2010-05-17

മിണ്ടരുത്‌, ശുട്ടിടുവേന്‍





ഇവരെ നിഷേധിക്കുക. ഇവരുടെ വാക്കുകള്‍ക്ക്‌ പ്രചാരണം നല്‍കാതിരിക്കുക. ഇവരുടെ പ്രത്യയശാസ്‌ത്രം ജനങ്ങളുടെ അടുത്തെത്തിക്കാന്‍ വഴിയൊരുക്കാതിരിക്കുക. അവരില്‍ ജനങ്ങള്‍ക്ക്‌ അനുതാപമുണര്‍ത്തും വിധത്തില്‍ സംസാരിക്കുകയോ എഴുതുകയോ ചെയ്യരുത്‌. എന്തെന്നാല്‍ അത്‌ കുറ്റകരമാണ്‌. പത്ത്‌ വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റം. ആഭ്യന്തര മന്ത്രി ചിദംബരത്തിന്റെ പുതിയ നിയമത്തിലെ ഏറ്റവും പുതിയ വാചകങ്ങള്‍ ഇതാണ്‌. 




രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷക്ക്‌ കൊടും വെല്ലുവിളി ഉയര്‍ത്തി ദണ്ഡകാരണ്യമെന്ന 90,000 ചതുരശ്ര കിലോമീറ്റര്‍ വനമേഖല ഭരിക്കുകയും ചില പ്രദേശങ്ങളില്‍ നിന്നെങ്കിലും ചിദംബരത്തെപ്പോലുള്ള പ്രൊഫഷണല്‍ രാഷ്‌ട്രീയക്കാരുടെ നിയന്ത്രണം ഇല്ലാതാക്കുകയും ചെയ്‌ത സി പി ഐ(മാവോയിസ്റ്റ്‌) എന്ന സംഘടനയെ സൈനിക ബലം ഉപയോഗിച്ച്‌ വേരറുക്കാമെന്ന ഉറച്ച വിശ്വാസം ചോരയില്‍ മുങ്ങുകയും സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്ന്‌ പോലും വിമര്‍ശമുയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ്‌ നിലവിലുള്ള നിയമങ്ങള്‍ ഓര്‍മിപ്പിച്ച്‌ ചിദംബരം പുതിയ സിവിശേഷം നടത്തുന്നത്‌.



നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം നിരോധിക്കുകയും ഭീകരവാദ സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്‌ത ഒരു സംഘടനയെ പിന്തുണക്കുകയോ അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയോ ചെയ്യുന്നത്‌ ശരിയല്ലെന്നതാണ്‌ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നത്‌. രാജ്യത്തെ സ്‌നേഹിക്കുകയും സമാധാനപൂര്‍ണമായ ജീവിതം ആഗ്രഹിക്കുകയും ചെയ്യുന്നവരാരും ഇത്തരം സംഘടനയെ പിന്തുണക്കില്ല എന്നാണ്‌ ഈ പ്രസ്‌താവന പരോക്ഷമായി സൂചിപ്പിക്കുന്നത്‌. പിന്തുണക്കുന്നവര്‍ അവര്‍ ബുദ്ധിജീവികളോ എഴുത്തുകാരോ ആരായാലും രാജ്യദ്രോഹികളാണ്‌. അവരെ പത്തുവര്‍ഷത്തേക്കെങ്കിലും തടവിലിട്ടില്ലെങ്കില്‍ പിന്നെ ഭരണകൂടത്തിന്‌ എന്താണ്‌ പ്രസക്തി?



