2010-04-22

നീതിന്യയമിദം സര്‍വം

സമതുലനം എന്നത്‌ നീതിന്യായ സംവിധാനത്തില്‍ ഏറെക്കുറെ അന്യമാണ്‌, പ്രത്യേകിച്ച്‌ ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍. കുറ്റവും ശിക്ഷയും നിരപരാധിയും അപരാധിയും എന്നിങ്ങനെ ഖണ്ഡിതമായ വേര്‍തിരിവാണ്‌ ഇത്തരം കേസുകളില്‍ ഉണ്ടാവാറ്‌. ഏതെങ്കിലും കേസില്‍ വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‌ കഴിയാതിരിക്കുന്ന സാഹചര്യത്തില്‍ സംശയത്തിന്റെ അനുകൂല്യം നല്‍കി ആരോപണവിധേയരെ വിട്ടയക്കുന്നതായി പലപ്പോഴും കോടതി വിധികള്‍ ഉണ്ടാവാറുണ്ട്‌. അതൊഴിച്ചു നിര്‍ത്തിയാല്‍ നേരത്തെ പറഞ്ഞ ഖണ്ഡിതമായ വേര്‍തിരിവ്‌ സാധ്യമാവാറുണ്ട്‌. കുറ്റം ചെയ്‌തോ ഇല്ലയോ എന്നല്ല അത്‌ തെളിയിക്കപ്പെടുന്നുണ്ടോ ഇല്ലയോ എന്നതാണ്‌ നീതിന്യായ സംവിധാനത്തിന്‌ പ്രധാനം. ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്‌ എന്ന അലിഖിത കീഴ്‌വഴക്കം പാലിക്കാന്‍ നീതിന്യായ സംവിധാനം ശ്രമിക്കണമെന്ന്‌ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നതും അതുകൊണ്ടാണ്‌.എന്നാല്‍ ചില കേസുകളിലെങ്കിലും സമതുലനത്തിന്റെ പാതയില്‍ സഞ്ചരിക്കാന്‍ നമ്മുടെ നീതിന്യായ സംവിധാനം ശ്രമിക്കുന്നുണ്ടോ എന്ന സംശയം ഉയരുന്നുണ്ട്‌. ഭരണകൂടങ്ങള്‍ അതിന്‌ സഹായകമായ നിലപാടുകളുമായി നീതിന്യായ സംവിധാനത്തിന്‌ കൂട്ട്‌ നില്‍ക്കുകയും ചെയ്യുന്നു. 2004 ജൂണ്‍ 15ന്‌ അഹമ്മദാബാദിലെ തെരുവില്‍ പിടഞ്ഞുവീണ നാല്‌ ജീവനുകളുടെ കാര്യത്തില്‍ ആറ്‌ വര്‍ഷത്തിനിപ്പുറവും തുടരുന്ന നിയമ നടപടികളിലെ വൈരുധ്യങ്ങളും അപൂര്‍വതകളുമാണ്‌ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്‌. താനെ സ്വദേശിയായ ഇശ്‌റത്‌ ജഹാന്‍, മലയാളിയായ ജാവീദ്‌ ഗുലാം ശൈഖ്‌ (പ്രാണേഷ്‌ കുമാര്‍ പിള്ള) എന്നിവരും പോലീസ്‌ നല്‍കിയ പേരുകളില്‍ മാത്രം അറിയപ്പെട്ട അജ്ഞാതരായ മറ്റ്‌ രണ്ട്‌ പേരുമാണ്‌ 2004 ജൂണ്‍ പതിനഞ്ചിന്‌ പുലര്‍ച്ചെ കൊല്ലപ്പെട്ടത്‌. ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ടെത്തിയ ലശ്‌കറെ തയ്യിബയുടെ ഓപ്പറേറ്റര്‍മാരായ നാല്‌ പേരെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്നാണ്‌ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ഡി ജി വന്‍സാരയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം വിശദീകരിച്ചത്‌. എന്നാല്‍ ഇത്‌ കളവാണെന്നും നാലുപേരെയും വെടിവെച്ചുകൊന്ന ശേഷം ഏറ്റുമുട്ടലായി ചിത്രീകരിക്കുകയായിരുന്നുവെന്നും ആരോപണമുണ്ടായി. 
