2010-05-27

എന്തിനോടാണ്‌ സോളിഡാരിറ്റിതദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പ്‌ ഒരു വര്‍ഷത്തിനിടെ നടക്കാനിരിക്കെ പതിവിലും നേരത്തെ രാഷ്‌ട്രീയ കരുനീക്കങ്ങള്‍ സജീവമാകുന്ന കാഴ്‌ചയാണ്‌ സംസ്ഥാനത്ത്‌. ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയം നേരത്തെ കച്ച മുറുക്കാന്‍ സി പി എമ്മിനെ പ്രേരിപ്പിക്കുന്നുണ്ടാവണം. കേരള കോണ്‍ഗ്രസ്‌(ജോസഫ്‌) പൊടുന്നനെ മുന്നണി വിട്ടതും അഞ്ച്‌ വര്‍ഷം കൂടുമ്പോള്‍ മുന്നണിയെ മാറ്റിപ്പരീക്ഷിക്കുക എന്ന കേരളത്തിലെ പതിവ്‌ ആവര്‍ത്തിക്കുമെന്ന പ്രചാരണവും ഈ തയ്യാറെടുപ്പിന്‌ മറ്റൊരു പ്രേരണയാണ്‌. അഞ്ചാം വര്‍ഷത്തിലേക്ക്‌ കടക്കുന്ന സര്‍ക്കാര്‍ ഇതിനകം നടപ്പാക്കിയതും ഇനി നടപ്പാക്കാന്‍ പോകുന്നതുമായ പദ്ധതികള്‍ വിശദീകരിച്ച്‌ വ്യാപകമായി പരസ്യം ചെയ്യുന്നതിന്റെ ലക്ഷ്യവും മറ്റൊന്നല്ല. 
ഒഴിവാക്കാമായിരുന്ന വിവാദങ്ങളും ഭൂമി ഏറ്റെടുക്കല്‍ പോലുള്ള കാര്യങ്ങളില്‍ കാട്ടിയ അനാവശ്യ തിടുക്കവും മറ്റും നീക്കിനിര്‍ത്തിയാല്‍ വി എസ്‌ അച്യുതാനന്ദന്‍ സര്‍ക്കാറിനെ ഭേദപ്പെട്ടത്‌ എന്ന്‌ തന്നെ വിലയിരുത്തേണ്ടി വരും. പക്ഷേ, ഭരണത്തിന്റെ മികവിനേക്കാള്‍ ഉപരി തിരഞ്ഞെടുപ്പ്‌ ഫലത്തെ സ്വാധീനിക്കാവുന്ന അടിയൊഴുക്കുകള്‍ ഇവിടെയുണ്ടാവാറുണ്ട്‌. അത്തരം അടിയൊഴുക്കുകള്‍ക്ക്‌ നേരത്തെ അരങ്ങൊരുങ്ങുന്നുവെന്നതാണ്‌ ഇക്കുറിയുള്ള പ്രത്യേകത.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി ഡി പി നേതാവ്‌ അബ്‌ദുന്നാസര്‍ മഅ്‌ദനി മുതല്‍ ബി ജെ പി വിട്ടിറങ്ങിയ കെ രാമന്‍ പിള്ള വരെയുള്ളവരെ നിരത്തി സി പി എം നടത്തിയ പരീക്ഷണം അമ്പേ പാളിയിരുന്നു. തിരഞ്ഞെടുപ്പ്‌ പരാജയത്തിന്റെ കാരണം മഅ്‌ദനിയായിരുന്നുവെന്ന്‌ വിളിച്ചുപറയാനുള്ള മര്യാദകേട്‌ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കാട്ടിയില്ല എന്നേയുള്ളൂ. പി ഡി പിയുമായുള്ള ബന്ധത്തെക്കുറിച്ച്‌ പ്രതിപക്ഷം നടത്തിയ പ്രചാരണങ്ങള്‍ ബഹുജനങ്ങളുടെ മനസ്സില്‍ അനാവശ്യ സംശയങ്ങള്‍ക്ക്‌ വഴിവെച്ചുവെന്നും അത്‌ മറികടക്കും വിധത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഇടതു മുന്നണിക്ക്‌ സാധിച്ചില്ല എന്നുമായിരുന്നു സി പി എമ്മിന്റെ വിലയിരുത്തല്‍. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കൊപ്പം നിലയുറപ്പിച്ച ക്രിസ്‌ത്യന്‍, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ ഒപ്പമില്ല എന്ന്‌ സി പി എം നേതൃത്വം തിരിച്ചറിയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായത്‌ അതാണ്‌. അപ്പോള്‍ പിന്നെ ഇപ്പോഴും ഒപ്പം നില്‍ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ പിണക്കാതെ മറ്റ്‌ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കുക എന്നതാണ്‌ പിണറായി വിജയന്‍ ഇപ്പോള്‍ ആവിഷ്‌കരിച്ചിരിക്കുന്ന തന്ത്രം.ഈ തന്ത്രത്തിന്‌ അടിത്തറയിടുന്നത്‌ കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗം മാണി ഗ്രൂപ്പില്‍ ലയിക്കാന്‍ തീരുമാനിക്കുന്നതോടെയാണ്‌. ഇടതു മുന്നണിയില്‍ പ്രത്യേകിച്ചൊരു പ്രശ്‌നം അഭിമുഖീകരിക്കാതിരിക്കെ പി ജെ ജോസഫ്‌ എന്തുകൊണ്ട്‌ മാണിയില്‍ ലയിക്കാന്‍ തീരുമാനിച്ചു? ഈ ചോദ്യത്തിന്‌ അണിയറയില്‍ ചരടുവലികള്‍ നടന്നുവെന്ന ഉത്തരമാണ്‌ ലഭിക്കുക. ആ ചരടുവലിയില്‍ കത്തോലിക്കാ സഭയുടെ നേതൃത്വത്തിന്‌ പങ്കുണ്ട്‌ എന്നത്‌ തര്‍ക്കമറ്റ സംഗതിയാണ്‌. ഇത്‌ സി പി എമ്മിന്‌ മാത്രമല്ല കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനുമൊക്കെ ബോധ്യമുണ്ട്‌. ഈ ചരടുവലിയില്‍ നിലവിലുള്ള സമവാക്യങ്ങളൊക്കെ മാറാം. ഓരോ പാര്‍ട്ടിയുടെയും നിയമസഭാ സീറ്റുകളുടെ എണ്ണം മാറാം. മന്ത്രി സ്ഥാനങ്ങള്‍ മാറാം. അത്തരം മാറ്റങ്ങള്‍ നഷ്‌ടങ്ങള്‍ സൃഷ്‌ടിച്ചേക്കാം. അതിന്‌ തടയിടണമെങ്കില്‍ ഇപ്പോഴേ തുടങ്ങേണ്ടതുണ്ട്‌. ആ തുടക്കത്തിന്റെ അലയിളക്കങ്ങളാണ്‌ കാണുന്നതെല്ലാം. എന്‍ എസ്‌ എസ്‌ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന മാന്യമായ നിലപാട്‌ കണക്കിലെടുക്കണമെന്നും എസ്‌ എന്‍ ഡി പി യോഗത്തിന്റെ അണികളുമായി നല്ല ബന്ധം നിലനിര്‍ത്തണമെന്നുമൊക്കെയുള്ള പിണറായി വിജയന്റെ ഉപദേശം അതാണ്‌. ജമാഅത്തെ ഇസ്‌ലാമിയുമായി പൊടുന്നനെ ചര്‍ച്ചക്കൊരുങ്ങിപ്പുറപ്പെടാന്‍ മുസ്‌ലിം ലീഗ്‌ തീരുമാനിച്ചതിന്റെ കാരണവും മറ്റൊന്നല്ല.മാണി - ജോസഫ്‌ ലയനത്തിന്‌ ശേഷമുള്ള ആദ്യത്തെ രാഷ്‌ട്രീയ ബലാബലം തദ്ദേശഭരണ തിരഞ്ഞെടുപ്പാണ്‌. അതില്‍ സ്വന്തം നില ഭദ്രമാക്കാനായില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിലപേശല്‍ ശേഷി കുറയുമെന്ന്‌ മുസ്‌ലിം ലീഗ്‌ കണക്ക്‌ കൂട്ടുന്നു. രാഷ്‌ട്രീയ പാര്‍ട്ടിയുമായി രംഗത്തെത്താന്‍ വെമ്പി നില്‍ക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ മനസ്സിലിരുപ്പ്‌ അറിയേണ്ടത്‌ ഇവിടെ ലീഗിന്‌ പ്രധാനമായി വരും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ മാത്രം വോട്ട്‌ ജമാഅത്തെ ഇസ്‌ലാമിക്കില്ല. നിയമസഭയാണെങ്കില്‍ ഒത്തുപിടിച്ചാല്‍ ചില മണ്ഡലങ്ങളിലെങ്കിലും ഫലത്തെ സ്വാധീനിക്കും വിധത്തില്‍ ജമാഅത്തെ ഇസ്‌ലാമി മാറിയേക്കാം. പത്തും പതിനഞ്ചും വോട്ടുകള്‍ വരെ നിര്‍ണായകമാവുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പാവുമ്പോള്‍ സ്ഥിതി വ്യത്യസ്‌തമാണ്‌. പലേടത്തെയും അത്താഴം മുടക്കാന്‍ അവര്‍ക്ക്‌ സാധിക്കുമെന്ന്‌ ലീഗിന്‌ അറിയാം. 
തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വേണ്ടത്ര മികവ്‌ കാട്ടാന്‍ സാധിച്ചില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പെത്തുമ്പോള്‍ മുന്നണിയിലെ രണ്ടാം സ്ഥാനത്തിന്‌ ഇളക്കമുണ്ടായാലോ? ജമാഅത്തെ ഇസ്‌ലാമിയുമായി രാഷ്‌ട്രീയ ചര്‍ച്ചക്ക്‌ മുസ്‌ലിം ലീഗ്‌ തീരുമാനിച്ചതിന്റെ സാഹചര്യം ഇതാണ്‌. മധ്യ തിരുവിതാംകൂറില്‍ കേരള കോണ്‍ഗ്രസ്‌ മാണി, ജോസഫ്‌ സംയുക്തത്തിന്‌ പിറകില്‍ സഭ അടിയുറച്ചുനില്‍ക്കാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട്‌ മലബാറില്‍ സാമുദായിക അടിത്തറ ഉറപ്പിക്കുക എന്നതും ലക്ഷ്യമായിരുന്നു. അല്ലാതെ മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി എം കെ മുനീര്‍ പറയുന്നതു പോലെ ജമാഅത്തുമായി തങ്ങള്‍ക്കൊരു ബന്ധവുമില്ലെന്ന്‌ അവരെ വിളിച്ചുവരുത്തി മുഖത്തു നോക്കി പറയാന്‍ വേണ്ടിയൊന്നുമല്ല ചര്‍ച്ച നടത്തിയത്‌.സോളിഡാരിറ്റി എന്ന യുവജന സംഘടനയുണ്ടാക്കിയ കാലം മുതല്‍ രാഷ്‌ട്രീയ അരങ്ങേറ്റത്തിന്‌ തക്കം പാര്‍ത്ത്‌ കഴിയുകയാണ്‌ കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമി ഘടകം. ഇടക്കാലത്ത്‌ രാഷ്‌ട്രീയ പ്രവേശം പ്രഖ്യാപിച്ച്‌ എറണാകുളത്ത്‌ വലിയ സമ്മേളനം വിളിച്ചുചേര്‍ത്തുവെങ്കിലും അഖിലേന്ത്യാ നേതൃത്വം വഴിമുടക്കുകയായിരുന്നു. പൂതിയ സാഹചര്യത്തില്‍ രാഷ്‌ട്രീയ പ്രവേശത്തിനുള്ള സമയം വര്‍ധിച്ചുവെന്ന വിലയിരുത്തലാണ്‌ സോളിഡാരിറ്റി നേതൃത്വവും അതിന്റെ ഇംഗിതങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ജമാഅത്തിന്റെ നിലവിലുള്ള നേതൃത്വവും കരുതുന്നത്‌. കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ചില വാര്‍ഡുകളില്‍ സ്വതന്ത്രരായി സോളിഡാരിറ്റി പ്രവര്‍ത്തകരും നേതാക്കളും മത്സരിച്ചിരുന്നു. ഇക്കുറി രാഷ്‌ട്രീയ സംഘടനയുടെ ബാനറില്‍ തന്നെ മത്സരിക്കണമെന്നതാണ്‌ അവരുടെ ആവശ്യം. അതുണ്ടാവുമോ ഇല്ലയോ എന്നതാണ്‌ അറിയാനുള്ളത്‌. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സീറ്റുകളില്‍ അമ്പത്‌ ശതമാനം വനിതാ സംവരണമാക്കിയിട്ടുണ്ട്‌. ഇതും ജമാഅത്തെ ഇസ്‌ലാമിക്കും സോളിഡാരിറ്റിക്കും അനുകൂല ഘടകമാണ്‌. 