രാജ്യത്തെ അക്കാദമിക്‌ സമൂഹത്തിലെ ചെറിയ വിഭാഗമെങ്കിലും സി പി ഐ (മാവായോസ്റ്റ്‌)യെ പിന്തുണക്കുന്നുണ്ട്‌ എന്ന ആശങ്ക കേന്ദ്ര സര്‍ക്കാറിന്‌ നേരത്തെയുണ്ട്‌. മാറ്റം ലക്ഷ്യമിടുന്ന ചിന്തകളെ മറയില്ലാതെ പിന്തുണക്കാന്‍ തയ്യാറാവാറുള്ള ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ അധ്യാപകര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍ എന്നിവരിലായിരുന്നു ഭരണകൂടത്തിന്‌ കടുത്ത സംശയമുണ്ടായിരുന്നത്‌. ഇത്തരം ആളുകള്‍ ഇന്റലിജന്‍സ്‌ ഏജന്‍സികളുടെ നിരീക്ഷണത്തിലുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടയിലാണ്‌ എല്ലാ ചാരക്കണ്ണുകളെയും മറികടന്ന്‌ അരുന്ധതി റോയി എന്ന എഴുത്തുകാരി ദണ്ഡകാരണ്യ വനത്തിനുള്ളില്‍ പ്രവേശിക്കുകയും മാവോയിസ്റ്റ്‌ പ്രവര്‍ത്തകരുമായും കാടുകയറി അവര്‍ക്കൊപ്പം ചേര്‍ന്ന ആദിവാസികളുമായും സംസാരിച്ച്‌ തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. 




ബുക്കര്‍ സമ്മാന ജേതാവ്‌ എന്ന നിലയില്‍ ഇന്ത്യയില്‍ അറിയപ്പെടാന്‍ തുടങ്ങിയ അരുന്ധതി പിന്നീട്‌ പല നിര്‍ണായക പ്രശ്‌നങ്ങളിലും ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മാവോയിസ്റ്റുകള്‍ക്കെതിരെ എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട്‌ യഥാര്‍ഥത്തില്‍ മധ്യേന്ത്യയില്‍ നിന്ന്‌ ആദിവാസികളെ കുടിയിറക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ഈ മേഖലയിലുള്ള ധാതുക്കളുടെ ഖനനത്തിന്‌ ഇതിനകം ബഹുരാഷ്‌ട്ര കമ്പനികളുമായി ഒപ്പുവെച്ച കരാറുകളൊക്കെ യാഥാര്‍ഥ്യമാക്കുകയാണ്‌ കേന്ദ്ര സര്‍ക്കാറിന്റെ ഉദ്ദേശ്യമെന്നും അരുന്ധതി ആരോപിച്ചിരുന്നു. വിവിധ കമ്പനികളുമായി ഒപ്പുവെച്ച ധാരണാപത്രങ്ങളുടെ വിവരങ്ങളും അവര്‍ പുറത്തുവിട്ടിരുന്നു.



മുമ്പത്തെ അവതാരത്തില്‍ സാമ്പത്തികം കൈകാര്യം ചെയ്‌തിരുന്ന ചിദംബരത്തിന്‌ കരാറുകളെക്കുറിച്ചും ധാരണാ പത്രങ്ങളെക്കുറിച്ചും കൂടുതല്‍ വിവരമുണ്ടാവുക സ്വാഭാവികം. അതെല്ലാം നടപ്പാക്കിയാല്‍ ഉണ്ടാകാവുന്ന സാമ്പത്തിക നേട്ടത്തെക്കുറിച്ചും അറിവുണ്ടാവും. ഇവയെക്കെ നടപ്പാവണമെങ്കില്‍ മാവോയിസ്റ്റ്‌ ശല്യം ഒഴിയണം. അപ്പോഴാണ്‌ ഇവരോട്‌ അനുഭാവം പ്രകടിപ്പിച്ച്‌ എഴുത്തും സംസാരവും ഉണ്ടാകുന്നത്‌; ദിഗ്‌വിജയ്‌ സിംഗിനെപ്പോലെ ജനങ്ങളുമായുള്ള ബന്ധം തീര്‍ത്തും ഉപേക്ഷിക്കാത്ത കോണ്‍ഗ്രസിലെ അപൂര്‍വം നേതാക്കള്‍ ഗ്രീന്‍ ഹണ്ടിനെതിരെ സംസാരിക്കുന്നത്‌. വായമൂടിക്കെട്ടാതെ മറ്റെന്തു ചെയ്യാന്‍.



