു. അതിലപ്പുറം ഉണ്ടോ ഇല്ലയോ എന്ന്‌ പരിശോധിക്കാന്‍ ആര്‍ക്കും സാധിക്കില്ല. എന്നാല്‍ മറ്റ്‌ രാജ്യങ്ങളുടെ കാര്യത്തിലാവുമ്പോള്‍ പരിശോധനകള്‍ക്ക്‌ അമേരിക്ക തന്നെ മുന്‍കൈ എടുക്കും. ഇറാഖില്‍ മാരക പ്രഹര ശേഷിയുള്ള ആയുധങ്ങളുണ്ടോ എന്ന്‌ കണ്ടെത്താന്‍ യു എന്‍ ആയുധ പരിശോധകരെ നിയോഗിച്ചത്‌ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സമ്മര്‍ദ ഫലമായിട്ടാണ്‌. അവര്‍ പരിശോധിച്ച്‌ ഒന്നും കണ്ടെത്താതിരുന്നപ്പോള്‍ സദ്ദാം ഭരണകൂടം പരിശോധനകളോട്‌ വേണ്ടവിധത്തില്‍ സഹകരിച്ചില്ല എന്നായി ആരോപണം. മറ്റു രാജ്യങ്ങളില്‍ പരിശോധന അനിവാര്യം. അവിടെയുള്ള ഭരണകൂടങ്ങള്‍ പരിശോധകരുമായി പൂര്‍ണമായി (അമേരിക്കയുടെ തൃപ്‌തിയാണ്‌ പൂര്‍ണതയുടെ മാനദണ്ഡം)സഹകരിക്കേണ്ടതുമുണ്ട്‌. പക്ഷേ, ഇതൊന്നും അമേരിക്കയുടെ കാര്യത്തിലാവുമ്പോള്‍ നിര്‍ബന്ധവുമല്ല. അവരുടെ വാക്കുകള്‍ ലോകം വിശ്വസിച്ചുകൊള്ളണം. അത്‌ മാതൃകയാക്കി മറ്റ്‌ രാജ്യങ്ങള്‍ പ്രവര്‍ത്തിക്കുകയും വേണം. 




ആയുധങ്ങളുടെ കണക്കുപുസ്‌തകം തങ്ങള്‍ തുറന്നുകാട്ടിയെന്നും ഇന്ത്യയും റഷ്യയും ചൈനയും പാക്കിസ്ഥാനും ഇതേ മാതൃക പിന്തുടരണമെന്നും യു എസ്‌ പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്‌. ഈ പട്ടികയില്‍ നിന്ന്‌ സഖ്യകക്ഷികളായ ഫ്രാന്‍സ്‌, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളെ ഒഴിവാക്കിയത്‌ പ്രത്യേക ഉദ്ദേശ്യത്തോടെയാവണമെന്നില്ല. പക്ഷേ, മറ്റൊരു രാജ്യത്തെ ഒഴിവാക്കിയതിലെ കൃതഹസ്‌തത കാണാതിരിക്കാനാവില്ല - ഇസ്‌റാഈലിനെ. 