വസ്‌തുത അറിയാന്‍ ജാവീദ്‌ ഗുലാം ശൈഖിന്റെ അച്ഛന്‍ ചെങ്ങന്നൂര്‍ സ്വദേശി ഗോപിനാഥ പിള്ളയും ഇശ്‌റത്‌ ജഹാന്റെ ഉമ്മ ഷമീമ കൗസറും അന്ന്‌ മുതല്‍ നീതിപീഠങ്ങളുടെ മുന്നിലുണ്ട്‌. സി ബി ഐയെ പോലെ, താരതമ്യേന സ്വതന്ത്രമെന്നും നിഷ്‌പക്ഷമെന്നു കരുതുന്ന, ഏജന്‍സിയെക്കൊണ്ട്‌ അന്വേഷിപ്പിച്ച്‌ സത്യം പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട്‌ ഗോപിനാഥ പിള്ള സമര്‍പ്പിച്ച ഹരജി ആറ്‌ വര്‍ഷത്തിനിപ്പുറവും ഗുജറാത്ത്‌ ഹൈക്കോടതിയിലുണ്ട്‌. പലതവണ തള്ളുകയും വീണ്ടും സമര്‍പ്പിക്കപ്പെടുകയും ചെയ്‌ത അപേക്ഷ.ഗുജറാത്ത്‌ പോലീസിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ ഈ കേസില്‍ സുപ്രധാന വഴിത്തിരിവുണ്ടായത്‌ 2009 സെപ്‌തംബറിലാണ്‌. അഹമ്മദാബാദ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ എസ്‌ പി തമാംഗിന്റെ അന്വേഷണ റിപ്പോര്‍ട്ട്‌ പുറത്തുവന്നു. നാല്‌ പേരെയും ഗുജറാത്ത്‌ പോലീസ്‌ തട്ടിക്കൊണ്ടുവന്ന്‌ കൊലപ്പെടുത്തിയതാണെന്ന്‌ തമാംഗ്‌ റിപ്പോര്‍ട്ടിലെഴുതി. 2004 ജൂണ്‍ പതിനഞ്ചിന്‌ പുലര്‍ച്ചെ ഏറ്റുമുട്ടലൊന്നും നടന്നിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം, ഫോറന്‍സിക്‌ പരിശോധന തുടങ്ങിയവയുടെ റിപ്പോര്‍ട്ട്‌ പഠിച്ച ശേഷമാണ്‌ മജിസ്‌ട്രേറ്റ്‌ ഈ നിഗമനത്തിലെത്തിയത്‌. ഗുജറാത്തിലെ നരേന്ദ്ര മോഡി സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. അവര്‍ ഗുജറാത്ത്‌ ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഇത്‌ പരിഗണിച്ച ഹൈക്കോടതി മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട്‌ സ്റ്റേ ചെയ്‌തു. മജിസ്‌ട്രേറ്റ്‌ അധികാര പരിധി ലംഘിച്ചുവെന്ന്‌ വിമര്‍ശിക്കുകയും ചെയ്‌തു. മജിസ്‌ട്രേറ്റിന്റെ നടപടികളെക്കുറിച്ച്‌ അന്വേഷിച്ച്‌ നടപടി സ്വീകരിക്കാന്‍ ഉന്നതതല സംഘത്തെയും നിയോഗിച്ചു. 
