2010-05-09

നൊ, യുവര്‍ ഓണര്‍ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ സ്ഥാനത്തു നിന്ന്‌ വിരമിക്കുകയാണ്‌. 2007 ജനുവരി 14ന്‌ ചീഫ്‌ ജസ്റ്റിസായി നിയമിതനായ അദ്ദേഹം, മൂന്ന്‌ വര്‍ഷവും നാല്‌ മാസവും നീണ്ട, താരതമ്യേന ദീര്‍ഘമായ സേവനത്തിന്‌ ശേഷമാണ്‌ വിരമിക്കുന്നത്‌. വിരമിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ തന്റെ നേതൃത്വത്തിലുള്ള ബഞ്ചുകളുടെ പരിഗണനയില്‍ വന്ന ഭരണഘടനാ സാധുതയുമായി ബന്ധപ്പെട്ടതടക്കം നിര്‍ണായക തര്‍ക്കങ്ങളില്‍ വിധി പറയാന്‍ അദ്ദേഹം ശ്രദ്ധാലുവായി. സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ എന്ന നിലയില്‍ ചരിത്രത്തിന്റെ താളുകളില്‍ സ്വന്തം പേര്‌ തിളങ്ങി നില്‍ക്കുക എന്ന ഉത്‌കടമായ ആഗ്രഹത്തിന്റെ കൂടി ബാക്കിയാണ്‌ ഇത്‌. സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ സ്ഥാനത്തിരുന്നവരൊക്കെ ഇത്തരം നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച വ്യക്തിപരമായ താത്‌പര്യത്തെ കുറ്റം പറയാനാവില്ല.മുകേഷ്‌, അനില്‍ അംബാനിമാരുടെ തര്‍ക്കത്തില്‍ പ്രകൃതി സ്രോതസ്സുകള്‍ക്കു മേലുള്ള പരമാധികാരം സര്‍ക്കാറിനാണെന്ന വിധി, എം പിമാരുടെ പ്രാദേശിക വികസന നിധിയുടെ ഭരണഘടനാ സാധുത ശരിവെച്ചത്‌, നാര്‍കോ അനാലിസിസ്‌ പോലെ കുറ്റാന്വേഷണത്തിന്‌ ഉപയോഗിക്കുന്ന ശാസ്‌ത്രീയ പരിശോധനകള്‍ ആരോപണവിധേയന്റെ അനുവാദം കൂടാതെ നടത്തുന്നത്‌ ഭരണഘടനാ വിരുദ്ധമാണെന്ന്‌ പ്രഖ്യാപിച്ചത്‌ തുടങ്ങി പ്രധാന ഉത്തരവുകള്‍ അവസാന ദിവസങ്ങളില്‍ ജസ്റ്റിസ്‌ ബാലകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള ബഞ്ചുകള്‍ പുറപ്പെടുവിച്ചു. എങ്കിലും പല സുപ്രധാന പ്രശ്‌നങ്ങളിലും അദ്ദേഹത്തിന്റെ കീഴില്‍ സുപ്രീം കോടതി സ്വീകരിച്ച നിലപാടുകള്‍ യുക്തമായിരുന്നോ എന്ന ചോദ്യം അവശേഷിക്കേണ്ടിയിരിക്കുന്നു. ചില കാര്യങ്ങളിലെങ്കിലും വലിയ വൈരുധ്യം പ്രകടിപ്പിച്ച ഉത്തരവുകള്‍ ഇക്കാലയളവില്‍ സുപ്രീം കോടതിയില്‍ നിന്ന്‌ ഉണ്ടാവുകയും ചെയ്‌തു.