മുസ്‌ലിം ലീഗിന്‌ ലഭിക്കുന്ന വനിതാ സംവരണ സീറ്റുകളിലേക്കെല്ലാം സ്ഥാനാര്‍ഥികളെ കണ്ടെത്തുക ആ പാര്‍ട്ടിക്ക്‌ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രയാസമാവും. കുറ്റിപ്പുറത്ത്‌ വനിതാ വിഭാഗത്തിന്റെ സമ്മേളനം നടത്തി തലയെടുപ്പോടെ നില്‍ക്കുന്ന ജമാഅത്തിന്റെ സഹായം ചിലപ്പോള്‍ ലീഗിന്‌ ആവശ്യമായി വന്നേക്കും. ജമാഅത്ത്‌ ഒരു രാഷ്‌ട്രീയ സംഘടനയുമായി രംഗത്തുവന്നാല്‍ അവരുമായി യാതൊരു ബന്ധവും ലീഗിനുണ്ടാവില്ല എന്ന്‌ പി കെ കുഞ്ഞാലിക്കുട്ടി ആവര്‍ത്തിച്ച്‌ പറഞ്ഞതിന്‌ പൊരുളുണ്ടാവാതെ വരില്ലല്ലോ!
മൂല്യാധിഷ്‌ഠിത രാഷ്‌ട്രീയത്തിന്റെ വക്താക്കളെന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന ജമാഅത്താവട്ടെ തലതൊട്ടപ്പനായ മൗലാന അബുല്‍ അഅ്‌ല മൗദൂദിയെ വരെ തള്ളിപ്പറയാന്‍ സന്നദ്ധമായി നില്‍ക്കുന്നു. ബന്ധം അവസാനിപ്പിച്ചെന്ന മുസ്‌ലിം ലീഗിന്റെ പ്രഖ്യാപനം കാര്യമായെടുക്കുന്നില്ലെന്നും ഇതിന്‌ മുമ്പ്‌ പലതവണ ബന്ധം അവസാനിപ്പിച്ചിട്ടുണ്ടെന്നും വിശദീകരിക്കുന്നു. പുതിയ ബന്ധത്തിന്‌ തടസ്സമൊന്നുമില്ലെന്ന്‌ പരോക്ഷമായെങ്കിലും സൂചിപ്പിക്കുന്നു. കുഞ്ഞാലിക്കുട്ടി പറഞ്ഞതിന്‌ പൊരുളുണ്ടെന്ന്‌ തന്നെയാണ്‌ ഈ വാക്കുകളും സൂചിപ്പിക്കുന്നത്‌. 