മാവോയിസ്റ്റുകളാണ്‌ രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര വെല്ലുവിളിയെന്ന്‌ മന്‍മോഹന്‍ സിംഗ്‌ ആദ്യം പറഞ്ഞത്‌ അഞ്ചു വര്‍ഷം മുമ്പാണ്‌. ഭരണകൂടങ്ങള്‍ തീര്‍ത്തും അവഗണിക്കുകയും അതുകൊണ്ടുതന്നെ വികനസ പ്രവര്‍ത്തനങ്ങള്‍ എത്തിനോക്കാതിരിക്കുകയും ചെയ്‌ത പ്രദേശങ്ങളിലാണ്‌ ഇവര്‍ സ്വാധീനം ഉറപ്പിച്ചതെന്ന്‌ പിന്നീട്‌ അദ്ദേഹം പലകുറി പറഞ്ഞു. അടുത്ത മഹാരാജാവായി അരിയിട്ടുവാഴിക്കാന്‍ കോണ്‍ഗ്രസുകാര്‍ കൊണ്ടുനടക്കുന്ന രാഹുലും സമാന അഭിപ്രായങ്ങള്‍ പലതവണ പ്രകടിപ്പിച്ചിട്ടുണ്ട്‌. ആദിവാസികളെയും തീര്‍ത്തും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെയും അര നൂറ്റാണ്ടോളം രാജ്യം ഭരിച്ച കോണ്‍ഗ്രസ്‌ സര്‍ക്കാറുകള്‍ തീര്‍ത്തും അവഗണിച്ചുവെന്നാണ്‌ മന്‍മോഹനും രാഹുലും സമ്മതിക്കുന്നത്‌. അത്‌ സമ്മതിക്കുന്നതിന്‌ രക്തം ചിന്തിയും അല്ലാതെയും മാവോയിസ്റ്റുകളും അവരുടെ പൂര്‍വരൂപങ്ങളും ഇത്രകാലം സമരം ചെയ്യേണ്ടിവന്നുവെന്ന്‌ മാത്രം.



ഈ ആദിവാസികളെ അവരുടെ ഭൂമിയില്‍ നിന്ന്‌ കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനിടെ പുറംതള്ളാതിരുന്നത്‌ മേഖലയില്‍ ആയുധധാരികളായ മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നുവെന്നത്‌ കൊണ്ടുമാത്രമാണ്‌. ഒറിസ്സയില്‍ ഏക്കര്‍ കണക്കിന്‌ ഭൂമി ഏറ്റെടുത്ത്‌ പോസ്‌കോ ഗ്രൂപ്പ്‌ ആരംഭിക്കാന്‍ പദ്ധതിയിട്ട ഇരുമ്പയിര്‌ ഖനിയും സ്റ്റീല്‍ പ്ലാന്റും ഇതുവരെ എവിടെയും എത്തിയില്ല. പദ്ധതിക്കായി ഏറ്റെടുക്കേണ്ട ഭൂമിയുടെ പത്ത്‌ ശതമാനം പോലും ഏറ്റെടുത്ത്‌ കൈമാറാന്‍ ഒറീസ്സ സര്‍ക്കാറിന്‌ സാധിച്ചിട്ടില്ല. തങ്ങളെപ്പോലുള്ള സാമ്പത്തിക വിദഗ്‌ധര്‍ മുന്നോട്ടുവെക്കുന്ന പദ്ധതികളെ എതിര്‍ത്ത്‌ വികസനത്തെ മുരടിപ്പിക്കുന്നവരാണ്‌ മാവോയിസ്റ്റുകള്‍ എന്ന മന്‍മോഹന്റെയും ചിദംബരത്തിന്റെയും വാദത്തേക്കാള്‍ സ്വീകാര്യത ആദിവാസികളുടെ ഭൂമി നഷ്‌ടപ്പെടുമെന്ന വാദത്തിനുണ്ടായി. 