ഇന്ത്യയുടെ ചീഫ്‌ ജസ്റ്റിസാവുന്ന ആദ്യത്തെ മലയാളി, ആദ്യത്തെ ദളിത്‌ വംശജന്‍ എന്നീ നിലകളില്‍ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണനില്‍ വലിയ പ്രതീക്ഷകള്‍ നിയമനകാലത്ത്‌ ഉണ്ടായിരുന്നു. എന്നാല്‍ ഈ പ്രതീക്ഷകള്‍ ഏറെക്കുറെ അസ്ഥാനത്തായി എന്ന്‌ ഖേദപൂര്‍വം രേഖപ്പെടുത്തേണ്ട സ്ഥിതിയാണ്‌ അദ്ദേഹം വിരമിക്കുമ്പോഴുള്ളത്‌. വിവരാവകാശ നിയമത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിലും ജഡ്‌ജിമാരുടെ സ്വത്ത്‌ വിവരം പരസ്യപ്പെടുത്തുന്ന കാര്യത്തിലും അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ വരുംകാലങ്ങളില്‍ വിമര്‍ശിക്കപ്പെടുമെന്ന്‌ ഉറപ്പാണ്‌. ജനാധിപത്യ വ്യവസ്ഥയില്‍ വിവരങ്ങളുടെ പരമാവധി ലഭ്യത ഉറപ്പാക്കുക എന്ന മഹത്തായ ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു വിവരാവകാശ നിയമം. അതിന്റെ പരിധിയില്‍ നിന്ന്‌ സൂപ്രീം കോടതി ചീഫ്‌ ജസ്റ്റിസിന്റെ ഓഫീസിനെ തീര്‍ത്തും മാറ്റിനിര്‍ത്തണമെന്ന ഏകപക്ഷീയമായ നിലപാടാണ്‌ ജസ്റ്റിസ്‌ ബാലകൃഷ്‌ണന്‍ സ്വീകരിച്ചത്‌. ഇത്‌ വിവരങ്ങള്‍ അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ ഹനിക്കുക മാത്രമല്ല, ഒരു പരിധിവരെ അഴിമതിക്ക്‌ മറയിടുകയും ചെയ്‌തുവെന്നതാണ്‌ യാഥാര്‍ഥ്യം.മാര്‍ക്ക്‌ ലിസ്റ്റ്‌ തിരുത്തിയ കേസില്‍ ആരോപണവിധേയനായ വിദ്യാര്‍ഥിക്ക്‌ മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ കേന്ദ്ര മന്ത്രിസഭയിലെ ഒരംഗം തനിക്കുമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന്‌ മദ്രാസ്‌ ഹൈക്കോടതിയിലെ ജഡ്‌ജി രഘുപതി കോടതി മുറിയില്‍ പരസ്യമായി പറഞ്ഞിരുന്നു. രാജ്യത്തെ ജനങ്ങള്‍ അവസാന ആശ്രയമായി കാണുന്ന നീതിന്യായ സംവിധാനത്തെ സ്വാധീനിക്കാന്‍ കേന്ദ്ര മന്ത്രിസഭയിലെ ഒരംഗം ശ്രമിച്ചുവെന്നത്‌ ഏറെ ആശങ്ക ജനിപ്പിച്ച വാര്‍ത്തയായിരുന്നു. സമ്മര്‍ദം ചെലുത്തിയത്‌ ആരാണെന്ന്‌ കണ്ടെത്താനോ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാനോ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുകണ്ടില്ല. നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യതയുള്ള സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ ഇക്കാര്യത്തിലെടുത്ത നിലപാട്‌ വിചിത്രമായിരുന്നു. മദ്രാസ്‌ ഹൈക്കോടതി ജഡ്‌ജി രഘുപതി, ചില തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലാണ്‌ ഇത്തരത്തിലൊരു അഭിപ്രായം രേഖപ്പെടുത്തിയത്‌ എന്നായിരുന്നു ജസ്റ്റിസ്‌ ബാലകൃഷ്‌ണന്റെ പ്രതികരണം. 