സ്റ്റേ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ ഷമീമ കൗസര്‍ സുപ്രീം കോടതിയെ സമീപിച്ചു. അവിടെ നിന്നുള്ള ഉത്തരവ്‌ കഴിഞ്ഞ ദിവസം വന്നു. സ്റ്റേ ഉത്തരവില്‍ ഇടപെടാന്‍ സുപ്രീം കോടതി തയ്യാറായില്ല. എന്നാല്‍ മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതി ഉത്തരവിട്ട അന്വേഷണം റദ്ദാക്കി. മജിസ്‌ട്രേറ്റിനെക്കുറിച്ച്‌ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളും റദ്ദാക്കി. റിപ്പോര്‍ട്ടിന്‍മേലുള്ള സ്റ്റേ റദ്ദാക്കാത്തതിനാല്‍ മോഡി സര്‍ക്കാറിന്‌ സന്തോഷം. മജിസ്‌ട്രേറ്റിനെതിരായ അന്വേഷണവും പരാമര്‍ശങ്ങളും റദ്ദാക്കിയപ്പോള്‍ മറുപക്ഷത്തും അല്‍പ്പം ആശ്വാസം. സംഭവത്തെക്കുറിച്ച്‌ സി ബി ഐ അന്വേഷണം വേണമെന്ന ഷമീമ കൗസറിന്റെ ആവശ്യം പരിഗണിക്കാന്‍ പ്രത്യേക ഡിവിഷന്‍ ബഞ്ച്‌ രൂപവത്‌കരിക്കാന്‍ ഗുജറാത്ത്‌ ഹൈക്കോടതിക്ക്‌ നിര്‍ദേശവും നല്‍കി.ഈ കേസ്‌ ഇപ്പോഴെത്തി നില്‍ക്കുന്ന അവസ്ഥ പരിശോധിക്കാം. മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട്‌ ചോദ്യം ചെയ്‌ത്‌ സമര്‍പ്പിച്ച ഗുജറാത്ത്‌ സര്‍ക്കാറിന്റെ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്‌. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട്‌ ഗോപിനാഥ പിള്ള സമര്‍പ്പിച്ച ഹരജിയും പരിഗണനയിലുണ്ട്‌. ഷമീമ കൗസറിന്റെ സി ബി ഐ അന്വേഷണ ആവശ്യം പരിഗണിക്കാന്‍ മറ്റൊരു ഡിവിഷന്‍ ബഞ്ച്‌ വൈകാതെ രൂപവത്‌കരിക്കും. രണ്ട്‌ ഹരജികളില്‍ ഏതെങ്കിലുമൊന്നില്‍ വാദം പൂര്‍ത്തിയാക്കി (അതിന്‌ എത്രകാലം വേണ്ടിവരുമെന്നത്‌ നിയതിക്കു വിടുക) സി ബി ഐ അന്വേഷണത്തിനെങ്ങാന്‍ ഉത്തരവുണ്ടായാല്‍ അത്‌ സുപ്രീം കോടതിയില്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ ചോദ്യം ചെയ്യുമെന്നത്‌ ഉറപ്പ്‌. അന്വേഷണം വേണ്ടെന്നാണ്‌ ഉത്തരവെങ്കില്‍ സുപ്രീം കോടതിയില്‍ പോകാന്‍ ഗോപിനാഥ പിള്ളക്കോ ഷമീമ കൗസറിനോ ത്രാണിയുണ്ടാവുമോ എന്നത്‌ കണ്ടറിയണം. 
മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട്‌ ചോദ്യം ചെയ്‌തുള്ള ഹരജി ഗുജറാത്ത്‌ ഹൈക്കോടതി സിംഗിള്‍ ബഞ്ച്‌ പരിഗണിച്ച്‌ തള്ളണമോ കൊള്ളണമോ എന്ന്‌ തീരുമാനിക്കും. രണ്ടായാലും അപ്പീലുണ്ടാവും. ആദ്യം ഡിവിഷന്‍ ബഞ്ച്‌ മുമ്പാകെ, അത്‌ കഴിഞ്ഞാല്‍ സുപ്രീം കോടതിയില്‍. ചുരുക്കത്തില്‍ കോടതികളില്‍ നിന്ന്‌ കോടതികളിലേക്ക്‌ നീങ്ങുന്ന പന്തായി ഇത്‌ മാറിയിരിക്കുന്നു. ആറ്‌ വര്‍ഷത്തിനിപ്പുറവും ഈ നിലയില്‍ തുടരുന്ന കേസില്‍ ഏതെങ്കിലും കാലത്ത്‌ അന്തിമ തീര്‍പ്പുണ്ടാവുമെന്നോ വസ്‌തുത പുറത്തുവരുമെന്നോ പ്രതീക്ഷിക്കുക വയ്യ.