ഇതിനകം വിവിധ വികസന പദ്ധതികള്‍ക്കായി കൂടിയൊഴിക്കപ്പെട്ട ആദിവാസികളും മറ്റ്‌ ദരദ്ര ജനവിഭാഗങ്ങളും ഭൂമുഖത്തു നിന്ന്‌ തുടച്ചുനീക്കപ്പെടുകയോ തെരുവില്‍ അലയാന്‍ നിര്‍ബന്ധിക്കപ്പെടുകയോ ചെയ്‌തതുകൊണ്ടാണ്‌ മാവോയിസ്റ്റുകളുടെ വാദത്തിന്‌ കൂടുതല്‍ വിശ്വാസ്യതയുണ്ടായത്‌. മന്‍മോഹനോളമോ ചിദംബരത്തിനോളമോ ഒരുപക്ഷേ, അവരേക്കാള്‍ അധികമോ വിദ്യാഭ്യാസവും വിജ്ഞാനവും സ്വായത്തമാക്കിയവരുമാണ്‌ മാവോയിസ്റ്റുകളില്‍ ചിലരെങ്കിലുമെന്ന വസ്‌തുതയും മറുന്നുകൂട. ചികിത്സക്കായി ഡല്‍ഹിയില്‍ താമസിക്കുന്നതിനിടെ അറസ്റ്റിലായ കൊബാദ്‌ ഘാന്‍ഡി ഡെറാഡൂണിലെ ഡൂണ്‍ സ്‌ക്കൂളില്‍ നിന്ന്‌ വിദ്യാഭ്യാസം നേടിയയാളാണ്‌. മുന്‍ പ്രധാനമന്ത്രിയും രാഹുലിന്റെ പിതാവുമായ രാജീവ്‌ ഗാന്ധി പഠിച്ച അതേ സ്‌കൂള്‍. അക്കൗണ്ടന്‍സിയില്‍ ലണ്ടനില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കിയയാളും. മൈക്രോ ബയോളജിയും മാക്രോ എക്കണോമിക്‌സും ഇന്ന്‌ കാണുന്ന പ്രചാരം നേടിയിട്ടില്ലാത്ത കാലത്ത്‌ ഇത്തരം കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിവരുടെ സാന്നിധ്യം ആ പാര്‍ട്ടിയുടെ നേതൃനിരയില്‍ ചെറുതല്ലാതെയുണ്ട്‌.



മന്‍മോഹനും ചിദംബരവും അവരുടെ പുര്‍വികരും പാര്‍ലിമെന്റിന്റെ ശീതളിമയില്‍ വിശ്രമിച്ചുകൊണ്ട്‌ തയ്യാറാക്കിയ നിയമങ്ങള്‍ക്ക്‌ വിരുദ്ധമായ പ്രവര്‍ത്തനം നടത്തുന്നുവെന്നത്‌ കൊണ്ടുമാത്രം ഒരു സംഘടനയെ നിരോധിക്കുന്നതില്‍ അര്‍ഥമില്ല. സായുധ സമരത്തെയും രക്തപ്പുഴകള്‍ സൃഷ്‌ടിക്കുന്നതിനെയും വിമര്‍ശിക്കുമ്പോള്‍ തന്നെ അവരുന്നയിക്കുന്ന ന്യായമായ പ്രശ്‌നങ്ങളെ പിന്തുണക്കുന്നവരുടെ വായ മൂടാന്‍ ശ്രമിക്കുന്നത്‌ മൂഢത്വമാണ്‌. അടിയന്തരാവസ്ഥയിലെ കരിനിയമങ്ങളെ ഓര്‍മിപ്പിക്കലാണിത്‌. മാവോയിസ്റ്റുകള്‍ക്ക്‌ സ്വാധീനമുള്ള മേഖലകളിലും രാജ്യത്തിന്റെ വടക്ക്‌ കിഴക്കന്‍പ്രദേശങ്ങളില്‍ നിന്ന്‌ സര്‍ക്കാറിന്റെ നിയന്ത്രണം മറികടന്ന്‌ വാര്‍ത്തകള്‍ പുറത്തുവരുന്നത്‌ ഇപ്പോള്‍ തന്നെ അപൂര്‍വമാണ്‌. എത്തിയാല്‍ തന്നെ ആഴ്‌ചകള്‍ വൈകും. അപ്പോഴേക്കും അതില്‍ നിന്ന്‌ വസ്‌തുതകള്‍ ചോര്‍ന്നുപോയിട്ടുണ്ടാവും. 