ഇക്കാര്യത്തില്‍ ജസ്റ്റിസ്‌ രഘുപതിയും ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണനും തമ്മില്‍ നടത്തിയ ആശയ വിനിമയം വിവരാവകാശ നിയമപ്രകാരം കൈമാറണമെന്ന്‌ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഉത്തരവിടുകയും ഡല്‍ഹി ഹൈക്കോടതി ഈ ഉത്തരവ്‌ ശരിവെക്കുകയും ചെയ്‌തു. എന്നാല്‍ ഈ ഉത്തരവ്‌ ചോദ്യം ചെയ്‌ത്‌ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനാണ്‌ സുപ്രീം കോടതി രജിസ്‌ട്രാര്‍ തീരുമാനിച്ചത്‌. സുപ്രീം കോടതിയുടെ ഹരജി സുപ്രീം കോടതി തന്നെ പരിഗണിക്കുന്ന അപൂര്‍വ സ്ഥിതി. സുപ്രീം കോടതി രജിസ്‌ട്രാറുടെ തീരുമാനം ചീഫ്‌ ജസ്റ്റിസിന്റെ താത്‌പര്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാവുക സ്വാഭാവികം മാത്രമാണല്ലോ.പഞ്ചാബ്‌ ആന്‍ഡ്‌ ഹരിയാന ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ്‌ നിര്‍മല്‍ജിത്‌ കൗറിന്റെ വീട്ടുവാതില്‍ക്കല്‍ നിന്ന്‌ കണക്കില്‍പ്പെടാത്ത 15 ലക്ഷം രൂപ കണ്ടെടുത്ത സംഭവത്തിലും സുപ്രീം കോടതി സ്വീകരിച്ച നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്‌. ഹൈക്കോടതിയിലെ മറ്റൊരു ജഡ്‌ജിയായ ജസ്റ്റിസ്‌ നിര്‍മല്‍ യാദവിന്‌ കൈക്കൂലിയായി നല്‍കിയ പണം പേരിലെ സാമ്യം മൂലം അബദ്ധത്തില്‍ ജസ്റ്റിസ്‌ നിര്‍മല്‍ജിത്‌ കൗറിന്റെ വീട്ടുപടിക്കല്‍ വെച്ചതാണെന്ന ആരോപണമുണ്ടായി. പണമടങ്ങിയ ബാഗ്‌ കണ്ടെത്തിയ സംഭവം ജസ്റ്റിസ്‌ നിര്‍മല്‍ജിത്‌ കൗര്‍ പോലീസിനെ അറിയിച്ചതിനെത്തുടര്‍ന്ന്‌ നടന്ന അന്വേഷണത്തില്‍ ഈ ആരോപണം ശക്തവുമായി. 
15 ലക്ഷം രൂപ ജസ്റ്റിസ്‌ നിര്‍മല്‍ യാദവിന്‌ കൈക്കൂലിയായി ലഭിച്ചതാണെന്ന നിഗമനത്തിലാണ്‌ പഞ്ചാബ്‌ ഗവര്‍ണറും ചണ്ഡീഗഢ്‌ അഡ്‌മിനിസ്‌ട്രേറ്ററുമായ ജനറല്‍ എസ്‌ എഫ്‌ റോഡ്രിഗ്‌സ്‌ എത്തിയത്‌. സി ബി ഐയും സംസ്ഥാന പോലീസും ഇതേ നിഗമനമാണ്‌ മുന്നോട്ടുവെച്ചത്‌. സുപ്രീം കോടതി തന്നെ നിയോഗിച്ച ഗോഖലെ കമ്മിറ്റിയും സമാന നിഗമനത്തില്‍ എത്തിയിരുന്നു. എന്നിട്ടും സംഭവം മൂടിവെക്കാനാണ്‌ സൂപ്രീം കോടതി ശ്രമിച്ചത്‌. ജസ്റ്റിസ്‌ നിര്‍മല്‍ യാദവിനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുവാദം തേടി സി ബി ഐ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടോ എന്ന്‌ വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോള്‍ ഇക്കാര്യം പരമരഹസ്യമാണെന്നും വിവരാവകാശ നിയമത്തിലെ നിശ്ചിത വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഈ വിവരം കൈമാറാനാവില്ലെന്നുമുള്ള മറുപടിയാണ്‌ ചീഫ്‌ ജസ്റ്റിസിന്റെ ഓഫീസ്‌ നല്‍കിയത്‌.