മജിസ്‌ട്രേറ്റിന്റെ നടപടികളെക്കുറിച്ച്‌ ഗുജറാത്ത്‌ ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച്‌ ഉത്തരവിട്ട അന്വേഷണം സുപ്രീം കോടതി റദ്ദാക്കുമ്പോള്‍ അദ്ദേഹം പിന്തുടര്‍ന്ന നടപടിക്രമങ്ങളില്‍ തെറ്റില്ലെന്ന്‌ വരുന്നു. നടപടിക്രമങ്ങളില്‍ തെറ്റില്ലാതെയാണ്‌ അന്വേഷണം നടത്തിയതെങ്കില്‍ ആ റിപ്പോര്‍ട്ട്‌ സ്റ്റേ ചെയ്‌ത ഹൈക്കോടതി ഉത്തരവില്‍ സുപ്രീം കോടതി ഇടപെടാതിരുന്നത്‌ എന്തുകൊണ്ടാണ്‌? മജിസ്‌ട്രേറ്റ്‌ അധികാര പരിധി ലംഘിച്ചുവെന്ന ഹൈക്കോടതി പരാമര്‍ശം സുപ്രീം കോടതി റദ്ദാക്കിയിട്ടുണ്ട്‌. അതായത്‌ ഇത്തരമൊരു അന്വേഷണം നടത്താന്‍ മജിസ്‌ട്രേറ്റിന്‌ അധികാരമുണ്ട്‌, ആ അധികാരം അദ്ദേഹം ഉപയോഗിച്ചതില്‍ തെറ്റില്ല. അങ്ങനെയെങ്കില്‍ മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ടിന്‍മേലുള്ള സ്റ്റേ തുടരുന്നതിന്റെ നീതി എന്താണ്‌? മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട്‌ പരിഗണിച്ച്‌ അദ്ദേഹം ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ വസ്‌തുതാപരമാണോ അല്ലയോ എന്ന്‌ വിശദമായി പരിശോധിച്ച്‌ തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നില്ലേ ഉചിതം? മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ടിന്റെ മൂല്യത്തിലേക്ക്‌ കടക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല എന്ന്‌ ചുരുക്കം. 
ലശ്‌കറെ ത്വയ്യിബ ബന്ധം ആരോപിക്കപ്പെടുന്ന ഒരു കേസില്‍ ഒരു മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട്‌ പരിശോധിച്ച്‌ തീരുമാനമുണ്ടാക്കുന്നതില്‍ കോടതിക്ക്‌ ബുദ്ധിമുട്ട്‌ തോന്നിയിട്ടുണ്ടാവും. അതുകൊണ്ടാവണം സമതുലനത്തിന്റെ പാത സ്വീകരിക്കാന്‍ തീരുമാനിച്ചത്‌.നടന്നത്‌ ഏറ്റുമുട്ടലല്ലെന്ന്‌ മോഡി സര്‍ക്കാര്‍ ഒരു കാലത്തും സമ്മതിക്കാന്‍ ഇടയില്ല. അതുകൊണ്ടുതന്നെ ഹരജികളും സത്യവാങ്‌മൂലങ്ങളും എതിര്‍സത്യവാങ്‌മൂലങ്ങളുമായി അവര്‍ കോടതികളില്‍ നിന്ന്‌ കോടതികളിലേക്ക്‌ പ്രയാണം തുടരും. എന്നാല്‍ ഈ കളിക്ക്‌ അനുഗുണമായ നിലപാട്‌ കേന്ദ്ര സര്‍ക്കാറും സ്വീകരിക്കുന്നുവെന്നതാണ്‌ ഖേദകരമായ തമാശ. നരേന്ദ്ര മോഡിയെ കൊലപ്പെടുത്താന്‍ ലശ്‌കറെ ത്വയ്യിബയുമായി ബന്ധമുള്ളവര്‍ ശ്രമിക്കുന്നതായി ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുണ്ടായിരുന്നുവെന്നും ഈ സംഘത്തിലേക്ക്‌ ഇശ്‌റത്‌ ജഹാനെ റിക്രൂട്ട്‌ ചെയ്‌തത്‌ തന്ത്രമായിരുന്നുവെന്നും പറയുന്ന സത്യവാങ്‌മൂലം നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു. ഏറ്റുമുട്ടല്‍ നടന്നുവെന്നും കൊല്ലപ്പെട്ടവര്‍ ലശ്‌കര്‍ ഓപ്പറേറ്റര്‍മാരായിരുന്നുവെന്നുമുള്ള ഗുജറാത്ത്‌ പോലീസിന്റെയും സര്‍ക്കാറിന്റെയും വാദത്തിന്‌ ബലമേകുന്ന സത്യവാങ്‌മൂലം. മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട്‌ തര്‍ക്ക വിഷയമായപ്പോള്‍ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുണ്ടായിരുന്നുവെന്ന സത്യവാങ്‌മൂലം കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞില്ല. പകരം ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ മുന്നറിയിപ്പ്‌ മാത്രമാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ ആരെയെങ്കിലും വെടിവെച്ചുകൊല്ലാന്‍ ആര്‍ക്കും അധികാരമില്ലെന്നും വിശദീകരിച്ചു. 
സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട്‌ ഷമീമ കൗസര്‍ സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാണ്‌. വസ്‌തുതകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ സി ബി ഐ അന്വേഷണം ആവശ്യമാണെന്ന്‌ കോടതിക്ക്‌ തോന്നുന്നുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാറിന്‌ എതിര്‍പ്പില്ലെന്നാണ്‌ ആഭ്യന്തര മന്ത്രാലയം അറിയിച്ചത്‌. അന്വേഷണം വേണമെന്ന നിര്‍ബന്ധം കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാറിനില്ല. അന്വേഷണം വേണമെന്നാണ്‌ കോടതിക്ക്‌ തോന്നുന്നതെങ്കില്‍ അതിന്‌ വിരോധവുമില്ല.മജിസ്‌ട്രേറ്റിന്‌ അന്വേഷിക്കാന്‍ അധികാരമുണ്ടെന്നും അദ്ദേഹം സ്വീകരിച്ച നടപടിക്രമങ്ങളെക്കുറിച്ച്‌ അന്വേഷണം വേണ്ടതില്ലെന്നും വ്യക്തമാക്കുമ്പോള്‍ തന്നെ റിപ്പോര്‍ട്ടിന്‍മേലുള്ള സ്റ്റേയില്‍ ഇടപെടാതിരുന്ന സുപ്രീം കോടതിയും വേണമെങ്കില്‍ അന്വേഷണമാവാമെന്ന്‌ കോടതിയെ അറിയിക്കുന്ന കേന്ദ്ര സര്‍ക്കാറും. ഓളങ്ങളുണ്ടാവാതെ കാക്കേണ്ടതിന്റെ പ്രാധാന്യം ഏവര്‍ക്കും ബോധ്യമുണ്ടെന്ന്‌ കരുതണം. ഓളങ്ങളുണ്ടായാല്‍ പൊന്തിവരാന്‍ ഇടയുള്ള വസ്‌തുതകളില്‍ ഒരു ന്യൂനപക്ഷത്തിന്‌ മാത്രമേ താത്‌പര്യമുള്ളൂ. അത്‌ അവഗണിക്കുന്നതുകൊണ്ട്‌ തെറ്റില്ല തന്നെ. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ പുറത്തുവന്നതോടെ കൂടുതല്‍ സംശയത്തിന്റെ നിഴലില്‍പ്പെട്ട ബട്‌ല ഹൗസ്‌ `ഏറ്റുമുട്ടലില്‍' ആവര്‍ത്തിക്കാനിരിക്കുന്നതും ഇതൊക്കെത്തന്നെയാണ്‌. മണിപ്പൂരിലും ഛത്തീസ്‌ഗഢിലും ആന്ധ്രാ പ്രദേശിലുമൊക്കെ ആരോപണവിധേയമായ നിരവധിയായ `ഏറ്റുമുട്ടല്‍' സംഭവങ്ങളുടെ കാര്യത്തിലും മാറ്റമുണ്ടാവാന്‍ ഇടയില്ല.
ഇതൊക്കെയാണെങ്കിലും നീതിന്യായ സംവിധാനത്തിലും ഭരണകൂടത്തിലും ജനങ്ങള്‍ക്കുള്ള വിശ്വാസം ഇളക്കം കൂടാതെ തുടരണം. കാരണം അത്‌ രാജ്യസ്‌നേഹമുള്ള ഒരു പൗരന്റെ ജന്മദത്തമായ കടമയാണ്‌.