ദന്തേവാഡയില്‍ 75 സി ആര്‍ പി എഫുകാരുള്‍പ്പെടെ 76 പോലീസുകാരെ മാവോയിസ്റ്റുകള്‍ കൂട്ടക്കൊല ചെയ്‌തത്‌ വലിയ വാര്‍ത്തയായി. ആറുമാസത്തോളമായി ദണ്ഡകാരണ്യ വനത്തിന്റെ നാലു പാടും സര്‍വായുധസജ്ജരായി നില്‍ക്കുന്ന അര്‍ധ സൈനിക വിഭാഗത്തിന്റെ വെടിയേറ്റ്‌ ആര്‍ക്കെങ്കിലും ജീവഹാനിയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ ഇതുവരെ പുറത്തുവന്നോ? കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും പിന്തുണയോടെ ഛത്തീസ്‌ഗഢില്‍ രൂപവത്‌കരിക്കപ്പെട്ട ഗുണ്ടാപ്പടയായ സാല്‍വ ജുദുമിന്റെ അക്രമങ്ങളെക്കുറിച്ചുള്ള ഏതെങ്കിലും റിപ്പോര്‍ട്ട്‌ രാജ്യത്തെ ഏതെങ്കിലും മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടോ? മണിപ്പൂരിലെയും അസമിലെയും ഗ്രാമങ്ങളില്‍ തീവ്രവാദവേട്ടയുടെ പേരില്‍ ഭരണകൂടത്തിന്റെ ഏജന്റുമാര്‍ നടത്തുന്ന ക്രൂരതകളെക്കുറിച്ച്‌ എത്ര റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു? ഇവിടങ്ങളിലെല്ലാം ഭരണകൂടത്തിന്റെ അപ്രഖ്യാപിത സെന്‍സര്‍ഷിപ്പോ അടിയന്തരാവസ്ഥയോ നിലവിലുണ്ടെന്ന്‌ കരുതണം. അത്‌ എല്ലാവരിലേക്കും വ്യാപിപ്പിക്കാനാണ്‌ ചിദംബരവും കേന്ദ്ര സര്‍ക്കാറും ശ്രമിക്കുന്നത്‌.