നീതിന്യായ സംവിധാനത്തിലെ അഴിമതിയെക്കുറിച്ച്‌ വലിയ ചര്‍ച്ചകള്‍ നടക്കുന്ന കാലത്ത്‌ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ ഇത്തരം നിലപാടുകള്‍ സ്വീകരിച്ചത്‌ എന്തുകൊണ്ട്‌ എന്ന ചോദ്യം പ്രസക്തമാണ്‌. മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിന്‌ ജഡ്‌ജിക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ ശ്രമിച്ച കേന്ദ്രമന്ത്രിയെ സംരക്ഷിക്കാനുള്ള ബാധ്യത സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസിന്‌ എന്തായിരുന്നു? ജസ്റ്റിസ്‌ രഘുപതിയുടെ വ്യക്തിത്വം ചോദ്യം ചെയ്‌തുകൊണ്ട്‌ കേന്ദ്ര മന്ത്രിയെ സംരക്ഷിക്കുമ്പോള്‍ രാജ്യത്തെ ജഡ്‌ജിമാരുടെ മനോവീര്യത്തെയാകെ അത്‌ ബാധിക്കുമെന്ന വസ്‌തുത ചീഫ്‌ ജസ്റ്റിസ്‌ മറന്നുപോയത്‌ യാദൃച്ഛികമാണോ? 15 ലക്ഷം രൂപ കൈക്കൂലി വാങ്ങാന്‍ ഹൈക്കോടതി ജഡ്‌ജി ശ്രമിച്ചുവെന്ന ആരോപണത്തെക്കുറിച്ച്‌ അന്വേഷണം പോലും വേണ്ടെന്ന വിധത്തില്‍ നിലപാടെടുത്തപ്പോള്‍ നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യതയെയാണ്‌ കുരിശില്‍ കിടത്താന്‍ തീരുമാനിച്ചത്‌. സ്വജനപക്ഷപാതം, അഴിമതിയെ മൂടിവെക്കല്‍ എന്നിവയെല്ലാം ക്രിമിനല്‍ കുറ്റമായി നിര്‍വചിക്കുന്ന നിയമങ്ങളും ആ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ വിധികള്‍ പുറപ്പെടുവിക്കുന്ന കോടതികളുമാണ്‌ നമ്മുടെത്‌. നിയമത്തെ കോടതി തന്നെ മറികടക്കുമ്പോള്‍ യശോധാവള്യമല്ല ഉണ്ടാവുന്നത്‌.വ്യക്തി സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സുപ്രധാന നിലപാടുകള്‍ ഇക്കാലയളവില്‍ സുപ്രീം കോടതി സ്വീകരിച്ചിട്ടുണ്ട്‌. വിവാഹപൂര്‍വ ലൈംഗിക ബന്ധത്തെ ന്യായീകരിച്ച നടി ഖുശ്‌ബുവിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിച്ചത്‌, സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കിയ ഡല്‍ഹി ഹൈക്കോടതി വിധി സ്റ്റേ ചെയ്യാതിരുന്നത്‌ എന്നു തുടങ്ങി ആഗോള സാഹചര്യവുമായി ഒട്ടിനില്‍ക്കുന്ന നിരവധി നിലപാടുകള്‍ ചൂണ്ടിക്കാട്ടാനാവും. അതോടൊപ്പം തന്നെ ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഹനിക്കപ്പെട്ടുവെന്ന ആരോപണത്തില്‍ ഭരണകൂടത്തിന്‌ അനുകൂലമായ നിലപാടും സ്വീകരിച്ചു. ഡല്‍ഹിയിലെ ബട്‌ല ഹൗസില്‍ രണ്ട്‌ യുവാക്കളുടെ മരണത്തിന്‌ കാരണമായ ഏറ്റുമുട്ടലിനെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളിക്കളഞ്ഞു. ഹരജി തള്ളിയതിലും പ്രധാനം ഇത്തരത്തില്‍ അന്വേഷണത്തിന്‌ ഉത്തരവിടുന്നത്‌ പോലീസിന്റെ മനോവീര്യത്തെ ബാധിക്കുമെന്ന്‌ കോടതി അഭിപ്രായപ്പെട്ടതാണ്‌. 