പക്ഷേ, ഇവിടെ ജമാഅത്തിന്‌ കുറേ കാര്യങ്ങളില്‍ കൂടി വിശദീകരണം നല്‍കേണ്ടിവരും. മൗദൂദിയെ തള്ളുകയും കൊള്ളുകയും ചെയ്യുക എന്നത്‌ അവരുടെ കാര്യമെന്ന്‌ പറഞ്ഞ്‌ സമാധാനിക്കാം. പക്ഷേ, പൊതുസമൂഹം അഭിമുഖീകരിക്കുന്ന രാഷ്‌ട്രീയ പ്രശ്‌നങ്ങളില്‍ ജമാഅത്ത്‌ പിന്തുടരുന്നു എന്ന്‌ പറയുന്ന നിലപാടുകള്‍ മാറിയോ എന്നത്‌ പ്രശ്‌നമാണ്‌. ബാബരി മസ്‌ജിദ്‌ തകര്‍ത്തതിനെക്കുറിച്ച്‌ അന്വേഷിച്ച ലിബര്‍ഹാന്‍ കമ്മീഷന്‍ 17 വര്‍ഷത്തിനു ശേഷം റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചപ്പോഴെങ്കിലും പി വി നരസിംഹറാവുവിനെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ്‌ തയ്യാറായി. ഇന്നോളം അതിനുപോലും തയ്യാറാവാത്ത പാര്‍ട്ടിയാണ്‌ മുസ്‌ലിം ലീഗ്‌. അമേരിക്കയുമായുണ്ടാക്കിയ ആണവ സഹകരണ കരാര്‍, ഇസ്‌റാഈലുമായുള്ള ആയുധ ഇടപാട്‌ തുടങ്ങിയ കാര്യങ്ങളിലൊക്കെ ഡോ. മന്‍മോഹന്‍ സിംഗിന്‌ ഓശാന പാടുന്നവരുമാണ്‌. 
റിലയന്‍സ്‌ ഔട്ട്‌ലെറ്റുകള്‍ക്കെതിരെ സോളിഡാരിറ്റിക്കാര്‍ സമരം നടത്തുമ്പോള്‍ ആഭ്യന്തര കുത്തകകള്‍ക്കൊപ്പം ബഹുരാഷ്‌ട്ര കുത്തകകളെക്കൂടി ചില്ലറ വില്‍പ്പന മേഖലയിലേക്ക്‌ കൊണ്ടുവരാന്‍ നടക്കുന്ന ആലോചനകളെ പിന്തുണക്കുന്നവരാണ്‌. ഏറ്റുമുട്ടലുകളെന്ന പേരില്‍ നിരവധി പേരെ പോലീസുകാര്‍ കൊന്നിട്ടപ്പോള്‍, എ ഐ സി സി സെക്രട്ടറി ദിഗ്‌വിജയ്‌ സിംഗിന്‌ തോന്നിയ വികാരം പോലും ഉണ്ടാകാത്തവരാണ്‌. പ്രഖ്യാപിത നിലപാടുകള്‍ പരിശോധിക്കുമ്പോള്‍ വൈരുധ്യങ്ങളുടെ പട്ടിക ഇനിയും നീളും. മുസ്‌ലിം ലീഗുമായി രാഷ്‌ട്രീയ ചര്‍ച്ചക്ക്‌ ഒരുമ്പെട്ടിറങ്ങിയവര്‍, അത്‌ അവര്‍ വിളിച്ചിട്ട്‌ പോയതാണെങ്കില്‍ കൂടി, ഇത്തരം കാര്യങ്ങളിലെ നിലപാടുകള്‍ കൂടി ഭാവിയില്‍ പറഞ്ഞുതരേണ്ടതായി വരും. തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ രഹസ്യ ധാരണയുണ്ടാക്കിയാലും ഇതെല്ലാം വേട്ടയാടാനുണ്ടാവുകയും ചെയ്യും.