മാവോയിസ്റ്റുകള്‍ക്ക്‌ വേണ്ടി പ്രചാരണം നടത്തുന്നുവെന്ന്‌ കരുതുന്നവരെ സംഘടനയില്‍ അംഗങ്ങളാണെന്ന്‌ കുറ്റപ്പെടുത്താം. അല്ലെങ്കില്‍ അനുഭാവികളാണെന്ന്‌ ആരോപിക്കാം. അതുമല്ലെങ്കില്‍ അനുഭാവികളുടെ അനുഭാവികളെന്ന്‌ വിളിക്കാം. മൂന്നായാലും ജയില്‍ ശിക്ഷ ഉറപ്പാക്കാനാവും. ഇരകള്‍ക്കു വേണ്ടി കേസ്‌ നടത്താന്‍ ആരെങ്കിലും തയ്യാറായാല്‍ അവരെ ഭരണകൂടം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്‌ മേല്‍പ്പറഞ്ഞ പ്രചാരണങ്ങളിലൂടെ (പ്രവര്‍ത്തന്‍, അനുഭാവി, അനുഭാവിയുടെ അനുഭാവി) ആണെന്ന്‌ പറഞ്ഞത്‌ സുപ്രീം കോടതി തന്നെയാണ്‌. ദന്തേവാഡ ജില്ലയിലെ ഗോംപദ്‌ ഗ്രാമത്തിലെ പത്ത്‌ ആദിവാസികളെ `സുരക്ഷാ' സേന വെടിവെച്ച്‌ കൊന്നുവെന്ന ആരോപണം പരിഗണിക്കുകയായിരുന്നു കോടതി. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഹിമാംശു കുമാര്‍ കോടതിയെ സമീപിക്കുമ്പോള്‍ മാത്രമാണ്‌ ഇത്രയും പേര്‍ കൊല്ലപ്പെട്ടുവെന്ന വിവരം പോലും പുറത്തുവരുന്നത്‌. ഭരണകൂടം ഇതിനകം സ്വീകരിച്ചിരിക്കുന്ന ഈ ബന്തവസ്സ്‌ കൂടുതല്‍ ഫലപ്രദമാക്കുക എന്നതാണ്‌ ചിദംബരത്തിന്റെ ഉദ്ദേശ്യം. 




ഹിമാംശു കുമാറിനെപ്പോലുള്ളവര്‍ കോടതികളെ സമീപിക്കുകയോ അരുന്ധതിയെയോ ബിനായക്‌ സെന്നിനെയോ പോലുള്ളവര്‍ സ്വതന്ത്ര നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുമ്പോഴാണല്ലോ പ്രശ്‌നങ്ങളുണ്ടാവുന്നത്‌. അത്‌ ഇല്ലാതാക്കിയാല്‍ പിന്നെ എല്ലാം ഭദ്രം. അര്‍ധ സൈനിക വിഭാഗത്തെ മാറ്റി സൈന്യത്തെ നിയോഗിച്ചാലും ഹെലിക്കോപ്‌റ്ററുകളില്‍ നിന്ന്‌ ബോംബുകളും ഷെല്ലുകളും ദണ്ഡകാരണ്യത്തിലേക്ക്‌ വര്‍ഷിച്ചാലും ആരും അറിയില്ല. ദണ്ഡകാരണ്യത്തെ മാവോയിസ്റ്റുകളെന്ന കിരാത ശക്തികളുടെ കൈയില്‍ നിന്ന്‌ മോചിപ്പിച്ചുവെന്ന പ്രഖ്യാപനം വൈകാതെ നടത്താം. ധാതു ഖനനത്തിനുള്ള കരാറുകളെല്ലാം യാഥാര്‍ഥ്യമാവുന്നത്‌ കണ്ട്‌ കുളിരണിയാം.



മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന്‌ സംശയിക്കുന്നവരോട്‌ ഇതാണ്‌ ഭരണകൂടത്തിന്റെ നിലപാടെങ്കില്‍ മറ്റ്‌ ഭീകരവാദ സംഘടനകളുടെ മറവില്‍ പോലീസ്‌ ഏറ്റുമുട്ടല്‍ നാടകങ്ങളും മറ്റും നടത്തുന്നുവെന്ന്‌ സംശയിക്കുകയും അതിന്റെ വസ്‌തുതകള്‍ പുറത്തുകൊണ്ടുവരണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്യുന്നവരുടെ കാര്യത്തില്‍ നിലപാട്‌ എന്തായിരിക്കും. ഇന്ത്യാ ഗേറ്റില്‍ വെച്ച്‌ പരസ്യമായി തൂക്കിലേറ്റുക എന്ന ശിവസേനാ നേതാവ്‌ ബാല്‍താക്കറെയുടെ നിര്‍ദേശം ചിദംബരത്തിന്‌ പരിഗണിക്കാവുന്നതാണ്‌. ഭരണഘടനയെയും അതിലെ വാചകങ്ങളെയും മറക്കുന്നതിന്‌ ബുദ്ധിമുട്ടില്ല. സോഷ്യലിസ്റ്റ്‌, മതേതര രാഷ്‌ട്രമെന്നാണ്‌ ഭരണഘടനയിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. അവിടെയാണ്‌ ഭൂരിപക്ഷ മതത്തിന്റെ ആധിപത്യം ലക്ഷ്യമിട്ട്‌ ചില സംഘടനകള്‍ പ്രവര്‍ത്തിക്കുകയും സ്വന്തം അജന്‍ഡ നിര്‍വിഘ്‌നം നടപ്പാക്കുകയും ചെയ്യുന്നത്‌. വംശഹത്യക്ക്‌ കൂട്ടു നിന്നുവെന്ന്‌ ആരോപിക്കപ്പെടുന്ന ഒരാള്‍ തുടര്‍ച്ചയായി മുഖ്യമന്ത്രി പദത്തിലേക്ക്‌ തിരഞ്ഞെടുക്കപ്പെടുന്നത്‌. കമ്പോള ശക്തികള്‍ക്കായി എല്ലാ വാതിലുകളും തുറന്നിട്ട്‌ ദരിദ്രരരെ കൂടുതല്‍ ദാദിദ്ര്യത്തിലേക്ക്‌ തള്ളിവിടുന്നത്‌

3 comments:

  1. 'പത്ത്‌ വര്‍ഷം വരെ തടവ്/പിഴ അല്ലെങ്കി ഇത് രണ്ടും കൂടി'

    ചിദംബരത്തിന് മലയാളം വായിക്കാന്‍ അറിയില്ലാന്ന് വെച്ചാണോ രാജീവ് ഭായ്.
    ഇനി അടുത്ത പോസ്റ്റ് തിഹാറില്‍ വെച്ചാക്കാനായി തീരുമാനിച്ചോ ?

    ReplyDelete
  2. കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും പിന്തുണയോടെ ഛത്തീസ്‌ഗഢില്‍ രൂപവത്‌കരിക്കപ്പെട്ട ഗുണ്ടാപ്പടയായ സാല്‍വ ജുദുമിന്റെ അക്രമങ്ങളെക്കുറിച്ചുള്ള ഏതെങ്കിലും റിപ്പോര്‍ട്ട്‌ രാജ്യത്തെ ഏതെങ്കിലും മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടോ? മണിപ്പൂരിലെയും അസമിലെയും ഗ്രാമങ്ങളില്‍ തീവ്രവാദവേട്ടയുടെ പേരില്‍ ഭരണകൂടത്തിന്റെ ഏജന്റുമാര്‍ നടത്തുന്ന ക്രൂരതകളെക്കുറിച്ച്‌ എത്ര റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു? ഇവിടങ്ങളിലെല്ലാം ഭരണകൂടത്തിന്റെ അപ്രഖ്യാപിത സെന്‍സര്‍ഷിപ്പോ അടിയന്തരാവസ്ഥയോ നിലവിലുണ്ടെന്ന്‌ കരുതണം. അത്‌ എല്ലാവരിലേക്കും വ്യാപിപ്പിക്കാനാണ്‌ ചിദംബരവും കേന്ദ്ര സര്‍ക്കാറും ശ്രമിക്കുന്നത്‌.
    ഉള്ളത് പറഞ്ഞാല്‍ ഉറിയും ചിരിക്കും
    വളരെ ആഴമുള്ള പോസ്റ്റ്‌

    ReplyDelete
  3. രാജാവ് നഗ്നനെന്ന് വിളിച്ച് പറയുവാന്‍ ഒരാളെങ്കിലുമുണ്ടല്ലോ. അഭിവാദ്യങ്ങള്‍.

    ReplyDelete