ജഡ്‌ജിമാരുട മനോവീര്യം തകര്‍ന്നാലും പോലീസിന്റെ മനോവീര്യം കെടാതെ കാക്കേണ്ടത്‌ കോടതിയുടെ ബാധ്യതയാണ്‌, പ്രത്യേകിച്ച്‌ ഭീകരബന്ധം ആരോപിക്കപ്പെടുന്ന ഒരു കേസില്‍ എന്നര്‍ഥം. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പിക്കാനും സ്വവര്‍ഗ പ്രണയത്തിന്‌ നിയമത്തിന്റെ തുല്യം ചാര്‍ത്തി കൊടുക്കാനും തിരക്ക്‌ കൂട്ടുന്നവര്‍ ജീവന്‍ നിലനിര്‍ത്താനുള്ള അവകാശം നിഷേധിക്കപ്പെട്ടുവെന്ന പരാതിയില്‍ ഇത്തരമൊരു നിലപാടെടുത്തത്‌ എന്തുകൊണ്ടാണ്‌? തീരുമാനങ്ങള്‍ എല്ലാ കാര്യത്തിലും ആഗോള സാഹചര്യത്തിന്‌ അനുഗുണമാവുക എന്നത്‌ പ്രധാനമാണെന്ന്‌ കോടതിക്ക്‌ അറിയാവുന്നതുകൊണ്ടു തന്നെ.കര്‍ണാടക ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായിരുന്ന ജസ്റ്റിസ്‌ പി ഡി ദിനകരനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ചീഫ്‌ ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള കൊളീജിയം സ്വീകരിച്ച നിലപാടുകളും യശസ്സിന്‌ ഗുണകരമായിരുന്നില്ല. തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നതുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ജസ്റ്റിസ്‌ ദിനകരനെതിരെ ഉയരുകയും അതേക്കുറിച്ച്‌ അന്വേഷിച്ച തിരുവള്ളൂര്‍ ജില്ലാ കലക്‌ടര്‍ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതല്ലെന്ന്‌ റിപ്പോര്‍ട്ട്‌ നല്‍കുകയും ചെയ്‌തു. എന്നിട്ടും ജസ്റ്റിസ്‌ പി ഡി ദിനകരന്‌ സുപ്രീം കോടതിയിലേക്ക്‌ സ്ഥാനക്കയറ്റം നല്‍കുക എന്ന തീരുമാനത്തില്‍ നിന്ന്‌ പിന്നാക്കം പോകാന്‍ സുപ്രീം കോടതി കൊളീജിയത്തിന്‌ ഏറെ സമയം വേണ്ടിവന്നു. ജസ്റ്റിസി ദിനകരന്‌ സ്ഥാനക്കയറ്റം നല്‍കാനുള്ള ശിപാര്‍ശ കേന്ദ്ര നിയമമന്ത്രാലയം തിരിച്ചയച്ചപ്പോള്‍ മാത്രമാണ്‌ പുനരാലോചനക്ക്‌ കൊളീജിയം തയ്യാറായത്‌. 
ആരോപണങ്ങളില്‍ പ്രഥമദൃഷ്‌ട്യാ കഴമ്പുണ്ടെന്ന്‌ തോന്നിയപ്പോള്‍ തന്നെ നിയമന ശിപാര്‍ശ പിന്‍വലിച്ച്‌ കൊളീജിയത്തിന്റെയും അതുവഴി സുപ്രീം കോടതിയുടെയും അന്തസ്സ്‌ നിലനിര്‍ത്താന്‍ എന്തുകൊണ്ട്‌ ശ്രമിച്ചില്ല എന്ന ചോദ്യത്തിന്‌ ഇവിടെ പ്രസക്തിയില്ല. കാരണം സുപ്രീം കോടതിയിലേക്ക്‌ ജഡ്‌ജിമാരെ നിയമിക്കുന്നതിന്റെ മാനദണ്ഡം ജനങ്ങള്‍ അറിയേണ്ട ആവശ്യമില്ലെന്നാണ്‌ ചീഫ്‌ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്റെ നിലപാട്‌. ജഡ്‌ജിമാരുടെ നിയമനത്തിന്റെ വിശദാംശങ്ങള്‍ വിവരാവകാശ നിയമപ്രകാരം കൈമാറാന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഉത്തരവിടുകയും ഡല്‍ഹി ഹൈക്കോടതി അത്‌ ശരിവെക്കുകയും ചെയ്‌തതാണ്‌. എന്നാല്‍ ഇതിലും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനാണ്‌ സുപ്രീം കോടതി രജിസ്‌ട്രാര്‍ തീരുമാനിച്ചത്‌. 
സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസിന്റെ ഓഫീസ്‌ സൂക്ഷിക്കുന്ന വിശുദ്ധ രഹസ്യങ്ങളില്‍പ്പെടുന്നതാണ്‌ ജഡ്‌ജിമാരുടെ നിയമനക്കാര്യം. അത്‌ പരസ്യപ്പെടുത്തുന്നത്‌ ശരിയല്ലെന്നാണ്‌ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്റെ നിലപാട്‌. ഇത്തരം നിലപാടില്‍ ഉറച്ചു നില്‍ക്കുന്നവര്‍ ജസ്റ്റിസ്‌ പി ഡി ദിനകരന്റെ കാര്യത്തില്‍ നീതിപൂര്‍വകമായ തീരുമാനമെടുത്തുവെന്ന്‌ വിശ്വസിക്കുക മാത്രമേ തരമുള്ളൂ.ജഡ്‌ജിമാരുടെ സ്വത്ത്‌ വെളിപ്പെടുത്തുന്നതിനുള്ള സമ്മര്‍ദവും വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയുടെ തുടര്‍ച്ചയായിരുന്നു. സ്വത്ത്‌ പരസ്യപ്പെടുത്തുന്നതില്‍ അപാകം ദര്‍ശിച്ച സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസിനെ വിമര്‍ശിച്ചത്‌ സ്വന്തം കുടുംബത്തിലുള്ളവര്‍ തന്നെയായിരുന്നു. അവര്‍ സ്വമേധായ സ്വത്ത്‌ വെളിപ്പെടുത്താന്‍ സന്നദ്ധരായപ്പോള്‍ ചീഫ്‌ ജസ്റ്റിസിന്‌ നിലപാട്‌ മാറ്റേണ്ടിവന്നു. ഇതും നിയമനകാലത്തുണ്ടായിരുന്ന പ്രതീക്ഷകള്‍ക്ക്‌ മങ്ങലേല്‍പ്പിച്ച സംഭവമായി. വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകളുടെ തള്ളിക്കയറ്റം തടയാന്‍ നിയമ ഭേദഗതി എന്ന ശിപാര്‍ശ പ്രധാനമന്ത്രിയെക്കൊണ്ട്‌ അംഗീകരിപ്പിക്കാന്‍ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‌ സാധിച്ചു. കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയുടെ എതിര്‍പ്പ്‌ പോലും അവഗണിച്ച്‌ നിയമഭേദഗതി കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌ എന്നാണ്‌ ഒടുവില്‍ കിട്ടുന്ന വിവരം. 
സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസിന്റെ ഓഫീസിന്‌ പുതിയ സുരക്ഷാ മതില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതിന്റെ ആനന്ദം വിരമിക്കുമ്പോള്‍ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‌ ഉണ്ടാവും. അടിച്ചമര്‍ത്തലിന്റെ നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രം പേറുന്ന ഒരു സമുദായത്തില്‍ നിന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ സ്ഥാനത്തേക്ക്‌ ഉയര്‍ന്ന ഒരാളില്‍ നിന്ന്‌ പ്രതീക്ഷിച്ചത്‌ ഇതാണോ എന്ന ചോദ്യം ബാക്കിയാവുന്നു. രാഷ്‌ട്രപതി ഭവനില്‍ കഴിഞ്ഞ കാലത്ത്‌ ഭരണകൂടത്തിന്റെ ഏകപക്ഷീയ തീരുമാനങ്ങളോട്‌ വിയോജിക്കുകയും അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങളെക്കുറിച്ച്‌ നിരന്തരം ഓര്‍മപ്പെടുത്തുകയും ചെയ്‌ത കെ ആര്‍ നാരായണനെക്കുറിച്ച്‌ ഓര്‍മിക്കാം. രാജ്യത്തെ ആദ്യത്തെ ദളിത്‌ രാഷ്‌ട്രപതിയെ.