ഇസ്‌റാഈല്‍ രഹസ്യമായി ആണവ പദ്ധതികള്‍ നടത്തുന്നുണ്ടെന്നും ഇതിനകം നിരവധി ആണവായുധങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. ഇത്‌ നിഷേധിക്കാന്‍ ഇസ്‌റാഈല്‍ തയ്യാറായിട്ടില്ല. സാങ്കേതിക വിദ്യാ മേഖലയില്‍, പ്രത്യേകിച്ച്‌ ആയുധ സാങ്കേതിക വിദ്യയില്‍ ലോകത്തുതന്നെ മുന്‍പന്തിയിലുള്ള രാജ്യമാണ്‌ ഇസ്‌റാഈല്‍. റഡാറുകളുടെ കെണിയില്‍പ്പെടാതെ താഴ്‌ന്ന്‌ പറക്കാന്‍ ശേഷിയുള്ള പോര്‍ വിമാനങ്ങള്‍ (സ്റ്റെല്‍ത്ത്‌ ബോംബറുകള്‍) ആദ്യം നിര്‍മിച്ചത്‌ ഇസ്‌റാഈലാണ്‌. അമേരിക്ക പോലും ഇസ്‌റാഈലില്‍ നിന്ന്‌ ഈ സാങ്കേതിക വിദ്യ വാങ്ങുകയായിരുന്നു. ഇസ്‌റാഈലിന്റെ ഈ മേല്‍ക്കൈയും അമേരിക്കയും യൂറോപ്പിലെ രാജ്യങ്ങളും കൈയയച്ച്‌ നല്‍കുന്ന സാമ്പത്തിക പിന്തുണയും കണക്കിലെടുത്താല്‍ ആ രാജ്യം എത്രയോ കാലം മുമ്പ്‌ അണുബോംബ്‌ നിര്‍മിച്ചിട്ടുണ്ടാവണം. എന്നാല്‍ ഇതേക്കുറിച്ച്‌ പരിശോധന നടത്തണമെന്ന്‌ ആവശ്യപ്പെടാന്‍ അമേരിക്ക തയ്യാറല്ല. അണുബോംബ്‌ സ്വന്തമായുണ്ടോ ഇല്ലയോ എന്ന്‌ വ്യക്തമാക്കണമെന്നും ആവശ്യപ്പെടുന്നില്ല. ഇതേ അമേരിക്കയാണ്‌ അണുബോംബുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ ആരോപിച്ച്‌ വര്‍ഷങ്ങളായി ഇറാന്റെയും ഉത്തര കൊറിയയുടെയും പിന്നാലെ കൂടുന്നത്‌. കമ്മ്യൂണിസ്റ്റ്‌ ഭരണസമ്പ്രദായം നിലനില്‍ക്കുന്ന ഉത്തര കൊറിയ കാര്യങ്ങള്‍ പരമാവധി രഹസ്യമാക്കി സൂക്ഷിക്കാന്‍ ശ്രമിക്കുന്ന രാജ്യമാണ്‌. അതുകൊണ്ടുതന്നെ അവര്‍ പരസ്യ പ്രസ്‌താവനകളൊന്നും നടത്താറില്ല, പ്രത്യേകിച്ച്‌ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട കാര്യത്തില്‍. ഇസ്‌റാഈലിന്റെ കാര്യത്തിലെന്നപോലെ ഉത്തര കൊറിയയും ആണവായുധം ഇതിനകം സ്വന്തമാക്കിയെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. 



പക്ഷേ, ഇറാന്‍ ആണവായുധം സ്വന്തമാക്കിയതായി റിപ്പോര്‍ട്ടില്ല. ആണവായുധം നിര്‍മിക്കാന്‍ പാകത്തില്‍ യുറേനിയം സമ്പുഷ്‌ടീകരിച്ചെടുക്കാന്‍ നിലവില്‍ ഇറാനിലുള്ള പ്ലാന്റുകള്‍ക്ക്‌ സാധിക്കില്ലെന്നതും വ്യക്തമായ കാര്യമാണ്‌. രാജ്യത്തിന്റെ ഊര്‍ജാവശ്യം നേരിടുന്നതിനാണ്‌ ആണവ സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന്‌ അവര്‍ ആവര്‍ത്തിക്കുന്നുമുണ്ട്‌. അമേരിക്ക പുറത്തിറക്കിയ ആയുധക്കണക്ക്‌ തൊണ്ടതൊടാതെ വിഴുങ്ങുന്നവര്‍ ഇറാന്റെ പ്രഖ്യാപനങ്ങളെ വിശ്വസിക്കുന്നില്ല. എന്തുകൊണ്ട്‌ എന്ന ചോദ്യത്തിന്‌ അമേരിക്ക വിശ്വസിക്കാത്തതുകൊണ്ട്‌ എന്ന്‌ മാത്രമേ മറുപടിയുള്ളൂ. 5,113 ആണവായുധങ്ങള്‍ സ്വന്തം ശേഖരത്തിലുള്ള ഒരു രാജ്യമാവുമ്പോള്‍ അവരുടെ പ്രസ്‌താവനകള്‍ വിശ്വസിക്കാതെ തരമില്ലല്ലോ? ന്യായാന്യായങ്ങള്‍ അവരുടെ വിധിതീര്‍പ്പിന്‌ വിധേയവുമാവുമല്ലോ?