ഇവിടെ നിന്നാണ്‌ സഖാവ്‌ പിണറായി വിജയന്റെ രാഷ്‌ട്രീയ തന്ത്രം തുടങ്ങുക. കളമശ്ശേരി ബസ്‌ കത്തിക്കലെന്ന മുന്‍ മാതൃകകളില്ലാത്ത `അതിഭീകര' കൃത്യം നടത്തിയ കേസില്‍ സൂഫിയാ മഅ്‌ദനി പ്രതി ചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടാക്കിയ സഖ്യത്തിന്റെ പ്രേതം അടുത്ത തിരഞ്ഞെടുപ്പിലും പാര്‍ട്ടിയെയും മുന്നണിയെയും വേട്ടയാടുമെന്ന്‌ പിണറായി വിജയന്‌ നന്നായി അറിയാം. അതിലും വലിയൊരു ഭൂതത്തെ കുടത്തില്‍ നിന്ന്‌ തുറന്നുവിടാതെ പി ഡി പിയുടെ അപഹാരം ഒഴിവാകില്ലെന്നും. അപ്പോഴാണ്‌ ലീഗ്‌ - ജമാഅത്ത്‌ നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തിയത്‌. തുറന്നുകിട്ടിയ പഴുത്‌ ഉപയോഗിക്കാതിരിക്കാന്‍ മാത്രം വിഡ്‌ഢിയല്ല സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറി. ജമാഅത്തിനും എന്‍ ഡി എഫിനും (ഇപ്പോള്‍ എസ്‌ ഡി പി ഐ) എതിരെ ആഞ്ഞടിച്ചു. സി പി എമ്മിന്റെ മറ്റു നേതാക്കള്‍ ലഭ്യമായ അവസരങ്ങളിലൊക്കെ ഇത്‌ ഏറ്റുപിടിച്ചു. മഅ്‌ദനിയുടെ സാന്നിധ്യം മൂലം അകന്നുവെന്ന്‌ വിലയിരുത്തപ്പെടുന്ന ഭൂരിപക്ഷ സമുദായത്തെ ഒപ്പം കൂട്ടാന്‍ ഇത്‌ ഉപകാരപ്പെട്ടേക്കുമെന്നുതന്നെയാണ്‌ അവര്‍ കണക്കുകൂട്ടുന്നത്‌. 
1987ല്‍ ഇന്നത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സാമുദായിക പാര്‍ട്ടികളുടെ പിന്തുണയില്ലാതെ അധികാരത്തില്‍ വന്നതിന്റെ ഓര്‍മകള്‍ അവര്‍ക്കുണ്ടാവാതിരിക്കില്ല. അന്ന്‌ ലീഗും സമസ്‌ത കേരള കോണ്‍ഗ്രസുകളും എന്‍ ഡി പിയും ഒക്കെ അണിനിരന്ന, കെ കരുണാകരനെന്ന തന്ത്രശാലി നേതൃത്വം നല്‍കിയ യു ഡി എഫിനെയാണ്‌ തറപറ്റിച്ചത്‌. വര്‍ഗീയത തൊട്ടുതീണ്ടാത്ത മുന്നണിയെന്നായിരുന്നു അന്ന്‌ എല്‍ ഡി എഫിനെ ഇ എം എസ്‌ വിശേഷിപ്പിച്ചത്‌. എന്നാല്‍ അത്‌ ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനുള്ള തന്ത്രമായിരുന്നുവെന്ന്‌ പില്‍ക്കാലത്ത്‌ വിലയിരുത്തലുണ്ടായി. എങ്കിലും തിരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തില്‍ വിജയം കാണാന്‍ അന്ന്‌ ഇ എം എസിന്‌ സാധിച്ചു. അത്തരം ഓര്‍മകള്‍ ഉള്ളതുകൊണ്ടാവണം നിയമസഭാ തിരഞ്ഞെടുപ്പില്‍ അത്ര എളുപ്പമല്ലെങ്കിലും എല്‍ ഡി എഫ്‌ തിരിച്ചുവരുമെന്ന്‌ പിണറായി വിജയന്‍ അടുത്തു നടന്ന മീറ്റ്‌ ദി പ്രസ്സില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്‌. സെമി ഫൈനല്‍ തദ്ദേശ ഭരണ തിരഞ്ഞെടുപ്പാണ്‌. അടവുകളും തന്ത്രങ്ങളും അതിനു ശേഷമേ മൂര്‍ത്തമായി രംഗത്തുവരൂ.