എന്‍ പി ടിയുടെ സമഗ്രമായ പുനരവലോകനമാണ്‌ ലക്ഷ്യമിടുന്നത്‌ എന്ന്‌ ബരാക്‌ ഒബാമ ഭരണകൂടം ആവര്‍ത്തിക്കുന്നുണ്ട്‌. 1967വരെ അണ്വായുധങ്ങള്‍ പരീക്ഷിച്ച രാജ്യങ്ങള്‍ക്ക്‌ പ്രത്യേക പദവി അനുവദിക്കുന്ന നിലവിലെ എന്‍ പി ടി വിവേചനപരമാണെന്നാണ്‌ ഇന്ത്യയുടെ നിലപാട്‌. ഇക്കാരണം ചൂണ്ടിക്കാട്ടി എന്‍ പി ടിയില്‍ ഒപ്പിടാതിരുന്ന ഇന്ത്യ ഇപ്പോള്‍ നടക്കുന്ന പുനരവലോകന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നില്ല. പുനരവലോകനത്തിന്റെ ഭാഗമായി 1975വരെ ആണവായുധം പരീക്ഷിച്ച രാജ്യങ്ങള്‍ക്ക്‌ പ്രത്യേക പദവി നല്‍കാന്‍ തീരുമാനിച്ചാല്‍ ഇന്ത്യയുടെ എതിര്‍പ്പുകള്‍ അവസാനിക്കും. എന്‍ പി ടിയില്‍ ഒപ്പ്‌ വെക്കാന്‍ പിന്നെ മടിയുണ്ടാവില്ല. മറ്റു രാജ്യങ്ങളെ സംബന്ധിച്ച്‌ കരാര്‍ വിവേചനപരമായി നിലനില്‍ക്കുന്നുവെന്ന വസ്‌തുത നമുക്കപ്പോള്‍ പ്രശ്‌നമാവില്ല. അമേരിക്കയുമായുണ്ടാക്കിയ സൗഹൃദം കൊണ്ട്‌ ലഭിച്ച നേട്ടമായി ആഘോഷിക്കപ്പെടുകയും ചെയ്യും.



ഏതുവിധത്തിലും ഇന്ത്യയെ എന്‍ പി ടിയില്‍ ഒപ്പ്‌ വെപ്പിക്കാന്‍ അമേരിക്ക സമ്മര്‍ദം ചെലുത്തുന്നുണ്ട്‌. എല്ലാം ആധിപത്യം നിലനിര്‍ത്താനുള്ള അമേരിക്കന്‍ ശ്രമത്തിന്റെ ഭാഗം. ഒപ്പം ശത്രുപക്ഷത്ത്‌ നിര്‍ത്തിയിരിക്കുന്ന രാജ്യങ്ങളെ ശിക്ഷിക്കാനുള്ള തന്ത്രവും. ആ നിലക്ക്‌ 5,113 ആയുധങ്ങള്‍ പക്കലുണ്ട്‌ എന്ന പ്രഖ്യാപനം കണക്ക്‌ വെളിപ്പെടുത്തല്‍ മാത്രമല്ല, എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പു കൂടിയാണ്‌. ആധിപത്യം അംഗീകരിച്ച,്‌ അമേരിക്കയുടെ വ്യാപാര, വാണിജ്യ, സൈനിക താത്‌പര്യങ്ങള്‍ നിവര്‍ത്തിച്ച്‌ കൊടുക്കുന്നവര്‍ക്ക്‌ ഭൂമിയില്‍ സമാധാനം, അല്ലാത്തവര്‍ക്ക്‌ നരകം.

No comments:

Post a Comment